അല്ലാഹു പറയുന്നു: “”ഞാന്‍ (ആദമിനെ) ശരിപ്പെടുത്തി ആത്മാവ് ഊതുകയും ചെയ്തു. നിങ്ങള്‍ അദ്ദേഹത്തിന് സുജൂദ് ചെയ്യുക”(ഖുര്‍ആന്‍).

ആദം നബിയുടെ സൃഷ്ടിപ്പ് സംബന്ധമായ ഈ വാക്യത്തില്‍ “ശരിപ്പെടുത്തുക’ എന്നതിന് “തസ്വിയ്യത്ത്’ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ആത്മാവിന്റെ സ്വീകരണത്തിനുതകും വിധം ഒരു വസ്തുവിനെ പാകപ്പെടുത്തലാണ് തസ്വിയ്യത്ത്. ആദം നബിയില്‍ മണ്ണും മനുഷ്യരില്‍ ഇന്ദ്രിയവുമാണിത് കൊണ്ട് ഉദ്ദേശ്യം. ഒരു തിരി തീ നാളം സ്വീകരിക്കാനുതകും വിധം എണ്ണ കുടിച്ച് കുതിര്‍ന്ന അവസ്ഥയോട് ഇതിനെ ഉപമിക്കാം.

ആയത്തില്‍ “ഊതുക’ എന്നതിനു പ്രയോഗിച്ച പദം “നഫ്ഖ്’ ആണ്. യഥാസ്ഥാനത്ത് ആത്മാവിന്റെ പ്രഭ കത്തിക്കപ്പെടുന്നതിനാണ് നഫ്ഖ് എന്ന് പറയുന്നത്. ആത്മാവിന്റെ വ്യാപനത്തിന് കളമൊരുക്കുന്നത് ഈ ഊത്താകുന്നു. ഊതലിന് രൂപവും ലക്ഷ്യവുമുണ്ട്. ഊതുന്നവനില്‍ നിന്ന് വായു ഊതപ്പെടുന്നവനിലേക്ക് വമിക്കലും പകരലുമാണ് രൂപം. ഇത് അല്ലാഹുവിനെ സംബന്ധിച്ച് അസംഭവ്യമാകുന്നു. ഊതുന്നവനിലും ഊതപ്പെടുന്നവനിലുമുള്ള സവിശേഷതകളാണ് ആത്മാവിന്റെ സ്വീകരണം അന്വര്‍ത്ഥമാക്കുന്നത്. ഉണ്മയുടെ ഉറവിടവും മറ്റുള്ളവയില്‍ ഉണ്മ സമ്മാനിക്കുന്ന ശക്തിയുമേതോ അവനില്‍ നിക്ഷിപ്തമായ സ്വതന്ത്രവും സവിശേഷവുമായ ഗുണമത്രെ “ഖുദ്റത്ത്’. മറകള്‍ നീങ്ങുമ്പോള്‍ ഉപയുക്തമായ വസ്തുക്കള്‍ സൂര്യകിരണം ആഗിരണം ചെയ്യും പ്രകാരമാണ് ഈ ഉണ്മ സ്വീകരണം എന്ന് അനുമാനിക്കാം.

ഏതൊരു വസ്തുവിന്റെയും അടിത്തറ ഇല്ലായ്മയാണ്. അതുകൊണ്ട് വസ്തുക്കളുടെയെല്ലാം ഉണ്മ ഒരു തരം വായ്പയാണെന്നു പറയാം. അല്ലാഹുവിന്റെ ഉണ്മ മാത്രമേ സ്വന്തവും സ്വതന്ത്രവുമായിട്ടുള്ളൂ. അത് മറ്റൊരാളില്‍ നിന്ന് വായ്പയായുള്ളതല്ല. അതേസമയം മറ്റുള്ളവയുടെയെല്ലാം അസ്തിത്വം അവനില്‍ നിന്ന് വായ്പയും ദാനവുമാകുന്നു. സ്വയം അസ്തിത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണെന്ന് ചുരുക്കം.

