ഇസ്‌ലാമിൽ സുപ്രധാന സ്ഥാനമുള്ളവരാണ് പ്രവാചക കുടുംബം. തിരുനബി(സ്വ) അരുളി: ഞാൻ മുഖേനയാണ് നിങ്ങൾ ഹിദായത്തിലായത്. എങ്കിൽ അല്ലാഹുവിനെ മുൻനിർത്തി ഞാൻ പറയുന്നു, എന്റെ കുടുംബത്തെ നിങ്ങൾ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. അവരുടെ കാര്യത്തിൽ നിങ്ങൾക്ക് പ്രത്യേക ശ്രദ്ധ വേണം.
സമ്പത്തിലെ അഴുക്ക് എന്നറിയപ്പെടുന്ന സകാത്ത് കൊടുക്കാൻ പാടില്ലാത്ത, എന്നാൽ ഹദ്യകൾ നൽകി ആദരിക്കേണ്ട വിഭാഗമാണ് നബി(സ്വ)യുടെ കുടുംബം.
ആലുന്നബിയും അഹ്‌ലുബൈത്തും
നബികുടുംബം മൂന്നായി തിരിക്കപ്പെടുന്നു. ആലുന്നബി, അഹ്‌ലുബൈത്ത്, ദുര്‌രിയ്യാത്ത്. നബികുടുംബം മൊത്തത്തിൽ ആലുന്നബി എന്നാണറിയപ്പെടുന്നത്. അഥവാ നബി(സ്വ)യുടെ ഉപ്പാപ്പമാരായ ഹാശിം, മുത്വലിബ് എന്നിവരുടെ സന്താന പരമ്പരയിലെ ഇസ്‌ലാം സ്വീകരിച്ചവർ. തിരുനബി(സ്വ)യുടെ എല്ലാ ഭാര്യമാരും മക്കളുമാണ് അഹ്‌ലുബൈത്ത് എന്നതുകൊണ്ടുള്ള വിവക്ഷ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഖദീജ ബീവി(റ)യും അവരുടെ മക്കളുമാണ്. ഒരിക്കൽ അലി(റ), ഫാത്തിമ(റ), ഹുസൈൻ(റ), ഹസൻ(റ) എന്നിവരും തിരുനബി(സ്വ)യും ഒന്നിച്ചിരിക്കുന്നതിനിടെ സൂറത്തുൽ അഹ്സാബിലെ 33ാം ആയത്ത് ഇറക്കപ്പെട്ടു. ഈ വാക്യം ഉരുവിട്ട ശേഷം അവിടന്ന് പ്രാർഥിച്ചു: ‘ഇത് എന്റെ അഹ്‌ലുബൈത്താണ്. ഇവരെ സംസ്‌കാര സമ്പന്നരാക്കുകയും തിന്മയിൽ നിന്ന് അകറ്റുകയും ചെയ്യേണമേ…’
ദുര്‌രിയ്യാത്ത് എന്ന് ഹസൻ, ഹുസൈൻ(റ)വിന്റെ മക്കൾക്ക് മാത്രമേ പറയൂ. എങ്കിലും നബി(സ്വ)യുടെ സന്താന പരമ്പരയിലുള്ള എല്ലാവരും അഹ്‌ലുബൈത്തിൽ ഉൾപെടുന്നതാണ്.
മക്കയിലെ രണ്ടു പ്രമാണിമാർ
മക്കയിലെ പ്രമാണിയും രാജാക്കന്മാർ പോലും ആദരിക്കുകയും മാനിക്കുകയും ചെയ്തിരുന്ന അബ്ദുമനാഫ് എന്നറിയപ്പെടുന്ന മുഗീറയുടെ ആത്വിഖ എന്ന ഭാര്യയിൽ ജനിച്ച മക്കളാണ് മുത്വലിബും അനുജൻ ഹാശിമും. അംറ് എന്നാണ് ഹാശിമിന്റെ യഥാർഥ പേര്. കുറച്ചു കാലമേ ജീവിച്ചുള്ളൂ. ഖുറൈശികളെ ലോകത്തിനു മുന്നിൽ പ്രതാപവും പ്രൗഢിയുമുള്ള സമൂഹമാക്കിയത് മുത്വലിബും ഹാശിമുമടക്കം അബ്ദുമനാഫിന്റെ നാല് മക്കളാണ്.
