‘താൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വസ്തു കളഞ്ഞു പോയെന്നറിയുമ്പോൾ ഒരു പാവത്താൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഓർക്കുക. ഏതാണ്ട് അത്തരത്തിലൊരു
വിഡ്ഢിത്തം തന്നെയാണ് ആത്മഹത്യ’- സാമൂഹിക ശാസ്ത്രജ്ഞനായ എഡ്വേർഡ് പറഞ്ഞതാണിത്. ചുരുങ്ങിയ ജീവിതത്തിൽ അനുഭവിക്കുന്ന നിസ്സാര പ്രതിസന്ധികൾക്ക് വേണ്ടി സുന്ദരമായ ജീവിതം നശിപ്പിച്ചുകളയുകയാണ് ചിലർ. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നത്തിലും അവസാന ആശ്രയം ആത്മഹത്യയായിരിക്കുന്നു. എല്ലാ മതങ്ങളും ആത്മഹത്യയെ നിന്ദ്യവും വിനാശകരവുമായ ദുഷ്ചെയ്തിയായാണ് കാണുന്നത്. ഇതിനോടുള്ള ഇസ്ലാമിക വീക്ഷണം ഏറെ ശ്രദ്ധേയമാണ്.
പണ്ട് കാലങ്ങളിൽ ആത്മഹത്യ മഹാപാപമായിട്ടാണ് ജനങ്ങൾ കണ്ടിരുന്നത്. ആരെങ്കിലും ഇതിന് മുന്നിടുമ്പോൾ അത് അയാളുടെ മോശം ചുവടുവെപ്പായി ഗണിക്കപ്പെട്ടു. എന്നാൽ പിന്നീട് ഈ മനോഭവാം മാറി. സിനിമയും സീരിയലും ആത്മഹത്യയെ ലളിതവൽക്കരിച്ചും മഹത്ത്വവൽക്കരിച്ചും അവതരിപ്പിച്ചത് ഇതിനു സഹായകമായി.
മുതലാളിത്തത്തിന്റെ ആവിർഭാവം വരെ മനുഷ്യർ സമ്പൂർണ സ്വതന്ത്രരായിരുന്നില്ല. മറിച്ച് ഒരു നിർണിത വലയത്തിൽ ഒതുങ്ങിക്കൂടിയവരായിരുന്നു. അത് കൊണ്ട് ആത്മഹത്യയുടെ നിരക്കും അന്ന് വളരെ കുറവായിരുന്നു. ഇടക്കാലത്ത് മുതലാളിത്തത്തിന്റെ ഉപോൽപന്നമായ അണുകുടുംബ വ്യവസ്ഥ സമൂഹത്തിൽ പെരുകുകയുണ്ടായി. അത് മനുഷ്യനെ കൂടുതൽ സ്വാതന്ത്രനാക്കി. ഈ സ്വതന്ത്ര്യത്താൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ജീവിതം ബലികൊടുക്കുന്ന ദുർബല മനസ്കരായി സമൂഹം. മാർക്സും മറ്റും ചൂണ്ടിക്കാട്ടിയ വ്യക്തിയുടെ അന്യവത്കരണം (അഹശലിമശേീി ീള ശിറശ്ശറൗമഹ) എന്ന സാമൂഹിക പ്രശ്നവും മറ്റുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ആത്മഹത്യാനിരക്ക് സമൂഹത്തിൽ വൻതോതിൽ വ്യാപിച്ചതോടെ ആത്മഹത്യയെ കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ പഠനം തുടങ്ങി. 1897-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഫ്രഞ്ച് സാമൂഹ്യ ശാസ്ത്രജ്ഞനായ എമൈൽ ദുർക്കീമിന്റെ ‘ടൗശരശറല’ എന്ന ഗ്രന്ഥമാണ് ആത്മഹത്യയുടെ സങ്കീർണതകളെ പറ്റിയുള്ള ആദ്യത്തെ ആധികാരിക പഠനം. അതിൽ വിശദമായി തന്നെ ആത്മഹത്യയുടെ ഭവിഷ്യത്തുകളും സാമൂഹ്യ സാഹചര്യങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. പൊതുവെ മൂന്ന് വിഭാഗങ്ങളായാണ് ആത്മഹത്യകളെ അദ്ദേഹം തരംതിരിക്കുന്നത്:
- സ്വാർത്ഥ കാരണങ്ങൾകൊണ്ടു സംഭവിക്കുന്ന ആത്മഹത്യകൾ. വ്യക്തിയും സമൂഹവുമായി അകലുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്.
