പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുകയാണല്ലോ. വിവാഹം ചെയ്യിക്കാന്‍ എത്ര വയസ്സാകണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ മൂന്നര പതിറ്റാണ്ടുമുന്പും പുകഞ്ഞിരുന്നു. പലരും ഇന്നുയര്‍ത്തുന്ന വാദമുഖങ്ങള്‍ തന്നെയായിരുന്നു അന്നു മറ്റു ചിലരുയര്‍ത്തിയിരുന്നത്. 1978 ഒക്ടോബര്‍ 6ന്റെ സുന്നിവോയ്സ് എഡിറ്റോറിയല്‍ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. കുറിപ്പ് തുടങ്ങുന്നതിങ്ങനെ:
‘സ്ത്രീപുരുഷ ബന്ധത്തിന് ചില വ്യവസ്ഥകള്‍ അനിവര്യമാണ്. അവിഹിത ബന്ധം ആപത്താണ്. മനുഷ്യവംശത്തിന്റെ നിലനില്‍പാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ പ്രധാന ലക്ഷ്യം. പരസ്പരം കെട്ടുപാടുകളും ബാധ്യതകളുമുള്ള കുടുംബവും അത്തരം കുടുംബങ്ങളടങ്ങിയ സമൂഹവുമാവണം മനുഷ്യവംശം. എങ്ങനെയെങ്കിലും ബന്ധപ്പെട്ട് കുറേ മനുഷ്യരെ ഉല്‍പാദിപ്പിച്ചതുകൊണ്ട് ഭദ്രമായ കുടുംബമോ വ്യവസ്ഥാപിതമായ സമൂഹമോ ഉണ്ടാവില്ല. ചില നിയമങ്ങള്‍ക്ക് വിധേയമായിട്ടാകണം അത്. സ്ത്രീയുടെ സംരക്ഷണം പുരുഷന്‍ ഏറ്റെടുക്കണം. അത് വിവാഹം കൊണ്ടുണ്ടാകുന്നു. അനന്തരം സ്ത്രീ മാതാവും പുരുഷന്‍ പിതാവുമാകുമ്പോള്‍ അവരില്‍ നിന്ന് പിറന്ന സന്താനങ്ങളുടെ സംരക്ഷണ ബാധ്യതയും പരിപാലന കര്‍ത്തവ്യവും അവരില്‍ അര്‍പ്പിതമാകുന്നു.’
വിവാഹം എപ്പോള്‍ എന്ന ചോദ്യത്തിനുത്തരം പ്രായപരിധി നിശ്ചയിക്കുന്നത് ന്യായമാണോ എന്ന മറുചോദ്യത്തോടെയാണ് തുടങ്ങുന്നത്:
‘വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് ശരിയാണോ? ഉല്‍പാദന ശേഷിയും വികാരവുമാണ് വിവാഹത്തിന് ആവശ്യമെങ്കില്‍ അതുണ്ടാകുന്ന കാലത്ത് വിവാഹം ചെയ്യുക എന്ന് നിശ്ചയിക്കുകയല്ലാതെ സ്ത്രീക്ക് പതിനെട്ട് വയസ്സെന്നും പുരുഷന് ഇരുപത്തിയൊന്ന് വയസ്സ് എന്നും നിശ്ചയിക്കുന്നതിലുള്ള യുക്തിയെന്ത്? ജീവിക്കുന്ന രാജ്യത്തിന്റെ പ്രകൃതി, ഭുജിക്കുന്ന ആഹാരത്തിന്റെ സ്വഭാവം, ശരീരഘടന, ആരോഗ്യം, തുടങ്ങിയ കാരണങ്ങളാല്‍ വിവാഹപ്രായം വ്യത്യസ്തമാകുന്നതാണ്. സ്ത്രീകള്‍ പുഷ്പിണികളാവുന്നതുകൊണ്ട് വിവാഹപ്രായമെത്തി എന്ന് കണക്കാക്കാം. എന്നാല്‍ അതിന് വയസ്സ് ക്ലിപ്തതയില്ല. ഒമ്പതാം വയസ്സില്‍ തന്നെ സ്ത്രീകള്‍ പുഷ്പിണികളാവുമെന്നു മാത്രമല്ല, അഞ്ചാം വയസ്സില്‍ ഒരു സ്ത്രീ മാതാവായി എന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അവര്‍ക്കും പുഷ്പിക്കാത്ത സ്ത്രീകള്‍ക്കു പതിനഞ്ച് വയസ്സായാലും പ്രായപൂര്‍ത്തിയായി എന്ന് കണക്കാക്കപ്പെടുന്നു. അത്തരക്കാര്‍ക്ക് ഉല്‍പാദന ശേഷിയുടെയും വികാരത്തിന്റെയും കാലവും അതുതന്നെ. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരിലും പതിനഞ്ച് വയസ്സിനും മുമ്പുതന്നെ ഉല്‍പാദനശേഷി കൊണ്ട് പ്രായപൂര്‍ത്തി എത്തുന്നവരുമുണ്ട്. ഇതാണ് വിവാഹം കഴിക്കുന്ന സ്ത്രീ പുരുഷന്മാരുടെ പ്രകൃതമെങ്കില്‍ പതിനെട്ട്, ഇരുപത്തൊന്ന് എന്ന പ്രായനിര്‍ണയത്തിന് യാതൊരു ന്യായവുമില്ലെന്ന് വ്യക്തമാണ്.
