മരുക്കാട്ടിന്റെ മുഴുവന്‍ വന്യതയും മനസ്സിലേക്കു കൂടി പകര്‍ത്തിവെച്ചവരാണ് അജ്ഞാന കാലത്തെ അറേബ്യന്‍ ജനത. എന്നാല്‍ കരുതലും കാരുണ്യവും കൊണ്ട് സഹജീവികള്‍ക്ക് മരുപ്പച്ച തീര്‍ത്ത ചിലരും അവരിലുണ്ടായിരുന്നു. അനാഥകളെ സംരക്ഷിച്ചവര്‍, അബലര്‍ക്ക് ആലംബമേകിയവര്‍, ദുരന്തങ്ങളില്‍ കൈപിടിച്ചവര്‍. ഇസ്‌ലാമികാശ്ലേഷണത്തിനു മുമ്പുതന്നെ ഇത്തരം സദ്കൃത്യങ്ങള്‍ ജീവിതവ്രതമാക്കിയ അപൂര്‍വം ചിലരില്‍ അദ്വിതീയനാണ് അബൂബക്കര്‍ സിദ്ദീഖ്(റ). അന്ധകാര യുഗത്തിന്റെ കാളിമകളൊന്നുമേശാത്ത പൊതു സ്വീകാര്യനായിരുന്നു മുമ്പേ തന്നെ അദ്ദേഹം. പ്രസിദ്ധമായ ആനക്കലഹ സംഭവം നടന്നു രണ്ടു വര്‍ഷത്തിനു ശേഷം എഡി 573ലാണ് അദ്ദേഹം മക്കയില്‍ ജനിക്കുന്നത്.
അബൂഖുഹാഫ ഉസ്മാന്‍(റ), സല്‍മ ഉമ്മുല്‍ഖൈര്‍(റ) എന്നിവരാണു മാതാപിതാക്കള്‍. ഖുറൈശി ഗോത്രത്തിലെ ബനൂതൈം വംശത്തില്‍ സമ്പന്നരായ വസ്ത്ര വ്യാപാരി കുടുംബത്തിലാണ് അദ്ദേഹത്തിന്റെ പിറവി. പ്രവാചകരുടെ ഗോത്രവും ഖുറൈശ് തന്നെയാണല്ലോ. തിരുദൂതരുടെ അഞ്ചാം പിതാമഹനായ കിലാബും സിദ്ദീഖ്(റ)ന്റെ അഞ്ചാം പിതാമഹനായ തൈമും സഹോദരങ്ങളാണ്. മുര്‍റത്താണ് ഇരുവരുടെയും പിതാവ്. പില്‍ക്കാലത്തെ ഉറ്റ ബന്ധത്തെ സാധൂകരിക്കുംവിധം വംശപരമായും സാഹോദര്യം പുലര്‍ത്തി നബി(സ്വ)യും സിദ്ദീഖ്(റ)വുമെന്നര്‍ത്ഥം.
ഇസ്‌ലാമിനു മുമ്പേ അബൂബക്കര്‍(റ) പുലര്‍ത്തിയ സാംസ്കാരിക ജീവിതത്തെ കുറിച്ച് ചരിത്രം ഏറെ വാചാലമാണ്. പൊതുസമൂഹത്തെ ഗ്രസിച്ചിരുന്ന അജ്ഞാനത്തിന്റെ ദുശ്ശീലങ്ങളൊന്നും അദ്ദേഹത്തെ ദീക്ഷിച്ചിരുന്നില്ല. അക്കാലത്ത് സാര്‍വത്രികമായിരുന്നു മദ്യപാനവും ബിംബാരാധനയും മറ്റു അശ്ലീലങ്ങളും. ഇവയില്‍ നിന്നെല്ലാം അദ്ദേഹം പാടെ അകന്നുനിന്നു. ചീത്ത കൂട്ടുകെട്ടുകളുണ്ടായിരുന്നില്ല. പ്രവാചകരായിരുന്നു ഉറ്റ സുഹൃത്ത്. അതുകൊണ്ടുതന്നെ നന്മയാണ് ബാല്യം മുതല്‍ ശീലിച്ചത്.
