പ്രവാചകാനുരാഗികൾക്ക് സമൃദ്ധമായ വിഭവമൊരുക്കി ഇമാം ഖസ്ത്വല്ലാനി(റ)ന്റെ അനുഗൃഹീത തൂലികയിൽ വിരചിതമായ വിശ്വവിഖ്യാത ഗ്രന്ഥമാണ് ‘അൽമവാഹിബുല്ലദുന്നിയ്യ’. ഈ വർണപ്രപഞ്ചത്തിന്റെ അവർണനീയ സൃഷ്ടിപ്പിന് നിദാനമായ തിരു നബി(സ്വ)യുടെ സൗരഭ്യ പൂർണമായ ജീവിതത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നതോടൊപ്പം അവിടത്തെ ജന്മദിനത്തിലെ സന്തോഷ പ്രകടനത്തിന്റെ പ്രധാന്യം വിവരിക്കുകയും അതിന് എതിർശബ്ദമുയർത്തുന്ന പുത്തൻവാദികളെ പ്രമാണ സഹിതം കൈകാര്യം ചെയ്യുന്നുമുണ്ട് ഇമാം. പ്രവാചക സ്‌നേഹപ്രപഞ്ചം കൊതിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട അമൂല്യ വിജ്ഞാന മുത്തുകൾ കൊണ്ട് സമ്പന്നമാണ് ഈ ഗ്രന്ഥം.
അൽഹാഫിള് ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അഹ്‌മദ്ബ്‌നു അബീബക്‌റുബ്‌നു അബ്ദിൽ മലിക്ബ്‌നു അഹ്‌മദുൽ ഖസ്ത്വല്ലാനി എന്നാണ് മുഴുവൻ നാമം. ഹി: 851 ദുൽഖഅദ് 12-ന് ഈജിപ്തിലായിരുന്നു ജനനം. വളർന്നതും അവിടെ തന്നെ. ആദ്യം വിശുദ്ധ ഖുർആനും ശേഷം നിരവധി ഗ്രന്ഥങ്ങളും മന:പാഠമാക്കുകയുണ്ടായി.
വിജ്ഞാന ഗോപുരങ്ങളായ നിരവധി മഹാന്മാരിൽ നിന്നായിരുന്നു പഠനം. ഇമാം ഖാലിദുൽ അസ്ഹരിന്നഹ്‌വി(റ), ഇമാം ഫഖ്‌റുൽ മഖ്ദിസി(റ), ഇമാം സഖാവീ(റ), ഇമാം ബുർഹാനുൽ അജ്‌ലൂനി(റ), ഇമാം ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ) തുടങ്ങിയവർ ഗുരുനാഥരിൽ ചിലരാണ്. നിരവധി തവണ ഹജ്ജ് നിർവഹിച്ചു. ആയിരങ്ങൾ സംഗമിക്കുന്ന ആത്മീയ പ്രഭാഷണങ്ങൾ നടത്തി. ജനങ്ങളെ ആത്മീയ ലഹരിയിൽ ലയിപ്പിക്കുന്ന പ്രഭാഷണകലയിൽ പകരക്കാരനില്ലാത്ത വിധം വിശ്രുതനായി.
ജീവിതത്തിലുടനീളം നിരവധി രോഗങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടു ഇമാം. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നവർ, ശ്രവണ മധുരമായ ഖുർആൻ പാരായണ വിദഗ്ധൻ, ഹദീസ് പണ്ഡിതൻ, വിനയാന്വിതൻ, കർമകുശലൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായി. കനപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ രചിച്ച് വൈജ്ഞാനിക ലോകത്ത് അനൽപ്പമായ സംഭാവനകൾ അദ്ദേഹം അർപ്പിച്ചിട്ടുണ്ട്. തിരുനബി(സ്വ)യുടെ മദ്ഹ് മാത്രം കോർത്തിണക്കിയുള്ള നിരവധി ഗ്രന്ഥങ്ങൾ മഹാനുണ്ട്. പ്രവാചകാനുരാഗത്തിന്റെ അലകടൽ തീർത്ത ഖസ്വീദതുൽ ബുർദ വിവരിച്ച് രചിച്ച ‘അൽ അൻവാറുൽ മുളീഅ’, സ്വലാത്തിന്റെ മഹത്ത്വം വിവരിച്ചെഴുതിയ ‘മസാലികുൽ ഹുനാഫാ ഫി സ്വലാത്തി അലൽ മുസ്ത്വഫാ’, തിരുനബി(സ്വ)യുടെ ചരിത്രം പറയുന്ന ‘അൽമ വാഹിബുല്ലദുന്നിയ്യ’ ശ്രദ്ധേയം. ഹിജ്‌റ 923, മുഹർറം ഏഴിന് വെള്ളിയാഴ്ചയാണ് ആ പ്രകാശഗോപുരം അണഞ്ഞത്. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിൽ മദ്‌റസതുൽ ഐനിയ്യയിലാണ് ഖബർ.
