നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ അതിന്റെ വിതരണ വ്യാപന സുതാര്യതയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മനുഷ്യപ്രകൃതത്തിന്റെയും ശീലത്തിന്റെയും സ്വകാര്യതകളുമായി ബന്ധപ്പെട്ട മതവിധികൾ പ്രകാശിപ്പിക്കുന്നതിന് അത് അനിവാര്യമായിരുന്നു. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ഇസ്‌ലാമികമായ അസ്തിത്വം സുരക്ഷിതമാവുന്നതിന് ഉപകരിക്കുന്ന ഒരു വിവരണം ശ്രദ്ധിക്കുക. ഇമാം തഖിയുദ്ദീനിസ്സുബ്കി(റ)യെ ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു:

‘നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ച് നൽകിയതിലെ രഹസ്യമിതാണ്. ശരീഅത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ വിവരണത്തിനും സ്വകാര്യമായതും അല്ലാത്തതുമായ കാര്യങ്ങൾ പകർന്ന് നൽകുന്നതിനുമാണ്. കാരണം നബി(സ്വ) വളരെ ശക്തിയായ നാണമുള്ളവരായിരുന്നുവല്ലോ. അതിനാൽ തന്നെ നബി(സ്വ)ക്ക് അല്ലാഹു കൂടുതൽ പത്‌നിമാരെ നിശ്ചയിച്ച് നൽകി. നബി(സ്വ) പുരുഷന്മാരുടെ സാന്നിധ്യത്തിൽ വ്യക്തമാക്കാൻ നാണംതോന്നുംവിധത്തിലുള്ള കാര്യങ്ങളിൽ നിന്നും ഭാര്യമാർ കേട്ട വചനങ്ങളും കണ്ട പ്രവർത്തനങ്ങളുമായ ശരീഅത്ത് നിയമങ്ങൾ അവർ സമൂഹത്തിന് പകർന്ന് നൽകുകയുണ്ടായി. ശരീഅത്ത് പൂർണമായ രൂപത്തിൽ സമർപ്പിതമാവുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇത്തരം വിഷയങ്ങൾ പകർന്ന് തരാൻ കൂടുതൽ ആളുകൾ വേണ്ടതിനാൽ പ്രവാചകർ(സ്വ)യുടെ പത്‌നിമാരും കൂടുതലുണ്ടായി. കുളി, ഋതുരക്തം, ഇദ്ദ തുടങ്ങിയവയുടെ മത നിയമങ്ങൾ അറിയപ്പെട്ടത് അവരിൽ നിന്നാണ്’.

ഇമാം സുബ്കി(റ) തുടരുന്നു: ‘നികാഹിലുള്ള വൈകാരിക താത്പര്യം കൊണ്ടായിരുന്നില്ല അത്. അവിടുന്ന് മനുഷ്യ പ്രകൃതത്തിന്റെ ഭാഗമായി മാത്രം ലൈംഗികാസ്വാദനം ഇഷ്ടപ്പെട്ടവരായിരുന്നില്ല (മറിച്ചുള്ള വിചാരത്തിൽ നിന്നും അല്ലാഹു നമുക്ക് കാവലാവട്ടെ), വ്യക്തമായിപ്പറയാൻ നബിക്ക് നാണം തോന്നുന്ന ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹത്തിന് പകർന്ന് നൽകുന്നതിനായാണ് നബി(സ്വ) സ്ത്രീകളോട് കൂടുതൽ ഇഷ്ടമുള്ളവരായത്. അപ്പോൾ ഇത്തരം കാര്യങ്ങളിൽപ്പെട്ട ശരീഅത്ത് നിയമങ്ങൾ സമൂഹത്തിന് പകർന്നു കൊടുക്കുന്നതിൽ അവരുടെ സഹായമുണ്ട്, എന്നതിനാലാണ് പ്രവാചകർ(സ്വ) അവരെ ഇഷ്ടപ്പെട്ടത്’.

