Shaikh Rifaee R -malayalam

കേരളത്തിന്റെ ജ്ഞാനപുത്രനാണ് ശൈഖ് അഹ്‌മദ് കോയശ്ശാലിയാത്തി(ന.മ). 1884ൽ കോഴിക്കോട് ജില്ലയിലെ ചാലിയത്താണ് ജനനം. പണ്ഡിത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് ശൈഖ് അലിയും പിതാമഹൻ കുഞ്ഞ് മുഹ്‌യിദ്ദീൻ മുസ്‌ലിയാരും അഗാധജ്ഞാനികളായിരുന്നു. ചെറുപ്പത്തിലേ അറിവിന്റെ ഓരംപറ്റി വളർന്നത് അദ്ദേഹത്തെ വിജ്ഞാനത്തിന്റെ അനന്ത വിഹായസ്സിലേക്കുയർത്തി. എല്ലാ വൈജ്ഞാനിക ശാഖകളിലും വ്യുൽപത്തി നേടി. നാല് മദ്ഹബുകളിലും നിവാരണം നൽകുന്ന മുഫ്തിയായി. അഹ്‌ലുസ്സുന്നയുടെ വിരോധികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മഹാൻ മൂർച്ചയേറിയ തൂലികയിലൂടെ അവർക്കെതിരെ പട നയിച്ചു.
പിതാവാണ് പ്രഥമ ഗുരു. അദ്ദേഹത്തെ കൂടാതെ പതിനൊന്നോളം അഗ്രേസരരായ മഹാജ്ഞാനികളിൽ നിന്ന് പഠനം നടത്തി. ലോക പ്രസിദ്ധ പണ്ഡിതനും ആശിഖു റസൂലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇമാം അഹ്‌മദ് റസാഖാൻ ബറേൽവി(റ) അവരിൽ പ്രധാനിയാണ്. വിവിധ സ്ഥലങ്ങളിൽ അധ്യാപനം നടത്തുകയും മുഫ്തിയാവുകയും ചെയ്തു. സമുദായത്തിന്റെ നേതൃനിരയിലും സമസ്തയുടെ സംസ്ഥാപനത്തിലും നിർണായക സേവനം കാഴ്ചവെച്ച മഹാൻ ഹി. 1374 മുഹർറം 27ലാണ് വഫാതാവുന്നത്.
വിജ്ഞാന സമ്പാദനത്തിനു വേണ്ടി പൂർണ സമർപ്പിതനായ അദ്ദേഹം ദീർഘയാത്രകൾ നടത്തി സ്ഥിരോത്സാഹിയായി മുന്നേറി. യാത്രാ സൗകര്യങ്ങൾ ദുർലഭമായിട്ടും ത്യാഗസന്നദ്ധതയോടെ അറിവന്വേഷണം തുടർന്ന മഹാൻ ഉത്തർ പ്രദേശിലെ ബറേൽവിയിൽ വരെ ചെന്നെത്തി. ഓരോ വിജ്ഞാന ശാഖയും അതിൽ വ്യുൽപത്തി നേടിയവരെ കണ്ടെത്തിയാണ് സ്വായത്തമാക്കിയത്.

ചാലിയം കുതുബുഖാന

പഠനകാലം മുതൽ തന്നെ വലിയ ഗ്രന്ഥ ശേഖരത്തിന്റെ ഉടമയായിരുന്നു ശാലിയാത്തി. പിതാവ്, പിതാമഹൻ എന്നിവരിൽ നിന്ന് ലഭിച്ചതും യാത്രക്കിടെ ശേഖരിച്ചതുമൊക്കെയായിരുന്നു ഇവ. കിതാബുകൾ സൂക്ഷിക്കാനായി വീട്ടിൽ പ്രത്യേക മുറി മാറ്റിവെച്ചു. വിലപ്പെട്ട സ്വന്തം രചനകൾ കൂടിയായപ്പോൾ ഗ്രന്ഥശേഖരം വികസിച്ചു. സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോഴാണ് ഗ്രന്ഥ സംരക്ഷണാർത്ഥം വീടിനോട് ചേർന്ന് ഹി: 1366 ൽ ദാറു ഇഫ്താഇൽ അസ്ഹരിയ്യ എന്ന കുതുബുഖാന സ്ഥാപിക്കുന്നത്. പ്രസിദ്ധപ്പെടുത്തിയതും അല്ലാത്തതുമായ നിരവധി അമൂല്യ രചനകൾ കൊണ്ട് സമ്പന്നമാണ് ഈ ഗ്രന്ഥശാല. അപൂർവ ഗ്രന്ഥങ്ങൾ പാരായണം ചെയ്യാൻ വേണ്ടി പ്രസ്തുത ഗ്രന്ഥശാല സന്ദർശിച്ച അനുഭവം പ്രമുഖ പണ്ഡിതർ സ്മരിക്കാറുണ്ട്.
സൈനുദ്ദീൻ മഖ്ദൂം കബീർ(റ) ചോദ്യങ്ങൾക്ക് നൽകിയ മറുപടി, ഇമാം റാഫിഈ(റ)ന്റെ മുഹറർ, ഹി: 947ൽ വഫാതായ ഇമാം ത്വുംബദാവീ(റ)ന്റെ ഫതാവ, ഖാളീ മുഹമ്മദി(റ)ന്റെ ഫത്ഹുൽ മുബീൻ, ശൈഖുൽ ഇസ്‌ലാം ഇബ്‌നു ഹജറുൽ ഹൈതമി(റ)യുടെ ഫതാവ, അലിയ്യു ബാ സ്വബരി(റ)യുടെ ഫത്ഹുൽ മുഈൻ വിശദീകരണം ഇആനതുൽ മുസ്തഈൻ എന്നിവയുടെ കൈയെഴുത്ത് പ്രതിയുടെ പകർപ്പുകൾ ഇവിടെ സൂക്ഷിപ്പുണ്ട്. ഇവയുടെ പകർപ്പുകൾ മറ്റു പല ഗ്രന്ഥാലയങ്ങളിലേക്കെത്തിയതും ഇവിടെ നിന്നാണ്. ഹീബ്രുവിലുള്ള ബൈബിൾ പുതിയ-പഴയ നിയമങ്ങൾ, ഉപനിഷത്തുകൾ, രാമായണം, ഭഗവത്ഗീത, മഹാഭാരതം എന്നിവയും ശേഖരത്തിൽ കാണാം.

ശാലിയാത്തിയുടെ രചനകൾ

മുൻഗാമികളായ ഇമാമുകളെ ഓർമിപ്പിക്കും വിധം ജ്ഞാനലോകത്തിന് അനൽപ്പങ്ങളായ സംഭാവനകൾ നൽകി അദ്ദേഹം. തന്റെ വിജ്ഞാനങ്ങൾ പിൽക്കാലത്തേക്ക് കൈമാറുന്നതിൽ അക്ഷീണ പരിശ്രമം തന്നെ നടത്തി. തലമുറകളിലേക്ക് ജ്ഞാന പ്രസരണത്തിനുള്ള മാർഗമെന്ന നിലക്ക് രചനകളെ ഉപാസിച്ചു. ആശയ സമ്പുഷ്ടത കൊണ്ടും സാഹിത്യ ചാരുത കൊണ്ടും ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ കൃതികൾ. പതിനെട്ടാമത്തെ വയസ്സിലാണ് രചനാ ലോകത്തേക്ക് പ്രവേശിക്കുന്നത്. മിക്ക വിജ്ഞാന ശാഖകളിലും കനപ്പെട്ട ഗ്രന്ഥങ്ങൾ മഹാൻ രചിച്ചു. പ്രധാനപ്പെട്ട ചിലത് പരിചയപ്പെടാം.
