വീക്ഷണപക്ഷപാതം, പ്രതിയോഗിയോടു പക എന്നീ വികാരങ്ങളിലൂടെയും പിശാച് ഹൃദയത്തിനകത്ത് കടന്നുകൂടും. വ്യത്യസ്ത വീക്ഷണപാതയോടും സ്വേഛാപരമായ കാഴ്ചപ്പാടുകളോടും ശക്തമായ പക്ഷപാതം കാണിക്കുക, അതിനു വിരുദ്ധമായ അഭിപ്രായമുള്ളവരോട് പക പുലർത്തുക, നിന്ദ്യതയുടെയും തരം താഴ്ത്തലിന്റെയും ദൃഷ്ടിയിൽ അവരെ നോക്കുക തുടങ്ങിയ പൈശാചിക കവാടങ്ങളെക്കുറിച്ചു പറയാം. ഭക്തജനങ്ങളെയും അധർമകാരികളെയും നശിപ്പിക്കുന്ന വികാരമാണിവ. ജനങ്ങളെ കുത്തുകയും അവരുടെ ന്യൂനതകൾ എടുത്തുപറയുന്നതിൽ വ്യാപൃതനാവുകയും ചെയ്യുന്നത് മൃഗീയതയാണ്. പിശാച് ഒരാളുടെ ഭാവനയിൽ ‘അതാണു സത്യം’ എന്ന് തോന്നിപ്പിച്ചാൽ, അത് അയാളുടെ പ്രകൃതത്തോടു യോജിക്കുന്നതാണെങ്കിൽ, അതിനോടുള്ള മധുരം ഹൃദയത്തെ ഭരിക്കുന്നു. പിന്നെ എല്ലാവിധ മാനസിക ഊർജ്ജവും അതിൽ വിനിയോഗിക്കും. അതിലവൻ മഹാസന്തുഷ്ടനുമായിരിക്കും. താൻ മതത്തിന്റെ ശരിയായ പാതയിലാണ് പ്രയത്‌നിക്കുന്നതെന്ന് അയാൾക്ക് തോന്നും. പിശാചുക്കളെ അനുഗമിക്കുന്നതിലാണ് പരിശ്രമിക്കുന്നതെന്നുണ്ടോ അയാളറിയുന്നു?!

സിദ്ദീഖ്(റ)നെച്ചൊല്ലി കടുത്ത പക്ഷപാതം പുലർത്തുന്ന വ്യക്തിയെ നീ കണ്ടേക്കാം. അയാൾ നിഷിദ്ധം ഭക്ഷിക്കുകയും അനാവശ്യങ്ങളും കളവും യഥേഷ്ടം പറയുകയും എല്ലാവിധ കുഴപ്പങ്ങൾക്കും മുന്നിട്ടിറങ്ങുകയും ചെയ്യുന്നവനായിരിക്കാം. അയാളെ കണ്ടിരുന്നെങ്കിൽ അബൂബക്ർ(റ) അവന്റെ ആദ്യത്തെ പ്രതിയോഗിയാകുമായിരുന്നു. കാരണം അബൂബക്ർ(റ)ന്റെ വഴി സ്വീകരിക്കുകയും ചര്യയിൽ അനുഗമിക്കുകയും തന്റെ താടിയെല്ലുകൾക്കിടയിലുള്ളതിനെ (നാക്കിനെ) സൂക്ഷിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ. ആവശ്യമില്ലാത്ത സംസാരങ്ങളിൽ നിന്നും നാക്കിനെ തടയാൻ വായിൽ ചരൽകല്ലുകൾ കടിച്ചുപിടിക്കുന്ന ശീലമുണ്ടായിരുന്നു അബൂബക്ർ(റ)ന്. അദ്ദേഹത്തോട് സ്‌നേഹബന്ധങ്ങൾ അവകാശപ്പെടുകയും അവിടുത്തെ മാർഗം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ അനാവശ്യസംസാരപ്രിയനെവിടെ നിൽക്കുന്നു?! അലി(റ)നോട് ചേരിചേർന്ന് അതിരുവിട്ടു സംസാരിക്കുന്ന വ്യക്തിയെയും നീ കണ്ടേക്കാം.

