നേര്‍ച്ചക്കടം അബ്ദുല്‍ മുത്തലിബിന്റെ മനസ്സിന് ഭാരംകൂട്ടി. നീണ്ട മുപ്പത് വര്‍ഷം മുന്പാണ് താന്‍ ബലിദാനം നേര്‍ന്നത്. ആഗ്രഹം നിറവേറ്റി അത് പുലര്‍ന്നിരിക്കുന്നു. മൂത്ത മകന്‍ ഹാരിസിനെ കൂടാതെ ആണ്‍ സന്തതികളായി തനിക്ക് പന്ത്രണ്ട് പേര്‍ പിറന്നു. ഖുസമ്, അബൂത്വാലിബ്, സുബൈര്‍, അബ്ദുല്‍ കഅ്ബ, മുഖവ്വിം, ഹജ്ല്, ളിറാറ്, അബൂലഹബ്, ഗൈതാബ്, അബ്ദുല്ല, അബ്ബാസ്, ഹംസ. സഫിയ്യ, ഉമ്മുഹക്കീം, ആതിഖ, ഉമൈമ, അര്‍വ, ബര്‍റ എന്നീ പെണ്‍മക്കളും.

നേര്‍ച്ച പ്രശ്നം ആകെ പുകയുകയാണ്. എന്നെ സഹായിക്കുന്ന പത്ത് ആണ്‍മക്കളുണ്ടായാല്‍ അവരില്‍ ഒരാളെ നിന്റെ പ്രീതിക്കായി ബലി നല്‍കാമെന്നായിരുന്നു അത്. മക്കളില്‍ ആരെയാണ് ബലി നടത്തുക? അദ്ദേഹം ആശങ്കപ്പെട്ടു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. എല്ലാ ആണ്‍മക്കളുടെയും പേരില്‍ നറുക്കെടുക്കുക. വീണത് അബ്ദുല്ലയുടെ നറുക്ക്. അതീവ സുന്ദരനായ സ്നേഹനിധിയായ മകനാണ് അബ്ദുല്ല. ചോര തുടിക്കുന്ന ചുണ്ടുകള്‍. നക്ഷത്രങ്ങളെ മയക്കുന്ന കണ്ണുകള്‍. ആ പ്രിയ മകന്റെ കണ്ഠത്തില്‍ കഠാരി താഴ്ത്തുകയോ? അബ്ദുല്‍ മുത്തലിബിന്റെ നെഞ്ചില്‍ വെള്ളിടിപൊട്ടി. തീക്കനല്‍ പോലെ അദ്ദേഹം നറുക്ക് കൈയിലെടുത്തു. കഅ്ബയുടെ ഉള്ളില്‍ കയറി മനമുരുകി പ്രാര്‍ത്ഥിച്ചു:

“നാഥാ, നിന്റെ നേര്‍ച്ച നിറവേറ്റാന്‍ ഞാന്‍ സന്നദ്ധനാണ്. പക്ഷേ, അബ്ദുല്ലയെ ബലി നടത്താന്‍ എന്റെ കരങ്ങള്‍ വിറക്കുന്നു. എനിക്കേറ്റം പ്രിയങ്കരനാണവന്‍. അതിനാല്‍ ഒന്നുകില്‍ അവനെ, അല്ലെങ്കില്‍ അവനു പകരമായി നൂറ് ഒട്ടകങ്ങളെ ബലി നല്‍കാം. അവയില്‍ ഏതാണ് ഉത്തമമെന്ന് നീ അറിയിച്ചുതരേണമേ…’

വീണ്ടും നറുക്കിട്ടു. ആകാംക്ഷയുടെ നിമിഷങ്ങള്‍. വീണ നറുക്കെടുത്തു വിറക്കുന്ന ചുണ്ടുകളോടെ വായിച്ചുനോക്കി.

“ഒട്ടകം’

ഹോ… സമാധാനമായി.

അബ്ദുല്‍ മുത്തലിബ് ദീര്‍ഘനിശ്വാസമയച്ചു.

