പറയേണ്ടതു പറയേണ്ടവരോടു കൃത്യസമയത്തു പറഞ്ഞിട്ടില്ലെങ്കില്‍ എന്തു സംഭവിക്കും? സ്വയം കൈകാര്യം ചെയ്യുന്നതിലെ അപക്വതയോ? എന്താണെന്നു തീരുമാനിക്കും മുമ്പ് ദയവായി എന്റെ അനുഭവം കേള്‍ക്കുക.
എന്റെ പേര് സൗദാമിനി. രണ്ടു കുട്ടികളുടെ മാതാവാണ്. ഭര്‍ത്താവ് ബാംഗ്ലൂരിലാണ്. മാസത്തിലൊരിക്കല്‍ നാട്ടില്‍ വരും. വീട്ടില്‍ ഞാനും മക്കളും അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവും ഒരുമിച്ചാണ് താമസം.
തൃശൂര്‍ ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. ഭര്‍തൃവീട് കുന്ദംകുളത്തിനടുത്താണ്. കല്യാണം കഴിഞ്ഞിട്ട് വര്‍ഷം പന്ത്രണ്ടായി.
ഒരു ഞായറാഴ്ച. ഞാനും മക്കളും കുന്ദംകുളത്തു നിന്നു വരികയാണ്. ബസ്സ്റ്റാന്‍റില്‍ തിരക്കുണ്ടായിരുന്നു. എന്റെ കൈയില്‍ സാമാന്യം വലിപ്പമുള്ള ഒരു പെട്ടിയുമുണ്ട്. കൊടുങ്ങല്ലൂരിലേക്കുള്ള ബസ്സ് വന്നു. എന്തൊരു തിരക്കാണെന്നോ! കയറാന്‍ പറ്റുമെന്നു തോന്നിയതല്ല. അപ്പോഴതാ, ഒരാള്‍ എന്നെ സഹായിക്കാന്‍ വരുന്നു. ലഗേജ്, അയാള്‍ കയറ്റിത്തന്നു എന്നു മാത്രമല്ല, എനിക്കും മക്കള്‍ക്കുമായി ഒരു സീറ്റും തരപ്പെടുത്തിത്തന്നു. വലിയ സന്തോഷമായി എനിക്ക്.
അദ്ദേഹം എന്റെ പിറകിലെ സീറ്റില്‍ തന്നെയുണ്ടായിരുന്നു. ഒരു താങ്ക്സ് പറയേണ്ടത് എന്റെ കടമയാണല്ലോ. പുഞ്ചിരിയോടെ ഞാനാ കര്‍ത്തവ്യം നിര്‍വഹിച്ചു. പരിചയപ്പെടുകയും ചെയ്തു. പറഞ്ഞുവന്നപ്പോള്‍ എന്റെ പരിചയക്കാരിയുടെ നാട്ടുകാരനാണ്. പോലീസ് ഡിപ്പാര്‍ട്ടുമെന്‍റിലാണ് ജോലി. ചെന്ത്രാപ്പിന്നിയെത്തുവോളം ഞങ്ങള്‍ സംസാരിച്ചു. എന്റെ ഭര്‍ത്താവിനെ അറിയാമെന്നും മറ്റും അദ്ദേഹം പറഞ്ഞു. ബസ്സിറങ്ങും മുമ്പൂ മൊബൈല്‍ നമ്പറുകളും കൈമാറി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കോള്‍ വന്നു. വെറുതെ വിളിച്ചതാണെന്നും ഈ വഴി യാത്ര ചെയ്തപ്പോള്‍ ഓര്‍ത്തുപോയെന്നും പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. വീട്ടില്‍ കയറി, ഒരു ചായ കുടിച്ചുപോകാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും പിന്നീടാവട്ടെ എന്നാണ് പ്രതികരിച്ചത്. രണ്ടാഴ്ച കഴിഞ്ഞിട്ടാണ് പിന്നീട് വിളിച്ചത്. തുടര്‍ന്ന് എല്ലാ ദിവസവും അദ്ദേഹം വിളിക്കുക പതിവായി. ആദ്യം അസാംഗത്യമൊന്നും തോന്നിയില്ലെങ്കിലും, പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ ഫോണ്‍ വന്നില്ലെങ്കില്‍ ഒരസ്വസ്ഥത തോന്നാന്‍ തുടങ്ങി. എന്താണു കാരണം എന്നെനിക്കറിയില്ല. ആ സംസാരത്തില്‍ വല്ലാത്തൊരു ആകര്‍ഷകത്വമുണ്ടായിരുന്നു.
