മെഡിക്കൽ കോളജിന്റെ പന്ത്രണ്ടാം വാർഡ് ഭക്ഷണശേഷം ഗുളികയും കഴിച്ച് ഉറങ്ങാനുള്ള ഒരുക്കത്തിലാണ് വാർഡിലെല്ലാവരും. സർജറി കാത്തു കിടക്കുന്ന രോഗികൾക്കിടയിൽ ഒരു വൃദ്ധൻ ഞരങ്ങിക്കൊണ്ട് വലത്തേക്ക് ചെരിഞ്ഞുകിടന്നു. സമീപത്തിരുന്ന ഭാര്യ വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവെച്ച് അയാൾക്കുള്ള ഭക്ഷണം പാത്രത്തിൽ വിളമ്പി. പാത്രങ്ങൾ കഴുകിവെക്കുന്നതിന്റെയും വിരിപ്പുകൾ കുടയുന്നതിന്റെയും ശബ്ദങ്ങളും നിലച്ചു. ആ വൃദ്ധ എഴുന്നേറ്റു ബക്കറ്റുമായി ടോയ്‌ലറ്റിലേക്ക് പതുക്കെ നടന്നു. വെള്ളം പിടിച്ചു തിരിച്ചുവന്ന് തോർത്തുപയോഗിച്ച് അയാളുടെ ചുളിഞ്ഞ ദേഹമെല്ലാം നനച്ചു തുടച്ചുകൊണ്ടിരുന്നു.

മൂന്നാലു ദിവസമായി അവർ ഇവിടെ അഡ്മിറ്റായിട്ട്. ബന്ധുക്കളോ മറ്റോ വന്നു നോക്കിയതായി കണ്ടിട്ടില്ല. നഗരത്തിൽ നിന്നും അൽപമകലെയാണ് അവരുടെ വീട്. അവിടെ മറ്റാരുമില്ല. മകൻ വിദേശത്താണ്. ഹൗസ് ഡ്രൈവർ. വേറെ വീട് വെച്ച് ദൂരെയാണ് താമസം. മകൾ അടുത്ത ജില്ലയിൽ. അവളുടെ ഭർത്താവിന്റെ ഉമ്മ കിടപ്പിലായതുകാരണം വരാനൊക്കില്ല. വൃദ്ധരായ ഈ ഉപ്പയും ഉമ്മയും പരിചരണത്തിനാരുമില്ലാതെ കാലം കഴിക്കുന്നു.

വിഘടിച്ചുപെരുകുന്ന ആധുനിക കുടുംബസംസ്‌കാരത്തിന്റെ ദുഷ്ഫലങ്ങളുടെ നേർസാക്ഷ്യമാണിത്. മാതാവും പിതാവും പ്രായം ചെന്ന് പരസഹായം ആവശ്യമായി വരുന്ന ഘട്ടമെത്തുമ്പോഴേക്കും മകൻ വേറെ സ്ഥലത്തേക്ക് താമസം മാറുകയോ ജോലി തേടി കേരളം വിട്ടുപോവുകയോ ചെയ്യുന്നു. സന്തുഷ്ട കുടുംബമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഇന്നത്തെ കുടുംബ സംവിധാനത്തിന്റെ അവസ്ഥയാണിത്.

രക്തബന്ധമുള്ളവരെല്ലാം ഒരു മേൽക്കൂരക്കു കീഴിൽ പരസ്പരം അറിഞ്ഞും അനുസരിച്ചും സഹായിച്ചും ഉത്തരവാദിത്തങ്ങൾ പങ്കുവെച്ചും കഴിഞ്ഞിരുന്ന ഒരു സംസ്‌കൃതി മുമ്പുണ്ടായിരുന്നു. അതാണ് കൂട്ടുകുടുംബ വ്യവസ്ഥ. അമ്പതും നൂറും ഇരുനൂറും ആളുകൾ ഒരു വീട്ടിൽ ഉത്സവാന്തരീക്ഷത്തിൽ ഉണ്ടും ഉറങ്ങിയും ജോലി ചെയ്തും കഴിഞ്ഞു കൂടിയിരുന്നുവെന്ന് പറയുമ്പോൾ അതിശയോക്തിയല്ലേ എന്ന് ഇന്നത്തെ തലമുറക്ക് തോന്നിപ്പോകും. പിതാവ്, മാതാവ്, മുത്തശ്ശൻ, മുത്തശ്ശി, അമ്മാവൻ, അമ്മായി, എളാപ്പ, മൂത്താപ്പ, അനന്തരവന്മാർ, ഭാര്യമാർ, മക്കൾ, മക്കളുടെ മക്കൾ, മറ്റ് ബന്ധുക്കൾ, ചാർച്ചക്കാർ, അകം ജോലിക്കാർ, പുറം ജോലിക്കാർ തുടങ്ങി ഒരു നാട് മുഴുവൻ ഒരു വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന കാലം. ഇവർക്കെല്ലാവർക്കും നായകനായി പ്രായമുള്ള കാരണവരും.

ഇത്രയും പേർക്ക് പാർക്കാൻ അന്നത്തെ രീതിയിലുള്ള കെട്ടിട സമുച്ചയങ്ങൾ ഉണ്ടായിരുന്നു. വിശാലമായ പറമ്പിന്റെ നടുവിൽ നാലുകെട്ടിലും എട്ടുകെട്ടിലുമുള്ള ഭവനങ്ങൾ. നടപ്പുര, വിറകുപുര, ഉൾപ്പുര, പത്തായപ്പുര, തെക്കിനി, പടിപ്പുര തുടങ്ങിയ അനുബന്ധ ഇടങ്ങൾ വേറെയും. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്കുമുണ്ടായിരുന്നു വലുതല്ലെങ്കിലും ചെറിയ കൂരകളുടെ കൂട്ടങ്ങൾ. അവർക്കത് കൂട്ടുകുടുംബമാണ്. വലിയ വീട്ടിലെ കാരണവരെ പോലെ അവരുടെ ചെറിയ കൂരകൾക്കുമുണ്ട് മൂപ്പൻ. ഇന്ന് പഴയ പ്രതാപമില്ലെങ്കിലും കൂട്ടുകുടുംബങ്ങളുടെ വലിയ മാളികപ്പുരകൾ കേരളത്തിലവിടവിടെ തല ഉയർത്തി നിൽക്കുന്നത് കാണാം.

കാർഷിക വൃത്തി ഉപജീവനമായും സമ്പാദ്യ മാർഗമായും കണ്ടിരുന്ന പഴയ കാലത്ത് അതിന് യോജിച്ച സംവിധാനമായിരുന്നു കൂട്ടുകുടുംബം. തൊഴുത്തിലൊരു കാളയും കുടുംബത്തിലൊരു അംഗവും അധികമുണ്ടാകുന്നത് കൃഷിക്ക് സഹായകമാണെന്നതാണ് അന്നത്തെ പക്ഷം. ‘മാൻപവർ പ്രൊഡക്ടിവിറ്റി’യെക്കുറിച്ച് ചർച്ച ചെയ്യുന്ന ബിസിനസ് മാനേജ്‌മെന്റിന്റെ പഴയ രൂപമായിരുന്നു ഈ സിസ്റ്റം എന്നു വേണമെങ്കിൽ പറയാം. കൂട്ടുകുടുംബത്തിലെ മാനേജിംഗ് ഡയറക്ടർ ഏറ്റവും പ്രായം ചെന്ന കാരണവരായിരിക്കും. കാരണവർ കൽപ്പിക്കും. മറ്റുള്ളവർ അതനുസരിക്കും. കാരണവരുടെ ഉത്തരവുകൾക്ക് കീഴിൽ ഒതുങ്ങി ജീവിക്കുന്നു കുടുംബാംഗങ്ങൾ. അതുകൊണ്ടുതന്നെ ആള് കൂടുന്നിടത്ത് സംജാതമാകുമായിരുന്ന അധർമങ്ങൾക്കോ അരുതായ്മകൾക്കോ അവിടെ പ്രവേശനമുണ്ടായിരുന്നില്ല. കാരണവർ വരുന്നുവെന്ന് കേട്ടാൽ അകത്തളങ്ങൾ നിശ്ശബ്ദമാവുന്നു. കാരണവരുടെ മുഖത്തു നോക്കാൻ പോലും ഭയമുള്ളവരുണ്ടായിരുന്നു. സുസംഘടിതമായിരുന്നു ആ കുടുംബങ്ങൾ. ഉത്പാദന-സാമൂഹ്യ ബന്ധങ്ങൾ ശക്തവുമായിരുന്നു. ആഹാരസാധനങ്ങൾ സ്വയം ഉത്പാദിപ്പിക്കാൻ കഴിയുന്ന, ശരീരവും ബുദ്ധിയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന മനുഷ്യരെ ഒരേ ബന്ധത്തിൽ കോർത്തിണക്കിയതാണ് കുടുംബങ്ങളുടെ ശക്തി.

പതിനാറാം നൂറ്റാണ്ടിൽ കാർഷിക ഉത്പാദന വ്യവസ്ഥിതി വ്യാവസായിക ഉത്പാദനത്തിന് വഴിമാറിക്കൊടുക്കാൻ തുടങ്ങിയപ്പോൾ ജന്മിമാർക്കും കർഷക തൊഴിലാളികൾക്കും പകരം മുതലാളിയും വ്യവസായ ഭീമന്മാരും സമൂഹത്തിൽ പ്രബല ശക്തിയാകാൻ തുടങ്ങി. പിന്നീട് സ്വകാര്യ സ്വത്തുടമാവകാശം മനുഷ്യവംശത്തിന് വ്യാപകമായി ലഭിച്ചതോടെ ഭൂമിയുടെ കൈവശാവകാശത്തിന്മേലുള്ള അധികാരം മാറി. വലിയ കുടുംബവും അതിന്റെ കേന്ദ്ര ബിന്ദുവായ കാരണവരും ഉൾപ്പെടുന്ന വംശപരമ്പരക്കു പകരം പിതാവും മാതാവും മക്കളും മാത്രം ഉൾക്കൊള്ളുന്ന ബദൽ കുടുംബ വ്യവസ്ഥിതി നിലവിൽ വന്നു. പണം സർവാധികാരിയായി സമൂഹത്തിനുമേൽ പിടിമുറുക്കി. ഭൂമികൾ ഭാഗം വെച്ചു തീർന്നപ്പോൾ കുടുംബത്തിന്റെ പരിധി ചുരുങ്ങാൻ തുടങ്ങി.

കാരണവരിൽ നിന്ന് കുടുംബാധികാരം പിതാവിലേക്ക് മാറിയതുമൂലം കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധത്തിലും മാറ്റം വന്നു. പിതാവും മക്കളും തമ്മിൽ സ്വസ്ഥമായ സ്‌നേഹ പ്രകടനങ്ങൾക്ക് അവസരമില്ലാതിരുന്ന കൂട്ടുകുടുംബ പരിസരത്ത് നിന്ന് സ്വന്തം ഭവനത്തിലെത്തിയപ്പോൾ മക്കളെ താലോലിക്കാൻ പിതാക്കൾക്ക് സമയവും സന്ദർഭവും കണ്ടെത്താൻ കഴിഞ്ഞു. പണ്ട് ഏതെങ്കിലും പിതാവ്, കുട്ടികളോടൊപ്പം കളിക്കുകയും അവരെ കളിപ്പിക്കുകയും കുളിപ്പിക്കുകയും ഉടുപ്പ് ധരിപ്പിക്കുകയും വസ്ത്രം കഴുകുകയുമൊക്കെ ചെയ്തിരുന്നുവെങ്കിൽ പുച്ഛഭാവമായിരുന്നു. വീട്ടുജോലിയിൽ ഭാര്യയെ ഭർത്താവ് സഹായിച്ചാൽ ‘അച്ചിക്കോന്ത’യെന്നു പേര് വീഴുമായിരുന്നു. അല്ലെങ്കിൽ ‘അടുക്കളപ്പമ്മൻ’. ഇന്നതൊക്കെ മാറി. കുട്ടികളോടൊത്ത് കളിച്ചുല്ലസിക്കാൻ സമയം തികയാത്തതിലാണ് ഇന്നു പിതാക്കളുടെ നിരാശ.

