ഖുലുഖ് എന്നാൽ സ്വഭാവമെന്നർത്ഥം. അതിന്റെ ബഹുവചനമാണ് അഖ്‌ലാഖ്. അതിശ്രേഷ്ഠമായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു പ്രവാചകർ മുഹമ്മദ് മുസ്ഥഫ(സ്വ). സത്യസന്ധതയും സഹിഷ്ണുതയും വിട്ടുവീഴ്ചയും വിനയവും അവിടുത്തെ സ്വഭാവത്തെ അലങ്കരിച്ച മൂല്യങ്ങളാണ്. നബി(സ്വ)ക്കൊപ്പം അൽപനേരം ചെലവഴിക്കാൻ കഴിഞ്ഞവർക്കൊക്കെയും ആ ഉൽകൃഷ്ട സ്വഭാവത്തിന്റെ പരിശുദ്ധിയും പരിമളവും ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. ശത്രുവായി വന്ന എത്രയോ പേർ ആ മഹാ വ്യക്തിത്വം നേരിട്ടറിഞ്ഞപ്പോൾ ആത്മമിത്രങ്ങളായി മാറി.

‘തീർച്ചയായും നബിയേ, അവിടുന്ന് ഉന്നതമായ സ്വഭാവത്തിന്റെ ഉടമയാണ്’ എന്നർത്ഥമുള്ള ഖുർആനിക സൂക്തം തന്നെ തിരുനബി(സ്വ)യുടെ സ്വഭാവ മഹിമ വെളിപ്പെടുത്തുന്നു. ചരിത്രത്തിൽ ജ്വലിച്ചുനിന്ന സർവഗുണ സമ്പന്നനായ ഒരത്യപൂർവ വ്യക്തിത്വമാണ് റസൂൽ(സ്വ). സ്തുത്യർഹമായ ഒരു സ്വഭാവവും നബിയിൽ ഇല്ലാതിരുന്നിട്ടില്ല. അവിടുന്ന് പറഞ്ഞു: ‘ഈമാനിൽ ഏറ്റവും പരിപൂർണൻ സ്വഭാവത്തിൽ ഏറ്റവും നല്ലവനാണ്.’ മാനവരാശിയിൽ ഏറ്റവും ഈമാനുള്ളത് റസൂലുല്ലാഹി(സ്വ)ക്കാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനാൽ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയും നബി(സ്വ) തന്നെ.

ഒരാളുടെ സ്വഭാവത്തിന് സാക്ഷ്യം പറയേണ്ടത് ആ വ്യക്തിയുമായി കൂടുതൽ ബന്ധപ്പെട്ടവരാണല്ലോ. അവിടുത്തെ സേവകനായി വർഷങ്ങളോളം വർത്തിച്ച അനസ്(റ)ന്റെ സാക്ഷ്യം കാണുക: ‘തിരുനബി(സ്വ) ജനങ്ങളിൽ അതിസുന്ദരമായ സ്വഭാവത്തിന്റെ ഉടമയാണ്. പത്തുവർഷക്കാലം ഞാൻ നബി(സ്വ)യെ സേവിച്ചു. അതിനിടക്ക് എന്നോട് നീയെന്തിനിതു ചെയ്തു എന്നോ ചെയ്തില്ല എന്നോ റസൂൽ(സ്വ) പറയുകയുണ്ടായില്ല.’

ഒരു ദിവസം കുറച്ച് അതിഥികൾ നബി(സ്വ)യുടെ വീട്ടിലേക്കുവന്നു. അവരെ സൽക്കരിക്കാൻ വീട്ടിലൊന്നുമില്ലായിരുന്നു. കുട്ടിയായ അനസിനെ അവർക്ക് ഭക്ഷണം സംഘടിപ്പിക്കാൻ പറഞ്ഞയച്ചു. പക്ഷേ, അനസ്(റ) കൂട്ടുകാരോടൊത്ത് കളിച്ചിരുന്നു കാര്യം മറന്നു. സമയം ഏറെ വൈകിയിട്ടും അനസിനെ കാണാതിരുന്നപ്പോൾ നബി(സ്വ) അന്വേഷിച്ചിറങ്ങി. വഴിയിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന അനസി(റ)നെ കണ്ടപ്പോൾ സ്‌നേഹത്തോടെ ശരീരത്തിൽ തടവി ഒരു ചോദ്യം മാത്രം; നീ പോയില്ല അല്ലേ..? ഇത്രയും ഉദാത്തമായിരുന്നു അവിടുത്തെ സ്വഭാവം.

