പ്ലീസ്, എന്തു ചെയ്യണം… അവളോട് ഞാനെന്താണു പറയേണ്ടത്?
ഇന്നു രാവിലെയും ഷമീര്‍ വിളിച്ചിരുന്നു. പെട്ടെന്നൊരു മറുപടിയാണ് അവന് വേണ്ടത്. ചിന്തിക്കാന്‍ സമയം വേണമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഷമീര്‍ വിടുന്ന മട്ടില്ല.
“കിട്ടണം… അവള്‍ക്കിതു തന്നെ കിട്ടണം’
വിവരമറിഞ്ഞ എന്റെ കൂട്ടുകാരന്‍ പറയുന്നു. ഞാനോര്‍ത്തത് നിഷ്കളങ്കരായ രണ്ടു കുരുന്നുകളെയായിരുന്നു. പാവം, ആ മക്കളെന്തു പിഴച്ചു?
പട്ടാമ്പിയിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. പുഴയുടെ തീരത്ത് ചെത്തി തേക്കാത്ത ചുമരുള്ള ഓടിട്ട ഒരു പഴയ വീട്. ആ വീട്ടില്‍ ആറു പേരാണ് താമസിച്ചിരുന്നത്. ഒരുമ്മയും ബാപ്പയും അവരുടെ സ്നേഹനിധികളായ നാലു മക്കളും. മൂത്ത മകളായിരുന്നു അവള്‍; നദീറ.
പട്ടാമ്പി മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍ക്കുന്ന തനി നാട്ടിമ്പുറത്തുകാരനായ ഉപ്പയെ നദീറ വഞ്ചിച്ച ദിനം മുതല്‍ അയാള്‍ക്കു മിണ്ടാട്ടമില്ലാതായി. ഊര്‍ജസ്വലത എങ്ങോട്ടോ പോയ്മറഞ്ഞു. പേരിനു മാത്രമുള്ള കച്ചവടം കൊണ്ട് ഇപ്പോള്‍ അഞ്ചു വയറുകള്‍ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു.
ഒരു നാള്‍, സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അയാള്‍. റയില്‍ പാളത്തിനരികിലെ വയലില്‍ നിന്നൊരു ഞരക്കം കേട്ട്, അയാള്‍ ടോര്‍ച്ചടിച്ചു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു ചെറുപ്പക്കാരന്‍. കാണാത്ത ഭാവത്തില്‍ വേഗം നടന്നാല്‍ പൊല്ലാപ്പ് ഒഴിവാക്കാമെന്നാണ് ആദ്യം തോന്നിയത്. പക്ഷേ, ജീവനു വേണ്ടിയുള്ള ആ ഞരക്കം അയാളെ പിടിച്ചുലച്ചു. മറ്റൊന്നും ചിന്തിക്കാതെ അവനെ വാരിയെടുത്ത് ആസ്പത്രിയിലേക്ക് ഓടുകയായിരുന്നു. അസുഖം മാറുവോളം കൂടെത്തന്നെ നിന്നു.
അവന്റെ പേര് ബിജു. പാലക്കാട്ടെ ഒരു നാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നു. ആകെയുണ്ടായിരുന്ന അമ്മ കഴിഞ്ഞ മാസം മരണപ്പെട്ടു. നാട്ടിലിനി വേണ്ടപ്പെട്ടവരെന്ന് പറയാന്‍ ആരുമില്ല. ഒരു ജോലിയും തേടിയുള്ള യാത്രയിലായിരുന്നു. അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് കാലു തെന്നി വീണതാണ്.
കഥ കേട്ടപ്പോള്‍ ഉസ്മാന്‍ക്കയുടെ ഖല്‍ബില്‍ ആര്‍ദ്രതയുടെ മഴ പെയ്തു. ആരുമില്ലാത്ത ഒരാളെ തെരുവിലേക്ക് തള്ളേണ്ടെന്നു കരുതി തന്റെ കൂടെ കടയില്‍ നിര്‍ത്തി. താമസിക്കാന്‍ കടയുടെ അടുത്ത് ഒരു മുറിയും ശരിപ്പെടുത്തി.