അലി(റ)ന്റെ പരിത്യാഗ ശീലങ്ങളിലൊന്നാണ് അദ്ദേഹം ഖിലാഫത്ത് നയിക്കുന്ന സമയത്ത് മൂന്നു ദിർഹമിനു വാങ്ങിയ താഴ്ന്ന ഒരു വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന വസ്തുത. അദ്ദേഹം വസ്ത്രത്തിന്റെ കഫ്ഫിന്റെ തലഭാഗം വെട്ടിക്കളഞ്ഞു മണിബന്ധം വരെ ചുരുക്കിയിരുന്നു. എന്നാൽ അലീ പക്ഷപാതിയായ പ്രസ്തുത അധർമി പട്ടുവസ്ത്രമായിരിക്കും ചിലപ്പോൾ ധരിക്കുന്നത്! നിഷിദ്ധവഴിക്കു സമാഹരിച്ച ധാരാളം മുതലുകൾ വെച്ച് സൗന്ദര്യപ്രകടനം നടത്തുകയാണയാൾ!! എന്നിട്ടാണ്, അയാൾ അലി(റ)നോട് സ്‌നേഹം പറഞ്ഞുനടക്കുന്നത്. ഉയിർപ്പുനാളിൽ അലി (റ)അയാളുടെ ആദ്യപ്രതിയോഗിയായിരിക്കും.

ഒരാളുടെ ഏറ്റവും പ്രിയപ്പെട്ടവനും ഹൃദയത്തിന്റെ ജീവനുമായ ഏകപുത്രനെ പിടിച്ച് മറ്റൊരാൾ പ്രഹരിക്കുകയും പിച്ചിച്ചീന്തുകയും രോമങ്ങൾ പറിച്ചെറിയുകയും ഈർച്ചവാളുകൊണ്ട് നെടുകെ പിളർക്കുകയും ചെയ്യുന്നുവെന്ന് കരുതുക. എന്നിട്ടു അയാൾ ഈ കുട്ടിയുടെ പിതാവിനോട് വലിയ സ്‌നേഹബന്ധമാണെന്നു വാദിക്കുന്നു! ആ പിതാവിന്റെയടുക്കൽ ഈ മനുഷ്യന്റെ സ്ഥാനമെന്തായിരിക്കും?! അബൂബക്ർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവർക്കും മറ്റു സ്വഹാബികൾക്കും തങ്ങളുടെ പത്‌നികളത്രങ്ങളേക്കാൾ, ആത്മത്തേക്കാൾ, ഏറ്റം പ്രിയങ്കരം ദീനും മതനിയമങ്ങളുമാണെന്ന കാര്യം ആർക്കാണറിയാത്തത്?

മതനിയമങ്ങളെ ധിക്കരിക്കുവാൻ ഉത്സാഹം കാണിക്കുന്നവരാണ് മതത്തെ പിച്ചിച്ചീന്തുന്നവർ. വികാരങ്ങളുടെ ഈർച്ചവാളുകൊണ്ട് മതനിയമങ്ങളെ കഷ്ണിക്കുന്നവർ, അല്ലാഹുവിന്റെയും അവന്റെ ഇഷ്ടജനങ്ങളുടെയും ശത്രുവായ ഇബ്‌ലീസിനോട് സ്‌നേഹം പുലർത്തുന്നവരാണ്. അന്ത്യനാളിൽ സ്വഹാബത്തിന്റെയും ഇഷ്ടദാസൻമാരുടെയും അടുക്കൽ അവരുടെ സ്ഥിതി എന്തായിരിക്കും?! എന്നല്ല, അല്ലാഹുവിന്റെ തിരുദൂതരുടെ സമുദായത്തിൽ ഉണ്ടായിക്കാണണമെന്നു സ്വഹാബത്ത് അതിയായി ആഗ്രഹിക്കുന്ന കാര്യങ്ങളെന്തെല്ലാമാണെന്ന് ഈ വ്യാജസ്‌നേഹ വാദികൾ അറിയുകയും ചെയ്തിരുന്നെങ്കിൽ, നീചവൃത്തികൾ ചെയ്യുന്നതോടൊപ്പം സ്വഹാബത്തിനെ പ്രശംസിക്കാൻ അവർ ലജ്ജിച്ചിരുന്നേനെ.

അബൂബകർ, ഉമർ(റ)നെ സ്‌നേഹിച്ചുമരിച്ചാൽ അവരെ നരകം വലയം ചെയ്യില്ലെന്ന് പിശാച് ഒരു പക്ഷത്തുള്ളവരിൽ തോന്നലുണ്ടാക്കിയിരിക്കുകയാണ്. അലി(റ)നെ സ്‌നേഹിച്ചാൽ പിന്നെ ഭയക്കാനില്ലെന്ന് അങ്ങേപ്പുറത്തുള്ളവരോടും മന്ത്രിക്കുന്നു.!! എന്നാൽ തിരുദൂതർ (സ്വ) തന്റെ ശരീരത്തിന്റെ ഭാഗമായ ഫാത്വിമയോട് പറഞ്ഞതിങ്ങനെ: ‘നീ സൽകർമങ്ങളനുഷ്ഠിച്ചോളൂ. മകളേ, അല്ലാഹുവിങ്കൽ നിന്നുള്ള വിചാരണയെ തടുക്കാൻ എനിക്കാകില്ല.’

ആളുകളുടെ വഴിവിട്ട ചിന്തകൾക്കുദാഹരണമാണിതുവരെ പറഞ്ഞത്. ശാഫിഈ, അബൂഹനീഫ, മാലിക്, അഹ്മദ്(റ) എന്നിവരോടും മറ്റു അനുകരണീയരായ ജ്ഞാനമാതൃകകളോടും തീവ്രമായ പക്ഷപാതിത്വം പുലർത്തി മറ്റു മദ്ഹബുകൾ സത്യം തന്നെയെന്നംഗീകരിക്കാതെ നിൽക്കുന്നവരുടെ നിലയും ഇതുതന്നെ. ഏതൊരു ഇമാമിന്റെ വീക്ഷണഗതി അവകാശപ്പെട്ട് ആ ചര്യയിൽ ചലിക്കാത്തവർക്കെതിരിൽ അന്ത്യനാളിൽ അവരുടെ ഇമാമുമാർ സാക്ഷി പറയും: ‘എന്റെ മദ്ഹബ് കർമമനുഷ്ഠിക്കലാണ്. ഹദീസുരുവിടലല്ല. ഹദീസുദ്ധരിക്കുന്നത് കർമം കണ്ടെത്തി അനുഷ്ഠിക്കാനാണ്. ലക്ഷ്യവും സാരവും ഗ്രഹിക്കാതെ ഉരുവിട്ടവസാനിപ്പിക്കാനല്ല. നിന്റെ സ്ഥിതിയെന്തായിരുന്നു? നീ കർമത്തിലും ജീവിതരീതിയിലും എനിക്കു വിരുദ്ധമാണ്, കർമമാണ് എന്റെ മദ്ഹബും വഴിയും; ആ വഴിയിലൂടെയാണ് ഞാൻ അല്ലാഹുവിങ്കലേക്ക് യാത്രയായത്, എന്നിട്ടും നീ എന്റെ മദ്ഹബുകാരനാണെന്ന് വ്യാജമായി അവകാശപ്പെടുകയാണ്!!” പിശാചിന്റെ കവാടങ്ങളിൽ ഗൗരവമേറിയ കവാടമാണിത്.