കുടുംബ വ്യാപാരമായ വസ്ത്രക്കച്ചവടം എഡി 591ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ഏറ്റെടുത്തു. സിറിയയിലേക്കും മറ്റു ദേശങ്ങളിലേക്കും ഈ ആവശ്യാര്‍ത്ഥം ദീര്‍ഘ യാത്രകള്‍ തുടര്‍ച്ചയായി നടത്തി. അദ്ദേഹത്തിന്റെ അധ്വാനശീലവും സമ്പാദ്യശീലവും മറ്റുള്ളവര്‍ക്കു മാതൃകയായിരുന്നു. ഉത്തമായ ഈ പശ്ചാത്തലം കാരണം ചെറുപ്പകാലത്തേ ഖുറൈശി പ്രമുഖരിലൊരാളായി പേരെടുത്തു. ഗോത്രത്തര്‍ക്കങ്ങളിലും പൊതു പ്രശ്നങ്ങളിലും മധ്യസ്ഥനായി. വിധിതീര്‍പ്പുകള്‍ സ്വീകാര്യവുമായിരുന്നു. പാവങ്ങളോടുള്ള ദയാവായ്പ്, സേവന സന്നദ്ധത, ദുര്‍ബലരെ സഹായിക്കാനുള്ള മനഃസ്ഥിതി തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍മൂലം പിതാവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹം കുടുംബത്തില്‍ പ്രാമുഖ്യം നേടി. ഇസ്‌ലാമിനു മുമ്പും ശേഷവും അദ്ദേഹത്തിന്റെ ഈ ഔന്നിത്യം ശ്രദ്ധേയമാണ്.
സിദ്ദീഖ്(റ) നാലു വിവാഹം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിനു മുമ്പ് ഖുതൈല, ഉമ്മുറുമാന്‍ എന്നിവരെ. ആദ്യഭാര്യയില്‍ അബ്ദുല്ല, അസ്മാഅ് എന്നിവരും രണ്ടാം ഭാര്യയില്‍ അബ്ദുറഹ്മാന്‍, ആഇശ എന്നീ സന്താനങ്ങളും പിറന്നു. ഇസ്‌ലാമിനു ശേഷം അസ്മാഅ് ബിന്‍ത് ഉമൈസ്, ഹബീബ ബിന്‍ത് ഖാരിജ എന്നിവരെയും നികാഹ് ചെയ്തു. അസ്മാഇല്‍ മുഹമ്മദും ഹബീബയില്‍ ഉമ്മുകുല്‍സൂമും (റ.ഹും) ജനിച്ചു.
ഇസ്‌ലാമികാശ്ലേഷം
അറേബ്യയില്‍ ഖുറൈശികളില്‍ ഒരു പ്രവാചകന്‍ ആഗതനാവുമെന്ന് വേദജ്ഞാനികളില്‍ നിന്നും മറ്റുമായി ജനങ്ങള്‍ ഗ്രഹിച്ചിരുന്നു. ചില അടയാളങ്ങളില്‍ നിന്ന് ആ പ്രവാചകന്‍ തന്റെ കൂട്ടുകാരന്‍ മുഹമ്മദ്(സ്വ)യാണെന്ന് സിദ്ദീഖ്(റ) മനസ്സിലാക്കുകയുണ്ടായി. ക്രൈസ്തവജൂത പുരോഹിതരില്‍ നിന്നു കേട്ട നബിവരവിനെക്കുറിച്ച് സൈദുബ്നു അംറും ഉമയ്യത്ത്ബ്നു അബിസ്വല്‍തും നടത്തിയ ഒരു സംഭാഷണം കഅ്ബയുടെ ചാരത്തിരിക്കുകയായിരുന്ന അബൂബക്കര്‍(റ) കേള്‍ക്കാനിടയായത് ഇക്കാര്യത്തെ പറ്റി അദ്ദേഹത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ചയുണ്ടാക്കി.
ഉമയ്യത്ത് ചോദിച്ചു: എങ്ങനെയുണ്ട് പ്രഭാതം?
സൈദ്: നല്ലതു തന്നെ.
ഉമയ്യത്ത്: നീയറിഞ്ഞോ വല്ലതും….
സൈദ്: ഇല്ല, എന്തേ?
ഉമയ്യത്ത്: അല്ലാഹു നിശ്ചയിച്ചതല്ലാത്ത മതങ്ങളെല്ലാം അന്ത്യനാളില്‍ നിഷ്ഫലമാണെന്ന്. പ്രതീക്ഷിക്കുന്ന അന്ത്യദൂതന്‍ വരിക ഞങ്ങളില്‍ നിന്നോ, അതോ നിങ്ങളില്‍ നിന്നോ?
ഈ സംഭാഷണത്തിന്റെ നിജസ്ഥിതിയറിയാന്‍ വേദപണ്ഡിതനായ വറഖത്ബ്നു നൗഫലിനെ സിദ്ദീഖ്(റ) സമീപിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ശരിയാണു സ്നേഹിതാ, ആ പ്രവാചകന്‍ അറബികളില്‍ ഉത്തമ വംശത്തിലാണു പിറക്കുകയെന്ന് ഞങ്ങള്‍ വേദജ്ഞാനികള്‍ക്കറിയാം (താരീഖു സുയൂഥി, പേ 34).
