പച്ച പുതച്ച മുന്തിരിത്തോട്ടങ്ങൾ, പഴുത്ത് പാകമായ മുന്തിരിക്കുലകൾ, ഹരിതാഭമായ ആ തോട്ടത്തിന്റെ ചെരുവിൽ അൽപ്പം മാറി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് സുമുഖനായ ഒരു യുവാവ്. അൽപം കഴിഞ്ഞപ്പോൾ പടർന്ന് പന്തലിച്ച വള്ളികൾക്കിടയിലൂടെ ഒരാൾ കടന്നുവന്നു. പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായ ശൈഖ് ഇബ്‌റാഹിം എന്ന മഹാനായിരുന്നു അത്. ആഗതൻ സാത്വികനായൊരു മഹാത്മാവാണെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കിയ യുവാവ് പെട്ടെന്നെഴുന്നേറ്റ് ഭവ്യതയോടെ തന്റെ പുതപ്പ് വിരിച്ച് അദ്ദേഹത്തെ അതിൽ ഇരുത്തുകയും പഴുത്ത ഒരു മുന്തിരിക്കുല സമ്മാനമായി നൽകുകയും ചെയ്തു. തോട്ടക്കാരനായ യുവാവിന്റെ മുഖത്ത് പ്രസരിക്കുന്ന ആത്മീയ ചൈതന്യം തിരിച്ചറിഞ്ഞ ശൈഖ് തന്റെ സഞ്ചിയിൽ നിന്ന് ഒരു റൊട്ടിക്കഷ്ണമെടുത്ത് അദ്ദേഹത്തിന് നൽകി. വിമ്മിട്ടമൊന്നും കൂടാതെ അതുവാങ്ങി കഴിച്ചപ്പോൾ ആ ചെറുപ്പക്കാരന് അനിർവചനീയമായ അനുഭൂതി അനുഭവപ്പെടുകയും അല്ലാഹുവല്ലാത്ത മറ്റെല്ലാം മറന്ന് പരിസര ബോധം നഷ്ടപ്പെടുകയും ചെയ്തു. അൽപം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ ആഗതൻ സ്ഥലത്തുണ്ടായിരുന്നില്ല. ഈ ചെറുപ്പക്കാരനാണ് പിൽക്കാലത്ത് വടക്കേ ഇന്ത്യയിലെ മരുപ്പച്ചയായ അജ്മീറിലെത്തി പരശ്ശതം ജനങ്ങൾക്ക് ഇസ്‌ലാമിക വെളിച്ചം പകർന്നു നൽകിയ സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ).

 

ജനനവും ബാല്യവും

സുൽത്വാനുൽ ഹിന്ദ് ഖാജാ തങ്ങളുടെ സ്മരണകൾ കൊണ്ടനുഗ്രഹീതമായ മാസമാണ് റജബ്. ഇറാനിലെ സിജിസ്ഥാൻ പ്രവിശ്യയിലെ സഞ്ചർ എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ജനനവും മരണവും റജബ് മാസത്തിലായിരുന്നു. പ്രവാചക പുത്രി ഫാത്തിമ(റ)യുടെ പതിനൊന്നാമത്തെ തലമുറയിൽ പെട്ട ശൈഖ് ഗിയാസുദ്ദീൻ എന്നവരുടെ മകനായി ഹിജ്‌റ 547 റജബ് 14-നാണ് അദ്ദേഹം പിറന്നത്. പ്രമുഖ പണ്ഡിതനും പ്രമാണിയുമായിരുന്ന ഗിയാസുദ്ദീൻ സഞ്ചർ നിവാസികളുടെ മതകാര്യ ഉപദേഷ്ടാവ് കൂടിയായിരുന്നു. സയ്യിദ് കുടുംബത്തിൽ പെട്ട ബീവി ഉമ്മുൽ വറഅ് മാഹിൻനൂർ എന്നവരാണ് മാതാവ്. തികഞ്ഞ മതഭക്തയും പണ്ഡിതയുമായിരുന്ന അവർ നാട്ടിലെ വനിതകൾക്കും കുട്ടികൾക്കും ഖുർആൻ പാരായണവും മതനിയമങ്ങളും പഠിപ്പിച്ചിരുന്നു. അറിവും സമ്പത്തും കൈമുതലുള്ള ആ ദമ്പതികൾ ഐശ്വര്യ പൂർണമായ ജീവിതമാണ് നയിച്ചിരുന്നത്. ഖാജയെ ഗർഭം ധരിച്ചതു മുതൽ പല അത്ഭുതങ്ങൾക്കും അവർ ദൃക്‌സാക്ഷികളായി. ഗർഭസ്ഥശിശുവായിരുന്ന ഖാജാ തങ്ങൾ പ്രത്യേക സമയങ്ങളിൽ ദിക്‌റുകളും തസ്ബീഹുകളും ഉരുവിടുന്നത് മാതാവ് കേൾക്കാറുണ്ടായിരുന്നു.