മതപഠനകേന്ദ്രങ്ങൾ വ്യത്യസ്തവിഭാഗം ആളുകളെ ഏൽപിക്കപ്പെട്ടിരിക്കുകയാണിന്ന്. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം അവരിൽ പലർക്കും നന്നെ കുറവാണ്. മതപരമായ അകക്കാഴ്ച ദുർബലം. ഭൗതികതാൽപര്യം ശക്തവും, അനുയായികൾ വർധിക്കുവാനുള്ള അതിമോഹം ഗംഭീരവും. തനി പക്ഷപാതത്തിലൂടെയാണവർ പെരുമ നിലനിറുത്തുന്നതും അനുയായികളെ കണ്ടെത്തുന്നതും. അങ്ങനെ അവരുടെ നെഞ്ചകം സങ്കുചിതമായിത്തീരുന്നു. അതിലെ പിശാചിന്റെ കെണിവലകളെ കുറിച്ച് ഉണർന്നുചിന്തിക്കുന്നില്ല. പിശാചിന്റെ പ്രതിനിധികളായി അവന്റെ വലവിരിക്കുന്നവരാണിപ്പോഴവർ. മതത്തിന്റെ കേന്ദ്രവിഷയങ്ങൾ വിസ്മരിക്കുന്ന ഇവർ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ഹസൻ (റ) പറഞ്ഞു: ‘ഇബ്‌ലീസ് ഇങ്ങനെ പറഞ്ഞു: ഞാൻ മുഹമ്മദുനബിയുടെ സമുദായത്തിനു മഹാപാപങ്ങൾ ആകർഷകമാക്കി കൊടുത്തുവെങ്കിലും അവർ പാപമോചനം നേടിക്കൊണ്ട് എന്റെ മുതുകെല്ല് തകർത്തുകളഞ്ഞു. അപ്പോൾ പാപമോചനത്തിനർത്ഥിക്കാത്ത കുറേ പാപങ്ങൾ ഞാനവർക്ക് ലളിതമാക്കി കാണിച്ചുകൊടുത്തു. തന്നിച്ഛകളും സ്വേഷ്ടാഭിപ്രായങ്ങളുമാണവ!!” (അതൊരു തെറ്റായി എടുക്കാത്തതിനാൽ മാനസാന്തരപ്പെടുകയില്ല). ശാപഗ്രസ്തനായ ഇബ്‌ലീസ് പറഞ്ഞതു സത്യമാണ്. അവ മഹാപാപങ്ങളിലേക്കു വലിച്ചിഴക്കുന്ന അടിസ്ഥാനഹേതുകമാണെന്ന് അവർ തിരിച്ചറിയുന്നില്ല. പിന്നെ എങ്ങനെ മാനസാന്തരപ്പെടും!

പിശാചിന്റെ ഉപജാപങ്ങളിൽ കടുപ്പമേറിയ മറ്റൊന്നുകൂടിയുണ്ട്: വ്യത്യസ്ത മദ്ഹബുകളിൽ സംഭവിച്ചിട്ടുള്ള തർക്കങ്ങളിലും പക്ഷാന്തരങ്ങളിലും സ്വന്തം ബാധ്യതകൾ വിസ്മരിച്ച് വ്യാപൃതനാകുകയെന്നതാണത്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘ഒരു സംഘം ആളുകൾ കൂടിയിരുന്ന് അല്ലാഹുവിനെ സ്മരിക്കുകയായിരുന്നു. അവരെ അവിടെ നിന്നെഴുന്നേൽപിക്കാനും സദസ്സ് പിരിച്ചുവിടുവിക്കാനും പിശാച് മോഹിച്ചു. അവൻ അവരെ സമീപിച്ചു. പക്ഷേ സാധിച്ചില്ല. അപ്പോൾ തന്ത്രം മാറ്റി. തന്റെ ചില ചങ്ങാതിമാരെ അവിടെയെത്തിച്ചു. അവർ മാറിയിരുന്ന് ഭൗതിക കാര്യൾ സംസാരിച്ചുതുടങ്ങി. പരസ്പരം തർക്കിച്ച് തല്ലുകൂടുന്നിടത്തെത്തി സംസാരം. പിശാചിന്റെ ഉന്നം ഇവരെ തല്ലിക്കുകയല്ല. ഇതുകണ്ട് ദിക്‌റിൽ ഏർപ്പെട്ടിരുന്നവർ ‘പ്രശ്‌നം’ പരിഹരിക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കലാണ്. അത് ഫലിച്ചു. ഓരോരുത്തരായി സദസ്സുവിട്ടു. ദിക്ർ സദസ്സ് ശൂന്യമായി.

