മനുഷ്യന്റെ അഹന്തക്കും ഗർവിനും വെല്ലുവിളിയായി സിക വൈറസും. ഗർഭിണികളെ ബാധിച്ച് തലയും തലച്ചോറും ചെറുതാകുന്ന വൈകല്യവുമായി കുട്ടികൾ പിറക്കുകയാണത്രെ ഇതിന്റെ പ്രധാന ഫലം. ബ്രസീലിൽ 15 ലക്ഷം പേർക്ക് ഈ വൈറസ് ബാധയേറ്റുകഴിഞ്ഞു. ലാറ്റിനമേരിക്കൻ, യൂറോപ്യൻ നാടുകളിലാണ് നിലവിൽ സിക ഭീഷണി ഉയർത്തുന്നതെങ്കിലും ഏഷ്യയിലേക്കടക്കം പടർന്നുപിടിക്കാനുള്ള സാധ്യത ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പത്തൊമ്പത് രാഷ്ട്രങ്ങളിൽ ഇനി രണ്ടു വർഷത്തേക്ക് ശിശുക്കൾ ജനിക്കരുതെന്നാണ് സർക്കാറുകളും ആരോഗ്യ സംഘടനകളും പറയുന്നത്. ശിശു ശൂന്യമായ ഈ രണ്ടു വർഷം ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങൾ ഏറെ ഭീകരമായിരിക്കുമെന്നുറപ്പ്. പക്ഷേ, ചികിത്സ കണ്ടുപിടിക്കാത്ത ഈ രോഗത്തിന്റെ തീവ്രത കുറക്കാൻ അധികൃതർക്ക് മറ്റു മാർഗങ്ങളില്ലാതായാലെന്തു ചെയ്യും? നോക്കണേ നമ്മുടെ നിസ്സഹായത, ബലഹീനത!

എലിപ്പനി, ഡെങ്കിപ്പനി, കുരങ്ങ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ നവാവതാരങ്ങളും കാൻസർ, എയ്ഡ്‌സ്, എബോള, ക്ഷയം, കിഡ്‌നി തകർച്ച, ട്യൂമർ തുടങ്ങിയ പഴയകാല രോഗതാരങ്ങളും ഒരു ചികിത്സാ ക്രമത്തിനും വഴിപ്പെടാതെ രൗദ്രഭാവം പൂണ്ടിരിക്കുന്നു. വാക്‌സിനേഷൻ വഴി അവസാനിപ്പിച്ചുവെന്ന് സമാധാനിച്ചിരുന്ന വസൂരി പോലുള്ളവ കൂടുതൽ ശക്തിയോടെ തിരിച്ചെത്തുകയും പൊതുവെ നിർദോഷികളായ ചിക്കൻപോക്‌സ് പോലുള്ളവ മരണകാരണങ്ങളായി രൂപാന്തരപ്പെടുകയും ചെയ്ത ഭീഷണി ഒരു വശത്ത്, അതേ സമയം പിഎസ്‌സി പാസ്സായവർ ജനസംഖ്യയുടെ പകുതിയിലധികം എത്തിച്ചേർന്നത് ജനജീവിതത്തെ തന്നെ അലോസരപ്പെടുത്തുന്നത് മറുവശത്ത്.

പിഎസ്‌സി അറിയില്ലേ? സർക്കാർ ജോലിക്കുള്ള മത്സരപ്പരീക്ഷയല്ല; പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവ. എല്ലാത്തിനും പുറമെ 5.5 മുതൽ 7 വരെ അനുവദനീയമെന്ന് മെഡിക്കൽ ടെസ്റ്റുകളിൽ പറയുമെങ്കിലും നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ കിഡ്‌നി നശിപ്പിക്കുന്ന യൂറിക് ആസിഡിന്റെ വ്യതിയാനം സ്ത്രീ-പുരുഷ ഭേദമന്യേ വർധിച്ചുകൊണ്ടിരിക്കുന്നു. എവിടെ പുകൾപ്പെറ്റ നമ്മുടെ ശാസ്ത്രീയ പുരോഗതി? എന്തിനും പോന്നവനെന്ന് ധിക്കാരം പറഞ്ഞ് ദൈവനിഷേധം വരെയും തിരഞ്ഞെടുത്തവർ എന്തുപറയുന്നു?

മനുഷ്യൻ ദുർബലനായാണു സൃഷ്ടിക്കപ്പെട്ടത് (4/28), കുറഞ്ഞ ജ്ഞാനമേ നിങ്ങൾക്ക് ലഭ്യമായിട്ടുള്ളൂ (15/85) തുടങ്ങിയ വേദവാക്യങ്ങൾ ഒന്നുകൂടി ഓർമിക്കുക. ഈ ദൗർബല്യം തിരിച്ചറിയുമ്പോഴാണ് ആഖിറത്തിലെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കാനാവുക. അല്ലെങ്കിൽ അഹങ്കാരത്തിന്റെ ഗിരിശൃംഖത്തിലേറാൻ മനുഷ്യൻ മത്സരിക്കും. അപ്പോൾ, അന്യനെ പരിഗണിക്കാനും മാതാപിതാക്കളെ ആദരിക്കാനും പാവപ്പെട്ടവരെ സഹായിക്കാനുമൊന്നും മനസ്സുവരില്ല. താൻ, തന്റെ സമ്പാദ്യം, തനിക്കെന്തു നേട്ടം എന്നിങ്ങനെ ഏറെ പരിമിതമായൊരു വൃത്തത്തിൽ ജീവിതം കറങ്ങിത്തീരുന്നു. അങ്ങനെ മനുഷ്യൻ മഹിഷമാകുന്ന അവസ്ഥക്ക് തിരുത്ത് വരുത്താൻ സിക വൈറസ് വരുന്നു. പ്രകൃതി ദുരിതങ്ങളും മരണങ്ങളുമുണ്ടാകുന്നു. വിനയാന്വിതരാവുകയാണ് വേണ്ടത്, ആഖിറത്തിനുവേണ്ടി ജീവിതം ക്രമീകരിക്കുക.

‘ആഖിറത്തിലെ ആ ഭവനം ഭൂമിയിൽ അഹന്തയും പ്രശ്‌നവും ഉദ്ദേശിക്കാത്തവർക്കായി തയ്യാറാക്കിയതാണ്; ഭക്തർക്കാണ് അന്തിമവിജയം’ (33/6).

മുറാഖിബ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