വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും വിമര്‍ശകര്‍ക്കു മറുപടിയായി ഉയര്‍ന്നുനില്‍ക്കുന്നു. പാണ്ഡിത്യത്തിലും വിജ്ഞാന സേവനത്തിലും ശിഷ്യസമ്പത്തിലും നിരുപമ വനിതയായിരുന്നു അവര്‍. ഒമ്പതു വര്‍ഷവും അഞ്ചു മാസവും മാത്രമാണ് പ്രേയസിയായി നബി(സ്വ)ക്കൊപ്പം ജീവിക്കാന്‍ സാധിച്ചത്. ഇക്കാലം കൊണ്ടാണ് അവര്‍ പ്രവാചകരില്‍ നിന്ന് നേരിട്ട് അറിവ് സ്വായത്തമാക്കിയത്. പതിനെട്ടാം വയസ്സില്‍ വൈധവ്യം മാത്രമല്ല, വിജ്ഞാന സ്രോതസ്സിന്റെ നഷ്ടവുമാണ് വന്നുഭവിച്ചത്. പക്ഷേ, നബി(സ്വ)യോടൊന്നിച്ചുള്ള ജീവിതകാലാനുഭവം പറഞ്ഞും പഠിപ്പിച്ചും ശേഷകാലം മഹതി ജീവിച്ചു. അങ്ങനെ അവര്‍ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ശിഷ്യയും ഗുരുവും ഭാര്യയും ആശ്രയവുമെല്ലാമായി. അവര്‍ സമുദായത്തിന് കൈമാറിയ അറിവുകള്‍ വൈവിധ്യം നിറഞ്ഞതാണ്. നബി(സ്വ) പറഞ്ഞതും പഠിപ്പിച്ചതും നബിയോട് ചോദിച്ചറിഞ്ഞതും ജീവിച്ചനുഭവിച്ചതും തന്റെ ഗവേഷണ ശേഷിയാല്‍ നിര്‍ദ്ധാരണം ചെയ്തെടുത്തതും ഖുര്‍ആന്റെ ആശയപ്പൊരുകളുമെല്ലാം അതില്‍പ്പെടും. ഇസ്‌ലാമിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ജ്ഞാനപ്പകര്‍ച്ചയില്‍ നിസ്തുലമായ സാന്നിധ്യമാണവരുടേത്. തിരുദൂതര്‍ക്കുശേഷം സ്ത്രീപുരുഷ ഭേദമന്യേ ആബാലവൃദ്ധം ആശ്രയിച്ചതും അവലംബിച്ചതുമായ പാഠശാലയായിരുന്നു മഹതിയുടെ വീട്. ജ്ഞാനവൈവിധ്യം ഹദീസ് എന്ന സാങ്കേതിക സംജ്ഞ സൂചിപ്പിക്കുന്ന വചനങ്ങള്‍, വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാന വിവരണങ്ങള്‍, നിര്‍ദ്ധാരണം ചെയ്തെടുത്ത കര്‍മശാസ്ത്ര വിധികള്‍, ആശയ സന്പുഷ്ടമായ കവിതകള്‍, സാഹിത്യ സന്പുഷ്ടമായ പ്രഭാഷണങ്ങള്‍, ചികിത്സാമുറകള്‍ എന്നിങ്ങനെ മഹതിയില്‍ നിന്നു നേരിട്ടോ അവര്‍ മുഖാന്തിരമോ ഉദ്ധരിക്കപ്പെട്ട വചനങ്ങള്‍ ആയിരക്കണക്കിനുണ്ട്. ചരിത്രത്തില്‍ പരാമര്‍ശമുള്ള മഹാന്മാരും മഹതികളുമടങ്ങിയ 350ലേറെ ശിഷ്യര്‍ അവരില്‍ നിന്ന് അറിവ് നേടിയിട്ടുമുണ്ട്. ഹദീസ് എന്ന ഗണത്തില്‍ പെടുത്താവുന്ന 5636 വചനങ്ങള്‍ അധ്യായം തിരിച്ച് നിവേദകര്‍ സഹിതം ആവശ്യമായ വിവരണത്തോടെ തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ധന്യമായ ജീവിതം ആഇശ(റ)ക്ക് നബി(സ്വ)യുടെ വിയോഗ സമയത്ത് 18 വയസ്സാണല്ലോ. സാധാരണ ഗതിയില്‍ ഉന്നതമായ നിലവാരത്തിലുള്ള