നബി(സ്വ)യുടെ ഉറക്കിലും ഏകാന്തതയിലും (സ്വകാര്യതയിലും) അവർക്ക് കാണാനായ പ്രാചകത്വ ദൃഷ്ടാന്തങ്ങളും ആരാധനകളിൽ അവിടുത്തെ ശ്രമവും അധ്വാനവും പ്രവാചകർക്ക് മാത്രമുണ്ടാവുമെന്ന് ബോധ്യപ്പെട്ട കാര്യങ്ങളും അവർ തന്നെയാണ് ലോകത്തിന് വിവരിച്ചു തന്നത്. മറ്റാരും വിവരിക്കുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങളായിരിക്കുമവയെല്ലാം. അതിനാൽ തന്നെ കൂടുതൽ പത്‌നിമാർ അനുവദിക്കപ്പെട്ടതിൽ മഹത്തായ ഗുണം ഉൾക്കൊണ്ടിട്ടുണ്ട് (ശറഹുസ്സുയൂത്വി: 7/64, സുനനു നസാഇയുടെ പാർശ്വക്കുറിപ്പിൽ 2/94).

‘തിരുനബി(സ്വ)യെക്കുറിച്ച് നിലനിന്നിരുന്ന ദുരാരോപണത്തിൽപ്പെട്ടതായിരുന്നു അവിടുന്ന് ആഭിചാരക്കാരനാണെന്നത് (മആദല്ലാഹ്). അത് തിരുത്തപ്പെടുന്നതിനും നിഷ്പ്രഭമാക്കുന്നതിനും കൂടുതൽ പത്‌നിമാരുണ്ടായത് ഉപകരിച്ചിട്ടുണ്ട്. കാരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വകാര്യത സൂക്ഷിക്കാൻ സാധിക്കാത്ത പ്രകൃതമാണവർക്ക്. അതിനാൽ തന്നെ അത്തരത്തിലുള്ള മോശമായ ഒരു സ്വകാര്യത അവിടുന്ന് സൂക്ഷിക്കുന്നില്ലെന്ന് മനസ്സിലാക്കുന്നതിന് ബഹു പത്‌നികളുടെ സാന്നിധ്യം സഹായകമായി. അല്ലാമാ ഇബ്‌നു തൂലൂനിദ്ദിമിശ്ഖി സോദാഹരണം ഇത് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മുർശിദുൽ മുഹ്താറിൽ നിന്നും അഹ്മദ് അൽഹദ്ദാദ് ഇത് ഉദ്ധരിച്ചിട്ടുണ്ട്. (നോക്കുക: അഖ്‌ലാഖുന്നബിയ്യി(സ്വ) ഫിൽ ഖുർആനി വസ്സുന്ന, 2/706, 707).

ചുരുക്കത്തിൽ, നബി(സ്വ)യുടെ ബഹുഭാര്യത്വത്തിന് പിന്നിൽ വിദ്യാഭ്യാസപരവും മത നിയമ സ്ഥാപനപരവും സാമൂഹികവും സാംസ്‌കാരികവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവയെല്ലാം അവിടുത്തെ പ്രബോധന വഴിയിലും സ്വകാര്യജീവിതത്തിലും വലിയ സഹായങ്ങളായിരുന്നു എന്നതാണ് ചരിത്രം.

അഭിവന്ദ്യഗുരുവര്യർ

സത്യവിശ്വാസികൾക്ക് മാതാക്കൾ എന്നതോടൊപ്പം സുപ്രധാനമായ വിവരങ്ങൾ നബി(സ്വ)യിൽ നിന്നും നുകർന്ന് സമൂഹത്തിന് പകർന്ന് തന്നവർ കൂടിയാണ് പ്രവാചക പത്‌നിമാർ. നബി(സ്വ)യുടെ പത്‌നിമാരിൽ അതൊരു ദൗത്യമെന്ന നിലയിൽ നിക്ഷിപ്തമായതായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഉപരിസൂചിപ്പിച്ചതിൽ നിന്നും ഇത് വ്യക്തമാണ്. മുന്നൂറിലധികം പേർ ആയിശ(റ)യിൽ നിന്നു ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഉമ്മുസലമ ബീവി(റ)യിൽ നിന്നു നൂറിലധികം പേർ ഹദീസുകൾ ഉദ്ധരിച്ചു. ആഇശ(റ)യിൽ നിന്നു ഉദ്ധരിക്കപ്പെട്ട ഹദീസുകൾ 2000-ത്തിലധികം വരും. ഉമ്മുൽ മുഅ്മിനീങ്ങളിൽപ്പെട്ടവരിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകളും അതുൾക്കൊള്ളുന്ന വിഷയങ്ങളും മനസ്സിലാക്കുന്നതിന് ഇമാം അഹ്മദ്(റ)വിന്റെ മുസ്‌നദും നാല് പ്രമുഖ പണ്ഡിതർ ചേർന്ന് തയ്യാറാക്കിയ അൽമുസ്‌നദുൽ ജാമിഉം അല്ലാമാ ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാഉം ഇമാം ത്വബ്‌റാനി(റ)യുടെ     മുഅ്ജമുകളും അവലംബിക്കാവുന്നതാണ്.