ശാമിലേക്കുള്ള കച്ചവട പാതയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അന്ന് യസ്രിബ് എന്നറിയപ്പെട്ടിരുന്ന മദീന. ഇവിടത്തെ പ്രധാന ഗോത്രമാണ് ബനൂ നജ്ജാർ. ഈ ഗോത്രത്തലവന്റെ മകളെ ഹാശിം വിവാഹം ചെയ്തു. ഈ ഭാര്യ മദീനയിലായിരുന്നു താമസിച്ചിരുന്നത്. ഇതിലുണ്ടായ മകനാണ് അബ്ദുൽ മുത്വലിബ് എന്ന ആമിർ. ഹാശിം ഗസ്സയിൽ വെച്ച് രോഗം ബാധിച്ചാണ് മരണപ്പെടുന്നത്. അബ്ദുൽ മുത്വലിബിനെ മക്കയിലേക്ക് കൊണ്ടുവന്നത് ഹാശിമിന്റെ ജ്യേഷ്ഠൻ മുത്വലിബാണ്. മരണത്തിന് മുമ്പ് ഹാശിം ഈ വിഷയം സഹോദരനോട് പറഞ്ഞിരുന്നു. അങ്ങനെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവായി അബ്ദുൽ മുത്വലിബ് വളർന്നു. ഖുർആൻ നബി(സ്വ)ക്ക് ലഭിക്കുമെന്ന് അദ്ദേഹം മുൻകൂട്ടി മനസ്സിലാക്കിയിരുന്നു.
‘അവസാന പ്രവാചകൻ മുഹമ്മദ് നബി(സ്വ) ഒന്നുകിൽ തന്റെ മകനോ അല്ലെങ്കിൽ മകന്റെ മകനോ ആയിരിക്കും, ഉമ്മ ബനൂ സുറൈഹ് ഗോത്രത്തിൽ നിന്നായിരിക്കും’ എന്ന് മുൻകൂട്ടി അറിഞ്ഞ അബ്ദുൽ മുത്വലിബ് തന്റെ പ്രിയപ്പെട്ട മകൻ അബ്ദുല്ല(റ)ക്ക് പ്രസ്തുത ഗോത്രത്തിലെ വഹബിന്റെ മകൾ ആമിന ബീവി(റ)യെ വിവാഹം ചെയ്തുകൊടുത്തു. മാത്രമല്ല, വുഹൈബിന്റെ മകൾ ഫാത്വിമയെ അബ്ദുൽ മുത്വലിബും വിവാഹം ചെയ്തു. ഈ രണ്ടു ദാമ്പത്യത്തിലും മക്കൾ ജനിച്ചു. ആമിന ബീവിയിൽ മുഹമ്മദ്(സ്വ)യും ഫാത്വിമയിൽ ഹംസ(റ)യുമാണ് ജനിച്ചത്.
നബി(സ്വ)യും അഹ്‌ലുബൈത്തും
നബി(സ്വ)ക്ക് കുടുംബത്തോടുള്ള സ്‌നേഹം ശക്തമായിരുന്നു. അഹ്‌ലുബൈത്തിനെ ആക്ഷേപിച്ചവരോട് ഗൗരവത്തോടെയാണ് അവിടന്ന് പ്രതികരിച്ചത്. നബി(സ്വ) പറയുന്നു: എന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്ന ഒരാൾ എന്റെ കുടുംബത്തിനും സ്വലാത്ത് ചൊല്ലുന്നില്ലെങ്കിൽ അവന്റെ സ്വലാത്ത് സ്വീകരിക്കപ്പെടുകയില്ല. മറ്റൊരു ഹദീസിൽ നബി(സ്വ) അരുളി: ഏതൊരാളും പൂർണ വിശ്വാസിയാകണമെങ്കിൽ അവന്റെ ശരീരത്തേക്കാൾ എന്നെ സ്നേഹിക്കുന്നവനാകണം. മാത്രമല്ല, എന്റെ കുടുംബത്തെ അവന്റെ കുടുംബത്തെക്കാൾ പ്രിയംവെക്കുന്നവനാകണം. എന്റെ കുടുംബത്തെ പ്രിയംവെക്കൂ. എന്നോടിഷ്ടം വെക്കൂ. എന്റെ അഹ്ലുബൈത്തിനോട് ദേഷ്യത്തോടെ പെരുമാറുന്ന ഒരാൾക്കും എന്റെ ശഫാഅത്ത് ലഭിക്കുകയില്ല.
