ഈമാന്‍ അഥവാ സത്യവിശ്വാസത്തിന്‍റെ സംരക്ഷണ കാര്യത്തിലാണു മുസ്ലിംകള്‍ ഏറ്റവും ശ്രദ്ധാലുക്കളാകേണ്ടത്. ആത്യന്തിക വിജയത്തിന്‍റെ നിദാനം വിശ്വാസമാണ്. അതില്ലാതായാല്‍ എല്ലാം പാഴായി. സല്‍കര്‍മങ്ങള്‍ നിഷ്ഫലമായി. സമൂഹത്തിലെ ഭൂരിപക്ഷത്തെയും സത്യവിശ്വാസം കൊണ്ട് അല്ലാഹു അനുഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെ വിശ്വാസത്തിനു മഹത്തായ സ്ഥാനമുണ്ട്.
വിശ്വാസികളില്‍ പെടാന്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. അതു മഹാഭാഗ്യമാണ്. നാമാരും ചോദിച്ചുവാങ്ങിയല്ല അതു നേടിയത്. എന്നാല്‍ ഈ സൗഭാഗ്യം കാത്തുസൂക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് നമ്മുടെ വലിയ ബാധ്യതയാണ്. ഈ വിഷയത്തിലുള്ള അശ്രദ്ധയും അലംഭാവവും ശാശ്വതമായ നരകാഗ്നിയിലേക്കാണു നമ്മെ കൊണ്ടെത്തിക്കുക. അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും വലിയ ദുരന്തമായിരിക്കുമത്.
ഈമാന്‍ സംരക്ഷിക്കാനുതകുന്ന ദിക്റുകളും പ്രാര്‍ത്ഥനകളും വളരെ പ്രധാനപ്പെട്ടതാണ്. അവ പതിവാക്കുകയും ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുകയും ചെയ്യണം. എങ്കില്‍ സത്യവിശ്വാസം ഒരു പോറലുമേല്‍ക്കാതെ കാത്തുസൂക്ഷിക്കാനാകും. വിജയികളായ വിശ്വാസികളില്‍ ഉള്‍പ്പെടാനുമാകും.
ദിവസവും അനേകം പേരുടെ പരാതികളും ആവലാതികളും കേള്‍ക്കേണ്ടി വരാറുണ്ട്. എല്ലാവര്‍ക്കുമുണ്ട് അവരുടേതായ വിഷമങ്ങള്‍. അത് മിക്കപ്പോഴും വ്യക്തിപരമായ കാര്യങ്ങളായിരിക്കും. രോഗം, സാമ്പത്തികം, കടം, ജോലിയില്ലായ്മ, ബിസിനസ് തകര്‍ച്ച അങ്ങനെ പലതും. എന്നാല്‍ പഴയ കാലത്ത് ആളുകള്‍ ദുആ നടത്താന്‍ ആവശ്യപ്പെടുമ്പോഴും സ്ഥലങ്ങള്‍ വഖ്ഫ് ചെയ്യുമ്പോഴും സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യം ഇന്ന് തീരെ കേള്‍ക്കാന്‍ സാധിക്കാറില്ല. എന്‍റെ ഈമാന്‍ സലാമത്താകാന്‍ പ്രത്യേകം ദുആ ചെയ്യണം എന്ന് മുമ്പ് പ്രാര്‍ത്ഥനാ വസ്വിയ്യത്തായി എല്ലാ വേദികളിലും കേള്‍ക്കാമായിരുന്നു. ഇടക്കെപ്പോഴെങ്കിലും ഇക്കാര്യം ആരെങ്കിലും പറഞ്ഞാല്‍ അറിയാതെ അയാളുടെ മുഖത്ത് നോക്കിപ്പോക്കും.
ഈമാനോട് കൂടി മരിക്കുകയെന്നതിന്‍റെ പ്രാധാന്യം പലര്‍ക്കും മനസ്സിലായിട്ടില്ലെന്ന് തോന്നും. സയ്യിദ് അബ്ദുല്‍ വഹാബുശ്ശഅ്റാനി(റ) ഖിള്ര്‍ നബി(അ)യെ ഉദ്ധരിക്കുന്നു: ഈമാന്‍ നഷ്ടപ്പെടാതിരിക്കാനുള്ള രക്ഷാമാര്‍ഗത്തെക്കുറിച്ച് 24000 പ്രവാചകന്മാരോടു ചോദിച്ച സംഭവം ഖിള്ര്‍(അ) പറഞ്ഞു. പക്ഷേ, ആരും ഉത്തരം നല്‍കിയില്ല. അന്ത്യപ്രവാചകര്‍ തിരുനബി(സ്വ)യെ സമീപിച്ചു ചോദ്യമാവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് മറുപടി നല്‍കി: ‘ഖുലില്ലാഹുമ്മ, ശഹിദല്ലാഹു, ആമനര്‍റസൂല്‍, ആയത്തുല്‍ കുര്‍സിയ്യ്, ഫാത്തിഹ, മുഅവ്വിദതൈനി എന്നിവ എല്ലാ നിസ്കാരങ്ങള്‍ക്കു ശേഷവും പതിവാക്കിയാല്‍ അവന്‍റെ ഈമാന്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചു നിര്‍ഭയത്വമുണ്ടാകും.’ ഇത് ഖുദ്സിയ്യായ ഹദീസാണ്. നമ്മുടെയും വേണ്ടപ്പെട്ടവരുടെയുമെല്ലാം ഈമാന്‍ അല്ലാഹു സുരക്ഷിതമാക്കിത്തരട്ടെ.