Santhwana Kendram @ RCC tvm

രോഗം ഒരു സ്വകാര്യ ബാധ്യതയല്ലെന്നും രോഗിക്കുള്ള സഹായ ഹസ്തം പൊതു ഉത്തരവാദിത്വമാണെന്നുമുള്ള വലിയ തിരിച്ചറിവിന്‍റെ ഘട്ടത്തിലൂടെയാണ്  സമൂഹം കടന്നുപോകുന്നത്. കേവല സഹതാപമല്ല, ആ വികാരമുണര്‍ത്തുന്ന പ്രവര്‍ത്തികളാണ്  ആവശ്യമെന്ന പൊതുബോധ്യവും ഏറെക്കുറെ എല്ലാവര്‍ക്കുമിന്നുണ്ട്. മനുഷ്യരുടെ സഹജമായ ഒഴിവുകഴിവുകള്‍ക്കും സ്വതസിദ്ധമായ അലസതക്കും കണ്ടില്ലെന്ന് വെക്കാനാകാത്ത സാമൂഹിക സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്. നോക്കൂ, വലിയ അസുഖങ്ങള്‍ നമുക്കൊക്കെ അപരിചിതമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ അത് നമുക്കോരോരുത്തര്‍ക്കും പരിചിതമായിരിക്കുന്നു.

ശരീരത്തിന്‍റെ വേദനകളും മനസ്സിന്‍റെ വേവലാതികളും സാമ്പത്തിക പരാധീനതകളും തുടങ്ങി പറഞ്ഞാല്‍ തീരാത്ത ഒരുപാടൊരുപാട് പ്രതിസന്ധികള്‍ ഒത്തൊരുമിച്ച് ഒരു മനുഷ്യനെ കാര്‍ന്നുതിന്നുകയാണ്. മനുഷ്യന്‍ അവന്‍റെ ഉടലിനെത്തന്നെ തള്ളിപ്പറയുന്ന സന്ദര്‍ഭം. പാടില്ലെന്നറിഞ്ഞിട്ടും പലരും മരണത്തെ ആശിച്ചുപോകുന്ന സാഹചര്യം. മറ്റെന്ത് പോയാലും ആഭിജാത്യം കൈവിടരുതെന്ന് അങ്ങേയറ്റം ആഗ്രഹിക്കുന്നവര്‍ പോലും പതറിപ്പോവുകയും സഹായം കാംക്ഷിക്കുകയും ചെയ്യുന്നു.

ഈ നിസ്സഹായതക്ക് മുമ്പില്‍ നമുക്കെങ്ങനെയാണ് നമ്മുടെ കൈ പിന്‍വലിക്കാന്‍ കഴിയുക? അടിപതറിപ്പോകുന്ന മനുഷ്യരെ അണച്ചുകൂട്ടിപ്പിടിക്കാതിരിക്കാന്‍ എന്തുണ്ട് നിങ്ങള്‍ക്ക് ന്യായം എന്ന് നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാദര്‍ശത്തിന്‍റെ അനുയായികള്‍ക്ക് ഈ ഘട്ടത്തില്‍ സ്തംഭിച്ചുനില്‍ക്കാനാകില്ല. അങ്ങനെയാണ് രോഗികളുടെ പ്രയാസങ്ങളെ അതിന്‍റെ സൂക്ഷ്മ തലത്തില്‍ മനസ്സിലാക്കാനും പരമാവധി  പ്രതിവിധികള്‍ നല്‍കാനും എസ്വൈഎസ് സാന്ത്വനം മുന്നോട്ടുവരുന്നത്. ഇതിന്‍റെ ഏറ്റവും പ്രധാന സംരംഭങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് ഈ മാസം 25-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ‘എസ്വൈഎസ് സാന്ത്വനം.’

തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്‍റര്‍, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, എസ്എടി ആശുപത്രി എന്നിവയൊക്കെ ഒരു ചുറ്റുമതിലിനകത്താണ്. കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ ഇവിടേക്കെത്തുന്ന ഒരുപാട് മനുഷ്യരുണ്ട്. വിദഗ്ധ ചികിത്സ വേണ്ടവര്‍ മുഖ്യമായും റീജ്യനല്‍ ക്യാന്‍സര്‍ സെന്‍റര്‍ ലക്ഷ്യമാക്കിയാണെത്തുന്നത്. അവരില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരും ദരിദ്രരുമാണ്.  ഇങ്ങനെ ആര്‍സിസിയില്‍ വരുന്ന രോഗികളില്‍ പലര്‍ക്കും ഒരു ദിവസം വളരെ കുറഞ്ഞ സമയത്തെ ചികിത്സയായിരിക്കും ആശുപത്രിയില്‍ വേണ്ടിവരിക. അഡ്മിറ്റ് ഉണ്ടാകില്ല. ഒരു ദിവസം ഒരു കീമോ, അല്ലെങ്കില്‍ ഒരു ഇഞ്ചക്ഷന്‍ കഴിഞ്ഞ് പുറത്ത്  പോകണം. എന്നാല്‍ ചിലര്‍ക്ക് ഇത് ഒന്നോ രണ്ടോ ദിവസങ്ങളായിരിക്കില്ല. നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം, ഒരാഴ്ച,  പതിനഞ്ച് ദിവസം, ഇരുപത് ദിവസം, ഒരു മാസം എന്നിങ്ങനെയൊക്കെ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ചികിത്സ ഉണ്ടാകാം. രോഗത്തിന്‍റെ നിലയനുസരിച്ച് അങ്ങനെയാണ് ചികിത്സാ കോഴ്സുകള്‍.

ഇത്തരക്കാര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റില്ലാത്തതിനാല്‍, അത്രയും ദിവസം പുറത്ത്  റൂമെടുത്ത് താമസിക്കണം. ഭക്ഷണം പുറത്ത് നിന്ന് വാങ്ങിക്കഴിക്കണം. മറ്റു ചെലവുകള്‍ പുറമെയും. ചികിത്സാ ചെലവുകള്‍ക്കൊപ്പം ഇത് വലിയ സാമ്പത്തിക ബാധ്യതകളാണ്  വരുത്തിവെക്കുന്നത്. സാമ്പത്തികമായി ഒത്തുപോകുന്നവര്‍ക്കാകട്ടെ, അസൗകര്യങ്ങളും പ്രയാസങ്ങളും മനസ്സിനിണങ്ങാത്ത അന്തരീക്ഷവും പ്രതിസന്ധി. സാധാരണ അവസ്ഥയില്‍ തന്നെ സ്വന്തം വീടും സൗകര്യങ്ങളും വിട്ടുള്ള താസമം എത്ര ക്ലേശകരമാണ്. ഇവിടെ രോഗപീഡകളും അരിച്ചിറങ്ങുന്ന വേദനകളും പേറി വരുന്നവരാണല്ലോ. പതിനായിരക്കണക്കിന് രൂപ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിക്കേണ്ടിവരുന്നു. ചികിത്സക്കുള്ള പണം തന്നെ പ്രയാസത്തിലാക്കുന്ന മനുഷ്യരാണ് നിര്‍ബന്ധിതമായി  ധനം വ്യയം ചെയ്യേണ്ടിവരുന്നത്.

