നബിചര്യയുടെ വക്താക്കള്‍ എന്നാണ് അഹ്ലുസ്സുന്ന എന്നതിന്‍റെ നേരര്‍ത്ഥം. അല്‍ജമാഅ എന്നാല്‍ മാതൃകാ സമൂഹമായ സ്വഹാബത്ത് മുതലുള്ള പണ്ഡിത സമൂഹമാണ.്  മുസ്‌ലിം കൂട്ടായ്മയുടെയും നബിചര്യയുടെയും വക്താക്കളാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ. പ്രവാചക കാലം മുതലുള്ള ലോക വിശ്വാസികള്‍ ഈ മുഖ്യധാരയോട് ചേര്‍ന്നുനിന്നവരാണ്. റസൂല്‍(സ്വ)യില്‍ നിന്ന് ഇസ്ലാമിനെ ലോകത്തിനു പകര്‍ത്തിത്തന്നത് സ്വഹാബിമാരാണല്ലോ. അവര്‍ വിശ്വാസികളുടെ മാതൃകാപുരുഷരാണ്. നബി(സ്വ) പറഞ്ഞു: ‘എന്‍റെ സ്വഹാബിമാരെ നിങ്ങള്‍ ആദരിക്കുക. പിന്നെ അവരോട് അടുത്തവരെയും, ശേഷം അവരോടടുത്തവരെയും. പിന്നെ വ്യാജങ്ങള്‍ പ്രത്യക്ഷപ്പെടും. ആവശ്യപ്പെടാതെ തന്നെ സത്യം ചെയ്യാന്‍ ആളുകള്‍ തയ്യാറാവും. വിളിക്കാതെ സാക്ഷിപറയാനും ആളുണ്ടാവും. അറിയുക, സ്വര്‍ഗത്തില്‍ ശാശ്വതരാവുക ആര്‍ക്കെങ്കിലും സന്തോഷകരമാണെങ്കില്‍ ഈ കൂട്ടായ്മയെ മുറുകെപ്പിടിക്കട്ടെ.’

കാണുമ്പോള്‍ എഴുന്നേല്‍ക്കുന്നതിലൊതുങ്ങുന്നതല്ല ആദരവ്. അവരുടെ മാതൃക പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തുമ്പോഴാണ് ആദരവ് സമ്പൂര്‍ണമാവുക. ഇസ്ലാമിന്‍റെ സുവര്‍ണകാല ഘട്ടമായ ആദ്യ മൂന്നു നൂറ്റാണ്ടിലെ സാത്വിക പണ്ഡിതരെ പിന്തുടരാന്‍ കല്‍പ്പിക്കുന്ന ഹദീസുകള്‍ ഇനിയും കാണാം. നാലു മദ്ഹബിന്‍റെയും ഇമാമുമാര്‍ ഈ കാലഘട്ടത്തിലുള്ളവരാണ്. മുകളിലുദ്ധരിച്ച ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ശാഫിഈ(റ) എഴുതി: മുസ്‌ലിം സമൂഹം അനുവദനീയമായി പഠിപ്പിച്ചത് ഹലാലായും നിഷിദ്ധമാക്കിയത് ഹറാമായും പരിഗണിക്കുക എന്നതാണ് ‘മുസ്‌ലിം കൂട്ടായ്മ മുറുകെ പിടിക്കുക’ എന്നതിനര്‍ത്ഥം. ഈ ജമാഅത്തിന്‍റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പ്രസ്തുത കൂട്ടായ്മ മുറുകെ പിടിച്ചവരും അതിനെതിരായ വാദം കൊണ്ടുവരുന്നവര്‍ ആ സംഘത്തില്‍ നിന്ന് വ്യതിചലിച്ചവരുമാണ് (കിതാബു രിസാല).

