പരീക്ഷച്ചൂടില്‍ നിന്നു മോചനം നേടി ഇളം മനസ്സുകള്‍ വിദ്യാലയ മുറ്റത്ത് നിന്നും പടിയിറങ്ങുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയരുകയായി. പത്തുമാസത്തെ പഠനഭാരം പരീക്ഷ പേപ്പറില്‍ കുത്തിക്കുറിച്ചിട്ട് രണ്ടു മാസത്തേക്ക് വിദ്യാലയത്തോട് വിടപറയുമ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ഒപ്പം ആധിയുമായിട്ടാണ് വീട്ടിലേക്ക് കുട്ടികള്‍ കുതിച്ചെത്തുന്നത്. കുട്ടികള്‍ അവധി ആഘോഷിക്കുമ്പോള്‍ രണ്ടു മാസം മക്കളെ എങ്ങനെ പൊറുപ്പിക്കുമെന്ന ചിന്തയായിരിക്കും പല രക്ഷിതാക്കള്‍ക്കും. തങ്ങള്‍ തലവേദന സൃഷ്ടിക്കുന്നതൊന്നും അവര്‍ ചെയ്യരുതേയെന്ന പ്രാര്‍ത്ഥനയില്‍ കഴിയുന്ന രക്ഷിതാക്കളുമുണ്ട്.
ഏതായാലും രണ്ടു മാസം രക്ഷിതാക്കളും കുട്ടികളും മുഴുസമയം കണ്ടുമുട്ടുന്ന സമയമാണ്. അധ്യയന ദിനങ്ങളില്‍ അധികസമയം സ്കൂളിലും രാത്രി പുസ്തകത്താളുകളിലും ബാക്കി സമയം ‘പെട്ടി’കള്‍ക്ക് മുമ്പിലുമാകുമ്പോള്‍ തീര്‍ച്ചയായും രക്ഷിതാക്കള്‍കുട്ടികള്‍ ബന്ധങ്ങള്‍ ഉണ്ടാവുന്നില്ല. രണ്ടു മാസം മാതാപിതാക്കളുമൊത്ത് കളിക്കാനും രസിക്കാനും ജീവിതപാഠങ്ങളറിയാനും കുട്ടികള്‍ക്ക് കഴിയുകയാണ്. ഒഴിവു ദിനങ്ങളില്‍ പ്രത്യേകിച്ച് രക്ഷിതാക്കള്‍ മക്കള്‍ക്കു വേണ്ടി സമയം വിനിയോഗിക്കണം. ഒരു കഥ പറയാം:
ജോലി കഴിഞ്ഞുവന്ന പിതാവിനോട് മകന്‍ ചോദിച്ചു: ‘ഒരു മണിക്കൂറില്‍ ഉപ്പ എത്ര രൂപ ഉണ്ടാക്കും.’ പിതാവ് പ്രതികരിച്ചു: ‘മുപ്പത് രൂപ.’ ഇതുകേട്ട ഉടന്‍ മകന്‍ താന്‍ സ്വരൂപിച്ചുവെച്ച മുപ്പതു രൂപ പിതാവിന് നല്‍കിയിട്ട് പറഞ്ഞു; നാളെ എനിക്കുവേണ്ടി ഒരു മണിക്കൂര്‍ ചെലവഴിക്കണം. ഇതുകേട്ട് പിതാവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അപ്രതീക്ഷിതമായ ഈ സംഭവം ആ പിതാവിന്റെ ജീവിതശൈലി മാറ്റിക്കളഞ്ഞു.
മക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം മാതാപിതാക്കളുടെ സാമീപ്യമാണ്. പുതിയ പഠനങ്ങള്‍ പ്രകാരം മക്കളുടെ അടുക്കല്‍ ഒരു മണിക്കൂര്‍ പോലും മാതാപിതാക്കള്‍ തികച്ചു ചെലവഴിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ ടെക്നോളജി (ഇവിടെ ടെക്നോളജി എന്നേ ഉപയോഗിക്കാന്‍ കഴിയൂ. ടിവി അപ്രത്യക്ഷമാവുകയാണല്ലോ. ഐപാഡും ടാബ്ലറ്റുമൊക്കെയാണ് ന്യൂജനറേഷന്‍ നേരംകൊല്ലികള്‍) യുടെ മുമ്പിലാണ്. ഒഴിവ് സമയം മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കുക. അവര്‍ ഏതുവഴി സ്വീകരിക്കണമെന്നതിനെക്കുറിച്ചുള്ള ടൈംടേബിള്‍ ഉടന്‍ ഉണ്ടാക്കുക.
ഒഴിവ് ദിനങ്ങളില്‍ കുട്ടികള്‍ക്ക് വളര്‍ച്ചക്കാവശ്യമായ വികസനം നടക്കാന്‍ ആറു മേഖല ഇവിടെ വിവരിക്കാം. ഈ വികസനം പുതിയ ജീവിത വിജയത്തിനു കാരണമാകും.
സാമൂഹിക വികസനം
മറ്റുള്ളവരെ അറിയാനും പരിഗണിക്കാനും അവര്‍ക്ക് സേവനം ചെയ്യാനും പറ്റുന്ന പുതു ടീമിനെ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അയല്‍ബന്ധങ്ങള്‍ അകലുന്നു. കുടുംബ ബന്ധങ്ങള്‍ മുറിയുന്നു. സൗഹൃദങ്ങള്‍ക്കിടയില്‍ വിടവ് വരുന്നു. ഇതില്‍ മാറ്റം വരാന്‍ കുട്ടികള്‍ കുടുംബ വീടുകളും അയല്‍ വീടുകളും സന്ദര്‍ശിക്കട്ടെ. രോഗികളെ സന്ദര്‍ശിക്കാനും സമയം കാണട്ടെ. നാട്ടില്‍ പാവപ്പെട്ടവരുടെ വിഷമങ്ങള്‍ അറിയാനുള്ള അവസരങ്ങളും തുടങ്ങട്ടെ. ഇത്തരം കാര്യങ്ങള്‍ സാമൂഹിക വികസനത്തിന് സഹായകമാവും.
ശാരീരിക വികസനം
ഇന്ന് കോഴ്സുകളുടെ ചാകരയാണ്. വെക്കേഷന്‍ ക്യാമ്പുകള്‍ സജീവവുമാണ്. ഇത് കുറേയൊക്കെ നല്ലതുതന്നെ. പക്ഷേ, അവധിക്കാലം മുഴുവന്‍ പഠനം മാത്രമാകുമ്പോള്‍ മനസ്സ് മടുക്കും. ഇതു ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇമാം ഗസ്സാലി(റ) പറയുന്നത് പഠനം കഴിഞ്ഞാല്‍ കളിക്കാന്‍ അവസരം കൊടുക്കണമെന്നാണ്. ഇത് ശാരീരിക വികസനത്തിന് കാരണമാകും. കുട്ടികള്‍ക്ക് കളിക്കാന്‍ അവസരം നല്‍കണം. നിരവധി നേട്ടങ്ങള്‍ ഇതുകൊണ്ട് ലഭിക്കുന്നു. ഇസ്‌ലാമിക രീതികള്‍ക്കനുസരിച്ചാവണമെന്നു മാത്രം.
സാമ്പത്തിക വികസനം
നാട്ടിമ്പുറങ്ങളില്‍ മുമ്പുകാലത്ത് ആണ്‍കുട്ടികള്‍ മിഠായിക്കച്ചവടം നടത്തിയിരുന്നു. ഇന്നത് വ്യാപകമല്ല. ഐസും മിഠായിയും മറ്റും വില്‍പ്പന നടത്തുന്ന കൊച്ചു ബിസിനസ്സുകാര്‍ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഇത് കുട്ടികളില്‍ പാഠ്യേതര കഴിവുകളുണ്ടാക്കാന്‍ സഹായിക്കുന്നതാണ്. മറ്റുള്ളവരുമായി ഇടപെടേണ്ട രീതിയും കച്ചവടത്തിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള അറിവും ജീവിതത്തിലൂടെ തന്നെ പഠിച്ചെടുക്കുന്നു. ചില കുട്ടികള്‍ക്കിത് ഹരമാകും. ഇതവരുടെ അഭിരുചിയാണ്. എംബിഎ കഴിഞ്ഞവരേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ബിസിനസ്സ് നടത്താന്‍ നാലാംതരം പൂര്‍ത്തീകരിക്കാത്തചിലര്‍ക്ക് കഴിയുന്നത് ഈ അനുഭവപാഠങ്ങള്‍ കൊണ്ടാണ്. കുട്ടികളുടെ ഇത്തരം ചെറിയ ബിസിനസ്സില്‍ നിന്നും ലഭിക്കുന്ന പണം സ്വരൂപിക്കാനും അതുപയോഗിച്ച് പുസ്തകവും യൂണിഫോമും വാങ്ങാനും പ്രേരിപ്പിക്കുമ്പോള്‍ അത് സ്വത്വത്തിലേക്കുള്ള മടക്കവും പക്വതയുടെ അടയാളവുമാകുന്നു.