മൂന്നു മാസം കഴിഞ്ഞ് ഒരു സായാഹ്നത്തില്‍, ഞാന്‍ കുന്ദംകുളത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്നു. അദ്ദേഹം വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ഒരു ചായ കുടിക്കാം, അല്‍പനേരം സംസാരിക്കാം എന്നാണ് പറഞ്ഞത്. വേണ്ടെന്ന് പറയാന്‍ തോന്നിയെങ്കിലും കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ മുറിയില്‍ ചെലവഴിക്കുമ്പോള്‍ ഞാനോര്‍ത്തത് സിസ്റ്റര്‍ ജെസ്മിയുടെ ഒരനുഭവമാണ്. “ആമേന്‍” എന്ന ആത്മകഥയില്‍ ലാല്‍ബാഗിലെ മുറിയിലേക്ക് ഒരച്ചന്‍ കൂട്ടിക്കൊണ്ടുപോയപ്പോള്‍ അവര്‍ നിസ്സഹായയായി നിന്ന അവസ്ഥ പറയുന്നുണ്ട്. പുരോഹിതന്റെ ലൈംഗിക മുഖം കണ്ട് അവര്‍ ഞെട്ടിപ്പോയി. അന്ന് ഞാനും അയാളുടെ ഇംഗിതത്തിന് വിധേയയായി. ഒരു സ്ത്രീ എത്രമാത്രം ദുര്‍ബലയാണെന്ന് എനിക്കന്ന് മനസ്സിലായി. ഭര്‍ത്താവിനോട് തെറ്റുചെയ്ത എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. ഇനിയിത് ആവര്‍ത്തിക്കില്ലെന്നു കരുതിയെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. പിന്നെയും പലവുരു ഞങ്ങള്‍ സംഗമിച്ചു.
ഒരുനാള്‍ അദ്ദേഹം വന്നത്, ഒരു ലക്ഷം രൂപ കടമായി വേണമെന്നും ഒരാഴ്ചക്കകം തിരിച്ചുതരാമെന്നും പറഞ്ഞാണ്. അദ്ദേഹത്തെ ഒഴിവാക്കാന്‍ എനിക്കാവില്ലായിരുന്നു. കടം കൊടുത്തു. കൃത്യ സമയത്തു തന്നെ മടക്കിത്തരികയും ചെയ്തു. വീണ്ടും ഇതാവര്‍ത്തിച്ചു. ഒരിക്കല്‍പോലും അദ്ദേഹം അവധി തെറ്റിച്ചിരുന്നില്ല.
പക്ഷേ, പിന്നീടൊരിക്കല്‍, കൃത്യം ആറുമാസം മുമ്പ് വലിയൊരു സംഖ്യ എന്നില്‍ നിന്ന് കടം വാങ്ങി. മുപ്പതുലക്ഷം രൂപ. ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്ന് 15 ലക്ഷവും ബാക്കി എന്റെ സ്വര്‍ണം പണയം വെച്ചുമാണ് ഞാന്‍ സ്വരൂപിച്ചത്. ഒരാഴ്ചത്തെ അവധിയാണ് അദ്ദേഹം പറഞ്ഞത്. ഏറിയാല്‍ പത്തുദിവസം. സംശയിക്കാന്‍ മാത്രം എനിക്കൊന്നും തോന്നിയില്ല.
