വ്യക്തിസ്വാതന്ത്ര്യം സാമൂഹിക ഐക്യത്തെ തകർക്കുന്ന പ്രവണത ഈയിടെയായി കേരളത്തിൽ ഗണ്യമായി വളരുന്നുണ്ട്. വ്യക്തികളുടെ കൂട്ടമാണ് കുടുംബമായി പരിണമിക്കുന്നത്, കുടുംബങ്ങളാണ് സമൂഹമായി മാറുന്നത്. വ്യക്തി, കുടുംബം എന്നിവയാണ് സമൂഹത്തിന്റെ അടിത്തറ എന്നതിനാൽ തന്നെ സന്തുലിതമായ സാമൂഹിക നിലനിൽപ്പിനു വേണ്ടി വ്യക്തികൾ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും. സമാധാനപരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ശാന്തമായ കുടുംബപശ്ചാതലം ഹനിക്കുന്ന രീതിയിലും കുടുംബ മഹിമക്ക് നിരക്കാത്ത രൂപത്തിലും വ്യക്തിസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നവർ സാമൂഹിക വിരുദ്ധരാണ്. കാരണം അവർ സമൂഹത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തെയാണ് ശിഥിലമാക്കിയത്. പുതിയ കാലത്ത് ഈ കുടുംബ തത്ത്വം ലംഘിക്കുന്നവരിലധികവും കാമുകീ കാമുകന്മാരാണ്. എന്നാൽ ഈ സാമൂഹിക വിരുദ്ധർക്കെതിരെ തക്കതായ നടപടി സ്വീകരിക്കാനോ ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനോ തയ്യാറാകുന്നില്ലെന്നതിനു പുറമെ, ഇവർക്കുവേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുവാനും പിന്തുണ പ്രഖ്യാപിക്കാനും ഭരണകൂടവും നീതിപീഠവും മുന്നിൽ നിൽക്കുകയും ചെയ്യുന്നു.

ജനിച്ചത് മുതൽ  നിലകൊള്ളുന്ന ഈ നിമിഷം വരെ ഓരോ രക്ഷിതാവും മക്കളുടെ വിഷയത്തിൽ ആധിയുള്ളവരാണ്. പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ. അനുയോജ്യനായ പുരുഷന്റെ കരങ്ങളിൽ മകൾ സുരക്ഷിതയാണെന്നുറപ്പായാലേ മാതൃ പിതൃ ഹൃദയങ്ങൾക്ക് ശാന്തി ലഭിക്കുകയുള്ളൂ. മകളുടെ സുരക്ഷിതത്വത്തിന് വേണ്ടി കിടപ്പാടം വെടിയേണ്ടിവന്നാലും ആകാശത്തെ മേലാപ്പാക്കി  മലർന്നു കിടന്ന് ആ രണ്ട് ഹൃദയങ്ങൾ ആശ്വസിക്കും. അവളുടെ സമാധാനമോർത്ത് സന്തോഷിക്കും. എന്നാൽ ഇന്നലെ ജീവിച്ചു തുടങ്ങിയവർ ഏതോ ഒരന്യന്റെ സ്‌നേഹനാട്യങ്ങളുടെയും വികാര പ്രകടനങ്ങളുടെയും മരീചിക കണ്ട് തനിക്ക് ഇറങ്ങാനുള്ള തുരുത്ത് ഇതാണെന്ന് മനസ്സിലുറപ്പിച്ച് ജീവിത പങ്കാളിയെ തീർച്ചപ്പെടുത്തുന്നു. എന്നിട്ടതിനെ വ്യക്തി സ്വാതന്ത്ര്യം എന്നു വിളിക്കുന്നു. ‘സാംസ്‌കാരിക’നേതാക്കൾ ഇത്തരം പ്രവണതകൾക്ക് വളംവെക്കുന്നു.