ശൈശവ കാലത്ത് തന്നെ ഖാജായുടെ ആത്മീയ സിദ്ധികൾ നാട്ടുകാർക്ക് ബോധ്യമായിരുന്നു. ഗ്രാമവാസികളായ സ്ത്രീകൾ അവരുടെ കൈക്കുഞ്ഞുങ്ങൾക്ക് അസുഖമായി വേവലാതി പറഞ്ഞു വരുമ്പോൾ കുഞ്ഞായ ഖാജ അവരെ തലോടുകയും ഇളം കൈകളുയർത്തി പ്രാർത്ഥിക്കുകയും തൽക്ഷണം രോഗശമനം ലഭിക്കുകയും ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹം വേദനയനുഭവിക്കുന്നവരുടെ ആശാകേന്ദ്രമായിരുന്നു എന്നതിന്റെ നേർചിത്രമാണ് പ്രസ്തുത സംഭവങ്ങൾ. നിരവധി രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന ഗിയാസുദ്ദീന് ഖാജയുടെ ജനനം കൂടുതൽ അഭിവൃദ്ധി നൽകി. സമ്പദ്‌സമൃദ്ധിയിൽ വളർന്ന ആ കുട്ടിക്ക് പക്ഷേ, കുടുംബത്തിന്റെ സുഖസമ്പൂർണമായ ജീവിതത്തോട് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ആത്മീയ ഗുരുക്കളുമായി സമ്പർക്കം പുലർത്തിയും സദുപദേശങ്ങൾ തേടി അവ ജീവിതത്തിൽ പകർത്തിയും വളർന്ന ഖാജയിൽ ആത്മീയ പരിവർത്തനത്തിന്റെ അനുരണനങ്ങൾ പ്രതിഫലിച്ചുകൊണ്ടിരുന്നു.

 

വഴിത്തിരിവ്

സഞ്ചർ ഗ്രാമത്തിൽ മാതാപിതാക്കളോടൊത്ത് സൗഖ്യത്തോടെ ജീവിക്കുമ്പോഴായിരുന്നു ഖാജാ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവവികാസങ്ങൾ ഉണ്ടായത്. ഇറാനിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം സഞ്ചർ നിവാസികളെയും പ്രതിസന്ധിയിലാക്കി. യുദ്ധക്കെടുതികളിൽ നിന്ന് രക്ഷ നേടാനും അതിജീവനത്തിന്റെ പുതിയ മാർഗങ്ങൾ അന്വേഷിക്കാനും ഗ്രാമീണർ വിവിധ നാടുകളിലേക്ക് പലായനം ചെയ്തു. ഖാജയുടെ കുടുംബം ഖുറാസാനിലെ നിഷ്പൂർ എന്ന ഗ്രാമത്തിലേക്കായിരുന്നു കുടിയേറിയത്. ശൈഖ് ഗിയാസുദ്ദീൻ അവിടെ സ്ഥിരതാമസമാക്കുകയും ഒരു മുന്തിരിത്തോട്ടം വിലയ്ക്കുവാങ്ങി ഉപജീവന മാർഗം കണ്ടെത്തുകയും ചെയ്തു. ഏറെ വൈകാതെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അനാഥനായ ഖാജാ തങ്ങളെ മാതാവ് ഉമ്മുൽ വറഅ് വാത്സല്യത്തോടെ വളർത്തി വന്നെങ്കിലും താമസിയാതെ അവരും നാഥന്റെ വിളിക്ക് ഉത്തരം നൽകി. മാതാപിതാക്കളുടെ വിയോഗം പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഖാജ തങ്ങളെ വല്ലാതെ തളർത്തിയെങ്കിലും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് മഹാന് ആത്മബലം നൽകിയത്. ദൈനംദിന ചെലവുകൾ കണ്ടെത്താനായി മുന്തിരി തോട്ടത്തിൽ തനിച്ച് ജോലി ചെയ്ത് വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ഖാജ തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ശൈഖ് ഇബ്‌റാഹിമിന്റെ വരവും തുടർ സംഭവങ്ങളും ഉണ്ടായത്.