 തുല്യനില്ലാത്ത ഒരു ആരാധ്യന്‍ മാത്രം (അല്ലാഹു), അവലംബിക്കാന്‍ ഒരു നേതാവ,് നെഞ്ചുതിരിക്കാന്‍ ഒരു കേന്ദ്രം (കഅ്ബ), ആരാധനകളില്‍ ഒരേ ഭാഷയും. ഇതാണ് ഇസ്ലാമിക രീതി. ആരാധന അല്ലാഹുവിനു മാത്രമാണ്. അങ്ങേയറ്റം ഗുണം പ്രതീക്ഷിച്ചുകൊണ്ടുള്ള വണക്കം അല്ലാഹുവിന് മാത്രമാണ് മുസ്‌ലിംകള്‍ അര്‍പ്പിക്കുന്നത്. അങ്ങേയറ്റത്തെ വണക്കം  പ്രകടിപ്പിക്കുന്നതാണ് ആരാധന. അല്ലാഹു അല്ലാത്തവരില്‍ നിന്നും നമുക്കു ഗുണം ലഭിക്കാമെങ്കിലും അവയൊന്നും അങ്ങേയറ്റത്തെ ഗുണമല്ല. എന്തുകൊണ്ട്? എല്ലാറ്റിന്‍റെയും ധാതാവ് അല്ലാഹുവാണ്. മറ്റുള്ളവ നിമിത്തങ്ങള്‍ മാത്രവും. നിമിത്തം അങ്ങേയറ്റമല്ല. അതിനപ്പുറമാണ് സ്രഷ്ടാവ്. നിമിത്തത്തിന്‍റെ പ്രവര്‍ത്തവും ഫലവും അവന്‍ സൃഷ്ടിച്ച് കൊടുക്കണം. അതിനാല്‍ അങ്ങേയറ്റത്തെ ഗുണം അല്ലാഹുവില്‍ നിന്ന് മാത്രമാണ് ലഭ്യമാവുന്നത്. രോഗശമനത്തിന് മരുന്ന് കാരണമാണ്. മരുന്നല്ല യഥാര്‍ത്ഥത്തില്‍ രോഗം മാറ്റുന്നത്, സ്രഷ്ടാവാണ്.  അല്ലാഹു മരുന്നിന് ഫലം സൃഷ്ടിച്ച് കൊടുക്കുമ്പോള്‍ രോഗം സുഖപ്പെടും. ഈ ഉദ്ദേശ്യപ്രകാരം മരുന്നിന്‍റെ സഹായം തേടുന്നത് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലോ നിഷിദ്ധമോ അല്ല. മറിച്ച് അല്ലാഹു സൃഷ്ടിച്ച അനുവദനീയ മാര്‍ഗം സ്വീകരിക്കലാണ്. അപ്പോഴും അങ്ങേയറ്റത്തെ ഗുണം അല്ലാഹുവില്‍ നിന്ന് മാത്രം പ്രതീക്ഷിക്കുന്നു. നിമിത്തം എന്ന നിലക്ക് മരുന്നില്‍ നിന്നു ഫലം ആഗ്രഹിക്കുകയും ചെയ്യുന്നു. ഭൗതികവും അഭൗതികവുമായ ഇത്തരം നിമിത്തങ്ങള്‍ പല കാര്യങ്ങള്‍ക്കും അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അവയെ അവലംബിക്കുന്നത് അല്ലാഹുവിലേക്ക് മാത്രം മനസ്സ് തിരിക്കുക എന്നതിന് എതിരല്ലെന്ന് വ്യക്തം.

