വിശ്വവിഖ്യാത ഇസ്ലാമിക പ്രബോധകനായിരുന്നു ശൈഖ് അഹ്മദ് ദീദാത്ത്. അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനും മതതാരതമ്യ പണ്ഡിതനുമായെല്ലാം അറിയപ്പെട്ട അദ്ദേഹം പിറന്ന മതത്തിൽ നിന്നും തനതായ സംസ്കാരത്തിൽ നിന്നും ഒരു ജനതയെ ഒന്നടങ്കം വഴി മാറ്റാനുള്ള കുരിശു ശ്രമങ്ങൾക്ക് അറുതി വരുത്താൻ ശക്തമായ നീക്കങ്ങൾ നടത്തിയാണ് ജീവിതം ധന്യമാക്കിയത്. അധികാരത്തിന്റെ അകമ്പടിയിൽ മതത്തിലേക്ക് ആളെ കൂട്ടുന്ന വില കുറഞ്ഞതും വൃത്തികെട്ടതുമായ ശ്രമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ കടിഞ്ഞാണിടുന്നവയായിരുന്നു ക്രിസ്തീയ പുരോഹിതന്മാരുമായി അദ്ദേഹം നടത്തിയ മതസംവാദങ്ങൾ. മികച്ച പ്രബോധകനായിരുന്ന ശൈഖ് ദീദാത്തിന്റെ അവിശ്രമ പരിശ്രമങ്ങൾ മുസ്ലിം ലോകത്തിന് ആഗോള തലത്തിൽ പ്രബോധനത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തുറന്നിട്ടു. ഒരു തയ്യൽക്കാരന്റെ മകനായി ജനിച്ച അദ്ദേഹത്തിന്റെ ബഹുഭാഷാ പ്രാവീണ്യവും ഖുർആൻ, ഹദീസ്, ബൈബിൾ എന്നിവയിലുള്ള പരിജ്ഞാനവും ദീദാത്തിനെ സമകാലികരിൽ നിന്നും ഏറെ വ്യത്യസ്തനാക്കി.
1918-ൽ ഇന്ത്യയിൽ ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. പരമ ദരിദ്ര കുടുംബത്തിലെ അംഗമായ പിതാവ് അഹ്മദ് ഹുസൈൻ, ദീദാത്ത് ജനിച്ചയുടനെ ഉപജീവനമാർഗം തേടി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുകയായിരുന്നു. 1927-ൽ ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ദീദാത്തും പിതാവിനെ തേടി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ നിന്നാണ് അദ്ദേഹം പഠനമാരംഭിക്കുന്നതും ബഹുഭാഷാ പ്രാവീണ്യം നേടുന്നതും. എന്നാൽ സാമ്പത്തിക പരാധീനത പഠനത്തെ ബാധിച്ചു. സാഹചര്യങ്ങളുടെ സമ്മർദങ്ങൾക്കു വഴങ്ങി 16-ാം വയസ്സിൽ ഒരു കടയിൽ ജോലിക്ക് ചേരേണ്ടി വന്നു. സെയിൽസ്മാനായും സെയിൽസ് മാനേജറായും ഡ്രൈവറായും ക്ലർക്കായുമെല്ലാം അദ്ദേഹം ജോലി തുടർന്നു.