ജനസംഖ്യാ വര്‍ധന തടയുക എന്നതാണ് പ്രായപരിധി നിര്‍ണയത്തിന് ഗവണ്‍മെന്‍റ് പറയുന്ന ഒരു കാരണം. പതിനെട്ട്, ഇരുപത്തിയൊന്നിന്റെ മുന്പ്, സന്താനങ്ങള്‍ ജനിച്ചാല്‍ മാത്രം ജനസംഖ്യ വര്‍ധിക്കുകയും അതിനുശേഷം മരണം വരെ. ജനിക്കുന്നതുകൊണ്ട് വര്‍ധനവ് ഉണ്ടാകാതിരിക്കുകയും ചെയ്യുമോ? എങ്കില്‍ അതു കണ്ടുപിടിച്ച ബുദ്ധി അപാരംതന്നെ. പതിനെട്ട്, ഇരുപത്തിയൊന്നിന് മുന്പ് സന്താനങ്ങള്‍ ജനിക്കുമെന്നോ ജനിച്ചാല്‍തന്നെ ജനിച്ചതെല്ലാം ജീവിക്കുമെന്നോ ഉറപ്പ് പറയാന്‍ ആര്‍ക്കു കഴിയും?
ശേഷം ജനിക്കുന്ന സന്തതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ധാരണയും പിതൃത്വമോ മാതൃത്വമോ സംബന്ധിച്ച ഉത്തരവാദിത്തവും വളര്‍ത്തുക എന്നതാണ് മറ്റൊരു കാരണമായി ഗവണ്‍മെന്‍റ് പറഞ്ഞിട്ടുള്ളത്. മേല്‍പറഞ്ഞ ധാരണയും ഉത്തരവാദിത്തവും വളര്‍ത്തല്‍ ആവശ്യമായ അറിവും ബോധവും നല്‍കുക എന്നതാണ് ശരിയായ പ്രതിവിധി. അവിഹിത മാര്‍ഗം സ്വീകരിച്ച് വികാരം ശമിപ്പിക്കാന്‍ വഴിവെക്കുകയല്ല. ചുരുക്കത്തില്‍ വിവാഹത്തിന് പ്രായപരിധി നിര്‍ണയിക്കാന്‍ ഗവണ്‍മെന്‍റ് പറഞ്ഞതൊന്നും ശരിയായ കാരണങ്ങളല്ല. ഭരണീയരില്‍ കൂടുതല്‍ നിയമലംഘകരെ സൃഷ്ടിക്കാനും ലൈംഗിക അരാജകത്വത്തിന് വളംവെക്കാനും ഉതകുന്ന ഒരു നിയമംകൂടി സര്‍ക്കാര്‍ നടപ്പില്‍വരുത്തി എന്നുമാത്രം.
എല്ലാ മതക്കാര്‍ക്കും ഈ നിയമം ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഭരണം നടത്തിയ എല്ലാ സര്‍ക്കാറുകളുടെയും പതിവാണ് നിയമം നടപ്പില്‍ വരുത്തുമ്പോള്‍ മതങ്ങളെയും മതക്കാരെയും അവഗണിക്കുക എന്നത്. മദ്യം അനുവദിച്ചു, മിശ്രവിവാഹം നിയമവിധേയമാക്കി, ഭ്രൂണഹത്യ സാധുവാക്കി. വഖഫ് സ്വത്തുക്കള്‍പോലും പിടിച്ചെടുത്തു ഇസ്ലാമിക ദൃഷ്ട്യാ വളരെയേറെ വിഷമങ്ങളുണ്ടാക്കുന്ന നിയമങ്ങളാണിതെല്ലാം. നിഷിദ്ധമായ ഒരു കാര്യം നിയമവിധേയമാക്കുമ്പോള്‍ അത് ചെയ്യാതിരുന്നാല്‍ മതി എന്നെങ്കിലും മുസ്ലിംകള്‍ക്ക് സമാധാനിക്കാമായിരുന്നു. എന്നാല്‍ ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമായ ഒരു കാര്യം നിയമവിരുദ്ധമാക്കുമ്പോഴും നിര്‍ബന്ധമായതോ നിര്‍ബന്ധമല്ലെങ്കിലും പുണ്യകര്‍മമായതോ നിരോധിക്കുമ്പോഴും മുസ്ലിംകളെ അവരുടെ മതനിയമങ്ങള്‍ അനുസരിക്കുന്നതില്‍ നിന്ന് തടയുകയാണ് ഗവണ്‍മെന്‍റുകള്‍ ചെയ്യുന്നത്. 1929ലാണെന്ന് തോന്നുന്നു, ശൈശവ വിവാഹം നിരോധിച്ചുകൊണ്ട് അന്നത്തെ സര്‍ക്കാര്‍ നിയമമുണ്ടാക്കിയപ്പോള്‍ മൗലാനാ മുഹമ്മദലി ഞങ്ങള്‍ അതിനെ ലംഘിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചത് ഞങ്ങള്‍ ഓര്‍ത്തുപോകുകയാണ്.
