?ദുരുദ്ദേശ്യങ്ങളൊന്നുമില്ലാതെ കോളേജിലെ സഹപാഠികളായ പെൺകുട്ടികളോട് നേരിൽ സംസാരിക്കുന്നതിന് വിരോധമുണ്ടോ? അധ്യാപികമാരോടും ഈ വിലക്കുണ്ടോ?

ഒരു എസ്എസ്എഫ് പ്രവർത്തകൻ

സ്ത്രീകളുടെ ശബ്ദം ശ്രവിക്കുന്നതും അവരോട് സംസാരിക്കുന്നതും നിരുപാധികം നിഷിദ്ധമല്ല. ലൈംഗിക താൽപര്യത്തോടെയും നിഷിദ്ധമായ കാര്യങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലുമുള്ള സംസാരവും ശബ്ദ ശ്രവണവും നിഷിദ്ധമാണ്. അതില്ലെങ്കിൽ നിഷിദ്ധമല്ല. പക്ഷേ, ദുരുദ്ദേശ്യങ്ങളൊന്നുമില്ലെങ്കിലും അന്യ സ്ത്രീയുടെ ശരീര ഭാഗങ്ങൾ ബോധപൂർവം കാണൽ നിഷിദ്ധം തന്നെയാണ്.

അന്യരായ സ്ത്രീയും പുരുഷനും ഒറ്റക്ക് ഒരിടത്ത് സംഗമിക്കുന്നതും ഹറാമാണ്. സഹപാഠികൾക്കും അധ്യാപികമാർക്കുമെല്ലാം ഈ വിധി ബാധകം. എന്നാൽ പഠിക്കണമെന്ന് ഇസ്‌ലാം നിർദേശിച്ച പാഠങ്ങളുടെ പഠനത്തിനും അധ്യാപനത്തിനും അത്യാവശ്യമായി വരുന്ന ദർശനം നിബന്ധനകൾക്ക് വിധേയമായി അനുവദനീയമാണ്. ഫത്ഹുൽ മുഈൻ, തുഹ്ഫതുൽ മുഹ്താജ് തുടങ്ങിയ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് ഇത് വ്യക്തമാകും.

 

?പ്രവാചകരുടെ കാലത്ത് അറേബ്യയിൽ ഒരത്ഭുത ബാലൻ പ്രത്യക്ഷപ്പെട്ടുവെന്നും ദജ്ജാലാണെന്ന് അഭിപ്രായമുണ്ടായതിനാൽ ഉമർ(റ) കൊല്ലാൻ തുനിഞ്ഞപ്പോൾ റസൂൽ(സ്വ) തടഞ്ഞുവെന്നും പിന്നീടവൻ അപ്രത്യക്ഷനായെന്നും കേട്ടു. എന്താണ് വസ്തുത. ഇവനാണ് പിന്നീട് പ്രത്യക്ഷപ്പെടുന്ന മസീഹുദ്ദജ്ജാൽ എന്ന് ഇമാമുമാരാരെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ടോ?

മുഹമ്മദ് സിനാൻ അരിമ്പ്ര

റസൂൽകരീം(സ്വ)യുടെ ജീവിത കാലത്ത് ഇബ്‌നുസ്വയ്യാദ് എന്ന് പറയപ്പെടുന്ന ഒരു ബാലനെ കണ്ട് മുട്ടിയതും അവന്റെ ചില സംസാരങ്ങൾ കേട്ടപ്പോൾ അവനെ വധിക്കാൻ ഉമർ(റ) അനുവാദം ചോദിച്ചതും നിങ്ങൾ വിചാരിച്ചവനാണ് അവനെങ്കിൽ നിങ്ങൾക്ക് അവനെ കൊല്ലാൻ കഴിയില്ലെന്നും നിങ്ങൾ വിചാരിച്ചവനല്ലെങ്കിൽ അവനെ കൊല്ലുന്നതിൽ ഗുണമില്ലെന്നും പറഞ്ഞുകൊണ്ട് നബി(സ്വ) വിലക്കിയതും ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ), തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കബളിപ്പിക്കൽ വീരന്മാരും വ്യാജന്മാരുമായ ധാരാളം ദജ്ജാലുകളുണ്ടെന്ന് തിരുനബി(സ്വ) വ്യക്തമാക്കിയത് പ്രമാണയോഗ്യമായ ഹദീസുകൾ മുഖേന സ്ഥിരപ്പെട്ടതാണ്. അത്തരം ദജ്ജാലുകളിൽ ഒരാളാണ് ഇബ്‌നുസ്വയാദ് എന്നതിൽ സംശയമില്ലെന്ന് ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു. അന്ത്യനാളിനോടടുത്ത് പ്രത്യക്ഷപ്പെടുന്ന മസീഹുദ്ദജ്ജാൽ അവൻ തന്നെയാണെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് ഖണ്ഡിതമായി സ്ഥിരപ്പെട്ടിട്ടില്ല (ഫത്ഹുൽ ബാരി 13/372, ശറഹ്മുസ്‌ലിം 18/46).

