കോവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ രൂക്ഷമായി തുടരുക തന്നെയാണ്. മഹാമാരിക്കാലത്ത് സർക്കാർ ആരോഗ്യ സംവിധാനങ്ങൾ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു, ആരോഗ്യ പ്രവർത്തകർ രോഗപ്രതിരോധത്തിനും രോഗീപരിചരണത്തിനും ജീവൻ പണയം വെച്ച് അക്ഷീണം യത്‌നിക്കുന്നു. എന്നാൽ ചില സ്വകാര്യാശുപത്രികൾ ദുരിതകാലത്തെ സാമ്പത്തിക ചൂഷണത്തിനുള്ള സുവർണാവസരമാക്കുന്നത് കാണുമ്പോൾ ഹൃദയം നടുങ്ങുന്നു. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ കരുതലിന്റെയും ജാഗ്രതയുടെയും കാര്യത്തിൽ കേരള മോഡൽ അന്താരാഷ്ട്രതലത്തിൽ വാഴ്ത്തപ്പെട്ടിരുന്നതാണ്. ഇന്നു പക്ഷേ പാവപ്പെട്ടവരും ഇടത്തരക്കാരും ചികിത്സാ ചെലവിന്റെ പേരിൽ നട്ടെല്ലു തകർന്നു കിടക്കുന്നുവെന്നതാണ് അനുഭവം.
പ്രോട്ടോക്കോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റൈൻ പൂർത്തീകരിക്കണമല്ലോ. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഇതിന്റെ പേരിൽ ആദ്യ ഘട്ടങ്ങളിൽ ഏറെ ദുരിതമനുഭവിച്ചു. ഭീകരാന്തരീക്ഷത്തിലാണ് തുടക്കത്തിൽ ഇത്തരക്കാർ പലരും കോവിഡ് സെന്ററുകളിൽ കഴിഞ്ഞുകൂടിയത്. അയൽക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ പോലും നിലപാടുകൾ വിഷമം സൃഷ്ടിക്കുന്നതായിരുന്നു. ചിലർ സ്വന്തം വീടുകളിൽ നിന്ന് അകറ്റപ്പെട്ടു, ബലമായി ആംബുലൻസുകളിലേക്ക് വലിച്ചിഴക്കപ്പെട്ടു.
ഇക്കാലയളവിൽ മരണപ്പെട്ടവരാണ് ഏറെ ദുരിതമനുഭവിച്ചത്. രോഗമില്ലാത്തവരും രോഗികളായി ചിത്രീകരിക്കപ്പെട്ടതാണ് ഏറെ സങ്കടകരം. കുന്ദംകുളത്തിനടുത്ത് മരണപ്പെട്ട വൃദ്ധയെ കുളിപ്പിക്കാനെടുക്കുമ്പോഴാണ് ഹെൽത്ത് ഉദ്യോഗസ്ഥർ വന്ന് ഇവർക്ക് കോവിഡാണെന്ന് ചിലർ പരാതിപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചേ മറവു ചെയ്യാനാവൂ എന്നും ശഠിക്കുന്നത്. ഉടനെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ബന്ധപ്പെട്ടവർ ക്വാറന്റീനിലായി. ടെസ്റ്റ് വൈകിയപ്പോൾ മയ്യിത്ത് മോർച്ചറിയിലേക്ക്. പിറ്റേന്ന് ഉച്ച തിരിഞ്ഞ് മയ്യിത്ത് വിട്ടുകിട്ടുമ്പോൾ ഫലം നെഗറ്റീവ്. വിരോധം വെച്ച് ചിലർ ചെയ്ത ഫോൺകോൾ എത്ര പേരെയാണ് ആശങ്ക തീറ്റിച്ചത്! ഒരു വർഷമായി കിടപ്പുരോഗിയായൊരു വൃദ്ധന്റെ ജനാസക്കും ഇതേ അനുഭവമുണ്ടായി. മാസങ്ങളായി പുറത്തിറങ്ങാത്ത, ആശുപത്രിയിൽ പോലും പോകാതെ വീട്ടിൽ കഴിയുകയായിരുന്ന അദ്ദേഹം മരിച്ചപ്പോൾ ചിലർക്ക് കോവിഡ് ഭീതി. പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവ് തന്നെ.