അതോടെ, അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത കൂടുകയും ഭൗതിക വിരക്തി തോന്നിത്തുടങ്ങുകയും ചെയ്തു. പ്രപഞ്ചനാഥന്റെ പ്രീതിയും സാമീപ്യവും നേടുന്നതിലാണ് ജീവിത വിജയമെന്നും അതിന് അധ്യാത്മികമായ ഔന്നത്യം ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് അദ്ദേഹത്തിന്റെ ബോധമണ്ഡലത്തെ കൂടുതൽ സ്വാധീനിച്ചുകൊണ്ടിരുന്നു. അവസാനം എല്ലാമെല്ലാമായിരുന്ന മുന്തിരിത്തോട്ടം വിറ്റ് കിട്ടിയ സംഖ്യ പാവപ്പെട്ടവർക്ക് ദാനം ചെയ്ത ശേഷം മഹാൻ നിഷ്പൂരിൽ നിന്നു യാത്ര തിരിച്ചു.

അറിവിന്റെ ഉറവകൾ തേടിയുള്ള അലച്ചിലായിരുന്നു പിന്നീട്. കാടും കടലും മലയും മരുഭൂമിയും താണ്ടിയുള്ള യാത്രയിൽ ഭൗതികമായ ഒന്നും ഖാജാ തങ്ങൾക്ക് തടസ്സമായിരുന്നില്ല. ഇക്കാലയളവിൽ ലോകത്തെ വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്ന ബഗ്ദാദ്, ഈജിപ്ത്, കോർദോവ, തുർക്കി, സമർഖന്ദ്, എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും അവസാനം റഷ്യയിലെ ബുഖാറയിൽ താമസിച്ച് അവിടത്തെ പ്രസിദ്ധ പണ്ഡിതനായിത്തീർന്ന മൗലാന ഹിസാമുദ്ദീൻ ബുഖാരി(റ)യുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കുറച്ചു കാലം ആ ഗുരുസന്നിധിയിൽ പഠിച്ചു. അവിടെ വെച്ച് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കുകയും കർമശാസ്ത്രത്തിൽ അവഗാഹം നേടുകയുമുണ്ടായി. എന്നാൽ വിജ്ഞാന ദാഹം അടങ്ങാത്ത മഹാൻ വന്ദ്യഗുരുവിന്റെ അനുഗ്രഹങ്ങൾ വാങ്ങി ആത്മജ്ഞാനത്തിന്റെ ഉറവിടങ്ങൾ തേടി വീണ്ടും യാത്ര തിരിച്ചു. നാഥന്റെ സാമീപ്യം കൊതിച്ച്, പ്രപഞ്ചത്തിന്റെ പരംപൊരുളന്വേഷിച്ച് കൊണ്ടുള്ള ആ പ്രയാണം ചെന്നവസാനിച്ചത് മഹാപണ്ഡിതനും ചിശ്തി ത്വരീഖത്തിന്റെ ശൈഖും ഖലീഫയുമായി ഉസ്മാൻ ഹാറൂനി(റ)യുടെ അടുക്കലായിരുന്നു. ഹാറൂനിയുടെ ശിഷ്യത്വം സ്വീകരിച്ച് രണ്ട് പതിറ്റാണ്ടോളം അദ്ദേഹത്തോടൊപ്പം സഹവസിച്ച മഹാൻ അറിവിന്റെ ആഴങ്ങളിലേക്കിറങ്ങുകയും അധ്യാത്മികതയുടെ ഗിരിശൃംഗങ്ങൾ കീഴടക്കുകയും ചെയ്തു. ഖാജയെ ശിഷ്യനായി ലഭിച്ചതിൽ ഹാറൂനി അതിരറ്റ് സന്തോഷിച്ചിരുന്നു. പിന്നീട് തന്റെ അരുമ ശിഷ്യനെ ചിശ്തി ത്വരീഖത്തിന്റെ സമുന്നത നേതാവായി അവരോധിച്ച് സ്ഥാനവസ്ത്രവും തലപ്പാവും നൽകി ആദരിച്ച്, പ്രബോധന പ്രവർത്തനങ്ങൾക്കായി പറഞ്ഞയച്ചു. വിശുദ്ധ ദീനിന്റെ പ്രബോധനാർത്ഥമാണെങ്കിലും വിട്ടുപിരിയേണ്ടിവന്നതിൽ ഇരുവരും വല്ലാതെ ദു:ഖിച്ചു. എങ്കിലും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ച് വിരഹ ദു:ഖവുമായി  ഹാറൂനിയുടെ ഗുരുകുലത്തിൽ നിന്നു ഖാജ വിട ചോദിച്ചു.