 

?മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബ് ജനിച്ചത് നജ്ദിലാണോ, നജ്ദിൽ പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടോ?

ഷാഫിൻ പൂങ്ങോട്

മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബ് ജനിച്ചത് നജ്ദിലാണ്. ഇക്കാര്യം മുജാഹിദുകൾ തന്നെ എഴുതിയിട്ടുണ്ട്: ‘വഹാബി പ്രസ്ഥാനമെന്ന് എതിരാളികളും മുവഹ്ഹിദുകൾ എന്ന് അനുകൂലികളും വിളിക്കുന്ന ചിന്താധാര ഏതോ അതിന്റെ പ്രഭവകേന്ദ്രമായ ശൈഖ് മുഹമ്മദ് ബ്‌നുൽ അബ്ദിൽ വഹാബ് 1703-ൽ നജ്ദിൽ ഭൂജാതനായി’ (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേ 13).

അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം: അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ ബറകത് ചെയ്യണേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ ബറകത്ത് നൽകണേ എന്ന് നബി(സ്വ) പ്രാർത്ഥിക്കുകയുണ്ടായി. അപ്പോൾ ചിലർ പറഞ്ഞു: ‘യാ റസൂലല്ലാഹ്, നമ്മുടെ നജ്ദിലും ബറകത്തിനു വേണ്ടി പ്രാർത്ഥിച്ചാലും.’ നബി(സ്വ) പറഞ്ഞു: അവിടെ ഫിത്‌നകൾ സംഭവിക്കും. അവിടെ നിന്ന് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും (സ്വഹീഹുൽ ബുഖാരി).

 

?മയ്യിത്തിന് വേണ്ടി ആദ്യം ചൊല്ലിക്കൊടുക്കേണ്ടത് തൽഖീനോ തസ്ബീതോ? നിലവിൽ തസ്ബീതാണല്ലോ ആദ്യം കണ്ടുവരുന്നത്. ഇത് മുന്തിക്കൽ സുന്നത്തുണ്ടോ?

മുജീബ് റഹ്മാൻ വെള്ളാട്ട്പറമ്പ്

മയ്യിത്തിനെ ഖബറടക്കിയതിന് ശേഷം തൽഖീനും തസ്ബീതും സുന്നത്താണ്. തസ്ബീതിനെ മുന്തിക്കൽ സുന്നത്തില്ല. തൽഖീനിന് ശേഷമാണ് തസ്ബീതിന് വേണ്ടിയുള്ള നിറുത്തമെന്നാണ് അല്ലാമാ സയ്യിദ് അലവി അസ്സഖാഫ്(റ) തർശീഹിൽ പറഞ്ഞിട്ടുള്ളത്. മയ്യിത്ത് ഖബറടക്കിയതിന് ശേഷം ആദ്യം തൽഖീനും പിന്നീട് തസ്ബീതും അല്ലെങ്കിൽ ആദ്യം തസ്ബീതും പിന്നീട് തൽഖീനും നിർവഹിച്ചാലും രണ്ടും ലഭിക്കുന്നതും ഫലം ചെയ്യുന്നതുമാണ്. ഖബ്‌റിലെ ചോദ്യവേളയിൽ സ്ഥിരത ലഭിക്കാനും പാപമോചനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയാണ് തസ്ബീത്. ഇതിന് നിശ്ചിത വാചകം തന്നെ വേണമെന്നില്ല.

 

?നോമ്പ് തുറക്കാൻ സ്വന്തം നാട്ടിലെ പള്ളിയിൽ നിന്ന് വാങ്ക് കൊടുക്കണമെന്നുണ്ടോ? വാങ്ക് കൊടുത്ത് തീർന്ന ശേഷമേ നോമ്പ് തുറക്കാൻ പാടുള്ളൂ എന്നു നിബന്ധനയുണ്ടോ?

