ഇഖ്ലാസ് (ആത്മാര്‍ത്ഥത) രണ്ട് ഇനമുണ്ട്; ഓര്‍മപരമായ ഇഖ്ലാസ്, പ്രതിഫലേച്ഛാധിഷ്ഠിത ഇഖ്ലാസ്. ആജ്ഞ മാനിച്ചും വിളിക്കുത്തരം ചെയ്തും അല്ലാഹുവിലേക്കടുക്കണമെന്ന താല്‍പര്യം കാത്തുസൂക്ഷിക്കലാണ് കര്‍മപരമായ ആത്മാര്‍ത്ഥത. ഈ ഇഖ്ലാസിനു പിന്നിലെ പ്രചോദനം ശരിയായ ഈമാനാകുന്നു. ഇതിന്റെ നേര്‍ വിപരീതമാണ് കാപട്യം അഥവാ നിഫാഖ്.

പ്രതിഫലേഛാപരമായ ഇഖ്ലാസ്, സുകൃതം കൊണ്ട് പരലോക ഫലം ലക്ഷ്യമാക്കലാണ്. ഇതിന്റെ വിപരീതം ലോകമാന്യമാണ്, അഥവാ രിയാഅ്. ആത്മീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഭൗതികനേട്ടം ആഗ്രഹിക്കലാണ് രിയാഅ്. ജനങ്ങളില്‍ നിന്ന് മാത്രമല്ല അല്ലാഹുവില്‍ നിന്നു തന്നെ ഐഹിക നേട്ടം ആഗ്രഹിച്ചാലും രിയാഅ് വന്നുചേരുമെന്നാണ് സ്വൂഫിപക്ഷം. ആരില്‍ നിന്ന് ആഗ്രഹിക്കുന്നു എന്നതല്ല എന്താഗ്രഹിക്കുന്നു എന്നതിനാണ് പരിഗണന.

നിഫാഖ്, സുകൃതത്തെ ഫലരഹിതമാക്കുള്‍ രിയാഅ് സുകൃതങ്ങള്‍ അസ്വീകാര്യമാവാന്‍ കളമൊരുക്കും.

സുകൃതത്തിന് ആത്മാര്‍ത്ഥത അനിവാര്യമാണ്. ചില പണ്ഡിതര്‍ കര്‍മങ്ങളെ മൂന്നാക്കി തിരിച്ചതു കാണാം. മേല്‍ പറഞ്ഞ രണ്ടുവിധം ഇഖ്ലാസും ഉള്‍ക്കൊള്ളുന്നതാണ് ഒന്നാമത്തേത്. അടിസ്ഥാനപരവും ബാഹ്യവുമായ ആരാധനകള്‍ ഇതില്‍ പെടുന്നു. പ്രതിഫലേച്ഛാപരമായ ഇഖ്ലാസ് ഇല്ലാത്തവയാണ് രണ്ടാം ഇനം. അനുവദനീയ കര്‍മങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നു. അല്ലാഹു അല്ലാത്തവയിലേക്ക് തിരിയാന്‍ കളമൊരുക്കുന്ന കര്‍മങ്ങളും ആന്തരിക ആരാധനകളില്‍ ഭൂരിപക്ഷവും പ്രവര്‍ത്തിപരമായ ആത്മാര്‍ത്ഥത ഉള്‍ക്കൊള്ളുന്നതാണ്. ആന്തരിക ആരാധനകള്‍ കൊണ്ട് അല്ലാഹുവില്‍ നിന്ന് ഭൗതിക നേട്ടം ഉദ്ദേശിച്ചാലും രിയാഅ് വന്നു ചേരുമെന്നും പണ്ഡിതന്മാര്‍ പറയുന്നു. ഇതനുസരിച്ച് ആന്തരിക ഇബാദത്തുകളിലും മുകളില്‍ പറഞ്ഞ രണ്ട് ഇനം ആത്മാര്‍ത്ഥതകള്‍ ആവശ്യമാണെന്നു വരുന്നു. സുന്നത്തുകള്‍ക്കും ഇതെല്ലാം ബാധകമാണ്. അവയിലും ഈ രണ്ടു ഇഖ്ലാസും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

