പുതിയ സര്‍ക്കാറിന്റെ അരിയിട്ടു വാഴ്ച ഡല്‍ഹിയില്‍ സാഘോഷം നടന്നു. മോഡിയുഗത്തുടക്കം ആശയെക്കാള്‍ ആശങ്കയാണ് പകരുകയെന്ന നിരീക്ഷണം പലര്‍ക്കുമില്ലാതില്ല. അരനൂറ്റാണ്ടു മുമ്പ് ഡല്‍ഹിയും പാര്‍ലമെന്‍റും സന്ദര്‍ശിച്ച് സുന്നിടൈംസില്‍ യാത്രാഡയറി എഴുതിയ ഹാജി ടി കെ അബ്ദുല്ല മൗലവിയുടെ കുറിപ്പ് പുനര്‍വായന നടത്തുന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ വ്യത്യസ്തമായ വായനാനുഭവം പകരും.

210964 ലക്കത്തിലെ തലസ്ഥാന നഗരിയില്‍ എന്ന കുറിപ്പിലെ പാര്‍ലമെന്‍റ് കാഴ്ച ഇങ്ങനെ വിവരിക്കുന്നു അദ്ദേഹം: 10364ന് കൃത്യം 11 മണിക്ക് ഇന്ത്യന്‍ പാര്‍ലിമെന്‍റ് സമ്മേളനം വീക്ഷിക്കുവാനായി ഞങ്ങള്‍ പുറപ്പെട്ടു. വൃത്താകൃതിയില്‍ നിര്‍മിതമായ ഈ മഹാമണ്ഡപത്തിനു അരമൈല്‍ ചുറ്റളവുണ്ട്. പാര്‍ലിമെന്‍റ് ഹൗസിന്റെ വളപ്പില്‍ വെച്ച് ദ്വീപ് എം പി ജനാബ് നല്ലകോയ തങ്ങളെ അവിചാരിതമായി ഞങ്ങള്‍ കണ്ടുമുട്ടി. അനന്തരം അദ്ദേഹത്തോടൊപ്പമാണ് ഞങ്ങള്‍ സഭാഹാളില്‍ പ്രവേശിച്ചത്. സഭാഹാളിന്റെ പ്രവേശനമാര്‍ഗത്തില്‍ ഓരോ ദിവസത്തെയും സന്ദര്‍ശകരുടെ ലിസ്റ്റ് ഒരു മേശപ്പുറത്ത് ടൈപ്പ് ചെയ്തു പതിച്ചിരിക്കും. അതുമായി വിസിറ്റിംഗ് കാര്‍ഡ് ഒത്തുനോക്കി അടയാളപ്പെടുത്തി സന്ദര്‍ശകരുടെ പക്കലുള്ള സാധനങ്ങള്‍, പുസ്തകം, പേപ്പര്‍ മുതലായവ വാങ്ങിവെച്ചു കാര്‍ഡില്‍ അടയാളപ്പെടുത്തിയതിനുശേഷമേ ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. തീപ്പെട്ടിപോലും അകത്തുകടത്തുവാന്‍ അനുവദിക്കപ്പെടുകയില്ല. അന്നത്തെ പാര്‍ലിമെന്‍റ് സമ്മേളനത്തില്‍ പരേതനായ പ്രധാനമന്ത്രി നെഹ്റുവും അന്നത്തെ വകുപ്പില്ലാ മന്ത്രിയും ഇന്നത്തെ പ്രധാന മന്ത്രിയുമായ ശാസ്ത്രി തുടങ്ങിയ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ഒരു ധനകാര്യ ബില്ലിനെ പുരസ്കരിച്ചുള്ള സജീവ ചര്‍ച്ച നടന്നു കൊണ്ടിരിക്കെ ഒരു മണി വരെ സഭാ നടപടികള്‍ വീക്ഷിച്ചുകൊണ്ട് സായാഹ്ന ഭക്ഷണത്തിനായി ഞങ്ങള്‍ സ്ഥലം വിട്ടു.