കെപി മുജീബ്

സൂര്യാസ്തമയം ഉറപ്പായാൽ താമസിപ്പിക്കാതെ വേഗത്തിൽ നോമ്പ് തുറക്കൽ സുന്നത്താണ്. സമയം അറിയുന്നവനും വിശ്വസ്തനുമായ മുഅദ്ദിനിന്റെ വാങ്ക് കേൾക്കുക, സൂര്യാസ്തമയം കണ്ടതായി വിശ്വസ്തൻ പറയുക തുടങ്ങിയവ മുഖേനയും നോമ്പ് തുറക്കാവുന്നതാണ്. പതിവായി ചെയ്യാറുള്ള കാര്യങ്ങൾ പോലെയുള്ളതുകൊണ്ട് സൂര്യൻ അസ്തമിച്ചതായി മികച്ച ധാരണ ലഭിച്ചാലും നോമ്പ് തുറക്കാവുന്നതാണ്. എങ്കിലും സൂര്യാസ്തമയം ഉറപ്പാകുന്നത് വരെ കാത്തിരിക്കലാണ് സൂക്ഷ്മത (തുഹ്ഫ 3/411).

നോമ്പ് തുറക്കാൻ സ്വന്തം നാട്ടിലെ പള്ളിയിൽ നിന്ന് വാങ്ക് വിളിക്കണമെന്നില്ലെന്നും വാങ്ക് വിളിച്ചു തീർന്നതിനു ശേഷമേ നോമ്പ് തുറക്കാവൂ എന്നില്ലെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ വാങ്കിന് ഇജാബത്ത് ചെയ്ത് തീർന്നതിന് ശേഷം നോമ്പ് തുറക്കൽ തന്നെയാണ് സൂക്ഷ്മത. സൂര്യൻ അസ്തമിച്ചതായി മികച്ച ധാരണയുണ്ടായാലും ഉറപ്പാകുന്നതുവരെ കാത്തിരിക്കലാണല്ലോ സൂക്ഷ്മത.

 

?മുദ്ദിനെക്കുറിച്ച് 650 ഗ്രാം, 625 ഗ്രാം, 800 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കങ്ങളാണ് പല പുസ്തകങ്ങളിൽ കാണുന്നത്. ഏതാണ് ശരി? മുദ്ദ് നമ്മുടെ നാട്ടിൽ ഇല്ലാത്തതിനാലും അരി തൂക്കി വിൽക്കലാണ് പതിവെന്നതിനാലും അവിൽ ഒരു ഏകീകരണം ആവശ്യമല്ലേ?

ഹുസൈൻ പട്ടാമ്പി

മുദ്ദ്, സ്വാഅ് തുടങ്ങിയവ നിശ്ചിത അളവു പാത്രങ്ങളാണ്. അരി തൂക്കി വിൽക്കലാണ് ഇന്നത്തെ പതിവെങ്കിലും ഫിത്വ്ർ സകാത്ത്, നോമ്പിന്റെ പ്രായശ്ചിത്തം തുടങ്ങിയവയിൽ ഇസ്‌ലാം മാനദണ്ഡമാക്കിയിട്ടുള്ളത് അളവാണ്, തൂക്കമല്ല. നമ്മുടെ നാട്ടിൽ പതിവുള്ള ലിറ്റർ എന്ന അളവ് പാത്രവുമായി താരതമ്യം ചെയ്ത് ഒരു മുദ്ദ് 800 മില്ലി ലിറ്ററെന്നും ഒരു സ്വാഅ് മൂന്ന് ലിറ്ററും ഇരുനൂറ് മില്ലി ലിറ്ററെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. തൂക്കമനുസരിച്ച് നൽകുന്നവർ മേൽ അളവിൽ കുറയാത്ത തൂക്കം നൽകേണ്ടതാണ്. അളവാണ് മർമം, തൂക്കമല്ല.

തൂക്കം പറയുന്നത് ഏകദേശം എന്ന നിലയിൽ പറയുന്നതും സൂക്ഷ്മതക്ക് വേണ്ടി ചിലർ കൂടുതലാക്കി പറയുന്നതും അരികളുടെ തൂക്കവ്യത്യാസവും ചോദ്യത്തിൽ പരാമർശിച്ച വ്യത്യാസങ്ങൾക്ക് കാരണമായിരിക്കാം.

 

?അമുസ്‌ലിം അറുത്ത കോഴി കൊണ്ടാണ് ബിരിയാണി വെച്ചത്. എങ്കിൽ മാംസം കഴിക്കാതെ ചോറ് മാത്രം കഴിക്കാമോ? അവർ അറുത്തത് നജസായാണോ, അതോ ആഹരിക്കൽ ഹറാമായ വസ്തു എന്നാണോ പരിഗണിക്കുന്നത്?

