ആദര്‍ശ സമ്മേളനം താക്കീതായി

കോഴിക്കോട്: കഴിഞ്ഞ അഞ്ചു ദശകത്തിനിടയില്‍ ആഗോളതലത്തിലും ഇന്ത്യയിലും പ്രദേശിക തലത്തിലും മുസ്ലിംകള്‍ പ്രതിരോധത്തിലായ സന്ദര്‍ഭങ്ങളില്‍ പലതും സലഫികളുടെയോ, ജമാഅത്തെ ഇസ്ലാമിയുടെയോ സൃഷ്ടിയായിരുന്നുവെന്ന് അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കോഴിക്കോട് നടന്ന എസ്.വൈ.എസ് ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം. ഇസ്ലാമിന്‍റെ ആത്മീയമായ ഊര്‍ജ്ജത്തെ താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ആകുമോ എന്ന അന്വേഷണമാണ് ഈ അവാന്തര വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇവര്‍ക്ക് ഇസ്ലാമിനേക്കാളേറെ അതതു കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളോടാണ് കൂറും കടപ്പാടും.
ശരീഅത്തിനെതിരെ ഭരണകൂടങ്ങളില്‍ നിന്ന് ശക്തമായ കടന്നുകയറ്റം നടക്കുന്നു എന്ന തരത്തിലുളള പ്രചാരണങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ല. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ വിഷയത്തില്‍ അനവസരത്തില്‍ ചിലരുണ്ടാക്കിയ കോലാഹലങ്ങള്‍ സമുദായത്തെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. അതേ സമയം മുസ്ലിംകള്‍ ദൈനം ദിന ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അത്തരം അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ഇവരുടെ ശ്രദ്ധ ചെന്നെത്തുന്നുമില്ല.
സമസ്തയുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു വിഭാഗം അവിഭക്തസമസ്തയോട് ആശയപരമായും ആദര്‍ശ പരമായും എത്രമാത്രം കൂറ് പുലര്‍ത്തുന്നുണ്ടെന്ന് ആത്മ പരിശോധന നടത്തണം. ഇസ്ലാമിലെ അവാന്തര വിഭാഗങ്ങള്‍ക്കെതിരെ ആശയ സമരം നടത്താന്‍ ബാധ്യതപ്പെട്ടവര്‍ സ്വന്തം ആശയ ധാര തന്നെ മറന്ന് പോയിരിക്കുന്നു. സമൂഹത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പണ്ഡിതനിര സങ്കുചിതമായ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിച്ച് സുന്നികള്‍ക്കിടയില്‍ സ്പര്‍ദ്ദയും അകല്‍ച്ചയും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആശയ പാപ്പരത്തമാണ്. സമസ്തയില്‍ നിന്ന് വിട്ട് പോയ ശേഷം ഈ വിഭാഗങ്ങള്‍ സമുദായത്തില്‍ നിര്‍മാണാത്മകമായ എന്ത് പ്രവര്‍ത്തനമാണ് നടത്തിയതെന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയകര്‍മ മണ്ഡലങ്ങളിലേക്ക് ഈ കൂട്ടര്‍ മടങ്ങി വരണം. കാന്തപുരം തുടര്‍ന്ന് പറഞ്ഞു
സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, ഇ. സുലൈമാന്‍ മുസ്ലിയാര്‍ സംബന്ധിച്ചു. റഹ്മത്തുല്ല സഖാഫി എളമരം സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക...

You must be logged in to post a comment Login

Leave a Reply