- ഏതെങ്കിലും ആശയമോ പ്രസ്ഥാനമോ നൽകുന്ന അതിശക്തമായ പ്രേരണ മൂലം ഉണ്ടാകുന്ന ആത്മഹത്യകൾ. ഇവിടെ വ്യക്തിപരമായ പ്രശ്നങ്ങൾ അപ്രധാനമാണ്.
- സമൂഹത്തിന്റെ ചട്ടങ്ങളും നിയമങ്ങളും ഒരുക്കുന്ന നിയന്ത്രണത്തിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത വ്യക്തികൾക്ക് ഉണ്ടാവുന്ന തിരിച്ചടികളാൽ സംഭവിക്കുന്ന ആത്മഹത്യകൾ. ഇവയെ ദുർക്കീം (അിീാശര ടൗശരശറല) എന്നു വിളിച്ചു.
ആധുനിക സാമൂഹിക ശാസ്ത്രജ്ഞന്മാർക്കിടയിൽ ദുർക്കീമിന്റെ തത്ത്വങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആധികാരിക പഠനങ്ങൾ ഇന്നും പലവിധത്തിൽ ലോകതലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഓരോ രാഷ്ട്രത്തലവന്മാരും സ്വന്തം രാജ്യത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിഭിന്ന പദ്ധതികൾ ആവിഷ്കരിക്കുമല്ലോ. ഒരു വശത്ത് സാമ്പത്തിക വളർച്ചയുടെ കണക്കുകൾ കൊട്ടിഘോഷിക്കുമ്പോൾ മറുവശത്ത് സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ വർധിക്കുന്നു. താഴ്ന്ന വരുമാനക്കാർ, സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവർ, ദിവസക്കൂലിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കാർഷിക/നിർമാണ/വ്യാവസായിക മേഖലകളിലെ തൊഴിലാളികൾ, തൊഴിൽ രഹിതർ പോലുള്ള സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾ പുതിയ സാമ്പത്തിക നയങ്ങളുടെ കുത്തൊഴുക്കിൽ അടിതെറ്റി നൈരാശ്യത്തിന്റെ കയങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്നു. 15-നും 35-നുമിടക്കുള്ള പ്രായക്കാരിലെ പ്രധാന ആത്മഹത്യാ പ്രേരകം ഇതാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഓരോ 40 സെക്കന്റിലും ലോകത്തൊരാൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഭാരതത്തിലാവട്ടെ, ഓരോ അഞ്ച് മിനിറ്റിലും ഒരു ആത്മഹത്യ നടക്കുന്നു. ഇവരിൽ മൂന്നിലൊന്നും 15-നും 30-നും ഇടയ്ക്കു പ്രായമുള്ളവരാണ്. ലോക രാഷ്ട്രങ്ങളുടെ ആത്മഹത്യാ നിരക്ക് പരിശോധിക്കുമ്പോൾ മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലാണ് (ഉദാ: ലിത്വാനിയ, റഷ്യൻ ഫെഡറേഷൻ, എസ്തോണിയ) ഏറ്റവും കൂടുതൽ ആത്മാഹുതി. ഏറ്റവും കുറവാകട്ടെ കുവൈത്ത് പോലുള്ള രാജ്യങ്ങളിലും. ഇക്കാര്യത്തിൽ ഭാരതം മധ്യമ ശ്രേണിയിലാണ് വരുന്നത്. എല്ലാ രാഷ്ട്രങ്ങളിലും സ്ത്രീ പുരുഷന്മാരുടെ ആത്മഹത്യാ നിരക്കുകൾ തമ്മിൽ സാരമായ വ്യത്യാസമുണ്ട്. പുരുഷന്മാരുടെ ആത്മഹത്യാ നിരക്ക് ഏറ്റവും ഉയർന്ന് കാണുന്നത് ലിത്വാനിയയിലാണ്(70.1). ഏറ്റവും കുറവ് കുവൈത്തിലാണ്(2.5). സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഏറ്റവും ഉയർന്നിരിക്കുന്നത് ദക്ഷിണ കൊറിയയിലും(15) ഏറ്റവും കുറവ് മെക്സിക്കോയിലു(1.3)മാണ്.