ഹദീസ് വിജ്ഞാനത്തിൽ വിശ്വപ്രസിദ്ധമായ രചനയാണല്ലോ ഇമാം നവവി(റ)ന്റെ കിതാബുൽ അർബഈൻ. അതിന് മഹാനവർകൾ രചിച്ച വിശദീകരണമാണ് അസ്സൈറുൽ ഹസീസ് ലി തഖ് രീജി അർബഈൻ. ഖൈറുൽ അദില്ല ഫീ ഹദ്‌യി ഇസ്തിഖ്ബാലിൽ ഖിബ്‌ല എന്നത് നിസ്‌കരിക്കുമ്പോൾ ഖിബ്‌ലക്ക് എങ്ങനെ തിരിയണം, കഅ്ബക്ക് നേരത്തന്നെ വേണോ അതോ കഅ്ബയുടെ ദിശയിലേക്ക് മതിയോ എന്ന വിഷയത്തിൽ ചാലിലകത്ത് തിരികൊളുത്തി കേരളീയ പണ്ഡിതർക്കിടയിൽ കത്തിപ്പടർന്ന ചർച്ചയോടനുബന്ധിച്ച് രചിച്ചതാണ്. കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞാൽ മതിയെന്ന ഭൂരിഭാഗം ഇമാമുമാരുടെയും വീക്ഷണമാണ് ഈ ഗ്രന്ഥം സമർത്ഥിക്കുന്നത്. ഏകദേശം നൂറ് വർഷം മുമ്പ് മദ്രാസിൽ നിന്നാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതേ വിഷയത്തിൽ തന്നെ രചിച്ച മറ്റൊരു ഗ്രന്ഥമാണ് തഹ്ഖീഖുൽ മഖാൽ ഫീ മബ്ഹസിൽ ഇസ്തിഖ്ബാൽ.
മറ്റൊരു ശ്രദ്ധേയ ഗ്രന്ഥമാണ് അൽകലാമുൽ ഹാവീ ഫീ റദ്ദിൽ ഫതാവ വദ്ദആവ. റമളാനിലെ ദിക്‌റുകൾ, അവയുടെ നിയമങ്ങൾ വസ്തുനിഷ്ഠമായി വിവരിച്ചെഴുതിയതാണ് തർവീഹുൽ ജിനാൻ ബി അഹ്കാമി അദ്കാരി റമളാൻ. നവവി(റ)യുടെ മിൻഹാജിന് ഇമാം മഹല്ലി(റ) എഴുതിയ ശർഹാണല്ലോ കൻസുർ റാഗിബീൻ. അതിൽ പറഞ്ഞ ചില മസ്അലകളെ ഇഴകീറി ശാലിയാത്തി നടത്തുന്ന ചർച്ചകളാണ് ഹവാശിൻ അലാ ശർഹിൽ മഹല്ലി.
സൈനുദ്ദീൻ മഖ്ദൂം(റ)ന്റെ ഫത്ഹുൽ മുഈനിന് നൽകിയ വിശദീകരണമാണ് തഖാരീർ അലാ ഫത്ഹിൽ മുഈൻ. കർമശാസ്ത്രപരമായി ജനങ്ങൾക്കുണ്ടാകുന്ന ഏത് സംശയങ്ങളും നാല് മദ്ഹബനുസരിച്ചും നിവാരണം നടത്താൻ കഴിവുള്ള ജ്ഞാനിയായിരുന്നു മഹാൻ. തന്റെ മുമ്പിലെത്തിയ ചോദ്യങ്ങൾക്ക് പ്രമാണബദ്ധമായി നൽകിയ മറുപടികളുടെ ക്രോഡീകരണമാണ് അൽഫതാവൽ അസ്ഹരിയ്യ ഫിൽ അഹ്കാമിശ്ശറഇയ്യ.
ജമാഅത്തായി നിസ്‌കരിക്കുമ്പോൾ ഇമാമിനെ വൈകി തുടരുന്നവനാണല്ലോ മസ്ബൂഖ്. മസ്ബൂഖിന്റെ നിയമങ്ങൾ വിവരിക്കുന്ന കിതാബാണ് അൽബയാനുൽ മൗസൂഖ് ഫീ മഹല്ലി ഇൻതിളാരിൽ മസ്ബൂഖ്. ഇഫ്ഹാമുസ്സാഇലിൽ മുഹ്തദി വ ഇഫ്ഹാമു സ്വാഇലിൽ മുഅ്തദി ഫീ മസ്അലതി ഇൻതിളാരിൽ മുഖ്തദി, അൽഉറഫുശ്ശദാ ലി ഇസാലതി നത്‌നിൽ ബദാ എന്നിവ ജമാഅത്ത് നിസ്‌കാരത്തിന്റെ നിയമങ്ങൾ വിവരിച്ച മറ്റു ഗ്രന്ഥങ്ങളാണ്.