രോഗശമനത്തിന് വേണ്ടി സ്വഹാബിമാര്‍ പ്രവാചകരോട് തേടിയിരുന്നു. മുഅ്ജിസത്ത് മുഖേന അവിടുന്ന് രോഗം സുഖപ്പെടുത്തി ചിലരെ തടവിയും മറ്റുചിലരെ ഉമിനീര് പുരട്ടിയും ഊതിയും കൈ ശരീരത്തില്‍ സ്പര്‍ശിച്ചും അവിടുന്ന് രോഗം സുഖപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ശമനം നല്‍കുന്നവന്‍ അല്ലാഹുവാണെങ്കിലും അതിനു നിമിത്തമായി നബി(സ്വ) പ്രവര്‍ത്തിച്ചുവെന്ന് ഗ്രഹിക്കാം. മറ്റു പ്രവാചകന്മാരുടെ ജീവിതത്തിലും അനുയായികള്‍ വിഷമഘട്ടങ്ങളില്‍ സഹായം തേടിയ സംഭവങ്ങള്‍ ഖുര്‍ആനില്‍ കാണാം. തന്നോട് വെള്ളമാവശ്യപ്പെട്ട അനുയായികളെ മൂസാ നബി(അ) തടഞ്ഞില്ലെന്നു മാത്രമല്ല, മുഅ്ജിസത്തു മുഖേന അവര്‍ക്ക് വെള്ളം നല്‍കുകയുണ്ടായി. മൂസാ(അ)നോട് അല്ലാഹു നിര്‍ദേശിച്ചതും അതുതന്നെ. വടികൊണ്ട് മൂസാ നബി(അ) അടിച്ചപ്പോള്‍ പന്ത്രണ്ട് ജലപ്രവാഹം രൂപപ്പെട്ടെന്നാണ് ഖുര്‍ആന്‍ അതിനെക്കുറിച്ച് പറഞ്ഞത്. തങ്ങളോട് സഹായാര്‍ത്ഥന നടത്തിവയവരെ തൗഹീദ് പ്രബോധനം ചെയ്യാന്‍ നിയുക്തരായ അവരൊന്നും വിലക്കിയില്ല. അവ ഒരിക്കലും തൗഹീദിന് എതിരല്ലെന്നും ഇസ്ലാമില്‍ അനുവദനീയമായ ഒരു മാര്‍ഗം അവലംബിക്കലാണെന്നും  പ്രവാചകന്മാരുടെ ചരിത്രം വ്യക്തമാക്കുന്നു.

AHLUSSUNNA AND MUSLIM WORLD-minആരാധന അല്ലാഹുവിനു മാത്രമേ പാടുള്ളൂവെങ്കിലും ആദരവ് ഇതര വസ്തുക്കളോടും വ്യക്തികളോടും പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ വന്ദിക്കുന്നത് ഹൃദയ ഭക്തിയില്‍പെട്ടതാണെന്നാണ് ഖുര്‍ആന്‍ പാഠം. കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നത് വിശുദ്ധ ഗേഹത്തിനുള്ള ആരാധനയല്ല, ആദരവാണ്. ഈ ആദരം അല്ലാഹുവിനുള്ള ആരാധനയാണെന്നതും ശ്രദ്ധേയം. ഇബ്റാഹിം മഖാം, ഹജറുല്‍ അസ്വദ് തുടങ്ങിയവയും ഇപ്രകാരം തന്നെ. അതിന്‍റെ പിന്നില്‍ വെച്ചു നിസ്കരിച്ചാലും ചുംബിച്ചാലും ശിര്‍ക്ക് വരുമെന്നോ ആരാധന ആ വിശുദ്ധ വസ്തുക്കളോടായിപ്പോകുമെന്നോ അഹ്ലുസ്സുന്ന ഭയക്കുന്നില്ല. മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനവും ആദരവുള്ളതാണ്. നബി(സ്വ)യും ഒന്നാം ഖലീഫ അബൂബക്കര്‍(റ)വും ഖബറടക്കപ്പെട്ടയിടത്തു തന്നെയും മറവു ചെയ്യണമെന്ന് രണ്ടാം ഖലീഫ ഉമര്‍(റ) ആഗ്രഹിച്ചത് അവിടെ വര്‍ഷിക്കുന്ന റഹ്മത്ത് മരണാനന്തരം ലഭിക്കണമെന്നതു കൊണ്ടാണെന്ന് ഇബ്നുഹജര്‍ അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു.