ഇന്ത്യയിൽ പുരുഷന്മാരുടെ ആത്മഹത്യാ നിരക്ക് 13.7 ഉം സ്ത്രീകളുടേത് 8.3 ഉം ആണ്. ഫ്രാൻസ്, ജപ്പാൻ, സ്വിറ്റ്സർലാണ്ട് തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങളിൽ ഇന്ത്യയെക്കാൾ ഉയർന്ന ആത്മഹത്യാ നിരക്കാണുള്ളത്. രാജ്യത്ത് ഈയിടെ നടന്ന കാർഷിക സമരങ്ങളും മറ്റും പാവപ്പെട്ട കർഷക തൊഴിലാളികളുടെ ജീവിത യാതനകളാണ് വിളിച്ച് പറയുന്നത്. ഇത്തരം വേദനകളാണ് കർഷക ആത്മഹത്യക്ക് പിന്നിലെന്ന് മനസ്സിലാക്കാം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആത്മഹത്യാ നിരക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലാണ് ഉയർന്ന നിരക്കുള്ളത്. 1984-ൽ ഭാരതത്തിലെ ആകെ ആത്മഹത്യകളുടെ 11.10 ശതമാനം കേരളത്തിലായിരുന്നു. 1984-ൽ 5617 ആത്മഹത്യകളാണ് നടന്നതെങ്കിൽ 1996-ൽ 8086 ആയി ഉയർന്നു. 2002-ൽ 9810 എന്ന റിക്കാർഡിലെത്തി. തുടർന്നുള്ള വർഷങ്ങളിൽ ശരാശരി 9000 ആത്മഹത്യ എന്ന തലത്തിൽ നിൽക്കുന്നു.
ആത്മഹത്യകളുടെ പിന്നാമ്പുറം അന്വേഷിക്കുമ്പോൾ നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. അനിയത്തി ടി.വി റിമോട്ട് തരാത്തതിന് തുണ്ടുകയറിൽ ജീവിതം അവസാനിപ്പിച്ച സഹോദരൻ, കുടുംബ സ്വത്ത് വീതം വച്ചപ്പോൾ ചെറിയ പോരായ്മ വന്നതിന് വിഷം കഴിച്ച മകൻ. ഇങ്ങനെ പോകുന്നു മരണ കാരണങ്ങൾ. മാനസികക്കരുത്തിന്റെ അഭാവമാണ് വ്യക്തികളെ മരണക്കയത്തിലേക്ക് തള്ളിയിടുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളം പലതിലും ഏറെ മുന്നിലാണെങ്കിലും ഇത്തരം നിന്ദ്യമായ പ്രവർത്തനങ്ങൾ കൊണ്ട് ആത്മാഭിമാനത്തെ ബലി കൊടുക്കുകയാണ്. മദ്യപാനം, മയക്കുമരുന്നുപയോഗം, സിനിമയും സീരിയലും, സമ്പത്തിനോടും ഉയർന്ന ജീവിതനിലവാരത്തോടുമുള്ള അത്യാർത്തി ഇതൊക്കെയും ആഹുതി ചെയ്യാൻ ദുർബല മനസ്കരെ പ്രേരിപ്പിക്കുന്നു.
മതങ്ങളുടെ കാഴ്ചപ്പാട്
നിത്യനാശവും നിത്യനരകവുമാണ് ആത്മഹത്യയുടെ പരിണിത ഫലമെന്ന് സെമിറ്റിക് മതങ്ങൾ ഉദ്ഘോഷിക്കുന്നു. ആത്മഹത്യ പാപമാണെന്നാണ് വിവിധ മതങ്ങൾ പഠിപ്പിക്കുന്നത്. അത്കൊണ്ട്തന്നെ മനുഷ്യ കുലത്തെ ഒരു പരിധി വരെ ആത്മഹത്യ പോലുള്ള നീചകൃത്യങ്ങളിൽ നിന്ന് തടയുന്നത് മതങ്ങളാണ്. മാനവ സംസ്കാരത്തിന്റെ പുരോഗതിയിൽ സമൂഹത്തിന് കെട്ടുറപ്പും ഒരുമയും യോജിച്ചുള്ള നിലപാടുകളും നൽകിയത് മതവിശ്വാസമായിരുന്നുവെന്നും സമൂഹം നേരിടുന്ന തകർച്ചകളിൽ നശിച്ചുപോകാതെ സംരക്ഷണം നൽകുന്നതിൽ വിശ്വാസത്തിന് നിർണായക പ്രാധാന്യമുണ്ടെന്നും ദുർക്കീം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പശ്ചാത്തലത്തിൽ മതങ്ങൾ തമ്മിൽ താരതമ്യം നടത്തുമ്പോൾ ആത്മഹത്യ ചെയ്തവരിൽ ഏറെയും ഹിന്ദു മതവിശ്വാസികളാണെന്നു കാണാം.