പൊതുജനം പരിധിവിടുന്നു

ജ്ഞാനപരിശീലനം നേടുകയോ സമുദ്രസമാനമായി വിജ്ഞാനം ആർജ്ജിക്കുകയോ ചെയ്യാത്ത പൊതുജനത്തെക്കൊണ്ട് അല്ലാഹുവിന്റെ സത്തയിലും സത്താഗുണങ്ങളിലും അവരുടെ ബുദ്ധിപരിധിക്കു പ്രാപിക്കാനാവാത്ത കാര്യങ്ങളിലും ചിന്തിക്കാൻ പ്രേരിപ്പിക്കുകയെന്ന കുതന്ത്രവും പിശാച് പയറ്റുന്നുണ്ട്. അങ്ങനെ മതത്തിന്റെ അടിസ്ഥാനാദർശങ്ങളിൽ അവർക്കു സംശയം ജനിപ്പിക്കും! അത്യുന്നതനായ അല്ലാഹുവിന്നനുയോജ്യമല്ലാത്ത ഭാവനകൾ അവർക്ക് തോന്നിപ്പിക്കും. അതു വഴി അയാൾ സത്യനിഷേധിയോ നൂതനവാദിയോ ആയിത്തീരുക. ഇതാണ് ആ കുതന്ത്രത്തിന്റെ പൊതു രീതി. മനസ്സിൽ പതിഞ്ഞ അപകടചിന്തകൾ അയാളെ സന്തുഷ്ടനാക്കുന്നു. ദിവ്യജ്ഞാനവും അന്തർദൃഷ്ടിയുമാണവയെന്ന് അയാൾ ധരിക്കുന്നു; തന്റെ ബുദ്ധികൂർമതയും ധിഷണാശേഷിയും കാരണമാണിങ്ങനെ വെളിപാടുണ്ടായതെന്ന് മൂഢമായി ചിന്തിക്കുന്നു. സത്യത്തിൽ, സ്വന്തം ബുദ്ധിയിൽ ശക്തമായി വിശ്വസിക്കുന്നവനാണല്ലോ മനുഷ്യരിൽ ഏറ്റവും മൂഢൻ. ആത്മത്തെ ശക്തമായി സംശയിക്കുകയും ജ്ഞാനികളോട് ധാരാളമായി ചോദിച്ചറിയുകയും ചെയ്യുന്നവനാണ് മനുഷ്യരിൽ ഏറ്റവും ബുദ്ധിയുറച്ചവൻ.

ആഇശാ(റ) പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതർ(സ്വ) പറഞ്ഞു: ‘നിശ്ചയം പിശാച് നിങ്ങളിലൊരുവനെ സമീപിച്ച് ആരാണു നിന്നെ സൃഷ്ടിച്ചത്’ എന്നു ചോദിക്കും. അയാൾ പറയും: ‘അത്യുന്നതനായ അല്ലാഹു’വെന്ന്. അപ്പോൾ അവൻ ചോദിക്കും: അല്ലാഹുവെ പടച്ചത് ആര്?’ അതുകണ്ടാൽ അവൻ പറയണം: ‘ഞാൻ അല്ലാഹുവിലും അവന്റെ അന്ത്യദൂതരിലും വിശ്വസിച്ചിരിക്കുന്നു.’ അപ്പോൾ പിശാച് പൊയ്‌ക്കൊള്ളും.

‘പിശാചിൽ നിന്നുള്ള ഇമ്മാതിരി ദുർമന്ത്രണത്തെ നേരിടാൻ ആഴത്തിൽ ചർച്ച ചെയ്യണമെന്ന് അവിടുന്ന് കൽപിച്ചിട്ടില്ല. കാരണം പൊതുജനങ്ങളെ പിടികൂടുന്ന ഒരു പൈശാചികചിന്ത മാത്രമാണത്. നല്ല പണ്ഡിതരെ ഇതു ബാധിക്കാറില്ല. പൊതുജനത്തിന്റെ ബാധ്യത ജ്ഞാനികൾ പറഞ്ഞുതരുന്ന പോലെ വിശ്വസിക്കുകയും അതനുസരിക്കുകയും ഇബാദത്തുകളിലും ജീവിതോപാധികളിലും മുഴുകുകയും ജ്ഞാനസംബന്ധമായ ചർച്ചകൾ ജ്ഞാനികൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുക മാത്രമാണ്. ഇലാഹീ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുജനം സംസാരിക്കുന്നത് വ്യഭിചരിക്കുന്നതിനേക്കാൾ, മോഷ്ടിക്കുന്നതിനേക്കാൾ കനത്ത പാപമാണ്. കാരണം അല്ലാഹുവിനെക്കുറിച്ചും മതത്തെസ്സംബന്ധിച്ചും ഉറച്ച വിജ്ഞാനമില്ലാതെ സംസാരിക്കുന്നവൻ, അവനറിയാതെ അവിശ്വാസത്തിൽ നിപതിച്ചേക്കാം. നീന്തലറിയാതെ ആഴക്കടലിൽ യാത്ര ചെയ്യുന്നവനെപ്പോലെയാണവൻ. വിശ്വാസകാര്യങ്ങളെ കുറിച്ചുള്ളതും വീക്ഷണവൈവിധ്യസംബന്ധമായതുമായ പിശാചിന്റെ ചതിപ്രയോഗങ്ങൾക്ക് പരിധിയില്ല.