വിദ്യാഭ്യാസ യോഗ്യത നേടാന്‍ ഈ കാലയളവ് അപര്യാപ്തമാണ്. എന്നാല്‍ ആഇശ(റ)യെ സംബന്ധിച്ചിടത്തോളം നബി(സ്വ)യോടൊപ്പമുള്ള ജീവിതകാലം ഒമ്പതര വര്‍ഷമാണെങ്കിലും ഉന്നത പഠനകാലം കൂടിയായിരുന്നു അത്. സ്നേഹമസൃണമായ ദാമ്പത്യത്തോടൊപ്പം ജ്ഞാനസന്പാദനവും നടന്നു. ഉദാരവും സ്വതന്ത്രവുമായ ഗുരുശിഷ്യ ബന്ധം. അറിയല്‍ അനിവാര്യമായ സ്വകാര്യ ജീവിത മസ്അലകള്‍ കൂടുതലായി സമുദായത്തിനു ഗ്രഹിക്കാനായത് ബീവിയുടെ വിവരണങ്ങളിലൂടെയാണ്. ആഇശ(റ) നബി(സ്വ)യോടൊപ്പം ജീവിക്കുന്നത് മദീനയില്‍ വെച്ചാണ്. മക്കക്കാരായ വിശ്വാസികള്‍ മദീനയിലെത്തി സ്വാസ്ഥ്യം ലഭിച്ചതിനു ശേഷമാണ് പ്രധാനമായ കര്‍മശാസ്ത്ര നിയമങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ധര്‍മസമരങ്ങള്‍ക്കായി സേനയെയും സാര്‍ത്ഥവാഹക സംഘങ്ങളെയും നിയോഗിക്കുന്നതില്‍ വ്യാപൃതരായിരുന്നുവെങ്കിലും ജ്ഞാന സന്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വിഭാഗം മദീനയിലുണ്ടായിരുന്നു. അവരില്‍ അബൂഹുറൈറ(റ) അടക്കമുള്ള സ്വഹാബി പ്രമുഖരുണ്ടായിരുന്നു. തിരുപത്നിമാര്‍ നബി(സ്വ)യുമായുള്ള സ്ഥിര സമ്പര്‍ക്കത്തിലൂടെയും വിജ്ഞാനവും ജീവിതാനുഭവങ്ങളും നേടി. മക്കയില്‍ ശത്രുവ്യൂഹത്തിനിടയില്‍ ഇത്തരം അവസരങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രവാചക സഹചാരികള്‍ ശേഷക്കാരുടെ മികച്ച മാതൃക കൂടിയാകേണ്ടതിനാല്‍ തന്നെ പ്രയോഗത്തിനുള്ള അവസരം മാത്രമല്ല, പകര്‍ന്നുനല്‍കാനുള്ള സാഹചര്യം കൂടി ആവശ്യമായിരുന്നു. അതൊത്തു വന്നത് മദീനയില്‍ വെച്ചാണ്. ആഇശ(റ)യില്‍ നിന്ന് കര്‍മശാസ്ത്ര വിഷയങ്ങളാണ് കൂടുതല്‍ ഉദ്ധരിക്കപ്പെട്ടതെന്നു കാണാം. അവരുടെ പ്രായവും സാഹചര്യവും അതിനു കൂടുതല്‍ അനുകൂലമായതിനാലാണിത്. ഇമാം ബദ്റുദ്ദീനിസ്സര്‍കശി(റ) എഴുതുന്നു: “മതവിധികളുടെ നാലിലൊന്നും ആഇശ(റ)യില്‍ നിന്ന് രേഖപ്പെടുത്തിയതാണ് എന്ന് ഹാകിം(റ) പറഞ്ഞിട്ടുണ്ട്’ (അല്‍ഇജാബ). ഹാഫിള് അബൂഹഫ്സ്(റ) ഈളാഹില്‍ എഴുതുന്നു: “ബുഖാരിയിലും മുസ്‌ലിമിലും മതവിധി പറയുന്ന ഹദീസുകള്‍ 1200 എണ്ണമാണ്. അതില്‍ 296 ഹദീസുകള്‍ ആഇശ(റ) നിവേദനം ചെയ്തതാണ്’ (അല്‍ഇജാബ). സ്ത്രീ എന്ന അവസ്ഥ ആഇശ(റ)ക്ക് പരിമിതിയാവുകയല്ല, വിജ്ഞാന സന്പാദനപ്രചാരണത്തിന് അനുകൂലമാവുകയാണ് ചെയ്തതെന്നാണ് ഇതെല്ലാം കാണിക്കുന്നത്. വീട്ടിനകത്തും യാത്രാവേളകളിലും