മറ്റൊരു തരത്തിൽ പറഞ്ഞാൽ കൂട്ടുജീവിതത്തിന്റെ വിങ്ങലിൽ നിന്ന് സ്വതന്ത്ര ജീവിതത്തിലേക്കുള്ള രക്ഷപ്പെടലായാണ് അണു കുടുംബങ്ങൾ അനുഭവപ്പെടുന്നത്. തകർന്നു കഴിഞ്ഞ കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുന്നവരെയും കാണാൻ സാധിക്കും. മരുമക്കത്തായത്തിൽ നിന്നുകൂടിയുള്ള ഒഴിഞ്ഞുമാറ്റമായി ഇത് കരുതപ്പെടുന്നു. സ്വാതന്ത്ര്യം തേടിയുള്ള ഈ ചാട്ടം സ്വാശ്രയത്വമില്ലായ്മയുടെ ഗാർഹിക പ്രശ്‌നങ്ങളിലേക്കാണ് എത്തിപ്പെടുന്നത്. കാരണം കാർഷിക സംസ്‌കാരത്തിന്റെ പിടിയിൽ നിന്നു കേരളീയർ വഴുതിമാറിക്കഴിഞ്ഞുവെങ്കിലും വ്യാവസായിക സംസ്‌കാരത്തിന്റെ പടിവാതിൽക്കൽ എത്തിയിട്ടുമില്ല. ഇതുമൂലം നിരവധി സാംസ്‌കാരിക-സാമ്പത്തിക പ്രതിസന്ധികൾ അണുകുടുംബങ്ങൾ നേരിടുന്നുണ്ട്.

ശ്രദ്ധിക്കാൻ ആളുകളുണ്ടായതു കൊണ്ടാകണം കൂട്ടുകുടുംബത്തിൽ പട്ടിണി ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെ ആവശ്യങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു ഐക്യരൂപം അവിടെ കളിയാടിയിരുന്നു. കാരണവരുടെ തീരുമാനം എല്ലാവർക്കും തൃപ്തിയായിരുന്നു. ഊണിന് എന്തു കറിയാണ് വേണ്ടതെന്നു കാരണവർ തീരുമാനിച്ചാൽ അതെല്ലാവർക്കും സമ്മതം. ഇന്നത്തെ സ്ഥിതിയോ? പിതാവിനും മകനും വേറെ കറി, മകൾക്കാകട്ടെ ഇതു രണ്ടുമല്ലാത്തതും.

അലോസരങ്ങളുടെ പൊടിപടലങ്ങൾ കൂട്ടുകുടുംബത്തിലും ഉണ്ടായിരുന്നുവെങ്കിലും അത് പുറത്തുചാടാതെ മുറികൾക്കുള്ളിൽ തളയ്ക്കപ്പെടുമായിരുന്നു. സങ്കടങ്ങൾ താന്താങ്ങളുടെ അറകളിൽ പോയി തേങ്ങിത്തീർക്കുക മാത്രം. കാലങ്ങൾക്കു ശേഷം കഴിവുള്ള കാരണവന്മാരുടെ അഭാവത്തിൽ അടുക്കള രണ്ടും മൂന്നും നാലുമായി വിഭജിക്കപ്പെട്ടു. ചിലയിടങ്ങളിൽ ഭോജനം അറകൾക്കുള്ളിലേക്ക് ചുരുക്കപ്പെടുകയുണ്ടായി. ഒരാൾ പുറത്തുനിന്ന് പലഹാരമോ മറ്റോ വാങ്ങിയിട്ടുണ്ടെങ്കിൽ അതയാളുടെ മുറിക്കുള്ളിൽ വെച്ച് രഹസ്യമായി ഭാര്യക്കും മക്കൾക്കും മാത്രമായി കഴിക്കാൻ കൊടുക്കുന്ന സ്വാർത്ഥത വ്യാപകമായി.

കൂട്ടുകുടുംബ വ്യവസ്ഥ ഇങ്ങനെ ദുർബലപ്പെട്ടെങ്കിലും ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത് ഇപ്പോഴും കാണാം. ഒരു പിതാവിന്റെ 5 മക്കളും വിവാഹിതരാവുകയും അവർ താമസം മാറാൻ കാലതാമസമെടുക്കുകയും ചെയ്താൽ ഇന്നത്തെ വലിയ കുടുംബമായി അത് മാറും. അവിടെ പക്ഷേ പിതാവിന് പരമാധികാരമൊന്നുമുണ്ടാവില്ല. പിതാവ് പ്രതാപിയും ആരോഗ്യവാനുമാണെങ്കിൽ പിടിച്ചുനിൽക്കാമെന്നു മാത്രം.

അൽപ്പം സാമ്പത്തിക സൗകര്യമുള്ളവർക്കൊക്കെ സന്തുഷ്ട കുടുംബത്തിലാണ് താത്പര്യം. അപ്പൻ ചത്താൽ കട്ടിലൊഴിഞ്ഞുകിട്ടുമെന്നു മകനും, അമ്മായിയമ്മക്ക് ശേഷം അടുക്കള ഭരണം തനിക്കെന്ന് മരുമകളും കരുതുന്ന കാലം. ‘ചെറിയകുടുംബം സന്തുഷ്ടകുടുംബം’ എന്ന മുദ്രാവാക്യം ഒരു പരിധിവരെ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. ചുകന്ന ഒരു ത്രികോണത്തിനടുത്ത് അച്ഛനും അമ്മയും ആൺകുട്ടിയും പെൺകുട്ടിയും നിൽക്കുന്ന ചിത്രങ്ങൾ സർക്കാർ പ്രചരിപ്പിച്ചപ്പോൾ അതിനനുസരിച്ച് പലരും ജീവിതം ചിട്ടപ്പെടുത്തി. ‘നാം രണ്ട് നമുക്ക് രണ്ട്’ എന്നത് ‘നാമൊന്ന് നമുക്കൊന്ന്’ എന്നതിലേക്ക് കാലം ചെന്നപ്പോൾ മാറി. മക്കൾ പ്രായപൂർത്തിയാകുന്നതോടെ വേറെ വീടുവെച്ച് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന സ്ഥിതി വന്നു. ഭാഗം വാങ്ങിയും അല്ലാതെയും പിരിഞ്ഞുപോകുന്നവരെ മുറുമുറുപ്പോടെ നോക്കിക്കണ്ട കാലമൊക്കെ കഴിഞ്ഞു. ഇതനിവാര്യതയാണ് എന്നിടത്തെത്തി കാര്യങ്ങൾ.

എന്നാൽ മക്കൾ മാറിത്താമസിക്കുന്നതോടെ പല മാതാപിതാക്കളും അനാഥരാവുകയാണ്. അവർ പിന്നീട് അതിഥികളായി മക്കളുടെ വീടുകളിൽ താമസിക്കേണ്ടി വരുന്നു. മക്കളുടെ ജോലി സ്വഭാവമനുസരിച്ച് നഗരങ്ങളിലെ ഫ്‌ളാറ്റിലേക്ക് കൂടുമാറുന്നവരുമുണ്ട്. നാട്ടിൻപുറങ്ങളിൽ ഗൃഹപ്രവേശനങ്ങൾ നിർബാധം നടക്കുകയാണ്.

അണുകുടുംബങ്ങളിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് കുട്ടികൾക്കാണ്. മക്കളുടെ ആജ്ഞ മാതാപിതാക്കൾ അനുസരിക്കുന്നു. കുട്ടികളുടെ മനസ്സ് വേദനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. മക്കൾ മാനസികമായി തങ്ങളിൽ നിന്ന് അകലുന്നതും തങ്ങളോട് വെറുപ്പ് പുലർത്തുന്നതും ഇന്നു മാതാപിതാക്കൾ വല്ലാതെ ഭയക്കുന്നു. ടീച്ചർ/ഉസ്താദ് മക്കളെ വഴക്കുപറഞ്ഞുവെന്നറിഞ്ഞാൽ ഉടൻ അവരെ ചീത്തവിളിക്കാനാണ് താത്പര്യം. കുട്ടികളുടെ സന്തോഷത്തിന് ഒരു ബേക്കറി അപ്പാടേ വാങ്ങിക്കൊടുക്കാൻ നമുക്ക് മടിയില്ല. മക്കൾക്കുവേണ്ടിയാണ് മാതാപിതാക്കൾ ഓടുന്നത്. എത്ര സമ്പാദിച്ചാലാണ് ഭാവിയിൽ കുട്ടികൾ അല്ലലില്ലാതെ കഴിയുകയെന്ന് നല്ല നിശ്ചയമില്ലാത്തതിനാൽ ഇവർ ഓടിക്കൊണ്ടേയിരിക്കുന്നു.

മുതലാളിത്ത-ഉത്പാദന വ്യവസ്ഥിതിയുടെ സൃഷ്ടിയാണ് അണുകുടുംബം. ഈ വ്യവസ്ഥയും തകരാനിടയുണ്ട്. കുടുംബങ്ങളിൽ വിഘടനം നടന്നുകൊണ്ടേയിരിക്കുകയാണ്. വേർപിരിഞ്ഞത് കൂട്ടിച്ചേർക്കാനോ വേർപിരിയൽ തടഞ്ഞുനിർത്താനോ കഴിയില്ല. ഒത്തുകൂടലിനുള്ള അവസരങ്ങൾ വർധിപ്പിച്ച് ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ നിന്ന് രക്ഷപ്പെടുകയാണ് പ്രതിവിധി. രണ്ടു കുടുംബ രീതികൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എല്ലാത്തിന്റെയും നന്മയെ പ്രോത്സാഹിപ്പിക്കുകയാണ് കരണീയം. കുടുംബം എത്ര ചുരുങ്ങിയാലും മനസ്സ് ചുരുങ്ങി ചെറുതാകാതിരുന്നാൽ നന്നു.

