Love Muhammed (S)

മാനുഷിക വികാരങ്ങളിലെ പാരമ്യതയുടെ അടയാളമാണ് പ്രേമമെന്നു പറയാം. വിശുദ്ധ പ്രണയങ്ങള്‍ ഹൃദയങ്ങള്‍ക്കിടയില്‍ അറുത്തുമാറ്റാന്‍ കഴിയാത്ത ബന്ധം നിര്‍മിക്കുന്നു. പ്രേമഭാജനത്തെ പൂര്‍ണമായി ഹൃദയം ആവാഹിച്ചെടുത്താല്‍ ആ ബന്ധമറുത്തുമാറ്റാന്‍ ഒരു ഭൗതിക ശക്തിക്കും സാധ്യമാവാതെ വരുന്നു; ഒരുപക്ഷേ മരണത്തിനുപോലും.

വിശുദ്ധ പ്രണയങ്ങളിലെ അനിര്‍വചനീയമായ പരമാനന്ദം പ്രദാനം ചെയ്യുന്ന അനുഭവ സാക്ഷ്യങ്ങളാണ് മഹബ്ബതുന്നബി. അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യെ പ്രേമിച്ച് സായൂജ്യമടയുക, പരമാനന്ദത്തിന്‍റെ പ്രേമ ലോകം പണിയുക. ചരിത്രത്തില്‍ ഹൃദയ സ്പൃക്കായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ കുറിച്ചു വെച്ചിട്ടുണ്ട് മഹബ്ബതുന്നബി. വിശുദ്ധ പ്രണയത്തിന്‍റെ സര്‍വ വൈകാരികതകളും മുറ്റിനിന്ന പ്രവാചക സ്നേഹത്തിന്‍റെ കഥകള്‍ ഒട്ടേറെയുണ്ട്. മക്കത്തെ ക്ഷുഭിത കാലത്ത് പക മൂത്ത ഖുറൈശികള്‍, നാഥനു മുന്നില്‍ സാഷ്ടാംഗം നമിക്കുകയായിരുന്ന നബി പുംഗവരുടെ തിരുമുതുകില്‍ ഒട്ടകക്കുടല്‍ മാല കൊണ്ടുവന്നിട്ട് ആര്‍ത്തു ചിരിക്കുന്നു. അന്നേരം ആ ബഹളങ്ങളെ ഭേദിച്ച് ഒരു നിലവിളി ഉയരുന്നു. നബി(സ്വ)യുടെ പ്രിയ മകള്‍ ഫാത്വിമ(റ)യാണത്. രംഗം കണ്ടുനില്‍ക്കാന്‍ അവര്‍ക്കാവില്ലായിരുന്നു. സര്‍വം മറന്ന് ബീവി പൊട്ടിക്കരയുന്നു, കുഞ്ഞിക്കൈകള്‍ കൊണ്ട് പ്രവാചകരെ രക്ഷപ്പെടുത്തുന്നു. കാരണം ഫാത്വിമ(റ)യുടെ ഹൃദയത്തില്‍ മുഹമ്മദ് നബി(സ്വ) കേവലമൊരു പിതാവ് മാത്രമായിരുന്നില്ല. പ്രത്യുത, ഉത്തമ ഗുരുവായിരുന്നു, മാതൃകയായിരുന്നു, പരിലാളനയായിരുന്നു, രക്ഷയും ആശ്വാസവുമായിരുന്നു. എല്ലാറ്റിനുമപ്പുറം തന്‍റെ പ്രേമഭാജനമായിരുന്നു. ഓരോ തുടിപ്പിലും നടപ്പിലും മഹതി നബി(സ്വ)യെ സ്നേഹിച്ചു, അനുകരിച്ചു. ഒടുവില്‍ പ്രവാചകരുടെ മരണ ശയ്യയില്‍ ഫാത്വിമ(റ) പരിസരം മറന്ന് വിതുമ്പി. അന്നേരം ബീവിയെ അരികിലേക്ക് വിളിച്ച് റസൂല്‍(സ്വ) കാതിലെന്തോ സ്വകാര്യം പറഞ്ഞു. അടുത്ത നിമിഷം പ്രിയ മകള്‍ പ്രസന്നവതിയായി മാറി. വിഷാദം പോയിമറഞ്ഞു. താമസിയാതെ മുഹമ്മദ്(സ്വ) നാഥനിലേക്ക് മടങ്ങി. അവിചാരിതമായ ഈ ഭാവമാറ്റത്തെ കുറിച്ച് ആരാഞ്ഞവരോട് ഫാത്വിമ(റ) ആ രഹസ്യം വെളിപ്പെടുത്തി. പ്രവാചകര്‍(സ്വ)യുടെ വിയോഗം ആസന്നമായെന്ന യാഥാര്‍ത്ഥ്യം തന്നെ കരയിപ്പിച്ച നേരത്ത് ചേര്‍ത്തു നിര്‍ത്തി അവിടുന്ന് പറഞ്ഞ വാക്കുകളാണ് തന്നെ സന്തോഷിപ്പിച്ചതെന്ന്. വഫാത്തിനു ശേഷം തന്‍റെ സവിധത്തിലേക്ക് ആദ്യം വിരുന്നെത്തുന്നത് ഫാത്വിമയാണത്രെ! അതപ്പടി പുലര്‍ന്നു. അധിക കാലം കഴിയും മുമ്പേ ബീവി ഇഹലോകം വെടിഞ്ഞ് പ്രേമഭാജനത്തോട് ചേര്‍ന്നു. പ്രണയമങ്ങനെയാണ്. അപ്രിയ സത്യങ്ങളെയും അത് പ്രിയമുള്ളതാക്കി പരിവര്‍ത്തിപ്പിക്കും. വിശുദ്ധ പ്രണയത്തിന്‍റെ ആഴം മരണത്തെയും ഭേദിക്കുന്നു.