ബലിക്കത്തിയുമായി അദ്ദേഹം ഒട്ടകങ്ങളെ സമീപിച്ചു. ഒന്നിനു പുറകെ മറ്റൊന്നായി നൂറെണ്ണം ബലി നടത്തി. അവയുടെ മാംസം ഇഷ്ടമുള്ളവര്‍ക്ക് എടുക്കാമെന്ന നിലയില്‍ വിതരണത്തിനിട്ടു.

കാലം കുറേ കഴിഞ്ഞ് ഒരുറബീഉല്‍ അവ്വല്‍ പന്ത്രണ്ട് തിങ്കളാഴ്ച. അപ്പോഴേക്ക് അബ്ദുല്ലയുടെ വിവാഹവും അപ്രതീക്ഷിത മരണവുമൊക്കെ സംഭവിച്ചിരുന്നു.

അബ്ദുല്‍ മുത്വലിബ് കഅ്ബയില്‍ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. കാല്‍പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഒരാള്‍ തന്നെ മാടിവിളിക്കുന്നു.

“താങ്കളോട് ഉടനെ വീട്ടില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്’ തിടുക്കപ്പെട്ട് ആഗതന്‍ പറഞ്ഞൊപ്പിച്ചു.

ആരാണു പറഞ്ഞത്…? അബ്ദുല്‍ മുത്വലിബ് ജിജ്ഞാസപ്പെട്ടു.

“താങ്കളുടെ മകന്‍ അബ്ദുല്ലയുടെ വിധവയായ ആമിനയില്ലേ, അവരാണെന്നെ പറഞ്ഞയച്ചത്.’

“എന്താ, വിശേഷം വല്ലതും..?

“ആമിന പ്രസവിച്ചിരിക്കുന്നു. ഒരത്ഭുത ശിശു. ഇന്നു പ്രഭാതത്തില്‍ ഹാശിം മക്കള്‍ താമസിക്കുന്ന ശഅബിയ്യയിലെ അബൂത്വാലിബിന്റെ വീട്ടിലായിരുന്നു സംഭവം. അബ്ദുറഹ്മാനുബ്നു ഔഫിന്റെ ഉമ്മ ശിഫാഅ് ആണ് ശുശ്രൂഷകള്‍ ചെയ്തത്.’

ഓര്‍മകളുടെ മധുര സ്മരണകളിലേക്ക് അദ്ദേഹം ഒഴുകിവീണു. തന്റെ നേര്‍ച്ച ബലിയില്‍ നിന്ന് മോചനം നേടിയ ഇഷ്ടപുത്രനായിരുന്നു അബ്ദുല്ല. തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് തുന്നിച്ചേര്‍ത്ത സുമുഖന്‍.

ഖുറൈശികളിലെ സുഹ്റത്ത് സന്തതികളിലെ സുമുഖിയും സുശീലയുമായ ആമിനയെ അബ്ദുല്ല വിവാഹം ചെയ്തു. സ്ത്രീത്വത്തിന്റെ സൗമ്യഭാവം. എല്ലാ ഗുണങ്ങളും ആമിന ബീവിയില്‍ മേളിച്ചിരുന്നു. അബ്ദുല്ലക്കന്ന് പതിനെട്ട് വയസ്സാണ്. ശാമിലേക്ക് പോകുന്ന വാണിഭസംഘങ്ങളില്‍ അംഗമായി ഇടക്കിടെ അബ്ദുല്ല വീടുവിടാറുണ്ടായിരുന്നു. അവസാനം പോയതില്‍ പിന്നെ മടങ്ങിവന്നിട്ടില്ല. അത് അന്ത്യയാത്രയാകുമെന്ന് ആര് നിനച്ചു?

ശാമില്‍ നിന്നുള്ള മടക്കയാത്രയില്‍ പനി ബാധിക്കുകയായിരുന്നു. രോഗം മൂത്തപ്പോള്‍ മദീനയില്‍ തന്റെ അമ്മാവന്മാരുടെ വീട്ടില്‍ തങ്ങി. ഒരു മാസം ശയ്യയില്‍ കിടന്നു. അവസാനം അബ്ദുല്ല മരണത്തിന് കീഴൊതുങ്ങി.