മറ്റു പല രാജ്യങ്ങളിലുമില്ലാത്ത നിബന്ധനകളാണ് ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ അടിച്ചേൽപ്പിക്കുന്നതെന്ന് പൊതുവെ വിമർശിക്കപ്പെടുന്നുണ്ട്. ആശുപത്രിയിൽ വെച്ച് ആര് മരിച്ചാലും കോവിഡ് ടെസ്റ്റ് വേണം. മറ്റു രോഗങ്ങൾ, അപകടം മൂലമോ പ്രസവത്തിനു വേണ്ടിയോ എത്തുന്നവരിലും പരിശോധന കർശനം. നെഗറ്റീവെന്ന് ഉറപ്പുവന്നവരെ മാത്രമേ ഡോക്ടർ തൊടൂ. എന്നാൽ താൻ നെഗറ്റീവാണെന്ന് ചികിത്സക്കെത്തുന്നവരെ ബോധ്യപ്പെടുത്താൻ ഡോക്ടർക്ക് ഉത്തരവാദിത്തമില്ല തന്നെ. പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് ആൻജിയോഗ്രാം കഴിഞ്ഞ് വീട്ടിലെത്തിയ രോഗിക്ക് രണ്ടാം നാൾ ശ്വാസ തടസ്സം അനുഭവപ്പെട്ട് അതേ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരപ്പെട്ടതും ഒരാഴ്ച ഐസിയുവിൽ കിടന്ന ശേഷം മരിച്ചതും അനുഭവം. മറ്റാരുമായും സമ്പർക്കമേയില്ലാതിരുന്ന ഈ സ്ത്രീക്ക് രോഗം ലഭിച്ചത് ആശുപത്രിയിൽ നിന്നാണ് ബന്ധുക്കൾ ആരോപിക്കുന്നു.
കോവിഡ് മൂലം മരണമടഞ്ഞവരെ ബന്ധുക്കൾക്ക് കാണാനോ മതപരമായ കർമങ്ങൾ നിർവഹിക്കാനോ സാധിക്കുന്നില്ല. നാലു വർഷമായി ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന ഭർത്താവ് മരണപ്പെട്ടു പരിശോധിച്ചപ്പോൾ പോസിറ്റീവ്. ഒരു നോക്ക് അദ്ദേഹത്തെ കാണാൻ പോലും അവസരമില്ലാതെ വളണ്ടിയർമാർ മറവു ചെയ്തുവെന്ന് കേൾക്കേണ്ടിവന്ന ഭാര്യയുടെ കണ്ണീരിന് എന്തു സമാധാനം പറയണമെന്നറിയാതെ വിഷണ്ണനായതും അനുഭവം. പ്രസവിച്ച ഉടൻ മാതാവിനെയും കുഞ്ഞിനെയും മാറ്റിക്കിടത്തുന്നു. ചോരക്കുഞ്ഞിനെ ചില്ലു കൂട്ടിൽ നിന്ന് വിട്ടുകിട്ടാനും ഫലം വന്നേ പറ്റൂ. തന്റെ ജീവിതം പ്രശ്‌നമല്ല, നിറവയറോടെ കോവിഡ് ബ്ലോക്കിലേക്ക് കയറിപ്പോയ മകളെ പരിചരിക്കാൻ സാധിക്കണേ എന്നു പ്രാർത്ഥിക്കുന്ന ഉമ്മയെയും ആശുപത്രി വരാന്തയിൽ കണ്ടു.
ഒരു ദിവസം ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്നൊരു ഫോൺ. ആറ് പോസിറ്റീവ് മൃതശരീരങ്ങൾ മോർച്ചറിയിൽ കിടപ്പുണ്ട്, ‘എസ്‌വൈഎസ് സാന്ത്വന’ത്തിന് ഏറ്റെടുക്കാമോ എന്നാണ് ചോദ്യം. നിങ്ങൾ കൊണ്ടുപോയി ദഹിപ്പിച്ചാലും മതിയെന്ന് അധികൃതർ. ബന്ധുക്കൾക്ക് ആവശ്യമില്ലാത്ത ബോഡികളാണത്രെ. ബന്ധുക്കളെ നിരന്തരം ബന്ധപ്പെട്ടിട്ടും അവർ ഏറ്റെടുക്കാൻ തയ്യാറില്ല. കോവിഡ് മരണം ഏറെ ഭീതിപ്പെടുത്തുന്നതാണെന്ന് നേരിൽ ബോധ്യമായ നിമിഷം.