1936 ദീദാത്തിന്റെ പ്രബോധന ജീവിതത്തിലെ നിർണായകമായ വർഷമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ നതാൽ സൗത്ത് കോസ്റ്റിലുള്ള ഒരു കടയിൽ ജോലിക്കു നിന്ന അദ്ദേഹം സാധനങ്ങൾ വാങ്ങാൻ വരുന്ന സമീപത്തുള്ള ക്രിസ്ത്യൻ വൈദിക പാഠശാലയിലെ വിദ്യാർത്ഥികളുമായി പരിചയപ്പെട്ടു. മതപരമായ കാര്യങ്ങളിലുള്ള സംസാരത്തിനിടയിൽ ഇസ്ലാമിനെ കുറിച്ച് അറപ്പും വെറുപ്പുമുളവാക്കുന്ന ആരോപണങ്ങൾ പലപ്പോഴുമായി അവർ ഉന്നയിച്ചു. മറുപടി പറയാനുള്ള അതീവ താൽപര്യമുണ്ടെങ്കിലും വിഷയ സംബന്ധമായ അജ്ഞത വലിയ പ്രതിബന്ധമായി നിലകൊണ്ടു. ക്രിസ്ത്യൻ വിദ്യാർത്ഥികളുടെ നിരന്തരമായ ആരോപണങ്ങൾ മൂലം സഹികെട്ട അദ്ദേഹം വസ്തുതകളുടെ നിജസ്ഥിതി അറിയുകയും അതവരെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന ഉറച്ച തീരുമാനമെടുത്തു.
താൻ ക്ഷണിക്കുന്ന ആദർശത്തെക്കുറിച്ചും പ്രബോധിതരെ പറ്റിയും അവരുടെ മാർഗഭ്രംശത്തെകുറിച്ചും ശരിയായ ധാരണയുണ്ടെങ്കിലേ പ്രബോധന ദൗത്യം അർത്ഥ പൂർണമാവുകയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ ഇവ്വിഷയകമായി വിശാലമായ പഠനം നടത്തി ആശയ സമരത്തിനുള്ള തയ്യാറെടുപ്പും തുടങ്ങി.
പൊതുവെ വായനപ്രിയനായ അദ്ദേഹം ക്രിസ്ത്യാനിസത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ സന്നദ്ധനായി. ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും പ്രഭാഷണങ്ങൾ കേൾക്കുകയും പഠന ക്ലാസുകളിൽ സംബന്ധിക്കുകയും ചെയ്തു. അതിനിടയിലാണ് ലോകപ്രശസ്ത ഇസ്ലാമിക ഗ്രന്ഥമായ ‘ഇള്ഹാറുൽ ഹഖ്’ അദ്ദേഹത്തിന്റെ കൈവശം ലഭിക്കുന്നത്. ക്രിസ്ത്യാനിസത്തെയും ബൈബിളിനെയും മുടിനാരിഴ കീറി വിമർശിക്കുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ ക്രിസ്ത്യൻ മിഷിനറികളുടെ കുത്സിത ശ്രമങ്ങൾ വെളിപ്പെടുത്തുകയും കുരിശു കടന്നു കയറ്റങ്ങൾ പ്രതിരോധിക്കുകയും ചെയ്യുന്ന പ്രസ്തുത കൃതി അദ്ദേഹത്തിന് കൂടുതൽ കരുത്തു പകർന്നു. ക്രി. 1891-ൽ വഫാത്തായ ശൈഖ് റഹ്മത്തുല്ലാഹിബ്നു ഖലീലു റഹ്മാനാണ് അതിന്റെ കർത്താവ്.