പിന്നെയും കുറച്ചു കാലം കഴിഞ്ഞാണ് പ്രവാചക നിയുക്തിയുണ്ടാവുന്നത്. ഉടന്‍തന്നെ ഇസ്‌ലാം സ്വീകരിച്ച് പുരുഷന്മാരിലെ ഒന്നാമത്തെ വിശ്വാസിയായി അദ്ദേഹം. ‘എന്റെ പ്രബോധിതരില്‍ ഒട്ടും സംശയിക്കാതെയും താമസം വരുത്താതെയും കേട്ടപാടെ വിശ്വാസിയായത് സിദ്ദീഖാണെന്ന് നബി(സ്വ) പ്രശംസിച്ചതു കാണാം. പ്രവാചകരോടുള്ള ഈ സമര്‍പ്പണവും വിശ്വസ്തതയും കാരണം അബ്ദുല്ല എന്ന സ്വന്തം നാമത്തെ നിഷ്പ്രഭമാക്കും വിധം സിദ്ദീഖ് (വിശ്വസ്തന്‍) എന്നും നരകമോചനം സ്ഥിരപ്പെട്ടതിനാല്‍ ‘അതീഖ്’ എന്നും അദ്ദേഹം വിളിക്കപ്പെട്ടു.
മക്കക്കാരുടെ പീഡന പര്‍വത്തില്‍ സത്യവിശ്വാസിയാവുന്നതും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഒട്ടും എളുപ്പമായിരുന്നില്ല. എങ്കിലും തനിക്കു ബോധ്യമായ സത്യത്തെ അവഗണിച്ച് വെളിച്ചത്തിന്റെ ശത്രുവാകാന്‍ അദ്ദേഹം തുനിഞ്ഞില്ല. തിരുനബി(സ്വ) പരസ്യമായി പ്രബോധനം ആരംഭിച്ചിരുന്നില്ലെങ്കിലും ഒരു നാള്‍ സിദ്ദീഖ്(റ) ശത്രുക്കള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി പ്രസംഗം നടത്തി. ക്രുദ്ധരായ അവര്‍ അദ്ദേഹത്തെ അടിച്ചുവീഴ്ത്തി, ബോധം കെട്ടു. ഓര്‍മ തെളിഞ്ഞപ്പോള്‍ അദ്ദേഹം തിരക്കിയത് തിരുദൂതരെ കുറിച്ചാണ്. തന്റെ അഭാവത്തില്‍ ശത്രുക്കള്‍ നബിയെ ഉപദ്രവിച്ചോ എന്ന് ആധി പൂണ്ട ആ പ്രവാചക സ്നേഹി അവിടുത്തെ നേരില്‍ കണ്ടപ്പോഴേ സമാധാനിച്ചുള്ളൂ. ഈ സംഭവം അദ്ദേഹത്തിന് ആദ്യത്തെ മതപ്രഭാഷകന്‍ എന്ന സ്ഥാനം നേടിക്കൊടുത്തു.
സിദ്ദീഖ്(റ)ന്റെ പ്രബോധന ഫലമായി ഇസ്‌ലാമിലേക്ക് വന്ന പ്രധാനികള്‍ നിരവധിയാണ്. ഉസ്മാനുബ്നു അഫ്ഫാന്‍, സുബൈറുബ്നു അവ്വാം, അബ്ദുറഹ്മാനുബ്നു ഔഫ്, അബൂ ഉബൈദതുല്‍ ജര്‍റാഹ്, സഅ്ദുബ്നു അബീ വഖാസ്, ത്വല്‍ഹതുബ്നു ഉബൈദില്ല (റ.ഹും) തുടങ്ങിയവര്‍ അവരില്‍പ്പെടുന്നു. സത്യമതം സ്വീകരിച്ചതു കാരണം ഉടമസ്ഥരുടെ മര്‍ദ്ദനമേറ്റ ഏഴ് അടിമകളെ അദ്ദേഹം വിലകൊടുത്തുവാങ്ങി മോചിപ്പിച്ചിട്ടുണ്ട്. ഉള്ള സമ്പാദ്യമെല്ലാം സ്ത്രീകളും ദുര്‍ബലരുമായ ഈ അടിമകളുടെ മോചനത്തിനു ചെലവഴിക്കുന്നത് കണ്ട് അന്ന് വിശ്വാസിയല്ലാത്ത പിതാവ് ചോദിച്ചു: ‘മോനേ, ഈ ദുര്‍ബലരെ സ്വതന്ത്രരാക്കിയിട്ട് എന്തു കിട്ടാനാണ്. തടിമിടുക്കുള്ളവരെ മോചിപ്പിച്ചിരുന്നെങ്കില്‍ എതിരാളികളില്‍ നിന്ന് നിനക്കവരൊരു തുണയായേെന.’
