ഇത് ആമിർബ്‌നു അബ്ദില്ലാഹിത്തമീമിയ്യ്(റ). ബസ്വറയിലെ പരിത്യാഗി, സ്വഹാബിയായ അബൂമൂസൽ അശ്അരി(റ)വിന്റെ അരുമ ശിഷ്യൻ. മൂന്ന് കാര്യങ്ങൾക്കായി ഭാഗിച്ചുവെച്ചതാണ് ആ മഹത് ജീവിതം. ദിക്‌റിന്റെ മജ്‌ലിസുകൾക്കും ഏകനായി ആരാധനയിൽ മുഴുകാനും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാനും മാത്രം. മറ്റൊരു കാര്യത്തിനും തന്റെ ജീവിതത്തിൽ ഇടം കൊടുക്കുന്നത് ആരുടെയും ദൃഷ്ടിയിൽ പെട്ടിട്ടില്ല.

ഒരിക്കൽ ആമിർ(റ) അടങ്ങുന്ന യാത്രാ സംഘം രാത്രിയായപ്പോൾ കാടിന്റെ ഒരു ഭാഗത്ത് തമ്പടിക്കുകയായിരുന്നു. ആമിർ(റ) തന്റെ വസ്തുക്കളെല്ലാം ഒരുഭാഗത്ത് വെച്ചു, കുതിരയെ കെട്ടിയിട്ടു പുല്ല് പറിച്ച് തിന്നാൻ കൊടുത്തു. എന്നിട്ട് അദ്ദേഹം ആ രാത്രി കാട്ടിലേക്ക് കയറി. എന്നാൽ അദ്ദേഹമറിയാതെ ഒരു കൂട്ടുകാരൻ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

കൂട്ടുകാരന്റെ ഭാഷയിൽ ഇനി കഥകേൾക്കാം:

ഞാനദ്ദേഹത്തെ രഹസ്യമായി പിന്തുടർന്നു. അദ്ദേഹം ഇടതൂർന്ന ആ വനത്തിലേക്ക് കയറി. ആരും കാണുന്നില്ലെന്നുറപ്പുവരുത്തിയ ശേഷം ഖിബ്‌ലക്ക് മുന്നിട്ട് നിസ്‌കരിക്കാൻ തുടങ്ങി. ഇത്രയും പൂർണതയുള്ള ഒരു നിസ്‌കാരം  ഞാൻ കണ്ടിട്ടില്ല. കുറേ നിസ്‌കരിച്ചാൽ പിന്നീട് അദ്ദേഹം ദുആ ചെയ്യാൻ തുടങ്ങും. അങ്ങനെ എനിക്ക് ഉറക്കം വന്നു. ഞാനറിയാതെ ഉറങ്ങിപ്പോയി. ഞാൻ ഇടക്ക് ഉണരുമ്പോഴെല്ലാം ആമിർ നിസ്‌കാരത്തിലും പ്രാത്ഥനയിലും തന്നെ. പ്രഭാതമായപ്പോൾ അദ്ദേഹം ഫർള് നിസ്‌കരിച്ചു. പിന്നീട് പ്രാർത്ഥിക്കാൻ തുടങ്ങി.

ദുആക്കിടയിൽ അദ്ദേഹം പറഞ്ഞ ചില വരികൾ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു: ‘അല്ലാഹുവേ, നിന്നോട് ഞാൻ മൂന്ന് കാര്യങ്ങൾ ചോദിച്ചു. അതിൽ രണ്ടെണ്ണം എനിക്ക് നീ നൽകി. ഒന്ന് നീ തടഞ്ഞുവെച്ചു. നിനക്ക് വേണ്ടപോലെ ഇബാദത്ത് ചെയ്യാൻ അത്കൂടി എനിക്ക് നീ നൽകണേ.’

പ്രാർത്ഥന കഴിഞ്ഞ് ആമിർ(റ) എഴുന്നേറ്റു. ആ സമയത്താണ് അദ്ദേഹം എന്നെകാണുന്നത്. അതോടെ ആമിർ അസ്വസ്ഥനായി.

അദ്ദേഹം ചോദിച്ചു: നിങ്ങളെന്നെ കഴിഞ്ഞ രാത്രി വീക്ഷിച്ചിരുന്നുവോ?

ഞാൻ പറഞ്ഞു: ‘അതേ.’

അപ്പോൾ അദ്ദേഹം പറഞ്ഞു: ‘എങ്കിൽ നിങ്ങൾ എന്നിൽ നിന്ന് കണ്ടതൊന്നും പരസ്യമാക്കരുത്. അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ.’

ഞാൻ പറഞ്ഞു: ‘ഞാൻ പറയാതിരിക്കണമെങ്കിൽ നിങ്ങൾ റബ്ബിനോട് ചോദിച്ച ആ മൂന്ന് കാര്യങ്ങൾ എനിക്ക് പറഞ്ഞ് തരണം.’

ആദ്യം അദ്ദേഹം വിസമ്മതിച്ചെങ്കിലും ഞാൻ പിന്മാറില്ലെന്ന് കണ്ടപ്പോൾ വഴങ്ങി. ആരോടും അറിയിക്കില്ലെന്നു കരാർ വാങ്ങി. നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് വെളിപ്പെടുത്തില്ലെന്ന് ഞാൻ വാക്കുകൊടുക്കുകയും ചെയ്തു.