തെറ്റിദ്ധാരണ

മുസ്‌ലിം ജനസാമാന്യത്തെക്കുറിച്ച് ദുഷ്ടവിചാരമുണ്ടാക്കുകയാണ് പിശാചിന്റെ മറ്റൊരു വേല. അല്ലാഹു അരുളി: ‘സത്യവിശ്വാസികളേ, അധിക ഊഹവും നിങ്ങൾ വർജ്ജിക്കുവീൻ. നിശ്ചയം ചില ഊഹങ്ങൾ പാപമാണ്.’

ഊഹം വെച്ച് മറ്റൊരാളിൽ ആരെങ്കിലും കുറ്റം വിധിച്ചാൽ തുടർന്ന് പരദൂഷണത്തിന് നാക്കുനീട്ടാൻ പിശാച് പ്രേരിപ്പിക്കും; അങ്ങനെയവൻ നശിച്ചൊടുങ്ങും. അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ട ആ മനുഷ്യനോടുള്ള കർത്തവ്യങ്ങളിൽ കുറവു വരുത്തും. അതുമല്ലെങ്കിൽ അയാളെ ആദരിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറും. അയാളെ നിന്ദാപൂർവം വീക്ഷിക്കും. അയാളെക്കാൾ ഉത്തമനാണ് താനെന്ന് സ്വയം മതിപ്പുപുലർത്തും. ഇപ്പറഞ്ഞവ എല്ലാം വിനാശകങ്ങളാണ്. അതിനാലത്രെ തെറ്റിദ്ധാരണയ്ക്കിടയാകുന്നിടത്തു വെളിപ്പെടരുതെന്ന് ഇസ്‌ലാം വിലക്കിയത്.

തിരുനബി (സ്വ) പറഞ്ഞു: ‘തെറ്റിദ്ധരിക്കപ്പെടുന്ന സ്ഥലങ്ങളെയും സന്ദർഭങ്ങളെയും സൂക്ഷിക്കുവീൻ.’ തിരുദൂതർ പോലും അതു പ്രത്യേകം ശ്രദ്ധിച്ച് ഒഴിഞ്ഞുനിന്നിരുന്നു.

അലിയ്യുബ്‌നു ഹുസൈൻ(റ) പറയുന്നു: വിശ്വാസികളുടെ മാതാവ് സ്വഫിയ്യ ബീവി (ബിൻത് ഹയിയ്യ് ബ്‌നു അഖ്ഥബ്) പറഞ്ഞു: തിരുദൂതർ(സ്വ) മദീനമസ്ജിദിൽ ഇഅ്തികാഫിലായിരുന്നു. നേരം വൈകിയപ്പോൾ ഞാൻ തിരിച്ചുപോന്നു. അപ്പോൾ അവിടുന്ന് എന്റെ കൂടെ നടന്നുവന്നു. അൻസ്വാരികളായ രണ്ടുപേർ ഞങ്ങൾക്കരികിലൂടെ കടന്നുപോയി. അവർ ഞങ്ങൾക്ക് സലാം പറഞ്ഞ് അവരുടെ വഴിക്കുനീങ്ങി. അപ്പോൾ തിരുനബി അവരെ വിളിച്ചിട്ടു പറഞ്ഞു: ‘ഇത് സ്വഫിയ്യയാണ് കേട്ടോ.’ അപ്പോൾ അവർ നിഷ്‌കളങ്കരായി പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങയെക്കുറിച്ച് ഞങ്ങൾ നല്ലതല്ലാതെ വിചാരിക്കുമോ? തിരുദൂതർ(സ്വ) പ്രതിവചിച്ചു: ‘മനുഷ്യശരീരത്തിൽ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം നിശ്ചയം പിശാച് സഞ്ചരിക്കാറുണ്ട്. അവൻ നിങ്ങളുടെ അകത്തും കടക്കുമോയെന്ന് ഞാൻ ആശങ്കിക്കുന്നു.’