അൽമവാഹിബുല്ലദുന്നിയ്യ
തിരുനബി(സ്വ)യുടെ ചരിത്രാവതരണത്തിന് രണ്ട് ശൈലികളാണ് പ്രധാനമായും അവലംബിക്കപ്പെടുന്നത്. ജനനം മുതൽ വഫാത് വരെയുടെ അവിടുത്തെ ധന്യജീവിതത്തിലെ സംഭവങ്ങളുടെ വിവരണമാണ് അതിലൊന്ന്. ഇത്തരം ഗ്രന്ഥങ്ങൾ ‘സീറകൾ’ എന്നറിയപ്പെടു ന്നു. രണ്ടാമത്തെ ശൈലി നബി(സ്വ)യുടെ സ്വഭാവ ഗുണങ്ങൾ, വിശേഷണങ്ങൾ, പ്രത്യേകതകൾ എന്നിവയിലൂടെയുള്ള അവതരണമാണ്. ‘കുതുബു ശ്ശമാഇൽ’ എന്നാണ് ഇത്തരം ഗ്രന്ഥങ്ങൾ അറിയപ്പെടുന്നത്.
എന്നാൽ അൽമവാഹിബുല്ലദുന്നിയ്യയിൽ ഈ രണ്ട് ശൈലിയും സമ്മിശ്രമായാണ് ഇമാം അവലംബിച്ചിരിക്കുന്നത്. അതിനാൽ തിരുനബി പ്രകീർത്തന ഗ്രന്ഥങ്ങളിൽ സമഗ്രമായ ഒരു രചനയായാണ് ഇതിനെ പണ്ഡിതലോകം ഗണിക്കുന്നത്. ഇബ്‌നു ഇമാദുൽ ഹമ്പലി(റ) ശദറാത്തു ദഹബിൽ കുറിക്കുന്നു: ‘അന്വേഷകർ അവലംബിക്കുന്ന അദ്വിതീയമായ വിശിഷ്ട രചനയാണ് അൽമവാഹി ബുല്ലദുന്നിയ്യ.’ ഇതിനെ വ്യാഖ്യാനിച്ച ഇമാം സുർഖാനി(റ)ന്റെ വാക്കുകൾ: ‘നിരവധി പ്രൗഢരചനകളുടെ ഉടമയായ ഇമാം ഖസ്ത്വല്ലാനി(റ)ന്റെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥമാണ് ‘അൽമവാഹിബുല്ലദുന്നിയ്യ’. വരികൾക്കിടയിലൂടെ മാഹാത്മ്യത്തിന്റെ പ്രകാശപ്പെയ്ത്ത് നമുക്കനുഭവിക്കാം. നുബുവ്വത്ത്, രിസാലത്ത് സംഭവങ്ങളുടെ അക്ഷരക്കൂട്ടങ്ങൾ അതിന്റെ പാർശ്വങ്ങളിലൂടെ ഒഴുകുന്നു.
സംഭവങ്ങളുടെ കാലക്രമമനുസരിച്ചുള്ള ക്രോഡീകരണം, വശ്യമായ അവതരണ ശൈലി എന്നിവയാൽ അനുപമമാണ് പ്രസ്തുത ഗ്രന്ഥം. ജ്ഞാനലോകത്ത് മറ്റു പല ഗ്രന്ഥങ്ങളേക്കാളും ഇത് അവലംബിക്കപ്പെടുകയും ചെയ്യുന്നു. ഈ രചനക്ക് ഖസ്ത്വല്ലാനി(റ)ക്ക് പ്രചോദനമായത് ഇമാം ഖാളി ഇയാള്(റ)ന്റെ ‘ശിഫയും’ ഇമാം ഇബ്‌നു ഹജറിൽ അസ്ഖലാനി(റ)ന്റെ ഫത്ഹുൽബാരിയുമാണെന്ന് മുഖവുരയിൽ അദ്ദേഹം തന്നെ പറയുന്നുണ്ട്. ഒരു വർഷവും എട്ട് മാസവുമെടുത്താണ് പൂർത്തീകരിച്ചത്. ഹി: 898-ൽ ആരംഭിച്ച രചന പൂർത്തിയായത് ഹി: 899 ശഅ്ബാൻ 15-നാണ്. പത്ത് ഭാഗങ്ങളായിട്ടാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. നബിജീവിതത്തിന്റെ വിവിധ തലങ്ങളിലേക്ക് വായനാ സുഖത്തോടെയുള്ള ആധികാരിക അന്വേഷണം ഗ്രന്ഥത്തിൽ നിന്ന് പഠിതാവിന് ലഭിക്കുന്നു.
തിരുനബി(സ്വ)യുടെ സൗന്ദര്യവും ചരിത്ര വുമെല്ലാം അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഖസ്ത്വല്ലാനി(റ) തന്നെ പ്രവാചകർ അന്തിയുറങ്ങുന്ന റൗളാ ശരീഫിന്റെയും അവിടുത്തെ മിമ്പറിന്റെയും ഇടയിലിരുന്ന് ജനങ്ങൾക്ക് ദർസ് നടത്താറുണ്ടായിരുന്നു. ഹി: 1122-ൽ വഫാതായ ഇമാം സുർഖാനി(റ) മവാഹിബുല്ലദുന്നിയ്യക്ക് വിശാലമായ ശർഹ് തന്നെ രചിച്ചിട്ടുണ്ട്. ഹി: 1310-ൽ യൂസുഫുന്നബ്ഹാനി ഈ കിതാബ് സംഗ്രഹിച്ചു രചിച്ചതാണ് ‘അൽ അൻവാറുൽ മുഹമ്മദിയ്യ മിനൽ മവാഹി ബുല്ലദുന്നിയ്യ’.