കാലങ്ങൾക്കു ശേഷം, ഒരിക്കൽ ശിഷ്യഗണങ്ങളോടൊത്ത് ഹജ്ജ് വേളയിൽ തിരുനബി സന്നിധാനത്തിൽ പ്രാർത്ഥനാ നിരതനായിരിക്കെ ഖാജാ തങ്ങൾക്ക് നബി(സ്വ)യുടെ കൽപന വന്നു. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭൂപ്രദേശമായ രാജസ്ഥാനിലെ അജ്മീറിൽ ചെന്ന് ദീൻ പ്രബോധനം ചെയ്യണമെന്നായിരുന്നു ആജ്ഞ. പ്രവാചകർ(സ്വ)യുടെ ദൂതനായി വന്നത് കൊണ്ടാണ് അദ്ദേഹത്തിന് ‘അത്വാഉറസൂൽ’ എന്ന നാമം ലഭിച്ചത്.

 

മരുപ്പച്ചതേടി       

ഇന്തോ-പാക് അതിർത്തി പ്രദേശമായ ഖൈബർ ചുരത്തിലെ ദുർഘട പാതകൾ താണ്ടിയാണ് ശൈഖ് മുഈനുദ്ദീൻ ചിശ്തി(റ) ഇന്ത്യയിലെത്തിയത്. ഹിജ്‌റ 588-ൽ നാൽപത് ശിഷ്യന്മാരോടൊപ്പം അദ്ദേഹം അജ്മീറിലെത്തി. നിരവധി വൈദേശിക ശക്തികളെ തോൽപ്പിച്ച രജപുത്ര രാജകുടുംബത്തിലെ പ്രധാനിയായ പൃഥിരാജ് ചൗഹാനായിരുന്നു അന്ന് അജ്മീർ പ്രവിശ്യ ഭരിച്ചിരുന്നത്. പ്രകൃതിയിലെ വസ്തുക്കൾക്ക് ദൈവികത കൽപ്പിച്ച് അന്നത്തെ സമൂഹം അവയെ ആരാധിച്ചിരുന്നു. മഹ്മൂദ് ഗസ്‌നിയും മുഹമ്മദ് ഗോറിയും തുഗ്ലക്കുമെല്ലാം സായുധ സൈന്യവുമായാണ് രാജ്യം കീഴടക്കാൻ വന്നതെങ്കിൽ നിരായുധരായി വന്ന ഖാജാ തങ്ങളും അനുചരരും അവരുടെ സ്‌നേഹ സമീപനം കൊണ്ടാണ് ജനമനസ്സുകൾ കീഴടക്കിയത്.

പ്രബോധന വീഥിയിൽ ഖാജക്ക് വൈതരണികൾ ഏറെയുണ്ടായിരുന്നു. മഹാന്റെ ആഗമനത്തിന് മുമ്പ് തന്നെ ഈ ചരിത്രനിയോഗത്തെ കുറിച്ച് രജപുത്ര രാജാക്കന്മാരുടെ അമ്മയായ രാജമാത പ്രവചിച്ചിരുന്നു. ജ്യോതിഷം അറിയുമായിരുന്നു അവർക്ക്. തന്റെ മക്കളുടെ അധികാരം നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. അജ്മീറിലെത്തിയ ഖാജാ തങ്ങളെ ആദ്യം നാട് കടത്താനും പിന്നീട് വധിക്കാനും രാജാവ് ശ്രമിച്ചുവെങ്കിലും എല്ലാം അദ്ദേഹത്തിന്റെ ആത്മീയ സിദ്ധികൾക്ക് മുന്നിൽ നിഷ്പ്രഭമാവുകയാണുണ്ടായത്. അജ്മീറിലെ ആളൊഴിഞ്ഞ സ്ഥലത്ത് തമ്പടിച്ച് നിസ്‌കാരവും മറ്റ് ആരാധനകളുമായി ജീവിച്ച ഖാജാ തങ്ങളെയും അനുയായികളെയും രാജാവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരിക്കൽ രാജാവിന്റെ ഉത്തരവ് പ്രകാരം ആഭിചാരക്രിയയിൽ പ്രാഗത്ഭ്യമുള്ള ശാന്തിദേവ് എന്ന പൂജാരി മഹാനെ വിരട്ടാനായി വന്നു. എന്നാൽ സ്വതസിദ്ധമായ ശൈലിയിൽ ശാന്തിദേവിനെ നോക്കി ഖാജാ തങ്ങൾ പുഞ്ചിരിച്ചു. ആ നോട്ടം അയാളിൽ അത്ഭുതകരമായ മാനസിക പരിവർത്തനമുണ്ടാക്കുകയും അയാൾ മുസ്‌ലിമാവുകയും ചെയ്തു. ശാന്തിദേവിന്റെ മതപരിവർത്തനം പൃഥിരാജിനെ നടുക്കി. ക്രോധം ഇരട്ടിച്ച അയാൾ കുപ്രസിദ്ധ മന്ത്രവാദിയായ അജയപാലൻ യോഗിയെ വിളിച്ചുവരുത്തി ഖാജയെ തുരത്താനുള്ള പോംവഴി കണ്ടെത്താൻ കൽപിച്ചു. ശൈഖിനെ പല രൂപത്തിലും വിരട്ടി നോക്കിയ യോഗി തന്റെ ജാലവിദ്യകളൊന്നും ഫലിക്കുന്നില്ലെന്ന് വന്നപ്പോൾ അവസാനത്തെ വഴിയെന്ന നിലക്ക് മന്ത്രവാദം കൊണ്ട് പരിസര പ്രദേശങ്ങളിലെ പാമ്പുകളെയെല്ലാം ഖാജയുടെ നേർക്ക് തിരിച്ചുവിട്ടത്രെ. പരശ്ശതം വിഷസർപ്പങ്ങൾ മഹാന്റെ നേർക്ക് ഇഴഞ്ഞ് വന്നെങ്കിലും അടുത്തെത്തുമ്പോഴേക്കും അവ പിടഞ്ഞുവീണ് ചത്തൊടുങ്ങുകയാണുണ്ടായത്. ഖാജ തങ്ങളുടെ മഹത്ത്വം മനസ്സിലാക്കിയ യോഗി അദ്ദേഹത്തിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