പ്രതിരോധ സമരത്തിനായി നബിയും സഹചരും ഒരുമിക്കുന്ന വേളകള്‍ പലതും പ്രണയത്തിന്‍റെ വൈകാരികതകളാല്‍ സംഭവബഹുലമായിരുന്നു. സമര മുഖത്തേക്ക് പോരാളികളെ വരിയൊപ്പിച്ചു നിറുത്തവേ നബി(സ്വ)യുടെ കയ്യിലെ വടി സവാദ്(റ)ന്‍റെ ഉദരത്തില്‍ പതിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പരിഭവസ്വരം ഉയര്‍ന്നു കേട്ടു. സവാദാണ്. തന്നെ വേദനിപ്പിച്ച നബിയോട് പ്രതികാരം വീട്ടണമത്രെ! ഇതു കേട്ട നബി സഖാക്കള്‍ ക്ഷോഭിച്ചു. ഉറകളില്‍ നിന്ന് വാളുകള്‍ പുറത്തേക്ക് ചാടി. പ്രവാചകര്‍(സ്വ) കാര്യമറിഞ്ഞു. ജനങ്ങളെ ശാന്തരാക്കി സവാദിനോട് സംവദിക്കുന്നു. തന്‍റെ തുറന്ന മേനിയിലാണത്രെ സവാദിന് പ്രതികാരം തീര്‍ക്കേണ്ടത്. നബിതങ്ങള്‍ കുപ്പായം ഊരിമാറ്റി അദ്ദേഹത്തോട് പ്രതികാരം ചെയ്യാന്‍ കല്‍പ്പിച്ചു. എന്നാല്‍ സവാദ്(റ) പരിസരം മറന്ന് നബിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ് ചെയ്തത്! സര്‍വരും തരിച്ചുനില്‍ക്കെ ഇടറുന്ന സ്വരത്തില്‍ അദ്ദേഹം പറയുന്നു: ‘നബിയേ! അങ്ങയുടെ ദേഹം സ്പര്‍ശിച്ചാല്‍ ഈ പാപിയുടെ ശരീരം നരകത്തീയില്‍ നിന്ന് രക്ഷപ്പെടുമല്ലോ, എനിക്കതു മതി!’ അതിശക്തമായ പ്രണയം സര്‍വ സീമകളും വകഞ്ഞുമാറ്റി കവിഞ്ഞൊഴുകുന്നു. ശത്രുവിന്‍റെ പരാക്രമത്തില്‍ പ്രവാചകര്‍(സ്വ)യുടെ പല്ല് പൊട്ടിയതുകണ്ട് മനംനൊന്ത് സ്വന്തം പല്ലുകള്‍ കുത്തിയുടച്ചവര്‍, പ്രവാചകര്‍ക്കു നേര്‍ക്ക് വന്ന അസ്ത്രങ്ങളെ സ്വന്തം ശരീരം പരിചയാക്കി തടുത്തുനിര്‍ത്തിയവര്‍… പ്രേമം ആത്മീയതലം കൈവരിക്കുമ്പോള്‍ സ്വന്തം മേനിയും വേദനയുമെല്ലാം മറന്നുപോകുന്നു, ഓരോ തുടിപ്പിലും പ്രേമഭാജനം മാത്രം ബാക്കിയാകുന്നു.