ശൈശവ വിവാഹം നടത്തണമെന്ന് ഞങ്ങള്‍ വാദിക്കുകയല്ല. പതിനെട്ടും ഇരുപത്തിയൊന്നിനും മുമ്പുതന്നെ വിവാഹം കഴിക്കുന്നത് നിര്‍ബന്ധമാണെന്ന് സമര്‍ത്ഥിക്കുകയുമല്ല. ചില പ്രത്യേക കാരണങ്ങളാല്‍ ചിലപ്പോള്‍ ശൈശവ വിവാഹവും ആവശ്യമായി വരും. പതിനെട്ടിനും ഇരുപത്തിയൊന്നിനും മുമ്പുതന്നെ അനിവാര്യമായും വരും. ബഹുഭാര്യത്വം ആവശ്യമോ അനിവാര്യമോ ആകുന്നതുപോലെ. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വിലങ്ങുതടി സൃഷ്ടിക്കാന്‍ എന്തിന് സര്‍ക്കാര്‍ മുതിരണം. എന്തിന് സര്‍ക്കാറിന്റെ ദൃഷ്ടിയില്‍ കുറെ കുറ്റവാളികളെയുണ്ടാക്കണം. സൃഷ്ടികള്‍ നിര്‍മിക്കുന്ന നിയമങ്ങളെക്കാള്‍ അനുസരിക്കാന്‍ കടപ്പെട്ടത് സ്രഷ്ടാവിന്റെ നിയമമാണല്ലോ. അതിന് തടസ്സം സൃഷ്ടിക്കുന്നത് മിതമായി പറഞ്ഞാല്‍ അന്യായമാണ്’ കുറിപ്പ് അവസാനിക്കുന്നു.
മതവും അതനുസരിച്ചുള്ള വിശ്വാസാചാരങ്ങളും യാഥാര്‍ത്ഥ്യമായ ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഓരോ സമുദായത്തിനും ഭരണഘടന അംഗീകരിച്ച വ്യത്യസ്ത വ്യക്തിനിയമങ്ങളുണ്ടായിരിക്കെ അവയുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ ആ നിയമങ്ങള്‍ക്ക് വിടുകയാണു നൈതികത. പതിറ്റാണ്ടുകളായി തുടരുന്ന കീഴ്വഴക്കവും അതാകുമ്പോള്‍ പ്രത്യേകിച്ചും. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഹ്രസ്വ ലക്ഷ്യങ്ങള്‍ക്കും വിധേയപ്പെട്ട് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തും വിധം വിഷയത്തെ വൈകാരികമായി സമീപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. പതിനെട്ടിന് മുന്പ് വിവാഹിതരാവണമെന്ന വാശി ആരും പുലര്‍ത്തുന്നില്ല. അനിവാര്യ ഘട്ടങ്ങളില്‍ അതു സംഭവിച്ചാല്‍ ക്രിമിനലുകളെ പോലെ പരിഗണിക്കപ്പെടരുതെന്ന ന്യായമായ ആവശ്യമേ ഉന്നയിക്കുന്നുള്ളൂ.

ചരിത്രവിചാരം

വനിതാ കോര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍

ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്.…

ഇമാം ശാഫിഈ(റ)

നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ…

മുഹറം: പുതുവര്‍ഷം നന്മയില്‍ തുടങ്ങുക

മുഹറം അറബി കലണ്ടറിലെ ആദ്യത്തെ മാസമാണ്. ഹിജ്റ വര്‍ഷത്തിന്റെ തുടക്കം മുഹറം കൊണ്ടായതില്‍ വിശ്വാസിക്ക് ഏറെ…