ആത്മാവിന് പ്രത്യേക ഭാഗമോ ഇടമോ ഇല്ല. എല്ലാം അറിയുന്നതിനുപയുക്തമാം വിധം ആത്മാവ് നിലകൊള്ളുന്നു. സത്താവിശേഷമായ മറ്റൊന്നിനും ഇല്ലാത്ത ഈ ഗുണങ്ങള്‍ പരിഗണിച്ചാണ് ആത്മാവ് എന്‍റേതാണെന്ന് അല്ലാഹു തന്നെ പ്രശംസിച്ചത്.

ഭാഗം, സ്ഥലം, ഭാവന, പഞ്ചേന്ദ്രിയ ഗോചരമാവല്‍, അളവ്, തൂക്കം തുടങ്ങിയവയ്ക്ക് വഴങ്ങാത്തതിനെ “അംര്‍’ എന്ന് പറയാറുണ്ട്. ഈ പരിഗണന വെച്ചാണ് മനുഷ്യരുടെയും മലക്കുകളുടെയും ആത്മാക്കളെ “ആലമുല്‍ അംര്‍’ എന്നും “റബ്ബിന്റെ അംര്‍’ എന്നുമൊക്കെ പറയുന്നത്. അളക്കാനും ഗണിക്കാനും പറ്റുന്നവയെ “ആലമുല്‍ ഖല്‍ഖ്’ എന്നേ പറയൂ.

“ഖലഖശ്ശൈഅ’ എന്നതിനു പര്യായമായി “വസ്തു കണക്കാക്കി’ എന്ന അര്‍ത്ഥത്തില്‍ “ഖദ്ദറശ്ശൈഅ’ എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനര്‍ത്ഥം ആത്മാവ് സൃഷ്ടിയല്ലെന്നോ അനാദിയാണെന്നോ അല്ല. അങ്ങനെ തെറ്റിദ്ധരിച്ച ചിലരെ കാണാം. വഴിതെറ്റിയ വിഡ്ഢികളെന്നേ അവരെക്കുറിച്ച് പറയേണ്ടൂ. ആത്മാവ് അല്ലാഹുവിന്റെ സൃഷ്ടി തന്നെയാണ്. ഭാഗിക്കാനോ അളക്കാനോ തൂക്കാനോ പറ്റില്ലെന്ന് മാത്രം. ഇന്ദ്രിയപാകതക്കനുസരിച്ചാണ് മനുഷ്യാത്മാവ് രൂപപ്പെടുന്നത്. ഗ്ലാസ് ഉരസിയുരസി തെളിമയേറ്റുന്നതിനനുസരിച്ച് രൂപം അതില്‍ പ്രത്യക്ഷമാകും. ഇതുപോലെയാണ് ആത്മാവിന്റെയും സ്വഭാവം.

കണ്ണാടിയില്‍ പ്രത്യക്ഷമായ മുഖത്തിന്റെ ഉടമ അത് തെളിമയൂറുന്നതിന് മുമ്പ് തന്നെയുണ്ടായിരുന്നു. പക്ഷേ, അനാദ്യമല്ലെന്നു മാത്രം.

ആത്മാക്കള്‍

ജീവാത്മാവ് നേരിയ ഒരിനം സത്തയാണ്. കത്തിക്കൊണ്ടിരിക്കുന്ന വിളക്കിനോട് അതിനെ ഉപമിക്കാം. ആ വിളക്കിന്റെ എണ്ണ രക്തമാണ്. പ്രകാശം പഞ്ചേന്ദ്രിയാനുഭവവും. ഇഛയാകുന്നു വിളക്കിന്റെ ചൂട്. ദ്യേം അതിന്റെ പുകയും. ഭക്ഷണത്തിനുള്ള ത്വര സേവകന്റെയും പാറാവുകാരന്റെയും സ്ഥാനത്തുമാകുന്നു. ഈ ആത്മാവ് എല്ലാ ജീവജാലങ്ങളിലും നിലകൊള്ളുന്നുണ്ട്. മൃഗങ്ങളും മനുഷ്യരും ഒന്നുപോലെ പങ്കുകാരായ റൂഹാകുന്നു ഇത്. സ്രഷ്ടാവിന്റെ അസ്തിത്വമോ സൃഷ്ടിയുടെ പൊരുളോ അറിയാന്‍ ഈ റൂഹ് വഴി സാധ്യമല്ല. എണ്ണ ഏറിയാല്‍ ഇത് കെട്ടുപോകും. ചൂട് കൂടുന്നതാണ് കാരണം. എണ്ണ കുറഞ്ഞുപോയാലും അണഞ്ഞുപോകും. തണുപ്പ് വര്‍ധിക്കുന്നതാണ് കാരണം. ഇതിന്റെ കെട്ടുപോകലാണ് ശരീരത്തിന്റെ മരണം. അല്ലാഹുവിന്റെയോ റസൂലിന്റെയോ ശാസന ഈ റൂഹിനോടല്ല. കാരണം ഇത് മറ്റു ജീവജാലങ്ങള്‍ക്കുമുള്ളതാണ്. മനുഷ്യരല്ലാത്ത ജീവികള്‍ മതവിധി ബാധകമായവരല്ലല്ലോ.

