‘കാപ്പിപ്പൊടിയച്ചന്‍’ എന്ന് ട്രോളര്‍മാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഫാമിലി കൗണ്‍സിലറും ഗ്രന്ഥകാരനും സര്‍വോപരി രസികനുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ ഈയിടെ നടത്തിയ ഒരു പ്രഭാഷണം ചരിത്രനിരാസത്താലും മുസ്ലിം വിരുദ്ധതയാലും വിവാദമായിരുന്നു. ടിപ്പു സുല്‍ത്താന്‍ ഏതാണ്ട് 500 വര്‍ഷം മുമ്പ് കേരളത്തില്‍ നടത്തിയ ആക്രമണങ്ങളും മതം മാറ്റവുമെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്തുള്ള പ്രകടനം കേമമായിരുന്നു. സംഗതി പുലിവാലായതോടെ അച്ചനും ആ പതിവ്       പൊറാട്ടു നാടകം നടത്തി – നിര്‍വ്യാജം ഖേദിച്ചു കൊണ്ടുള്ള മാപ്പപേക്ഷ.

ഇതിന് സമാനമായ രീതിയില്‍ മറ്റൊരു പ്രസ്താവനയും മാധ്യമങ്ങളില്‍ വന്നിരുന്നു. ഏകദേശമൊരു ഖേദപ്രകടനം തന്നെയായിരുന്നു അതും. ടിപ്പു സുല്‍ത്താന്‍ മതവിശ്വാസിയായിരുന്നുവെന്നും എന്നാല്‍ മതഭ്രാന്തനായിരുന്നില്ലെന്നുമായിരുന്നു വെളിപാട്. ഏതായാലും നല്ല നമസ്കാരം! കാലം കുറച്ചു വൈകിപ്പോയല്ലോ കുഞ്ഞാടേ, അങ്ങയില്‍നിന്നിതു കേള്‍ക്കാനെന്ന് അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചരിത്ര വിദ്യാര്‍ത്ഥികള്‍ പറഞ്ഞുപോയെങ്കില്‍ ക്ഷമിക്കുക. അധികമാരും കാണാത്ത വിധത്തില്‍ ആ വാര്‍ത്ത കൈകാര്യം ചെയ്ത മലയാള ജീര്‍ണലിസത്തിനും നമോവാകം.

2012-ലും സമാനമായൊരു ഖേദപ്രകടനം കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെട്ടു നടന്നത് ഓര്‍ക്കുന്നുണ്ടാവും. കേരള സംസ്കാരം എന്ന പേപ്പറിന്‍റെ പഠന സഹായിയുമായി ബന്ധപ്പെട്ടായിരുന്നു അത്. മൈസൂര്‍ ഭരണം, ഹൈദരാലി, ടിപ്പു സുല്‍ത്താന്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ അത്യന്തം ചരിത്രവിരുദ്ധമായാണ് അന്ന് തയ്യാറാക്കപ്പെട്ടത്. സംഭവം വിവാദമായപ്പോള്‍ ചുമതലക്കാരനായ അധ്യാപകന്‍ തന്‍റെ ഭാഗം വിശദീകരിച്ചു. താന്‍ പ്രസ്തുത പാഠഭാഗങ്ങള്‍ തയ്യാറാക്കിയത് ആധികാരിക ചരിത്രഗന്ഥങ്ങളെ ആശ്രയിച്ചാണെന്നും സ്വന്തമായി ഒന്നും വളച്ചൊടിച്ചില്ലെന്നും വ്യക്തമാക്കി. വില്യം ലോഗന്‍റെ മലബാര്‍ മാന്വലായിരുന്നു പാവം ഉപയോഗിച്ചത്. പിന്നെ അപ്പീലില്ലല്ലോ. അങ്ങനെ വാദി പ്രതിയായി. ഇന്നും പൊതുസമൂഹത്തിന്‍റെ ചരിത്രബോധം അരക്കിട്ടുറപ്പിക്കപ്പെട്ട ടിപ്പുവിന്‍റെ മതഭ്രാന്തും മതം മാറ്റവുമെല്ലാം ആധികാരികമായി റഫര്‍  ചെയ്യപ്പെടുന്ന കിതാബാണല്ലോ മലബാര്‍ മാന്വല്‍.