ഫോട്ടോഗ്രാഫിയിൽ കണിശ നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്ന് സുവിദിതമാണല്ലോ. ഫോട്ടോ എടുക്കൽ അനുവദനീയമോ നിഷിദ്ധമോ എന്ന് വിശദീകരിച്ചെഴുതിയതാണ് അൽഹുക്മു റാസിഖ് ഫീ സ്വൂരിൽ മശായിഖ്. ത്വലാഖുമായി ബന്ധപ്പെട്ട് സാധാരണക്കാരുൾപ്പെടെ ഉന്നയിച്ച സംശയങ്ങൾ അപഗ്രഥിച്ച് നടത്തിയ സമഗ്ര രചനയാണ് അൽഖസ്വീദതുൽ അസ്ഹരിയ്യ ഫീ ഹുക്മിത്ത്വലാഖി ബിൽ കലിമാതിൽ മലബാരിയ്യ.
മരണാനന്തര സ്വത്ത് വിഭജന ജ്ഞാനത്തെ (ഇൽമുൽ ഫറാഇള്) അറിവിന്റെ പകുതിയെന്ന് ഹദീസിൽ വിശേഷിപ്പിച്ചിട്ടുണ്ട്. സമുദായത്തിൽ നിന്ന് ആദ്യം ഉയർത്തപ്പെടുന്നതും ഈ വിജ്ഞാനമായിരിക്കും. പ്രസ്തുത പഠനശാഖയിലെ കിടയറ്റ രചനയാണ് ദഫ്ഉൽ ഔഹാം ഫീ തൻസീലി ദവിൽ അർഹാം. കർമശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ മറ്റു രചനകളാണ് ഇഫാദതുൽ മുസ്തഈദ് ബി ഇആദതിൽ മുസ്തഫീദ്, സഅ്‌യുൽ ഖറാബ് ഇലാ റമ്‌യിത്തുറാബ്, ഇത്വാലതുൽ ഇഖാബ് അലാ ഇസാലതിൽ ഹിജാബ്, അൽഅവാഇദുദ്ദീനിയ്യ ഫീ തൽഖീസ്വിൽ ഫവാഇദിൽ മദനിയ്യ, ഹുക്മു ത്വഹാറതൈനി ബി ഗസ്‌ലിൻ ഔ ഗസ്‌ലതൈനി എന്നിവ.
വിശ്വാസശാസ്ത്ര സംബന്ധമായി ഉന്നയിക്കപ്പെട്ട സംശയങ്ങൾക്ക് ശാലിയാത്തി നൽകിയ മറുപടികൾ ക്രോഡീകരിച്ചതാണ് അൽഫതാവദ്ദീനിയ്യ. അൽഇർശാദാതുൽ ജിഫ്‌രിയ്യ വിശ്വാസ ശാസ്ത്രത്തിലെ തന്നെ മറ്റൊരു ഗ്രന്ഥമാണ്. അഹ്‌ലുസ്സുന്നയുടെ വിശ്വാസങ്ങൾ വിവരിക്കുകയും പുത്തൻവാദികളുടെ പിഴച്ച വിശ്വാസങ്ങളെ പ്രാമാണികമായി ഖണ്ഡിക്കുകയും ചെയ്യുന്ന പ്രൗഢ രചനയാണ് ദഫ്ഉശ്ശർറിൽ അൻസീർ അനിൽ ഖൈരിൽ കസീർ.
മഹാനായ ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയുടെ പ്രസിദ്ധ ഗ്രന്ഥമായ ഖൈറുൽ കസീറിൽ അദ്ദേഹത്തിന്റെ പുത്രനും പുത്തൻവാദികളുടെ നേതാവുമായ ഇസ്മാഈൽ ദഹ്‌ലവി വഹാബി ആശയങ്ങൾ പിൽക്കാലത്ത് തിരുകിക്കയറ്റാൻ ശ്രമിച്ചപ്പോൾ അത് കൈയ്യോടെ പിടികൂടി വഹാബിസത്തിന്റെ നിരർത്ഥകതയും അഹ്‌ലുസ്സുന്നയുടെ പ്രസക്തിയും വിവരിച്ചുകൊണ്ട് രചിച്ചതാണീ ഗ്രന്ഥം.
