ഗുരുഭക്തിയുടെ ഉത്തമ പ്രതീകമായിരുന്നു അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ). ജീവിതത്തിലുടനീളം ഗുരുവായ പ്രവാചകര്‍(സ്വ)യെ അനുകരിക്കുകയും ആദരിക്കുകയും ഹൃദയത്തിലേറ്റുകയുമായിരുന്നു അദ്ദേഹം. ലോകം മുഴുവനും ഖിയാമം വരെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവായി വാഴ്ത്തുന്നതിന്റെ പിന്നിലും ഈ ഗുരുഭക്തിയും ആദരവും ദര്‍ശിക്കാനാവും.

അറിവിന്റെ അലകടലാണ് മഹാന്‍. വിശുദ്ധ ഖുര്‍ആനിന്റെ അനന്ത ലോകത്തേക്ക് കൈപിടച്ചാനയിച്ച വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവ്, ഹബ്റുല്‍ ഉമ്മ, ഫഖീഹുല്‍ അസ്വര്‍, ഇമാമുത്തഫ്സീര്‍ തുടങ്ങിയ സ്ഥാനപ്പേരുകളുടെ ഉടമ, മുത്ത് നബിയുടെ പിതൃവ്യപുത്രന്‍, അറിവിന്റെ ആഴവും വ്യാപ്തിയും അളന്നു തിട്ടപ്പെടുത്താനാവാത്ത മഹാസാഗരം, ഇത്കൊണ്ട് തന്നെയായിരിക്കാം അത്വാഅ്(റ) പലയിടങ്ങളിലും ബഹ്റ് (സമുദ്രം) പറഞ്ഞു, ബഹ്റ് ചെയ്തു തുടങ്ങിയ പ്രയോഗങ്ങള്‍ മഹാനായ അബ്ബാസ്(റ)നെ കുറിച്ച് നടത്തുന്നത്. താഊസ്(റ) പറയുന്നതായി കാണാം. ഇബ്നു അബ്ബാസ്(റ)വിനെപ്പോലെ മറ്റൊരാത്മജ്ഞാനിയെയും ഞാന്‍ കണ്ടിട്ടില്ല. സഅ്ദ്(റ) പറയുന്നു: വിശാല മനസ്സും സഹന ശേഷിയും ബുദ്ധിയും ജ്ഞാനവും എല്ലാം മേളിച്ച ഒരാളായി ഇബ്നു അബ്ബാസ് (റ) വിനെ ഞാന്‍ കാണുന്നു.

ഉമ്മുല്‍ മുഅ്മിനീന്‍ മൈമൂന(റ)യുടെ സഹോദരി ഉമ്മുല്‍ ഫള്ല്‍ ബീവിയാണ് ഇബ്നു അബ്ബാസ്(റ)വിന്റെ മാതാവ്. പിതാവ് നബി(സ്വ)യുടെ പിതൃവ്യനായ അബ്ബാസ്(റ)വും.

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിന്റെ ജന്മദിനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹിജ്റ ഒന്നാം വര്‍ഷം, ഹിജ്റയുടെ അഞ്ച് വര്‍ഷം മുമ്പ്, മൂന്ന് വര്‍ഷം മുമ്പ്, രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ വിവരണങ്ങള്‍ കാണാം.

ഇബ്നു അബ്ബാസ്(റ) പറയുന്നു; നബി(സ്വ) വഫാതാകുള്‍ എനിക്ക് പത്തു വയസ്സായിരുന്നു.(മുസ്നദ് 1/2289). മഅ്രിഫത്തു സ്വഹാബയില്‍ 3/6276ല്‍ ഇങ്ങനെ കാണാം. നബി(സ്വ) വഫാതാകുള്‍ മഹാന് പതിനഞ്ച് വയസ്സായിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹിജ്റയുടെ ഒന്നാം വര്‍ഷം, ഹിജ്റയുടെ അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയവ വ്യക്തമാവുന്നു. വാഹിദി പറയുന്നു: ശിഅ്ബ് അബീത്വാലിബില്‍ വെച്ചായിരുന്നു മഹാനെ പ്രസവിക്കപ്പെട്ടത്. അത് ഹിജ്റയുടെ ഏഴ് വര്‍ഷം മുമ്പാണ്. ഹിജ്റയുടെ മൂന്ന് വര്‍ഷം മുമ്പായിരുന്നു എന്നതാണ് പ്രബലമായ റിപ്പോര്‍ട്ട് എന്ന് താരീഖുബ്നു അസാക്കിറില്‍ പറയുന്നുണ്ട്.

ഒത്തിണങ്ങിയ ശരീര പ്രകൃതിയായിരുന്നു അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിന്‍റേത്. വിശാലമായ മുഖം, മഞ്ഞ കലര്‍ന്ന വെളുപ്പ് നിറം. മുടിയില്‍ മൈലാഞ്ചി ഉപയോഗിച്ച് ചായം വരുത്താറുണ്ടായിരുന്നു. തിളക്കവും സുഗന്ധവും നിറഞ്ഞ ശരീരപ്രകൃതി ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. വഴിയിലൂടെ നടന്ന് നീങ്ങുള്‍ സുഗന്ധം അനുഭവിച്ച സ്ത്രീകള്‍ വീടുകളില്‍ നിന്ന് പറയുമത്രെ… കസ്തൂരിയാണോ ഇബ്നു അബ്ബാസാണോ ഈ വഴി പോയതെന്ന് (സീറത്തു …. 4/442). ത്വല്‍ഹത്തുബ്നു ഉബൈദില്ലാ(റ) പറയുന്നതായി കാണാം: അറിവും ഗ്രാഹ്യശക്തിയും പ്രകടനക്ഷമതയും ഇബ്നു അബ്ബാസ്(റ)വിനു നല്‍കപ്പെട്ടു. ഉമര്‍(റ) സര്‍വ വിഷയങ്ങളിലും അദ്ദേഹത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്.

