ആത്മീയതയാണ് മതങ്ങളുടെ പ്രധാന പ്രതിപാദ്യം. യഥാര്‍ത്ഥ മതമാകയാല്‍ വിശുദ്ധ ഇസ്ലാം യഥാവിധിയുള്ള ആത്മീയതയെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യ സംസ്കരണത്തിന്റെ മുഖ്യവശം ആത്മാവിനെ വിമലീകരിക്കുന്നതിലാണ് നിലകൊള്ളുന്നത്. അതനുസരിച്ചുള്ള പുരോഗതി പ്രവര്‍ത്തനങ്ങളില്‍ പ്രകടമായി തുടങ്ങുമ്പോള്‍ ശരിയായ രീതിയിലേക്ക് മാനുഷ ചലനമെത്തും. ആത്മാവറിയാത്ത വെറും കര്‍മ ഗോഷ്ഠികള് വിപരീത ഫലമാണു ചെയ്യുക. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയ ചികിത്സാ മരണങ്ങള് ഈയര്‍ത്ഥത്തിലാണ് വിലയിരുത്തേണ്ടത്. ആത്മാവുമായോ മതവുമായോ ഒരു ബന്ധവുമില്ലാത്ത ചില വ്യവസായങ്ങളായി അവ തരം താഴുന്നിടത്ത് കാപട്യം അരങ്ങുതകര്‍ക്കുന്നു.
മനുഷ്യന്റെ നാനോന്മുഖ സ്പര്ശിയാണ് ഇസ്ലാം. അതുകൊണ്ടുതന്നെ ചികിത്സാ രംഗത്തു മതത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. രോഗം ദൈവികമായ പരീക്ഷണമാകയാല് ചികിത്സക്കൊപ്പം ക്ഷമയും പ്രാര്‍ത്ഥനയും വേണമെന്നും മതം പഠിപ്പിച്ചു. ചികിത്സയെയോ ഔഷധ ഉപയോഗത്തെയോ മതം വിലക്കിയില്ലെന്നു മാത്രമല്ല, ഏറെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരുനബി(സ്വ) പറഞ്ഞതിങ്ങനെ: “നിങ്ങള്‍ ചികിത്സ നടത്തുക, ഏതു രോഗത്തിനുള്ള ശമന മാര്‍ഗം അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്.”ത്വിബ്ബുനബി എന്ന പേരില്‍ നബി(സ്വ)യുടേതായ വിശദമായ ചികിത്സാ രീതി പോലും ഇപ്പോഴും പ്രയോഗിക്കപ്പെടുന്നുണ്ട്.
ആത്മീയ രീതിയിലുള്ള ചികിത്സയും മത പ്രമാണങ്ങള്‍ക്ക് വിധേയമാണ്. ഖുര്‍ആന്‍ രോഗശമനം കൂടിയാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ (17/82). അതിനു മതം പഠിപ്പിച്ച രീതികള്‍ പ്രയോഗിച്ചാല്‍ ശമനം ലഭിക്കും. പ്രമാണ ശൃംഖലക്കു പുറമെ അനേകായിരം അനുഭവങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നു. എന്നാല്‍, ഇന്ന് കാണുന്ന പല ആത്മീയ ചികിത്സാ കേന്ദ്രങ്ങളും മതത്തിന്റെ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പു കേന്ദ്രങ്ങളാണ്. ഹറാമും ഹലാലുമില്ലാതെ, നിയത രീതിയോ ശൈലിയോ ഇല്ലാതെ എന്തു തോന്നിവാസവും ആത്മീയതയുടെ പേരില്‍ പ്രചരിപ്പിച്ചു വരികയാണ് ചിലര്‍. കൊടിയ പീഡനവും കൊല്ലലുമായി ജിന്നു ചികിത്സാ വാണിഭം അരങ്ങു തകര്‍ക്കുന്നതുപോലും വാര്‍ത്തകളായിക്കൊണ്ടിരിക്കുന്നു.
സമീപകാലത്ത് രണ്ടു യുവതികളാണ് “ചികിത്സ”കാരണം ദാരുണ മരണത്തിന് വിധേയരായത്. ആത്മീയ ചികിത്സയെ മാത്രമല്ല, ആത്മാവിനെ തന്നെ നിഷേധിക്കുന്ന ഒരു സംഘവും അവര്‍ക്ക് പിന്തുണ പാടുന്ന മുസ്ലിം നാമക്കാരും ഒരു വശത്ത്. എന്തു താന്തോന്നിത്തവും ആത്മീയ ചികിത്സയുടെ പേരില്‍ എഴുന്നള്ളിക്കുന്ന വ്യാജന്മാര് മറുവശത്ത്. ഇതിനിടയില്‍ സത്യം വീര്‍പ്പുമുട്ടുകയാണ്. ആത്മീയ ചികിത്സയിലെ നെല്ലും പതിരും തിരിച്ചറിയുക തന്നെ വേണം. ഗഹനമായ പഠനങ്ങള്‍ ഏറെ ആവശ്യമായതാണ് ആത്മീയ ചികിത്സാ മേഖല.