ദുരാരോപണങ്ങൾ

തിരുനബി(സ്വ)യുടെ കുടുംബജീവിതത്തെ വികൃതമാക്കി അവതരിപ്പിക്കാൻ ശ്രമിച്ച ഓറിയന്റലിസ്റ്റുകളും അവരുടെ പാത പിന്തുടർന്നവരും നടത്തിയിട്ടുള്ള ചില പരാമർശങ്ങൾ ചർച്ച ചെയ്യേണ്ടതു പോലുമല്ല. പ്രവാചകരുടെ ബഹുഭാര്യത്വത്തിന്റെ സാരാംശങ്ങൾ പകൽപോലെ വ്യക്തമാണെന്നിരിക്കെത്തന്നെ വിമർശനത്തിന് വേണ്ടി മാത്രം ഒളിയമ്പുകൾ എയ്യുകയാണവർ ചെയ്തത്. നബി(സ്വ)യെ ഒരു സ്ത്രീ ലമ്പടനായി അവതരിപ്പിക്കുന്നതിനു വേണ്ടി പ്രവാചക പത്‌നിമാരുടെ എണ്ണം മാത്രമാണവർ ഉയർത്തിക്കാട്ടുന്നത്. യഥാർത്ഥത്തിൽ അവരുടെ പ്രായവും സാഹചര്യവും നബി(സ്വ)യുടെ പ്രായവും നിലപാടുകളും വിസ്മരിക്കുകയാണവർ. നബിവിവാഹങ്ങളുടെ സാഹചര്യവും പത്‌നിമാരുടെ ജീവിതാവസ്ഥയും സ്‌നേഹവൽസലനായ തിരുനബിയുടെ നിലപാടും ചേർത്തു വായിക്കുകയാണ് വേണ്ടത്. വിഷയത്തെ കേവലവത്കരിക്കുകയും സ്വന്തംനിലപാടുകളുമായി താരതമ്യം നടത്തുകയും ചെയ്യുന്നത് നല്ല സമീപനമല്ല. നബി(സ്വ)യുടെ പ്രഥമ വിവാഹം നടക്കുന്നത് 25 വയസ്സുള്ളപ്പോഴാണ്. നാൽപത് വയസ്സുള്ള, രണ്ടാളുകൾ മുമ്പ് വിവാഹം കഴിച്ച ഒരു വിധവയായിരുന്നു വധു. തുടർ വിവാഹങ്ങളൊക്കെ നടക്കുന്നത് അമ്പത് വയസ്സ് പ്രായമായതിന് ശേഷമാണ്. അതിൽ ഒരു മഹതി മാത്രമായിരുന്നു കന്യക പ്രായത്തിലുള്ളത്. അവരാകട്ടെ തീരെ ചെറിയ പ്രായക്കാരിയായിരുന്നുതാനും. മറ്റുള്ളവരൊക്കെ വിധവകളോ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവരോ ആയിരുന്നു. പൂർവ വിവാഹത്തിൽ സന്താനമുള്ളവരുമുണ്ടായിരുന്നു.