മുഹമ്മദ് ഹാരിസ് കോൽഗിരി, കർണാടക

അറുക്കുന്നവൻ മുസ്‌ലിമോ നിബന്ധനകളൊത്ത അഹ്‌ലുകിതാബോ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. എങ്കിലേ അറവ് സ്വഹീഹാവുകയുള്ളൂ. അല്ലാത്തവർ അറുത്താൽ അറവ് സ്വഹീഹല്ല. അതിനാൽ അത് ശവമാണ്. ശവം നജസാണ്. ഭക്ഷിക്കൽ നിഷിദ്ധവും.

 

?രിഫാഈ ശൈഖിന്റെ പേരിലുള്ള നേർച്ചക്കോഴിയെ അറുത്ത് ഭക്ഷിക്കുകയും യാസീൻ ഓതി ശൈഖിന് ഹദ്‌യ ചെയ്യലുമാണ് നാട്ടുനടപ്പ്. ഇത്തരം നേർച്ചകൾ വീട്ടുകാർക്ക് ഭക്ഷിക്കാമോ? അതോ ഉള്ഹിയ്യത്ത് നേർച്ചയാക്കിയാലുള്ളതുപോലെ വീട്ടുകാർ ഭക്ഷിക്കുന്നത് നിഷിദ്ധമാണോ? അല്ലാഹു അല്ലാത്തവർക്ക് നേർച്ച പാടില്ലെന്ന് ചിലർ പറയുന്നു. ശൈഖുമാരുടെ പേരിലുള്ള നേർച്ച നിഷിദ്ധമാകുമോ?

ഹാരിസ് ജീലാനി നഗർ

രിഫാഈ ശൈഖിന്റെ പേരിലുള്ള നേർച്ചക്കോഴിയെ അറുത്ത് വീട്ടിൽ ഭക്ഷണം തയ്യാറാക്കി വീട്ടിലെ കുട്ടികൾക്കും മറ്റുള്ളവർക്കും ഭക്ഷണം നൽകി യാസീൻ ഓതി ശൈഖിന് ഹദ്‌യ ചെയ്യലാണ് നാട്ടുനടപ്പെങ്കിൽ കോഴിയെ ശൈഖിന്റെ പേരിൽ നേർച്ചയാക്കുന്നതിന്റെ അർത്ഥം പ്രസ്തുത കർമങ്ങൾ ചെയ്യലാണ്. അതിനാൽ അപ്രകാരം ചെയ്യാം. അതിൽ നിന്ന് വീട്ടുകാർക്ക് ഭക്ഷിക്കാവുന്നതുമാണ്.

മഹത്തുക്കളെ പ്രകീർത്തിക്കുക, അവരെകൊണ്ട് തവസ്സുലാക്കി ദുആ ചെയ്യുക. മരിച്ചവരുടെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യുക, സ്വദഖ ചെയ്യുക തുടങ്ങിയവയെല്ലാം ഇസ്‌ലാം നിർദേശിച്ച സൽകർമങ്ങളാണ്. ഇത്തരം കർമങ്ങളാണ് മഹാന്മാരുടെ പേരിലുള്ള നേർച്ചകളിൽ നിർവഹിക്കപ്പെടുന്നത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലഭിക്കാനുള്ള കർമങ്ങളാണിവ. അതിനുവേണ്ടിയാണ് നിർവഹിക്കുന്നതും. ഇവയൊന്നും മഹത്തുക്കൾക്കുള്ള ആരാധനയല്ല. അഗതികൾക്കും ദരിദ്രർക്കും ദാനം ചെയ്യാൻ നേർച്ചയാക്കുന്നത് അവർക്കുള്ള ആരാധനയല്ലെന്നും അല്ലാഹുവിനുള്ള ആരാധനയാണെന്നും വ്യക്തമാണല്ലോ.

മുസ്‌ലിം ഫഖീറിന് നേർച്ചയാക്കുമ്പോഴും പള്ളിക്ക് നേർച്ചയാക്കുമ്പോഴും ശൈഖിന് നേർച്ചയാക്കുമ്പോഴും അതെല്ലാം അല്ലാഹുവിനുള്ള വണക്കവും ആരാധനയുമാണ്. ഫഖീറിനോ പള്ളിക്കോ ശൈഖിനോ ഉള്ള ആരാധനയല്ല. അതിനാൽ ഇതൊന്നും നിരോധിക്കപ്പെട്ടതല്ല; നിർദേശിക്കപ്പെട്ടതാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