ഇന്റർകാസ്റ്റ് മേരേജ് കേരളത്തിലിപ്പോൾ ട്രൻഡാണ്. ഇത്തരം വിവാഹം ചെയ്യുന്നവർക്ക് നിങ്ങൾ മതേതര ബോധവും സാമൂഹിക അഖണ്ഡതയുമാണ് കാത്തു സൂക്ഷിച്ചിരിക്കുന്നതെന്ന് കപട പ്രോത്സാഹനം നൽകുന്ന ഒരുപാട് മനുഷ്യാവകാശ, സാംസ്‌കാരിക പ്രവർത്തകരുണ്ട്. കാര്യങ്ങൾ സ്വന്തം വീടിന്റെ അരമന കയറുമ്പോൾ ഈ മനുഷ്യസ്‌നേഹികളുടെ മനോഗതി പഠനവിധേയമാക്കണം. സിനിമകളിലെ പ്രണയം കണ്ട് തങ്ങളുടെ മതേതരത്വവും മതനിരപേക്ഷതയും തെളിയിക്കാൻ വെമ്പൽ കൊള്ളുന്ന മക്കൾക്ക് രക്ഷിതാക്കൾ നൽകുന്ന സ്‌നേഹസമ്മാനമുണ്ട്; ഐഫോണും ടാബ്ലറ്റുമടങ്ങിയ സൈബർ സ്‌പൈസിലേക്കുള്ള കുറുക്കു വഴികളാണത്. ഇതിലൂടെ സിനിമകളിൽ കണ്ട വൈകാരിക തൃഷ്ണ വളർത്തുന്ന ചിത്രങ്ങളും പ്രണയാഭ്യർത്ഥനകളും അവർ പ്രാവർത്തികമാക്കുന്നു. രക്ഷിതാക്കൾ മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ വർഷങ്ങൾക്ക് മുമ്പേ ആധിയും വെപ്രാളവും പൂണ്ട് അധ്വാനം തുടങ്ങുന്നുവെങ്കിൽ ആ പാവങ്ങൾ വഞ്ചിതരാകുകയാണ്. കാരണം അടച്ചിട്ട വാതിലിനപ്പുറത്ത്, ശബ്ദവും ശരീരങ്ങളുമില്ലാത്ത അടയാളങ്ങളുടെയും സൂചനകളുടെയും ലോകത്ത് നൂറുകണക്കിന് സൈബർ പുരുഷകേസരികളുടെ മധ്യത്തിലിരുന്ന് മകൾ നിങ്ങൾക്ക് നേരെ നോക്കി പല്ലിളിക്കുന്നത് നിങ്ങളറിയുന്നില്ല.

ഒളിച്ചോട്ടവും തിരിച്ചുവരവും

പുരുഷനിൽ നിന്ന് സ്ത്രീ തീർത്തും വ്യത്യസ്തയാണെന്നും രണ്ടു വിഭാഗവും രണ്ട് തലങ്ങളിൽ നിൽക്കുന്നവരാണെന്നും വ്യക്തമാക്കുന്ന ഒട്ടനവധി ഉദാഹരണങ്ങളിലൊന്നാണ് ഒളിച്ചോട്ടവും തിരിച്ചുവരവും. കാരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുനർ വിവാഹത്തിന് മനസ്സിനിണങ്ങിയ വരനെ ലഭിക്കുക എന്നത് വളരെ ആയാസകരമാണ്. ആദ്യ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം വിവാഹ മോചിതയായവളാണെങ്കിൽ പോലും ഇത് ലളിതമായിരിക്കില്ല. ഒരു നോർമൽ വിവാഹമോചിതയുടെ അവസ്ഥയിതാണെങ്കിൽ ഒളിച്ചോട്ടത്തിലൂടെ സാമൂഹിക ഘടന താറുമാറാക്കിയ സ്ത്രീകൾ ആ ബന്ധം ചീറ്റിപ്പിരിഞ്ഞാൽ (അങ്ങനെയാണ് 90 ശതമാനത്തിലധികവും) അവരുടെ ബാക്കിജീവിതത്തെ സമൂഹമെങ്ങനെയാണ് നോക്കികാണുക!. ഇത് കൊണ്ടാണ് ഇത്തരം കേസുകളിലധികത്തിന്റെയും പര്യവസാനം ആത്മാഹുതികളിലെത്തുന്നത്. പുനർവിവാഹം ചെയ്യപ്പെടുന്ന സ്ത്രീക്ക് പുനർവിവാഹം ചെയ്യുന്ന പുരുഷന്റെ മാനസികമായ സംതൃപ്തി ലഭിക്കാതിരിക്കുവാനുള്ള കാരണം സമൂഹത്തിന്റെയോ മതത്തിന്റെയോ വർഗവിവേചനാമനോഭാവമൊന്നുമല്ല. മറിച്ച് സ്ത്രീകളുടെ ജൈവിക പ്രകൃതി തന്നെയാണ്. സൃഷ്ടികർത്താവ് രണ്ടിനെയും രണ്ടാക്കി പടച്ചത് തുല്ല്യമാക്കി സമീകരണം നടത്താനല്ലല്ലോ?