മനുഷ്യന്‍ മതവിധികള്‍ക്കും ശാസനകള്‍ക്കും വിധേയനാകുന്നത് അവനില്‍ മാത്രം കുടികൊള്ളുന്ന മറ്റൊരു പ്രത്യേക ആത്മാവിന്റെ സാന്നിധ്യം മൂലമാകുന്നു. അതിനെയാണ് നഫ്സുന്നാത്വിഖ, റൂഹുല്ലത്വീഫ, എന്നൊക്കെ വിശേഷിപ്പിക്കുന്നത്. ഈ ആത്മാവ് ഒരു സത്തയോ വര്‍ണമോ അല്ല. മറിച്ച് അല്ലാഹുവിന്റെ പ്രത്യേക കാര്യങ്ങളില്‍പ്പെട്ട സംഗതിയാകുന്നു. അല്ലാഹു പറയുന്നു: “ആത്മാവിനെ പറ്റി അവര്‍ അങ്ങയോട് ചോദിക്കും. മറുപടി പറയുക: “അത് എന്റെ രക്ഷിതാവിന്റെ അംറില്‍ പെട്ടതാകുന്നു’ (ഖുര്‍ആന്‍).

അല്ലാഹുവിന്റെ അംറ് (അംറിന്റെ വാക്കര്‍ത്ഥം കല്‍പന, ആജ്ഞ, കാര്യം എന്നൊക്കെയാണ്) തടിയോ വര്‍ണമോ അല്ല. മറിച്ച് ശേഷിക്കുന്ന സുസ്ഥിര യാഥാര്‍ഥ്യമാണ്. നാശമോ മരണമോ അതിനെ ബാധിക്കില്ല. പക്ഷേ, അത് മനുഷ്യ ശരീരത്തെ പിരിയുകയും അന്ത്യദിനത്തില്‍ വീണ്ടും വന്ന് പുണരുകയും ചെയ്യും. അങ്ങനെ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. ഈ റൂഹാകുന്നു മനുഷ്യ ശരീരത്തിന്റെ മേന്മക്കും നിന്ദ്യതക്കും ഹേതുവാകുന്നത്. നേരത്തെ സൂചിപ്പിച്ച റൂഹുന്‍ ഹയവാനിയും (ജീവാത്മാവ്) മറ്റും ഈ റൂഹിന്റെ പാദസേവകരും അംഗരക്ഷകരും മാത്രമാകുന്നു. “ജീവാത്മാവ് ശരീരത്തെ വിട്ട് പിരിഞ്ഞാല്‍ ജൈവിക ശക്തി മുടങ്ങുകയും ശരീരം നിശ്ചലമാവുകയും ചെയ്യും. ഈ നിശ്ചലതയാണ് മരണം. അപ്പോഴും അല്ലാഹുവിന്റെ അംറാകുന്ന റൂഹിന് ശരീരവുമായി ഒരു പരദേശിയുടേതു പോലെയുള്ള ബന്ധമുണ്ടാകുമത്രെ. ഒരു പ്രത്യേക സ്ഥലത്ത് ഇറങ്ങുകയോ അടങ്ങുകയോ ചെയ്യുന്ന റൂഹല്ല ഇത്. ശരീരം ഒരിക്കലും ഈ റൂഹിനുള്ള ഇടമല്ല, മറിച്ച് ശരീരം ഈ റൂഹിന്റെ ഒരു ഉപകരണം മാത്രമാണ്.

 

ഇമാം ഗസ്സാലിറ);പറുദീസ/6 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