ജീവിത തുടിപ്പിന്റെ പ്രായം. ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു ആ വിയോഗം. ആമിന രണ്ടു മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു ആ നിര്യാണം. അബ്ദുല്ലയോടൊത്ത് ജീവിച്ച് കൊതി തീരാത്ത അവര്‍ വിധിയില്‍ സമാധാനിച്ചും ഗര്‍ഭസ്ഥ ശിശുവിനെ ഓമനിച്ചും കഴിഞ്ഞുകൂടി.

മകന്റെ വിരഹദുഃഖം അബ്ദുല്‍ മുത്വലിബിനെ തളര്‍ത്തി. എങ്കിലും മാസങ്ങള്‍ക്കു ശേഷം ഇളംതെന്നലായി ആ പ്രസവ വാര്‍ത്ത.

അബ്ദുല്‍ മുത്വലിബിന്റെ നടത്തത്തിന് വേഗത കൂടി. വീടിന്റെ അകത്തളത്തില്‍ ബീവി ഇരിപ്പുണ്ട്. ആകാംക്ഷയോടെ അബ്ദുല്‍ മുത്വലിബ് പൂമുഖത്തേക്ക് കയറി.

“അബുല്‍ ഹാരിസ്, താങ്കള്‍ക്ക് ഒരു ശിശു പിറന്നിരിക്കുന്നു. സാധാരണ ശിശുവല്ല; അത്ഭുത ശിശു.’ അകത്തുനിന്ന് ബീവിയുടെ ശബ്ദം. തന്റെ പുത്രന്മാരിലൂടെ ധാരാളം ചെറുമക്കള്‍ പിറന്നിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊരു വാര്‍ത്ത ആദ്യമാണ്.

“അത്ഭുത ശിശുവോ, എന്താ കാര്യം…? അദ്ദേഹം ജിജ്ഞാസയോടെ തിരക്കി.

“കുട്ടി പിറന്ന ഉടനെ സുജൂദ് ചെയ്തു. ശേഷം ശിരസ്സും ഇരു കൈകളിലെ രണ്ടു വിരലുകളും ആകാശത്തേക്കുയര്‍ത്തി, പ്രാര്‍ത്ഥന പോലെ.’

അബ്ദുല്‍ മുത്വലിബിന്റെ മുഖം വിടര്‍ന്നു. ഹൃദയം വാത്സല്യ സാന്ദ്രമായി. കുഞ്ഞിനെ ഏറ്റുവാങ്ങി.

പൗര്‍ണമി ശോഭയുള്ള കുഞ്ഞുമുഖം. റോസാ പൂവിന്റെ മൃദുലമേനി. സുന്ദര നയനങ്ങള്‍. പൂമൊട്ടു പോലെ കുഞ്ഞുനാസിക. ശിരസ്സില്‍ ചെമ്പിച്ച രോമങ്ങള്‍. ചെന്താമര പോലുള്ള വദനങ്ങള്‍.

ചേലാകര്‍മം ചെയ്യപ്പെട്ടിരിക്കുന്നു. പൊക്കിള്‍കൊടി മുറിക്കുകയും കണ്ണില്‍ സുറുമ എഴുതുകയും ചെയ്തിരിക്കുന്നു. പൊതിഞ്ഞിരിക്കുന്നത് സ്വര്‍ഗീയ തൂവെള്ള വസ്ത്രത്തില്‍. അതിശയം തന്നെ. അബ്ദുല്‍ മുത്വലിബിന്റെ കണ്ണുകള്‍ തുളുമ്പി.