അദ്ദേഹം വിശദീകരിച്ചു തുടങ്ങി. സ്ത്രീകളോടുള്ള സ്‌നേഹം എന്റെ ദീനിനെ നശിപ്പിച്ച് കളയുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. അങ്ങനെ അല്ലാഹുവിനോട് എന്റെ മനസ്സിൽ നിന്ന് അത് നീക്കിക്കളയാൻ ഞാൻ ദുആ ഇരന്നു. ഇപ്പോൾ സുന്ദരിയായ ഒരു സ്ത്രീയെ കാണുന്നതും കേവലം ഒരു ചുമര് കാണുന്നതും എനിക്ക് ഒരുപോലെയാണ്. അല്ലാഹുവിനെയല്ലാതെ ഒന്നിനെയും എനിക്ക് ഭയമുണ്ടാകാതിരിക്കാൻ ഞാൻ രണ്ടാമത് ദുആ ചെയ്തു. ഇപ്പോൾ ആകാശ ഭൂമികളിൽ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ഞാൻ ഭയക്കുന്നില്ല.

മൂന്നാമത്തേതോ? ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

‘രാവും പകലും വ്യത്യാസമില്ലാതെ റബ്ബിന് ഇബാദത്ത് ചെയ്യാൻ വേണ്ടി ഉറക്കം എന്നിൽ നിന്നകറ്റിതരണമെന്ന് നാഥനോട് ഞാൻ ചോദിച്ചു. ആ പ്രാർത്ഥനക്ക് എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല.’

ഇത്‌കേട്ടപ്പോൾ ഞാനദ്ദേഹത്തോട് പറഞ്ഞു: ഇപ്പോൾ തന്നെ നിങ്ങൾ രാത്രി മുഴുവൻ നിസ്‌കരിക്കുകയും പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്നുണ്ട്. ഇതിനേക്കാൾ കുറഞ്ഞ ആരാധനകൾ കൊണ്ട് തന്നെ സ്വർഗം ലഭിക്കുകയും നരക രക്ഷ ലഭിക്കുകയും ചെയ്യുമല്ലോ?

അദ്ദേഹം പറഞ്ഞു: ‘സുഹൃത്തേ ഖേദം ഉപകാരപ്പെടാത്തെരു നാളിൽ ഖേദിക്കേണ്ടി വരുന്നതിനെ ഞാൻ ഭയപ്പെടുന്നു. അല്ലാഹു സത്യം, ഞാൻ ആരാധന അധികരിപ്പിക്കാനുള്ള പരിശ്രമം തുടർന്ന് കൊണ്ടിരിക്കുകതന്നെ ചെയ്യും. ഞാൻ രക്ഷപ്പെട്ടാൽ അത് നാഥന്റെ കരുണ കൊണ്ട്. ഞാൻ നരകത്തിൽ കടന്നാൽ അതെന്റെ വീഴ്ച കൊണ്ടുമായിരിക്കും.’

യാത്ര പുറപ്പെടുമ്പോൾ തന്റെ സംഘത്തെ തിരഞ്ഞെടുക്കാൻ ആമിർ(റ) ചെയ്യുന്ന പരീക്ഷണങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അദ്ദേഹം ആ സംഘത്തോട് വിളിച്ച് പറയും: ‘മൂന്ന് കാര്യങ്ങൾ എനിക്ക് നിങ്ങൾ വിട്ടുതന്നാൽ ഞാൻ നിങ്ങളുടെ കൂടെക്കൂടാം. ഒന്ന്, ഞാനായിരിക്കും നിങ്ങളുടെ സേവകൻ, ആരും അതിന് വിസമ്മതം പ്രകടിപ്പിക്കരുത്. രണ്ടാമത്, ഞാനാണ് നിസ്‌കാരത്തിന് വാങ്ക് വിളിക്കുക. മൂന്ന്, എന്റെ കഴിവനുസരിച്ച് നിങ്ങൾക്ക് വേണ്ടി ഞാൻ ചെലവഴിക്കും.’

ഇത് അവർ സമ്മതിച്ചാൽ അദ്ദേഹം ആ സംഘത്തിൽ ചേരും. ഇല്ലെങ്കിൽ മറ്റു യാത്രാ സംഘത്തിലേക്ക് പോവും. ജീവിതാന്ത്യത്തിൽ ശാമിലായിരുന്നു മഹാന്റെ താമസം. ബൈതുൽമുഖദ്ദിസ് തന്റെ വീടായി അദ്ദേഹം തിരഞ്ഞെടുത്തു.

മരണസമയത്ത് അതീവ ദുഃഖിതനായി ആമിർ(റ) കരയുന്നത് കണ്ട് കൂട്ടുകാർ കാര്യമന്വേഷിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ചിന്തനീയമാണ്: കുറഞ്ഞ ഭക്ഷണവുമായി ദീർഘയാത്രയാണല്ലോ എനിക്കുള്ളത്. പരലോകത്ത് സ്വർഗമാണോ നരകമാണോ ലഭിക്കുക എന്നതിൽ ഒരുറപ്പും എനിക്കില്ലല്ലോ എന്നോർത്താണ് എന്റെ മനഃപ്രയാസം.’

ദിക്‌റ് ചൊല്ലി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. പുണ്യനബി ഇസ്‌റാഅ് നടത്തിയ സ്ഥലത്ത്, മുഅ്മിനീങ്ങളുടെ ആദ്യ ഖിബ്‌ലയിൽ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