ഖദീജ(റ)

യുവാവായിരുന്ന നബി(സ്വ)യെ സംബന്ധിച്ചിടത്തോളം എല്ലാം തികഞ്ഞവരെന്നതിനാൽ ഒരു യുവതിയെ തന്നെ സഹധർമിണിയായി ലഭിക്കുമായിരുന്നിട്ടും പ്രഥമ സഖിയായി വിധവയെ സ്വീകരിക്കുകയായിരുന്നു. അതൊരു യാദൃച്ഛിക സംഭവമായിരുന്നില്ലെന്നും പ്രപഞ്ച നാഥന്റെ ക്രമീകരണമായിരുന്നെന്നും വ്യക്തമാണ്. നബി(സ്വ)യുടെ പ്രബോധന വഴിയിൽ  അവർ നൽകിയ കരുത്തും പിന്തുണയും സഹായവും ചരിത്രസാക്ഷ്യമുള്ളതാണ്.

സൗദ(റ)

പ്രഥമ വിശ്വാസിവനിതകളിൽപെട്ട മഹതി എത്യോപ്യയിൽനിന്നും തിരിച്ചെത്തിയശേഷം സ്വഭർത്താവിന്റെ വിയോഗമുണ്ടായി. അതോടെ വിധവയായിത്തീർന്ന അവർക്ക് അന്ന് 55 വയസ്സായിരുന്നു. മഹതിയെ സംബന്ധിച്ചിടത്തോളം ഒരു സംരക്ഷണമായിരുന്നു ആവശ്യം. അതാകട്ടെ ഉമ്മുൽ മുഅ്മിനീൻ എന്ന പദവിയോടെ അവർക്കുനൽകാൻ നബി(സ്വ) തയ്യാറായി. അവരുടെ ശേഷിക്കുന്ന കുടുംബങ്ങൾ അവിശ്വാസികളായതിനാൽ അവരിൽനിന്നും അവർ ആശങ്കിച്ച ഇടപെടലുകൾ അതോടെ അവസാനിച്ചു. ലൈംഗിക താൽപര്യ പ്രധാനമായ ഒരു വിവാഹത്തിന് നബിയേക്കാൾ പ്രായം കൂടിയ ഒരു വനിതയെ കണ്ടെത്തേണ്ടതില്ല.

ആഇശ(റ)

ഉപരി സൂചിപ്പിച്ച പ്രകാരം വളരെ ചെറുപ്പത്തിൽതന്നെ നബി(സ്വ)യുടെ പത്‌നിയായവരാണ് ബീവി. വിവിധ വിഷയത്തിൽ അനേകം ഹദീസുകൾ ലോകത്തിന് സമ്മാനിക്കാനും പൂർണ ആരോഗ്യത്തോടെയും മനസ്സാന്നിധ്യത്തോടെയും അത് പകർന്നുനൽകാനുമവർക്ക് സാധിച്ചിട്ടുണ്ട്. ഹദീസ് നിവേദകരിൽ നാലാംസ്ഥാനക്കാരിയാണിവർ. നിലവിൽ ലഭ്യമായ ഹദീസുകളിൽ നിരൂപണ ശാസ്ത്രമനുസരിച്ച് സ്വഹീഹായ ഹദീസുകൾ ഉദ്ധരിക്കപ്പെട്ടവരിൽ അവർ മൂന്നാം സ്ഥാനക്കാരിയാണ്. അബൂഹുറൈറ(റ)വും ഇബ്‌നു ഉമർ(റ)വുമാണ് മറ്റു രണ്ടുപേർ.

ഹഫ്‌സ്വ(റ)

ഉമർ (റ)വിന്റെ പുത്രിയായ ഇവരുടെ ഭർത്താവ് ഉഹ്ദ് യുദ്ധത്തിൽ ശഹീദായി. ഉസ്മാൻ(റ)വോ അബൂബക്കർ(റ)വോ അവരെ വിവാഹം ചെയ്‌തെങ്കിലെന്ന് ഉമർ(റ) ആഗ്രഹിച്ചിരുന്നു. പക്ഷേ അവർ അതിന് തയ്യാറായില്ല. അങ്ങനെ വിധവയായ അവരെ സംരക്ഷിക്കുന്നതോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട സഹോദരൻ ഉമർ(റ)വിന് നൽകിയ ഒരു പരിഗണന കൂടിയായിരുന്നു തിരുനബി(സ്വ) അവരെ വിവാഹം ചെയ്തത്.

