ഏറെ സൂക്ഷ്മത പുലർത്തുന്നവരാണ് നിങ്ങളിൽ ഉന്നതർ (ഹുജുറാത്ത്/13) എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപനം മാത്രമായിരുന്നില്ല; ഓരോ ഘട്ടത്തിലും ലോകത്തിന് വിശുദ്ധ മതം കാണിച്ചു കൊടുത്ത യാഥാർത്ഥ്യം തന്നെയായിരുന്നു. അങ്ങനെ അനറബിയായ സൽമാനുൽ ഫാരിസി(റ) അറബികളുടെ നേതാവായി. സ്വർണത്തിന്റെ നിറവും ഉന്നതകുലവും ഭേദപ്പെട്ട സമ്പാദ്യവുമെല്ലാമുണ്ടായിരുന്ന അബൂബക്കർ, ഉമർ, ഉസ്മാൻ(റ.ഹും) പോലുള്ള ശ്രേഷ്ഠ സ്വഹാബികൾ അതൊന്നുമില്ലാത്ത നീഗ്രോ അടിമ ബിലാൽ(റ)നെ നേതാവെന്ന് വിളിച്ചു ആദരിച്ചു. ഇതാണ് ഇസ്‌ലാമിന്റെ സമത്വ ദർശനം. അതിന്റെ മുന്നിൽ ‘എല്ലാവരും ആദമിന്റെ മക്കൾ, ആദമോ മണ്ണാൽ സൃഷ്ടവും.’
കറുത്തവനെയും സാമ്പത്തിക പ്രാപ്തി ശുഷ്‌കിച്ചവരെയും തറവാട് മഹിമ സൂക്ഷിക്കാത്തവരെയും പരദേശിയെയുമൊന്നും തീരെ മാനിക്കാത്ത, പലപ്പോഴും മനുഷ്യരായി പോലും പരിഗണിക്കാതെ ജീവിച്ച ഒരു വിഭാഗം ആഢ്യമനസ്‌കരെയാണ് തിരുനബി(സ്വ) ലോകത്തിനു മാതൃകയായ സമഭാവത്തിലേക്കു വളർത്തിയത്. അവിടുത്തെ മഹാവിപ്ലവത്തിനൊടുവിൽ മക്ക വിശ്വാസികൾക്കു കീഴ്‌പ്പെട്ടപ്പോൾ, വർഷത്തിലെ ദിനങ്ങളുടെ എണ്ണത്തിനനുസരിച്ച് ബിംബങ്ങളെ പ്രതിഷ്ഠിച്ചാരാധിച്ചിരുന്ന വിശുദ്ധ കഅ്ബക്കു മുകളിൽ കയറി അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കാൻ തിരുനബി(സ്വ) തിരഞ്ഞെടുത്തതുപോലും ബിലാൽ(റ) എന്ന ആ നീഗ്രോ ചെറുപ്പക്കാരനെയായിരുന്നു.
ഇതേ മക്കയുടെ ചുറ്റുമാണ് സത്യസാക്ഷിത്വം പ്രഖ്യാപിച്ചതിന്റെ പേരിൽ ബിലാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അന്ന് ഉമയ്യത്തിന്റെയും കിങ്കരന്മാരുടെയും ക്രൂരതയിൽ പച്ചമാംസം കരിയും വിധം ബിലാൽ ചുട്ടുപൊള്ളിയപ്പോൾ അദ്ദേഹം ആവർത്തിച്ച് ഉച്ചരിച്ച അല്ലാഹു അഹദ്, അവിടുത്തെ അധരങ്ങളിൽ നിന്നു തന്നെ അധികാരപൂർവം പരന്നൊഴുകിയത് ചരിത്രത്തിന്റെ ഉജ്ജ്വലമായൊരു കാവ്യനീതി. ഏതോ ഒരടിമയായി മരണപ്പെട്ടു മണ്ണടിഞ്ഞു പോവേണ്ടിയിരുന്ന അദ്ദേഹം ചരിത്രത്തെ മുന്നിൽ നിന്നു നയിച്ചു. പരകോടികളുടെ ഊർജവും ആവേശവും നായകനുമായി മാറി. സത്യത്തിൽ ഇസ്‌ലാം അദ്ദേഹത്തിനു പുനർജന്മം നൽകുകയായിരുന്നു.