 

പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയം

ചരിത്രം എന്നത് ഏറെ നിഷ്കളങ്കവും നിഷ്പക്ഷവും സത്യത്തെ അടയാളപ്പെടുത്തുന്നതുമായ ഒരു വിജ്ഞാന ശാഖയാണെന്ന മിഥ്യാബോധം ഈ ഉത്തരാധുനിക യുഗത്തില്‍ ആര്‍ക്കുമുണ്ടാവാന്‍ തരമില്ല. കൊളോണിയല്‍ ചരിത്ര പാരമ്പര്യത്തിലൂടെയാണല്ലോ ആധുനിക ഇന്ത്യയുടെ ചരിത്ര പാരമ്പര്യം പിച്ചവച്ചു തുടങ്ങിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ പക്ഷപാതിത്വങ്ങളും താല്‍പര്യങ്ങളുമെല്ലാം അത്തരം രചനകളില്‍ വേണ്ടുവോളം കാണാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്‍റെ ഏറ്റവും കടുത്ത എതിരാളികളെക്കുറിച്ച് അവരങ്ങനെയാവും രേഖപ്പെടുത്തുകയെന്നതിന് പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ല.

മൈസൂര്‍ ഭരണാധികാരികളോടുള്ള കൊളോണിയല്‍ ചരിത്രകാരന്മാരുടെ എതിര്‍പ്പ് ഒളിഞ്ഞും തെളിഞ്ഞും പ്രകടമാവുന്ന മേഖലയാണ് മൈസൂര്‍ ഭരണാധികാരികളുടെ ചരിത്രം. പൗരസ്ത്യ ലോകത്തെയും ഇന്ത്യയിലെയും ഭരണാധികാരികളുടെ സാമാന്യ സവിശേഷതകളായ ഏകാധിപത്യപ്രവണതകളും (Oriental Despotism) മതഭ്രാന്തും മറ്റും ബ്രിട്ടീഷുകാര്‍ നിര്‍ലോപം മൈസൂര്‍ രാജാക്കന്മാരുടെ മേല്‍ കെട്ടിവച്ചു. കേരളത്തിന്‍റെ ആക്രമണത്തെ സംബന്ധിച്ചുള്ള ചരിത്രത്തിലും ഇത്തരത്തിലുള്ള വിവരണങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കാരണം തദ്ദേശീയരായ നാട്ടുരാജാക്കന്മാരിലും ബ്രാഹ്മണര്‍, നായര്‍ തുടങ്ങിയ ഉപരിജാതികള്‍ക്കിടയിലും മൈസൂര്‍ ഭരണാധികാരികളെക്കുറിച്ച് ഭീകരമായ ഒരു ചിത്രം അവതരിപ്പിച്ചുകൊണ്ടാണ് ഭരണം കൈവശപ്പെടുത്തിയത്. അത്രമേല്‍ ക്രൂരന്മാരായ മുഹമ്മദീയ ഭരണാധികാരികളെ തുരത്താനായാണ് നമ്പൂതിരി-ബ്രാഹ്മണ-നാടുവാഴി സഖ്യം കമ്പനിയുടെ പക്ഷത്തുചേര്‍ന്നത്. മൈസൂറിയന്മാര്‍ എന്ന പൊതുശത്രുവിന്‍റെ പിന്മാറ്റത്തോടെ (1792) മലബാര്‍ അതതു നാട്ടുരാജാക്കന്മാര്‍ക്ക് തിരിച്ചുകിട്ടുമെന്ന കരാര്‍ ബ്രിട്ടീഷുകാര്‍ കാറ്റില്‍പ്പറത്തി.

 