ഭാഷാവികസനം
നേരത്തെ പറഞ്ഞതുപോലെ ടെക്നോളജിയുടെ സന്തതികളായി നമ്മുടെ മക്കള്‍ മാറിപ്പോകുന്നുവെന്നത് ദുഃഖിപ്പിക്കുന്നതാണ്. ഈ ശീലത്തില്‍ നിന്നും മാറി അവരുടെ ഭാഷാനൈപുണിയും ആശയ വിനിമയ ശേഷിയും വിവര വര്‍ധനവും ഉണ്ടാക്കുക. അതിന് വായനാശീലം ഉണ്ടാക്കിയെടുക്കണം. വെക്കേഷനില്‍ വായിച്ചുതീര്‍ക്കാന്‍ ഒന്നുരണ്ടു പുസ്തകങ്ങള്‍ ഗിഫ്റ്റായി നല്‍കുക. അതവര്‍ വായിച്ചു തീര്‍ക്കട്ടെ. വായനയിലൂടെ ഒരുപാട് മാറ്റങ്ങള്‍ വ്യക്തിപരമായും ബുദ്ധിപരമായും ഉണ്ടാവുന്നു. വായനാശീലം പഠനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
ധാര്‍മിക വികസനം
കുട്ടികള്‍ പൊതുവെ നിഷ്കളങ്കരാണ്. ഈ നിഷ്കളങ്കതയെ ചൂഷണം ചെയ്യാന്‍ സാഹചര്യങ്ങള്‍ ഒരുപാട് നിലവിലുണ്ട്. മയക്കുമരുന്നിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും ഇന്ന് വിദ്യാര്‍ത്ഥികള്‍ അടിമയായി മാറുന്നു. ലൈംഗികതയുടെ അതിപ്രസരത്തില്‍ കുട്ടികളും പങ്കാളികളാവുന്നു. ധാര്‍മിക വളര്‍ച്ചയുണ്ടാക്കിയെടുത്താലേ ഇതിനൊരു മാറ്റം സാധ്യമാവൂ. അതിന് അവരുടെ ദേശത്തുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുക. എസ്ബിഎസ്സിന്റെയും എസ്എസ്എഫിന്റെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതോടെ കുട്ടികള്‍ ധാര്‍മിക പ്രചോദിതരായിത്തീരും. കൂട്ടുകെട്ടുകള്‍ അതിനനുസരിച്ച് രൂപപ്പെടും. നല്ലതിനോട് ചേര്‍ന്നാല്‍ അതിന്റെ ഗുണം ലഭിക്കുമല്ലോ.
ആത്മീയ വികസനം
പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ കുട്ടികള്‍ക്ക് പഠനസമയത്ത് ശരിക്കു കഴിയണമെന്നില്ല. എന്നാല്‍ ഈ ഒഴിവുവേള ആത്മീയ ഉന്നതിക്കു വേണ്ടി വിനിയോഗിക്കാം. മഗ്രിബ്ഇശാഇനിടയില്‍ യാസീന്‍, വാഖിഅ, മുല്‍ക് സൂറത്തുകള്‍ പതിവാക്കാനും ഹദ്ദാദ് ചൊല്ലാനും പ്രേരിപ്പിക്കുക. നിത്യവും ചെയ്യാന്‍ പറ്റുന്ന രീതിയില്‍ അല്‍പം ദിക്ര്‍, സ്വലാത്ത്, പ്രാര്‍ത്ഥന തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുക. ജീവിതത്തില്‍ മാറ്റമുണ്ടാവാന്‍ ആത്മീയത അനിവാര്യമാണെന്ന് അവരെ ഓര്‍മിപ്പിക്കുക. അത് തുടര്‍പഠനത്തിന് ഊര്‍ജം നല്‍കുന്നതും കൂടിയാവും. ഈ നിലക്കെല്ലാം അവധി ദിനങ്ങളെ ഭാവിയിലേക്കുള്ള നന്മയുടെ കവാടമാക്കാന്‍ സാധിക്കേണ്ടതാണ്.

 

വനിതാ കോര്‍ണര്‍
അകത്തളം

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