നന്മയുടെയും, ആത്മീയ ജ്ഞാനത്തിന്റെയും നിലാവെളിച്ചമായിരുന്നു താജുല്‍ ഉലമാ. എന്റെ ഭാര്യയുടെ ഉപ്പാപ്പയാണ് താജുല്‍ ഉലമ. അതായത് താജുല്‍ ഉലമയുടെ മകളുടെ മകളാണ് എന്റെ പത്നി. മറ്റു നിലയിലും താജുല്‍ ഉലമയുമായി ബന്ധമുണ്ട് എനിക്കും കുടുംബത്തിനും.
ഉപരിപഠനത്തിന് ബാഖിയാത്തില്‍ പോകുന്നതിന് മുമ്പ് തന്നെ വിവാഹിതനായിരുന്നു ഞാന്‍. പഠനം കഴിഞ്ഞ് വ്യപാരമേഖലയിലേക്ക് തിരിയേണ്ടിവന്നപ്പോള്‍, കച്ചവടം നടത്താനുള്ള കാശുതന്ന് സഹായിക്കുകയും ധന്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തത് താജുല്‍ ഉലമയാണ്.
ആ ധന്യ പുരുഷന്റെ ജീവിത ശൈലി വരും തലമുറക്കൊരു മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ല. ഗുരുവര്യന്മാരുടെ പൊരുത്തം സന്പാദിച്ച മഹാ പണ്ഡിതനാണ് അദ്ദേഹം. കേവലം ഒരു ആലങ്കാരിക പ്രയോഗമല്ല ഇത്. ജീവിതത്തില്‍ അതനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചു എനിക്ക്.
മഞ്ചേശ്വരം പൊസോട്ടിലേക്ക് വരുന്നതിന് മുമ്പ് താജുല്‍ ഉലമ എന്നെ അവിടുത്തെ കാറില്‍ സിയാറത്തിന് കൂട്ടിക്കൊണ്ട് പോവുകയുണ്ടായി. ചില പ്രധാന മഖ്ബറകളിലും ജീവിച്ചിരിക്കുന്ന മഹാന്മാരുടെ അടുക്കലും പോയി. കണ്ണിയ്യത്ത് ഉസ്താദ്, വടകര തങ്ങള്‍, സിഎം മടവൂര്‍, കക്കിടിപ്പുറം തുടങ്ങിയ മുന്‍കാല നേതാക്കളുടെ ജീവിത കാലത്തായിരുന്നു ആ സിയാറത്ത് യാത്ര. രണ്ട് ദിവസം തങ്ങളോടൊപ്പമായിരുന്നു. ആ യാത്രയില്‍ മഹാന്മാര്‍ താജുല്‍ ഉലമയെ സ്വീകരിച്ചതും, അവര്‍ തങ്ങള്‍ക്ക് കൊടുത്ത ബഹുമതിയും കണ്ണില്‍ മാറാത്ത ഓര്‍മകളായി നിലകൊള്ളുകയാണ്. താജുല്‍ ഉലമയുടെ ഉദാരമമനസ്കത മനസ്സിലാക്കാനും ആ യാത്ര സഹായകമായി. കാണാന്‍ പോയ മഹാന്മാര്‍ക്കെല്ലാം നല്ലൊരു ഹദ്യ തങ്ങള്‍ കൊടുത്തു. അവിടുത്തെ സവിശേഷതകളില്‍ ഒന്നാണ് ഈ ഹദ്യ നല്‍കലെന്ന് പിന്നീടു ബോധ്യപ്പെട്ടിട്ടുണ്ട്.
മഞ്ചേശ്വരത്ത് ജോലി ഏറ്റതിനു ശേഷം ഉള്ളാളിലേക്ക് ഇടക്കിടെ കാണാന്‍ പോകുമ്പോഴെല്ലാം, ഹദ്യ തരാതെ മടക്കി അയക്കില്ല. പൊസോട്ടില്‍ സേവനം ചെയ്യാന്‍ കാരണം താജുല്‍ ഉലമയാണ്. “പൈസ ആവശ്യമുണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി, ഞാന്‍ തരും’ എന്നായിരുന്നു തങ്ങള്‍ എന്നോട് പറഞ്ഞത്.