അദ്ദേഹത്തിന്‍റ മറുപടി ഇതായിരുന്നു: ‘ഉപ്പാ, അല്ലാഹുവിന്റെ പക്കലുള്ളത് മതി എനിക്ക്.’ ബിലാല്‍, ആമിറുബ്നു ഫുഹയ്റ, സന്നീറ, നഹ്ദിയ, അവരുടെ മകള്‍, ബനൂ മുഅമ്മിലുകാരുടെ ഭൃത്യ, ഉമ്മു ഉബൈസ് (റ.ഹും) എന്നിവരെയാണ് ശത്രുക്കളുടെ മര്‍ദ്ദനമുറകളില്‍ നിന്ന് കനത്ത വിലയൊടുക്കി മഹാന്‍ സ്വാതന്ത്ര്യത്തിലേക്കു നയിച്ചത്.
സാനിയസ്നൈനി
ഇസ്‌ലാം വിശ്വാസത്തെ അപരാധമായിക്കണ്ട മക്കയിലെ ശത്രുക്കള്‍ അക്കാരണത്താല്‍ മുസ്‌ലിംകളെ ആക്രമിച്ചുകൊണ്ടിരുന്നു. പ്രധാനിയായിരുന്നെങ്കിലും അബൂബക്കര്‍(റ)നെയും അവര്‍ വെറുതെവിട്ടില്ല. ഉപദ്രവം അസഹ്യമായപ്പോള്‍ എത്യോപ്യയിലേക്ക് ആത്മരക്ഷാര്‍ത്ഥം പുറപ്പെട്ടു. വഴിമധ്യേ അദ്ദേഹത്തെ കണ്ട വര്‍ത്തകപ്രധാനിയും ഖാര്‍റ ഗോത്രത്തലവനുമായ ഇബ്നുദ്ദുഗുന്നത്ത് കാര്യമറിഞ്ഞപ്പോള്‍ പിന്തിരിപ്പിച്ചു, സംരക്ഷണമേറ്റു. വാക്കുലംഘിക്കാത്ത, ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്ന, ദുര്‍ബലര്‍ക്കത്താണിയായ താങ്കള്‍ മക്ക വിടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ചില നിബന്ധനകളോടെ ഇബ്നുദ്ദുഗുന്നത്തിന്റെ സംരക്ഷണ പ്രഖ്യാപനം ഖുറൈശികള്‍ അംഗീകരിച്ചതിനാല്‍ അബൂബക്കര്‍(റ) തിരിച്ചുവന്നു.
എന്നാല്‍ സ്വന്തം വീടിനടുത്ത് പള്ളി നിര്‍മിച്ച് നിസ്കാരവും ഖുര്‍ആന്‍ പാരായണവും ദൈവ ഭയത്താലുള്ള കരച്ചിലുമൊക്കെ കണ്ട് അവിടെ മക്കയിലെ സ്ത്രീകളും കുട്ടികളും സംഘടിക്കാന്‍ തുടങ്ങിയപ്പോള്‍ ഖുറൈശികള്‍ അത് കരാര്‍ ലംഘനമായി പ്രഖ്യാപിച്ച് ഇബ്നുദ്ദുഗുന്നത്തിനെ ഭീഷണിപ്പെടുത്തി സംരക്ഷണം പിന്‍വലിപ്പിച്ചു. തനിക്ക് അല്ലാഹുവിന്റെ കാവല്‍ മതിയെന്നായിരുന്നു അപ്പോള്‍ മഹാന്റെ പ്രതികരണം.
തുടര്‍ന്നും ശത്രുപീഡനം രൂക്ഷമായപ്പോഴാണ് എഡി 622ല്‍ പ്രവാചകരും അദ്ദേഹവും മദീനയിലേക്ക് ഹിജ്റ പോവുന്നത്. വഴിമധ്യേ സൗര്‍ ഗുഹയില്‍ അവര്‍ ഒളിച്ചുപാര്‍ത്തതും ശത്രുക്കള്‍ അവിടെ തിരഞ്ഞുവന്നതും പ്രസിദ്ധം. ആ രംഗം സൂചിപ്പിച്ചുകൊണ്ട് സ്വാഹിബ്, സാനിയസ്നൈനി (കൂട്ടുകാരന്‍, രണ്ടാമന്‍) എന്നാണ് ഖുര്‍ആന്‍ (തൗബ/40) വിശേഷിപ്പിച്ചത്. വ്യാഖ്യാതാക്കളുടെ അഭിപ്രായ പ്രകാരം ‘പരിശുദ്ധി നേടാനായി സ്വന്തം ധനം നല്‍കുന്ന ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് (നരകം) അകറ്റി നിറുത്തപ്പെടുന്നതാണ്’ (ലൈല്‍/17,18) എന്നു പരാമര്‍ശിച്ചതും സിദ്ദീഖ്(റ)നെ കുറിച്ചാണ്.
ഇങ്ങനെ ഏതര്‍ത്ഥത്തിലും സമുദായത്തില്‍ റസൂലിനു പിറകെ രണ്ടാമനാണു സിദ്ദീഖ്(റ). പ്രവാചകരുമായി അത്രയേറെ ഹൃദയബന്ധം പുലര്‍ത്തുകയും സ്വയം സമര്‍പ്പണം നടത്തുകയും ചെയ്തു അദ്ദേഹം. നബി(സ്വ)യുടെ മന്ത്രിസ്ഥാനത്തായിരുന്നു അദ്ദേഹമെന്ന് സഈദുബ്നുല്‍ മുസ്വയ്യിബ്(റ). അദ്ദേഹം തുടരുന്നു: ‘എല്ലാ കാര്യങ്ങളിലും ദൂതര്‍ അദ്ദേഹത്തിന്റെ അഭിപ്രായമാരായും. ഇസ്‌ലാം സ്വീകരണത്തിലും സൗര്‍ ഗുഹയിലും ബദ്റിലെ കൂടാരത്തിലും ഖബ്റിലും അദ്ദേഹമാണ് രണ്ടാമന്‍. സിദ്ദീഖ്(റ)നെക്കാള്‍ മറ്റാര്‍ക്കും നബി മുന്‍ഗണന നല്‍കിയിരുന്നില്ല. അന്ത്യനാളില്‍ ഹൗളുല്‍ കൗസറിലും റസൂല്‍(സ്വ)യുടെ കൂട്ടുകാരന്‍ മഹാന്‍ തന്നെ’ (തിര്‍മുദി).
ആ അടുപ്പം അവര്‍ പരസ്പരം പുലര്‍ത്തി. സ്വന്തം പണം ചെലവാക്കുന്ന സ്വാതന്ത്ര്യത്തോടെ സിദ്ദീഖ്(റ)ന്റെ സമ്പാദ്യമെടുത്തുപയോഗിക്കുമായിരുന്നു അവിടുന്ന്. ‘അബൂബക്കറിന്റെ സമ്പത്ത് ഉപകരിച്ചപോലെ മറ്റാരുടേതും എനിക്ക് പ്രയോജനം ചെയ്തിട്ടില്ലെന്ന്’ ഒരിക്കല്‍ മുഹമ്മദ്(സ്വ) അനുസ്മരിച്ചപ്പോള്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞാനും എന്റെ മുതലും അങ്ങേക്കുള്ളതല്ലേ നബിയേ…’ (അഹ്മദ്). പണത്തോടടുക്കുമ്പോള്‍ ബന്ധങ്ങള്‍ മറക്കുകയും വിശ്വസ്തത നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ആധുനിക പ്രവണതകള്‍ക്ക് ചരിത്രത്തിന്റെ തിരുത്ത്.
ഖിലാഫത്ത്
എഡി 632ല്‍ നബി(സ്വ) വഫാത്തായി. ഇസ്‌ലാമിക രാഷ്ട്രത്തെയും മുസ്‌ലിംകളെയും തുടര്‍ന്ന് ആര് നയിക്കുമെന്ന ആലോചനയില്‍ പ്രമുഖ സ്വഹാബിമാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടത് അബൂബക്കര്‍(റ)വിനെയാണ്. തന്റെ പ്രതിനിധി ആരാവണമെന്ന വ്യക്തമായ നിര്‍ദേശമില്ലെങ്കിലും സിദ്ദീഖ്(റ) ആകണമെന്നതിന്റെ നിരവധി സൂചനകള്‍ പ്രവാചകര്‍ നല്‍കിയിരുന്നു. ബനൂ മുസ്ഥലിഖ് ഗോത്രക്കാര്‍, അങ്ങേക്കു ശേഷം ഞങ്ങള്‍ സകാത്ത് ആരെ ഏല്‍പ്പിക്കണമെന്നു ചോദിച്ചപ്പോള്‍ അബൂബക്കറിനെന്നു പറഞ്ഞതും (ഹാകിം) എല്ലാ വാതിലും അടക്കുക, അബൂബക്കറിന്‍റേതൊഴികെ (ഇബ്നു അദിയ്യ്) രോഗം മൂര്‍ഛിച്ചപ്പോള്‍ അബൂബക്കര്‍(റ)നോട് നിസ്കാരത്തിന് നേതൃത്വം കൊടുക്കാന്‍ പറയുക (ബുഖാരി, മുസ്‌ലിം) എന്നതെല്ലാം ഇത്തരം സൂചനകളായിരുന്നു.
