Aqaba Woman- Malayalam

ഞങ്ങൾ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെട്ടു. അയ്യാമുത്തശ്‌രീഖിന്റെ മധ്യദിവസം തിരുദൂതരുമായി അഖബയിൽ സന്ധിക്കാമെന്നായിരുന്നു തീരുമാനം.കഅ്ബ് ബ്‌നു മാലിക് അഖബാ ഉടമ്പടി അയവിറക്കുകയാണ്. യഥാവിധി ഞങ്ങൾ ഹജ്ജിൽ നിന്ന് വിരമിച്ചു. പുണ്യദൂതന് വാക്കു കൊടുത്ത രാത്രി വന്നണഞ്ഞു. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മുശ് രിക്കുകളിൽ നിന്ന് കൂടിക്കാഴ്ചയെപ്പറ്റിയുള്ള വിവരം ഞങ്ങൾ മറച്ചുപിടിച്ചിരുന്നു. കൂട്ടത്തിൽ കഥയറിയാതെ അബ്ദുല്ലാഹിബ്‌നു അംരിനിൽ ഹറാം ഉണ്ടായിരുന്നു. ജാബിറിന്റെ പിതാവാണ് അദ്ദേഹം. പ്രമുഖരിൽ പ്രമുഖൻ. കുലമഹിമ നിറഞ്ഞ മാന്യൻ. ഞങ്ങൾ അദ്ദേഹത്തെ രഹസ്യമായി പിടിച്ചുനിർത്തി പുണ്യമതത്തെപ്പറ്റി സംസാരിച്ചു.

അബൂജാബിർ, താങ്കൾ ഞങ്ങളിൽ പ്രമുഖനാണ്. കുലമഹിമ നിറഞ്ഞവൻ. താങ്കൾ ഇപ്പോൾ നിലകൊള്ളുന്ന ആദർശം ഉപേക്ഷിക്കണമെന്നാണ് ഞങ്ങൾക്ക് ഒരേ സ്വരത്തിൽ പറയാനുള്ളത്. ഇസ്‌ലാമിലേക്ക് ഞങ്ങൾ അങ്ങയെ ക്ഷണിക്കുന്നു. നാളെ നരകത്തിലെ വിറകാകാതിരിക്കണമെന്നുണ്ടെങ്കിൽ ഈ പുണ്യമതം പുൽകുക.

അനന്തരം തിരുനബി(സ്വ)യുമായി സന്ധിക്കുന്നതിനെപ്പറ്റി അബ്ദുല്ലയെ ഉണർത്തി. അദ്ദേഹത്തിന് മനംമാറ്റം വന്നു. മതം മാറ്റത്തിന് പിന്നെ താമസമുണ്ടായില്ല. അഖബയിൽ ഞങ്ങൾക്ക് നിരീക്ഷകനായി നിന്നത് മഹാനായിരുന്നു.

രാത്രി ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടന്നു. ഇസ്‌ലാം വിരുദ്ധർക്കൊപ്പം തന്നെയായിരുന്നു നിദ്ര. സ്വന്തം ടെന്റുകളിൽ. രാത്രി മൂന്നിലൊരു ഭാഗം പിന്നിട്ടപ്പോൾ ഞങ്ങൾ മെല്ലെ എണീറ്റു കൂടുവിട്ടു. കാടപ്പക്ഷികൾ കൂടുകളിൽനിന്ന് മെല്ലെ ഇറങ്ങിപ്പോകുന്നമാതിരി ആളനക്കങ്ങളറിയാതെയായിരുന്നു ഞങ്ങൾ പുറപ്പെട്ടത്. ഓരോരുത്തർ വീതമായിരുന്നതിനാൽ കൂടെ കിടന്നവർ ഒന്നുമറിയുന്നുണ്ടായിരുന്നില്ല.

ഒളിഞ്ഞും മറഞ്ഞും അഖബക്കരികിലെത്തി. എഴുപത്തി മൂന്നു പേരുണ്ടായിരുന്നു ഞങ്ങൾ. രണ്ട് സ്ത്രീകളുമുണ്ട് കൂട്ടത്തിൽ. കുറച്ചുകഴിഞ്ഞു തിരുനബി(സ്വ) വന്നു. ഒപ്പം അബ്ബാസ് ബ്‌നു അബ്ദുൽ മുത്ത്വലിബാണുള്ളത്. അദ്ദേഹം അന്യമതസ്ഥനായി തുടരുന്ന കാലമാണത്. പക്ഷേ തന്റെ സഹോദര പുത്രന് സുരക്ഷയൊരുക്കുന്നതിൽ അദ്ദേഹം മനസ്സ് കാണിക്കുകയായിരുന്നു.

സംസാരം തുടങ്ങിയത് അബ്ബാസ് തന്നെ: ഖസ്‌റജുകാരേ, നിങ്ങൾക്കറിയാമല്ലോ മുഹമ്മദ് ഞങ്ങളുടെ കുലത്തിൽപെട്ടവനാണെന്ന്. അദ്ദേഹമിപ്പോൾ സ്വന്തം നാട്ടിലും ജനങ്ങളിലും അന്തസ്സും അഭിമാനവും നിലനിർത്തുന്നുണ്ട്. ആവശ്യത്തിനുള്ള സുരക്ഷയും അദ്ദേഹത്തിന് ഞങ്ങൾ നൽകുന്നു. പക്ഷേ അദ്ദേഹം പറയുന്നത് നിങ്ങളുടെ നാട്ടിലേക്ക് വന്നുചേരണമെന്നാണ്. എനിക്കു പറയാനുള്ളതിതാണ്; നിങ്ങൾക്ക് അദ്ദേഹത്തിന് മതിയായ സുരക്ഷയും നന്മയും ചെയ്യാനാകുമെന്നുറപ്പുണ്ടെങ്കിൽ മാത്രം നിങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുക. നിങ്ങൾക്കതിനാകില്ലെന്നാണെങ്കിൽ ഇപ്പോൾതന്നെ ബൈഅത്ത് ഉപേക്ഷിച്ച് പാട്ടിന് പോവുക.

അബ്ബാസിന്റെ ഉറച്ച വാക്കുകൾ കേട്ട ഞങ്ങൾ പറഞ്ഞു: താങ്കൾ പറഞ്ഞത് ഞങ്ങൾ കേട്ടു. ഇനി തിരുദൂതർ പറയട്ടെ. ഞങ്ങൾക്കതാണ് കേൾക്കേണ്ടത്.

അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, ഇസ്‌ലാമിന്റെ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന വചനങ്ങൾ ഓതിയ ശേഷം നബി(സ്വ) പറഞ്ഞുതുടങ്ങി: നിങ്ങൾ സ്വന്തം ഭാര്യസന്താനങ്ങളെ എന്തിൽനിന്നെല്ലാം സംരക്ഷിക്കുമോ അതിൽനിന്നൊക്കെ എന്നെയും സംരക്ഷിക്കണമെന്ന കരാറാണ് എനിക്ക് ചെയ്യാനുള്ളത്.

ഉടൻ ബറാഉബ്‌നുൽ മഅ്‌റൂൻ തിരുകരം ഗ്രഹിച്ച് പറഞ്ഞു: സത്യമതവുമായി താങ്കളെ പറഞ്ഞയച്ച നാഥനെ തന്നെ സത്യം. ഞങ്ങൾ സ്വന്തം സ്ത്രീകളെയും മക്കളെയും സംരക്ഷിക്കുന്നതുപോലെ അങ്ങയെ സംരക്ഷിക്കുന്നതാണ്. പുണ്യദൂതരേ, ഞങ്ങൾ പാരമ്പര്യമായി പോരാട്ടവീര്യവും ആയുധപ്പയറ്റുമൊക്കെ നിറഞ്ഞവരാകുന്നു.

ഇതിനിടയിൽ അബ്ദുൽ ഹൈസം മദീനത്തെ ജൂതരുമായുള്ള നിലപാടെന്താകണമെന്ന് ആരാഞ്ഞു. അതിന് തിരുനബി(സ്വ) പുഞ്ചിരിതൂകി പറഞ്ഞതിങ്ങനെ: അതൊക്കെ എന്തിനിത്ര പറയാൻ. ഞാൻ അവിടെ വന്നാൽ പിന്നെ നിങ്ങളിൽ ഒരാളായി. നിങ്ങൾ എന്നിൽ ഒരാളുമായി. അതുകൊണ്ട്തന്നെ നിങ്ങളോട് ന്യായമില്ലാതെ പോരാടാൻ വരുന്നവരോട് ഞാനും ചേർന്ന് പോരാടും. നിങ്ങളോട് സന്ധിയാകാൻ വരുന്നവരോട് ഞാനും എന്റെ ആളുകളും സന്ധിയാകും.

കഅ്ബ് തുടരുന്നു: അനന്തരം നബി(സ്വ) പറഞ്ഞു; ‘നിങ്ങൾ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്ത് തരിക. സ്വന്തം ജനതയുടെ നിരീക്ഷകരായി നമുക്കവരെ നിയോഗിക്കാം.