‘സ്ത്രീ’ ഇന്ന് സമത്വ വാദികളുടെയും ഫെമിനിസ്റ്റുകളുടെയും മറ്റും പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായതിനാൽ, സ്ത്രീയെ  കുറിച്ച് ഇസ്‌ലാമിനുള്ള വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും പഠനവിധേയമാക്കേണ്ടതുണ്ട്. ലിബറൽ ചിന്തകളിൽ നിന്നും വായനകളിൽ നിന്നും സ്വന്തം യുക്തിയുടെ മൂശയിലിട്ടല്ല മതം മനസ്സിലാക്കേണ്ടത്. മറിച്ച് ഭൗതിക വിദ്യാഭ്യാസം നേടാൻ നാം എത്രമാത്രം തൃഷ്ണ കാണിക്കുന്നുവോ തതുല്യമായ താൽപര്യം മത പഠനത്തിനോടും കാണിക്കണം. ഉപകരിക്കുന്ന (ആത്മീയം) അറിവിന്റെ അപര്യാപ്തതയും ഭൗതിക വിജ്ഞാനത്തിന്റെ അതിപ്രസരവുമാണ് ഇന്ന് സമുദായമനുഭവിക്കുന്ന അപകടങ്ങളിലൊന്ന്.

മത പഠനത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് ആധുനിക മുസ്‌ലിം സ്ത്രീകൾ വളരെ പുറകിലാണ്. പ്രഭാതത്തിലോ പ്രദോഷത്തിലോ നടക്കുന്ന  മദ്‌റസയിൽ സമയത്തിനെത്തിയാൽ തന്നെ ട്യൂഷൻ ക്ലാസിന്റെയും മറ്റും പേരു പറഞ്ഞ് വേഗം പറഞ്ഞയക്കണമെന്നാവശ്യപ്പെടും. വലിയ ക്ലാസിലെത്തിയാൽ ആ പേരിൽ പഠനം നിറുത്തുകയും ചെയ്യും. മറ്റു ചില രക്ഷിതാക്കൾക്ക് മദ്രസ യാഥാസ്ഥിതികതയുടെ നിർമാണ ശാലയാണ്. യഥാർത്ഥത്തിൽ കേരളത്തിലെ മുസ്‌ലിം വനിതകൾക്കിടയിലുള്ള മൂല്യച്യുതിയുടെ പ്രധാന കാരണങ്ങളിലൊന്നിതാണ്.