നിറപുഞ്ചിരിയോടെ ജനങ്ങളെ സമീപിച്ച ഖാജാ തങ്ങളെ എല്ലാവരും അംഗീകരിച്ചു. ഒടുവിൽ രാജകുടുംബത്തിലെ ചില അംഗങ്ങൾ വരെ ഇസ്‌ലാം പുൽകി. സ്‌നേഹവും സഹനവും മുഖമുദ്രയാക്കി വർത്തിച്ച ഖാജാ തങ്ങൾക്ക് അവർക്കിടയിൽ ഉന്നതസ്ഥാനം നൽകപ്പെട്ടു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലും ഇടക്കാലത്ത് അദ്ദേഹം വന്ന് ഇസ്‌ലാം പ്രബോധനം ചെയ്തിരുന്നു. പിന്നീട് അവിടത്തെ എല്ലാ ചുമതലകളും ശിഷ്യനും പണ്ഡിതനുമായ ഖുത്ബുദ്ദീൻ ബഖ്തിയാർ കാക്കി(റ)യെ ഏൽപ്പിച്ച് അജ്മീറിലേക്ക് മടങ്ങി.

ഹിജ്‌റ 633 റജബിലായിരുന്നു മഹാന്റെ വിയോഗം. ഇബാദത്തുകൾക്കായി പ്രത്യേകം തയ്യാർ ചെയ്തിരുന്ന മുറിയിൽ രാത്രി സമയത്ത് ആരാധനാ കർമങ്ങളിൽ മുഴുകിയിരിക്കെ ആ പുണ്യാത്മാവ് സ്രഷ്ടാവിന്റെ സന്നിധിയിലേക്ക് യാത്രയായി. പാവങ്ങളുടെ ആശാകേന്ദ്രമായാണ് എക്കാലത്തും അദ്ദേഹം ജീവിച്ചത്. അതു കൊണ്ടാണ് ‘ഗരീബ് നവാസ്’ എന്ന നാമധേയത്തിൽ മഹാൻ അറിയപ്പെട്ടത്. തീർത്തും ലളിതമായിരുന്നു ജീവിതം. അതേസമയം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ സുൽത്വാനായി മഹാൻ അറിയപ്പെടുന്നു. ജീവിത വിശുദ്ധി കൊണ്ടും വ്യക്തി മാഹാത്മ്യം കൊണ്ടും ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഖാജാ തങ്ങളുടെ ദർബാറിൽ ഇന്നും ദേശീയ-അന്തർ ദേശീയ നേതാക്കളും ഭരണാധികാരികളും വന്ന് അനുഗ്രഹീതരാകുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ  നിസ്തുലമായ പങ്ക് വഹിച്ച ഖാജാ മുഈനുദ്ദീൻ ചിശ്തി(റ)നെ മുസ്‌ലിം ഇന്ത്യ എന്നും സ്മരിച്ചു കൊണ്ടേയിരിക്കും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