ഇങ്ങനെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസിക്കേണ്ടിവരുന്ന രോഗികളും ബന്ധുക്കളും അനുഭവിക്കുന്ന യാതനകളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. ചില സംഘടനകളുടെ അഭയകേന്ദ്രങ്ങളുണ്ടെങ്കിലും അവയൊക്കെ നിറഞ്ഞു കവിയുകയാണ്. ഇത്തരം ഘട്ടങ്ങളില്‍ അവിടെ എത്തിപ്പെടുന്ന പലരും പ്രസ്ഥാനത്തിന്‍റെ നേതാക്കളെയും പ്രവര്‍ത്തകരെയും ബന്ധപ്പെടാറുണ്ട്. സൗജന്യ താമസത്തിനും ഭക്ഷണത്തിനും എന്തെങ്കിലും സൗകര്യങ്ങളുണ്ടോ എന്നാണ് ചോദ്യം. എന്തെങ്കിലും സംവിധാനമൊരുക്കാന്‍ കഴിയുമോ എന്ന ഉള്ളുലയ്ക്കുന്ന, നിത്യേന വരുന്ന ഈ അന്വേഷണങ്ങളില്‍ നിന്നാണ്  എസ്വൈഎസിന്‍റെ കീഴില്‍ സാന്ത്വന കേന്ദ്രം എന്ന ആശയം മുളപൊട്ടുന്നത്. സൗജന്യമായോ സൗജന്യ നിരക്കിലോ താമസ സൗകര്യവും സൗജന്യ ഭക്ഷണവും നല്‍കണമെന്ന് തീരുമാനിക്കുന്നത്. അവിടെയെത്തുന്ന രോഗികളില്‍ പലരും നിസ്കാരത്തിനും ആരാധനാ കര്‍മങ്ങള്‍ക്കും പ്രയാസമനുഭവപ്പെടുന്നവരുമാകും. അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക എന്നത് വലിയ ദൗത്യമാണ്. രോഗാവസ്ഥയില്‍  മനസ്സമാധാനവും പ്രാര്‍ത്ഥനയും ആരാധനാ കര്‍മങ്ങളും ഏറെ പ്രധാനമാണല്ലോ.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസിഡന്‍റും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ജനറല്‍ സെക്രട്ടറിയുമായ ഘട്ടത്തിലാണ് ഈ ആലോചനകള്‍ക്ക് മൂര്‍ത്ത രൂപം കൈവരുന്നതും സ്ഥലം കണ്ടെത്തുന്നതും. അങ്ങനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ പ്രധാന കവാടത്തിനടുത്ത് സ്ഥലം തീരുമാനമായി. എത്ര വിപുലമായ സൗകര്യമുണ്ടായാലും അത്രയും പേര്‍ ആവശ്യക്കാരായുണ്ട് എന്ന് മനസ്സിലായതോടെ ഇതൊരു വലിയ പദ്ധതിയാക്കണമെന്ന് ആലോചനയുണ്ടായി. അങ്ങനെ ഈ പ്രൊജക്ട് പ്രവാസി സംഘടനയായ ഐസിഎഫിന്‍റെ മുമ്പില്‍ വച്ചു. സംഘടനയുടെ ജിസിസി കമ്മിറ്റിയും വ്യത്യസ്ത നാഷണല്‍ കമ്മിറ്റികളും വിഷയത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി ആവേശപൂര്‍വം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നു.

അത് കഴിഞ്ഞ് പേരോട് ഉസ്താദ് പ്രസിഡന്‍റും ഈ കുറിപ്പുകാരന്‍ ജനറല്‍ സെക്രട്ടറിയുമായ കാലത്ത് പണിയാരംഭിച്ച് സയ്യിദ് ത്വാഹ സഖാഫി പ്രസിഡന്‍റും ഈ വിനീതന്‍ സെക്രട്ടറിയുമായ കമ്മിറ്റിക്കു കീഴിലാണ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. 25,000 സ്ക്വയര്‍ ഫീറ്റാണ് ഏരിയ. ഗ്രൗണ്ടും മൂന്ന് ഫ്ളോറും. സ്ത്രീകള്‍ക്ക് പ്രത്യേകം താമസ സൗകര്യമുണ്ട്, പ്രാര്‍ത്ഥനാ സൗകര്യങ്ങളും. പുരുഷന്മാര്‍ക്ക് പ്രത്യേക ഫ്ളോറും വാര്‍ഡും വേറെ. സ്വന്തമായി ഉപയോഗിക്കാവുന്ന നല്ല റൂമുകള്‍, ഡോര്‍മെട്രി റൂമുകള്‍, വാര്‍ഡുകള്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് താമസ സൗകര്യമുണ്ടാവുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ വാര്‍ഡുകളും ഏരിയകളും. ഭക്ഷണ ഹാളും നിസ്കാര ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യമുണ്ട്.

ഭക്ഷണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി നല്‍കണമെന്നാണ്  ഉദ്ദേശിക്കുന്നത്. താമസം സൗജന്യവും സൗജന്യ നിരക്കിലുമുണ്ട്. ഓരോ ദിവസവും അവിടെ വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണ സൗകര്യവും താമസ സൗകര്യവും അവരുടെ മാനസികാശ്വാസത്തിന് പര്യാപ്തമായ പരിപാടികളും സദസ്സുകളും ദുആ മജ്ലിസുകളുമുണ്ടാകും. ഇങ്ങനെ ഇസ്ലാമിക ചിട്ടയില്‍ സ്വസ്ഥമായ അന്തരീക്ഷം സംജാതമാകുന്നത് തന്നെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമുണ്ടാക്കുന്ന ആശ്വാസം ചെറുതാകില്ല. സംരംഭത്തിലെ ഏറ്റവും വലിയ മേന്മകളിലൊന്ന് ഇവിടുത്ത ദീനീ അന്തരീക്ഷമാണെന്ന് പറയാം.  രോഗികളുടെയും ബന്ധുക്കളുടെയും മാനസികാവസ്ഥയില്‍ ആത്മീയ അന്തരീക്ഷം നല്‍കുന്ന ആത്മവിശ്വാസം വലുതാണല്ലോ. മറ്റൊന്ന് ‘എസ്വൈഎസ് സാന്ത്വനം’ ആര്‍സിസിക്കും മറ്റു ആശുപത്രികള്‍ക്കും വളരെ  അടുത്താണ് എന്നതാണ്. 300 രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ സൗകര്യമുണ്ടാകും. ഒരു മാസം 79  ലക്ഷം രൂപ ചെലവാകുമെന്നാണ് കരുതുന്നത്.

ഈ വലിയ സംരംഭത്തിന് വിവിധ തലങ്ങളില്‍ നിന്ന് ഉദാരമായ സഹകരണങ്ങളുണ്ടായി എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു. ഐസിഎഫ് ഇതിനെ സ്വന്തം പദ്ധതിയായി ഏറ്റെടുത്തു. അവരുടെ അലിവിന്‍റെയും കനിവിന്‍റെയും കൈകള്‍ സംരംഭം പൂര്‍ത്തീകരിക്കുന്നതില്‍ വലിയ സംഭാവനായി.

ആരുമില്ലാത്തവര്‍ മാത്രമല്ല, എല്ലാവരുമുള്ളവര്‍ പോലും നിസ്സഹായരായിത്തീരുന്ന രോഗങ്ങളും ചികിത്സകളും…. വേദനകളും പരാധീനതകളും തിന്ന് മനോവീര്യം കെട്ടുപോകുന്ന മനുഷ്യരെ, പരിചരിച്ച് പരിചരിച്ച് മടുത്തിട്ടും മടുപ്പ് കാട്ടാത്ത അവരുടെ ബന്ധുക്കളെ ചേര്‍ത്തുപിടിക്കുകയാണ് നമ്മള്‍… നാഥന്‍ സ്വീകരിക്കട്ടെ.

You May Also Like

മയ്യിത്ത് പരിപാലനം

മരണം സുനിശ്ചിതമാണ്. ആത്മാവ് ശരീരവുമായി വേര്‍പിരിയുന്നതാണ് മരണം. അല്ലാഹു പറയുന്നു: ‘എതൊരു ശരീരവും മരണം രുചിക്കുന്നതാണ്.…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…