കൊളോണിയല്‍ പ്രതിനിധാനങ്ങള്‍

ടിപ്പുവിനെക്കുറിച്ചുള്ള ബ്രിട്ടീഷ് മുന്‍വിധികള്‍ക്ക് അടിത്തറയിട്ട കൃതിയാണ് കേണല്‍ വില്‍ക്സ് രചിച്ച Historica Sketches മതഭ്രാന്തിന്‍റെയും ഏകാധിപത്യത്തിന്‍റെയും പുകമറയാല്‍ ടിപ്പുവിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെ തമസ്കരിക്കുന്ന കൃതികളിലൊന്നാണിത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും ഭിഷഗ്വരനുമായിരുന്ന ഫ്രാന്‍സിസ് ബുഖാനന്‍ മദ്രാസ് മുതല്‍ മൈസൂര്‍ വരെ (കാനറ, മലബാര്‍ വഴി) നടത്തിയ യാത്രാക്കുറിപ്പുകളും ഇതോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഏറെയൊന്നും ശ്രദ്ധിക്കാതെപോയ മേല്‍ജാതിക്കാരുടെ പലായന സിദ്ധാന്തത്തിന് ആധികാരികത നേടിക്കൊടുക്കാന്‍ ബുഖാനന്‍ വഹിച്ച പങ്ക് ചെറുതല്ല. ടിപ്പുവിന്‍റെ അക്രാമകമായ മതഭ്രാന്തും അസഹിഷ്ണുതയും ഭൂരിപക്ഷം വരുന്ന നായന്മാരെയും നാട്ടുരാജാക്കന്മാരെയും തിരുവിതാംകൂറിലേക്ക് പലായനം ചെയ്യുന്നതിനോ കാടുകളിലേക്ക് പിന്‍വലിയുന്നതിനോ ഇടയാക്കി എന്നാണ് ഡോ. ബുഖാനന്‍ നിരീക്ഷിക്കുന്നത്.

മെഡോസ് ടെയ്ലറെപ്പോലുള്ള ബ്രിട്ടീഷ് എഴുത്തുകാരും ടിപ്പുവിന്‍റെ മതഭ്രാന്തിനാല്‍ നയിച്ച കൊടുംക്രൂരതകള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുള്ള മൂലധനമാക്കി. ടിപ്പുവിന്‍റെ തടങ്കല്‍പാളയങ്ങളില്‍ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് സൈനികരുടെ അനുഭവ കഥകളെ ഉപജീവിച്ചെഴുതിയ തന്‍റെ ഗ്രന്ഥം ((Tippu Sultan A tale of Mysore)) ടിപ്പുവിനെ ഒരു ഭീകരസത്വമായി അവതരിപ്പിക്കുന്നതില്‍ വിജയം കണ്ടു. തുണ്ടം തുണ്ടമാക്കപ്പെട്ട കാഫിറുകളുടെ ശരീരത്തെക്കുറിച്ചും വെള്ളം കണക്കെ ഭൂമിയിലൂടെ ഒഴുകിപ്പോകുന്ന രക്തത്തെക്കുറിച്ചും നിര്‍ബന്ധിത മതംമാറ്റത്തെക്കുറിച്ചുമെല്ലാം അതിശയോക്തിപരമായാണ് ചിത്രീകരണം.

മലബാര്‍ സമൂഹത്തെയും ചരിത്രത്തെയും അനുഭാവപൂര്‍വം പരിഗണിച്ച ഭരണാധികാരിയെന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട വില്യം ലോഗനും മൈസൂര്‍ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്നിലൊളിഞ്ഞിരിക്കുന്ന കൊളോണിയല്‍ പക്ഷപാതിത്വങ്ങള്‍ മറനീക്കി പുറത്തെടുക്കുന്നതു കാണാം. ടിപ്പുവിന്‍റെ ക്രൂരതകളും മതംമാറ്റവും വിവരിക്കുന്ന ഭാഗങ്ങളില്‍ അദ്ദേഹം ആശ്രയിക്കുന്നത് കേണല്‍ വില്‍ക്സിനെയാണ്. അപ്പോള്‍ കാര്യം ബോധ്യമായിരിക്കുമല്ലോ.

ബ്രാഹ്മണരെ കൂട്ടമായി പിടികൂടുകയും തുറുങ്കിലടക്കുകയും ചെയ്തുവെന്ന വിവരണങ്ങള്‍ മലബാര്‍ മാന്വലില്‍ അന്യത്ര കാണാവുന്നതാണ്. ലോഗന്‍ രേഖപ്പെടുത്തിയതെല്ലാം പരമസത്യങ്ങളാണെന്ന വിശ്വാസത്തിന്‍റെ പുറത്താണ് തദ്ദേശീയരായ പല ചരിത്രകാരന്മാരും കണ്ണുമടച്ച് ചരിത്രമെഴുതിയത്. തുടക്കത്തില്‍ സൂചിപ്പിച്ച കേരള സംസ്കാരം പഠന സഹായിയുടെ കര്‍ത്താവ് ചെയ്തതും മറ്റൊന്നല്ല. ഈ വിഷയത്തില്‍ ലോഗന്‍റെയും പൂര്‍വസൂരികളുടെയും സ്വാധീനം അത്രമേല്‍ ഉറച്ചതാണ്.

ആധുനിക ലിബറല്‍ ചരിത്രകാരന്മാരെന്ന് പൊതുവില്‍ ഖ്യാതിനേടിയ എഡ്വേര്‍ഡ് തോംസണന്‍റെയും ജി.റ്റി. ഗാരറ്റിന്‍റെയും രചനകള്‍ നിര്‍ഭാഗ്യവശാല്‍ കൊളോണിയല്‍ധാരയുടെ തന്നെ തനിയാവര്‍ത്തനമാകുന്നത് കാണാം. ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങളില്‍ അദ്ദേഹം മതഭ്രാന്തനാണെന്ന കാഴ്ചപ്പാടുതന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്. മൈസൂര്‍ ഭരണാധികാരികളെ പൗരസ്ത്യ ഏകാധിപതികളായി ചിത്രീകരിക്കുന്ന പതിവുരീതിയിലേക്ക് ലിബറല്‍ ചരിത്രകാരന്മാരും നിപതിച്ചുവെന്ന് സാരം.

 

ദേശീയ ചരിത്രരചനയുടെ പടുകുഴികള്‍

കൊളോണിയല്‍ ചരിത്ര വീക്ഷണങ്ങളെ പ്രതിരോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള ഉദ്യമമെന്ന നിലയില്‍ ചരിത്രമെഴുത്തിലേക്കു വന്ന ദേശീയ ചരിത്രകാരന്മാരുടെ മൈസൂര്‍ കാലഘട്ടത്തെക്കുറിച്ചുള്ള കൃതികള്‍ക്ക് കൊളോണിയല്‍ ചരിത്രരചനയുടെ ചട്ടക്കൂട് പൊളിച്ചു പുറത്ത് കടക്കാനായില്ല. ടിപ്പുവിന്‍റെ മതഭ്രാന്തും ഏകാധിപത്യവും ദേശീയ ചരിത്രകാരന്മാരുടെയും വിശിഷ്ട വിഷയങ്ങളായി. ഉദാഹരണത്തിന് കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തില്‍ ബ്രാഹ്ണരെയും നാട്ടുരാജാക്കന്മാരെയും നായന്മാരെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ദൗത്യവുമായാണ് ടിപ്പു സുല്‍ത്താന്‍ കേരളത്തിലേക്കെത്തിയത് (Zamorius of Calicut).

അതുപോലെ Malabar in Asian Trade എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവായ അഷിന്‍ ദാസ് ഗുപ്തയുടെ വിലയിരുത്തല്‍ പ്രകാരം കേരളത്തിലെ പരമ്പരാഗത വ്യാപാരത്തെ നശിപ്പിച്ചതിന്‍റെ ഉത്തരവാദിത്വം ടിപ്പുവിന്‍റെ തലയിലാണ്.

മലബാറിലെ പ്രമുഖ ദേശീയ നേതാവും ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമായ കെ മാധവന്‍ നായരുടെ അഭിപ്രായത്തില്‍ ടിപ്പുവിന്‍റെ ആക്രമണവും മതംമാറ്റവുമാണ് 1921-ലെ കലാപത്തിലേക്ക് നയിച്ച മൂലകാരണം. നിലവിലുള്ള ഹിന്ദു മുസ്ലിം ബന്ധങ്ങളില്‍ കനത്ത വിള്ളലുണ്ടാക്കുന്നതില്‍ ടിപ്പുവിന്‍റെ ആക്രമണം കാരണമായെന്നാണ് എംജിഎസ് തന്‍റെ രചനകളിലൂടെ ഉന്നയിച്ചുകൊണ്ടിരുന്നത്. കേരളത്തിന്‍റെ പിന്നാക്കാവസ്ഥക്കും ഹിന്ദു-മുസ്ലിം ശത്രുതക്കും കാരണമായത് ടിപ്പുവിന്‍റെ ആക്രമണമാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് കാണാവുന്നതാണ്.