കുഞ്ഞിനെ കൈതണ്ടയില്‍ കിടത്തി ആ പിതാമഹന്‍ നേരെ കഅ്ബയിലേക്ക് നടന്നു. ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കുഞ്ഞിനെയുമെടുത്ത് കഅ്ബാ പ്രദക്ഷിണം ചെയ്തു. കുഞ്ഞിന്റെ ഉപ്പ അബ്ദുല്ല ഇന്നുണ്ടായിരുന്നെങ്കില്‍…

അനാഥനാണെങ്കിലും ഈ പൊന്നുമോന്‍ അനാഥത്വം അറിയാനും അനുഭവിക്കാനും പാടില്ല. സകല സംരക്ഷണവും നല്‍കി വളര്‍ത്തണം. ആകാശഭൂ ഗോളങ്ങളിലെ സകല സൃഷ്ടികളും വാഴ്ത്തുന്നവനായി കുഞ്ഞ് വളരണം. അതിനാല്‍ ഖുറൈശി കുടുംബത്തില്‍ ആര്‍ക്കുമില്ലാത്ത ഒരു പേര് മുത്തുമോന് വിളിക്കണം.

ത്വവാഫിനിടെ അബ്ദുല്‍ മുത്വലിബിന്റെ മനസ്സ് പേരിനായി പരതി.

“മുഹമ്മദ്… സ്തുതിക്കപ്പെട്ടവന്‍’

കവലകളിലും നാട്ടിമ്പുറങ്ങളിലും അടക്കം പറയുന്ന ചെറു സംഘങ്ങള്‍. ഖുറൈശികള്‍ നടുക്കത്തോടെയാണു വാര്‍ത്ത കൈമാറിയത്. വിഗ്രഹങ്ങളെല്ലാം പുലര്‍ക്കാലത്തു തലകുത്തി വീണിരിക്കുന്നു. കാതുകളില്‍ നിന്നു കാതുകളിലേക്ക് അതു പകര്‍ന്നു.

ആണ്ടുകളായി പൂജിച്ച ലാത്തയും ഉസ്സയമൊക്കെ സ്വമേധയാ വീണു കിടക്കുകയാണ്.

അറേബ്യന്‍ ഉപദ്വീപില്‍ പുലര്‍ക്കാലത്ത് എന്തോ ഒരത്ഭുതം സംഭവിച്ചിട്ടുണ്ട്. ഖുറൈശി കുടുംബത്തിലെ ആ നവജാത ശിശു കാരണമാണത് സംഭവിച്ചതെന്ന് ചില തലമുതിര്‍ന്നവര്‍ പറയുന്നുണ്ട്. വേദജ്ഞാനികളായ ജൂത ക്രൈസ്തവരെല്ലാം അത് പ്രവചിച്ചിട്ടുണ്ടത്രെ.

ഒടുവില്‍ അബ്ദുല്‍ മുത്വലിബ് അത് സ്ഥിരീകരിച്ചു. തനിക്ക് പിറന്ന മുഹമ്മദ് എന്ന അനുഗ്രഹീത ശിശു കാരണമാണിത് സംഭവിച്ചിരിക്കുന്നത്. ഭാവിയില്‍ ഈ മണ്ണില്‍ വിഗ്രഹ പൂജയില്ലാതാകുമെന്നതിന്റെ സൂചനയുമാണത്.

“അതുമാത്രമല്ല, ജനന സമയത്ത് മറ്റുചില അത്ഭുതങ്ങള്‍ കൂടിയുണ്ടായിട്ടുണ്ട്’ ചോദിച്ചവരോട് അബ്ദുല്‍ മുത്വലിബ് വാചാലനായി.

ആമിനാ ബീവിയില്‍ നിന്ന് ഒരു പ്രകാശ ജ്വാലയുണ്ടായി. ബുസ്റാ പട്ടണത്തിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ ആ പ്രകാശധാരയില്‍ തെളിഞ്ഞുകണ്ടു. കുഞ്ഞ് പിറഞ്ഞ സമയത്താണത് നേര്‍ക്കാഴ്ചയായത്. അതിനു മുന്പ് പല തവണ സ്വപ്നത്തില്‍ ആമിന കണ്ടിട്ടുണ്ടത്രെ.