ക്രിസ്ത്യൻ ആരോപണങ്ങളും അവയ്ക്കുള്ള മറുപടിയും മനസ്സിലാക്കിയ ദീദാത്ത് ആദ്യം വൈദിക പാഠശാലയിലെ വിദ്യാർത്ഥികളോടും പിന്നെ അവിടെയുള്ള അധ്യാപകരോടും ശേഷം അടുത്തുള്ള പുരോഹിതന്മാരോടും മറ്റു പ്രഗൽഭരായ ബൈബിൾ പണ്ഡിതന്മാരോടും വാദിച്ചു കൊണ്ടിരുന്നു. യുക്തിപരമോ പ്രമാണ ബദ്ധമോ ആയ ഒരു മറുപടിയും അവരുടെ പക്കൽ നിന്ന് ലഭിച്ചില്ല. ഖുർആൻ സൂക്തങ്ങളും തിരു വചനങ്ങളും ക്രൈസ്തവ മത പ്രമാണങ്ങളും തന്നെയായിരുന്നു ദീദാത്തിന്റെ കൈമുതൽ. ആകർഷകമായ അവതരണവും പ്രമാണബന്ധിതമായ വിശകലനവും ശത്രുക്കളെ പോലും അതിശയപ്പെടുത്തി. പ്രൊ. ഡിൻകിൻസ്, റോബർട്ട് സൗഗ്ലസ് തുടങ്ങിയവരുമായി അദ്ദേഹം നടത്തിയ സംവാദങ്ങൾ ഏറെ വിജയപ്രദമായി. ബൈബിൾ പണ്ഡിതനായ ദീദാത്തിനു മുന്നിൽ അവരെല്ലാം ബൈബിൾ വിദ്യാർത്ഥികളായി തീർന്നു. അമേരിക്കയിലെ വിഖ്യാത ബൈബിൾ പണ്ഡിതൻ ജിമ്മി സ്വാഗർട്ടുമായുള്ള അദ്ദേഹത്തിന്റെ സംവാദം ഐതിഹാസികമായിരുന്നു. ഖുർആനും ബൈബിളും മുന്നിൽവെച്ച് കൊണ്ടുള്ള ദീദാത്തിന്റെ ആശയ സമർത്ഥത്തിനു മുന്നിൽ ജിമ്മിയും അടിയറവുവെച്ചു. വാദവും പ്രമാണവുമായി മുന്നേറിയ ശൈഖ് അഹ്മദ് ദീദാത്തിന്റെ വെല്ലുവിളികൾ വത്തിക്കാനിലെ പോപ്പിന്റെയടുത്ത് പോലുമെത്തി. അതോടെ പ്രബോധന രംഗത്ത് ചടുലമായ മുന്നേറ്റങ്ങൾ നടത്തുന്ന അഹ്മദ് ദീദാത്ത് ക്രിസ്ത്യൻ മിഷിനറിയുടെ പേടി സ്വപ്നമായിത്തീർന്നു. പ്രലോഭനങ്ങൾ കൊണ്ട് മതപ്രചാരണം നടത്തിയിരുന്ന മിഷിനറി പ്രവർത്തനങ്ങൾക്ക് ക്ഷീണം ബാധിക്കുകയും ചെയ്തു.
കാര്യങ്ങൾ വ്യക്തമായി ഗ്രഹിച്ച ശേഷം മാത്രം മാന്യമായി ചോദ്യം ചെയ്യുന്ന ശൈലിയായിരുന്നു അഹ്മദ് ദീദാത്തിന്റേത്. വാൻഹീഡാർ എന്ന ക്രിസ്ത്യൻ പുരോഹിതനുമായുള്ള അദ്ദേഹത്തിന്റെ പ്രഥമ സംവാദം പോലും വിഷയങ്ങൾ കൃത്യമായി പഠിച്ചതിനു ശേഷമായിരുന്നു. യുവാവായിരിക്കെ അദ്ദേഹം ക്രിസ്തീയ ദൈവ ശാസ്ത്ര പണ്ഡിതനായ റീവ് ഹൈറ്റൺ നടത്തിയ ഒരു പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനിട വന്നു. ആ പ്രഭാഷണത്തിൽ സോവിയറ്റ് റഷ്യ, അന്ത്യനാൾ, പോപ്പ് തുടങ്ങിയവയെ കുറിച്ചെല്ലാം ബൈബിൾ പരാമർശിക്കുന്നുണ്ടെന്ന് പ്രഭാഷകൻ സമർത്ഥിച്ചു. ഇത് അഹ്മദ് ദീദാത്തിനെ ഇരുത്തി ചിന്തിപ്പിച്ചു. പോപ്പ്, അന്ത്യനാൾ തുടങ്ങിയവയെകുറിച്ചെല്ലാം ബൈബിളിലുണ്ടെങ്കിൽ മനുഷ്യകുലത്തിന്റെ നായകനായ തിരുനബി(സ്വ)യെ കുറിച്ചും ബൈബിളിൽ പരാമർശം കാണുമെന്ന ധാരണയിൽ അതന്വേഷിച്ചുകൊണ്ട് ദീദാത്ത് ഇറങ്ങിപ്പുറപ്പെട്ടു. നിരവധി വികാരികളെ അഭിമുഖീകരിക്കുകയും അനവധി പ്രഭാഷണങ്ങൾ കേൾക്കുകയും പലരോടും ചർച്ച നടത്തുകയും ചെയ്തു. എന്നാൽ അവരെല്ലാം വിഷയത്തിൽ നിന്നൊഴിഞ്ഞു മാറുകയായിരുന്നു. അവസാനം വാൻഹീഡാൻ എന്ന പുരോഹിതൻ ചർച്ചക്കു സമ്മതിച്ചു. ദീദാത് അദ്ദേഹത്തോട് ചോദിച്ചു: മുഹമ്മദ് നബി(സ്വ)യെകുറിച്ച് ബൈബിൾ എന്തു പറയുന്നു?
ഒന്നും പറയുന്നില്ലെന്ന് അനായാസം വാൻഹീഡാൻ മറുപടി പറഞ്ഞു. പോപ്പിനെ കുറിച്ചും അന്ത്യനാളിനെ കുറിച്ചും സോവിയറ്റ് റഷ്യയെ കുറിച്ചുമെല്ലാം വാചാലമാകുന്ന വിശുദ്ധ ബൈബിൾ യേശുവിനെ കുറിച്ചും മറിയമിനെ പറ്റിയും വളരെ മനോഹരമായി പരിചയപ്പെടുത്തിയ മഹാനേതാവായ മുഹമ്മദ് നബിയെ കുറിച്ച് മാത്രം ഒന്നും പറയാതിരിക്കില്ലെന്നായി ദീദാത്ത്. പിന്നെയും ചർച്ച തുടർന്നു. അവസാനം ‘നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽ നിന്ന് എഴുന്നേൽപിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും. ഞാൻ അവനോട് കൽപിക്കുന്നതൊക്കെയും അവൻ അവരോട് പറയും’ (ആവർത്തന പുസ്തകം 18/18) എന്ന വചനം മുഹമ്മദ് നബി(സ്വ)യെ കുറിച്ചാണെന്ന ദീദാത്തിന്റെ വാദം അംഗീകരിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.
ദീദാത്തിന്റെ പ്രബോധന രംഗം ചൂടു പിടിച്ചതോടെ മുസ്ലിം ലോകത്ത് പ്രതീക്ഷയുടെ പുതിയ ആകാശം തുറന്നു. അദ്ദേഹം നടത്തിയ ധീരമായ ഒറ്റയാൾ പടയോട്ടം എല്ലാവർക്കും മാതൃകയായി മാറി. സൗത്ത് ആഫ്രിക്കയിലുള്ള ദർബനിലെ ഇന്റർ നാഷണൽ ഇസ്ലാമിക് പ്രൊപഗേഷൻ സെന്ററിനു കീഴിൽ കാനഡ, സാംബിയ, കെനിയ, ജപ്പാൻ, പാകിസ്ഥാൻ, അമേരിക്ക, സിംബാബ്വേ, ലിബിയ, ഹോങ്കോംഗ്, മലേഷ്യ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ അദ്ദേഹം പ്രഭാഷണ പര്യടനങ്ങൾ നടത്തി. തത്ഫലമായി ആയിരക്കണക്കിനു ജനങ്ങൾക്ക് സന്മാർഗത്തിന്റെ വെളിച്ചം ലഭിക്കുകയുണ്ടായി.
