അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളെ പത്തുവിധമായി പരിഗണിക്കാം. ഒന്ന്, അവന്റെ ദാത്തിന്റെ (സത്ത) മേല്‍ അറിയിക്കുന്നത്. ‘അല്ലാഹ്’ എന്നത് ഉദാഹരണം. ഇതിനോടടുത്ത് നില്ക്കുന്ന നാമം ‘അല്‍ഹഖ്’ ആണ്. നിര്‍ബന്ധമായ അസ്തിത്വമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ഹഖ് ഉപയോഗിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ സത്തയുടെ മേല്‍ അറിയിക്കുന്നു.
രണ്ടാമത്തേത് അന്യഗുണങ്ങളുടെ നിഷേധത്തിലധിഷ്ഠിതമായത്. ഖുദ്ദൂസ്, ഗനിയ്യ്, സലാം, അഹദ് തുടങ്ങിയ നാമങ്ങള്‍ ഉദാഹരണം. ഇവയുടെ അര്‍ത്ഥം യഥാക്രമം പരിശുദ്ധന്, എ്വെര്യവാന്, മോചിതന്‍, ഏകന്‍ എന്നിവയാണ്. ഇതില്‍ മനസ്സാന്തരത്തില്‍ ഉദിച്ചുപൊന്തുന്ന രൂപഭാവങ്ങളില്‍ നിന്നുള്ള നിഷേധത്തെ ഖുദ്ദൂസ് അര്‍ത്ഥമാക്കുന്നു. സലാം എന്ന നാമം കുറവുകളെയും ന്യൂനതകളെയും നിഷേധിക്കുന്നു. ഗനിയ്യ് പരിശ്രമത്തെയും അഹദ് തുല്യത, ഭാഗികത എന്നിവയെയുമാണ് നിഷേധിക്കുന്നത്.
അല്ലാഹുവിന്റെ നാമങ്ങളില്‍ മൂന്നാമത്തെ ഇനം ആപേക്ഷികാര്‍ത്ഥത്തില്‍ അവന്റെ ദാത്തിലേക്ക് ചേരുന്നവയാണ്. അലിയ്യ്, അളീം, അവ്വല്‍, ആഖിര്‍, ള്വാഹിര്‍, ബാത്വിന്‍ തുടങ്ങിയ നാമങ്ങള്‍ ഇതില്‍ പെടുന്നു. പരമോന്നതന്, പരമാദരണീയന്‍, ആദ്യന്‍, അന്ത്യന്‍, സ്പഷ്ടന്‍, കാണാനാവാത്തവന് എന്നിങ്ങനെ യഥാക്രമം ഇവയ്ക്ക് അര്‍ത്ഥം നല്‍കാം. ഇതില്‍ അലിയ്യ് സ്ഥാനോന്നതിയില് മറ്റു സത്തകള്‍ക്കു മീതെയാണെന്നും അളീം അറിവിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നുവെന്നുമുള്ള താല്പര്യം പ്രകടിപ്പിക്കുന്നു. അവ്വല്‍ കൊണ്ട് അസ്തിത്വമുള്ളവക്കെല്ലാം മുമ്പുള്ളവന്‍ അഥവാ ഉണ്മക്കു തുടക്കമില്ലാത്തവനെന്നും ആഖിര്‍ കൊണ്ട് അസ്തിത്വമുള്ളവക്കെല്ലാം ആത്യന്തികനെന്നും അര്‍ത്ഥം കിട്ടും. ബുദ്ധിപരമായ തെളിവുകള്ക്കധീനനാണെന്ന അര്‍ത്ഥത്തില്‍ ള്വാഹിറും ആലോചനാ സങ്കല്പങ്ങള്ക്കതീതനാണെന്ന അര്‍ത്ഥത്തില്‍ ബാഥിനും പ്രയോഗിക്കുന്നു.