ആദർശ രംഗത്ത് ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ശാലിയാത്തി അഹ്‌ലുസ്സുന്നയുടെ ഋജുവായ ആശയം നിർഭയം ആരുടെ മുമ്പിലും തുറന്നുപറയുമായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെ മതപഠനത്തിനായി പരപ്പനങ്ങാടി പള്ളിദർസിലേക്കാണയച്ചിരുന്നത്. പുത്തൻവാദി എഴുതിയ ഗ്രന്ഥം ഇരുവരും വായിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉസ്താദ് അവരെ വിലക്കി. വീണ്ടും അതാവർത്തിച്ചപ്പോൾ പിതാവായ ശാലിയാത്തിയെ വിവരമറിയിച്ചു. അദ്ദേഹം മക്കളെ കർശനമായി വിലക്കി. പക്ഷേ അവർ വീണ്ടും വായിക്കുന്നതായി വിവരം ലഭിച്ചപ്പോൾ അഹ്‌ലുസ്സുന്നയെ പ്രാണനിലേറെ സ്‌നേഹിക്കുന്ന ആ മഹാജ്ഞാനിയുടെ ഹൃദയം മുറിഞ്ഞു. ‘എന്റെ വീട്ടിലോ സമ്പത്തിലോ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. ഇനി ഇങ്ങോട്ട് വരാനും പാടില്ല’ എന്ന് അദ്ദേഹം പുത്രന്മാരെ അറിയിച്ചു. മാത്രമല്ല, തന്റെ സ്വത്ത് വഹകളെല്ലാം സഹോദരിയുടെ സന്താന പരമ്പരകൾക്കായി വസ്വിയ്യത്തു ചെയ്തു മാറ്റിവെക്കുകയും ചെയ്തു. അവരാണ് ഇന്നും മഹാന്റെ കുതുബ്ഖാനയും മറ്റും പരിപാലിക്കുന്നത്. അങ്ങോട്ടുള്ള പ്രധാന കവാടത്തിനു മുകളിൽ വഹാബി, മൗദൂദി അടക്കമുള്ള പുത്തൻവാദികൾക്ക് പ്രവേശനമില്ല എന്നെഴുതിവെച്ചത് അദ്ദേഹത്തിന്റെ ആദർശ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതാണ്. വഹാബിസത്തെ ഖണ്ഡിച്ചുകൊണ്ട് മഹാനെഴുതിയ മറ്റൊരു ഗ്രന്ഥമാണ് അൽഇർശാദാതുൽ ജഫരിയ്യ ഫീ റദ്ദി അലള്ളലാലാത്തിന്നജ്ദിയ്യ.
അറബി വ്യാകരണ ശാസ്ത്രത്തിൽ വിരചിതമായതാണ് കശ്ഫു സ്വാദിരി നള്മി അവാമിലി ശൈഖി അബ്ദിൽ ഖാഹിരി. ഇമാം മുഹമ്മദ് ബ്‌നു മാലിക്(റ) രചിച്ച അൽഫിയ്യയിലെ ഏതാനും ബൈത്തുകൾക്ക് മഹാൻ നൽകിയ വിശദീകരണമാണ് തഖ്‌രീറു ശർഹിൽ മഅ്ബരി അലാ അൽഫിയ്യതിബ്‌നിൽ മാലികി. തർക്കശാസ്ത്രത്തിലും ശാലിയാത്തിക്ക് പ്രൗഢമായ രചനയുണ്ട്. തസ്വ്‌രീഹുൽ മൻത്വിഖ് വ്യാഖ്യാനിച്ച് അദ്ദേഹം രചിച്ചതാണ് തഫ്തീഹുൽ മുഗ്‌ലഖ് ഫീ ശർഹി തസ്വ്‌രീഹിൽ മൻത്വിഖ്.