അങ്ങനെ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തു. ഒമ്പത് പേർ ഖസ്‌റജിൽനിന്ന്, മൂന്നു പേർ ഔസിൽനിന്നും. പുണ്യറസൂൽ(സ്വ) അവരോട് പറഞ്ഞു: നിങ്ങളാണിനി സ്വന്തം ആൾക്കാരുടെ ജാമ്യക്കാർ. ഈസബ്‌നു മർയമിന്റെ ഹവാരിയ്യീങ്ങൾക്കു സമാനരാകുന്നു നിങ്ങൾ. ഞാൻ എന്റെ ആളുടെ പക്ഷത്തുള്ള കഫീലുമാകുന്നു.

ഇത്രയുമായപ്പോൾ അബ്ബാസുബ്ൻ ഉബാദത് എണീറ്റു ചോദിച്ചു: ഖസ്‌റജ് വിഭാഗമേ, നിങ്ങൾ തിരുറസൂലിനോട് ബൈഅത്ത് ചെയ്തതെന്തെന്ന് ശരിക്കും ചിന്തിക്കുന്നുണ്ടോ? നിങ്ങൾ ബൈഅത്ത് ചെയ്തിരിക്കുന്നത് ചുവന്നതും കറുത്തതുമായ യുദ്ധത്തിന്റെ മേലിലാകുന്നു. സമ്പത്തും ജീവനും ഭയന്ന് ഈ കരാർ നിങ്ങൾ ഉപേക്ഷിക്കുന്നപക്ഷം നിങ്ങളേക്കാൾ പരാജിതർ വേറെയുണ്ടാകില്ലെന്ന് തിരിച്ചറിയുക. നിങ്ങൾ കരാർ പൂർത്തീകരിക്കുന്നപക്ഷം ഇഹപര നന്മകൾ വാരിക്കൂട്ടാനുമാകും. അവിടെ ചിലപ്പോൾ സമ്പത്തും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടേക്കാമെങ്കിലും.

ഇതുകേട്ട് ഖസ്‌റജികൾ തിരുനബിയോട് ചോദിച്ചു: ഞങ്ങളുടെ സമ്പത്തും ഞങ്ങളിലെ പ്രമുഖരുമൊക്കെ ബലികൊടുക്കേണ്ടിവന്നാൽ ഞങ്ങൾക്കെന്താണ് നബിയേ പകരമായി കിട്ടുക?’

തിരുനബി(സ്വ)യുടെ മറുപടി: സ്വർഗം.

എങ്കിൽ ആ കൈ ഇങ്ങു നീട്ടൂ. ഞങ്ങൾ ബൈഅത്ത് ചെയ്യട്ടെ.

റസൂൽ(സ്വ) കരം നീട്ടി. അങ്ങനെ ബൈഅത്തുറച്ചു. ചരിത്ര പ്രസിദ്ധമായ ഈ അഖബാ ഉടമ്പടിക്ക് സാക്ഷികളും അംഗങ്ങളുമായവരിൽ രണ്ടേ രണ്ട് മഹിളാരത്‌നങ്ങളാണുണ്ടായിരുന്നത്. ഒന്ന് കഥാനായിക നസീബ ബിൻത് കഅ്ബ്(റ). അതേ ഉമ്മു ഉമാറ എന്ന് പ്രസിദ്ധയായ ബനൂ ഖാസിബ്‌നുന്നജ്ജാരിലെ ധീരവനിത! രണ്ടാമത്തേത് അസ്മാഅ് ബിൻത് അംരിബിൻ അദിയ്യ്. ഉമ്മു മനീഅ് എന്ന് പ്രസിദ്ധയായ ബനൂസലമ ഗോത്രക്കാരി.

തികഞ്ഞ സൗഭാഗ്യവതികൾ തന്നെ! ഇസ്‌ലാമിനെ ലോകത്ത് പ്രസരണം ചെയ്യുന്നതിനുള്ള പ്രാഥമിക കൂടിയാലോചനയിൽ സ്ത്രീകുലത്തിന്റെ മൊത്തം പ്രതിനിധികളായി ഇരുവരും. ആണിനെപ്പോലെ പെണ്ണിനുമുണ്ട് പ്രബോധനപരമായ ദൗത്യങ്ങൾ. സ്ത്രീ അവളുടെ പരിസരവും പാശ്ചാത്തലവും തിരിച്ചറിഞ്ഞ് ബോധം കൊള്ളണം, ബോധനം ചെയ്യണം.