മാത്രമല്ല, കിസ്റാ രാജകൊട്ടാരം ഭൂചലനം പോലെ വിറച്ചുകൊണ്ടിരുന്നു. അതിന്റെ പതിനാലു ഗോപുരങ്ങള്‍ പൊളിഞ്ഞുവീണു. പേടിച്ചരണ്ട കൊട്ടാര വാസികള്‍ കാരണമന്വേഷിച്ചപ്പോള്‍ ജ്യോത്സ്യ പ്രതിഭകള്‍ കാരണമായി പറഞ്ഞതും മക്കയില്‍ നടന്ന ജനനം തന്നെ.

എത്രയെത്ര അത്ഭുതങ്ങള്‍! ഒരു സഹസ്രാബ്ദം ജ്വലിച്ചുനിന്ന പേര്‍ഷ്യന്‍ അഗ്നിയാരാധകരുടെ തീനാളം കെട്ടുചാരമായി. സാവാ തടാകം ഒരിറ്റു വെള്ളമില്ലാതെ വരണ്ടു. ഇതെല്ലാം മുഹമ്മദ്(സ്വ) പിറന്ന പ്രഭാതത്തിലായിരുന്നു.

* * *

തിരുനബി(സ്വ)യുടെ ജനന സമയത്തുണ്ടായ അത്ഭുതങ്ങളിലെ സൂചനകള്‍ ഓരോന്നായി പില്‍ക്കാലത്തു പുലര്‍ന്നു. ശാമിലെ ബുസ്റാ പട്ടണം റോമാ സാമ്രാജ്യത്തിന്റെ അധീനത്തിലായിരിക്കെ തന്നെ അറേബ്യന്‍ കച്ചവട സംഘങ്ങളുടെ സിരാകേന്ദ്രമായിരുന്നു. ശാമില്‍ ഇസ്‌ലാമിന്റെ വെളിച്ചമെത്തിയപ്പോള്‍ ഈ പട്ടണമായിരുന്നു ആദ്യം അതുള്‍ക്കൊണ്ടത്. നബി(സ്വ) രണ്ടു തവണ കച്ചവടാവശ്യാര്‍ത്ഥം ഈ പട്ടണത്തില്‍ എത്തുകയുണ്ടായി. ആമിന ബീവി(റ)യില്‍ നിന്ന് രണ്ടു തവണ പ്രകാശം പുറപ്പെട്ടതിന്റെ സൂചന രണ്ടു യാത്രകളാണെന്നു ചില പണ്ഡിതര്‍.

സാമ്രാജ്യത്വ കിങ്കരന്മാരായ പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കൊട്ടാര ഗോപുരങ്ങള്‍ പതിനാലെണ്ണമാണ് തകര്‍ന്നു വീണത്. ഹിജ്റ പതിനാലിന് പേര്‍ഷ്യന്‍ തലസ്ഥാനമായ മദായിന്‍ പട്ടണം സഅ്ദുബിന്‍ അബീ വഖാസിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിനു കീഴിലായതു യാദൃച്ഛികമായിരിക്കില്ല.

തിരുപ്പിറവിക്കു ശേഷം പതിനാല് ചക്രവര്‍ത്തിമാരാണ് പേര്‍ഷ്യ ഭരിച്ചത്. അവസാന ചര്‍ക്രവര്‍ത്തി യസ്ദ് ജുര്‍ദ് ഹിജ്റ മുപ്പത്തിയൊന്നിന് വധിക്കപ്പെട്ടു. അതോടെ മൂന്ന് സഹസ്രാബ്ദങ്ങളിലധികം (3164 വര്‍ഷം) നീണ്ടുനിന്ന രാജഭരണം തകര്‍ന്നു. പതിനാലു ചക്രവര്‍ത്തിമാര്‍ക്കു ശേഷം പേര്‍ഷ്യ ഇസ്‌ലാമിക സാമ്രാജ്യമായി പരിണമിക്കുന്നതിനു കൂടി സൂചനയായി പതിനാല് ഗോപുരങ്ങളുടെ തകര്‍ച്ച.

പിഎസ്കെ മൊയ്തുബാഖവി മാടവന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