അധ്യാത്മിക ജ്ഞാനശാഖയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മഹാനായ ഇമാം യാഫിഈ(റ)ന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ ഇർശാദുൽ യാഫിഈ വിശദീകരിച്ച് രചിച്ച ഹാശിയതുൻ ജലീലതുൻ അലാ ഇർശാദിൽ യാഫിഈ പ്രസിദ്ധം. ആത്മീയ ലോകത്ത് ഉയർച്ചയുടെ പടവുകൾ തേടുന്നവർക്ക് സഹായകമായ അർറാതിബതുൽ അസ്ഹരിയ്യ ഫീ സല്ലാകി ത്വരീഖതിൽ ഖാദിരിയ്യ വിഷയസമ്പന്നമാണ്. നല്ലതിനെല്ലാം വ്യാജവും ഉണ്ടാവുമല്ലോ. ആത്മീയതയുടെ പേരുപറഞ്ഞു വിശ്വാസികളെ വഞ്ചിക്കുന്ന കള്ള ത്വരീഖത്തുകളെയും അവയുടെ ശൈഖന്മാരെയും പ്രമാണങ്ങളുടെ അകമ്പടിയോടെ ഖണ്ഡിച്ചു രചിച്ച ഗ്രന്ഥമാണ് നജാത്തുൽ ഇബാദ് അൻ തൽബീസാതി ശുയൂഖിൽ ഫസാദ്.
കാവ്യശാഖയിലും മഹാന് രചനകളുണ്ട്. ബദ്‌രീങ്ങൾ, ഉഹുദ് ശുഹദാക്കൾ എന്നിവരെ തവസ്സുലാക്കി രചിച്ച മൂന്ന് ഖസ്വീദകളാണ് സലാസു ഖസ്വാഇദ് ഫിത്തവസ്സ്വുലി ബി അഹ്‌ലി ബദ്‌രിൻ വശുഹദാഇ ഉഹുദ്. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ഇജാസതോടെ ഇന്ന് കേരള മുസ്‌ലിം ജമാഅത്തിനു കീഴിൽ വ്യാപകമായി നടത്തുന്ന മഹ്‌ളറതുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസിൽ ചൊല്ലിവരുന്നത് ഇതിലെ തവസ്സുൽ ബൈത്താണ്.
അതുപോലെ പ്രസിദ്ധ നബികീർത്തന കാവ്യമായ അല്ലഫൽ അലിഫിന്റെ പല്ലവിയനുസരിച്ചെഴുതിയ അല്ലഫൽ ആസ്വീ എന്ന് തുടങ്ങുന്ന കാവ്യവും ശ്രദ്ധേയം. തിരുനബി(സ്വ)യെ മദ്ഹ് ചെയ്ത് മഹാൻ രചിച്ച മൗലിദുകളും പ്രസിദ്ധമാണ്. മൗലിദുൽ അസ്ഹർ ഫീ മൗലിദിന്നബിയ്യിൽ അത്വ്ഹർ, അൽമൗഇദു ഫിൽ മൗലിദ് എന്നിവ കിടയറ്റ പ്രവാചകാനുരാഗ രചനകളത്രെ. അനുരാഗിയുടെ ഹൃത്തടം ഇശ്ഖ് കൊണ്ട് നിറക്കാൻ ഇവ പര്യാപ്തമാണ്. അറബി സാഹിത്യ സമ്പന്നതയിലും അവതരണ ഭംഗിയിലും ഇവ മികച്ചുനിൽക്കുന്നു.