തിരുവിയോഗത്തെ തുടര്‍ന്ന് ബനൂസാഇ ഗോത്രത്തിന്റെ പന്തലില്‍ സംഗമിച്ചാണ് അന്‍സ്വാരികളും പ്രമുഖ മുഹാജിറുകളും സിദ്ദീഖ്(റ)നെ ഖലീഫയായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഉമര്‍(റ)യോ അബൂഉബൈദ(റ)യോ ആകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എങ്കിലും സിദ്ദീഖ്(റ)ന് മറ്റു പ്രവാചകാനുയായികളേക്കാളുള്ള മഹത്ത്വങ്ങള്‍ എടുത്തുപറഞ്ഞ ശേഷം ഇരുവരും നിര്‍ദേശിച്ചു: ‘നിങ്ങള്‍ കൈ നീട്ടൂ, ഞങ്ങള്‍ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യട്ടെ’. തുടര്‍ന്ന് അവിടെ സന്നിഹിതരായവരെല്ലാം ബൈഅത്ത് ചെയ്തു. ഇത് ബൈഅതുസ്സഖീഫ എന്നും പിറ്റേന്നു നടന്ന പൊതുവായ ബൈഅത്ത് ബൈഅതുല്‍ കുബ്റാ എന്നും പ്രസിദ്ധമായി.
പൊതു ബൈഅത്തിനായി ഖലീഫ സിദ്ദീഖ്(റ)നെ മദീന പള്ളിയിലെ മിമ്പറില്‍ ഇരുത്തിയ ശേഷം ഉമര്‍(റ) ആമുഖ ഭാഷണം നടത്തി: ‘നിശ്ചയം അല്ലാഹു നിങ്ങളുടെ ഭരണം സാനിയസ്നൈനിയും നിങ്ങളില്‍ ഉത്തമനുമായ റസൂലിന്റെ കൂട്ടുകാരനില്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എഴുന്നേറ്റ് അനുസരണ പ്രതിജ്ഞ ചെയ്യുക.’ എല്ലാവരും ബൈഅത്ത് ചെയ്ത ശേഷം ഖലീഫ പ്രസംഗമാരംഭിച്ചു: ‘ജനങ്ങളേ, ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളില്‍ ഏറ്റവും യോഗ്യന്‍ ഞാനല്ല. ഞാന്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ എന്നെ അനുസരിക്കുക. സത്യസന്ധത ഉത്തരവാദിത്തമാണ്; വഞ്ചന ചുമതലാ ലംഘനവും. ഞാന്‍ ശരിയല്ല ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ എന്നെ തിരുത്തുക. നിങ്ങളില്‍ ദുര്‍ബലര്‍, തങ്ങളുടെ അവകാശം ലഭിക്കുവോളം എന്നെ സംബന്ധിച്ചിടത്തോളം ശക്തരായിരിക്കും. നിങ്ങളില്‍ ശക്തരായവര്‍, അവരില്‍ നിന്ന് മറ്റുള്ളവരുടെ അവകാശങ്ങള്‍ വാങ്ങുവോളം എന്റെ മുമ്പില്‍ ദുര്‍ബലരുമായിരിക്കും. ധര്‍മസമരം വെടിഞ്ഞവരെ അല്ലാഹു നിന്ദ്യരാക്കാതിരിക്കില്ല. ദര്‍വൃത്തി വ്യാപകമായ സമൂഹത്തെ അവന്‍ ആപത്തുകള്‍ കൊണ്ട് പൊതിയാതിരിക്കുകയുമില്ല. ഞാന്‍ അല്ലാഹുവിനെയും തിരുദൂതരെയും അനുസരിക്കുമ്പോള്‍ നിങ്ങളെന്നെ അനുസരിക്കുക. ഞാന്‍ അവരെ ധിക്കരിച്ചാല്‍ നിങ്ങള്‍ എന്നെ അനുസരിക്കരുത്’ (ഇബ്നുഹിശാം/340).
രണ്ടു വര്‍ഷവും മൂന്നു മാസവും പത്തുദിവസവും നീണ്ട ആ ഭരണം ഈ പ്രഖ്യാപനത്തിന്റെ പൂരണമായിരുന്നു. അനീതിയോട് രാജിയാവാതെ നീതിയുടെ പക്ഷത്തു നിലകൊണ്ടു ഖലീഫ. രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കുഴപ്പങ്ങള്‍ അടിച്ചമര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. ഖഹ്താനില്‍ അസ്വദുല്‍ അന്‍സി, ബനൂ അസദില്‍ തുലൈഹ (പിന്നീട് ഇസ്‌ലാമിലേക്കു മടങ്ങി), യമാമയില്‍ മുസൈലിമതുല്‍ കദ്ദാബ്, ബനൂയര്‍ബൂഇല്‍ സജാഹി ബിന്‍ത് ഹാരിസ് എന്ന വ്യാജ പ്രവാചകവാദികളും അനുയായികളും മതപരിത്യാഗികളും സകാത്ത് നിഷേധികളും കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഇവയെല്ലാം നിഷ്കാസനം ചെയ്ത് വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തില്‍ ശാന്തി വിളയിക്കാന്‍ ഹ്രസ്വമായ കാലയളവില്‍ അദ്ദേഹത്തിനായി.