ബിദഇകള്‍ക്ക് സ്വീകാര്യനായ ഇബ്നുതൈമിയ്യ എഴുതിയതിങ്ങനെ: ‘പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് അല്ലാഹു നല്‍കിയ പവിത്രതയും ബഹുമാനവും പലയാളുകളും മനസ്സിലാക്കിയതിലും മീതെയാണ്.’ (ഇഖ്തിളാഅ്)

മഹാന്മാരുടെ ഖബറുകള്‍ പരിപാലിക്കേണ്ടതാണെന്ന് പണ്ഡിതന്മാര്‍ പഠിപ്പിച്ചു. അവരുടെ ഖബറുകള്‍ക്കു മുകളില്‍ ഖുബ്ബ നിര്‍മിക്കല്‍ പരിപാലനത്തിന്‍റെ ഭാഗമത്രെ. ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥമായ തുഹ്ഫ, നിഹായ, റൗള തുടങ്ങി സര്‍വ്വ ഗ്രന്ഥങ്ങളിലും വസ്വിയ്യത്തിന്‍റെ അധ്യായത്തില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്.

അമ്പിയാക്കള്‍ സാധാരണ മനുഷ്യരല്ല, അവരുടെ അറിവും സാധാരണമല്ല. ഇതാണ് അഹ്ലുസ്സുന്നയുടെ നിലപാട്. സാധാരണ മനുഷ്യര്‍ക്ക് ജിബ്രീല്‍(അ)നെ കാണാനും കേള്‍ക്കാനും സാധരണ നിലക്ക് സാധ്യമല്ല. എന്നാല്‍ പ്രവാചകന്മാര്‍ക്ക് അതിന് സാധിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘പിന്നിലൂടെയും ഞാന്‍ നിങ്ങളെ കാണുന്നു.’ അനുയായികളുടെ മനസ്സിലുള്ള കാര്യങ്ങള്‍ അവിടുന്ന് എടുത്തു പറഞ്ഞത് നിരവധി ഹദീസുകളില്‍ കാണാം. ഇമാം ഗസ്സാലി(റ) പ്രവാചകരുടെ മഹത്ത്വം വിശദീകരിച്ചു പരാമര്‍ശിച്ചതിങ്ങനെ: ‘സാധാരണ മനുഷ്യര്‍ക്ക് അവരുദ്ദേശിക്കുമ്പോള്‍ പലതും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതുപോലെ പ്രവാചകന്മാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുമ്പോള്‍ അസാധാരണ കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. നബിമാര്‍ മലക്കുകളെയും മലകൂതിനെയും കാണുന്നത് ഈ സവിശേഷ സിദ്ധികൊണ്ടാണ്. കാഴ്ചയുള്ളവന്‍റെയും അന്ധന്‍റെയും അറിവനുഭവങ്ങള്‍ വ്യത്യസ്തമാണല്ലോ. അതുപോലെ അസാധാരണ കഴിവുള്ളവരായ നബിമാരും സാധാരണ കഴിവുള്ള മറ്റു മനുഷ്യരും വിഭിന്നരാണ്. ഭാവിയില്‍ പ്രപഞ്ചത്തില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ അവര്‍ ആഗ്രഹിച്ചാല്‍ അല്ലാഹു സാധിപ്പിക്കും. ലൗഹുല്‍ മഹ്ഫൂളിലുള്ള കാര്യങ്ങളും അവര്‍ക്ക് ആ കഴിവുകളുപയോഗപ്പെടുത്തി അറിയാനാവും. പരിപൂര്‍ണതയുടെ ഈ വിശേഷണങ്ങളെല്ലാം നബി(സ്വ)യില്‍ സ്ഥിരപ്പെട്ടതാണ്.