റസൂൽ(സ്വ)യുടെ ജനനത്തിന് മുമ്പ് അവിടുത്തേക്ക് ലഭിച്ച നിസ്തുല മഹത്ത്വങ്ങളെ കുറിച്ചാണ് ഒന്നാം ഭാഗം പ്രതിപാദിക്കുന്നത്. പരകോടി സൃഷ്ടികളിൽ നിന്ന് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി(സ്വ)യുടെ തിരുപ്രകാശമാണ്. അന്ന് മുതലേ അവിടുന്ന് നബിയും റസൂലുമാണ്. മഹാനായ മയ്‌സറത്തുള്ളബിയ്യ(റ) തിരുനബി(സ്വ)യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്ന് മുതലാണ് അങ്ങ് നബിയായത്?’ അവിടുന്ന് പറഞ്ഞു: ‘ആദം നബി(അ)ക്ക് ആത്മാവ് നൽകപ്പെടുന്നതിന് മുമ്പ് തന്നെ ഞാൻ നബിയാണ്’.
ജാബിർ(റ) നിവേദനം. ഞാൻ ചോദിച്ചു: പ്രവാചകരേ, എല്ലാ വസ്തുക്കളെയും പടക്കും മുമ്പ് അല്ലാഹു ആദ്യമായി സൃഷ്ടിച്ച വസ്തുവിനെപ്പറ്റി അവിടുന്ന് എനിക്ക് പറഞ്ഞ് തന്നാലും. നബി(സ്വ) മറുപടിയേകി: ജാബിറേ, അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് താങ്കളുടെ പ്രവാചകന്റെ ഒളിവാണ്. ലോക പ്രസിദ്ധ പണ്ഡിതനായ ഇമാം അബ്ദുറസാഖ്(റ) മുസ്വന്നഫിൽ ഉദ്ധരിച്ചതാണ് മേൽ ഹദീസിൽ തന്റെ സ്രോതസ്സ് എന്നാണ് ഇമാം ഖസ്ത്വല്ലാനി(റ) രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള മുസ്വന്നഫിന്റെ ചില കോപ്പികളിൽ പ്രസ്തുത ഹദീസ് കാണുന്നില്ല. ഇത് ഉയർത്തിക്കാട്ടി പുത്തൻവാദികൾ ഈ ഹദീസ് നിഷേധിക്കാറുണ്ട്. മുസ്വന്നഫിന്റെ പുതിയ കോപ്പികളിൽ നിന്ന് പ്രസ്തുത ഹദീസ് പുത്തൻ വാദികൾ നീക്കം ചെയ്തതാവാനാണ് സാധ്യത. ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ അവർ നടത്തിയ തട്ടിപ്പുകൾ പലതും കയ്യോടെ പിടികൂടിയിട്ടുണ്ടല്ലോ. പ്രസ്തുത ഹദീസ് മുസ്വന്നഫിൽ ഉണ്ടായിരുന്നെന്നും അത് പിന്നീട് നീക്കം ചെയ്യപ്പെട്ടതാണെന്നും വിശ്വാസി ലോകത്ത് അവിതർക്കിതമായ കാര്യമാണ്. ഇമാം ഖസ്ത്വല്ലാനി(റ) മവാഹിബിൽ ഉദ്ധരിച്ചത് അതിന് പ്രമാണമത്രെ.
തുടർന്ന്, അത്ഭുതങ്ങൾ ഏറെ നിറഞ്ഞ തിരുനബി(സ്വ)യുടെ അനുഗൃഹീത ജനനം ഹൃദയഹാരിയായി മഹാൻ വിവരിക്കുന്നു. പ്രവാചക പ്രേമം പെയ്തിറങ്ങുന്ന ഇമാമിന്റെ വചനങ്ങൾ അനുരാഗികളെ ആനന്ദത്തിന്റെ പരകോടിയിലെത്തിക്കും.
ശ്രേഷ്ഠമായ പുണ്യരാവ്
പ്രപഞ്ച സൃഷ്ടിപ്പ് നടന്നത് മുതൽ എത്രയോ രാപ്പകലുകൾ കഴിഞ്ഞുപോയി. അവയിൽ ഏറ്റവും ശ്രേഷ്ഠമായ രാവ് ഏതാണെന്നതിന് ഇമാം ഖസ്ത്വ ല്ലാനി(റ) നൽകുന്ന മറുപടി ശ്രദ്ധേയമാണ്. കാലത്തിന് സ്വയം മഹത്ത്വമില്ല. രാപ്പകലുകളുടെ മഹത്ത്വത്തിന് നിദാനം അതിൽ നടക്കുന്ന സംഭവവികാസങ്ങളാണ്. താരതമ്യേന കുറഞ്ഞ ആയുഷ്‌കാലമുള്ള ഈ ഉമ്മത്തിന് കൂടുതൽ പ്രതിഫലം നേടാൻ സുവർണാവസരങ്ങളായി ലൈലത്തുൽ ഖദ്ർ പോലുള്ള രാവുകൾ അല്ലാഹു നിശ്ചയിച്ചത് തിരുനബി(സ്വ)യോടുള്ള ആദരവിന്റെ ഭാഗമായാണ്. നബി(സ്വ)യുടെ ജനനം നടന്ന രാവാണ് ഏറ്റവും ഉത്തമമായതെന്ന് മൂന്ന് കാരണങ്ങൾ നിരത്തി ഇമാമവർകൾ സമർത്ഥിക്കുന്നു.