നാലാമത്തെ ഇനം ആപേക്ഷികവും നിഷേധാത്മകവുമായവയാണ്. അല്‍മാലിക്, അല്‍അസീസ് എന്നീ നാമങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. രാജാധികാരി, പ്രതാപശാലി എന്നിവയാണ് അര്‍ത്ഥങ്ങള്‍. ഒന്നിലേക്കും ആവശ്യമില്ലാത്തവനും എല്ലാവര്ക്കും ആവശ്യമായവനും എന്നാണ് അല്‍ മാലിക് കൊണ്ടുള്ള താല്പര്യം. തുല്യതയില്ലാത്തവനും അന്യര്‍ക്ക് അത്യന്താപേക്ഷിതനും അതേ സമയം ചെന്നു പ്രാപിക്കാന്‍ പ്രയാസമേറിയവനുമെന്ന അര്‍ത്ഥം അല്‍അസീസ് ധ്വനിപ്പിക്കുന്നു.
സ്ഥിരീകൃത വിശേഷണങ്ങളാണ് അഞ്ചാമത്തെ ഇനം. അല്‍ഹയ്യ്, അല്ആലിം, അല്‍ഖാദിര്‍, അല്‍മുരീദ്, അസ്സമീഅ്, അല്‍ബസ്വീര്‍, അല്മുതകല്ലിം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. ജീവിക്കുന്നവന് ജ്ഞാനി, കഴിവുള്ളവന്, ഉദ്ദേശ്യമുള്ളവന്‍, കേള്ക്കുന്നവന്, കാണുന്നവന്, സംസാരിക്കുന്നവന് എന്നിങ്ങനെ യഥാക്രമം ഇവയ്ക്ക് അര്‍ത്ഥം പറയാം.
ആപേക്ഷികാധിഷ്ഠിതമായ ജ്ഞാനവുമായി ബന്ധപ്പെടുന്നവയാണ് ആറാമത്തെ ഇനം. അല്‍ഹകീം, അല്‍ഖബീര്‍, അശ്ശഹീദ്, അല്‍മുഹ്സ്വി എന്നിവ ഉദാഹരണം. ശ്രേഷ്ഠജ്ഞാനി, ആന്തരികജ്ഞാനി, ബാഹ്യജ്ഞാനി, ക്ലിപ്തജ്ഞാനി എന്നിങ്ങനെയാണ് ഇവയ്ക്കര്‍ത്ഥം. അല്‍ഹകീം എന്നത് അറിവുകളില്‍ നിന്നുള്ള അതിശ്രേഷ്ഠതയെ അര്‍ത്ഥമാക്കുമ്പോള്‍ അല്‍ഖബീര്‍ ആന്തരിക യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള ജ്ഞാനത്തെയാണ് അര്‍ത്ഥമാക്കുന്നത്. അശ്ശഹീദ് ദൃശ്യമായവ കൊണ്ടും അല്‍മുഹ്സ്വീ ക്ലിപ്തമായവ കൊണ്ടുമുള്ള അറിവിനെ സൂചിപ്പിക്കുന്നു.
ഏഴാമത്തെ ഇനം അല്ലാഹുവിന്റെ കഴിവുമായി ബന്ധപ്പെട്ട നാമങ്ങളാണ്. കഴിവിനെ ആപേക്ഷികാര്‍ത്ഥത്തില്‍ സമീപിക്കുന്നവയാണിവ. ഖവിയ്യ്, മതീന്, ഖഹ്ഹാര്‍ എന്നിവ ഈ ഗണത്തില്‍ പെടുന്നു. ഇവ യഥാക്രമം ഖുദ്റതിന്റെ പൂര്‍ണത, ദൃഢത, സ്വാധീനത എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
എട്ടാമത്തേത് ആപേക്ഷികാധിഷ്ഠിതവും പ്രവൃത്തിപരമായതും അവന്റെ ഇറാദത്തുമായി ബന്ധിക്കുന്നവയുമാണ്. റഹ്മാന്, റഹീം, റഊഫ്, വദൂദ് തുടങ്ങിയവ ഈ കൂട്ടത്തില്‍ പെടുന്നു. ദുര്‍ബലന്റെ ആവശ്യപൂര്ത്തിയുമായി ബന്ധിപ്പിക്കുന്നതാണ് റഹ്മത്ത്. കൂടുതല്‍ ശക്തവും അപാരവുമായ കൃപാകാരുണ്യമാണ് വദൂദ്. കരുണ (റഹ്മത്) അടിമ ആവശ്യപ്പെടുമ്പോള്‍ അല്ലാഹു ചെയ്യുന്നതാണ്. എന്നാല്‍ സ്നേഹം (വുദ്ദ്) അടിമ ആവശ്യപ്പെടാതെ തന്നെ അവന് ചെയ്യുന്നു.
ഒമ്പതാമത്തെ ഇനം അല്ലാഹുവിന്റെ ദാത്തില്‍ ചെന്നുചേരുന്ന നാമങ്ങളാകുന്നു. ഇവ ആപേക്ഷികാഷ്ഠിത വിശേഷണങ്ങളാണ്. അല്‍ഖാലിഖ് (സൃഷ്ടി വ്യവസ്ഥാവിഷ്കാരകന്), അല്‍ ബാരി (സൃഷ്ടി നടപ്പാക്കിയവന്), അല്‍ മുസ്വവ്വിര്‍ (യോജ്യപൂര്ണ രൂപമേകുന്നവന്) അല്‍ വഹ്ഹാബ് (പരമദാതാവ്), അര്‍റസാഖ് (അന്നദാതാവ്), അല്‍ഫത്താഹ് (വിജയിപ്പിക്കുന്നവന്‍), അല്‍ബാസിത് (നിവര്ത്തുന്നവന്), അല്‍ ഖാഫിള് (താഴ്ത്തുന്നവന്‍), അര്‍റാഫിഅ് (ഉയര്‍ത്തുന്നവന്‍), അല്‍മുഇസ്സ് (പ്രതാപദാതാവ്), അല്‍ മുദില്ല് (തരംതാഴ്ത്തുന്നവന്‍), അല്‍അദ്ല്‍ (നീതി), അല്മുഖീത് (മേല്‍നോട്ടം വഹിക്കുന്നവന്), അല്മുഗീസ് (സഹായദാതാവ്), അല്‍മുജീബ് (ഉത്തരമേകുന്നവന്), അല്‍വാസിഅ് (വിശാലത ചെയ്യുന്നവന്), അല്‍ബാഇസ് (പുനരുദ്ധരിപ്പിക്കുന്നവന്), അല്മുബ്ദീ (ആദ്യം പടച്ചവന്), അല്മുഈദ് (ആവര്‍ത്തിച്ചു പടക്കുന്നവന്‍), അല്‍മുഹ്യി (ജീവിപ്പിക്കുന്നവന്), അല്‍മുമീത് (മരിപ്പിക്കുന്നവന്), അല്മുഖദ്ദിമ് (മുന്നിലാക്കുന്നവന്‍), അല്‍മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍), അല്‍ വലിയ്യ് (സംരക്ഷകന്‍), അല്ബര്റു (ഗുണപ്രദന്‍), അത്തവ്വാബ് (പശ്ചാതാപം സ്വീകരിക്കുന്നവന്) ,അല്‍മുന്‍തഖിം (ശിക്ഷിക്കുന്നവന്), അല്മുഖ്സിത് (നീതിമാന്), അല്‍ജാമിഅ് (സംഘടിപ്പിക്കുന്നവന്‍), അല്‍ മുഅ്തി (കൊടുക്കുന്നവന്), അല്‍മാനിഅ് (തടയുന്നവന്), അല്‍മുഗ്നി (സമ്പദ് ദാതാവ്), അല്‍ഹാദി (നേര്മാര്ഗമേകുന്നവന്) തുടങ്ങിയവയാണ് ഈ ഗണത്തില്‍ പെടുന്ന വിശുദ്ധ നാമങ്ങള്‍.
പത്താമത്തെ ഇനം ആപേക്ഷികാടിസ്ഥാനത്തില് പ്രവര്‍ത്തിയുടെ മേല്‍ രേഖയാകുന്ന നാമങ്ങളാണ്. മജീദ്, കരീം, ലത്വീഫ് തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. മഹാത്മ്യന്‍, അത്യാദരണീയന്‍, സൂക്ഷ്മദൃഷ്ടിയുള്ളവന്‍ എന്നിങ്ങനെയാണ് ഇവയ്ക്കര്‍ത്ഥം. ഇവയില്‍ ആദ്യത്തെ രണ്ടു നാമങ്ങള്‍ ആദരവിന്റെ പ്രവിശാലതയെ അര്‍ത്ഥമാക്കുമ്പോള്‍ ലത്വീഫ് കൃപാപൂര്വമുള്ള കര്‍മത്തെ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ അല്ലാഹുവിന്റെ പവിത്രനാമങ്ങള്‍ മുഴുക്കെയും ഈ പറഞ്ഞ പത്തിലൊരു ഇനത്തിലല്ലാതെ പെടില്ല. ഇവിടെ പരാമര്‍ശിച്ചിട്ടില്ലാത്ത പേരുകള്‍ പരാമര്ശിച്ചവയോട് തുലനം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും.