എന്നാല്‍ ഇത്തവണ അയാളുടെ സ്വഭാവം മാറി. പണം തിരികെ തന്നില്ലെന്നു മാത്രമല്ല, ആരെയെങ്കിലും അറിയിച്ചാല്‍ എന്റെ നഗ്നഫോട്ടോസ് ഭര്‍ത്താവിനെ കാണിക്കുമെന്നായിരുന്നു ഭീഷണി. കാണിക്കാന്‍ ഉദ്ദേശിച്ച ഫോട്ടോസ് അയാള്‍ എന്റെ മൊബൈലിലേക്ക് സെന്‍റ് ചെയ്തു.
തകര്‍ന്നുപോയി ഞാന്‍… ശരിക്കും ചതിക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ഭര്‍ത്താവ് വരുമ്പോള്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ തളര്‍ന്നു.
ആത്മഹത്യയാണ് എന്റെ മുമ്പില്‍ തെളിഞ്ഞത്. പക്ഷേ, നിഷ്കളങ്കരായ പൊന്നുമക്കള്‍. നിരപരാധിയായ ഭര്‍ത്താവ്. എന്റെ സാമീപ്യം കൊതിക്കുന്ന ഭര്‍തൃമാതാവ്….
വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നു തോന്നിയത് അങ്ങനെയാണ്. എവിടെയുണ്ടെങ്കിലും അയാളെ കണ്ടുപിടിക്കണമെന്ന് എനിക്ക് വാശിയായി. പക്ഷേ, ഇതിനകം അവന്റെ മൊബൈല്‍ സ്വിച്ച്ഓഫായി. ഭര്‍ത്താവിനും എന്നില്‍ സംശയം തോന്നാന്‍ തുടങ്ങിയിരിക്കുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ എല്ലാം എനിക്ക് പറയേണ്ടിവന്നു.
പോലീസിനു മുമ്പില്‍, സര്‍വം തുറന്നു പറയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നഗ്നയായ അവസ്ഥയിലായിരുന്നു ഞാന്‍. വൈകിപ്പോയെന്നാണ് പോലീസിന്റെ ഭാഷ്യം. കാര്യങ്ങള്‍ നിങ്ങള്‍ സ്വയം കൈകാര്യം ചെയ്തതാണ് തെറ്റ്. ആദ്യമേ നിങ്ങള്‍ അവന് വശപ്പെട്ടത് അതിലും വലിയ തെറ്റ്.
ഏതോ ക്രിമിനല്‍ തന്നെ പറ്റിച്ചതായിരിക്കാമെന്നാണു പോലീസിന്റെ വിശദീകരണം. അവന്‍ എന്നെങ്കിലും മൊബൈല്‍ ഓണാക്കിയാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടിക്കാമെന്ന് മാത്രമാണ് പോലീസ് പറഞ്ഞത്. അവന്റെ നാടും വീടും ഒന്നുമറിയാത്ത ഞാന്‍ എന്തുമാത്രം വിഡ്ഢിയാണെന്ന് എനിക്കു മനസ്സിലായി.
സ്വന്തം വീട്ടില്‍, ജീവച്ഛവമായി കഴിയുകയാണ് ഞാനിപ്പോള്‍. ഏതു നിമിഷവും വിവാഹമോചനത്തിന്റെ വിവരം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. മക്കളുടെ മുമ്പില്‍ പോലും തലയുയര്‍ത്താന്‍ എനിക്കാവുന്നില്ല. അവരെ കണ്ടിട്ടു തന്നെ ദിവസങ്ങളായി….
പറയൂ പ്രിയപ്പെട്ടവരേ, എനിക്കെവിടെയാണ് തെറ്റിയത്? എന്നെ സമാധാനിപ്പിക്കാന്‍ എന്തെങ്കിലും “മരുന്ന്” നിങ്ങളുടെ കൈവശമുണ്ടോ?

 

നല്ല വീട്5
ഇബ്റാഹിം ടിഎന്‍ പുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