വലക്കണ്ണികള്‍ പോലെ പരസ്പരാശ്രിത ജീവിതം നയിക്കുന്നവനാണ് മനുഷ്യന്‍. ദൈനംദിന ജീവിതത്തില്‍ അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അത്യന്താപേക്ഷിതമാണ്. ഇടപാടുകള്‍ക്ക് ഒരു പക്ഷേ മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ടാകും. എന്നാല്‍ മതപരമായും പ്രകൃതിപരമായും നമ്മെ അസ്വസ്ഥതയിലാക്കുന്നതാണ് ഇടപാടുകള്‍. മിക്കപ്പോഴും അത് അസ്വാരസ്യങ്ങളായി മാറുന്നു. ഇന്ന് മിക്ക ആത്മഹത്യകള്‍ക്കും കളമൊരുക്കുന്നത് കടബാധ്യതകളത്രെ. പലരും അനാവശ്യമായി കടം വാങ്ങിക്കൂട്ടുന്നു. സ്വന്തം കുടുംബ പശ്ചാതലത്തിലേക്ക് നോക്കാതെ സമ്പന്നര്‍ കാട്ടിക്കൂട്ടുന്നത് കണ്ട് അതിനെക്കാള്‍ കേമമായി തനിക്കു ചെയ്യണമെന്ന് ദരിദ്രര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. സ്വല്‍പകാലത്തെ സ്വൈര്യവിഹാരത്തിനായി കടം വാങ്ങിക്കൂട്ടുന്നവര്‍ ശിഷ്ടജീവിതം ലോണിടപാടുകള്‍ കാരണം സ്വന്തം വീട്ടില്‍ നിന്ന് മാറാപ്പുകെട്ടിയിറങ്ങേണ്ടി വരുന്നു.

കടബാധ്യതകളെക്കുറിച്ചുള്ള മത നിലപാട് അജ്ഞാതമായതാണിതിന് പ്രധാന കാരണം. കടക്കാരനായി മരിച്ചവന്റെ മയ്യിത്ത് നിസ്കരിക്കുന്നതില്‍ പോലും വൈമനസ്യം കാണിച്ചിട്ടുണ്ട് നബി(സ്വ). കടബാധ്യത വരുത്തിവെക്കുന്നതിലുള്ള ഇസ്‌ലാമിന്റെ ശക്തമായ വിയോജിപ്പാണ് അവിടുത്തെ ഈ പ്രവര്‍ത്തിയില്‍ നിന്ന് ബോധ്യമാവുന്നത്. ഒരു സംഭവം കാണുക. പ്രവാചകര്‍(സ്വ)യുടെ കാലത്ത് ഒരു കടക്കാരന്‍ മരണപ്പെട്ടു. മരണാനന്തര കര്‍മങ്ങള്‍ക്കുശേഷം ജനാസ നിസ്കരിക്കാനായി തിരുനബിയുടെ സവിധത്തിലേക്ക് കൊണ്ടു വന്നു. നബിയുടെ അന്വേഷണം അദ്ദേഹത്തിന്റെ ബാധ്യതകളെക്കുറിച്ചായിരുന്നു. രണ്ട് ദീനാറിന് കടക്കാരനാണെന്നറിഞ്ഞപ്പോള്‍ അവിടുന്ന് മയ്യിത്ത് നിസ്കരിക്കാന്‍ വിസമ്മതിച്ചു. ഉടന്‍ അബൂഖതാദ(റ) ആ ബാധ്യത ഏറ്റെടുത്തതോടെയാണ് അവിടുന്ന് നിസ്കരിക്കാന്‍ തയ്യാറായത്. ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ “”അവന്റെ മേല്‍ നിസ്കരിക്കുന്നതില്‍ ഒരു നേട്ടവുമില്ലെന്നും നിങ്ങളിലാരെങ്കിലും കടമേറ്റെടുക്കുന്നത് വരെ അദ്ദേഹത്തിന്റെ ആത്മാവ് ഖബറില്‍ ബന്ധനസ്ഥനാണെ’ന്നുമായിരുന്നു നബി(സ്വ)യുടെ പ്രതികരണം!