അസ്മാഉല്‍ ഹുസ്നയുടെ ആശയം ബാഖിയാതുസ്വാലിഹാത് (നശിക്കാത്ത നന്മകള്) എന്നറിയപ്പെടുന്ന ‘സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍’ എന്ന ദിക്റില്‍ അടങ്ങിയതാണ്. ഇതില്‍ ഒന്നാമത്തെ പദമായ സുബ്ഹാനല്ലാഹിയുടെ വിവക്ഷ അല്ലാഹുവിന്റെ ദാത്ത് സ്വിഫാത്തുകള്‍ അന്യൂനവും അനന്യവുമാകുന്നു എന്നാണ്. ഇത് അല്ലാഹുവിന്റെ ഖുദ്ദൂസ് (പരിശുദ്ധന്, കുറവുകളില്‍ നിന്നും വിശുദ്ധന്), സലാം (മോചിതന്‍, അപാകതകളില്‍ നിന്നും മോചിതന്‍) പോലുള്ള നിഷേധാഷ്ഠിത നാമങ്ങളെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്നു.
എന്നാല്‍ അല്ലാഹുവിന്റെ ദാത്ത്സ്വിഫാത്തുകളുടെ സമ്പൂര്‍ണതയെ സ്ഥിരീകരിക്കുന്ന വചനമാണ് അല്‍ഹംദുലില്ലാഹ് എന്നത്. അലീം ഖദീര്‍ സമീഅ്, ബസ്വീര്‍ തുടങ്ങിയ സ്ഥിരീകൃത വിശേഷണങ്ങളെ ഈ വാക്യം ഉള്‍ക്കൊള്ളുന്നു. നമ്മുടെ ബുദ്ധിയിലും ഭാവനയിലും വിരിയുന്ന എല്ലാ ന്യൂനതകളെയും സുബ്ഹാനല്ലാഹി എന്ന വാക്യ ശകലം നിഷേധിക്കുമ്പോള്‍ നാം മനസ്സിലാക്കിയതും ഉള്‍ക്കൊണ്ടതുമായ പ്രഭാവപൂര്ണതകളെ അല്‍ഹംദുലില്ലാഹി സ്ഥാപിക്കുന്നു.
സ്ഥിരീകൃതവും നിഷേധാത്മകവുമായ മേല്‍ വിശേഷണങ്ങള്‍ക്കപ്പുറത്ത് നമുക്കറിയാത്ത ബ്രഹത്തായ പല യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. അല്ലാഹു അക്ബര്‍ എന്ന മൂന്നാം വചനം ഉദ്ദേശിക്കുന്നതും ലക്ഷ്യമാക്കുന്നതും അവയെയാണ്. ‘ഞങ്ങള്‍ സ്ഥിരീകരിച്ചതും നിഷേധിച്ചതുമായ ഗുണവിശേഷണങ്ങള്ക്കുമപ്പുറത്ത് ഔന്നത്യത്തിലാകുന്നു നീ’ എന്നത്രെ ഇതിനര്‍ത്ഥം. ‘നിന്റെ മേല്‍ സ്തുതി നിര്‍ണയിക്കുക എനിക്ക് സാധ്യമല്ല. നീ നിന്നെ ഏതുവിധം സ്തുതിച്ചുവോ ആ വിധമാകുന്നു നീ’ എന്ന നബിവചനം ഈ വസ്തുതയാണ് വെളിപ്പെടുത്തുന്നത്. ‘അല്‍ അഅ്ലാ, അല്‍ മുതആലി തുടങ്ങി നമുക്ക് പരിചിതമായതിനപ്പുറത്തുള്ള നാമങ്ങള്‍ അല്ലാഹു അക്ബറിന്റെ പരിധിയില്‍ വരുന്നവയാകുന്നു.