ഇങ്ങനെ പ്രകൃത്യാതന്നെ സാധാരണ മനുഷ്യരില്‍ നിന്നു വ്യത്യാസമുള്ളവരാണ് തിരുദൂതന്മാര്‍. ഈ സവിശേഷത അവര്‍ക്കു വകവെച്ചു കൊടുക്കുന്നു എന്നതാണ് ബിദഈ പ്രസ്ഥാനങ്ങളില്‍ നിന്ന് അഹ്ലുസ്സുന്നയെ വേര്‍തിരിക്കുന്ന ഒരു കാര്യം. ഇതുപോലെ സജ്ജനങ്ങള്‍ക്കും അഹ്ലുസ്സുന്ന വലിയ സ്ഥാനം നല്‍കുന്നു. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഖുദ്സിയ്യായ ഹദീസിലെ ‘അവരുടെ കണ്ണും കാതും ഞാന്‍ ആകുമെന്ന’ പരാമര്‍ശം വ്യാഖ്യാനിച്ച് ഇമാം റാസി(റ) എഴുതി: ‘സുകൃതനായൊരു അടിമ ആരാധനയില്‍ സദാ നിമഗ്നനായാല്‍ തന്‍റെ കാതും കണ്ണും അല്ലാഹുവാകുമെന്ന് പറയപ്പെട്ട മഹാ പദവിയിലേക്ക് അയാള്‍ ഉയര്‍ത്തപ്പെടും. അല്ലാഹുവിന്‍റെ തിരുനോട്ടം ലഭിക്കുന്നവര്‍ക്ക് എത്ര അകലെയുള്ളതും കാണാനും കേള്‍ക്കാനും കഴിയും. അതോടെ അടുത്തുള്ളതിലും അകലെയുള്ളതിലും ദുഷ്കരമായതിലും ലളിതമായതിലുമെല്ലാം ഇടപെടാന്‍ അവര്‍ക്കു സാധിക്കും’ (തഫ്സീറുറാസി). ഇത്തരത്തിലുള്ള മഹത്ത്വങ്ങള്‍ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ക്കുണ്ടെന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊണ്ടവരാണ് അഹ്ലുസ്സുന്നയെങ്കില്‍ ഉല്‍പതിഷ്ണുക്കള്‍ ഈ കഴിവ് അംഗീകരിക്കുന്നില്ല.

 ഇമാം ബുഖാരി(റ) സ്വഹീഹില്‍, കിതാബുല്‍ ഇഅ്തിസാമി ബില്‍ കിതാബി വസ്സുന്ന എന്ന ഭാഗത്തില്‍  ‘റസൂല്‍(സ്വ)യുടെ ചര്യകളും ഇമാമുകളുടെ നടപടിക്രമങ്ങളും പിന്തുടരുന്നതിനെ കുറിച്ചുള്ള അധ്യായം’ എന്നര്‍ത്ഥം വരുന്ന ശീര്‍ഷകം തന്നെ നല്‍കിയത് കാണാം. വിശുദ്ധ ഖുര്‍ആന്‍ സ്വീകരിക്കേണ്ടത് നബിചര്യയുടെയും ഇമാമുമാരുടെ അധ്യാപനത്തിന്‍റെയും വെളിച്ചത്തിലാവണമെന്ന് പഠിപ്പിക്കുകയാണ് ഇമാം ബുഖാരി. ഈ അധ്യായത്തിന്‍റെ അനുബന്ധമായി പണ്ഡിതന്മാരുടെ ഏകാഭിപ്രായം മുറുകെപ്പിടിക്കാന്‍ നബി(സ്വ) കല്‍പ്പിച്ചു എന്നും മക്ക, മദീന ഹറമുകള്‍ പൂര്‍വകാലം മുതല്‍ ഐക്യപ്പെട്ട ആചാരങ്ങളെ അനുധാവനം ചെയ്യണമെന്നും ഇമാം അവര്‍കള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ വ്യക്തമാക്കുകയുണ്ടായി. നബി(സ്വ)യുമായും മുഹാജിര്‍-അന്‍സ്വാര്‍ മഹാന്മാരുമായും ബന്ധപ്പെട്ട മക്ക, മദീനകളിലെ ഇടങ്ങളും റസൂല്‍(സ്വ) നിസ്കരിച്ച സ്ഥലങ്ങളും മിമ്പറും ഖബറും ആദരിക്കേണ്ട ചിഹ്നങ്ങളാണെന്നും അപ്പോഴേ ഖുര്‍ആനും നബിചര്യയും മുറുകെപ്പിടിക്കലാവുകയുള്ളൂവെന്നും ബുഖാരിയില്‍ തുടര്‍ന്നു പഠിപ്പിക്കുന്നുണ്ട്.