അജ്മീറില്‍ നിന്നാണ് ലേഖകനടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹികാഴ്ചകളെ കുറിച്ചിങ്ങനെ എഴുതുന്നു: ഡല്‍ഹിയില്‍ ടാങ്ക് എന്നറിയപ്പെടുന്ന ഒരു തരം കുതിരവണ്ടികളാണ് സുലഭമായിട്ടുള്ളത്. ബോംബെയിലും മറ്റും ഉള്ളതു പോലെ ടാക്സി കാര്‍ ഉണ്ടെങ്കിലും അപൂര്‍വമാണ.് ഈ സ്റ്റേഷന്‍ സുപ്രധാനമായ ഒരു കേന്ദ്രമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്റ്റേഷനില്‍ നിന്നും ഒട്ടധികം സ്ഥങ്ങളിലേക്കു വണ്ടികള്‍ പോകുന്നുണ്ട്. ജനത്തിരക്കുള്ള റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കൂലിക്കാരന്റെ പക്കല്‍ സാമാനങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ അവന്റെ ലൈസന്‍സ് നമ്പര്‍ നോക്കി മനസ്സിലാക്കിയാല്‍ അവനെപ്പറ്റി വല്ല ആക്ഷേപവും ഉണ്ടെങ്കില്‍ റെയില്‍വെ അധികൃതരെ അറിയിച്ച് പരിഹാരം കാണുവാന്‍ സൗകര്യമായിരിക്കും.

കേരളത്തില്‍ നിന്നുള്ള ജന പ്രതിനിധികളെ കുറിച്ചും പരാമര്‍ശമുണ്ട്: ജനാബുമാര്‍ സിഎച്ചും, ഇസ്മായില്‍ സാഹിബും തല്‍സമയം ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. തന്നിമിത്തം പൊന്നാനി എം പിയായ പി കെ ഇമ്പിച്ചി ബാവക്ക് ഞങ്ങള്‍ ഫോണ്‍ ചെയ്തു. പാര്‍ലമെന്‍റ് നടന്നുകൊണ്ടിരിക്കുന്ന സമയമാകയാല്‍ പ്രസ്തുത സമ്മേളനം വീക്ഷിക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നതാണ് അദ്ദേഹത്തിന് ഫോണ്‍ ചെയ്യുവാന്‍ കാരണം. പാര്‍ലിമെന്‍റ് സമ്മേളനത്തിന് വസിറ്റിംഗ് കാര്‍ഡ് ലഭിക്കേണമെങ്കില്‍ ഒരു എം പിയുടെ റക്കെമന്‍റ് ആവശ്യമാണ.് അദ്ദേഹം സൗത്ത് അവന്യൂവിലുള്ള തന്റെ ബംഗ്ലാവില്‍ വൈറ്റ് ചെയ്യാമെന്നും 11 മണിക്ക് മുന്പായി എത്തിച്ചേരണമെന്നും ഞങ്ങള്‍ക്കു മറുപടി തന്നു. ഒരു ടാക്സിയില്‍ 10 മണിക്ക് തന്നെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു….. നമ്മുടെ തിരുവനന്തപുരത്ത് എം എല്‍ എമാര്‍ക്കുള്ളതുപോലെ ഒരേ ബില്‍ഡിംഗിലുള്ള മുറികളല്ല എം പിമാര്‍ക്കുള്ളത്. സകല വിധ സജ്ജീകരണങ്ങളോടും കൂടിയ ഓരോ ബംഗ്ലാവുകളാണ്. രണ്ടു മൂന്നു റൂമുകളുള്ള നമ്മുടെ സഖാവിന്റെ ബംഗ്ലാവില്‍ ഒരു മുറിയില്‍ താന്‍ ഒതുങ്ങിക്കൂടുകയും മറ്റുള്ളവയില്‍ പാര്‍ട്ടിക്കാരായ ഇ എം എസിന്റെ മരുമക്കളെയും മറ്റും താമസിപ്പിച്ചതായിട്ടുമാണ് ഞങ്ങള്‍ കണ്ടത്…’

ഓള്‍ഡ്ന്യൂ ഡല്‍ഹികള്‍, ഇന്ത്യാഗേറ്റ്, ചെങ്കോട്ട, ജുമാമസ്ജിദ് തുടങ്ങിയ കാഴ്ചാവിസ്മയങ്ങളിലൂടെ ഡയറി പുരോഗമിക്കുയാണ്. അമ്പതു വര്‍ഷത്തിനിപ്പുറം ഡല്‍ഹി ഏറെ മാറി; രാഷ്ട്രീയമായും ഭരണപരമായും. പക്ഷേ പൊതു ജനങ്ങള്‍ക്കു പാര്‍ലമെന്‍റിലുള്ള കാഴ്ചാ ഗ്യാലറിയില്‍ നിന്ന,് ഭരണ ചക്രം തിരിക്കുന്നവരെ ആദ്യമായി കാണുന്ന കൗതുകമാണ് ലേഖനത്തിന്റെ സാരാംശം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