കടബാധ്യതയുടെ ഗൗരവത്തെക്കുറിച്ച് വന്ന ഹദീസുകള്‍ നിരവധിയാണ്. ഒരിക്കല്‍ തിരുദൂതര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുകയുണ്ടായി: “കുഫ്റില്‍ നിന്നും കടത്തില്‍ നിന്നും എന്നെ നീ കാക്കണേ നാഥാ.’ കുഫ്റും കടബാധ്യതയും(ശിക്ഷയുടെ കാര്യത്തില്‍) തുല്യമാകുമോ എന്ന് ചോദിച്ച സ്വഹാബിയോട് “അതേ’ എന്നായിരുന്നു അവിടുത്തെ പ്രതികരണം (നസാഇ). ഇമാം ത്വബ്റാനി ഉദ്ധരിക്കുന്നു: “പാപങ്ങളില്‍ വെച്ച് ഏറ്റവും വലുത് കടബാധ്യതക്കാരന്‍ അത് വീട്ടാതെ അല്ലാഹുവിനെ കണ്ടുമുട്ടലാണ്’ (ത്വബ്റാനി).

ബാധ്യതക്കാര്‍ അനുഭവിക്കാനിരിക്കുന്ന ഗൗരവതരമായ ശിക്ഷകള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധി. നബി(സ്വ) പറയുന്നു: “ഏല്‍ക്കുന്ന ശിക്ഷയുടെ കാഠിന്യം കൊണ്ട് നരകത്തില്‍ “ഹമീമി’ന്റെയും “ജഹീമി’ന്റെയുമിടയില്‍ നെട്ടോട്ടമോടുന്ന നാല് വിഭാഗമുണ്ട്. പരക്കം പാച്ചില്‍ കാരണം മറ്റു നരകവാസികളുടെ ശാപവാക്കുകള്‍ കൂടി അവര്‍ കേള്‍ക്കേണ്ടി വരും. അക്കൂട്ടത്തില്‍ തീ കൊണ്ടുള്ള ഒരു പെട്ടി കഴുത്തില്‍ തൂക്കിയ ഒരുത്തനോട് നീ ആരാണെന്ന് ചോദിക്കുമ്പോള്‍ “കട ബാധ്യതകള്‍ തലയിലേറ്റി മരിച്ചവരാണ് ഞാന്‍’ എന്നായിരിക്കും ആ നരകവാസിയുടെ മറുപടി” (ത്വബ്റാനി).

പ്രവാചകര്‍ വീണ്ടും പറയുന്നു: “ശരീരം ഒരുകാര്യത്തില്‍ നിര്‍ഭയമായിരിക്കെ ആ കാര്യം കൊണ്ട് നിങ്ങള്‍ ശരീരത്തെ ഭയപ്പെടുത്തരുത്. സ്വഹാബത്ത് ചോദിച്ചു: ആ കാര്യമെന്താണ് തിരുദൂതരേ? നബി(സ്വ) പറഞ്ഞു: കടബാധ്യതയാണത്’ (സവാജിര്‍). ഒരാള്‍ മൂന്ന് പ്രാവശ്യം രക്തസാക്ഷിയായാല്‍ പോലും അവന് കടബാധ്യതയുണ്ടെങ്കില്‍ സ്വര്‍ഗപ്രവേശം അനുവദിക്കപ്പെടുകയില്ലെന്ന് തിരുമൊഴികള്‍ പഠിപ്പിക്കുന്നു. അപ്രകാരം ഒരാള്‍ വിവാഹം കഴിക്കുകയും തന്റെ മേല്‍ ബാധ്യതയുള്ള മഹറ് നല്‍കാതിരിക്കുകയും ചെയ്താല്‍ അവന്‍ വ്യഭിചാരിയും, കച്ചവടക്കാരനില്‍ നിന്ന് സാധനം കടം വാങ്ങുകയും തിരിച്ച് നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍ വഞ്ചകനുമാണെന്ന് രൂക്ഷ ഭാഷയില്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇമാം ബൈഹഖി ഉദ്ധരിക്കുന്നു: “ഒരാള്‍ക്ക് പാപം കുറഞ്ഞാല്‍ അവന് മരണവും, കടം കുറഞ്ഞാല്‍ സ്വതന്ത്ര്യ ജീവിതവും എളുപ്പമാകും.’

കൈവശമുണ്ടായിട്ടും വീട്ടാത്തവര്‍

പണം കയ്യിലുണ്ടായിട്ടും കടം വീട്ടാതിരിക്കുന്ന ധാരാളം പേരെ കാണാം. വലിയ തെറ്റാണത്. ഇത്തരക്കാരെ കടുത്ത ഭാഷയില്‍ തിരുനബി വിമര്‍ശിച്ചിട്ടുണ്ട്. “കഴിവുണ്ടായിരിക്കെ തടഞ്ഞുവെക്കല്‍ അക്രമമാണ്’ എന്നാണ് അവിടുന്ന് ഉണര്‍ത്തിയത് (ബുഖാരി). നബി(സ്വ) പറയുന്നു: “ബാധ്യത പിടിച്ചുവെക്കുന്നവര്‍, അറിവില്ലാത്ത പണ്ഡിതര്‍, അഹങ്കാരിയായ ദുര്‍ബലര്‍ എന്നിവരോട് അല്ലാഹു കോപിക്കും’ (അബൂദാവൂദ്). കഴിവുണ്ടായിരിക്കെ കടം വീട്ടാതിരിക്കുന്നവനെ ജനമധ്യത്തില്‍ അവഹേളിക്കലും ശിക്ഷാ നടപടികള്‍ സ്വീകരിക്കലും കിട്ടാനുള്ളവന് അനുവദനീയമാണെന്ന് വരെ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിന്റെ പേരില്‍ അവന്റെ മറ്റു ന്യൂനതകള്‍ പറഞ്ഞ് ആക്ഷേപിക്കല്‍ അനുവദനീയമല്ല.

ചിലരുണ്ട്, കടവും വായ്പയും ധാരാളം വാങ്ങിക്കൂട്ടും. തന്നവന്‍ അത്യാവശ്യമായി തിരികെ ചോദിക്കുമ്പോള്‍ ന്യായങ്ങള്‍ പറഞ്ഞൊഴിയുകയും ചെയ്യും. വിശ്വാസികള്‍ ഒരിക്കലും നന്ദിയില്ലാത്തവരാകരുത്. തിരികെ കൊടുത്തില്ലെന്ന് മാത്രമല്ല, നാക്കുകൊണ്ട് വേദനിപ്പിക്കുക കൂടി ചെയ്താല്‍ നന്ദിയില്ലായ്മയുടെ മൂര്‍ധന്യതയാണത്. ഇക്കാര്യത്തിലെ നബി(സ്വ)യുടെ ഉദാത്ത മാതൃക കാണുക: പ്രവാചകര്‍(സ്വ) ഒരു അഅ്റാബിയുമായി അറുപത് സ്വാഅ് കാരക്കക്ക് കടക്കാരനായിരുന്നു. അവധി അല്‍പം ദീര്‍ഘിച്ചപ്പോള്‍ അദ്ദേഹം നബിയോട് അത് തിരികെ ചോദിച്ചു. പരുഷമായി തന്നെ പെരുമാറി. അയാളെ താക്കീത് ചെയ്ത സ്വഹാബത്തിനോട് “അദ്ദേഹം സ്വന്തം അവകാശം ചോദിക്കുകയല്ലേ, അവനോട് നിങ്ങള്‍ കയര്‍ത്ത് സംസാരിക്കരുത്’ എന്നായിരുന്നു തിരുനബി പ്രതികരിച്ചത്. ബന്ധുവായ ഖൗലത്തിനോട് കാരക്ക കടം വാങ്ങി ബാധ്യത വീട്ടുകയും അദ്ദേഹത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കി സന്തുഷ്ടനാക്കി യാത്രയയക്കുകയുമാണ് അവിടുന്ന് ചെയ്തത്.

കടം കൊടുക്കുന്നവന്‍ കടക്കാരനോട് നൈര്‍മല്യത്തോടെ പെരുമാറേണ്ടതുണ്ട്. ബാധ്യതകളുമായി പ്രയാസപ്പെടുന്നവന് കടം കൊടുക്കലും അവധിയില്‍ ഇളവ് കൊടുക്കലും സുന്നത്താണ്. റസൂല്‍(സ്വ) പറഞ്ഞു: “ആരെങ്കിലും തന്റെ സഹോദരന് ദുനിയാവിലെ പ്രയാസങ്ങള്‍ നീക്കിക്കൊടുത്താല്‍ ആഖിറത്തിലെ പ്രയാസങ്ങള്‍ അല്ലാഹു അവന് നീക്കിക്കൊടുക്കും. അടിമ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചു കൊണ്ടിരിക്കും’ (മുസ്‌ലിം). ഞെരുക്കമുണ്ടാകുമ്പോള്‍ കടം കൊടുക്കല്‍ പ്രയാസം നീക്കിക്കൊടുക്കലാണ്. അക്കാരണത്താല്‍ തന്നെ അത് ശക്തമായ സുന്നത്താണെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. “രണ്ട് പ്രാവശ്യം കടം കൊടുത്തവന് ഒരു ധര്‍മം ചെയ്ത പ്രതിഫലമുണ്ട്’ എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. കടക്കാരന്‍ തിരിച്ച് തരാതിരിക്കുന്നതില്‍ സംതൃപ്തിയടയുന്നവര്‍ക്കുവേണ്ടി ഭൂമിയിലെ മൃഗങ്ങള്‍ മുതല്‍ സമുദ്രത്തിലെ മത്സ്യങ്ങള്‍ വരെ പ്രാര്‍ത്ഥിക്കുമെന്നും പണ്ഡിതര്‍ പഠിപ്പിക്കുന്നു.