ചരിത്രത്തിൽ ധീരകളും വൈജ്ഞാനിക ഗിരിശൃംഗങ്ങളിൽ വിരാചിച്ചവരുമായ മഹിളകൾ നിരവധിയുണ്ട്. അവരുടെ മാതൃക സ്വജീവിതത്തിലേക്ക് പകർത്താനും വീണ്ടും ചരിത്രം സൃഷ്ടിക്കുവാനുമുള്ള ശ്രമം പിൽകാല മുസ്‌ലിം വനിതകളിൽ നിന്ന് വേണ്ടത്ര ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. ഉമ്മുൽ മുഅ്മിനീൻ സയ്യിദത്ത് ആഇശ(റ) ചരിത്രത്തിലെ തുല്യതയില്ലാത്ത സ്ത്രീ രത്‌നമാണ്. ഇസ്‌ലാമിന്റെ അടിത്തറ പാകുന്നതിലും നിലനിൽപിലും നിസ്തുലമായ പങ്കുവഹിച്ച മതപ്രമാണമാണല്ലോ ഹദീസുകൾ. പ്രവാചകാനുചരന്മാരിൽ അബൂഹുറൈറ(റ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്തത് ആഇശ ബീവിയാണ്. ഒരു വനിതയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തത് എന്നതിന്റെ പേരിൽ പുരുഷന്മാരായ പ്രവാചകാനുചരന്മാരോ ശേഷകാല പണ്ഡിതരോ പിൽകാലഘട്ടത്തിൽ സ്വഹാബീ വനിതകളെ മാറ്റി നിർത്തിയിട്ടില്ല.

താബിഉകളുടെയും തബഉ താബിഉകളുടെയും കാലഘട്ടത്തിലും ആത്മീയ-വൈജ്ഞാനിക ലോകത്ത് മുടിചൂടാ മന്നയായി വിരാചിച്ച ബീവി നഫീസത്തുൽ മിസ്‌രിയ്യ(റ)യെ പോലുള്ള നിരവധി പേരെ ദർശിക്കാം. ഇമാം ശാഫിഈ(റ) വല്ല പ്രയാസവും അനുഭവപ്പെട്ടാൽ പ്രാർത്ഥിപ്പിക്കാൻ നഫീസത്തുൽ മിസ്‌രിയ്യ(റ)യിലേക്ക് ആളെ വിടാറുണ്ടായിരുന്നു. സ്വൂഫീ ചക്രവാളത്തിലെ രാജ്ഞി റാബിഅതുൽ അദവിയ്യ(റ)യിൽ നിന്നുമെന്തേ നമ്മൾ മാതൃക സ്വീകരിക്കാത്തത്? ഒരു കയ്യിൽ തീയും മറുകയ്യിൽ വെള്ളവുമായി  ധൃതിയിൽ പോകുന്ന  മഹതിയോട് ചോദിച്ചു: എങ്ങോട്ടാണീ പോകുന്നത്? മഹതി പ്രതിവചിച്ചു: ഞാൻ നരകം കെടുത്താനും സ്വർഗം കത്തിക്കുവാനും പോവുകയാണ്. കാരണം ജനങ്ങൾ ഇവ രണ്ടിനും വേണ്ടിയാണ് ജീവിക്കുന്നത്. ആരും അല്ലാഹുവിനെ സ്‌നേഹിക്കുന്നില്ല?’ ഈ മഹിളയോട് നമ്മളാരെ തുലനം ചെയ്യും?

ഇത്തരം മാതൃകാ വനിതകൾ ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രത്യേകതയാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ സംഭവിച്ചില്ലായിരുന്നുവെങ്കിൽ യൂറോപ്പിൽ സ്ത്രീകൾ ഇന്നും പുരുഷാധിപത്യത്തിന് കീഴിൽ തന്നെയായിരിക്കുമെന്ന് പറയാറുണ്ട്. 1969-ൽ പ്രശസ്ത അമേരിക്കൻ കവയത്രി മായ ഏൻജലോ എഴുതിയ ‘ഐ നോ വൈ ദ കെയ്ജ്ഡ് ബേഡ്‌സ് സിങ്ങ്’ എന്ന  ആത്മകഥാംശമുള്ള കവിതയിൽ അവരനുഭവിച്ച പുരുഷാധിപത്യവും വംശവെറിയും അമേരിക്കക്കാർ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും വിവരിക്കുന്നുണ്ട്. രണ്ട് ലോകയുദ്ധങ്ങളുണ്ടാക്കിയ പുരുഷന്മാരുടെ അംഗസംഖ്യാ കുറവാണ് യൂറോപ്പിൽ ഫെമിനിസത്തിന് തഴച്ചു വളരുവാനുള്ള പഴുത് കൊടുത്തത്. അങ്ങനെയാണ് മദാമമാർക്ക് ഇന്നീ പറയുന്ന സമത്വ ബോധം ലഭിച്ചത്. എന്നാൽ ആരംഭം മുതൽക്ക് തന്നെ ഇസ്‌ലാം സ്ത്രീക്ക് അവകാശങ്ങളും മാന്യതയും വകവെച്ചു നൽകി. ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല ‘സമത്വ’രാജ്യങ്ങളിൽ സ്ത്രീ പരിഗണക്കപ്പെട്ടു തുടങ്ങിയിട്ട് എന്നോർക്കുക.