വിശുദ്ധ പ്രണയം മനുഷ്യനെ അനുരാഗിയാക്കി മാറ്റും. കാഴ്ചയിലും കാല്‍പനികതയിലും പ്രേമഭാജനത്തിന്‍റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കും. പ്രേമം കീഴടക്കിയാല്‍ പിന്നെ മനുഷ്യന്‍ ആളും ആരവവുമറിയാതെയാവും. സ്ഥലകാല മാറ്റങ്ങള്‍ക്ക് അവനില്‍ യാതൊരു ചലനവും സൃഷ്ടിക്കാനാവാതെ വരും. കാണുന്നതെല്ലാം പ്രേയസി. മൊഴിയുന്നതെല്ലാം പ്രേയസിയെക്കുറിച്ച് മാത്രം! അങ്ങനെയാണ് ഇമാം ബൂസ്വൂരി(റ)യെ പ്രവാചകര്‍(സ്വ) കിനാവില്‍ കാണാന്‍ ചെന്നതും പുതപ്പ് സമ്മാനിച്ചതും.

ആത്മീയമായ പ്രണയം അസംഭവ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നു. ബൂസ്വൂരി(റ)യുടെ പേനത്തുമ്പില്‍ നിന്ന് പ്രവാചക കീര്‍ത്തനങ്ങള്‍ ചിറ പൊളിച്ചു പുറത്തു ചാടി. ലോകം മുഴുക്കെ അത് അനുരാഗ കാവ്യമായി പരന്നൊഴുകി. കീര്‍ത്തന കാവ്യങ്ങളെഴുതി ഒരുപാടു പേര്‍ തങ്ങളുടെ ഹൃദയ പുഷ്പത്തിന്‍റെ കടാക്ഷം നേടി. ‘ഒന്നു നില്‍ക്കൂ, എന്‍ പ്രേയസിയെക്കുറിച്ച് പറയൂ, സുആദയുടെ ഓര്‍മകളാല്‍്യുഎന്നെ സന്തോഷിപ്പിക്കൂ, അവരുടെ വാര്‍ത്തകള്‍ എന്‍റെ്യുഹൃദയ വേദനയില്‍ മരുന്നു പുരട്ടിയേക്കാം’ അബ്ദുല്ലാഹില്‍ യാഫിഈ(റ) സര്‍വം മറന്നു പ്രേമിക്കുകയാണ്. റസൂല്‍(സ്വ) സുആദയായി പ്രണയതലങ്ങളെ തട്ടിയുണര്‍ത്തുന്നു. തന്‍റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം പ്രവാചകരില്‍ കണ്ടെത്തുന്നു. പ്രണയം പാരമ്യതയിലെത്തുമ്പോള്‍ അനുരാഗി പ്രേയസിയുടെ നാമം രഹസ്യമാക്കിവെക്കുന്നു. അതുവഴി അനിര്‍വചനീയമായൊരു ആത്മീയ സുഖം കൈവരിക്കാനാകുമത്രെ! അങ്ങനെയാണ് മുഹമ്മദ് നബി(സ്വ) ‘ലൈല’യും ‘സുആദ’യുമൊക്കെയായി മാറുന്നതും അനുരാഗികള്‍ പരമാനന്ദത്തിലേക്ക് ചേക്കേറുന്നതും.

മര്‍ഹൂം ഒ.കെ ഉസ്താദ്(ഖ.സി) ഹജ്ജ് വേളയില്‍ മക്കത്തെ സൗര്‍ ഗുഹ സന്ദര്‍ശിക്കാനായി ചെങ്കുത്തായ മല കയറുകയാണ്. പ്രവാചകരും ആത്മ മിത്രം അബൂബക്കറും(റ) പാര്‍ത്ത ഗുഹയാണത്. ഒ.കെ ഉസ്താദ് വാര്‍ധക്യത്തിന്‍റെ അവശതകള്‍ മറന്ന് മല കയറുന്നു. കാരണം ഉള്ളില്‍ തിരുദൂതര്‍ മാത്രമാണ്. വിശുദ്ധ പ്രണയം കാലുകളില്‍ പുതിയ ഊര്‍ജം പകുത്തു നല്‍കിയിരിക്കുകയാണ്. കയറ്റത്തിനിടയില്‍ കാണുന്ന പാറക്കെട്ടുകളിലെല്ലാം ഉസ്താദ്‌ വിറക്കുന്ന ചുണ്ടുകള്‍ കൊണ്ട് ചുംബനമര്‍പ്പിക്കുന്നുമുണ്ട്. ഇത് കണ്ടു ചിലര്‍ അദ്ദേഹത്തെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നു. ഗുഹ കാണാന്‍ വന്നയാള്‍ എന്തിനു പാറക്കെട്ടുകളെ ചുംബിക്കണം? എന്നാല്‍ ഒ.കെ ഉസ്താദ് എല്ലാം മറന്നിരുന്നു. തടയാന്‍ വന്ന കരങ്ങള്‍ക്കു മുന്നില്‍ ആ അനുരാഗി ഹൃദയം തുറന്നുവച്ചു:

(ഈ ഗേഹമല്ലെന്‍ ഹൃത്തിനെ്യുതരളിതമാക്കിയതും കവര്‍ന്നതും്യുവീടകമില്‍ പാര്‍പ്പുവതാരോ്യുഅവര്‍ മാത്രമെന്‍ ലക്ഷ്യവും സ്വപ്നവും) വിശ്വപ്രസിദ്ധ അറബ് കവി ഇംറുല്‍ ഖൈസിന്‍റെ ഹൃദയവേദനകളെ ഉസ്താദ് ഏറ്റുപാടുന്നു. തന്‍റെ കാമിനിയായ ലൈല പാര്‍ത്തിരുന്ന വീടിന്‍റെ ചുമരുകളെ ചുംബിച്ച് കവി പാടിയ വരികള്‍. ചെങ്കുത്തായ മലമടക്കിലെ പാറക്കെട്ടുകളില്‍ എവിടെയെങ്കിലും തന്‍റെ പ്രേമഭാജനം ഇരുന്നിരിക്കാമല്ലോ എന്ത ചിന്തയാണ് ഉസ്താദുല്‍ അസാതീദിനെ പ്രണയാതുരനാക്കുന്നത്. ഇന്നുവരെ നേരില്‍ കാണാത്ത പ്രേയസിയുടെ സാന്നിധ്യം മഹാന്‍ ആ പാറക്കെട്ടില്‍ അനുഭവിച്ചറിയുന്നു. അതാണ് വിശുദ്ധ പ്രണയം. ആ ഹൃദയബന്ധങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നത് ആത്മീയോര്‍ജമാണ്. മരണത്തെയും കാലത്തെയും ഭേദിച്ചു കയറുന്ന പരമാനന്ദം.

പ്രേമത്തെ കുറിച്ചാണ് നാം പറയുന്നത്. യഥാര്‍ത്ഥ പ്രണയത്തിന്‍റെ തീവ്രതയെയും തീക്ഷ്ണതയെയും കുറിച്ച്, ഹൃദയങ്ങളുടെ പരിണയത്തെ കുറിച്ച്, വിശുദ്ധമായ സ്നേഹ ബന്ധത്തെ കുറിച്ച്. ആ ബന്ധം രണ്ടു പേരെ പരസ്പരം ചേര്‍ത്തുകഴിഞ്ഞാല്‍ അവിടെ രൂപം കൊള്ളുന്നതാണ് പരമാനന്ദം. അനിര്‍വചനീയമായ ആത്മീയാനുഭൂതിയാണത്. പിന്നെയെല്ലാത്തിലും പ്രണയമാണ്, പ്രണയിനിയാണ്. വാക്കിലും നോക്കിലും പ്രേമഭാജനം മാത്രമാവുന്നു. സര്‍വം മറന്ന് ആനന്ദത്തിലാറാടുന്നു. ആത്മീയ വികാരങ്ങളുടെ പാരമ്യതയിലെത്തിച്ചേരുന്നു. ആ ആനന്ദ നിര്‍വൃതിയുടെ ആഴവും പരപ്പുമറിഞ്ഞാല്‍ ആരും ആത്മസായൂജ്യം നേടും. അല്ലാഹു സൗഭാഗ്യമേകിടട്ടെ.

You May Also Like

കുടുംബ ജീവിതം: നബിമാതൃക

നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു…

● നിസാമുദ്ദീൻ അസ്ഹരി പറപ്പൂർ

തിരുനബി(സ്വ)യുടെ സ്‌നേഹലോകം

കാരുണ്യത്തിന്റെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ ലോകത്തിന് ലഭിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ആഗോള മുസ്‌ലിംകൾ. തിന്മകൾ…

● എസ് വൈ എസ് മീലാദ് കാമ്പയിൻ പ്രമേയം

നബി(സ്വ) അയച്ച കത്തുകള്‍

നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ…