സയ്യിദ് സ്വലാഹുദ്ദീന്‍ബുഖാരി

തിരുനബി(സ്വ)യുടെ സന്താന പരമ്പരയാണ് അഹ്ലുബൈത്ത്. അഹ്ലുബൈത്ത് സത്യമോ മിഥ്യയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അത്രയേറെ പ്രാമാണികവും ചരിത്രപരവുമായ പിന്‍ബലം അഹ്ലുബൈത്തിനുണ്ട്. അതിന്റെ നിഷേധകര്‍ചരിത്രത്തില്‍വിരളവും. അവരുന്നയിക്കുന്ന “തെളിവുകള്‍’ വാദങ്ങളാകട്ടെ അതീവ ദുര്‍ബലവുമാണ്. തിരുനബിയുടെ ആണ്‍മക്കളെല്ലാം ചെറുപ്പത്തിലേ പരലോകം പ്രാപിച്ചു. ഒരു വ്യക്തിയുടെ പരമ്പര നിലനിര്‍ത്തുന്നത് പുരുഷ സന്തതികളാണല്ലോ. പിന്നെയെങ്ങനെ നബി(സ്വ)ക്ക് സന്താന പരമ്പരയുണ്ടാകും? ഇതാണൊരു വിമര്‍ശനം.

തിരുനബിയുടെ കാലത്ത് തന്നെ സത്യനിഷേധികള്‍ഉന്നയിച്ച വാദമാണിത്. വിശുദ്ധ ഖുര്‍ആന്‍പല അര്‍ത്ഥത്തിലും ഇതിനെ ഖണ്ഡിച്ചതായി കാണാം. സൂറത്തുല്‍കൗസര്‍അവതരിച്ചതു തന്നെ ഈ ജല്‍പ്പനത്തിന് തിരിച്ചടിയായാണ്: “”അങ്ങേക്ക് അല്ലാഹു “അല്‍കൗസര്‍’ തന്നു. അതുകൊണ്ട് അങ്ങ് നിസ്കരിക്കുക. ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അങ്ങയെ അവമതിച്ചവനാണ് വാലറ്റവന്‍” ഈ സൂറത്ത് അവതരിച്ചത് അസ്വുബ്ന്‍വാഇലിനെപ്പോലുള്ള പ്രവാചക കാലത്തെ ശത്രുക്കള്‍ക്കെതിരെയാണ്. ഇമാം റാസി(റ) പറയുന്നത് കാണുക:

തിരുനബിയുടെ ആണ്‍മക്കള്‍മരണപ്പെട്ടപ്പോള്‍ഖുറൈശികള്‍പറഞ്ഞു: മുഹമ്മദ് പരമ്പരയറ്റവനായി. അവന്റെ സ്ഥാനം അലങ്കരിക്കാന്‍ഇനിയാരുമില്ല. (തഫ്സീര്‍റാസി 32/133)

അബൂജഹ്ലും അബൂലഹബും ഉഖ്ബതുബ്നു അബീ മുഐത്തുമൊക്കെ ഈ വാദം ഉന്നയിച്ചവരായിരുന്നു. എന്നാല്‍നേരെ മറിച്ചാണ് സംഭവിച്ചത്. ശത്രുപരമ്പര അറ്റുപോവുകയും തിരുപരമ്പര കാലത്തെ അതിജീവിക്കുകയും ചെയ്യുന്നു. റാസി(റ) തുടരുന്നു;

മേല്‍സൂറത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത് ശത്രുവാണ് സന്താനപരമ്പര ഇല്ലാത്തവനെന്നാണ്. സംഭവിച്ചതും അതുതന്നെ. കാരണം, നബിയുടെ പരമ്പര അനുദിനം വര്‍ധിക്കുന്നു. വളര്‍ന്നു പന്തലിക്കുന്നു. ഖിയാമത്ത് നാള്‍വരെ ആ സ്ഥിതി തുടരും. (32/133)

തിരുപരമ്പര നിലനില്‍ക്കാന്‍പുത്രി ഫാത്വിമാ ബീവിയിലൂടെ അവസരമുണ്ടായി. പ്രവാചകര്‍(സ്വ) ഒരിക്കല്‍ഒരു കറുത്ത കന്പിളിപ്പുതപ്പ് നിവര്‍ത്തിപ്പിടിച്ചു. ഹസന്‍, ഹുസൈന്‍, ഫാത്വിമ, അലി(റ) എന്നിവരെ അതിലേക്ക് പ്രവേശിപ്പിച്ചു. എന്നിട്ട് ഇതാണ് എന്റെ അഹ്ലുബൈത്ത് എന്നു പ്രഖ്യാപിച്ചു. നിരവധി നിവേദനങ്ങളിലൂടെ പ്രബലമായി വന്ന ഈ വചനം അഹ്ലുബൈത്ത് ആരെന്ന് നിര്‍ണയിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍അഹ്ലുബൈത്തുമായി ബന്ധപ്പെട്ട് അവതീര്‍ണമായ ആയത്തുകള്‍മേല്‍ഹദീസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. റസൂല്‍(സ്വ)യുടെ പ്രത്യേകതയായി അല്ലാഹു നിര്‍ണയിച്ചതാണ് ഈ പാരമ്പര്യ തുടര്‍ച്ച. സൂറത്തുല്‍കൗസറിലെ അല്‍കൗസറിന് തിരുനബി സന്തതികള്‍എന്ന വ്യാഖ്യാനവുമുണ്ട്. ഇമാം റാസി(റ) കുറിക്കുന്നത് കാണുക:

അല്‍കൗസര്‍കൊണ്ടുദ്ദ്യേം തിരുനബിയുടെ സന്താനങ്ങളാണ്. കാരണം ഈ സൂറത്ത് അവതരിച്ചത് തങ്ങള്‍ക്ക് മക്കളില്ല എന്ന് പറഞ്ഞ് ആക്ഷേപിച്ചവര്‍ക്കെതിരെയാണ്. അപ്പോള്‍അര്‍ത്ഥം ഇങ്ങനെ പറയാം. അങ്ങേക്ക് കാലാകാലവും അല്ലാഹു സന്താനങ്ങളെ അവശേഷിപ്പിക്കും. ചിന്തിച്ചു നോക്കൂ. അഹ്ലുബൈത്തില്‍എത്രപേര്‍കൊല്ലപ്പെട്ടു. എന്നിട്ടും ലോകം അവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരില്‍നിന്ന് പ്രമുഖരും പണ്ഡിതരുമായി എത്ര പേരാണ് ഉദയം ചെയ്തത്. സയ്യിദ് ബാഖിര്‍, സയ്യിദ് സ്വാദിഖ്, സയ്യിദ് കാളിമിനെയെല്ലാം പോലെ. (തഫ്സീറുല്‍കബീര്‍32/123)

തിരുനബി കുടുംബം ലോകാന്ത്യം വരെ നിലനില്‍ക്കുമെന്നതിന് പ്രസിദ്ധ ഹദീസുകള്‍തെളിവാണ്. സൈദുബ്ന്‍അര്‍ഖമില്‍നിന്ന് നിവേദനം: ഒരു പ്രഭാഷണ മദ്ധ്യേ പ്രവാചകര്‍പറഞ്ഞു: “”ഞാനും ഒരു മനുഷ്യന്‍തന്നെ. എന്റെ രക്ഷിതാവില്‍നിന്നുള്ള ദൂതന്റെ ആഗമനമടുത്തിരിക്കുന്നു. ഞാന്‍വിളിക്കുത്തരം ചെയ്യും. രണ്ടു കാര്യങ്ങള്‍നിങ്ങളില്‍ഏല്‍പ്പിച്ചാണ് ഞാന്‍പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥം. അതില്‍സന്മാര്‍ഗ പ്രഭയുണ്ട്. രണ്ട്, എന്റെ അഹ്ലുബൈത്ത്. അവരുടെ വിഷയത്തില്‍അല്ലാഹുവിനെ സൂക്ഷിക്കാന്‍ഞാന്‍നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. (മുസ്‌ലിം, അഹ്മദ്) മറ്റൊരു ഹദീസ് വചനമിങ്ങനെ: ഞാന്‍രണ്ട് പ്രതിനിധികളെ നിങ്ങളില്‍ഇട്ടേച്ചുപോകുന്നു. അല്ലാഹുവിന്റെ കിതാബും എന്റെ സന്തതികളായ അഹ്ലുബൈത്തും. ഇവ രണ്ടും ഹൗളിന്റെ അരികില്‍എത്തും വരെ വിട്ടുപിരിയുകയില്ല.”

അല്ലാമാ മനാവി(റ) കുറിക്കുന്നതു കാണുക: മേല്‍ഹദീസുകള്‍അന്ത്യദിനം വരെ അഹ്ലുബൈത്ത് അവശേഷിക്കുമെന്നതിന് പ്രമാണമാണ്. വിശുദ്ധ ഖുര്‍ആന്‍അവശേഷിക്കും പോലെ തന്നെ. അവര്‍ഈ ഭൂമിക്ക് നിര്‍ഭയത്വമാണ്. അവര്‍കുറ്റിയറ്റുപോകുന്നതോടെ ഭൂവാസികള്‍തന്നെ അസ്തമിക്കുന്നു. (ഫൈളുല്‍ഖദീര്‍3/14)

ഇതേ ആശയം കുറിക്കുന്ന ഹദീസുകള്‍നിരവധിയുണ്ട്. മുപ്പതോളം വരുന്ന സ്വഹാബികള്‍അവ ഉദ്ധരിച്ചിട്ടുണ്ടെന്നും അവയില്‍അധികവും സ്വീകാര്യയോഗ്യങ്ങളാണെന്നും ഇബ്നു ഹജറില്‍ഹൈതമി(റ) പറഞ്ഞതായി കാണാം. (അസ്വവാഇഖുല്‍മുഹ്രിഖ്)

കര്‍ബല യുദ്ധത്തോടെ നബികുടുംബം അസ്തമിച്ചു എന്ന് വാദിക്കുന്നവരുണ്ട്. ഹുസൈന്‍(റ)വിനൊപ്പം തന്റെ മക്കളെല്ലാം രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇവരുടെ ജല്‍പ്പനം. ചരിത്രാബദ്ധമാണ് ഈ വാദം. ശൈഖ് ശംസുദ്ദീന്‍ഉദ്ധരിക്കുന്നത് കാണുക:

ഹുസൈന്‍(റ)ന്റെ മക്കള്‍ഇവരാണ്. അലിയ്യുല്‍അക്ബര്‍, അലിയ്യുല്‍അസ്വ്ഗര്‍, ജഅ്ഫര്‍, ഫാത്വിമ, അബ്ദുല്‍മലിക്, സകീന, മുഹമ്മദ്. ഇതില്‍അലിയ്യുല്‍അസ്വ്ഗറാണ് പ്രസിദ്ധനായ സൈനുല്‍ആബിദീന്‍. അദ്ദേഹത്തിലൂടെയാണ് ഹുസൈന്‍(റ)ന്റെ സന്തതികള്‍തുടര്‍ന്നു വ്യാപിച്ചത്. ജഅ്ഫര്‍എന്ന സന്താനത്തെ ബലാദൂരി പരാമര്‍ശിച്ചിട്ടില്ല. മുഹിബ്ബുത്ത്വിബ്രി ദഖാഇറില്‍പറയുന്നു: ഹുസൈന്‍(റ)വിന് ആറ് ആണ്‍മക്കള്‍പിറന്നു. മൂന്ന് പെണ്‍മക്കളും. അലിയ്യുല്‍അക്ബര്‍പിതാവിന്റെ കൂടെ രക്തസാക്ഷിയായി. (സുബുലുല്‍ഹുദാവര്‍റശാദ് 11/81)

ശൈഖ് മുഅ്മിന്‍ഇബ്നു ഹസന്‍രേഖപ്പെടുത്തുന്നു: ഹുസൈന്‍(റ)വിന്റെ പരമ്പര നിലനിര്‍ത്തിയത് സൈനുല്‍ആബിദീന്‍(റ)വാണ് എന്നതില്‍ആര്‍ക്കും തര്‍ക്കമില്ല. ഭൂമുഖത്തെ ഹുസൈനീ പരമ്പര മഹാന്റെ മുതുകില്‍നിന്ന് മാത്രം ഉത്ഭവിച്ചതത്രെ (നൂറുല്‍അബ്സ്വാര്‍172)

സൈനുല്‍ആബിദീന്‍ആരാണ് എന്തില്‍ചിലര്‍തര്‍ക്കിക്കാറുണ്ട്. അലിയ്യുല്‍ഔസ്വത്വ് എന്നറിയപ്പെട്ട ഒരു സന്താനമാണത് എന്ന അഭിപ്രായക്കാരുണ്ട്. അവരുടെ വീക്ഷണം അലിയ്യുല്‍അസ്വ്ഗര്‍പിതാവിന്റെയൊപ്പം യുദ്ധത്തില്‍, ചെറുപ്പത്തിലേ ഒരമ്പ് പതിച്ച് കൊല്ലപ്പെട്ടു എന്നാണ്. (ശംസുള്ളഹീറ 7)