സുകൃതങ്ങള്‍ ചെയ്യുള്‍ പത്തു കാര്യങ്ങള്‍ സൂക്ഷിക്കണം. കാപട്യം, ലോകമാന്യം, കൂട്ടിക്കലര്‍ത്തല്‍, എടുത്തുപറയല്‍, ബുദ്ധിമുട്ടിക്കല്‍, ഖേദം, ഉള്‍നാട്യം, വിഷണ്ണത, അശ്രദ്ധ, ജനാക്ഷേപഭയം എന്നിവയാണവ. ഇവയുടെ വിപരീതങ്ങളായ കര്‍മം അല്ലാഹുവിന് മാത്രമായി ഗണിക്കല്‍, കര്‍മത്തിന്റെ പരിപാവനത്വം കാത്തുസൂക്ഷിക്കല്‍, മനസ്സുറപ്പ്, അല്ലാഹുവിന്റെ അനുഗ്രഹവര്‍ഷം ഓര്‍ക്കല്‍, നന്മ മുതലെടുക്കല്‍, സൗഭാഗ്യവന്ദനം, അല്ലാഹുവിലുള്ള തികഞ്ഞ ഭയം എന്നിവ ഉത്തമ ഗുണങ്ങളുമത്രെ. കാപട്യം കര്‍മങ്ങളെ പൊളിക്കും. ലോകമാന്യം കര്‍മങ്ങളെ സ്വീകാര്യരഹിതമാക്കുകയും ചെയ്യും. എടുത്തുപറയലും ബുദ്ധിമുട്ടിക്കലും ദാനധര്‍മങ്ങളെ അനുനിമിഷം നശിപ്പിക്കും.

ലജ്ജ

ഭക്തരുടെ ഒന്നാം ചവിട്ടുപടി പശ്ചാത്താപമാണെന്നു പറയാം. എന്നാല്‍ ആത്മജ്ഞാനികളുടെ പ്രഥമഘട്ടം ലജ്ജയാകുന്നു. അല്ലാഹു തന്നെ അടിമുടി അറിയുന്നുവെന്ന അവബോധമാണ് ലജ്ജയുടെ പ്രേരകം. ഈ ബോധം എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ പരിധിയില്‍പ്പെട്ട കാര്യമാണത്. ഇതുപോലെ തന്നെ സ്വന്തം ന്യൂനതകള്‍ അറിഞ്ഞ് പരിചരിക്കലും രക്ഷിതാവിനുള്ള കടമകള്‍ പാലിക്കലും നമുക്ക് നിര്‍ബന്ധമാണ്. ഈ രണ്ടു ബോധങ്ങളും മനുഷ്യന് സമ്മാനിക്കുന്നു ലജ്ജ. അല്ലാഹുവിനുള്ള ബാധ്യതകളില്‍ വീഴ്ചവന്നത്മൂലം മനക്കണ്ണ് നാണിച്ച് താഴുന്ന അവസ്ഥയാണ്. നിര്‍ബന്ധങ്ങള്‍ പാലിക്കാനും നിഷിദ്ധങ്ങള്‍ വെടിയാനുമുപയുക്തമായ പ്രേരണയാണ് ലജ്ജയില്‍ നിന്നു ലഭിക്കുക.

ലജ്ജ രണ്ടു വിധമുണ്ട്; പ്രത്യേകമായതും പൊതുവായതും. പൊതുവായ ലജ്ജാശീലത്തിന്റെ പൊരുള്‍ ഇങ്ങനെ ഗ്രഹിക്കാം. നബി(സ്വ) പറഞ്ഞു: “വിധിപ്രകാരം അല്ലാഹുവില്‍ നിങ്ങള്‍ ലജ്ജ കൊള്ളുക.’ അപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: “നബിയേ, ഞങ്ങള്‍ ഇപ്പോള്‍ തന്നെ ലജ്ജാശീലരാണല്ലോ.’ നബി(സ്വ)യുടെ മറുപടി: “നിങ്ങള്‍ യഥാര്‍ത്ഥ ലജ്ജാശീലരാകണമെങ്കില്‍ നിങ്ങളുടെ തലയും വയറും അപകടങ്ങളില്‍ നിന്ന് കാത്തുകൊള്ളണം. മൃത്യുവിനെയും നശ്വരതയെയും എപ്പോഴും ഓര്‍ക്കുകയും വേണം. പരലോകം ലക്ഷ്യമാക്കി ഇഹലോകസൗഖ്യം വെടിയുംവിധം ജീവിക്കുന്നവനാണ് വിധിപ്രകാരം ലജ്ജ പാലിക്കുന്നവന്‍. ആധ്യാത്മ പദവികളില്‍ പ്രധാനമാണ് ഈ ലജ്ജാശീലം.