കടം വാങ്ങേണ്ടവര്‍

അത്യാവശ്യങ്ങള്‍ക്ക് കടം വാങ്ങരുതെന്നല്ല മതം പറയുന്നത്. അനാവശ്യങ്ങള്‍ അത്യാവശ്യങ്ങളെപ്പോലെ കരുതി കടം വാങ്ങിക്കൂട്ടരുത്. വ്യത്യസ്ത ബാധ്യതക്കാരെ പറ്റി പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. കഠിന ശിക്ഷക്ക് വിധേയരാകുന്നവരും കടം വാങ്ങാന്‍ ഇസ്‌ലാം പ്രേരണ നല്‍കിയവരും ബാധ്യതവീട്ടുന്നതില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും സഹായം ലഭിക്കുന്നവരുമുണ്ട് അക്കൂട്ടത്തില്‍. തിരുനബി(സ്വ) പറയുന്നു: “ബാധ്യതക്കാര്‍ രണ്ട് വിധമാണ്. വീട്ടുമെന്ന ഉറപ്പോടെ വാങ്ങി വീട്ടാന്‍ കഴിയാതെ മരണപ്പെട്ടവനാണൊരുത്തന്‍. അവന്റെ ബാധ്യത വീട്ടുന്നതില്‍ ഞാനവനെ സഹായിക്കും. വീട്ടുകയില്ലെന്ന നിശ്ചയത്തോടെ വാങ്ങുകയും ബാധ്യത തലയിലേറ്റി മരിക്കുകയും ചെയ്തവനാണ് രണ്ടാമന്‍. ദിര്‍ഹമുകളോ ദീനാറുകളോ പ്രയോജനപ്പെടാത്ത ദിനത്തില്‍ അവന്റെ സല്‍കര്‍മങ്ങളില്‍ നിന്ന് എടുത്തു കൊടുത്ത് അല്ലാഹു അത് വീട്ടും’ (ബുഖാരി).

ഇബ്നുഹജറുല്‍ ഹൈതമി(റ) പറയുന്നു: “അത്യാവശ്യമില്ലാത്ത അവസരങ്ങളില്‍ കൊടുത്തുവീട്ടുമെന്ന് പ്രതീക്ഷയില്ലാതെ കടം വാങ്ങിക്കൂട്ടുന്നവര്‍, തിരികെ കൊടുക്കുകയില്ലെന്ന ഉറപ്പോടെ കടം വാങ്ങുന്നവര്‍, നിഷിദ്ധകാര്യങ്ങള്‍ക്കായി കടം വാങ്ങുന്നവര്‍ തുടങ്ങിയവര്‍ ബാധ്യത വീട്ടാതെ മരണപ്പെട്ടാല്‍ നിസ്സംശയം നരകത്തിലാണ്. വീട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് കടം വാങ്ങിയവര്‍, വാങ്ങുന്നവന് തിരിച്ച് തരാന്‍ ഉചിതമായ മാര്‍ഗങ്ങളൊന്നുമില്ലെന്ന് നല്‍കുന്നവന് അറിവുണ്ടായിരിക്കെ ദീനീ പ്രവര്‍ത്തനങ്ങള്‍ക്കായി കടം വാങ്ങുന്നവര്‍ എന്നിവര്‍ക്ക് ബാധ്യത വീട്ടാനുള്ള വഴി അല്ലാഹു എളുപ്പമാക്കിക്കൊടുക്കും’ (സവാജിര്‍).

ഒരു ബാധ്യതക്കാരനെ അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഹജറാക്കപ്പെടും. “എന്ത് ആവശ്യത്തിനാണ് നീ കടം വാങ്ങിയത്, എന്തുകൊണ്ട് നീ ബാധ്യത നിറവേറ്റിയില്ല?’ എന്ന് അവനോട് ചോദിക്കും. അടിമ പറയും: “നാഥാ, നീ എല്ലാം അറിയുന്നവനാണ്. ഗത്യന്തരമില്ലാത്തതുകൊണ്ടാണ് ഞാന്‍ കടം വാങ്ങിയത്. അതുകൊണ്ട് ഞാന്‍ തിന്നുകയോ, കുടിക്കുകയോ, ധരിക്കുകയോ ചെയ്യുന്നതിന് മുന്പേ അത് നഷ്ടപ്പെട്ടു പോയി’. തന്മൂലം അവന്റെ നന്മതിന്മകള്‍ തൂക്കുന്ന സമയം അല്ലാഹു എന്തോ ഒരു വസ്തു അവന്റെ നന്മയുടെ തട്ടില്‍ വെക്കും. അല്ലാഹുവിന്റെ ഔദാര്യത്തോടെ അവന് സ്വര്‍ഗപ്രവേശനം ലഭിക്കുകയും ചെയ്യും’ (അഹ്മദ്). മേല്‍ പ്രതിപാദിച്ച കടക്കാരന്‍ ഗത്യന്തരമില്ലാത്തതുകൊണ്ട് കടം വാങ്ങുകയും അവനോ അവന്റെ ബന്ധുക്കള്‍ക്കോ ബാധ്യത വീട്ടാന്‍ കഴിയാതെ വരികയും ചെയ്തതുകൊണ്ടാണ് ഈ പരിഗണന ലഭിച്ചത്.

കടം വാങ്ങിയെങ്കിലും ചെയ്യല്‍ അനിവാര്യമാണെന്ന് വിശുദ്ധമതം പഠിപ്പിച്ച രംഗമാണ് ദീനീ പ്രവര്‍ത്തനം. പ്രബോധനത്തിന് ധനമില്ലാതെ വരികയും കടം വാങ്ങല്‍ അത്യന്താപേക്ഷിതമാവുകയും ചെയ്താല്‍ കടം വാങ്ങിയിരിക്കണമെന്ന് പ്രവാചകര്‍(സ്വ) പഠിപ്പിക്കുന്നു. അതുപോലെ ഒരു മുസ്‌ലിമിന്റെ മരണാനന്തര ക്രിയകള്‍ക്ക് വേണ്ടിയോ ഒരാള്‍ കടക്കാരനാവുകയും വീട്ടാന്‍ കഴിയാതെ മരണപ്പെടുകയും അയാളുടെ ബന്ധുക്കള്‍ക്ക് അതിനു സാധിക്കാതെ വരികയും ചെയ്താല്‍ നാഥന്‍ ഖിയാമത്ത് നാളില്‍ അത് വീട്ടിക്കൊടുക്കുമെന്ന് തിരുനബി പഠിപ്പിക്കുന്നു.

കടം വാങ്ങലും നല്‍കലും നിഷിദ്ധമായ സന്ദര്‍ഭങ്ങളുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു: “അശ്ലീല മാര്‍ഗങ്ങളില്‍ ചെലവഴിക്കുന്നവന് കടം കൊടുക്കലും തിരിച്ച് കൊടുക്കാനുള്ള സാധ്യതകളൊന്നും മുന്നില്‍ കണ്ടില്ലെങ്കില്‍ ഞെരുക്കമില്ലാത്തവന്‍ കടം വാങ്ങലും ഹറാമാണ്’ (ഫത്ഹുല്‍ മുഈന്‍).

ചുരുക്കത്തില്‍ അത്യാവശ്യമില്ലാതെ കടം വാങ്ങാതിരിക്കലും വാങ്ങിയവനോട് കുത്തുവാക്കുകള്‍ പറയാതിരിക്കലും പെട്ടെന്ന് വീട്ടലും അനിവാര്യമാണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ഉത്തരവാദിത്ത ബോധമില്ലാതെ സര്‍വ ബാധ്യതകളും തലയിലേറ്റി പരലോക ശിക്ഷകള്‍ക്ക് നാം വിധേയരായിക്കൂടാ. മറിച്ചാണെങ്കില്‍ നാം വാങ്ങിക്കൂട്ടുന്ന കടങ്ങള്‍ അപ”കട’ങ്ങളായി പരിണമിച്ചേക്കും.

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