പേരിലെ തര്‍ക്കം മാറ്റിവെച്ചാല്‍അലി സൈനുല്‍ആബിദീന്‍എന്ന സന്തതി ഹുസൈന്‍(റ)വിന്റെ പരമ്പര നിലനിര്‍ത്തി എന്നില്‍പണ്ഡിതര്‍ക്കു സംശയമില്ല. ശൈഖ് മുഅ്മിന്‍പറയുന്നത് കാണു: അലി സൈനുല്‍ആബിദീന്‍(റ) പിതാവിന്റെ കൂടെ കര്‍ബലയില്‍ഉണ്ടായിരുന്നു. രോഗിയായതിനാല്‍വിരിപ്പില്‍ഉറങ്ങുകയായിരുന്നു. അതുകൊണ്ട് കൊല ചെയ്യപ്പെട്ടിട്ടില്ല. ഇബ്നു ഉമര്‍(റ)വും ഇത് പറഞ്ഞിട്ടുണ്ട്. ഇതാണ് പ്രബലം. ഹിജ്റ 94 മുഹറം 12നാണ് ഇദ്ദേഹം വഫാത്താകുന്നത്. 57 വയസ്സായിരുന്നു മഹാന്. മറവ് ചെയ്യപ്പെട്ടത് ബഖീഇലാണ്. അബ്ബാസുബ്നു അബ്ദുല്‍മുത്വലിബിന്റെ ഖുബ്ബക്കു കീഴിലാണ് ഖബര്‍. അദ്ദേഹത്തിന് പതിനഞ്ച് മക്കള്‍പിറന്നിട്ടുണ്ട്. പതിനൊന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. ബിഗ്യതുത്വാലിബീനിലുള്ളത് പത്ത് ആണ്‍കുട്ടികളെന്നാണ്. (നൂറുല്‍അബ്സ്വാര്‍157) ശംസുള്ളഹീറില്‍പറയുന്നത് വഫാത്ത് ഹിജ്റ 73ല്‍ആണ് എന്നാകുന്നു.

ഹസന്‍(റ)ന്റെ പരമ്പരയും ചരിത്രപ്രസിദ്ധമാണ്. പണ്ഡിതര്‍പറയുന്നു: ഹസന്‍(റ)ന്റെ മക്കള്‍ഇവരാണ്. മുഹമ്മദുല്‍അസ്വ്ഗര്‍, ജഅ്ഫര്‍, ഹംസ, ഫാത്വിമ, മുഹമ്മദുല്‍അക്ബര്‍, സൈദ്, അല്‍ഹസന്‍, ഉമ്മുല്‍ഹസന്‍, ഉമ്മുല്‍ഖൈര്‍, ഇസ്മാഈല്‍, യഅ്ഖൂബ്, ഖാസിം, അബൂബക്കര്‍, അബ്ദുല്ല(റ). ഇവരില്‍സൈദിനും ഹസനും (റ) സന്താനപരമ്പരയുണ്ടായിട്ടുണ്ട് എന്നതും പ്രസിദ്ധം. (സുബുല്‍ 11/70)

ചരിത്രപരമായ ഈ പ്രമാണങ്ങളെയെല്ലാം അട്ടിമറിച്ചാലേ അഹ്ലുബൈത്ത് അസ്തമിച്ചുവെന്ന് വാദിക്കാനാകൂ. വിവേകമുള്ളവരാരും അതിന് മുതിരുമെന്ന് തോന്നുന്നില്ല. അഹ്ലുബൈത്തിനെ ആദരിക്കുന്നതില്‍വിമുഖതയുള്ള ചില ബിദഇകള്‍പക്ഷേ അവര്‍ഉണ്ടെന്നു സമ്മതിക്കുന്നു. ഇബ്നുതൈമിയ്യ ഉദാഹരണം. തന്റെ മിന്‍ഹാജുസ്സുന്നയില്‍അദ്ദേഹം കുറിച്ചത് ഇങ്ങനെ സംഗ്രഹിക്കാം. “”തിരുകുടുംബത്തെ ആദരിക്കുക എന്നത് പ്രമുഖ കുടുംബങ്ങളെ ബഹുമാനിച്ചിരുന്ന ജാഹിലിയ്യത്തിന്റെ അടയാളങ്ങളില്‍പെട്ടതാണ്” (3/289) (മറാഖിദു അഹ്ലുബൈത്ത് 21).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