ഉസ്മാന്‍കക്കുള്ള ഉച്ചഭക്ഷണം കൊണ്ടുവരാന്‍ ബിജുവാണ് എന്നും പോയിരുന്നത്. വീട്ടിലപ്പോള്‍, പഠനം കഴിഞ്ഞ് പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ കഴിയുകയായിരുന്നു നദീറ. മനസ്സുകള്‍ കൈമാറിയത് എപ്പോഴെന്നറിയില്ല. പിന്നെ ആവശ്യത്തിനും അല്ലാതെയും ബിജു ആ വീട്ടിലായിരുന്നു മിക്ക സമയവും. ഒടുവില്‍ നാട്ടുകാര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു; നദീറയും കാമുകനും ഒരു രാത്രിയില്‍ വണ്ടികയറി.
കഴിഞ്ഞുപോയത് കൃത്യം മൂന്നു വര്‍ഷം. ഒരു സന്ധ്യയില്‍ നദീറ പട്ടാമ്പിയില്‍ തീവണ്ടിയിറങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്നത് കാലിയായ ബാഗും വിശപ്പുമാറാത്ത രണ്ടു കുട്ടികളും.
ഇതറിഞ്ഞപ്പോള്‍ ഞാനോര്‍ത്തത് “ഇണക്കിളി പറന്നകലുകയാണ്’ എന്ന കഥാ പ്രസംഗത്തിലെ ഷറീനയെയാണ്. ഉപയോഗിച്ച് വലിച്ചെറിയുമ്പോള്‍ അവളോട് കാമുകന്‍ ചൊല്ലിയതിങ്ങനെ:
അറിയേണമെന്റെ പൊന്നുഷെറീ
കരളിന്‍ കഷ്ണമേ…
അരുതാത്തതാണ് ചെയ്യുന്നത്
മാപ്പു നല്‍കണേ…
ഞങ്ങള്‍ പോയിടുകയാണീ
നാട്ടില്‍ നിന്നുമേ…
മമ്മീടെ തീരുമാനമാണ്
വേറെ വിവാഹം, വേറെ വിവാഹം…
പക്ഷേ, പ്രതീക്ഷയോടെ കയറിച്ചെന്ന നദീറയെ ഉസ്മാന്‍ക തീ പാറും കണ്ണുകളുമായി ആട്ടിവിടുകയായിരുന്നു. ഉമ്മയും അതേ. കണ്ടവന്റെ കൂടെപ്പോയ ഇങ്ങനെയൊരു മകള്‍ ഞങ്ങള്‍ക്കില്ലെന്ന് അവരും തറപ്പിച്ചു പറഞ്ഞു.
കുട്ടികളെയും എടുത്ത് തീവണ്ടിക്കു മുമ്പില്‍ ചാടാന്‍ അവള്‍ തയ്യാറായില്ല. അത് ഭീരുത്വമാണെന്ന് ഉള്ള് മന്ത്രിക്കുന്നുണ്ടായിരുന്നു. അടുത്ത ട്രെയിന്‍ കയറിയ അവള്‍ വന്നിറങ്ങിയത് പരപ്പനങ്ങാടിയില്‍.
അവളിപ്പോഴും ഒരു ക്വാര്‍ട്ടേഴ്സില്‍ നഷ്ട സ്വപ്നങ്ങളുമായി കഴിയുന്നുണ്ട്; കുറ്റബോധത്തിന്റെ എടുക്കാ ചുമടുകളുമായി.
പഴയ നദീറയാവാനും ചിട്ടയോടെ ജീവിക്കാനും അവള്‍ക്കിന്നേറെ ആഗ്രഹമുണ്ട്. പക്ഷേ, ഇല്ലാത്തത് അഭയമാണ്. കുഞ്ഞുങ്ങളെയും കൊണ്ട് സ്വസ്ഥമായി കഴിയാന്‍ ഒരഭയകേന്ദ്രം. ഷമീര്‍ ഇനി വിളിക്കുമ്പോള്‍, തൃപ്തികരമായ ഒരു മറുപടി പറയണമെന്നുണ്ട്; വായനക്കാര്‍ എന്നെ സഹായിക്കുമോ?

നല്ല വീട്11
ഇബ്റാഹിം ടിഎന്‍ പുരം

You May Also Like

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…

കൂട്ടുകുടുംബവും അണു കുടുംബവും

മെഡിക്കൽ കോളജിന്റെ പന്ത്രണ്ടാം വാർഡ് ഭക്ഷണശേഷം ഗുളികയും കഴിച്ച് ഉറങ്ങാനുള്ള ഒരുക്കത്തിലാണ് വാർഡിലെല്ലാവരും. സർജറി കാത്തു…

● ശാഫി പൊക്കുന്ന്