അബ്‌സീനിയയിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ബിലാൽ(റ)ന്റെ വംശപാരമ്പര്യം ചെന്നെത്തുന്നത്. അദ്ദേഹത്തിന്റെ മാതാവ് ജുമഹ് ഗോത്രക്കാരുടെ അടിമയായിരുന്നു. സ്വാഭാവികമായും ബിലാൽ(റ) അങ്ങനെയായി. ഏതാനും കാരക്കകൾക്കു പകരം പകലന്തിയോളം ആ ചെറുപ്പക്കാരൻ ജോലി ചെയ്തു. ആയിടെയാണ് തിരുനബി(സ്വ) ഇസ്‌ലാം ദർശനങ്ങളുമായി പ്രത്യക്ഷപ്പെടുന്നത്. തന്റെ യജമാനൻ ഉമയ്യതുബ്‌നു ഖലഫ് നബി(സ്വ)യെ കുറിച്ച് നടത്തുന്ന വിദ്വേഷ വർത്തമാനങ്ങളിൽ നിന്നാണ് ആദ്യമാദ്യം ബിലാൽ(റ) പ്രവാചകരെ അറിഞ്ഞത്. ഒടുവിൽ തന്നെപ്പോലുള്ള പീഡിതരുടെ മോചനമാർഗമാണ് ഇസ്‌ലാം എന്നു തിരിച്ചറിഞ്ഞ മാത്രയിൽ വന്നുചേർന്നേക്കാവുന്ന സർവപ്രത്യാഘാതങ്ങളും വിസ്മരിച്ച് ബിലാൽ(റ) മുസ്‌ലിമായി.
ധനവും നേതൃത്വവും കൊണ്ട് നിലമറന്നഹങ്കരിച്ചിരുന്ന ജുമഹ് ഗോത്രത്തിന് ഇത് ഇടിയേറ്റ അനുഭവമായി. മുഹമ്മദ്(സ്വ)ക്കെതിരെ ശക്തമായി പൊരുതുന്ന അവർക്ക് അവരുടെ ഒരു അടിമ മതം മാറുന്നത് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പിന്നെ നടന്നത് സമാനതകളില്ലാത്ത കൊടും ക്രൂരതകൾ. വൈകുവോളം ചുട്ടുപഴുത്ത മണലിൽ നഗ്നനാക്കി കിടത്തി അക്രമിക്കും. രാത്രിയായാൽ കഴുത്തിൽ കയറുകെട്ടി അങ്ങാടിപ്പിള്ളേർ ദേഹോപദ്രവമേൽപ്പിക്കും. അപ്പോഴൊക്കെയും ‘അല്ലാഹു അഹദ്’ എന്നുതന്നെ മഹാൻ ഉച്ചരിച്ചുകൊണ്ടിരുന്നു.
കുലദൈവമായ ലാത്തയെക്കുറിച്ച് നല്ലതു പറഞ്ഞു രക്ഷപ്പെടാമെന്നതടക്കം പല രജ്ഞിപ്പുകൾക്കും ശത്രുക്കൾ ശ്രമിച്ചു. ബിലാൽ(റ)ന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർ തോൽക്കുക തന്നെ ചെയ്തു. ഒടുവിൽ ശക്തമായ പീഡനമേറ്റുകൊണ്ടിരിക്കുന്ന ബിലാലിനരികിൽ അബൂബക്കർ(റ) എത്തിപ്പെട്ടു. അദ്ദേഹം മർദകരോട് ആക്രോശിച്ചു:
അല്ലാഹുവാണ് തന്റെ രക്ഷിതാവെന്നു പറഞ്ഞതിനാൽ ഒരാളെ നിങ്ങൾ കൊന്നുകളയുകയാണോ?