ഇരുഹറമുകളിലും ഇക്കാലം വരെ തറാവീഹ് ഇരുപതാണ്, സദസ്സില്‍ ഏത് ഭാഷക്കാരായാലും റസൂല്‍(സ്വ) നിശ്ചയിച്ച  അറബിഭാഷയിലാണ് ഖുതുബ, തിരുനബിയുടെ ഖബറിനു മുകളില്‍ വലിയ ജാറം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുവെന്നത് ഏത് മുസ്‌ലിമിനും അറിയാം.

ബറകത്തിനെ സംബന്ധിച്ച അഹ്ലുസ്സുന്നയുടെ നിലപാടും സ്വഹാബത്തില്‍ നിന്നു പകര്‍ത്തിയതാണ്. ഇമാം ബുഖാരി(റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന അനേകം ഹദീസുകള്‍ ഇതിനു തെളിവാണ്. അബൂബുര്‍ദ(റ) മദീനയില്‍ വന്നപ്പോള്‍ അബ്ദുല്ലാഹിബ്നു സലാം(റ)നെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: നീ വീട്ടില്‍ വരിക, നബി തങ്ങള്‍ കുടിച്ച പാത്രത്തില്‍ നിനക്കു ഞാന്‍ കുടിക്കാന്‍ തരാം.’ അബൂബുര്‍ദ(റ) പറയുന്നു: ഞാന്‍ കൂടെ ചെന്നപ്പോള്‍ അദ്ദേഹമെനിക്ക് അതില്‍ പാനീയവും കാരക്കയും തന്നു. നബി(സ്വ) നിസ്കരിച്ച സ്ഥലത്തുവെച്ച് ഞാന്‍ നിസ്കരിച്ചു.’ മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൊണ്ട് ബറകത്തെടുക്കുന്നതിന് ഇങ്ങനെ എത്രയെത്ര പ്രമാണങ്ങള്‍ സാക്ഷിയാണ്.

നബി(സ്വ) ചെയ്തിട്ടില്ലാത്ത കാര്യമാണെങ്കിലും നന്മയുള്ളതാണെങ്കില്‍ ചെയ്യുന്നത് മതവിരുദ്ധമായ ബിദ്അത്തല്ല. ഖുര്‍ആന്‍ ക്രോഡീകരണ വേളയില്‍ നബി(സ്വ) ചെയ്യാത്തതാണ് അതെന്ന് ആശങ്കപ്പെട്ട പ്രഥമ ഖലീഫ സിദ്ദീഖ്(റ)നോട്, അല്ലാഹു സത്യം, അത് ഗുണകരമായ കാര്യമാണ് എന്ന് ഉമര്‍(റ) പറഞ്ഞത് ഈ അടിസ്ഥാനത്തിലാണ്. അത് എല്ലാ സ്വഹാബിമാരും അംഗീകരിച്ചു. നല്ല കാര്യങ്ങള്‍ റസൂല്‍(സ്വ) ചെയ്തില്ലെങ്കിലും ചെയ്യാമെന്ന് അഹ്ലുസ്സുന്ന സിദ്ധാന്തിക്കുന്നത് ഇതുകൊണ്ടാണ്. കാരണം അവിടുന്ന് എല്ലാ നല്ല കാര്യങ്ങളും ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മുഹമ്മദ് നബി(സ്വ) ചെയ്യാത്തത് ചെയ്യുന്നുവെന്ന് സുന്നികളെ അധിക്ഷേപിക്കാറുള്ള പുത്തനാശയക്കാര്‍ പക്ഷേ, പല സന്ദര്‍ഭങ്ങളിലും റസൂല്‍(സ്വ) ചെയ്യാത്തത് ചെയ്യുന്നവരും ചെയ്തത് കയ്യൊഴിക്കുന്നവരുമാണ്. ഒരു ഉദാഹരണം പറയാം:

നബി(സ്വ) നിസ്കരിച്ചത് അറബി ഭാഷയിലാണ്. ജുമുഅ ദിവസം അറബിയില്‍ മാത്രം ഖുതുബ ഓതി അറബി ഭാഷയില്‍ മാത്രം നിസ്കരിച്ചു. പുത്തനാശയക്കാര്‍ അനറബി ഭാഷയില്‍ ഖുതുബ നിര്‍വഹിച്ച് അറബിയില്‍ നിസ്കരിക്കും നബി(സ്വ)യുടെയോ അനുചരന്മാരുടെയോ ജീവിതത്തില്‍ ഇങ്ങനെ ഒരാചാരം ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ ഈ ഭേദഗതി കടുത്ത ബിദ്അത്തും മുസ്‌ലിംകളുടെ ജുമുഅ അസാധുവാക്കുന്ന കടുത്ത തെറ്റുമാണ്. അതുപോലെ ജുമുഅ ഖുതുബ എന്ന പേരില്‍ അവര്‍ നടത്താറുള്ള പ്രസംഗത്തിന്‍റെ ആമുഖമായി  സ്വലാത്ത് ചൊല്ലാറുണ്ട്.  ഖുതുബയില്‍ നബി(സ്വ) സ്വലാത്ത് ചൊല്ലിയതായി ഹദീസില്‍ വന്നിട്ടില്ലെന്ന് മുഗ്നിയില്‍ ഖതീബുശിര്‍ബീനി ഇമാം ഖമൂലിയില്‍ നിന്ന് ഉദ്ധരിച്ചു കാണാം. എന്നാല്‍ അഹ്ലുസ്സുന്നയെ പിന്തുടര്‍ന്നവര്‍ക്ക് ഇക്കാര്യത്തിലും പ്രതിസന്ധിയില്ല. ഇമാം ശാഫിഈ(റ) സ്വലാത്ത് നിര്‍ബന്ധമാണെന്നാണ് രേഖപ്പെടുത്തിയത്. അതിന് പറഞ്ഞ കാരണങ്ങളിലൊന്ന് മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതര്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നാണ്. നല്ല കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് തിരുനബി(സ്വ) ചെയ്തതായി റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് മാത്രമല്ല മുന്‍ഗാമികള്‍ ചെയ്തു വന്നതാണെങ്കില്‍ നിര്‍ബന്ധമാണെന്ന് വരെ വിധിക്കാമെന്നാണ് ഇമാം ശാഫിഈ(റ)വിന്‍റെ ഈ തീരുമാനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന്‍റെ വിത്തു വിതക്കുന്നവര്‍ അതിനായി ഖുര്‍ആന്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് പതിവ്. സ്വഹാബത്തിന്‍റെ കാലം മുതല്‍ സുന്നത്ത് ജമാഅത്തിന്‍റെ വിരോധികളുടെ രീതി അതാണ്. നാലാം ഖലീഫ അലി(റ) മുശ്രിക്കാണെന്ന് വാദിച്ച ഖവാരിജുകള്‍ അവിശ്വാസികളെക്കുറിച്ച് അവതരിച്ച ആയത്തുകള്‍ ദുര്‍വ്യാഖ്യാനിച്ചാണ് തെളിവുണ്ടാക്കിയത്.