തിരുനബി(സ്വ) ബൈഅത്ത് സ്വീകരിച്ചത് ഓരോരുത്തരുടെയും കരം ഗ്രഹിച്ചായിരുന്നു. കൈകൾ തമ്മിലുള്ള സ്പർശനം നൽകുന്ന വികാരം അതി തീവ്രം തന്നെയാണല്ലോ. അത് മനുഷ്യന്റെ മനസ്സിനെയും തലച്ചോറിനെയും സ്വാധീനിക്കുന്നു. ഒരുതരം വികാര-വിചാര പ്രസരണം സുസാധ്യമാക്കും. അതാണ് ഇന്നും മുസ്വാഫഹത് സുന്നത്താക്കിയത്. ഇവിടെ നബി(സ്വ) സ്വഹാബത്തിന്റെ കരങ്ങൾ ഗ്രഹിക്കുന്നു. പട്ടിനെ വെല്ലുന്ന മിനുസമാർന്ന തൃക്കരങ്ങൾ തങ്ങൾ സ്വീകരിക്കുന്ന ബൈഅത്തിന് ചാർത്തുന്ന കൈയൊപ്പായി. പുരുഷ സ്വഹാബികളൊക്കെ തിരുകരം ഗ്രഹിച്ചു. പക്ഷേ നസീബക്കും അസ്മാഇനും അത് സാധിച്ചില്ല. അവരോട് പ്രവാചകർ(സ്വ) പറഞ്ഞു: നിങ്ങൾക്ക് പോകാം. ഞാൻ നിങ്ങളുമായും ബൈഅത്ത് ചെയ്തുകഴിഞ്ഞിരിക്കുന്നു‘.

പുണ്യറസൂൽ അന്യസ്ത്രീകളുടെ കരം ഗ്രഹിക്കാറുണ്ടായിരുന്നില്ല. അത് ബൈഅത്തിന്റെ പേരിലാണെങ്കിലും! തിരുനബിയുടെ വികാര-വിചാരങ്ങൾ വഴി തെറ്റിപ്പോകുമോ എന്ന ഭയമാണെന്ന് നിനക്കരുത്. അത് അസംഭവ്യം. പാപമുക്തനാണല്ലോ അവിടുന്ന്. നസീബക്കോ അസ്മാഇനോ മനസ്സ് പിഴക്കുമെന്നതിനാലുമല്ല നബി(സ്വ) കരം നൽകാതിരുന്നത്. മറിച്ച്, അതൊരു സാമൂഹിക അച്ചടക്കത്തിന്റെ ഭാഗമായിരുന്നു. പെൺവർഗത്തിന്റെ സുരക്ഷയുടെ മാർഗം. അതാണ് മതനിയമവും.

സുരക്ഷയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കും നിർമിക്കുന്ന നിയമങ്ങൾക്കും ഒരു പൊതുധാരണയും കാഴ്ചപ്പാടുമാണ് കാരണമാകുക. ആണും പെണ്ണും വ്യത്യസ്തരാണ്. പരസ്പരം ആകർഷിപ്പിക്കുക എന്നത് വ്യത്യസ്ത ലിംഗങ്ങളുടെ പൊതുസ്വഭാവത്തിൽപെട്ടതാണ്. വ്യക്തിഗതമായി ചിലർക്കങ്ങനെയൊന്നുമില്ലെന്ന് വന്നേക്കാം. എന്നാൽ നിയമവും വിധിയും നടപ്പിലാക്കുന്നതിന് വ്യക്തിനിഷ്ഠ പരിഗണിക്കാനൊക്കില്ല.

അന്യ സ്ത്രീ-പുരുഷന്മാർ കരം പകരുന്നത് ചില വികാരവിക്ഷോഭങ്ങൾക്ക് നിമിത്തമാകും. പെണ്ണിന് കാമം കമനീയമാകാം. എന്നാൽ ആണിന് അങ്ങനെയല്ല. ഒരു സ്പർശനം/ദർശനം/വിചാരം ഒക്കെ മതി. പല പുരുഷ കേസരികൾക്കും മദംപൊട്ടും.