ഉസ്മാനുബ്നു അഫ്ഫാന്‍(റ) പറഞ്ഞു: “ഞാന്‍ ഇരുട്ടുമുറിയില്‍ വെച്ച് മാത്രമേ കുളിക്കാറുള്ളൂ. അല്ലാഹുവിനോടുള്ള നാണം കാരണമാണിങ്ങനെ ചെയ്യുന്നത്.’ മുഹമ്മദ്ബ്നു അഹ്മദ് ബിന്‍ സ്വാലിഹ് ഉദ്ധരിക്കുന്നു. അബുല്‍ അബ്ബാസ് പറഞ്ഞു: “ഒരു രഹസ്യം നിങ്ങള്‍ ഗ്രഹിച്ചുവെക്കുക. ലജ്ജയും ആനന്ദ നിര്‍വൃതിയും മനസ്സകത്തെ ചുറ്റിവരിയുന്ന രണ്ടു വികാരങ്ങളാണ്. പരിത്യാഗബോധവും സൂക്ഷ്മതയുമുള്ള ഒരു ഹൃദയത്തില്‍ ഇവ രണ്ടും അനുഭവവേദ്യമായാല്‍ ആത്മീയമായ ഉന്നതങ്ങള്‍ താണ്ടാന്‍ മനസ്സ് പാകപ്പെടും. അല്ലാഹുവിന്റെ ആദരവിനു മുന്നില്‍ ആത്മാവ് കുനിഞ്ഞില്ലാതാകലാണ് ലജ്ജയെങ്കില്‍ ആനന്ദനിര്‍വൃതി ഇലാഹീ സൗന്ദര്യത്തില്‍ ആത്മാവ് മതിമറന്നുല്ലസിക്കലാണ്. ഈ രണ്ടവസ്ഥകള്‍ ഒരുമിച്ചുകൂടിയാല്‍ ഉന്നതലക്ഷ്യവും ഉദ്ദേശ്യവും സഫലമാകും.’

ഒരു തത്ത്വജ്ഞാനി പറഞ്ഞു: “ലജ്ജയെപ്പറ്റി സംസാരിക്കുകയും പറയുന്ന കാര്യത്തില്‍ ലജ്ജ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നവന്‍ പൊയ്വെടിക്കാരനാണ്.’ ദുന്നൂന്‍(റ) പറഞ്ഞു: “മുമ്പ് പിണഞ്ഞ അബദ്ധങ്ങളോര്‍ത്ത് ഹൃദയത്തില്‍ അല്ലാഹുവിനോട് തോന്നുന്ന ഭയപ്പാടാകുന്നു ലജ്ജ.’

ഇബ്നുഅത്വാഅ് പറഞ്ഞു: “ഇവ രണ്ടും നഷ്ടമായവനില്‍ നന്മയുണ്ടെന്ന് പറയാവതല്ല.’ അബൂസുലൈമാന്‍ പറയുന്നു: “ജ്ഞാനികള്‍ നാലുതുറകളില്‍ നിന്നാണ് സുകൃതങ്ങള്‍ ചെയ്യുക. ഭയം, പ്രതീക്ഷ, ഭക്തി, ലജ്ജ എന്നിവയാണത്. അവരില്‍ ഏറ്റവും ഉത്തമര്‍ ലജ്ജയുടെ വിതാനത്തില്‍ നിന്ന് സുകൃതങ്ങള്‍ ചെയ്യുന്നവരാണ്. തങ്ങള്‍ ചെയ്യുന്ന നന്മകള്‍ അല്ലാഹു കാണുന്നുണ്ടെന്ന ദൃഢമായ അറിവിനാല്‍ അവര്‍ നാണം കുണുങ്ങുന്നു. ഒരു പാപി അല്ലാഹു കാണുന്നതോര്‍ത്ത് ലജ്ജിക്കുന്നതിനെക്കാള്‍ കടുത്ത രൂപത്തിലാകും ഇവര്‍ ലജ്ജിക്കുക.’