താഊസ്(റ) പറയുന്നു; അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിനെപ്പോലെ അല്ലാഹുവിന്റെ ആദരണീയ വിഷയങ്ങളില്‍ ബഹുമാനപൂര്‍വം കണിശത പുലര്‍ത്തുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല (ഹില്‍യതുല്‍ ഔലിയ 1/329). അറിവിന്റെ വ്യാപ്തിയും ആഴവും മനസ്സിലാക്കി മഹാനെ ബഹ്റ്(കടല്‍) എന്ന് വിളിക്കാറുണ്ടായിരുന്നുവെന്ന് മുജാഹിദ്(റ) പറയുന്നു (മആരിഫുസ്സ്വഹാബ 3/6290). മസ്റൂഖ്(റ) പറയുന്നു: അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: ജനങ്ങളുടെ കൂട്ടത്തില്‍ ഭംഗിയുള്ളയാള്‍, സംസാരിച്ചപ്പോള്‍ സാഹിത്യ സമ്പുഷ്ടമായ വാക്കിന്റെ ഉടമ, ഹദീസ് പറഞ്ഞ് തന്നപ്പോള്‍ ജനങ്ങളിലെ ആത്മജ്ഞാനി(അന്‍സാബുല്‍ അശ്റാഫ് 3/30). അറിവിന്റെയും ഗ്രാഹ്യശക്തിയുടെയും നിറഞ്ഞ ലോകം സമൂഹത്തിന് പകുത്തു നല്‍കുകയായിരുന്നു ഇബ്നുഅബ്ബാസ്(റ). അത് കൊണ്ടാണ് ആ മഹാസാഗരത്തിനു മുന്നില്‍ സ്വഹാബി വൃന്ദം അംഗീകാരത്തിന്റെ നിറവു നല്‍കിയത്. ബാഹ്യ സൗന്ദര്യം പോലെ ആത്മാവിന്റെ വെളുപ്പും നിറഞ്ഞു മഹാനില്‍. ആ മഹാസാഗരത്തില്‍ നീന്തിത്തുടിച്ചവരാണ് അത്വാഉബ്നു അബീറബാഹ്(റ), ത്വാഊസ്(റ), മുജാഹിദ്(റ) പോലുള്ളവര്‍.

ഈ അറിവിന്റെയും ജ്ഞാനത്തിന്റെയും വഴിയിലെ വഴികാട്ടിയും മാര്‍ഗദര്‍ശിയും പ്രവാചകര്‍(സ്വ)യായിരുന്നു.

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു. ഞാന്‍ മൈമൂനാ ബീവിയുടെ വീട്ടിലേക്ക് വിരുന്നിന് പോയി. രാത്രിയില്‍ നബി(സ്വ)ക്ക് വുള്വൂഇന് വെള്ളം സജ്ജീകരിച്ചു. പ്രവാചകര്‍ ചോദിച്ചു. ആരാണിത് കൊണ്ട് വന്നത്? അബ്ദുല്ലയാണെന്ന് മറുപടി ലഭിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ.. ഇദ്ദേഹത്തെ ദീനില്‍ ജ്ഞാനിയാക്കുകയും ഖുര്‍ആന്‍ വ്യാഖ്യാനം വശമാക്കി കൊടുക്കുകയും ചെയ്യേണമേ…(മുസ്നദ് 1/2397). അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നതായി താഊസ്(റ) ഉദ്ധരിക്കുന്നു: എന്റെ മൂര്‍ദ്ദാവില്‍ തടവി നബി(സ്വ) പ്രാര്‍ത്ഥിച്ചു; ഇദ്ദേഹത്തിന് വ്യഖ്യാനം പഠിപ്പിക്കുകയും തത്ത്വജ്ഞാനം നല്‍കുകയും ചെയ്യേണമേ..

തിരുനബിയെ പൂര്‍ണമായും അനുസരിക്കുകയും പിമ്പറ്റുകുയും സേവനങ്ങള്‍ ചെയ്യുകയും ചെയ്ത വിശാല മനസ്സിന് അവിടുന്ന് നല്‍കിയ ഉപഹാരങ്ങളായിരുന്നു ഈ പ്രാര്‍ത്ഥനകളെല്ലാം. ജ്ഞാനവും തന്ത്രവും മേളിച്ച അത്യുന്നതനായ ഈ ഖുര്‍ആന്‍ വ്യാഖ്യാതാവിന്റെ സര്‍വ ഉയര്‍ച്ചകളും മുത്ത് നബിയുടെ പ്രാര്‍ത്ഥനാനന്തരമായിരുന്നു.

പുതിയ കാലത്തെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ പൂര്‍ണ രീതിയിലുള്ള ഗുരുഭക്തിയോടും ആദരവിനോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ടീച്ചര്‍ എന്ന് വിളിക്കരുതെന്നും മെന്‍റര്‍, ഫെസിലിറ്റേറ്റര്‍, ഗൈഡ് എന്നൊക്കെയാണ് പറയേണ്ടത് എന്നും അവര്‍ പറയുഴും ഗുരുശിഷ്യ ബന്ധത്തിന്റെ തെളിഞ്ഞ ചരിത്രം നമ്മെ പാരമ്പര്യത്തിന്റെ വഴിയിലേക്ക് കൈപിടിക്കുന്നു. എന്നല്ല, യഥാര്‍ത്ഥ അറിവിന്റെ കൈമാറ്റ വഴികള്‍ ഇതു തന്നെയാണെന്ന് നാം തിരിച്ചറിയണം.

മുഹമ്മദ് സല്‍മാന്‍ തോട്ടുപൊയില്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