അദ്ദേഹം എഴുതി: ‘ലൈലത്തുൽ ഖദ്‌റിനാണോ നബി(സ്വ) ജനിച്ച രാത്രിക്കാണോ ശ്രേഷ്ഠത എന്ന് നീ ചോദിച്ചാൽ മൂന്ന് കാരണങ്ങൾ കൊണ്ട് ലൈലത്തുൽ ഖദ്‌റിനേക്കാൾ പവിത്രത റസൂൽ(സ്വ) ജനിച്ച രാത്രിക്കാണെന്ന് ഞാൻ മറുപടി പറയും.
1. റസൂൽ(സ്വ)യുടെ ജനനമെന്നത് അവിടന്ന് ഈ ലോകത്തേക്ക് കടന്നുവന്നതാണല്ലോ. എന്നാൽ ലൈലത്തുൽ ഖദ്ർ നബിയെ ആദരിച്ച് അവിടത്തേക്ക് അല്ലാഹു നൽകിയതാണ്. നബി(സ്വ)യെ കൊണ്ട് നേരിട്ട് മഹത്ത്വം ലഭിച്ച രാത്രിക്ക്, അവിടത്തേക്ക് നൽകപ്പെട്ട സമ്മാനമായ പവിത്ര രാത്രിയേക്കാൾ മഹത്ത്വമുണ്ടെന്നതിൽ സംശയമില്ലല്ലോ.
2. ലൈലത്തുൽ ഖദ്‌റിന്റെ മഹത്ത്വമായി ഖുർആൻ പറയുന്നത് അന്ന് മലക്കുകൾ ഭൂമിയിലേക്കിറങ്ങുമെന്നാണ്. എന്നാൽ നബി(സ്വ) ജനിച്ച ദിവസത്തിന്റെ മഹത്ത്വം സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ അവിടന്ന് ഭൂമിയിൽ അവതരിച്ചു എന്നതാണ്.
3. ലൈലത്തുൽ ഖദ്‌റിന്റെ മഹത്ത്വ ലബ്ധി പ്രവാചകർ(സ്വ)യുടെ സമുദായത്തിന് മാത്രമുള്ളതാണ്. എന്നാൽ അവിടന്ന് ജനിച്ച രാത്രിയുടെ ശ്രേഷ്ഠത ലഭിച്ചത് സർവചരാചരങ്ങൾക്കുമാണ്. അല്ലാഹു നബിയെ നിയോഗിച്ചത് മുഴുവൻ സൃഷ്ടികൾക്കും അനുഗ്രഹമായിട്ടാണല്ലോ (അൽമവാഹിബുല്ലദുന്നിയ്യ 1/145).
നബിദിനാഘോഷം
ലോകത്തിന് മുഴുവൻ കാരുണ്യമായി അല്ലാ ഹു നിയോഗിച്ച തിരുനബി(സ്വ)യുടെ ജന്മത്തിൽ സന്തോഷിക്കാനും ആഹ്ലാദം പ്രകടിപ്പിക്കാനും നമ്മോട് കൽപ്പിച്ചത് സർവാധിപനായ അല്ലാഹു തന്നെയാണ്. ‘അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും അനുഗ്രഹം കൊണ്ടും സന്തോഷിച്ചു കൊള്ളാൻ അവരോട് പറയൂ. അതാണ് അവർ സംഭരിക്കുന്നതി നേക്കാൾ ഏറ്റവും ഉത്തമമായത് (യൂനുസ്: 58). ഇവിടെ പറഞ്ഞ അനുഗ്രഹത്തിന്റെ വിവക്ഷ തിരുദൂതരാണെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തുന്നു. പ്രമാണങ്ങൾ ഇത്രമാത്രം വാചാലമാകുന്ന നബിദി നാഘോഷത്തെ പുത്തൻവാദമാക്കി തള്ളുന്ന ബിദഇകളെ ഇമാം ഖസ്ത്വല്ലാനി(റ) നന്നായി കൈകാര്യം ചെയ്യുന്നുണ്ട്: ‘നബി(സ്വ) ജനിച്ച മാസം ആഘോഷിക്കുകയും സദ്യയുണ്ടാക്കുകയും രാത്രികളിൽ പലതരം സ്വദഖകൾ നിർവഹിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ഗുണകരമായ കാര്യങ്ങൾ അധികരിപ്പിക്കുകയും നബി(സ്വ)യുടെ മൗലിദ് പാരായണം നടത്തുകയും ചെയ്യുന്ന പതിവ് മുസ്‌ലിംകളിൽ നടന്നുവരുന്നു. അതിന്റെ ബറകത്ത്‌കൊണ്ട് അവരുടെ മേൽ പൂർണമായ ഗുണം വെളിവാകുന്നുമുണ്ട് (അൽമവാഹിബ് പേ. 148).