പലപ്പോഴും താജുല്‍ ഉലമ വീട്ടില്‍ വന്ന് താമസിക്കുകയും തിരിച്ചു പോകുമ്പോള്‍ വീട്ടിലുള്ളവര്‍ക്കെല്ലാം നല്ലൊരു ഹദ്യ നല്‍കുകയും ചെയ്യും. മഞ്ചേശ്വരം മച്ചന്പാടി എന്ന സ്ഥലത്ത് താജുല്‍ ഉലമയെ ആദരിച്ചപ്പോള്‍ പ്രസ്തുത സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആദരവിന്റെ ഭാഗമായി നാട്ടുകാര്‍ തങ്ങള്‍ക്ക് ഒരു പവന്റെ സ്വര്‍ണനാണയം നല്‍കുകയുണ്ടായി. പരിപാടി കഴിയുന്നതിന് മുമ്പ് തന്നെ താജുല്‍ ഉലമ അതെനിക്ക് തന്നു. ഇതു സ്വര്‍ണനാണയമാണെന്ന് താജുല്‍ ഉലമയെ ഞാന്‍ ബോധിപ്പിച്ചപ്പോള്‍ “അതിനെന്താ നിങ്ങള്‍ക്ക് ഞാന്‍ തന്നതല്ലേ’ എന്നായിരുന്നു മറുപടി.
പ്രസംഗിക്കാന്‍ വലിയ മടിയായിരുന്ന എന്നെ അതു പഠിപ്പിച്ചത് താജുല്‍ ഉലമയാണ്. കാസര്‍കോട് ജില്ലയിലെ പലഭാഗങ്ങളിലും താജുല്‍ ഉലമക്ക് രാത്രി വഅള് പരിപാടി ഉണ്ടാകും. ചിലപ്പോള്‍ എന്നെയും കൂടെ കൊണ്ടുപോവുകയും താജുല്‍ ഉലമയുടെ പ്രസംഗത്തിന് മുമ്പ് അല്‍പ്പസമയം എനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുകയും ചെയ്യും.
ആദരിക്കേണ്ടതിനെ ആദരിക്കാനും അനുസരിക്കേണ്ടവരെ അനുസരിക്കാനും പഠിപ്പിച്ച നേതാവാണ് ഉള്ളാള്‍ തങ്ങള്‍. മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാളവണ്ടിയിലും കാല്‍നടയായുമാണ് തങ്ങള്‍ ആദ്യകാലത്ത് ഉള്ളാളത്തെത്തിയിരുന്നത്. ഒരു വര്‍ഷം ഹജ്ജിന് പോകാന്‍ തയ്യാറാവുകയും, നാട്ടുകാരോട് യാത്ര പറഞ്ഞ് പോകുമ്പോള്‍ ഉള്ളാളില്‍ നിന്ന് വിരമിക്കണം എന്ന് മനസ്സില്‍ ഉറപ്പാക്കുകയും ചെയ്തിരുന്നു. അവിചാരിതമായാണ് ആ വഴി വടകര മുഹമ്മദ് ഹാജി തങ്ങള്‍ വന്നത്. വടകര തങ്ങള്‍ താജുല്‍ ഉലമയുടെ റൂമില്‍ വന്ന് (ഭൗതിക ബന്ധങ്ങളില്ലാത്ത പ്രത്യേകാവസ്ഥയിലായിരുന്നു അന്നു മഹാന്‍.) ഇവിടെന്ന് പോകരുത്. ഇവിടെ മുഗ്നിയുണ്ട് എന്ന് ഉപദേശിച്ചു. മുഗ്നിയായ റബ്ബ് ഉള്ളതിനാല്‍ പോവരുതെന്ന്! വടകര തങ്ങളുടെ നിര്‍ദേശം സ്വീകരിച്ച് മരണം വരെ ഉള്ളാളം മുദരിസായി സേവനമനുഷ്ഠിച്ചു.
മഹാന്മാര്‍ അനുഗ്രയിച്ച വ്യക്തിത്വമാണ് തങ്ങള്‍. മഹാനായ സി.എം മടവൂരുമായി അടുത്ത ബന്ധം സ്ഥാപിച്ച താജുല്‍ ഉലമക്ക് മടവൂര്‍ നല്‍കിയ ഉപയോഗിച്ച സോപ്പും അത്തറും അദ്ദേഹം പേരക്കുട്ടിയായ എന്റെ ഭാര്യക്ക് കൊടുക്കുകയും ഇന്നും അമൂല്യ സമ്പത്തായി പരിപാവനയോടെ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ നമ്മെ അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ.

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