മതവും ഭൗതികവും സമന്വയിപ്പിച്ച് ജീവിതത്തിൽ കൊണ്ടു നടക്കാനുതകുന്ന പാണ്ഡിത്യവും പക്വതയുമുള്ള സ്ത്രീ രത്‌നങ്ങൾ ഇസ്‌ലാമിക ചരിത്രത്തിൽ ഒട്ടനവധിയുണ്ടായിരുന്നു. മദീനയിലെ മഹാപണ്ഡിതനായിരുന്നു സഈദ്ബ്‌നു മുസ്വയ്യിബ്. മകളെ ശിഷ്യന്മാരിലൊരാൾക്ക് അദ്ദേഹം വിവാഹം ചെയ്തു കൊടുത്തു. വിവാഹ ശേഷം ദർസിലേക്ക് പോകുന്ന ഭർത്താവിനോട് ഭാര്യ ചോദിച്ചുവത്രേ: ‘നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ഉപ്പാന്റെ ദർസിലേക്കാണോ? എങ്കിൽ നിങ്ങൾ പോകേണ്ടതില്ല. ഉപ്പാന്റെ ഇൽമെല്ലാം എന്റെ അടുത്തുമുണ്ട്’. നാൽപത് വർഷത്തോളം ദർസിന്റെയും വീടിന്റെയും വഴിയിലൂടെയല്ലാതെ നടന്നിട്ടില്ലാത്ത സഈദ്(റ)ന്റെ ഇൽമ് തന്റെ അടുക്കലുണ്ടെന്ന് പറയാൻ പോന്ന പാണ്ഡിത്യമുള്ള മകളുണ്ടാവുക എത്ര ഭാഗ്യമാണ്! ഇമാം മാലിക്(റ)വിനും ഉണ്ടായിരുന്നു പണ്ഡിതയായ മകൾ. ഇമാം ഹദീസ് ദർസ് നടത്തുമ്പോൾ ശിഷ്യൻമാർ നോക്കിവായിക്കുന്നതിൽ വല്ല തെറ്റും വരുന്നത് കണ്ടുപിടിക്കുക മറക്കപ്പുറത്ത് നിന്ന്  മകൾ മുട്ടുന്ന ശബ്ദം കേട്ടായിരുന്നുവത്രെ. സീനത്തു തഫാസീർ എന്ന തഫ്‌സീറിന്റെ രചന നടത്തിയത് സുൽത്താൻ ഔറംഗസീബിന്റെ മകൾ സീനത്ത് ബീഗമാണ്. ഇങ്ങനെ മഹിത പരമ്പര്യമുള്ളവരാണ് മുസ്‌ലിം സ്ത്രീകൾ.