മറ്റൊരു ഹദീസ്: എന്റെ അഹ്ലുബൈത്തിനെയും സ്വഹാബത്തിനെയും അങ്ങേയറ്റം സ്‌നേഹിക്കുന്നവർക്കായിരിക്കും ഉറച്ച കാൽപാദങ്ങളോടെ സ്വിറാത്ത് പാലം വിട്ടുകടക്കാനാവുക.
ഇത്തരത്തിൽ നിരവധി വചനങ്ങൾ നബികുടുംബത്തെ പ്രകീർത്തിച്ച് വന്നിട്ടുണ്ട്.
മകളിലൂടെ നിലനിൽക്കുന്ന പരമ്പര
അഹ്‌ലുബൈത്തിനെ കുറിച്ച് പഠിക്കുമ്പോൾ സംശയിക്കുന്ന ഒന്നാണ് ഫാത്വിമ ബീവി(റ)യിലൂടെയുള്ള പരമ്പര എങ്ങനെ പ്രവാചകരുടെ സന്താന പരമ്പരയാകും എന്നത്. കാരണം ഏതൊരാളുടെയും പരമ്പര അയാളുടെ ആൺമക്കളിലൂടെയാണല്ലോ നിലനിൽക്കുന്നത്. നബി(സ്വ)യുടെ ആൺമക്കളാരും പ്രായപൂർത്തിയെത്തിയവരോ സന്താനങ്ങളുള്ളവരോ ആയിരുന്നില്ല. പെൺമക്കളിലൂടെ നബി(സ്വ)യുടെ പരമ്പര എങ്ങനെ നിലനിന്നുവെന്നത് വ്യക്തമാക്കാം.
ഒരിക്കൽ ജഅ്ഫർ(റ)നെ അന്നത്തെ ഖലീഫ ചോദ്യം ചെയ്തു: നിങ്ങൾ എന്തടിസ്ഥാനത്തിലാണ് പ്രവാചക സന്തതികളാണെന്ന് പറയുന്നത്? ജഅ്ഫർ(റ) പറഞ്ഞു: താങ്കൾ ഖുർആൻ പാരായണം ചെയ്യാറില്ലേ? അതേ, എനിക്ക് ഖുർആൻ മനഃപാഠമാണ്. അതിലെവിടെയും ഞാനത് കണ്ടിട്ടില്ലെന്നായി ഖലീഫ. തുടർന്ന് ജഅ്ഫർ(റ) അൻആം സൂറത്തിലെ 84, 85 ആയത്തുകൾ ഓതിക്കേൾപ്പിച്ചു. ഈ സൂക്തങ്ങളിൽ നൂഹ് നബി(അ)യുടെയും ഇബ്‌റാഹീം നബി(അ)യുടെയും സന്താന പരമ്പരയിലാണ് ഈസാ നബിയെ(അ) അല്ലാഹു എണ്ണുന്നത്. അദ്ദേഹത്തിന് പിതാവുണ്ടായിരുന്നില്ലെന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ.
ശക്തമായ മറ്റു തെളിവുകളും മഹാന്മാരായ പണ്ഡിതർ രേഖപ്പെടുത്തുന്നതു കാണാം. ഒരിക്കൽ നജ്‌റാൻ ദേശത്തു നിന്ന് ക്രിസ്ത്യാനികൾ നബി(സ്വ)യുടെ അടുത്തേക്ക് വന്നു, തർക്കത്തിലേർപ്പെട്ടു. യാഥാർഥ്യം മനസ്സിലായിട്ടും അവർ സ്വീകരിക്കാൻ തയ്യാറായില്ല. ഉടനെ അല്ലാഹു ആലുഇംറാൻ സൂറത്തിലെ 61ാമത്തെ സൂക്തം ഇറക്കി. ഇനിയും സത്യം മനസ്സിലാക്കാൻ തയ്യാറായിട്ടില്ലെങ്കിൽ എന്റെ സന്തതികളും സ്ത്രീകളും ഞാൻ തന്നെയും വരാം. നിങ്ങളുടെ സന്തതികളും സ്ത്രീകളും നിങ്ങളും തന്നെ വരുവീൻ. നമുക്ക് പരസ്പരം മുബാഹല നടത്താം.