നബിദിനാഘോഷം അടുത്ത കാലത്ത് ആരോ കൊണ്ടുവന്നതല്ലെന്നും പരമ്പരാഗതമായി മുസ്‌ലിം ലോകത്ത് പതിവുള്ളതാണെന്നും ഇമാം സമർത്ഥിക്കുന്നു. ഏറ്റവും ഉത്തമ നാടായ മക്കയിൽ പാരമ്പര്യമായി നബിദിനം ആഘോഷിച്ചി രുന്നുവെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്. ‘നബി(സ്വ)യുടെ ജന്മം റബീഉൽ അവ്വൽ പന്ത്രണ്ടിനായിരുന്നു എന്ന വീക്ഷണ പ്രകാരം മക്കക്കാർ അന്ന് പ്രവാചകരുടെ ജന്മസ്ഥലം സിയാറത്ത് ചെയ്യുന്നു. റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ് അവിടന്ന് പ്രസവിക്കപ്പെട്ടത് എന്ന അഭിപ്രായമാണ് പ്രബലം’ (1/142)
തിരുനബി(സ്വ)യുടെ മാതാപിതാക്കൾ
നബി(സ്വ)യുടെ മാതാപിതാക്കളെ കുറിച്ച് പ്രൗഢമായ ചർച്ചകൾ ഇമാം ഖസ്ത്വല്ലാനി(റ) നടത്തുന്നുണ്ട്. ആദ്യമായി അല്ലാഹു സൃഷ്ടിച്ച നബി(സ്വ)യുടെ പ്രകാശം ആദം(അ)മിൽ നിക്ഷേപിച്ചു. തുടർന്ന് ഏറ്റവും പരിശുദ്ധരായ മാതാപിതാക്കളിലൂടെ അത് കൈമാറ്റം ചെയ്യപ്പെട്ടു. അവരിൽ ഒരാൾ പോലും അവിശ്വാസികളായിരുന്നില്ല. വിശുദ്ധ ഖുർആൻ കൊണ്ട് ഇമാം ഇക്കാര്യം സമർത്ഥിക്കുന്നത് ശ്രദ്ധേയം: ‘താങ്കൾ നിന്ന് നിസ്‌കരിക്കുന്ന സമയത്ത് അങ്ങയെ അല്ലാഹു കാണുന്നു. സുജൂദ് ചെയ്യുന്നവരിലൂടെ അങ്ങ് നീങ്ങിക്കൊണ്ടി രുന്നപ്പോഴും’ (ശുഅറാഅ്: 218, 219). മാതാവ് പ്രസവിക്കുന്നത് വരെയും സുജൂദ് ചെയ്യുന്നവരുടെ മുതുകിൽ കൂടിയാണ് പ്രവാചകർ(സ്വ) നീങ്ങിക്കൊണ്ടിരുന്നത് എന്നാണ് ഈ ആയത്തിന് ഇബ്‌നു അബ്ബാസ്(റ) നൽകിയ വ്യാഖ്യാനം.
എന്നാൽ നബി(സ്വ)യുടെ ഉമ്മയും ഉപ്പയുമടക്കം ആ പരമ്പരയിൽ അവിശ്വാസികൾ പലരും ഉണ്ടായിരുന്നുവെന്ന പുത്തൻവാദികളുടെ ജൽപ്പനത്തെ പ്രമാണബദ്ധമായി ഖണ്ഡിക്കുന്നു അദ്ദേഹം. തിരുനബി(സ്വ)യുടെ പിതാക്കളുടെ പരമ്പരയെ ത്വാഹിർ എന്നും മാതാക്കളുടെ പരമ്പരയെ ത്വാഹിറത് എന്നുമാണ് അവിടന്ന് പരിചയപ്പെടുത്തിയത്. അവിശ്വാസികളെ കുറിച്ച് ഖുർആൻ പരിചയപ്പെടുത്തിയത് ‘നിശ്ചയം മുശ്‌രിക്കുകൾ നജസാകുന്നു’ എന്നാണ്. ‘പരിശുദ്ധരായ പിതാക്കളുടെ മുതുകുകളിൽ നിന്ന് പരിശുദ്ധരായ മാതാക്കളുടെ ഗർഭാശയങ്ങളിലേക്ക് എന്നെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു’ എന്ന ഹദീസ് പ്രവാചക മാതാപിതാക്കൾ വിശ്വാസി കളാണെന്നതിന് തെളിവാണ്. മുശ്‌രിക്കുകൾ നജസാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അപ്പോൾ അവിടത്തെ മാതാപിതാക്കളിൽ ഒരാൾ പോലും അവിശ്വാസികളാവാതിരിക്കൽ നിർബന്ധമാണ് (അൽമവാഹിബുല്ലദുന്നിയ്യ 1/174).