എന്നാൽ ലോകത്തുള്ള സകല വിജ്ഞാനീയങ്ങളും കൈവെള്ളയിലേക്കെത്തുന്ന തലത്തിലേക്ക് ലോകം വളർന്നപ്പോൾ മതവിജ്ഞാനത്തോടുള്ള അവജ്ഞയും സമുദായത്തിൽ വളർന്നു. ഇതിന് കാരണമുണ്ട്. പൊതുവെ മുതിർന്നവർക്ക് ചെറിയവരെക്കാൾ അനുഭവവും അറിവും കൂടുതലായിരിക്കുമെന്നതാണ് പൊതുരീതി. ഇന്നതെടുത്തുപോയി. പതിനെട്ടുകാരന് അറുപതുകാരനെക്കാൾ വിവരവും കാര്യപ്രാപ്തിയും എത്തിയിരിക്കുന്നു. അതിനാൽ തന്നെ ന്യൂ ജനറേഷൻ ഓൾഡ് ജനറേഷനോട് അകലം പാലിക്കുന്നു. രണ്ട് തലമുറകൾക്കിടയിലുള്ള ഈ വിടവ് കാരണം നഷ്ടപ്പെട്ടതാണ് വിദ്യാർത്ഥികൾക്ക് മതപഠനത്തോടുള്ള താൽപര്യം. കൂടാതെ ചുറ്റുപാടുകളിൽ നിന്ന് അടിക്കടി മതത്തിനെതിരെയുള്ള ആരോപണങ്ങൾ ഉയരുന്നതിനാൽ വസ്തുതയറിയാതെ മക്കൾക്ക് മതം യാഥാസ്ഥിതികവും പഴഞ്ചനുമാണെന്നു തോന്നിതുടങ്ങും. പിന്നീടവർക്ക് മതം തങ്ങളുടെ പേരുകളിലെ അലങ്കാരം മാത്രമാവും. അത് കൊണ്ട് രക്ഷിതാക്കൾ നിശ്ചയിച്ച അതിർ വരമ്പുകൾ മക്കൾ ലംഘിക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി ഒരു പരിധിവരെ നാം തന്നെയാണ്. അവരുടെ വളർത്തു സാഹചര്യത്തിൽ നമ്മളെടുത്ത അലസമായ നിലപാടുകളാണ് ഈ അവസ്ഥയിലേക്കെത്തിച്ചതെന്നു മനസ്സിലാക്കാം.

മതപഠന രംഗത്തേക്ക് ആൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ തന്നെ പെൺകുട്ടികളെയും പ്രോത്സാഹിപ്പിക്കണം. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്രങ്ങളിൽ മാത്രമല്ല അറിവിന്റെ നിറകുടങ്ങളായ പണ്ഡിതകളുള്ളത്. മറിച്ച്, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സമീപകാലങ്ങളിലും ജീവിച്ച ഒരുപാട് മാതൃകാ വനിതകളെ നമുക്ക് കണ്ടെത്താൻ സാധിക്കും. പുതിയാപ്ല അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഭാര്യയിൽ നിന്നായിരുന്നുവത്രെ മഹാനവർകളുടെ ശിഷ്യന്മാർ ഹൈളിന്റെ (ആർത്തവം) അധ്യായം ഓതിയിരുന്നത്. ഒരു പണ്ഡിത തറവാട്ടിൽ വലിയ കിതാബുകൾ ദർസ് നടത്താൻ പ്രാപ്തരായ നിരവധി സ്ത്രീകളുണ്ടായതിന് സമീപകാലത്തുള്ള ഉദാഹരണമാണ് മർഹൂം എംഎ ഉസ്താദിന്റെ കുടുംബം. ഉസ്താദ് പറയുന്നു: ‘ഉടുമ്പുന്തലയിൽ ഏകദേശം മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഹൈദ്രൂസ് മസ്ജിദ് എന്ന നാമത്തിൽ ഒരു പള്ളി നിർമിക്കപ്പെട്ടു. പ്രസ്തുത പള്ളിയുടെ നിർമാതാവും പ്രഥമ മുക്രിയുമായിരുന്ന മുക്രി മുഹമ്മദിന്റെ വീട് എന്ന നിലക്കായിരുന്നു ‘മുക്രിക്കാന്റവിട’ എന്ന നാമകരണമുണ്ടായത്. ഖുർആൻ പഠിപ്പിക്കുക മാത്രമല്ല ഉയർന്ന കിതാബുകൾ ദർസ് നടത്താൻ പ്രാപ്തരായ സ്ത്രീകൾ വരെ അന്ന് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു.’