മൗനവും പുഞ്ചിരിയും നബി(സ്വ)യുടെ പ്രത്യേകതയായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുമായിരുന്നില്ല. ആഇശ ബീവി(റ) പറയുന്നു: ‘അവിടുന്ന് അനാവശ്യമായത് പറയുകയോ നീചവൃത്തിയിലേർപ്പെടുകയോ അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ ചെയ്തിരുന്നില്ല. ചീത്തയെ ചീത്തകൊണ്ട് നേരിട്ടിരുന്നില്ല. മറിച്ച് മാപ്പ് നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്തു. അധികാരത്തിന്റെയും അംഗീകാരത്തിന്റെയും മകുടങ്ങൾ തന്നെ തേടിയെത്തിയപ്പോഴും ഈ സ്വഭാവ രീതിയിൽ മാറ്റങ്ങളൊന്നുമുണ്ടായില്ല.

അപമര്യാദയോടെ പെരുമാറിയവരോടും ഉപദ്രവിച്ചവരോടും ക്ഷമിക്കാനും പൊറുക്കാനും നന്മയിൽ വർത്തിക്കാനും മാപ്പേകാനും അവിടുന്ന് സന്നദ്ധരായി. തന്നെ കൊല്ലാൻ വാടക കൊലയാളിയെ നിയോഗിച്ച സ്വഫ്‌വാനുബ്‌നു ഉമയ്യക്കും വിഷം പുരട്ടിയ വാളുമായി വധിക്കാൻ വന്ന ഉമൈറുബ്‌നു വഹബിനും നബി(സ്വ) മാപ്പ് നൽകുകയുണ്ടായി.

അനസ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക: ഒരിക്കൽ നബി(സ്വ)യോടൊത്ത് ഞാൻ നടന്നുപോവുകയായിരുന്നു. കട്ടിയുള്ള കരയോടു കൂടിയ നജ്‌റാൻ വസ്ത്രമാണ് റസൂൽ(സ്വ) ധരിച്ചിരുന്നത്. ഒരു അഅ്‌റാബി ആ മുണ്ട് ശക്തമായി പിടിച്ചു വലിച്ചു. അപ്പോൾ ഞാൻ പ്രവാചകരുടെ പിരടിയിലേക്ക് നോക്കി. വലിയുടെ ശക്തി കാരണം മുണ്ടിന്റെ പാടുകൾ അവിടുത്തെ ശരീരത്തിൽ പതിഞ്ഞിരിക്കുന്നു.

‘മുഹമ്മദേ, താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്ന് എന്തെങ്കിലും എനിക്ക് അനുവദിച്ച് തരുവാൻ പറയുക.’ ആ അഅ്‌റാബി പറഞ്ഞു. നബി(സ്വ) അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വേണ്ടത് കൊടുക്കാൻ നിർദേശിച്ചു. ഇങ്ങനെ പ്രതിയോഗികളോട് പോലും വിട്ടുവീഴ്ച കാണിക്കുകയും ഉദാരമായി പെരുമാറുകയും ചെയ്യുന്ന മറ്റൊരു നേതാവിനെ മനുഷ്യ ചരിത്രത്തിൽ കാണുക സാധ്യമല്ല.

നബി(സ്വ)യുടെ സ്വഭാവ മഹിമയെ വിശകലനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ:

ഹുസൈൻ(റ) പറയുന്നു: ഞാൻ എന്റെ പിതാവിനോട് സദസ്യരോടുള്ള റസൂലിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. പിതാവ് പറഞ്ഞു: നബി(സ്വ) സദാ മുഖപ്രസന്നനായിരുന്നു. ലളിത സ്വഭാവിയും വിശാലമനസ്‌കനുമായിരുന്നു. കഠിന ഹൃദയനോ പരുഷ സ്വഭാവിയോ ബഹളം വെക്കുന്നവനോ അനാവശ്യം പറയുന്നവനോ ആയിരുന്നില്ല. കുറ്റപ്പെടുത്തുകയോ അമിതമായി പ്രശംസിക്കുകയോ ചെയ്യുമായിരുന്നില്ല. അനിഷ്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മറ്റുള്ളവരെ നിരാശപ്പെടുത്തില്ല. അനാവശ്യ കാര്യങ്ങളും തർക്കങ്ങളും അഹങ്കാരവും അശേഷം പിടികൂടിയിരുന്നില്ല. ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്തു.’

ആഇശ(റ) പറയുന്നു: ‘തിരുനബി(സ്വ) ഒരിക്കൽ പോലും ഭാര്യമാരെയോ വേലക്കാരെയോ ശകാരിച്ചിട്ടില്ല. ഭാര്യമാരുമായി സല്ലപിച്ചിരുന്നു. വീട്ടുജോലികളിൽ സഹായിക്കും. ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ പൂർണമായും ശ്രദ്ധിച്ചിരുന്നു. മരണശയ്യയിലായപ്പോൾ മറ്റു ഭാര്യമാരുടെ സമ്മതം വാങ്ങിയാണ് എന്റെ അരികിൽ താമസിച്ചത്.’

വിശിഷ്ട സ്വഭാവമുള്ളവർക്ക് ജനങ്ങളുടെ ആദരവും അംഗീകാരവും സ്‌നേഹവും മാനസികമായ അടുപ്പവും നേടിയെടുക്കാൻ കഴിയും. കർക്കശക്കാരെയും പരുഷസ്വഭാവികളെയും ജനങ്ങൾ വെറുക്കും. വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: നബിയേ, അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് സൗമ്യമായി അവിടുന്ന് ജനങ്ങളോട് പെരുമാറിയത്. അങ്ങ് പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കിൽ ജനങ്ങൾ താങ്കളിൽ നിന്ന് അകന്നുപോവുമായിരുന്നു.’ പ്രവാചകരുടെ സ്വഭാവ നൈർമല്യമാണ് ഖുർആൻ സൂചിപ്പിക്കുന്നത്.

അങ്ങേയറ്റം വാത്സല്യവും വിനയവും മേളിച്ചവരായിരുന്നു നബി(സ്വ). ജാബിർ(റ) പറയുന്നു: ‘ഞാനൊരിക്കൽ തിരുനബി(സ്വ)യുടെ അടുക്കൽ ചെന്നപ്പോൾ പേരക്കിടാങ്ങളായ ഹസനും ഹുസൈനും അവിടുത്തെ മുതുകിൽ കയറിയിരിക്കുന്നു. ഇതുകണ്ട് ഞാൻ പറഞ്ഞു; മുന്തിയ വാഹനം തന്നെയാണല്ലോ! നബി(സ്വ)യുടെ മറുപടി: വാഹനത്തിലിരിക്കുന്നവരും ഉന്നതർ തന്നെ.’

ശത്രുക്കൾ പോലും അവിടുത്തെ സത്യസന്ധതയിലും വിശ്വസ്തതയിലും തർക്കമില്ലാത്തവരായിരുന്നു. നബി(സ്വ) പറയുന്നു: ‘ഞാൻ ആകാശത്തിലുള്ളവർക്കും ഭൂമിയിലുള്ളവർക്കും വിശ്വസ്തനാണ്.’ ശത്രുക്കളും ഇത് സമ്മതിച്ചു. അബൂജഹൽ ഒരിക്കൽ നബി(സ്വ)യോടു പറഞ്ഞു: ‘മുഹമ്മദേ, താങ്കൾ സത്യസന്ധനും വിശ്വസ്തനുമാണെന്ന് എനിക്കറിയാം. പക്ഷേ, താങ്കൾ കൊണ്ടുവന്ന മതം ഞാൻ അവിശ്വസിക്കുന്നു.’

ഉത്തമമായ നിലവാരത്തിലേക്കുള്ള ഗുണപരിവർത്തനമാണ് വിശ്വാസിയുടെ വ്യക്തിത്വ വളർച്ചയുടെ കാതൽ. നല്ല സ്വഭാവങ്ങൾ ആർജിച്ചും ചീത്ത സ്വഭാവങ്ങൾ വെടിഞ്ഞുമാണ് ഈ ഗുണം സാധിക്കേണ്ടത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം നബി(സ്വ)യുടെ സ്വഭാവ വൈശിഷ്ട്യം പ്രചോദനമാണ്. ആ ഉത്തമ സ്വഭാവ ഗുണങ്ങളിൽ നിന്നു പരമാവധി നാം സ്വായത്തമാക്കുക, പ്രവാചകരെ അനുകരിക്കുക, സൽസ്വഭാവമുള്ളവരാകുക. കാരണം, സൽസ്വഭാവം സ്വർഗത്തിലെത്തിക്കും.

അബൂഹുറൈറ(റ) നിവേദനം: കൂടുതൽ ആളുകളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യമെന്തെന്നു നബി(സ്വ)യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: തഖ്‌വ(ഭക്തി)യും സൽസ്വഭാവവും.

മുസ്തഫ സഖാഫി കാടാമ്പുഴ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