ചില സ്വകാര്യ ആശുപത്രികളുടെ നിലപാടുകൾ നാടിന് തന്നെ കളങ്കം വരുത്തുന്ന വിധത്തിലാണ്. രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ സംവിധാനങ്ങൾ മതിയാവാതെ വന്നപ്പോളാണ് പ്രൈവറ്റ് ഹോസ്പിറ്റലുകൾക്ക് ചികിത്സാനുമതിയായത്. ആന്റിജൻ ടെസ്റ്റ് സെന്ററുകൾ വർധിച്ച്, വേണമെങ്കിൽ വീട്ടിൽ വന്നും ടെസ്റ്റു നടത്തുന്ന രീതിയായതോടെ സ്വകാര്യ ലാബുകൾക്കും ചാകരയായി. രണ്ടാഴ്ച ഐസിയുവിൽ കിടന്ന് മരണപ്പെട്ട പിതാവിന്റെ ജനാസ ഏറ്റുവാങ്ങാൻ ചെന്ന ബന്ധുക്കളുടെ കണ്ണ് തള്ളിപ്പോയത് ഡിസ്ചാർജ് ബില്ല് കണ്ടപ്പോളാണ്. ആറ് ലക്ഷം രൂപ! പാവപ്പെട്ട മറ്റൊരു കുടുംബനാഥന് നാലു ദിവസത്തെ ബിൽ തുക രണ്ട് ലക്ഷത്തിനടുത്ത്. രണ്ടു പെൺമക്കൾ മാത്രമുള്ള ഇദ്ദേഹം നിർവാഹമില്ലാതെ കരഞ്ഞു പറഞ്ഞിട്ടും പ്രൈവറ്റ് മുതലാളിക്ക് കനിവുണ്ടായില്ല. ചുരുങ്ങിയ ദിവസത്തിന് ഇത്രയധികം ബില്ല് വരുന്നതെങ്ങനെയെന്ന് എത്ര കൂട്ടിക്കിഴിച്ചിട്ടും മനസ്സിലാവുന്നില്ല. കോവിഡിന് കാര്യമായൊരു ചികിത്സയും മരുന്നുമില്ലെന്ന വസ്തുത എല്ലാവർക്കുമറിയാം. മുപ്പതിനായിരം രൂപയുടെ കോവിഡ് ഇഞ്ചക്ഷൻ(?) രോഗിക്ക് കുത്തിവെച്ച ആശുപത്രിക്കാരും നമ്മുടെ നാട്ടിൽതന്നെയാണ്.
ഇത്തരം ദുരിതാവസ്ഥകൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ആരോഗ്യവകുപ്പും സർക്കാറുമെല്ലാം ശുചീകരിച്ചും സാമൂഹികാകലം പാലിച്ചും രോഗപ്രതിരോധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നിട്ടും വേണ്ടത്ര ജാഗ്രത എല്ലാവരും പാലിക്കുന്നുണ്ടോ?
പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സംബന്ധിച്ചിടത്തോളം സ്വകാര്യ ആതുരാലയങ്ങളിലെ കഴുത്തറപ്പ് താങ്ങാനാവില്ല. എന്നിട്ടും ചിലർ പോസിറ്റീവായ ഉടൻ പ്രൈവറ്റ് ആശുപത്രിയിലേക്കോടുന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് വ്യസ്ഥാപിതവും കൃത്യവുമായ സംവിധാനങ്ങളും മാർഗരേഖകളുമുണ്ട്. രോഗികൾ വർധിക്കുമ്പോൾ ചില്ലറ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും ചൂഷണം ഭയക്കേണ്ടതില്ല.
അനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റൊരു പ്രധാന കാര്യം ഉണർത്തട്ടെ. കിടപ്പു രോഗികൾ ഓരോ നാട്ടിലും ധാരാളമുണ്ടാകും. പ്രായാധിക്യമോ സ്ഥിരം രോഗമോ ഉള്ളവരായിരിക്കും പലരും. പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം ചിലപ്പോൾ മരണം നടന്നേക്കാം. ഇങ്ങനെ മരണപ്പെടുന്നവരിൽ മൂക്ക്, ചെവിയിൽ നിന്ന് രക്തം വരാം. ഉടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധപ്പെട്ടവർ ധൃതിപ്പെടും. ചിലപ്പോൾ ആശുപത്രിയിലേക്കുള്ള യാത്രയിലായിരിക്കും മരണം സംഭവിക്കുക. ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ഡോക്ടറെ പുറത്തേക്ക് വിളിച്ച് രോഗിയുടെ പൾസ് പരിശോധിപ്പിച്ചോ, വീട്ടിലാണെങ്കിൽ ഇത്തരം സംഗതികളിൽ പരിചയ സമ്പന്നരെ വരുത്തിയോ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. ആശുപത്രിയിലെത്തിയാൽ വകുപ്പു മാറും. എന്നുവെച്ച് അനിവാര്യ സാഹചര്യമാണെങ്കിൽ ആശുപത്രിയെ സമീപിക്കാതിരിക്കുകയുമരുത്. ചുരുക്കത്തിൽ, ജാഗ്രത കൈവിടാതിരിക്കുക. രോഗം വരാതെ ശ്രദ്ധിക്കാം, പ്രാർത്ഥിക്കാം, ചികിത്സക്ക് സർക്കാർ സൗകര്യങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. പികെ ബഷീർ അശ്‌റഫി ചേർപ്പ്
(തൃശൂർ ജില്ലാ എസ്‌വൈഎസ് സാന്ത്വനം കോഡിനേറ്ററാണ് ലേഖകൻ)