ഇതുപോലെ മദ്ഹബിന്‍റെ ഇമാമുമാരുള്‍പ്പെടെയുള്ള പല പണ്ഡിതരും ശിര്‍ക്ക് ചെയ്തവരാണെന്ന് ബിദഈ കക്ഷിയായ മുഅ്തസില പിന്നീട് വാദിച്ചതും സ്വഹാബികള്‍ പിഴച്ചവരാണെന്ന് റാഫിളുകള്‍ ജല്‍പ്പിച്ചതും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിലൂടെയാണ്. ആധുനിക കാലത്ത് മുസ്‌ലിം മുഖ്യധാരയെ മുശ്രിക്കുകളാക്കി ചിത്രീകരിക്കാന്‍ മുജാഹിദ്-ജമാഅത്ത്-തബ്ലീഗ്പോലുള്ളവര്‍ ദുരുപയോഗിക്കുന്നതും ഖുര്‍ആന്‍ തന്നെ. നന്മയുടെ നിമിത്തങ്ങളാണെന്ന നിലക്ക് മഹാത്മാക്കളോട് നടത്തുന്ന സഹായ തേട്ടത്തെ അവര്‍ക്കുള്ള ആരാധനയായും ശിര്‍ക്കായും ഈ വിഭാഗം വിശേഷിപ്പിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പണ്ഡിത ലോകത്തിന്‍റെ കാഴ്ചപ്പാട് നോക്കാം. ഇമാം സുബ്കി(റ) എഴുതി: ‘ലോകത്തൊരു പണ്ഡിതനും നബി(സ്വ)യോട് സഹായാര്‍ത്ഥന നടത്തുന്നതിനെയും അവിടുത്തെ ഇടയാളനാക്കി പ്രാര്‍ത്ഥിക്കുന്നതിനെയും എതിര്‍ത്തിട്ടില്ല. ഒരു മതവിശ്വാസിയും ഇതിനെ എതിര്‍ത്തിരുന്നില്ല. ഒരു കാലത്തും അത്തരമൊരു അപശബ്ദം ഉണ്ടായിട്ടുമില്ല’ (ശിഫാഉസ്സഖാം).

വിരുദ്ധ നിലപാടെടുത്ത ഇബ്നു തൈമിയ്യയെ പൊളിച്ചെഴുതി കൊണ്ട് ഇമാം സുബ്കി(റ) തുടര്‍ന്നതിങ്ങനെ: ‘ഇബ്നു തൈമിയ്യക്ക് മുമ്പ് മുസ്‌ലിം ലോകത്തൊരു പണ്ഡിതനും നബി(സ്വ)യോട് സഹായം തേടരുതെന്ന വാദം ഉന്നയിച്ചിട്ടില്ല.’ ചുരുക്കിപറഞ്ഞാല്‍ മുന്‍കാല പണ്ഡിതര്‍ മാതൃക കാണിച്ച അഹ്ലുസ്സുന്നയുടെ ഋജുവായ സരണിയാണ് മുസ്‌ലിംകള്‍ക്ക് അനുകരണീയം. ഖുര്‍ആനിലും  ഹദീസിലും വ്യക്തമായി കാണാത്ത വിഷയങ്ങളില്‍ പ്രമാണബദ്ധമായി ഇമാമുമാര്‍ തീരുമാനമെടുത്ത നിയമങ്ങളുടെ ക്രോഡീകരണമായ നാലു മദ്ഹബുകളും വിശ്വാസ രംഗത്ത് അപചയം സംഭവിച്ചവര്‍ക്ക് വ്യക്തമായ മറുപടി നല്‍കി ഇമാം അശ്അരി(റ)വും  ഇമാം മാതുരീദി(റ)യും പഠിപ്പിച്ചു തന്ന രണ്ട് സരണികളും അഹ്ലുസ്സുന്നയുടെ സാക്ഷീകരണമാണ്. മദ്ഹബ് വിരോധം പരമനാശത്തിലേക്കുള്ള കവാടമാണെന്നു വിവരമുള്ളവരല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അത് പിന്തുടര്‍ന്ന് ആഖിബത്ത് നന്നായി മരിക്കാന്‍ നമുക്കും സഹകാരികള്‍ക്കും അല്ലാഹു ഭാഗ്യം നല്‍കട്ടെ-ആമീന്‍.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