ക്രൈസ്തവതയുടെ ജ്ഞാനശോഷണം തുറന്നു കാണിക്കുന്നതും ഇസ്ലാമിന്റെ അജയ്യത തെളിയിക്കുന്നതുമായ ഇരുപതിൽപരം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘മുഹമ്മദ് നബിയെ കുറിച്ച് ബൈബിൾ എന്ത് പറയുന്നു?’ (ണവമ േയശയഹല മ്യെ െമയീൗ േ ാൗവമാാലറ? 1970), ‘ഖുർആൻ മഹാത്ഭുതം’ (അഹ ൂൗൃമി വേല ൗഹശോമലേ ാശൃമരഹല 1970), ‘ബൈബിൾ ദൈവ വചനമാണോ?’ (ക െവേല യശയഹല ഴീറ െംീൃറ?1980), ‘എന്താണ് അദ്ദേഹത്തിന്റെ പേര്?’ (ണവമ േശ െവശ െിമാല? 1981), ‘യേശു ഇസ്ലാമിൽ’ (ഇവൃശേെ ശി ശഹെമാ 1983), ‘മുഹമ്മദ്(സ്വ) മഹോന്നതൻ’ (ങൗവമാാലറ വേല ഴൃലമലേേെ 1989), ‘മുഹമ്മദ്(സ്വ) യേശുവിന്റെ യഥാർത്ഥ പിൻഗാമി’ (ങൗവമാാലറ വേല ിമൗേൃമഹ ൗെരരലലൈൃ ീേ രവൃശേെ 1990),’യേശു കുരിശിലേറിയോ?’ (ണമ െഷലൗെ െരൃൗരശളശറല? 1991) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. അറബി, ഉർദു, ഫ്രഞ്ച്, ജപ്പാനീസ്, ചൈനീസ്, ആഫ്രിക്കൻസ്, ഇന്തോനേഷ്യൻസ് തുടങ്ങിയ നിരവധി ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് കോപ്പികൾ സൗജന്യമായി വിതരണം ചെയ്യപ്പെട്ട കൃതികളാണ് അധികവും.
നിരവധി അവാർഡുകൾ കരഗതമാക്കിയ അദ്ദേഹത്തിനു മുസ്ലിം ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ കിംഗ് ഫൈസൽ അവാർഡും ലഭിച്ചിട്ടുണ്ട്. ദർബനിലെ ഇസ്ലാമിക പ്രൊപഗേഷൻ സെന്ററിന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ദീദാത്ത്, പ്രബോധകരെ വളർത്തിയെടുക്കാൻ അസ്സലാം ഇൻസ്റ്റിറ്റ്യൂട്ടും ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചിരുന്നു.
ജീവിതത്തിന്റെ സുഖസൗകര്യങ്ങളെല്ലാം മാറ്റി വെച്ച് ജ്ഞാനാന്വേഷണത്തിന്റെയും വിജ്ഞാന പ്രസരണത്തിന്റെയും വഴിയിലായി അര നൂറ്റാണ്ടോളം ഇസ്ലാമിക പ്രവർത്തന ഗോഥയിൽ അദ്ദേഹം ജ്വലിച്ചുനിന്നു. വിനയവും ലാളിത്യവും സത്യസന്ധതയും വിശ്വസ്തതയും മുഖപ്രസന്നതയും കൈമുതലാക്കിയ ദീദാത്ത് പ്രബോധന വീഥിയിൽ അതുല്യമായ മുന്നേറ്റമാണ് നടത്തിയത്. അല്ലെങ്കിലും കടുത്ത പക്ഷപാതിക്കും കപടമുഖിക്കും സ്വാർത്ഥനും പ്രബോധനം അന്യം നിൽക്കുന്ന ഒരു കല മാത്രമാണല്ലോ. 2009 ഓഗസ്റ്റ് 9 ചൊവ്വാഴ്ച്ച പരലോകം പുൽകിയ അദ്ദേഹം ഇന്നും ജനഹൃദയങ്ങളിൽ ആർജ്ജവത്തോടെ ജീവിക്കുന്നു, ആധുനിക പ്രബോധകർക്കൊരു മികച്ച വഴികാട്ടിയായി.
അബൂനാജി ഇർഫാനി