sfudam

ല്ലാഹുവിനോട് അകമഴിഞ്ഞ് ചോദിക്കണമെന്നാണ് മുന്‍ ലക്കത്തില്‍ നാം പറഞ്ഞവസാനിപ്പിച്ചത്. അങ്ങനെ ചോദിക്കുന്ന പക്ഷം ഉത്തരം കിട്ടിയിരിക്കുമെന്നത് തീര്‍ച്ചയാണ്. ഉത്തരം എപ്പോള്‍ ലഭിക്കും എന്നതാണ് അടുത്ത ചര്‍ച്ച. ചോദിക്കപ്പെടുന്നയാള്‍ ആവശ്യക്കാരനെക്കാള്‍ പൊതുവെ ഉന്നതനായിരിക്കും. ഇത് അല്ലാഹുവിന്‍റെ കാര്യത്തിലാകുമ്പോള്‍ അതിമഹത്തരവും. ദുര്‍ബലനും നിസ്സഹായനുമായ മനുഷ്യന്‍ സ്രഷ്ടാവും സംരക്ഷകനുമായ നാഥനോട് തന്‍റെ ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. ഇത് അല്ലാഹുവിന്‍റെ ഔന്നത്യം അംഗീകരിക്കലാണ്. റബ്ബിന് ഏറെ ഇഷ്ടമുള്ള കാര്യവും.

‘ദുആഇനെക്കാള്‍ ശ്രേഷ്ഠമായ ഒന്നുംതന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ ഇല്ല’ എന്നര്‍ത്ഥം വരുന്ന ഒരു ഹദീസ് ഇമാം തുര്‍മുദി(റ) ഉദ്ധരിക്കുന്നതായി കാണാം.

അബൂഹുറൈറ(റ) പറയുന്നു: തിരുനബി(സ്വ) പറഞ്ഞു: അല്ലാഹുവിനോട് ചോദിക്കാത്തവനോട് അവന്‍ കോപിക്കുന്നതാണ് (തുര്‍മുദി). പ്രാര്‍ത്ഥന ഉപേക്ഷിക്കല്‍ അല്ലാഹുവിനെ ആവശ്യമില്ല എന്നതിന്‍റെ സൂചനയാണെന്നു പറഞ്ഞ പണ്ഡിതന്മാരുണ്ട്. പ്രാര്‍ത്ഥിക്കാതിരിക്കല്‍ അഹങ്കാരിയുടെ ലക്ഷണമാണ്. അഹങ്കാരം അരുതാത്തതാണല്ലോ. ഔദാര്യം ചോദിക്കല്‍ അല്ലാഹുവിന് ഇഷ്ടകരമാണ്. കൂടെക്കൂടെ ചോദിച്ചാല്‍ ദേഷ്യം വരുന്നതാണ് മനുഷ്യ പ്രകൃതം. എന്നാല്‍ ചോദിച്ചില്ലെങ്കില്‍ ദേഷ്യം വരുന്നതാണ് ദൈവികമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നതായി കാണാം.

സല്‍മാന്‍(റ)വില്‍ നിന്ന് ഇമാം അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂല്‍(സ്വ) പറഞ്ഞു; ഏതെങ്കിലും അടിമ അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തിയാല്‍ വെറുതെ മടക്കാന്‍ അവന്‍ ലജ്ജിക്കുന്നു. ചോദിക്കാതെ തന്നെ നല്‍കുന്നവനാണവന്‍.’

ദുആഇനെ കുറിച്ചും അതിന്‍റെ ആവശ്യകതയെ കുറിച്ചും മുമ്പും ഈ കോളത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദുആഇന്‍റെ ഫലത്തെ കുറിച്ചാണ് നാം ആശങ്കപ്പെടാറുള്ളത്. ചോദിക്കുന്നതെല്ലാം കിട്ടണമെന്നാണ് നമ്മുടെ ആഗ്രഹം. അങ്ങനെത്തന്നെ ആഗ്രഹിക്കണം. ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും ചോദിക്കണം. ഫലസിദ്ധിയുടെ കാര്യത്തില്‍ ശഠിക്കരുത്. നാം ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നുവച്ച് പ്രാര്‍ത്ഥന നിഷ്ഫലമാണെന്ന് കരുതരുത്. പ്രാര്‍ത്ഥനയുടെ ഫലം പല രീതിയിലായിരിക്കും ലഭിക്കുക. നബി(സ്വ) പറയുന്നു: ‘ദുആ ചെയ്ത ഏതൊരാള്‍ക്കും അല്ലാഹു ഉത്തരം നല്‍കും. ഫലം ദുന്‍യാവില്‍ നിന്നുതന്നെ ലഭിക്കുക, പാരത്രിക ലോകത്തേക്കു മാറ്റുക, ദോഷം പൊറുക്കുക, ചോദിച്ചതല്ലാത്ത മറ്റു ഉപകാരമുള്ളതു നല്‍കുക, ആ സമയത്തോ ഭാവിയിലോ ലഭിക്കുക എന്നീ രീതിയിലെല്ലാം പ്രതിഫലം ലഭിക്കുന്നതാണ്. ദോഷം, കുടുംബ ബന്ധം മുറിക്കല്‍ എന്നിവയില്‍ നിന്നു മുക്തമാകല്‍ ദുആ സ്വീകരിക്കുന്നതിനുള്ള നിബന്ധനയാണ്.’

പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കല്‍ അല്ലാഹുവിനു നിര്‍ബന്ധമില്ല. ഉത്തരം അവന്‍റെ ഔദാര്യമാണ്. ഇവിടെ സ്വാഭാവികമായൊരു ചോദ്യമുയരാം:  അല്ലാഹുവിന്‍റെ ഇറാദത്ത് പണ്ടേ അവന്‍ തീരുമാനിച്ചതാണ്. ഇറാദത്തിനെ പുതുതാക്കുക അസംഭവ്യവും. പിന്നെന്തിനാണ് നാം ദുആ ചെയ്യുന്നത്?

ഇതിന് ഇമാം ഗസ്സാലി(റ)യുടെ മറുപടി ഇങ്ങനെ: ദുആ കാരണമായി അല്ലാഹു ഇറാദത്തി(ഉദ്ദേശ്യം)നെ മാറ്റം വരുത്തി(പുതുതാക്കി) ആവശ്യപ്പെട്ടത് നല്‍കുന്നതാണ്. മാറ്റം വരുത്തിയ ഇറാദത്തിന് ‘തന്‍ജീസിയ്യായ ഇറാദത്ത്’ എന്നു പറയുന്നു. തന്‍ജീസിയ്യായ ഇറാദത്തിനെ മാറ്റുക അസംഭവ്യമല്ല.

ഇമാം അസ്ഖലാനി(റ) എഴുതി: ‘ജനങ്ങളില്‍ അധികപേരും ദുആ ചെയ്യുന്നുണ്ട്. എങ്കിലും അവര്‍ക്ക് ഉത്തരം കിട്ടുന്നില്ല. പക്ഷേ, ദുആ ചെയ്യുന്നവര്‍ക്കെല്ലാം ഉത്തരം നല്‍കപ്പെടുന്നുണ്ട്. പല ഇനത്തിലാണെന്നു മാത്രം. ചില സമയത്തു ദുആ ചെയ്ത വസ്തുവോ അതിനു പകരമോ ലഭിക്കും. ഭൂമിയിലുള്ള ഏതൊരു മുസ്ലിം പ്രാര്‍ത്ഥിച്ചാലും അവനാവശ്യപ്പെട്ട കാര്യം നല്‍കിയോ ചീത്ത കാര്യം അവനില്‍ നിന്ന് ഒഴിവാക്കിയോ നാഥന്‍ പ്രത്യുത്തരം ചെയ്യാതിരിക്കില്ല.’

യസീദ് റഖാസി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഇഹലോകത്തുവച്ച് ഉത്തരം ലഭിക്കാത്ത മുഴുവന്‍ ദുആകളും അവസാന നാളില്‍ നാഥന്‍ പ്രത്യക്ഷപ്പെടുത്തും. എന്നിട്ടവന്‍ പറയും; ‘എന്‍റെ അടിമ എന്നോടു പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ഞാന്‍ സൂക്ഷിച്ചു വച്ചു. അതിനാല്‍ ഈ പ്രതിഫലം മുഴുവന്‍ നിന്‍റെ പ്രാര്‍ത്ഥയുടെ സ്ഥാനത്താണ്.’

എന്‍റെ ഒരു പ്രാര്‍ത്ഥനക്കും ദുന്‍യാവില്‍ വച്ച് ഉത്തരം ലഭിച്ചിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് അടിമ ആഗ്രഹിക്കും വിധം അല്ലാഹു പ്രതിഫലം നല്‍കും. അതുകൊണ്ട് ആശങ്ക വേണ്ട, ചോദിച്ചോളൂ, ഉത്തരം ലഭിച്ചിരിക്കും.

You May Also Like
Shaikh Rifaee R

ശൈഖ് രിഫാഈ(റ): ആത്മീയ ലോകത്തെ ജ്ഞാനചക്രവര്‍ത്തി

ആത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് രിഫാഈ(റ). ജ്ഞാനം, ഭക്തി, സ്വഭാവം, സഹജീവി സ്നേഹം, രചന, ശിഷ്യ…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്
Rifaee Mala

രിഫാഈ മാലയുടെ വരിയും വായനയും

ഇസ്ലാമിലെ ആധ്യാത്മിക താവഴിയില്‍ ശ്രദ്ധേയരായ ശൈഖ് അഹ്മദ് കബീറുര്‍രിഫാഈ(റ)യുടെ പേരില്‍ വിരചിതമായ കാവ്യ കീര്‍ത്തനമാണ് രിഫാഈ…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
Sufism

സൂഫിയുടെ അകവും തികവും

ഇസ്ലാമികാദര്‍ശത്തിന്‍റെ അടിവേരുറക്കേണ്ടത് ഹൃദയത്തിലാണ്. ആദര്‍ശത്തിന്‍റെ സ്വാധീനത്താല്‍ ഉയിരെടുക്കുന്ന പ്രവര്‍ത്തനവും പ്രയോഗവുമാണ് വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. മനസ്സറിഞ്ഞും ഹൃദയത്തിലുറച്ചും…

● അലവിക്കുട്ടി ഫൈസി എടക്കര