മഹാനായ സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തിൽ അജ്മീരി(റ)യുടെ മഹത്ത്വവും ചരിത്രവും വിവരിച്ച് രചിച്ച മൗലിദാണ് മവാഹിബു റബ്ബിൽ മതീൻ ഫീ മനാഖിബി ഖുത്വുബിൽ ഹിന്ദ് ശൈഖ് മുഈനുദ്ദീനുൽ ചിശ്തി. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന സൂഫീവര്യനാണ് സയ്യിദ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി. ഇന്തോനേഷ്യയിലെ അച്ചി പ്രവിശ്യ രാജാവ് സയ്യിദ് അബ്ദുറഹ്‌മാൻ ജമലുല്ലൈലിയുടെ മകനാണ് ഇദ്ദേഹം. കൊട്ടാരം വിട്ട് ആത്മീയതയിൽ ലയിച്ച അദ്ദേഹം ഖാദിരിയ്യ, നഖ്ശബന്ദിയ്യ, ചിശ്തിയ്യ, സുഹ്‌റവർദിയ്യ, ത്വബഖാതിയ്യ തുടങ്ങിയ സൂഫീ മാർഗങ്ങളിൽ അവഗാഹം നേടി വിശ്രുത ആത്മീയാചാര്യനായി. സൂഫീ ലോകത്തെ ഉന്നത പദവിയായ ഖുത്വുബ് സ്ഥാനത്തെത്തിച്ചേർന്ന ബാഹസ്സൻ(റ) ഹിജ്‌റ 1180ൽ പ്രബോധനാവശ്യാർത്ഥം മലബാറിലെ കടലുണ്ടിയിൽ എത്തിച്ചേർന്നു. അവിടെ സ്ഥിര താമസമാക്കിയ മഹാൻ ഹി. 1230ലാണ് മരണപ്പെട്ടത്. കടലുണ്ടിയിലാണ് മഖ്ബറ. മഹാനവർകളുടെ മഹത്ത്വം വിവരിച്ച് രചിച്ച മൗലിദാണ് ‘മനാഇഹുന്നൈൽ ഫീ മദാഇഹി ജമലില്ലൈൽ.
കോഴിക്കോട്ടുകാരനായ ശൈഖ് ശംസുദ്ദീൻ മുഹമ്മദ് തങ്ങളുടെ മൗലിദും രചിച്ചിട്ടുണ്ട്. കവാകിബുൽ മജ്ദിൽ മലകൂതി ഫീ മനാഖിബി ശൈഖി ശംസുദ്ദീൻ മുഹമ്മദിൽ കാലിക്കൂത്തി എന്നാണു പേര്. മുനാജാതുൽ ഇമാമി അലിയ്യിൻ കർറമല്ലാഹു വജ്ഹഹു, ഖസ്വീദതു കഫാക റബ്ബുക, ഖസ്വീദതു ലുദ്ബിൽ ഇലാഹി തുടങ്ങിയവ അദ്ദേഹത്തിന്റെ തഖ്മീസു(പഞ്ചവൽകരണം)കളാണ്.
നിരവധി അനുശോചന കാവ്യങ്ങളും (മർസിയ്യത്ത്) രചിച്ചിട്ടുണ്ട്. തന്റെ ഗുരുവര്യരെ കുറിച്ചെഴുതിയ അനുശോചന കാവ്യമാണ് ‘അൽഖസ്വീദതുൽ ബാഇയ്യ ഫീ മർസിയ്യത്തി മൗലാനാ മഹ്‌മൂദ് മുഫ്തിൽ മുബാറക്. ഖസ്വീദതു റാഇഹിയ്യ ഫീ മർസിയ്യത്തി മൗലാനാ അൽഹാജ് സയ്യിദ് അശ്ശാം മുഹ്‌യിദ്ദീൻ അബ്ദുല്ലത്വീഫ് അൽഹഫീദ് വേലൂർ മറ്റൊരു മർസിയ്യത്താണ്.
ആത്മീയ ചികിത്സകൾ യാഥാർത്ഥ്യമാണെങ്കിലും വഞ്ചനയും കബളിപ്പിക്കലും വ്യാപകമായൊരു മേഖലയാണിത്. ഏറിയ പങ്കും വേണ്ടത്ര ജ്ഞാനമില്ലാതെ ചികിത്സിക്കുന്നവരാണെന്നതും വസ്തുതയാണ്. ഈ രംഗത്തെ നെല്ലും പതിരും വേർതിരിച്ച് ശാലിയാത്തി രചിച്ച ഗ്രന്ഥങ്ങളാണ് ഔകാറുൽ ഹാജാത്ത് ഫീ തൽഖീസ്വി അദ്കാരി സ്സാആത്ത്, ലുബാബു മുഖ്ബിരി അസ്‌റാറി ഫീ ഇൽമി റംലി, ശർഹുൻ മൂജസുൻ അലാ ഖസമിൽ ബർഹതിയ്യ.