നോക്കൂ, അവരുടെ മതകാര്യത്തിൽ എത്ര ദയാലുവായാണ് തിരുനബി(സ്വ) ഇടപെടുന്നത്. അവരെ പിശാചുബാധിക്കുന്നതിൽ നിന്നും കാത്തു!! അപ്രകാരം വല്ലാത്ത ദയാവായ്പയാണ് അവിടുന്ന് സമുദായത്തോട് പ്രകടിപ്പിച്ചത്. തെറ്റിദ്ധാരണ ഉണ്ടാകുന്ന വേദികളിൽ നിന്നും അകന്നുനിൽക്കുന്ന രീതി സമുദായത്തെ പഠിപ്പിച്ചു. മതനിഷ്ഠയുള്ളവനാണെന്ന് ശ്രുതിയുള്ള സൂക്ഷ്മഭക്തനായ ഒരു പണ്ഡിതൻ പോലും തന്റെ ചുറ്റുപാടുകളെക്കുറിച്ച് അവഗണനയോടെ കണ്ടുകൂടാ. തെറ്റിദ്ധാരണ വരുത്തുന്ന സന്ദർഭങ്ങൾ സൂക്ഷിക്കണം. ‘എന്നെപ്പോലുള്ളവരെക്കുറിച്ച് ഗുണകരമായതല്ലാതെ ആരും വിചാരിക്കില്ല’ എന്നിങ്ങനെ ആത്മമതിപ്പ് അരുത്. നിശ്ചയമായും ജനങ്ങൾക്കിടയിലെ ഏറ്റവും സൂക്ഷ്മതയുള്ള, ഭക്തിയുള്ള, ജ്ഞാനമുള്ള വ്യക്തിയെപ്പോലും മനുഷ്യരെല്ലാം ഒരേ ദൃഷ്ടിയിലല്ല വീക്ഷിക്കുക. ചിലർ തൃപ്തിയുടെ കണ്ണോടെയും മറ്റു ചിലർ വെറുപ്പിന്റെ കണ്ണോടുമായിരിക്കും.

അതിനാൽ ചീത്തവിചാരം സംഭവിക്കാതിരിക്കാനും നീചന്മാർ തെറ്റിദ്ധരിക്കാതിരിക്കാനും ആവശ്യമായ കരുതൽ നിർബന്ധമായും നാം പാലിക്കണം. കാരണം ദുഷ്ടന്മാർ സകല മനുഷ്യരെക്കുറിച്ചും ദുഷ്ടചിന്ത മാത്രമേ പുലർത്തുകയുള്ളൂ. ജനങ്ങളെക്കുറിച്ച് ചീത്ത വിചാരിക്കുന്ന, കുറ്റങ്ങളും കുറവുകളും തിരയുന്ന വല്ല മനുഷ്യനെയും കണ്ടാൽ നീ മനസ്സിലാക്കിക്കോളൂ; അയാൾ ഉള്ളിൽ വൃത്തികെട്ടവനാണെന്ന്. അയാളുടെ ചീത്ത മനസ്സാണ് പുറത്തേക്കു കിനിഞ്ഞൊഴുകുന്നതെന്നും താനെന്താണോ അതുമാത്രമാണയാൾ മറ്റുള്ളവരിൽ കാണുക. നിശ്ചയം സത്യവിശ്വാസി നന്മയൂറുന്ന ന്യായീകരണങ്ങൾ കണ്ടെത്താനാണു ശ്രമിക്കുക. എന്നാൽ കപടൻ ന്യൂനതകൾ തിരയുന്നു. അഖില മനുഷ്യരുടെയും കാര്യത്തിൽ സത്യവിശ്വാസി നല്ലതേ കരുതൂ.

(അവസാനിച്ചു)

ഇമാം ഗസ്സാലി(റ)/വിവ: അബുൽ ബത്വൂൽ നിസാമി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