സൈനബ ബിൻതു

ഖുസൈമ(റ)

മുൻ ഭർത്താവിൽ നിന്നും വൈധവ്യം നേടിയ അവർക്ക് 60 വയസ്സിലധികം പ്രായമുണ്ടായിരുന്നു. അത് കാരണം അവർക്ക് മറ്റൊരാളുമായുള്ള വിവാഹ സാധ്യത കുറവായിരുന്നു. അവരെയാണ് പ്രവാചകർ(സ്വ) പത്‌നിയാക്കി ഉമ്മുൽ മുഅ്മിനീൻ പദവിയിലെത്തിച്ചത്. കുറച്ചു കാലം മാത്രമാണ് പിന്നീട് അവർ ജീവിച്ചിരുന്നത്.

സൈനബ ബിൻത് ജഹ്ശ്(റ)

നബി(സ്വ) തന്നെയാണ് അവരെ സൈദുബ്‌നു ഹാരിസ്(റ)വിന് വിവാഹം ചെയ്തു കൊടുത്തത്. ഒരു ഖുറൈശി വനിതയെ ഒരു പൂർവ അടിമയുമായി വിവാഹം ചെയ്യിക്കുകവഴി ജാഹിലിയ്യത്തിലെ ആഭിജാത സങ്കൽപ്പത്തെ തകർക്കുകയായിരുന്നു റസൂൽ(സ്വ). പിന്നീട് സൈദ്(റ)വും സൈനബ്(റ)വും തമ്മിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത വിധം പിണക്കത്തിലായി. ഇനിയൊരു യോജിപ്പ് സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ പിരിയുകയായിരുന്നു. അതിനു ശേഷമാണ് നബി(സ്വ) അവരെ വിവാഹം ചെയ്തത്. അതിലൂടെ മറ്റൊരു മിഥ്യാ സങ്കൽപ്പവും തകർക്കുകയുണ്ടായി. ദത്തുപുത്ര ഭാര്യയെ അവർ തമ്മിൽ പിരിഞ്ഞ ശേഷം വിവാഹം ചെയ്തുകൂടെന്ന ജാഹിലീ ധാരണയായിരുന്നു ഈ വിവാഹം തിരുത്തിയത്.  ഓറിയന്റലിസ്റ്റുകൾ ഈ വിഷയത്തിൽ ധാരാളമായി വാചകക്കസർത്ത് നടത്തിനോക്കിയിട്ടുണ്ട്.

ഉമ്മുസലമ(റ)

ആദ്യവിശ്വാസികളിൽപ്പെട്ട മഹതിയുടെ ഭർത്താവ് അബൂസലമ(റ) ഉഹ്ദ്‌യുദ്ധത്തിൽ ശഹീദായി. വിധവയായ അവരെയും നാലു മക്കളെയും നബിതങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തന്റെ സമൂഹത്തിലെ ഒരു വിധവയെയും അവരുടെ അനാഥമക്കളെയും റസൂൽ(സ്വ) സംരക്ഷിക്കുന്നതാണ് ഇതിൽ നമുക്ക് കാണാനാകുന്നത്.

ജുവൈരിയ(റ)

ദുറൈസിഅ് യുദ്ധത്തിൽ ഭർത്താവ് നഷ്ടപ്പെട്ട് വിധവയായിത്തീർന്ന അവർ ബനുൽ മുസ്ത്വലഖ് യുദ്ധത്തിന്റെ ഗനീമത്ത് സ്വത്തിൽപ്പെട്ടിരുന്നു. തന്റെ ഉടമസ്ഥന് മോചനദ്രവ്യം നൽകാൻ സഹായം ചോദിച്ചെത്തിയ അവരുടെ സംരക്ഷണം നബി(സ്വ) ഏറ്റെടുക്കുകയും മോചനദ്രവ്യം അവിടുന്ന് നൽകുകയുമായിരുന്നു. തുടർന്ന് അവരുടെ കുടുംബത്തിൽ നിന്നും ആറ് പേർ ഈ വിവാഹം നിമിത്തം മോചനം നേടി സ്വതന്ത്രരായിത്തീർന്നു.