ഉമയ്യതിനു പണം നൽകി സിദ്ദീഖ്(റ) ബിലാൽ(റ)നെ സ്വതന്ത്രനാക്കി. ബിലാൽ(റ)ന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ തോറ്റുപോയ യജമാനൻമാർക്ക് അബൂബക്കർ(റ)ന്റെ വിൽപനാർത്ഥന വലിയൊരു രക്ഷാമാർഗമായി പരിണമിക്കുകയായിരുന്നു. ഈ നിരാശയിൽ നിന്നുകൊണ്ടാണ് ഉമയ്യത് ഇങ്ങനെ പരിഹസിച്ചത്:
‘ഒരു സ്വർണനാണയം മാത്രമേ നീ ഇവനു നൽകൂ എന്നു ശഠിച്ചിരുന്നെങ്കിൽ, അതു വാങ്ങിയാണെങ്കിലും ഞാൻ ഇവനെ വിറ്റു തുലക്കുമായിരുന്നു.’
ബിലാൽ(റ)ന്റെ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്തുന്ന ഈ പരിഹാസ്യം കേട്ടമാത്രയിൽ സിദ്ദീഖ്(റ) തിരിച്ചടിച്ചു:
‘നീ നൂറ് സ്വർണനാണയം നൽകിയാലേ വിൽക്കൂ എന്നു പറഞ്ഞിരുന്നുവെങ്കിൽ അതു നൽകിയെങ്കിലും ഞാൻ ബിലാലിനെ വാങ്ങി സ്വതന്ത്രനാക്കുമായിരുന്നു.’
‘അബൂബക്കർ നമ്മുടെ നേതാവും നേതാവിനെ സ്വതന്ത്രനാക്കിയവരുമാണെന്ന്’ ഉമർ(റ) ഓർമപ്പെടുത്താറുണ്ടായിരുന്നുവത്രെ.
നീഗ്രോയും മുൻ അടിമയും എന്ന പരിഗണനയല്ല, ബിലാൽ(റ)ന് ഇസ്‌ലാം നൽകിയത്. ബദ്ർ മുതൽ എല്ലാ യുദ്ധങ്ങളിലും ബിലാൽ(റ) വലിയ പങ്കുതന്നെ വഹിച്ചത് ചരിത്രം. ഒടുവിൽ ഹിജ്‌റ ഇരുപതാം വർഷം ദമസ്‌കസിൽ വെച്ച് മഹാൻ ഇഹലോക വാസം വെടിഞ്ഞു.
ഒരു മനുഷ്യന് എത്രമേൽ വളർന്നു വലുതാകാനും കുല-ഗോത്ര-ചർമ വ്യത്യാസങ്ങളൊന്നും തീരെ പരിഗണിക്കാതിരിക്കുകയായിരുന്നു ഇസ്‌ലാം. ലോകാടിസ്ഥാനത്തിൽ തന്നെ ഇസ്‌ലാം അതിവ്യാപനം നേടുന്നത് ദൈവിക ദർശനങ്ങളുടെ സമത്വഭാവം ഉൾക്കൊണ്ടുതന്നെയാണ്. അമ്മാറുബ്‌നു യാസിർ(റ), ഉസാമതുബ്‌നു സൈദ്(റ) പോലുള്ള വേറെയും നിരവധി നീഗ്രോകൾ ഇസ്‌ലാമിക ചരിത്രത്തിന്റെ നായകത്വം വഹിക്കുന്നു.
ഇരുപതുകാരനായ കറുത്ത ചെറുപ്പക്കാരൻ ഉസാമയെ റോമക്കാരുമായുള്ള ശക്തമായ പോരാട്ടത്തിനു നായകനാക്കുക കൂടി ചെയ്തു റസൂൽ(സ്വ). അങ്ങനെ ആദർശനിഷ്ഠമായ ജീവിതമാണ് മനുഷ്യന്റെ വിജയമാനദണ്ഡമെന്നും അതിനപ്പുറം കറുപ്പും വെളുപ്പും സൗന്ദര്യവും വൈരൂപ്യവുമൊന്നും തീരെ സ്വാധീനിച്ചുകൂടെന്നും മതം നിഷ്‌കർഷ പുലർത്തി.
കറുത്തവരെ നിർദാക്ഷിണ്യം കൊന്നുകളയുകയും കോടതിയും നിയമവുമൊക്കെ അക്രമികൾക്ക് കൂട്ടുനിൽക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന യൂറോപ്പിനു മാതൃകയാണ് ഇസ്‌ലാം. മനുഷ്യന് അത് മികച്ച മൂല്യം കണക്കാക്കുന്നു.
മുഹമ്മദ് മിൻഹാജ്