മേല്പറഞ്ഞ വിധം പരിശുദ്ധനായ അല്ലാഹുവിന് തുല്യതയും പങ്കാളിയെയും നിഷേധിക്കുന്നതാണ് നാലാം വചനമായ ലാഇലാഹ ഇല്ലല്ലാഹു എന്നത്. ഉലൂഹിയ്യത്താണ് ആരാധനയുടെ അടിസ്ഥാന ഘടകം. ആരാധനക്കര്ഹനാകണമെങ്കില് മേല്പറഞ്ഞ ഗുണങ്ങള്‍ ഒന്നൊഴിയാതെ ഉണ്ടായിരിക്കണം. അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളെ മൊത്തത്തില്‍ പ്രതിഫലിപ്പിക്കുന്ന വാഹിദ്, അഹദ്, ദുല്‍ജലാല്‍, ദുല്ഇക്റാം തുടങ്ങിയവയും ലാഇലാഹ ഇല്ലല്ലാഹുവില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അവാച്യവും അനിര്‍വചനീയവുമായ പൂര്‍ണതയുടെയും പ്രഭാവത്തിന്റെയും ഗുണവിശേഷങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്നവന് മാത്രമേ ആരാധനക്കര്ഹനാകൂ. ബാഖിയാതു സ്വാലിഹാത്തിന്റെ മൊത്തം ആശയം ഉള്‍ക്കൊണ്ട വചനമായി അല്‍ഹംദു ലില്ലാഹിയെ കാണാം. അല്‍ഹംദുലില്ലാഹ് എന്നതൊരു സ്തുതിവചനമാണ്. സമ്പൂര്‍ണത സ്ഥിരീകരിച്ചും ന്യൂനതകള്‍ നിഷേധിച്ചും ഈ സ്തുതി പ്രകടമാകും. മനസ്സിലാകുക അസാധ്യമായവ ഗ്രാഹ്യമല്ലെന്നു സമ്മതിച്ചും സമ്പൂര്‍ണതയുടെ ഏകത്വം സ്ഥിരീകരിച്ചും പ്രകടിപ്പിക്കാവുന്നതാണ് ഈ സ്തുതി. ഏകത്വവും സമ്പൂര്ണതയുമാകുന്നു സ്തുതിയുടെ പട്ടികയില്‍ ഉന്നതം. അതുകൊണ്ടുതന്നെ നാം അറിഞ്ഞതും അറിയാത്തതുമായ എല്ലാ സ്തുതികളും അല്‍ഹംദു ഉള്‍ക്കൊള്ളുന്നുണ്ട്.
ചുരുക്കത്തില്‍ മുമ്പറഞ്ഞ ഗുണങ്ങളെല്ലാം സ്വന്തമായില്ലാത്തവന് ആരാധ്യനാകാന്‍ കൊള്ളില്ല. ജ്ഞാനം, പദവികള്‍കൊണ്ട് അല്ലാഹുവിനോട് ഏറ്റവും അടുത്ത നബിമാര്‍ക്കും മലക്കുകള്ക്കുമെല്ലാം ഈ വിശ്വാസം അനിവാര്യമാണ്. ദേഹേച്ഛയെ പിന്തുടര്ന്നവരും നാഥന് പരാജയപ്പെടുത്തിയവരുമായ ആളുകല്ലാതെ ഈ വിശ്വാസത്തിനെതിരു നില്‍ക്കില്ല. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം തടയപ്പെട്ട് അവന്റെ കാരുണ്യകവാടത്തില്‍ നിന്നും ആട്ടിയകറ്റപ്പെട്ടവരാകുമവര്. ദുന്യാവില് ഈ വിധമായവര് ആഖിറത്തിലും പരാജിതര്‍ തന്നെ. അല്ലാഹുവിന്റെ തിരുദര്ശനമോ ആദരവോ അവര്‍ക്ക് പരലോകത്തു ലഭിക്കില്ല.
ഇമാം ഗസ്സാലിറ);പറുദീസ/5 എസ്എസ് ബുഖാരി