പൊതുവെ മൃദുല സ്വഭാവിയായ ഖലീഫ അക്രമികളോട് കര്‍ക്കശ നിലപാടുതന്നെ കൈക്കൊണ്ടു. അക്കാലത്തെ മഹാ സാമ്രാജ്യത്വ ശക്തികളായ റോം, പേര്‍ഷ്യകളോട് എതിരിട്ടാണ് ഐതിഹാസികമായ പല വിജയങ്ങളും അദ്ദേഹം നേടിയതെന്നാണ് ശ്രദ്ധേയമായ കാര്യം.
യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമുള്ള ധാരാളം സ്വഹാബിമാര്‍ ശഹീദായപ്പോള്‍ ഒരു ഗ്രന്ഥരൂപത്തിലാക്കി ഖുര്‍ആന്‍ സംരക്ഷിച്ചതും അതിന് മുസ്വ്ഹഫ് എന്നു നാമകരണം ചെയ്തതും ഒന്നാം ഖലീഫയുടെ പ്രധാന പ്രവര്‍ത്തനമായി ഗണിക്കുന്നു.
വിയോഗം
അതിലളിതമായ ജീവിതമാണ് ഖലീഫയും കുടുംബവും നയിച്ചത്. ഭരണേമറ്റ ശേഷവും കൈതൊഴിലും കച്ചവടവും ചെയ്തും ആടുകളെ മേയ്ച്ചുമൊക്കെയാണ് പുലര്‍ന്നത്. ജനസേവനത്തിന് സമയം തികയാതെ വന്നപ്പോള്‍ ആറുമാസത്തിനു ശേഷം പൊതു ഖജനാവില്‍ നിന്ന് ഖലീഫക്ക് വേതനം നിശ്ചയിച്ചുകൊടുത്തു. മാസം അഞ്ഞൂറ് ദിര്‍ഹം. തുടര്‍ന്ന് അദ്ദേഹം കച്ചവടവും മറ്റും ഉപേക്ഷിച്ചു. എന്നാല്‍ രണ്ടു വര്‍ഷത്തിലേറെ ഭരിച്ചിട്ടും അദ്ദേഹം ആകെ വാങ്ങിയത് 8000 ദിര്‍ഹം മാത്രമാണ്. മരണമടഞ്ഞപ്പോള്‍, പൊതു ഖജനാവില്‍ നിന്നു ചെലവുവിഹിതം പറ്റിയതിനു പകരമായി സ്വന്തം ഭൂമി മുസ്‌ലിംകള്‍ക്ക് നിശ്ചയിക്കുകയും തന്റെ ഭൃത്യര്‍, വാഹനം, മറ്റു സാമഗ്രികള്‍ എന്നിവ ശേഷം വരുന്ന ഖലീഫക്ക് വിട്ടുകൊടുക്കാന്‍ ഏല്‍പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണാനന്തരം ഇതെല്ലാം തന്റെയടുക്കലേക്ക് കൊണ്ടുവന്നപ്പോള്‍ രണ്ടാം ഖലീഫ ഉമര്‍(റ) മുന്‍ഗാമിയുടെ മഹനീയ മാതൃകക്കു മുമ്പില്‍ വിതുമ്പി.
ഹിജ്റ 13 ജമാദുല്‍ ആഖര്‍ 7ന് പനി ബാധിച്ച ഖലീഫ നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ പോലുമാകാതെ 15 നാള്‍ രോഗശയ്യ പ്രാപിച്ചു. ഇമാമത്തിന് ഉമര്‍(റ)നെയാണദ്ദേഹം നിയോഗിച്ചത്. ചികിത്സകനെ കാണിക്കാന്‍ നിര്‍ദേശിച്ചവരോട് ഖലീഫ, തന്നെ വ്യൈന്‍ പരിശോധിച്ചുവെന്ന് പറഞ്ഞു. എന്താണ് അദ്ദേഹം നിര്‍ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ‘ഞാന്‍ ഉദ്ദേശിച്ചത് പ്രവര്‍ത്തിക്കും.’ അല്ലാഹുവിനെ സൂചിപ്പിച്ചാണിദ്ദേഹം പറഞ്ഞത്.