ആമിനാ ബീവി(റ) മരണശയ്യയിൽ കിടക്കുമ്പോൾ ആറ് വയസ്സ് പ്രായമുള്ള കുഞ്ഞായ നബി(സ്വ)യോട് നടത്തിയ ഉപദേശങ്ങൾ വികാരഭരിതമായി ഇമാമവർകൾ കുറിക്കുന്നുണ്ട്: ‘മോനേ, ജനങ്ങളോട് ചേർന്ന് വിഗ്രഹാരാധന ചെയ്യുന്നതിനെ അല്ലാഹു നിനക്ക് തടയട്ടെ’ (അൽമവാഹിബ് 1/169). വിഗ്രഹാരാധന നടത്തരുതെന്ന് മരണശയ്യയിൽ വെച്ചു പോലും ഉപദേശിച്ച സ്വന്തം മാതാവിനെ കുറിച്ച് കഠിന പാപമായ ശിർക്ക് ആരോപിച്ച് വിമർശിക്കുമ്പോൾ തിരുനബി എത്രമാത്രം വിഷമിക്കുമെന്നാണ് അദ്ദേഹത്തിന്റെ വേപഥു.
നബി(സ്വ)യുടെ നാമങ്ങൾ, പത്‌നിമാർ, സന്താനങ്ങൾ, പിതൃവ്യന്മാർ, മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരങ്ങൾ, സേവകർ, കാവൽക്കാർ, എഴുത്തുകാർ, വാങ്കുകാർ, വാഹനങ്ങൾ, യുദ്ധോപകരണങ്ങൾ തുടങ്ങി പ്രവാചകരുമായി ബന്ധപ്പെട്ട സമഗ്ര ചർച്ചയാണ് പത്ത് ഉപവിഭാഗങ്ങളുള്ള രണ്ടാം ഭാഗത്തെ പ്രതിപാദ്യ വിഷയം. മുഹമ്മദീയ സൗന്ദര്യത്തിന്റെ വശ്യമായ അവതരണമാണ് മൂന്നാം ഭാഗം. തിരുനബി(സ്വ)യുടെ മഹിതമായ ഉൽകൃഷ്ട സ്വഭാവ സവിശേഷതകളും ഈ ഭാഗത്ത് വായിക്കാം. തിരുദൂതരുടെ സ്വഭാവം എന്തായിരുന്നുവെന്ന ചോദ്യത്തിന് ബീവി ആഇശ(റ) നൽകിയ മറുപടി ‘ഖുർആനായിരുന്നു’ എന്നാണല്ലോ. വിശുദ്ധ ദീനിന്റെ വളർച്ചയുടെ മുഖ്യകാരണമായ ഖുർആൻ പറഞ്ഞതും ആ സ്വഭാവം തന്നെ.
പ്രവാചകത്വത്തിന് തെളിവായി നബിമാർക്ക് നൽകുന്നതാണല്ലോ മുഅ്ജിസത്തുകൾ. അസംഖ്യം മുഅജിസത്തുകളാണ് അവിടത്തേക്ക് നൽകപ്പെട്ടത്. അവയെ കുറിച്ചാണ് നാലാം ഭാഗത്തു പറയുന്നത്. മനുഷ്യ-ഭൂത വർഗങ്ങളിലേക്ക് ഒന്നാകെ നിയോഗിക്കപ്പെട്ട തിരു നബി(സ്വ) പ്രബോധന പ്രവർത്തനത്തിൽ സജീവ മായതിനാൽ നേരിടേണ്ടിവന്ന യാതനകൾ വശ്യമായി ഖസ്ത്വല്ലാനി(റ) വിവരിക്കുന്നു: സത്യം പറഞ്ഞതിന്റെ പേരിൽ മക്കയിൽ ജീവിതം ദുസ്സഹമായപ്പോൾ നബി(സ്വ) ത്വാഇഫിൽ ചെന്നു. പക്ഷേ ആ ദുഷ്ടരും അവിടത്തെ അക്രമിച്ചു. അവിടെ നിന്ന് തിരിച്ചുവരുമ്പോൾ ഖർനു സ്സആലിബ് എന്ന സ്ഥലത്തെത്തിയപ്പോൾ ജിബ്‌രീൽ(അ) നബിയോട് പറഞ്ഞു: ‘നിശ്ചയം അങ്ങയുടെ സമുദായം താങ്കളോട് പറഞ്ഞതും പ്രതികരിച്ചതും അല്ലാഹു അറിഞ്ഞിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്ന ശിക്ഷ അവർക്ക് നൽകാൻ പർവതങ്ങളുടെ ചുമതലയുള്ള മലക്കിനെ നിയോ ഗിച്ചിരിക്കുന്നു. തുടർന്ന് ആ മലക്ക് നബി(സ്വ)യോട് ഇപ്രകാരം പറഞ്ഞു: ‘നബിയേ, അങ്ങ് ആഗ്രഹിക്കുന്ന ശിക്ഷ നടപ്പിലാക്കാൻ എനിക്ക് കൽപ്പനയുണ്ട്. മക്കയിലെ രണ്ട് പർവതങ്ങൾ അവർക്കുമേൽ മറിക്കാൻ അങ്ങ് ആ ഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെ ചെയ്യാം. അപ്പോൾ നബി(സ്വ) പറഞ്ഞു: വേണ്ട, അവരിൽ നിന്നാരെങ്കിലും വിശ്വസിച്ചാലോ!