ഒരു ആത്മജ്ഞാനി പറഞ്ഞു: “ലജ്ജ പാലിക്കുന്നവരുടെ മനസ്സില്‍ മികവുറ്റത് അല്ലാഹു തങ്ങളെ കാണുന്നുവെന്നതോര്‍ത്ത് ഉരുത്തിരിയുന്ന ഭക്ത്യാദരവിന്റെ നിത്യതയാകുന്നു.’

മുറാഖബ രണ്ട് ഇനമുണ്ട്. സിദ്ദീഖീങ്ങളുടേതും അസ്വ്ഹാബുല്‍ യമീനിന്‍റേതും. സത്യവാന്മാരില്‍ നിന്നും സമീപസ്ഥരുടെ ആത്മീയ നിരീക്ഷണം (മുറാഖബ) ഇലാഹിന്റെ ബഹുമാനാദരവില്‍ ബന്ധിതമത്രെ. ഹൃത്തടം മറ്റൊന്നിലേക്കും തിരിയാനിടം കിട്ടാതെ ഇലാഹീ ഗാംഭീര്യതയില്‍ തിങ്ങിവിങ്ങി കഴിഞ്ഞുകൂടലാണിത്. ഇത്തരം മുറാഖബക്ക് ലഭിക്കുന്ന പ്രതിഫലം അചിന്ത്യമാണ്. ഈ ഘട്ടത്തില്‍ അവയവങ്ങള്‍ അഭിമുഖത്തിനു പോലും മറന്ന് നിഷ്ക്രിയമായേക്കും. അംഗങ്ങള്‍ കര്‍മനിരതമായാല്‍ ചിന്തയോ മാധ്യമമോ ആവശ്യമില്ലാത്തവിധം നേര്‍വഴിയില്‍ നിന്നും തെറ്റാതെ നിലകൊള്ളാം.

രണ്ടാമത്തെ മുറാഖബ നന്മതിന്മകളുടെ കണക്കുപുസ്തകം വലതുകൈയില്‍ ലഭിക്കുന്ന പക്ഷക്കാരിലെ സൂക്ഷ്മാലുക്കളുടേതാണ്. അകവും പുറവും അല്ലാഹുവിന്റെ നിരീക്ഷണത്താല്‍ നിറഞ്ഞവരാണിവര്‍. ദൈവിക ഗാംഭീര്യത ഇവരുടെ അകത്തളത്തെ പരിഭ്രമിപ്പിക്കുന്നതല്ല. കര്‍മങ്ങള്‍ക്കും അവസ്ഥാന്തരങ്ങള്‍ക്കും നോട്ടമിടാനുതകും വിധം ഇവരുടെ മനസ്സ് സാധാരണമാം വിധം നിലകൊള്ളും. മുറാഖബ വിട്ടുപിരിയാതെ തന്നെ അനുഷ്ഠാനങ്ങളില്‍ വ്യാപരിക്കാന്‍ ഇത്തരക്കാര്‍ക്കാകും. എങ്കിലും പിന്നീടതവരെ ആവരണം ചെയ്യുന്നതാണ്. തദ്ഫലമായി പരലോകത്ത് തങ്ങള്‍ക്ക് അവഹേളനമായി മാറുന്ന കാര്യങ്ങള്‍ക്ക് വിലക്കു കല്‍പിക്കാനും സുകൃതങ്ങളില്‍ സജീവ സൂക്ഷ്മത ഉറപ്പുവരുത്താനും ഇവര്‍ തുനിയും. ഇഹലോകത്ത് അല്ലാഹു തങ്ങളെ വ്യക്തമായി ദര്‍ശിക്കുന്നതായി ഇവര്‍ കണക്കാക്കുന്നതുമാണ്. അതിനെ ഇവര്‍ പരലോകത്തേക്ക് നീട്ടിവെക്കില്ലെന്നര്‍ത്ഥം.

മുറാഖബകളുടെ ഈ രണ്ടവസ്ഥകളും ആത്മീയ ദര്‍ശനമാകുന്ന മുശാഹദ കൊണ്ടല്ലാതെ മനസ്സിലാക്കുക എളുപ്പമല്ല.

 

ഇമാം ഗസ്സാലിറ);പറുദീസ/7 എസ്എസ് ബുഖാരി

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