കേരളത്തിലെ പ്രഗത്ഭരായ ഗ്രന്ഥകാരന്മാരെ പരിചയപ്പെടുത്തി എഴുതിയ ഗ്രന്ഥമാണ് തറാജുമുൽ മുഅല്ലിഫീന ലിൽ കുതുബി മിൻ അഹ്‌ലി ദിയാരി മലബാർ. കേരളത്തിലെ മഹാജ്ഞാനികളെ കുറിച്ചും അവരുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ചും നമുക്കിതിൽ വായിക്കാം. മലബാറിലുണ്ടായ ആദ്യ ഗ്രന്ഥം ഉംദതുൽ അസ്വ്ഹാബി വ നുസ്ഹതുൽ അഹ്ബാബ് ആണ്. സൈനുദ്ദീൻ മഖ്ദൂം(റ)ന്റെ ഉസ്താദും ചാലിയം ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനുമായ സൈനുദ്ദീൻ റമളാനുശ്ശാലിയാത്തി(റ)യാണ് രചയിതാവ്. കേരളത്തിലെ ദർസ് സിലബസായ ഫഖ്‌രിയ്യ കരിക്കുലത്തിന്റെ ഉപജ്ഞാതാവ് കോഴിക്കോട് കുറ്റിച്ചിറയിൽ മറപെട്ട ഫഖ്‌റുദ്ദീൻ അബൂബക്കർ(റ) ഇദ്ദേഹത്തിന്റെ പുത്രനാണ്. മലബാറിലെ ഇത്തരം ജ്ഞാനികളെ കുറിച്ചെല്ലാം അമൂല്യമായ പലതും ഇതിൽ വായിക്കാം. അയ്യാമു ന്നഹ്‌സാത്ത് വർഷത്തിലെ അശുഭ ദിവസങ്ങൾ വിവരിക്കുന്ന രചനയാണ്. ഹദ്ദാദ് റാതീബ്, വിർദുന്നവവി എന്നിവക്ക് അദ്ദേഹം എഴുതിയ തഅ്‌ലീഖാതുകൾ ഇന്നും വിപണിയിൽ കാണാം.
ദീവാനുൽ അശ്ആർ, ഇത്തിഹാദു ദലീൽ ഫീ റദ്ദി തജ്ഹീൽ, ഹാശിയതുൻ ലത്വീഫ അലാ ഖസ്വീദതി അല്ലഫൽ അലിഫ് ലി അല്ലാമത്തിൽ ഹാജി ഉമറുൽ ഖാഹിരി, അന്നുബാഅതുൽ യഖീനിയ്യ ഫീ ശർഹി രിസാലതിൽ മാറദീനിയ്യ, ഹാശിയതുൻ നഫീസതുൻ അലാ ഖസ്വീദതി ബദ്‌രിയ്യതിൽ ഹംസിയ്യ, അൽഉറഫുശ്ശദാ ലി ഇസാലത്തി നത്‌നിൽ ബദാ ഫീ മസ്അലതി ഇൻതിളാരിൽ മുഹ്തദി, സുഅയുൽ ഖറാബ് ഇലാ റംയിത്തുറാബ് അലാ വജ്ഹി കശ്ഫിന്നിഖാബ്, നള്മു സിൽസിലതിന്നഖ്ശബന്ദിയ്യ, സബതു ശ്ശാലിയാത്തീ, ഹാലിയത്തു ത്വർബി ബി ശർഹി ജാലിയതിൽ ഇറബി ഫീ നള്മി ജാലിയതിൽ കർബി തുടങ്ങിയവയും മഹാന്റെ രചനകളാകുന്നു. കേരളം ലോക വൈജ്ഞാനിക മണ്ഡലത്തിന് സംഭാവന നൽകിയ ഈ മഹാ ജ്ഞാനിയുടെ അമൂല്യമായ പല രചനകളും വെളിച്ചം കാണാത്തവയും അന്വേഷകർക്ക് സാർവത്രികമായി ലഭ്യമല്ലാത്തവയുമാണ്. അതിന് പരിഹാരം കാണേണ്ടത് വരുംതലമുറയുടെ വൈജ്ഞാനിക മുന്നേറ്റത്തെ ദീപ്തമാക്കാൻ അനിവാര്യം.

അസീസ് സഖാഫി വാളക്കുളം

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