ഒറ്റപ്പെടുന്നത്  കുഞ്ഞുങ്ങൾ

വളരെ മുമ്പുതന്നെ വ്യവസായവത്കരണവും അതുവഴി അണുകുടുംബ വ്യവസ്ഥയും പ്രചരിച്ച പടിഞ്ഞാറൻ നാടുകളിലെപോലെ നമ്മുടെ നാട്ടിലും മനുഷ്യർ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കടുത്ത ഏകാന്തതയാണ് ഓരോ കുടുംബത്തെയും ബാധിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ടം. കണ്ടും കേട്ടും അനുകരിക്കാൻ മാതാപിതാക്കളല്ലാതെ ആരുമില്ലാത്ത അവസ്ഥ. രണ്ടു പേരിലൊതുങ്ങുന്നു അവരുടെ ലോകം. ഒറ്റപ്പെടലിന്റെയും അന്യതയുടെയും മതിൽകെട്ടിനുള്ളിൽ ചെറിയ കുടുംബങ്ങളെ അരക്ഷിത ബോധം വേട്ടയാടുകയാണ്. ഒരത്യാവശ്യം വന്നാൽ വീട്ടിലോ അയൽപക്കത്തോ സഹായിക്കാൻ ആരുമില്ല. കൂട്ടുകുടുംബമാണെങ്കിൽ വീട്ടിനകത്ത്  സ്ത്രീകളും കുട്ടികളും വൃദ്ധരുമായി ഏറെപ്പേരുണ്ടാകും.

ഒറ്റപ്പെടലാണ് ചെറിയ കുടുംബങ്ങളുടെ ശാപം. രക്തബന്ധങ്ങൾ വെറും ചടങ്ങ് മാത്രമാകുന്നു. ജനനം, വിവാഹം, മരണം, ആണ്ട് തുടങ്ങിയവയിൽ മാത്രമാണ് കുടുംബങ്ങൾ ഒത്തുകൂടുന്നത്. കടപ്പാടുകളും വൈകാരിക ബന്ധങ്ങളും പാടേ നിഷേധിക്കാതിരിക്കാൻ കുടുംബമേളകൾ നടത്തുന്നു. നഗരങ്ങളിൽ കുടുംബ ബന്ധം അകലുമ്പോൾ റസിഡൻസ് അസോസിയേഷനുകൾക്ക് വൻ പ്രചാരം സിദ്ധിക്കുകയാണ്. സമൂഹത്തോടൊട്ടി നിൽക്കണമെന്ന മനുഷ്യന്റെ സഹജ സംസ്‌കാരമാണ് ഇത് സൂചിപ്പിക്കുന്നത്. സാമ്പത്തിക ദുരനുഭവങ്ങൾ ചെറിയ കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും പരസ്പരം ഭരിക്കപ്പെടാതെ പിതാവും മാതാവും മക്കളും സുഹൃത്തുക്കളെ പോലെ സൗഭാഗ്യം കാത്തു സൂക്ഷിക്കുന്നു. അതല്ലെങ്കിൽ മക്കളെ വീട്ടു ഭരണത്തിന്റെ താക്കോൽ ഏൽപ്പിച്ചതിന് ശേഷം മറുത്തു പറയാനാകാത്ത നിസ്സഹായതയുമായി കഴിഞ്ഞുകൂടുന്നു മാതാപിതാക്കൾ. പ്രായമായാൽ അവരെ നോക്കി നടക്കുന്നത് മക്കൾക്ക് ബുദ്ധിമുട്ടാകുന്നു. ഒന്നും ചെയ്യാൻ കഴിയാതെ വെറുതെയിരിക്കുന്ന വൃദ്ധരുടെ പുനരധിവാസകാര്യം സർക്കാറുകൾക്ക് പോലും തലവേദനയാണല്ലോ?

ശാഫി പൊക്കുന്ന്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