തന്റെ ശേഷം ഖിലാഫത്തിനെ ചൊല്ലി സമുദായം ഭിന്നിക്കാതിരിക്കാന്‍ സ്വഹാബി പ്രമുഖരോട് ചര്‍ച്ച നടത്തി ഉമര്‍(റ)നെ ഖലീഫയായി നിശ്ചയിച്ചുകൊണ്ട് അദ്ദേഹം വസ്വിയ്യത്ത് എഴുതി:
‘ബിസ്മില്ലാഹ്. റസൂലിന്റെ ഖലീഫ അബൂബക്കര്‍, ദുനിയാവിലെ അവസാനത്തെയും പരലോകത്തെ ആദ്യത്തേതുമായി ചെയ്യുന്ന ഉടമ്പടിയാണിത്. നിങ്ങളുടെ നന്മക്കായി ഞാന്‍ ഉമറിനെ സേവകനാക്കി നിയോഗിക്കുന്നു. അദ്ദേഹം ക്ഷമയും നീതിയും കൈകൊണ്ടാല്‍ അത് അദ്ദേഹത്തെക്കുറിച്ച് എനിക്കുള്ള അറിവിനോടും പ്രതീക്ഷയോടും യോജിച്ചു. ഇനിയദ്ദേഹം അക്ഷമയും അനീതിയും കാണിച്ചാല്‍ ഭാവി എന്റെ പക്കലല്ല. ഞാന്‍ നന്മയേ ഉദ്ദേശിച്ചുള്ളൂ. സ്വന്തം പ്രവൃത്തികള്‍ അവരവര്‍ക്കനുഭവിക്കാം. അക്രമികളുടെ മടക്കം എങ്ങോട്ടാണെന്ന് പിന്നീടവരറിയും.’ ഈ സന്ദേശം ഉമര്‍(റ) മുസ്‌ലിംകളെ വായിച്ചു കേള്‍പ്പിച്ചു. ഉമര്‍(റ)വിനോടും മഹാന്‍ അന്ത്യോപദേശം നല്‍കി.
എഡി 634 ആഗസ്ത് 23 (ജമാദുല്‍ ആഖിര്‍ 21). പനി കടത്തുകൊണ്ടിരുന്നു. സ്വഹാബികള്‍ ഖലീഫയുടെയടുത്തു തന്നെ കഴിഞ്ഞു. റസൂലിനു പിറകെ ഉറ്റ കൂട്ടുകാരനും യാത്രയാവുകയാണെന്ന് അവര്‍ ദുഃഖത്തോടെ തിരിച്ചറിഞ്ഞു. തിരുദൂതരുടെ വഫാത്തോടെ അശാന്തമായ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുനഃസ്ഥാപിച്ച് പടനായകന്‍ പിന്‍വാങ്ങുകയാണ്. സ്നേഹിതന്‍ സ്നേഹിതനോട് ചേരുന്നു. ‘എന്നെ മുസ്‌ലിമായി മരിപ്പിക്കണേ, എന്നെ സജ്ജനങ്ങളോട് ചേര്‍ക്കണേ.’ അവസാനമായി ഖലീഫ പറഞ്ഞ വാചകം. ആത്മാവ് അകലുകയാണ്. മലക്കുകള്‍ ആദരവോടെ അതേറ്റുവാങ്ങി. റസൂലിന്റെ അതേ വയസ്സ് 63ല്‍ ഖലീഫയുടെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ മദീനാ മലര്‍വനി, ഒരിക്കല്‍ കൂടി ശോകാര്‍ദ്രമായി.
വസ്വിയ്യത്ത് പ്രകാരം ഭാര്യ അസ്മാഅ്(റ) തന്നെ ഭര്‍ത്താവിന്റെ ഭൗതിക ദേഹം കുളിപ്പിച്ചു; പുത്രന്‍ അബ്ദുറഹ്മാന്‍(റ)ന്റെ സഹായത്തോടെ. പുതിയ ഖലീഫ ഉമര്‍(റ)ന്റെ നേതൃത്വത്തിലായിരുന്നു ജനാസ നിസ്കാരം. ഉമര്‍, ത്വല്‍ഹത്, ഉസ്മാന്‍, അബ്ദുറഹ്മാന്‍ (റ.ഹും) ചേര്‍ന്ന് മയ്യിത്ത് ഖബ്റിലേക്കു വെച്ചു. മകളും നബിപത്നിയുമായ ആഇശ(റ)യുടെ വീട്ടില്‍ നബിയുടെ ചാരത്ത് ആ പുണ്യപുരുഷന്‍ നിത്യനിദ്ര കൊള്ളുന്നു. നബി(സ്വ)യുടെ സമ്മതപ്രകാരമായിരുന്നു അത്. ഖലീഫയുടെ ജനാസയുമായി റൗളയെ സമീപിച്ച് സ്വഹാബികള്‍ പറഞ്ഞു: റസൂലേ, അബൂബക്കറിതാ കാത്തുനില്‍ക്കുന്നു.’ ഉടനെ തിരുദൂതരുടെ മറുപടിയുണ്ടായി: കൂട്ടുകാരനെ സ്നേഹിതന്റെ അടുത്തേക്ക് പ്രവേശിപ്പിക്കുക!
അബ്ദുല്‍ ഗഫൂര്‍ നിസാമി