ഉമ്മുഹബീബ(റ)

ആദ്യകാല വിശ്വാസികളിൽപ്പെട്ട ഇവർ അബൂസുഫ്‌യാൻ(റ)വിന്റെ പുത്രിയാണ്. ഭർത്താവ് അവരെയും ഇസ്‌ലാമിനെയും ഉപേക്ഷിച്ചപ്പോൾ നബി(സ്വ) ബീവിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. അതുവഴി അന്ന് ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ കടുത്ത നിലപാടെടുത്തിരുന്ന മാതാപിതാക്കളിൽ നിന്നും നബി(സ്വ) അവരെ രക്ഷപ്പെടുത്തി. ഉന്നതരുടെ പുത്രിക്ക് അത്യുന്നതനായ ഭർത്താവിനെ ലഭിച്ചതിൽ സന്തോഷിക്കേണ്ടവരായിരുന്നു യഥാർത്ഥത്തിൽ ആ മാതാപിതാക്കൾ. അവർ പിന്നീടാണ് ഇസ്‌ലാം സ്വീകരിച്ചത്.

മൈമൂന(റ)

അബ്ബാസ്(റ)വിന്റെ ഭാര്യയായ ഉമ്മുൽ ഫള്ൽ(റ)യുടെ സഹോദരിയായിരുന്നു ബീവി. തന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് അബൂറഹ്മ് മരണപ്പെട്ടപ്പോൾ അബ്ബാസ്(റ) തിരുനബി(സ്വ)യോട് വിവരം പറഞ്ഞു. പിന്നീട് റസൂൽ(സ്വ) അവരെ വിവാഹം ചെയ്യുകയായിരുന്നു. സത്യവിശ്വാസം ഉള്ളിലൊളിപ്പിച്ച് ഭർത്താവിനൊപ്പം കഴിയേണ്ടി വന്ന അവരുടെ ആഗ്രഹം പോലെയായിരുന്നു ഈ സൗഭാഗ്യസിദ്ധി. അബ്ബാസ്(റ) വിവാഹം നടത്തുന്നതിന് വേണ്ടകാര്യങ്ങൾ ചെയ്തു.

സ്വഫിയ്യ(റ)

ഖൈബർ യുദ്ധാനന്തരം തടവിലാക്കപ്പെട്ട ഇവർ ഹാറൂൻ നബി(അ)ന്റെ സന്താന പരമ്പരയിൽപ്പെട്ടവരാണ്. യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അവർക്ക് വൈധവ്യത്തെയും നിരാലംബാവസ്ഥയെയും നിഷ്പ്രഭമാക്കുന്ന ആദരവാണ് നൽകപ്പെട്ടത്. അവരെ മോചിപ്പിച്ച് നബി(സ്വ) പത്‌നിയാക്കുകയായിരുന്നു. അങ്ങനെ പൂർവ പ്രവാചകന്റെ തലമുറയിൽപ്പെട്ടവർ അന്ത്യ പ്രവാചകന്റെ പത്‌നിയാവുക വഴി ഉമ്മുൽ മുഅ്മിനീനായിത്തീർന്നു.

റൈഹാന(റ)

ബനൂഖുറൈള യുദ്ധത്തിന് ശേഷം ലഭിച്ച ഗനീമത്തിൽപ്പെട്ട അവരെ വൈധവ്യത്തിനറുതി വരുത്തി പത്‌നിയാക്കുകയായിരുന്നു. നബി(സ്വ) നൽകിയ ആലോചനാവസരത്തിനുശേഷം മഹതി പ്രവാചക പത്‌നീപദം തിരഞ്ഞെടുത്ത് വിജയിച്ചു.

നബി വിവാഹങ്ങൾക്കെല്ലാം മഹത്തായ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് ചുരുക്കം. ഇത് അറിഞ്ഞിട്ടും അജ്ഞത നടിച്ച് പ്രവാചകരെ ഭത്സിക്കുന്നവരുടെ ലക്ഷ്യം സ്ത്രീ വിമോചനമല്ല, ഇസ്‌ലാം വിരോധമാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