ആഇശ(റ) മറ്റുള്ളവരെ അപേക്ഷിച്ച് നബി(സ്വ)യോടൊപ്പം കൂടുതല്‍ ഉണ്ടായിരുന്നു. ജിജ്ഞാസയും ബുദ്ധിശക്തിയും മനഃപാഠമാക്കാനുള്ള കഴിവും മഹതിക്ക് കൂടുതല്‍ അറിവുനേടാന്‍ പ്രാപ്തിയും അവസരവും നല്‍കി. അന്വേഷണം നബി(സ്വ)യുടെ ജീവിതവും വാക്കുകളും സാഹചര്യങ്ങളോട് ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടവയുണ്ട്. ഖുര്‍ആന്‍ വചനങ്ങളില്‍ ഏറെ അന്വേഷണങ്ങളും വിശദീകരണങ്ങളും നേടേണ്ടിയും വരും. സുന്നത്തും ഖുര്‍ആനും വിശദീകരണമാവശ്യമുള്ളതാണെങ്കിലും ഖുര്‍ആന്‍ കൂടുതല്‍ വിവരണം വേണ്ടതാണ്. ആഇശ(റ)ക്ക് വിശദീകരണം കൂടുതല്‍ നേടാനവസരമുണ്ടായി. നബി(സ്വ)യോട് ചോദിച്ചറിഞ്ഞ ധാരാളം രംഗങ്ങള്‍ ഉദ്ധരിക്കപ്പെട്ടു കാണാം. പ്രധാനമായും പാരത്രിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണിത് കാണുക. അവ ആഇശ(റ)ക്ക് അനുഭവമോ ധാരണയോ ഉള്ളതല്ലായിരുന്നുവെന്നതാണു കാരണം. സൂറതുല്‍ മുഅ്മിനൂന്‍ അറുപതാം സൂക്തമായ “ഭയക്കുന്ന ഹൃദയത്തോടെ തങ്ങള്‍ക്ക് നല്‍കപ്പെടുന്നതില്‍ നിന്ന് ദാനം ചെയ്യുന്നവരാണവര്‍’ എന്നതിനെ കുറിച്ച് ആഇശ(റ) ചോദിച്ചു: മദ്യപിക്കുന്നവരും മോഷണം നടത്തുന്നവരുമാണോ ഭയപ്പാടോടെ ദാനം ചെയ്യുന്നവര്‍? നബി(സ്വ) പറഞ്ഞു: അല്ല, സിദ്ദീഖിന്റെ മോളേ, അവര്‍ നോന്പെടുക്കുന്നവരും നിസ്കരിക്കുന്നവരും സകാത്ത് നല്‍കുന്നവരും ഒക്കെത്തന്നെയാണ്. പക്ഷേ, അവയൊന്നും അവരില്‍ നിന്ന് സ്വീകരിക്കപ്പെടാതിരിക്കുമോ എന്ന ഭയമാണവര്‍ക്കുള്ളത്. (എന്നിട്ട് നബി(സ്വ) അടുത്ത സൂക്തം പാരായണം ചെയ്തു). അവര്‍ നല്ല കാര്യങ്ങളില്‍ ധൃതി കാണിക്കുന്നവരും നല്ലതില്‍ മുന്‍കടക്കുന്നവരുമാണ് (തിര്‍മുദി). തനിക്ക് മനസ്സിലാകാത്ത കാര്യങ്ങളെ കുറിച്ച് കൃത്യത വരുത്തുന്ന രീതിയായിരുന്നു ബീവി അവലംബിച്ചിരുന്നത്. ഇബ്നു അബീ മുലൈക(റ) പറയുന്നു: ആഇശ(റ) തനിക്കറിയാത്തതിനെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷമേ സ്വീകരിച്ചിരുന്നുള്ളൂ. നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: ആരെയെങ്കിലും വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത് തന്നെ. അപ്പോള്‍ ആഇശ(റ) ചോദിച്ചു: അല്ലാഹു പറയുന്നത് പിന്നീടവനെ ലളിതമായി വിചാരണ ചെയ്യും എന്നല്ലേ? നബി(സ്വ) ഇങ്ങനെ പ്രതികരിച്ചു: അത് കേവലം ഒരു പ്രദര്‍ശനം (പ്രവൃത്തികളെ പ്രദര്‍ശിപ്പിച്ച് ബോധ്യപ്പെടുത്തി വെറുതെ വിടല്‍) മാത്രമാണ്. പക്ഷേ, നന്നായി വിചാരണ നടക്കുകയാണെങ്കില്‍ അവന്‍ ശിക്ഷയില്‍ അകപ്പെടുംതിന്മകള്‍ അധികരിച്ചവന്റെ സ്ഥിതിയാണിത് (ബുഖാരി). പണ്ഡിതന്മാര്‍ പറയുന്നത് ആഇശ(റ)യുടെ പാണ്ഡിത്യം മഹാന്മാരായ ശിഷ്യരും പിന്‍ഗാമികളായ പണ്ഡിത പ്രമുഖരും സാക്ഷ്യപ്പെടുത്തിയതാണ്. അത്വാഉബ്നു അബീറബാഹ്(റ) പറയുന്നു: ആഇശ(റ) ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫിഖ്ഹ് അറിയുന്നവരും ഏറ്റവും വിജ്ഞാനീയരും പൊതു സ്വീകാര്യതയുള്ളവരുമായിരുന്നു. ഉര്‍വതുബ്നു സുബൈര്‍(റ) പറയുന്നു: ഫിഖ്ഹ്, ചികിത്സ, കവിത എന്നിവയില്‍ ആഇശ(റ)യെക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. അബൂ മൂസല്‍ അശ്അരി(റ) പറയുന്നു: ഞങ്ങള്‍ക്കെന്തെങ്കിലും അവ്യക്തത വന്നാല്‍ അതിനെക്കുറിച്ച് ആഇശ(റ)യോട് ചോദിക്കും. മഹതിയുടെ അടുത്ത് അതുമായി ബന്ധപ്പെട്ട വിവരം ഇല്ലാതിരിക്കില്ല. ഇമാം സുഹ്രി(റ): ആഇശ(റ)യുടെ വിജ്ഞാനവും മറ്റു ഉമ്മഹാതുല്‍ മുഅ്മിനീങ്ങളുടെയും മുഴുവന്‍ സ്ത്രീകളുടെയും വിജ്ഞാനവും ഒന്നിച്ചുവെച്ചാല്‍ ആഇശ(റ)യുടെ വിജ്ഞാനമായിരിക്കും അതിശ്രേഷ്ഠം. മബ്റൂഖ്(റ): സ്വഹാബികളിലെ മുതിര്‍ന്നവര്‍ പോലും ഫറാഇള് (അനന്തരാവകാശ നിയമങ്ങള്‍) ആഇശ(റ)യോട് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉര്‍വത്ത്(റ): നബി(സ്വ)യുടെ ഹദീസും വിധി തീര്‍പ്പും ജാഹിലിയ്യാ കാലത്തെ വിശേഷവും ഫര്‍ളും സുന്നത്തും കുടുംബ വിജ്ഞാനവും ചികിത്സയും കവിതയും ആഇശ ബീവി(റ)യെക്കാള്‍ നന്നായറിയുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. ഇബ്നുഹജറില്‍ അസ്ഖലാനി(റ): അല്‍ ഇസ്വാബയിലും ഇബ്നു അബ്ദില്‍ ബര്‍റ്(റ) അല്‍ ഇസ്തിആബിലും ഇമാം ആജുര്‍റി(റ) അശ്ശരീഅയിലും ദഹബി സിയറു അഅ്ലാമിന്നുബലാഇലും മറ്റു മുഹദ്ദിസുകളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയതില്‍ ചിലതാണിത്. ഖുര്‍ആന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ കേന്ദ്രമായ വീട്ടിലാണ് ആഇശ(റ) ജീവിച്ചത്. അതിനാല്‍ തന്നെ ഖുര്‍ആന്‍ കേള്‍ക്കാനും അറിയാനും അവര്‍ക്ക് ഏറെ അവസരങ്ങളുണ്ടായി. മക്കക്കാലത്തും തങ്ങളുടെ വീട്ടില്‍ അവര്‍ നിത്യ സന്ദര്‍ശകയായിരുന്നു (ബുഖാരി). നബി(സ്വ) സിദ്ദീഖ്(റ)യുമായി സംഭാഷണം നടത്തുന്നത് അവര്‍ കേള്‍ക്കുമായിരുന്നല്ലോ. ബീവി