പ്രതികൂല സാഹചര്യത്തിലും കേവലം 23 വർഷം കൊണ്ട് എക്കാലത്തെയും മഹത്തായ മാതൃകകളായ ഒരു ലക്ഷത്തിലേറെ അനുചരന്മാരെ വാർത്തെടുക്കാൻ സാധിച്ചു എന്നത് തിരുനബി(സ്വ)യുടെ സുപ്രധാന സവിശേഷതയാണ്. അധികാരത്തിന്റെയും പണത്തിന്റെയും ഭൗതിക സ്വാധീനങ്ങളുടെയും പിന്തുണയില്ലാതെ, കുടുംബത്തിന്റെയും ജന്മനാടിന്റെയും സഹകരണമില്ലാതെ, ഉപരോധം മറികടന്ന് ഒരു പ്രസ്ഥാനത്തെയും സമ്പൂർണ സമർപ്പണത്തിനു സന്നദ്ധരായ അനുയായികളെയും സജ്ജീകരിക്കുകയെന്നത് ഐതിഹാസികമാണ്.
ഇസ്‌ലാമിക ധർമസംഹിതയുടെ മൗലികവും കാലികവുമായ ആവിഷ്‌കാരത്തിന്റെയും സദാചാരനിഷ്ഠമായ ജീവിത സംസ്‌കൃതിയുടെയും പ്രായോഗിക മാതൃകകളാണ് സ്വഹാബിമാർ. അല്ലാഹുവിന്റെ മതം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് അതിനെ പിൻതലമുറക്ക് എത്തിച്ചുകൊടുക്കാൻ അവൻ തിരഞ്ഞെടുത്ത സത്യസന്ധരും നീതിമാന്മാരുമായ മഹാത്മാക്കൾ. തിരുനബി(സ്വ)യുടെയും പ്രബോധിത സമൂഹത്തിന്റെയും ഇടയിലുള്ള മധ്യവർത്തികൾ. പ്രവാചകരുടെ പാഠശാലയിൽ നിന്ന് മതകീയ വീക്ഷണങ്ങളും ശിക്ഷണ ശീലങ്ങളും ഏറ്റുവാങ്ങിയ മഹദ്‌വ്യക്തികൾ.
സ്വഹാബികളാണ് ലോകം കണ്ട ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ വിപ്ലവം നയിച്ചത്. അവരാണ് ഉജ്വലമായ ഒരു സംസ്‌കാരത്തിന് അടിത്തറ പാകിയത്. ഭൂമിയിലാകെ മതപ്രബോധനത്തിന് നേതൃത്വം നൽകിയതും ഉദാത്തമായ സമൂഹസൃഷ്ടിക്ക് നായകത്വം വഹിച്ചതും അവർതന്നെ. നബി(സ്വ)യെ കണ്ടവരും നിഴൽപോലെ പിന്തുടർന്നവരും അവിടുത്തെ നിലപാടുകളെക്കുറിച്ച് ശരിയായ ബോധ്യമുള്ളവരും അവരാണ്. ഖുർആനും സുന്നത്തും റസൂൽ(സ്വ) ഏൽപിച്ചത് അവരെയാണല്ലോ. അല്ലാഹു അവരെ അംഗീകരിച്ചെന്നും അവർ നീതിമാന്മാരും സന്മാർഗാവകാശികളുമാണെന്നും അവരിൽ ആരെ പിന്തുടർന്നാലും സ്വർഗം പ്രാപിക്കുമെന്നും തിരുനബി(സ്വ) സുവിശേഷമറിയിച്ചു.
പ്രാധാന്യവും പ്രാമാണികതയും
പ്രവാചകർ(സ്വ) ജീവിതത്തിലൂടെ ഖുർആൻ വ്യാഖ്യാനിച്ചുകൊടുത്തത് സ്വഹാബികൾക്കാണ്. ദിവ്യസന്ദേശത്തിന് സാക്ഷികളാകാൻ അവർക്ക് ഭാഗ്യം ലഭിച്ചു. അവതരണ സമയത്ത് തന്നെ തിരുനബി(സ്വ)യിൽ നിന്ന് ഖുർആൻ നേരിൽ കേട്ടുപഠിക്കുകയും മനഃപാഠമാക്കുകയും എഴുതി സൂക്ഷിക്കുകയും ചെയ്തു. ഖുർആനിന്റെ ഇന്നത്തെ ക്രമസംവിധാനം അംഗീകരിക്കാൻ സ്വഹാബികളെ വിശ്വാസത്തിലെടുക്കാതെ വയ്യ. അല്ലെങ്കിൽ ഖുർആനിനെ അവിശ്വസിക്കേണ്ടി വരും.
രണ്ടാം പ്രമാണമായ സുന്നത്ത് അംഗീകരിക്കണമെങ്കിലും സ്വഹാബികളെ അവലംബിച്ചേ പറ്റൂ. കാരണം ഖുർആനിന് അല്ലാഹുവിന്റെ അനുമതി പ്രകാരം തിരുദൂതർ(സ്വ) നൽകിയ വ്യാഖ്യാനങ്ങളായ പത്തു ലക്ഷത്തിൽപരം ഹദീസുകളും പിൻതലമുറക്ക് കൈമാറിയത് പ്രവാചകശിഷ്യരായ സ്വഹാബികൾ തന്നെയാണ്. അവരെ അംഗീകരിക്കാത്ത പക്ഷം ഹദീസുകൾ സ്വീകരിക്കാനാവില്ല. പ്രമാണങ്ങളുടെ നിലനിൽപ്പും സ്വീകാര്യതയും സ്വഹാബത്തിലൂടെയാണെന്ന് ചുരുക്കം.
ആരാണ് സ്വഹാബിമാർ? പണ്ഡിതലോകം നൽകുന്ന മറുപടി ഇതാണ്:
സത്യവിശ്വാസിയായിരിക്കെ തിരുനബി(സ്വ)യുമായി ഒരു നിമിഷമെങ്കിലും ഒരുമിച്ചുകൂടിയ വ്യക്തിയാണ് സ്വഹാബി. ഒരു ഹദീസ് പോലും നബിയിൽ നിന്ന് നിവേദനം ചെയ്തിട്ടില്ലെങ്കിലും ഒത്തുചേർന്ന സമയം ദീർഘിച്ചിട്ടില്ലെങ്കിലും സ്വഹാബിയാകും (ഇമാം സുബ്കി, ജംഉൽ ജവാമിഅ് 2/165).
തിരുദൂതരുമായി ഒരുമിച്ചുകൂടുമ്പോൾ വിശ്വാസിയുടെ ഹൃദയത്തിന് അതിവേഗം പരിവർത്തനമുണ്ടാകുന്നു. പ്രവാചകത്വത്തിന്റെ പ്രകാശം പതിച്ചതാണ് ഈ ബഹുമതിക്ക് കാരണം. ആ പ്രകാശം സ്വീകരിക്കാനും ഉൾക്കൊള്ളാനും വിശ്വാസി ഹൃദയത്തിനേ സാധ്യമാകൂ. അവിശ്വാസം കൊണ്ടും അന്ധവിശ്വാസം കൊണ്ടും ഇരുളടഞ്ഞ ഹൃദയത്തിൽ പ്രതിഫലനമുണ്ടാകില്ല.
സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവർ നബിയുമായുള്ള ഒരു അഭിമുഖത്തിന്റെ പുണ്യം കൊണ്ട് പരിവർത്തനപ്പെടുന്നു. തത്ത്വജ്ഞാനം സംസാരിക്കുന്നു. സംസ്‌കൃതനും പരിഷ്‌കൃതനുമാകുന്നു. അടിമുടി മാറ്റം സംഭവിക്കുന്നു. ഭൗതികമായ അളവുകോലുകൊണ്ട് നിർണയിക്കാവുന്നതല്ല ഇത്. നുബുവ്വത്തിന്റെ പ്രഭകൊണ്ട് പ്രകാശപൂരിതനാവുകയാണ് സ്വഹാബി. ഏറ്റവും അവസാനം വിശ്വസിച്ച സ്വഹാബിയുടെ സ്ഥാനത്തെത്താൻ പിൽക്കാലത്തുള്ള ഏറ്റവും വലിയ വലിയ്യിനു പോലും സാധ്യമാകാത്തത് അതുകൊണ്ടാണ്.
സ്വഹാബത്തിന്റെ പ്രാധാന്യവും പ്രാമാണികതയും വിവരിക്കുന്ന ഒട്ടേറെ വചനങ്ങൾ ഖുർആനിലും ഹദീസിലുമുണ്ട്. പ്രമാണയോഗ്യമായ നിരവധി ഉദ്ധരണങ്ങൾ വേറെയുമുണ്ട്. ചിലതു ചേർക്കാം:
ഉത്തമസമൂഹമെന്നും പിൽക്കാല ജനതക്ക് സാക്ഷികൾ എന്നുമാണ് ഖുർആൻ സ്വഹാബികളെ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: റസൂൽ(സ്വ) നിങ്ങൾക്കും നിങ്ങൾ മറ്റു ജനങ്ങൾക്കും സാക്ഷികളാകാൻ വേണ്ടി അല്ലാഹു നിങ്ങളെ ഉത്തമസമൂഹമാക്കി (2/143).
ഈ സൂക്തത്തിൽ അല്ലാഹു അഭിസംബോധന ചെയ്യുന്നത് സ്വഹാബാക്കളെയാണ്. അവർ നീതിമാന്മാരും യോഗ്യരുമാണെന്ന് ഈ സൂക്തം തെളിയിക്കുന്നു (തഫ്‌സീർ റാസി 4/99).
സൂറത്തുതൗബ നൂറാം വാക്യം സ്വഹാബികളെ വിശ്വത്തിന്റെ നെറുകയിലെത്തിക്കുന്നതാണ്: ‘മുഹാജിറുകളും അൻസ്വാറുകളുമായ മുൻഗാമികളെയും സൽപ്രവർത്തനം കൊണ്ട് അവരോട് പിൻപറ്റിയവരെയും അല്ലാഹു ഇഷ്ടപ്പെടുകയും അവർ അല്ലാഹുവിനെ ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വർഗപ്പൂങ്കാവനങ്ങൾ അവർക്കായി ഒരുക്കിവെച്ചിരിക്കുന്നു. അവരതിൽ നിത്യവാസികളാണ്. അതത്രെ മഹത്തായ സൗഭാഗ്യം.
സ്വഹാബികൾക്ക് ആഹ്ലാദിക്കാൻ വേണ്ടതെല്ലാം ഈ വിശുദ്ധ വചനത്തിലുണ്ട്. ഈ സൂക്തത്തിലൂടെ സ്വഹാബികളുടെ ശ്രേഷ്ഠത അല്ലാഹു പ്രഖ്യാപിച്ചിരിക്കുകയാണ് (തഫ്‌സീർ ഖുർതുബി 8/153).
ഈ വചനത്തിലെ മുൻഗാമികൾ എന്നതിന്റെ വിവക്ഷ മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബികളാണ് (തഫ്‌സീർ അബുസ്സുഊദ് 4/97).
സ്വഹാബികളിൽ ആദ്യം വിശ്വസിച്ചവരാണ് തിരുനബി(സ്വ)ക്കും ഇസ്‌ലാമിനും വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ചത്. ഒന്നാം അഖബ ഉടമ്പടിയിൽ പങ്കെടുത്ത ഏഴുപേരും രണ്ടാം അഖബയിൽ പങ്കെടുത്ത എഴുപത്തിമൂന്ന് പേരും സഹിച്ചത് ചരിത്രത്തിൽ തുല്യതയില്ലാത്ത ത്യാഗവും പ്രയാസവുമാണ്.
(തുടരും)
ശുകൂർ സഖാഫി വെണ്ണക്കോട്