തുടർന്ന് നബി(സ്വ) നഖ്‌ല് എന്ന സ്ഥലത്ത് രാത്രി നിസ്‌കാരത്തിൽ മുഴുകി. അപ്പോൾ അൽജീരിയയിലെ നസ്വീബൈൻ പട്ടണത്തിലുള്ള ഏഴ് ജിന്നുകൾ നബി(സ്വ)യുടെ സമീപത്തു വന്ന് ഖുർആൻ കേൾക്കുകയും വിശ്വസിക്കുകയും ചെയ്തു. അവർ തിരിച്ചുപോയി പ്രബോധനത്തിൽ ഏർപ്പെട്ടു. അപ്പോൾ മനുഷ്യരിലേക്കെന്ന പോലെ ജിന്നുകളിലേക്കും നിയോഗിക്കപ്പെട്ടവരാണ് റസൂൽ(സ്വ). ജിന്നുകളുടെ നിവേദക സംഘം പലതവണ നബി(സ്വ)യെ സമീപ്പിച്ചിട്ടുണ്ട്. അവയിലൊന്നായിരുന്നു ഇത് (അൽമവാഹിബ് 1/269-271).
നമുക്ക് ഏറ്റവും ഉത്തമമായ രാത്രി നബി(സ്വ) ജനിച്ച രാത്രിയാണെങ്കിലും റസൂൽ(സ്വ)യെ സംബന്ധിച്ചിടത്തോളം ഉത്തമം മിഅ്‌റാജിന്റെ രാത്രിയാണ്. അപ്പോഴാണല്ലോ അവിടുന്ന് അല്ലാഹുവിനെ കണ്ടത്. തിരുദൂതർക്ക് ലഭിച്ച വലിയ ആദരവായ ഇസ്‌റാഅ്-മിഅ്‌റാജാണ് അഞ്ചാം ഭാഗത്തിന്റെ പ്രധാന പ്രതിപാദ്യം. സൃഷ്ടികളിൽ ഏറ്റവും ഉത്തമരാണ് നബി(സ്വ). മറ്റു നബിമാരേക്കാൾ എത്രയോ ഉന്നത സ്ഥാനം അല്ലാഹു തിരുനബിക്ക് നൽകിയത് ആ രാവിലാണ്. വിശുദ്ധ ഖുർആൻ പല സ്ഥലത്തും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട സമഗ്ര ചർച്ചയാണ് ആറാം ഭാഗത്ത്.
ഏഴാം ഭാഗം മഹബ്ബത്തിനെ കുറിച്ചാണ്. നബിയെ സ്‌നേഹിക്കലല്ല, പിൻപറ്റലാണ് പ്രധാനമെന്ന് പുത്തനാശയക്കാർ ജൽപ്പിക്കാറുണ്ട്. നബി(സ്വ)യെ വിശ്വസിച്ച്, സ്‌നേഹിച്ച്, സഹായിച്ച്, പിൻപറ്റുന്നവരാണ് വിജയികൾ എന്നാണ് ഖുർആനിന്റെ അധ്യാപനം. അവിടത്തോടുള്ള അനുരാഗം വിശ്വാസിക്ക് നിർബന്ധമാണെന്ന് ഇമാം ഖസ്ത്വല്ലാനി(റ) സമർത്ഥിക്കുന്നുണ്ട്. നബികുടുംബം, സ്വഹാബത്ത് എന്നിവരെയും സ്‌നേഹിക്കൽ വിശ്വാസിയുടെ ബാധ്യതയാണ്. സ്‌നേഹത്തിന്റെ വകഭേദങ്ങൾ, അടയാളങ്ങൾ തുടങ്ങി അനുരാഗത്തിന്റെ അനിയന്ത്രിത തലങ്ങളിലേക്ക് ഗ്രന്ഥകാരൻ നമ്മെ എത്തിക്കുന്നു.
എട്ടാം ഭാഗത്തിന് മൂന്ന് വശങ്ങളുണ്ട്. ഒന്ന്: പ്രവാചകവൈദ്യം. അവിടുന്ന് പഠിപ്പിച്ച ചികിത്സകളെ കുറിച്ചുള്ള വിശാല പഠനമാണിത്. രണ്ട്: സ്വപ്ന വ്യാഖ്യാനം. നബി(സ്വ) ദർശിച്ച സ്വപ്നങ്ങളും അവയ്ക്ക് അവിടുന്ന് നൽകിയ വ്യാഖ്യാനവും. മൂന്ന്: തിരുനബി(സ്വ) നടത്തിയ അദൃശ്യ കാര്യങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ. അമ്പിയാക്കൾക്ക് മുഅ്ജിസത്തിന്റെ ഭാഗമായി മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. എന്നാൽ നവീന വാദികൾ ഇതിനെ നിഷേധിക്കുന്നു. തിരുനബി(സ്വ)യുടെ അദൃശ്യജ്ഞാനത്തെ പ്രബല ഹദീസുകൾ നിരത്തി ഇമാം സമർത്ഥിക്കുന്നുണ്ട്.