ഇത്തരത്തില്‍ ആധുനിക ശാസ്ത്രീയ ചരിത്രം ടിപ്പുവിനോട് ചെയ്തതില്‍ കവിഞ്ഞൊന്നും സംഘപരിവാരചരിത്രം അദ്ദേഹത്തോട് ചെയ്തിട്ടില്ല. അവരതു ചെയ്യുന്നതില്‍ അത്ഭുതവുമില്ല. ആര്‍എസ്എസിന്‍റെ ശാഖയിലും മറ്റും ടിപ്പുവിന്‍റെ ചരിത്രം വിദ്വേഷ ചരിത്രമാക്കി പഠിപ്പിക്കുന്ന രീതിയെക്കുറിച്ച് മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായ ഉണ്ണി ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിവജിയുടെ വീരകഥകള്‍ക്കൊപ്പം ടിപ്പു സുല്‍ത്താനെന്ന മുസ്ലിം ശത്രുവിന്‍റെ പടയോട്ടക്കാലത്തുണ്ടായ ജീവനഷ്ടങ്ങളും കൊള്ളകളും നാടോടിക്കഥയുടെ മട്ടില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വിവരിക്കുന്നു.

ഇതു തന്നെയല്ലേ നമ്മുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും തുരുതുരെ പ്രചരിക്കുന്നത്. നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ടിപ്പു ചരിത്രം നാം തൊണ്ട തൊടാതെ വിഴുങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചരിത്രബോധത്തിന്‍റെയോ യുക്തിയുടെയോ അടിത്തറയിലല്ല നമ്മുടെ ചരിത്രങ്ങള്‍ രൂപമെടുക്കുന്നത്. ഇന്ന് ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് ചരിത്രം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ടിപ്പുവിന്‍റെ മതവീക്ഷണമെന്തെന്നോ തന്‍റെ കേരള അധിനിവേശത്തിന്‍റെ ലക്ഷ്യമെന്തെന്നോ അന്വേഷിക്കാന്‍ നാം മെനക്കെടാറില്ല. അഥവാ മേലനങ്ങേണ്ടുന്ന ഒന്നും ചെയ്യാന്‍ നമ്മള്‍ മലയാളികള്‍ക്ക് താല്‍പര്യമില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ടിപ്പു ആരായിരുന്നു? അതൊരു സസ്പെന്‍സ് ആയികിടക്കട്ടെ.

You May Also Like

ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസം, സ്വലാത്തിന്‍റെയും

അബൂബയാനുല്‍ ഇസ്ഹാഖ്(റ) സ്വപ്നത്തില്‍ തിരുനബി(സ്വ)യെ ദര്‍ശിച്ചു. പ്രവാചകരോട് അദ്ദേഹം ചോദിച്ചു: ‘നബിയേ, ഇമാം ശാഫിഈ അങ്ങയുടെ…

● അസീസ് സഖാഫി വാളക്കുളം
Tippu Sultan

ടിപ്പുസുല്‍ത്താന്‍ ശിയാ വിശ്വാസിയാകേണ്ടത് ആരുടെ താല്‍പര്യം?

ടിപ്പു സുല്‍ത്താനെ റഹ്മത്തുല്ലാഹി… ചേര്‍ത്താണ് ഉന്നത ശീര്‍ഷരായ പണ്ഡിതര്‍ പരാമര്‍ശിക്കാറുള്ളത്. മതഭ്രാന്തനെന്ന് മുദ്രകുത്തി അദ്ദേഹത്തെ അപരവല്‍ക്കരിക്കാനുള്ള…

● അലവിക്കുട്ടി ഫൈസി എടക്കര

ടിപ്പു: മതസൗഹാര്‍ദത്തിന്‍റെ സുല്‍ത്താന്‍

ടിപ്പുസുല്‍ത്താന്‍ മതവിശ്വാസിയായിരുന്നു. സുന്നിയും കര്‍മധാരയില്‍ ശാഫിഈ മദ്ഹബുകാരനുമായിരുന്നു. കുടുംബം നഖ്ശബന്ദി ത്വരീഖത്തുമായി ബൈഅത്തു ചെയ്തിരുന്നു. ഈ…

● അലി സഖാഫി പുല്‍പറ്റ