വളരെ കുറവ് മുസ്ലിംകളും. മതം യഥാവിധി അംഗീകരിക്കുന്ന മുസ്ലിംകളിൽ ആത്മഹത്യ തീരെയില്ലെന്നു തന്നെ പറയാം.
കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതായപ്പോൾ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ഹൈന്ദവർക്കാണ്. കൂടാതെ മതത്തിലെ അവലംബം ഹിന്ദുമതത്തിന് കിട്ടാറുമില്ല. ഈ രണ്ട് കാരണങ്ങളാണ് ഹിന്ദു മതവിശ്വാസികൾ ആത്മഹത്യയിൽ മുന്നിലാവാൻ കാരണമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞരുടെ പക്ഷം. മതകാര്യങ്ങളിൽ ഹിന്ദു വിശ്വാസി സ്വതന്ത്രനാണ്. ക്ഷേത്രദർശനവും പൂജയും നിഷ്ഠകളുമൊന്നും നിർബന്ധമല്ലാത്ത ഒരു സ്വതന്ത്ര മതസമൂഹത്തിലെ പ്രശ്നബാധിതർ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നു. എന്നാൽ ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും അവസ്ഥ ഇതിൽ നിന്നു ഭിന്നമാണ്.
ആത്മഹത്യയും ഇസ്ലാമും
മറ്റു മതങ്ങൾ ആത്മഹത്യയെ സമീപിക്കുന്നതിനെക്കാൾ ഗൗരവമായാണ് ഇസ്ലാം അതിനെ കാണുന്നത്. ഒരുവിധത്തിലും ഇസ്ലാം ഈ നീചവൃത്തി അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വളരെ വിരളമായി മാത്രമേ ഇസ്ലാം മതവിശ്വാസികൾ ആത്മഹത്യക്ക് മുതിരുന്നുള്ളൂ. ആത്മഹത്യയെ ഇസ്ലാം വീക്ഷിക്കുന്നത് വൻകുറ്റമായും മറ്റുള്ളവരെ വധിക്കുന്നതിന് സമാനമായുമാണ്. ആത്മഹത്യ ചെയ്തവൻ ഏത് നിലയിലാണോ മരണപ്പെട്ടത് അതേയവസ്ഥയിൽ ശിക്ഷിക്കപ്പെടുമെന്നാണ് പ്രവാചക പാഠം. അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഇരുമ്പ് കൊണ്ട് വല്ലവനും ആത്മഹത്യ ചെയ്താൽ ഇരുമ്പ് അവന്റെ കൈയിൽ ഉണ്ടായിരിക്കും. അതുകൊണ്ട് അവൻ വയറ്റിൽ കുത്തിക്കൊണ്ടിരിക്കും. ശാശ്വതമായി നരകത്തിൽ കിടക്കുന്നതുമാണ്. വല്ലവനും വിഷം കഴിച്ച് ആത്മഹത്യ ചെയ്താൽ വളരെ പ്രയാസപ്പെട്ട് ആ വിഷം അവൻ കുടിച്ചുകൊണ്ടിരിക്കും. അവൻ ശാശ്വതമായി നരകത്തിൽ കിടക്കുന്നതാണ്. വല്ലവനും പർവതത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്താൽ അവൻ പർവതത്തിന് മുകളിൽ നിന്ന് ചാടിക്കൊണ്ടിരിക്കും. അവനും നരകത്തിൽ കിടക്കുന്നതാണ് (മുസ്ലിം). മാത്രമല്ല, ആത്മഹത്യ ചെയ്തവന് തെമ്മാടിയുടെ വിധിയാണ് ഇസ്ലാം കൽപ്പിക്കുന്നത്. അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ, തിരുനബി(സ്വ) ആത്മഹത്യ ചെയ്തയാൾക്ക് മയ്യിത്ത് നിസ്കരിക്കില്ലെന്ന് പറയുന്നതു കാണാം.
അത്രക്കു ഗൗരവമായാണ് ഇസ്ലാം മതം ആത്മഹത്യയെ കാണുന്നത്. എല്ലാത്തിനും അല്ലാഹു നിശ്ചിത ആയുസ്സ് കണക്കാക്കിയിട്ടുണ്ട്. അത് വരെ നല്ലവരായി ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ജീവദൗത്യം. മരണത്തിലേക്ക് സ്വമേധയാ നടന്നടുക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നേയില്ല.