ഒമ്പതാമത്തെ ഭാഗം നബി(സ്വ)യുടെ ആരാധനയെ കുറിച്ചാണ്. വുളൂഅ്, മിസ്‌വാക്ക്, എങ്ങനെ വുളൂഅ് ചെയ്തു, ഖുഫ്ഫയുടെ മേൽ തടവിയത്, തയമ്മും, കുളി, ഫർള് നിസ്‌കാരം, നിസ്‌കരത്തിന്റെ സമയം കണക്കാക്കിയത്, മറവി യുടെ സുജൂദ്, നിസ്‌കാര ശേഷം, ജുമുഅ, തഹജ്ജുദ്, വിത്ർ, ളുഹാ, മറ്റു സുന്നത്തുകൾ, നോമ്പ്, സകാത്ത്, ഹജ്ജ്, ഉംറ, ദിക്‌റുകൾ, പ്രാർത്ഥന… അങ്ങനെ എല്ലാം സമൃദ്ധമായി വിവരിക്കുന്നു.
അവസാന ഭാഗത്ത് പ്രവാചക വിയോഗമാണ് പരാമർശിക്കുന്നത്. സൂറത് നസ്വ്‌റിന്റെ അവതരണവും നബി(സ്വ)യുടെ വിയോഗത്തിലേക്ക് അതിലുള്ള സൂചനയും പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. തുടർന്ന് മുത്ത് നബിയെ മറവ് ചെയ്യുന്നത് വരെയുള്ള വികാരനിർഭര രംഗങ്ങളാണ് അവസാന ഫസ്‌ലിന്റെ ഒന്നാം ഭാഗത്ത് വിവരിക്കുന്നത്. തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യേണ്ടതിന്റെ രൂപവും മഹത്ത്വവും അവിടത്തെ കൊണ്ടുള്ള തവസ്സുലിന്റെ നേട്ടവും സമഗ്രമായി വിവരിക്കുകയാണ് രണ്ടാം ഭാഗം.
നൂറ്റാണ്ടുകളായി മുസ്‌ലിം ലോകം ഗ്രഹിച്ചതിന് വിരുദ്ധമായി, തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര തിരിക്കൽ വിരോധിക്കപ്പെട്ടതാണെന്ന പുത്തൻവാദം ഉന്നയിച്ച ഇബ്‌നു തൈമിയ്യയെ ഇമാം ഖസ്ത്വല്ലാനി(റ) തിരുത്തുന്നുണ്ട്: ‘നബി(സ്വ)യെ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര ചെയ്യൽ പാടില്ലാത്തതാണെന്ന ഇബ്‌നു തൈമിയ്യയുടെ വാദം തരംതാണതും അത്ഭുതമുളവാക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ഈ പിഴച്ച വാദത്തിന് തന്റെ സമകാലികനായ ഇമാം തഖ്‌യുദ്ദീൻ സുബ്കി(റ) ശിഫാഉസ്സഖാം എന്ന വിഖ്യാത ഗ്രന്ഥത്തിൽ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. അതോടെ വിശ്വാസികളുടെ ഹൃദയത്തിന് വലിയ ആശ്വാസമാണ് ലഭിച്ചത് (അൽമവാഹിബ് 4/574). തിരുദൂതരെ സിയാറത്ത് ചെയ്യുന്നവർ പാലിക്കേണ്ട മര്യാദകളെ കുറിച്ചും കൃത്യമായ വിവരണമുണ്ട്.
‘അബ്ബാസി ഖലീഫയായ അബൂജഅ്ഫറുൽ മൻസൂർ ഇമാം മാലിക്(റ)നോട് ചോദിച്ചു: തിരുഹള്‌റത്തിൽ വെച്ചു ദുആ ചെയ്യുമ്പോൾ നബി(സ്വ)യിലേക്കാണോ കഅ്ബയിലേക്കാണോ തിരിയേണ്ടത്? മാലിക്(റ)ന്റെ മറുപടി ഇപ്രകാരമായിരുന്നു: നബി(സ്വ)യിൽ നിന്ന് താങ്കൾ എന്തിന് മുഖം തിരിക്കണം? അവിടുന്ന് അന്ത്യനാളിൽ അല്ലാഹുവിലേക്കുള്ള താങ്കളുടെയും താങ്കളുടെ പിതാവ് ആദം(അ)ന്റെയും വസീല അല്ലയോ? (അൽമവാഹിബ് 4/580).
നബി(സ്വ)ക്ക് നാം ചൊല്ലുന്ന സലാമും നമ്മുടെ ആവലാതിയും അവിടുന്ന് കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുമെന്ന് മഹാനവർകൾ പ്രമാണങ്ങളുടെ അകമ്പടിയോടെ സമർത്ഥിക്കുന്നുണ്ട്. അമ്പിയാക്കളുടെ ശരീരം ഖബറിൽ വെച്ച് നശിക്കുമെന്ന നവീനവാദികളുടെ ദുർഗന്ധപൂരിതമായ വാദത്തെ പ്രമാണങ്ങൾ നിരത്തി കൈകാര്യം ചെയ്യുന്നുമുണ്ട്. പരലോകത്തെ മനുഷ്യരുടെ നിസ്സഹായതയും നബി(സ്വ)യുടെ ഔന്നത്യവും പ്രവാചകരിൽ നിന്ന് മനുഷ്യർക്ക് ലഭിക്കുന്ന മഹത്ത്വമേറിയ സഹായങ്ങളും പ്രതിപാദിച്ചാണ് ഇമാം ഖസ്ത്വല്ലാനി(റ) ബൃഹത്തായ രചന അവസാനിപ്പിക്കുന്നത്.
അസീസ് സഖാഫി വാളക്കുളം