ഈ ഉദാഹരണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് സ്ത്രീകളുടെ സമഗ്ര മത പഠനം ഈ അടുത്ത കാലത്താണ് നഷ്ടപ്പെട്ടു തുടങ്ങുന്നതെന്നാണ്. അതിന്റെ പരിണിത ഫലങ്ങളാണ് ഒളിച്ചോട്ടമായും ആത്മഹത്യയായും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. പരിഹാരം ധാർമിക വിദ്യാഭ്യാസത്തിന്റെ തിരിച്ചു വരവ് മാത്രമാണ്. അതിന് നമ്മൾ ഒരുങ്ങേണ്ടതുണ്ട്. മഹല്ലുകൾ തോറും സ്ത്രീകൾക്ക് ഉന്നത മത പഠനത്തിന് സൗകര്യമൊരുക്കണം. മലപ്പുറം മേൽമുറി 27-ൽ  ഒരു വ്യക്തിയുടെ പെൺ മക്കളെ പഠിപ്പിക്കാനായി അദ്ദേഹം തുടങ്ങിയ ദർസ് ഇന്ന് നാൽപത് വിദ്യാർത്ഥിനികളുള്ള വനിതാ ശരീഅത്തായി പരിണമിച്ചിരിക്കുന്നു. ദർസീ രംഗങ്ങളിൽ ഏറ്റവും പ്രയാസമേറിയ വിഷയങ്ങളായ ഇൽമുൽ മൻത്വിഖ് (തർക്ക ശാസ്ത്രം) ഇൽമുൽ മആനി (സാഹിത്യം), ഫിഖ്ഹ് (കർമശാസ്ത്രം), ഫറാഇള് (അനന്തരാവകാശ നിയമങ്ങൾ) തുടങ്ങിയ വിഷയങ്ങളിലെ ഉന്നത കിതാബുകൾവരെ ഈ വിദ്യാർത്ഥിനികൾ ഓതുന്നുണ്ട്. എല്ലാ ശനിയും ഞായറും മറ്റു അവധി ദിവസങ്ങളിലുമായാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വ്യക്തികളോ സ്ഥാപനമോ അല്ല, നാട്ടുകാർ തന്നെയാണ് ഇത് സംഘടിപ്പിക്കുന്നത്. ആൺകുട്ടികൾക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നതിനെക്കാൾ എളുപ്പത്തിൽ വിദ്യാർത്ഥിനികൾക്ക് അതിനു കഴിയുന്നുവെന്നാണ് അധ്യാപകർ പറയുന്നത്.

പഠിക്കാൻ താൽപര്യവും സന്നദ്ധതയുമുള്ള വിദ്യർത്ഥിനികൾ എല്ലായിടത്തുമുണ്ടെന്നാണ് ഇത്തരം ചെറു ചലനങ്ങൾ ബോധ്യപ്പെടുത്തുന്നത്. കൈതാങ്ങും അവസരവും ലഭിക്കണമെന്നു മാത്രം. എങ്കിൽ നല്ലൊരു നാളെ നമുക്ക് സ്വപ്നം കാണാം. എല്ലാ നാട്ടിലും ഒരു മത പണ്ഡിതനെങ്കിലുമില്ലാതിരിക്കില്ല. പണ്ഡിതർ അവരുടെ ഭാര്യമാർക്ക് മതം പറഞ്ഞു കൊടുക്കട്ടെ, ഭാര്യമാർ ആ ഇൽമ് മറ്റുള്ളവരിലേക്കുമെത്തിച്ചാൽ ഒരാത്മീയ ‘കുടുംബ ശ്രീ’ സംഘടിപ്പിക്കാൻ നമുക്കാവും.

വിവരവും കാര്യബോധവുമുള്ള സ്ത്രീ സമൂഹമുയർന്നു വന്നാൽ തലമുറകൾ പിഴക്കില്ല. സ്ത്രീ എന്താണെന്ന സ്വത്വബോധം സ്ത്രീകൾക്കുണ്ടാവണമെങ്കിൽ അവൾ മതത്തെ അടുത്തറിയാൻ ശ്രമിക്കണം. അതിലേക്കുള്ള ഇലയനക്കങ്ങളാവട്ടെ ഈ ശ്രമങ്ങളെല്ലാം.

കേട്ടെഴുത്ത്: മുഹമ്മദ് രിള്‌വാൻ ആക്കോട്‌

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