തിരുനബി(സ്വ) ചെയ്‌തെന്ന് പറഞ്ഞ് പെൺസുരക്ഷയെ ബാധിക്കുന്ന ഒന്ന് നിയമായിക്കൂടാ. അതാണ് അവിടുന്ന് കരം കൊടുക്കാതിരുന്നത്. ഇതിൽ അസമത്വമൊന്നുമില്ല. ആകെയുള്ളത് സംരക്ഷണം മാത്രം. സുരക്ഷയ്ക്കു നാം പലതും നിയമമാക്കാറുണ്ട്. അത് ലംഘിക്കുന്നവനെ ശിക്ഷിക്കാറുമുണ്ട്. അത്തരം നിയമങ്ങളെ കൊഞ്ഞനം കുത്തുന്നവനെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാറുമുണ്ട്.

ഗവർണർ ഒരു ചടങ്ങിന് വന്നെന്ന് വെക്കൂ. അദ്ദേഹത്തിന് വെള്ളം കൊടുക്കുന്നതിൽവരെ നിങ്ങൾക്ക് നിയമം പാലിച്ചേ മതിയാകൂ. മിക്കവാറും അദ്ദേഹത്തിന്റെ സെക്യൂരിറ്റി വിഭാഗം കൊണ്ടുവരുന്ന വെള്ളമേ കുടിപ്പിക്കൂ. നാം കൊടുത്തത് കുടിക്കില്ലെന്ന് കരുതി ഗവർണർക്ക് അയിത്തമാണെന്ന് ആരും വിധിക്കാറില്ല. പ്രോട്ടോക്കോൾ അങ്ങനെയാണ്. എങ്കിൽ ആണിനെയും പെണ്ണിനെയും പടച്ചുവിട്ട പ്രപഞ്ചനാഥന്റെ പ്രോട്ടോക്കോളാണ് പെണ്ണിന് അന്യപുരുഷന്റെ കരം നൽകേണ്ടതില്ലെന്നത്.

റസൂൽ(സ്വ) ചിലപ്പോഴൊക്കെ ഒരു പാത്രം വെള്ളം കൊണ്ടുവരാൻ പറയും. അതിൽ ആദ്യം തന്റെ കൈ മുക്കും. പിന്നെ ബൈഅത്ത് ചെയ്യുന്ന സ്ത്രീകളുടെ കരങ്ങൾ മുക്കും. അല്ലെങ്കിൽ ഒരു തുണി നീട്ടിപ്പിടിക്കും. ഒരു തലയ്ക്കൽ തിരുനബി പിടിക്കും. മറുതല ബൈഅത്ത് വാങ്ങുന്ന സഹോദരിയും. ഇത്രമതി. ഇതിനപ്പുറം വേണമെന്ന് ശഠിക്കുന്നവർക്ക് തിരുനബിയിൽനിന്ന് ഒരു അംഗീകാരവും ലഭ്യമല്ല. ചില ശൈഖ് നാട്യക്കാരുടെ മതവിരുദ്ധത സ്ത്രീ ബൈഅത്തിൽനിന്നുതന്നെ വ്യക്തമാകുന്നുണ്ടല്ലോ.

ബൈഅത്തുൽ അഖബ നസീബ(റ)യെ സംബന്ധിച്ച് ഹൃദ്യാനുഭവം തന്നെയായിരുന്നു. കാരണം തന്റെ പ്രിയതമൻ സൈദുബ്‌നു ആസ്വി(റ)മും മക്കളായ ഹബീബ്(റ), അബ്ദുല്ല(റ)യും തിരുകരം ഗ്രഹിച്ച് ബൈഅത്തെടുക്കുകയുണ്ടായി. തൃക്കരം ഗ്രഹിച്ച അവരുടെ കരങ്ങൾ പിടിച്ച് തനിക്ക് ബറകത്തെടുക്കാമല്ലോ. അപ്പോൾ ബറകത്തുമായി. ബൈഅത്തുമായി.

(തുടരും)

You May Also Like

നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും

നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ…

● മുഷ്താഖ് അഹ്മദ്‌
india and muslims - Malayalam

മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത…

● അഭിമുഖം: അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല/ മുസ്തഫ സഖാഫി കാടാമ്പുഴ

ഉമ്മു ഹബീബയിൽ നിന്ന് ഉമ്മുൽ മുഅ്മിനീനിലേക്ക്

ഉമ്മു ഹബീബ(റ) ഭർത്താവിനൊപ്പം സുഖനിദ്രയിലാണ്. അബ്‌സീനിയയിലെ മന്ദമാരുതന്റെ തലോടലേറ്റ് ശാന്തമായി മയങ്ങുന്നതിനിടയിൽ ബീവി ഒരു സ്വപ്‌നം…

● നിശാദ് സിദ്ദീഖി രണ്ടത്താണി