പറയുന്നു: സൂറത്തുല്‍ ബഖറയും സൂറതുന്നിസാഉം ഞാന്‍ നബി(സ്വ)യുടെ അടുത്തുണ്ടായിരിക്കുമ്പോഴാണവതരിച്ചത് (ബുഖാരി). എഴുത്തറിയുന്ന ഒരു അടിമ അവര്‍ക്കുണ്ടായിരുന്നു. അവനെക്കൊണ്ട് തനിക്ക് സ്വന്തമായി ഒരു മുസ്വ്ഹഫ് ബീവി എഴുതിയുണ്ടാക്കിയിരുന്നു (മുസ്‌ലിം). മക്കയില്‍ നിന്ന് ആഇശ(റ) കുട്ടിയായിരിക്കെ അവതരിച്ച ഖുര്‍ആന്‍ വാക്യത്തെക്കുറിച്ചുള്ള ഓര്‍മ അവര്‍ ഇങ്ങനെ പങ്കുവെക്കുന്നു. മക്കയില്‍ ഞാന്‍ കുട്ടി പ്രായത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന നബി(സ്വ)ക്ക്, അന്ത്യനാളാണ് അവര്‍ക്ക് നിശ്ചിതമായ സമയം. ആ അന്ത്യസമയം ഭയാനകതയും കയ്പേറിയതുമാണ് (അല്‍ഖമര്‍/46) എന്ന സൂക്തം അവതരിപ്പിക്കപ്പെട്ടു (ബുഖാരി). ആഇശ(റ)യില്‍ നിന്നു ധാരാളം ഖുര്‍ആന്‍ വിവരണ വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 356 വ്യാഖ്യാനങ്ങള്‍ ക്രോഡീകരിച്ച ഒരു ഗ്രന്ഥം കൈറോ യൂണിവേഴ്സിറ്റിയിലെ ഡോ.അബ്ദുല്ല അബ്ദുസ്സഈദ് ബദ്ര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അവതരണ സമയത്ത് താന്‍ സ്വീകരിച്ചിരുന്ന രീതിയെക്കുറിച്ച് ആഇശ(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ഞങ്ങള്‍ക്ക് ഖുര്‍ആന്‍ ആയത്ത് അവതരിക്കും. അതിലെ അനുവദനീയവും നിഷിദ്ധവും കല്‍പനയും നിരോധനവും ഞങ്ങള്‍ ഖുര്‍ആന്‍ വാക്യം മനഃപാഠമാക്കുന്നതിന് മുമ്പ് മനഃപാഠമാക്കും (അല്‍ ഇഖ്ദുല്‍ ഫരീദ്). ഹദീസ് സ്വഹാബികളില്‍ ഹദീസ് നിവേദനം ചെയ്തവരില്‍ പ്രധാന സ്ഥാനത്താണ് ആഇശ(റ). ഇമാം അഹ്മദ്(റ)ന്റെ മുസ്നദില്‍ നിന്നെടുത്ത് പില്‍ക്കാലത്ത് മുസ്നദ് ആഇശ എന്ന ഹദീസ് ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഹദീസ് കാര്യത്തില്‍ ആഇശ(റ)യുടെ സൗഭാഗ്യം ഉമ്മഹാതുല്‍ മുഅ്മിനീങ്ങളില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. മഹതി മറ്റുള്ളവരില്‍ നിന്നും ഭിന്നയായി സത്യവിശ്വാസികളായ മാതാപിതാക്കളില്‍ ജനിച്ചതിനാലും ചെറുപ്പം മുതലേ നബി(സ്വ)യെ കാണാനും കേള്‍ക്കാനും അവസരം കിട്ടിയതിനാലുമാണിത്. നബി(സ്വ)യുടെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ കൂടെ നില്‍ക്കാന്‍ ഭാഗ്യം കിട്ടിയതും അവര്‍ക്കാണ്. മറ്റൊരാള്‍ക്കും ഉദ്ധരിക്കാന്‍ സാധിക്കാത്ത രംഗങ്ങളെ നബി ജീവിതത്തില്‍ അവരഭിമുഖീകരിക്കുകയുണ്ടായി. ഒന്നേകാല്‍ ലക്ഷം വരുന്ന സ്വഹാബികളില്‍ മൂന്നു പുരുഷന്മാര്‍ മാത്രമാണ് ഹദീസ് നിവേദനത്തില്‍ അവരെക്കാള്‍ മുന്നിലുള്ളത്. യാത്രയും സ്വാതന്ത്ര്യവും പുരുഷന്മാരുടെ അത്രതന്നെ സാധിക്കാത്തതിനാലായിരുന്നിത്. നബി(സ്വ)യുമായി സ്വതന്ത്രമായി സമ്പര്‍ക്കത്തിന് ലഭിക്കുന്ന ദിനങ്ങള്‍ എല്ലാ ഭാര്യമാര്‍ക്കും ഒന്ന് മാത്രമായിരുന്നെങ്കില്‍ ആഇശ(റ)ക്ക് സൗദ(റ)ന്റെ ദിനം കൂടി ലഭിച്ചിരുന്നു. കൂടുതല്‍ ഹദീസ് നിവേദനം ചെയ്തവരെല്ലാം നബി(സ്വ)ക്കു ശേഷം കൂടുതല്‍ കാലം ജീവിച്ച് ഹദീസ് ചൊല്ലിക്കൊടുക്കാന്‍ ഏറെ അവസരം ലഭിച്ചവരാണ്. ആയിരത്തിലധികം ഹദീസ് നിവേദനം ചെയ്തവരെല്ലാം ആഇശ(റ)ക്കു ശേഷവും ജീവിച്ചതു ചരിത്രം. അബൂഹുറൈറ(റ) മാത്രമാണ് ആഇശ(റ)ക്കു ശേഷം ഉടനെ വഫാത്തായത്. ബീവിക്കു ശേഷം 10 മുതല്‍ 33 വര്‍ഷം വരെ ജീവിച്ചവര്‍ അവരിലുണ്ട്. അവരിലേക്ക് ചേര്‍ത്തി നോക്കുമ്പോള്‍ ആഇശ(റ)യുടെ മികവ് എടുത്തുപറയാവുന്നതാണ്. 2210 ഹദീസുകളില്‍ ബുഖാരി 228, മുസ്‌ലിം232ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതില്‍ 174 ഹദീസുകള്‍ ഇരുവരും ഉദ്ധരിച്ചതാണ്. സ്വിഹാഹ്സുനനുകളില്‍ ബാക്കിയുള്ളവ പരന്നുകിടക്കുകയാണ്. കര്‍മശാസ്ത്രം മദീനയില്‍ കര്‍മശാസ്ത്ര വിഷയത്തില്‍ ആഇശ(റ) പ്രധാനാവലംബമായിരുന്നു. ഖുര്‍ആനും സുന്നത്തും ഖിയാസും പ്രമാണമാക്കി മഹതി നടത്തിയ ഇജ്തിഹാദിന്റെ ഗുണഫലങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ആദ്യനാളുകളിലേ വിജ്ഞാനദാഹത്തിന് പരിഹാരമായിട്ടുണ്ട്. ഫിഖ്ഹ് എന്നാല്‍ തന്നെ നിര്‍ദ്ധാരണം ചെയ്യപ്പെട്ട വിധികളാണല്ലോ. അബ്ദില്ലാഹിബ്നു ഉമര്‍(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബൂഹുറൈറ(റ), ആഇശ(റ) തുടങ്ങിയ കര്‍മശാസ്ത്രാവലംബങ്ങള്‍ മദീനക്കാര്‍ക്ക് പ്രവാചകാനന്തരം മതപരമായ വിധിതീര്‍പ്പുകള്‍ നല്‍കിവന്നു. കര്‍മശാസ്ത്രത്തില്‍ ഗണിതവും കടന്നുവരുന്ന ഭാഗമാണ് അനന്തര സ്വത്ത് വിതരണം. ഇതില്‍ ആഇശ(റ) പ്രത്യേകം അവലംബമായിരുന്നുവെന്ന് പ്രമുഖ ശിഷ്യനും മഹാ സാത്വികനുമായ മബ്റൂഖ്(റ) പറയുകയുണ്ടായി. നബി(സ്വ)യുടെ കാലത്ത് ജനങ്ങള്‍ മദീനയെ അവരുടെ മതപരമായ വിജ്ഞാനത്തിന്റെ കേന്ദ്രമായി കണ്ടത് പില്‍ക്കാലത്തും തുടര്‍ന്നു. ഹിജ്റ 37ാം വര്‍ഷം ഖിലാഫത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്ന് മാറിയപ്പോഴും