അടുത്ത ദിവസം വരാമെന്ന് ക്രിസ്താനികൾ പറഞ്ഞു. അങ്ങനെ പിറ്റേ ദിവസം നബി(സ്വ) നടക്കാറായ പേരക്കുഞ്ഞ് ഹസൻ(റ)വിന്റെ കൈ പിടിച്ചും ഹുസൈൻ(റ)നെ എടുത്തും ഫാത്വിമ ബീവി(റ)യോട് കൂടെ പോരാൻ പറഞ്ഞും അലി(റ)വിനെ കൂട്ടിയും നടന്നു.
ഇവിടെ അബ്‌നാഇനെ (മക്കളെ) കൊണ്ടുവരാമെന്ന ഖുർആനികാജ്ഞക്ക് പ്രതുത്തരമായി ഹസൻ(റ), ഹുസൈൻ(റ) എന്നിവരെയാണ് തിരുനബി(സ്വ) കൊണ്ടുപോയത്. അതുപോലെ ഒമ്പത് ഭാര്യമാർ ജീവിച്ചിരിക്കെ സ്ത്രീകളെ കൊണ്ടുവരാം എന്നതിന് മറുപടിയായി ഫാത്വിമ ബീവി(റ)യെയാണ് കൊണ്ടുവന്നത്. നിങ്ങളുടെ ശരീരത്തെയും കൊണ്ടുവരിക എന്ന ആജ്ഞക്ക് മറുപടിയായി നബി(സ്വ)യും അലി(റ)യുമാണ് പോയത്. ഈ സംഭവം വ്യക്തമാക്കുന്നത് നബി തങ്ങളുടെ സന്താന പരമ്പര ഫാത്വിമ(റ)യിലൂടെ കടന്നുപോകുന്നുവെന്നാണ്.
മറ്റൊരു തെളിവ് ഇമാം അഹ്‌മദ് ഉമറിൽ(റ) നിന്നും ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നതാണ്: ‘ഏതൊരു പിതാവിന്റെ മക്കളുടെ കുടുംബവും പിതാവിനോടായിരിക്കും ബന്ധപ്പെട്ടത്. ഫാത്വിമ ബീവിയിലൊഴികെ’. അതായത് അവരുടെ പരമ്പര ചേരുന്നത് നബി(സ്വ)യോടാണ്. ഫാത്വിമ ബീവിക്കുള്ള അഞ്ചു പ്രത്യേകതകളിൽ ഒന്നായി ഇതിനെ ഇമാമുമാർ എണ്ണുന്നു.
കർബലയിൽ കണ്ണിയറ്റിട്ടില്ല
ഹുസൈൻ(റ)ന്റെ മകൻ ഉമർ(റ) കർബല യുദ്ധകാലത്ത് കുഞ്ഞായിരുന്നു. അധികം താമസിയാതെ മരണപ്പെട്ടു. അദ്ദേഹത്തിന് സന്തതികളില്ല. അതുകൊണ്ട് തന്നെ ഹുസൈനീ പാരമ്പര്യം ആൺമക്കളിലൂടെ കടന്നുപോകുന്നത് അലി അസ്ഗർ സൈനുൽ ആബിദീൻ(റ)യുടെ പരമ്പരയിലൂടെയാണ്. അദ്ദേഹത്തിന് പതിനൊന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമാണുണ്ടായിരുന്നത്. ഈ പതിനൊന്നു പേരിൽ അഞ്ചാളുകളിലൂടെ ഹുസൈനീ പാരമ്പര്യം ലോകത്ത് വ്യാപിച്ചു കിടക്കുന്നു.
കർബല യുദ്ധത്തോടെ അഹ്‌ലുബൈത്ത് ഒന്നടങ്കം ഇല്ലാതായി എന്ന വാദം നിരർഥകമാണ്. ഹസന്റെ(റ) മകൻ സൈദ്(റ), ഹസൻ(റ) എന്നിവരുടെ മക്കളിലേക്കും ഹുസൈന്റെ(റ) മകൻ സൈനുൽ ആബിദീന്റെ(റ) മക്കളിലേക്കുമാണീ വേരുകൾ ചെന്നെത്തുന്നത്.
മുസ്‌ലിം ലോകത്തെ ഏറെ തെറ്റിദ്ധരിപ്പിച്ച അവാന്തര വിഭാഗമാണ് ശിയാക്കൾ. മതഭ്രഷ്ടരാകുന്ന വിശ്വാസക്കാർ പോലും അവരിലുണ്ട്. ശീഈ സ്ഥാപകനായ അബ്ദുല്ലാഹി ബ്നു സബഅ് ജനങ്ങളുടെ മനസ്സിൽ അനാവശ്യ സംശയങ്ങളുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. അവന്റെ അധികാരമോഹത്തോടെയുള്ള ഈ പ്രചാരണത്തിന് ആയുധമാക്കിയത് അഹ്‌ലുബൈത്തിനെയായിരുന്നു. പ്രധാനമായും ഹസൻ(റ), ഹുസൈൻ(റ) എന്നിവരെ. നബി(സ്വ)യുടെ വഫാത്തിന് ശേഷം ഖലീഫമാരായിരുന്ന അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരെ വക്രമായി ചിത്രീകരിച്ചിരുന്നു ഇവർ.…
അഹ്‌ലുബൈത്തിനെ പരസ്യമായി കൂട്ടുപിടിക്കുകയും യഥാർഥത്തിൽ അവരെ പുച്ഛിച്ചുതള്ളുന്നവരുമാണ് ശീഈ വിഭാഗങ്ങൾ. ജൂത, ക്രിസ്ത്യൻ മതങ്ങളിലെ തീവ്ര ചിന്താഗതിക്കാരാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിനു കാരണമെന്നാണു വസ്തുത.
അഹ്‌ലുബൈത്തിന്റെ വ്യാപനം
ഇസ്‌ലാമിക ലോകത്തെ പ്രശോഭിപ്പിച്ച നാലു ഖലീഫമാരുടെ കാലത്ത് നബികുടുംബത്തിന് ഭരണാധിപന്മാരിൽ നിന്നും പീഡനങ്ങളോ അവമതിയോ ഏൽക്കേണ്ടി വന്നിരുന്നില്ല. അവർക്കു വേണ്ട എല്ലാ കാര്യങ്ങളും ഭരണകർത്താക്കൾ ചെയ്തുകൊടുത്തിരുന്നു. ഉമവിയ്യ കാലത്താണ് അഹ്‌ലുബൈത്ത് നാടുവിട്ടിറങ്ങുന്നത്. ഇതവരുടെ വ്യാപനത്തിന് കാരണമായി.
തിരുനബി(സ്വ)യുടെ ആറാമത്തെ പൗത്രൻ മൂസൽകാളിം(റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. തുടർന്ന് അവിടെ ദീനീ പ്രബോധനത്തിലായി മുഴുകി. ഹിജ്‌റ 183ൽ അവിടെ വഫാത്തായി. മഹാന്റെ അനുജ സഹോദരൻ അലിയ്യുൽ ഉറൈള്(റ) ഹിജ്‌റ 210ൽ മദീനയിൽ വെച്ചാണ് മരണപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ പുത്രൻ സഅദ്(റ)വും പൗത്രൻ ഈസ(റ)യും ഇറാഖിൽ വെച്ചാണ് മരണപ്പെടുന്നത്. ഈ ഈസ(റ)യുടെ മകൻ അഹ്‌മദുൽ മുഹാജിർ(റ)യാണ് യമനിലെത്തിയ ആദ്യ അഹ്‌ലുബൈത്ത്. നബിയുടെ എട്ടാമത്തെ പേരക്കുട്ടിയായ അദ്ദേഹം ഹിജ്‌റ 345ൽ വഫാത്തായി.
തുടർന്ന് ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും സാദാത്തീങ്ങളെ പ്രസരണം ചെയ്യാൻ ഭാഗ്യം ലഭിച്ച മണ്ണാണ് യമനിന്റേത്. കേരളത്തിലെ പ്രധാന ഖബീല(ശാഖ)കളായ അലവി, ബാഅലവി, ബാഫഖീഹ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളുടെയെല്ലാം വേരുകൾ ചെന്നെത്തുന്നത് യമനിലേക്കാണ്.
കേരളത്തിലേക്ക്
മൂസൽ കാളിമിന്റെ(റ) മകൻ മൂസ രിള(റ) ഇറാഖിൽ നിന്നു തൂസിലേക്ക് കുടിയേറി. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹ്‌മൂദ്(റ) ബുഖാറയായിരുന്നു പ്രബോധനത്തിന് തിരഞ്ഞെടുത്തത്. യമനിൽ നിന്നും നബികുടുംബം വിവിധ ഖബീലകളായി കേരളത്തിലെത്തുന്നതിനു മുമ്പേ ബുഖാറയിൽ നിന്നും അഹ്‌ലുബൈത്ത് ഇവിടെയെത്തിയിട്ടുണ്ട്. മഹ്‌മൂദി(റ)ന്റെ പത്തൊമ്പതാം പേരമകൻ ജലാലുദ്ദീൻ ബുഖാരി(റ)യാണ് കേരളത്തിലെത്തിയ പ്രഥമ സയ്യിദ്. കണ്ണൂരിലെ വളപട്ടണമായിരുന്നു അദ്ദേഹത്തിന്റെ കർമമണ്ഡലം. രാജാക്കന്മാരും നാട്ടുകാരും ആ മഹാനെയും സന്താന പരമ്പരയെയും വളരെ ആദരവോടെയാണ് കണ്ടിരുന്നത്. ഹിജ്‌റ 875ൽ വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപട്ടണം കാകുളങ്ങരയിലാണ്. അദ്ദേഹത്തിന്റെ സന്താന പരമ്പര കേരളത്തിനകത്തും പുറത്തും വൈജ്ഞാനിക രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ നിന്നും അടർത്തി മാറ്റാനാവാത്തതാണല്ലോ മഖ്ദൂം കുടുംബത്തിന്റെ വൈജ്ഞാനിക വിപ്ലവങ്ങൾ. ഇവിടെ ഇസ്‌ലാം വ്യാപിക്കാൻ മുഖ്യ കാരണവും അവരായിരുന്നു. അവരുടെ ശൈഖുമാരിൽ പ്രമുഖൻ നബി(സ്വ)യുടെ സന്താന പരമ്പരയിൽ ജനിച്ച സയ്യിദ് ജലാലുദ്ദീൻ ബുഖാരി(റ)യുടെ മകൻ സയ്യിദ് ഇസ്മാഈൽ ബുഖാരി(റ)വാണ്.
സാദാത്തീങ്ങളിലൂടെയുള്ള സന്മാർഗ പ്രസരണത്തിന് അന്ത്യം കുറിക്കുക അന്ത്യനാളിനോടടുത്ത് ഈസാ നബി(അ)യുടെ വരവോടെയാണ്. അന്ന് ആ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്ന ഇമാം മഹ്ദി(റ) ഈസാ നബി(അ)ക്ക് ചുമതല കൈമാറും. മഹ്ദി(റ)യുടെ നേതൃത്വത്തിലുള്ള ജമാഅത്ത് നിസ്‌കാരത്തിന് ജാമിഅ ഉമവിയ്യയിൽ ഇഖാമത്ത് വിളിക്കുന്ന സമയത്തായിരിക്കും ഈസാ(അ) രണ്ടു മാലാഖമാരുടെ അകമ്പടിയോടെ അവിടെയുള്ള വെള്ള മിനാരത്തിലിറങ്ങുക. അനന്തരം പള്ളിയിലേക്ക് പ്രവേശിക്കുന്ന നബിയെ കാണുമ്പോൾ മഹ്ദി ഇമാം മാറിനിൽക്കും. ‘വേണ്ട, ഇഖാമത്ത് നിങ്ങൾക്ക് വേണ്ടി വിളിക്കപ്പെട്ടതാണ്. അതുകൊണ്ട് താങ്കൾ തന്നെ ഇമാമത്ത് നിൽക്കുക’ എന്നദ്ദേഹം നിർദേശിക്കും. ആ സുബ്ഹി നിസ്‌കാരാനന്തരം തിരുനബി(സ്വ)യിൽ നിന്നും അഹ്‌ലുബൈത്ത് സ്വീകരിച്ച ഹിദായത്തിന്റെ പ്രകാശം തിരിച്ച് ഈസാ നബി(അ)യിലേക്കു കൈമാറും.
റഫറൻസ്:
* ഇസ്തിജ്‌ലാബു ഇർതിഖാഇൽ ഗുറഫ് ബി ഹുബ്ബി അഖ്‌രിബാഇ റസൂലി വ ദിശ്ശറഫ്/ഇമാം സഖാവി(റ).
* അൽഇത്ഹാഫ് ബി ഹുബ്ബിൽ അശ്‌റാഫ് / ഇമാം ജമാലുദ്ദീൻ അബ്ദുല്ല അശ്ശബ്‌റാവി(റ)
* മിനഹുൽ മക്കിയ്യ / ഇമാം ഇബ്‌നു ഹജർ അൽഹൈത്തമി(റ).
* ഇഹ്‌യാഉൽ മയ്യിത്ത് ബി ഫളാഇലി അഹ്‌ലുബൈത്ത് / ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി(റ).
സയ്യിദ് സൽമാൻ അദനി കരിപ്പൂർ