അതങ്ങനെ നിലനിന്നു. അവിടെയാണ് അബൂഹുറൈറ(റ), ഇബ്നു അബ്ബാസ്(റ), സൈദുബ്നു സാബിത്(റ) തുടങ്ങിയവരൊക്കെയുണ്ടായിരുന്നത്. അവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ജ്ഞാനപ്രസരണം. ആ സമയത്തു തന്നെ ആഇശ(റ)യില്‍ നിന്ന് വിജ്ഞാനം നുകരാന്‍ ധാരാളം ആളുകളെത്തിയിരുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആഇശ(റ) വളരെ സൗകര്യപ്രദമായ ഗുരുവര്യയാണ്. ഹജ്ജ് യാത്രാവേളകളില്‍ മക്കയില്‍ വെച്ചും അവരില്‍ നിന്ന് ധാരാളം മസ്അലകള്‍ വിജ്ഞാന കുതുകികള്‍ ചോദിച്ചു പഠിച്ചിരുന്നു. സിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ)ന്റെ കാലം മുതല്‍ മരണം വരെ ആഇശ(റ) ഫത്വ നല്‍കുകയുണ്ടായി. അന്ന് മഹതി ഫത്വ നല്‍കാന്‍ മാത്രം യോഗ്യതയുള്ളവരായിരുന്നു (ത്വബഖാത്, ഇബ്നുസഅ്ദ്). അംഗീകാരം ആഇശ(റ)യുടെ പാണ്ഡിത്യത്തെ സമകാലികര്‍ നന്നായി ഉപയോഗപ്പെടുത്തുകയും സ്ത്രീ എന്ന വൃത്തത്തിനപ്പുറം വലിയവരും അവരില്‍ നിന്ന് വിജ്ഞാനവും സ്ഥിരീകരണവും ആര്‍ജിക്കുകയും ചെയ്തു. അബൂഹുറൈറ(റ) ധാരാളം ഹദീസ് നിവേദനം ചെയ്ത സ്വഹാബിയായിരിക്കെ തന്നെ അദ്ദേഹം ആഇശ(റ)യുടെ റൂമിന് സമീപം ചെന്ന് ചില ഹദീസ് വചനങ്ങള്‍ ഉറക്കെ ഉദ്ധരിക്കും. എന്നിട്ട് ഇങ്ങനെ പറയും; വീട്ടുകാരേ ഇതു കേള്‍ക്കൂ (മുസ്‌ലിം). ഇമാം നവവി(റ) പറയുന്നു: ആഇശ(റ)യുടെ അംഗീകാരവും നിഷേധമില്ലായ്മയും ഉണ്ടായി ഹദീസിന് ശക്തി വരുത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയുടെ ഉദ്ദ്യേം (ശറഹ്മുസ്ലിം). സ്വഹാബികളില്‍ മുതിര്‍ന്നവരായ ഉമര്‍(റ) ഉസ്മാന്‍(റ) എന്നിവര്‍ അവരോട് ഹദീസിനെ കുറിച്ചന്വേഷിച്ച് ആളുകളെ അയക്കുമായിരുന്നു (ത്വബഖാത്). പണ്ഡിത എന്ന നിലയില്‍ വൈജ്ഞാനികമായ പരിഗണന മാത്രമല്ല, ഭൗതികമായ പരിഗണനയും ഖലീഫമാര്‍ അവര്‍ക്ക് നല്‍കിയിരുന്നു. ഒരിക്കല്‍ ഖലീഫ മുആവിയ ഒരു ലക്ഷം നാണയം ആഇശ(റ)ക്ക് കൊടുത്തയച്ചു. മഹതി പക്ഷേ, അതെല്ലാം ദാനം ചെയ്തു (ഹില്‍യല്‍ ഔലിയാഅ്). ഇല്‍മുത്വിബ്ബിലും അഖീദയിലും കവിതയിലും മഹതി യോഗ്യയായിരുന്നു. ചില ഘട്ടങ്ങളില്‍ ബീവി നടത്തിയ ഭാഷണങ്ങള്‍ നിസ്തുലമായ പദവിന്യാസത്തിന്റെയും സാഹിതീയ മേന്മയുടെയും ഉദാഹരണമാണ്. അവരില്‍ നിന്ന് അറിവ് നുകര്‍ന്നവരും പില്‍ക്കാലത്ത് പ്രസിദ്ധരായിത്തീര്‍ന്നു. അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