നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു ജീവിച്ച സ്‌നേഹ സംഗമത്തിന്റെ ഉദാത്തതക്ക് ഇന്നു കഴിഞ്ഞതിന്റെ പുതുമയും പുതുമണവുമാണനുഭവപ്പെടുന്നത്. തമ്മിൽ അറിഞ്ഞും ഉൾക്കൊണ്ടും പങ്കുവെച്ചും ഗുണദോഷിച്ചും വികസിച്ച സ്‌നേഹബന്ധം ആർക്കും തകർക്കാനോ സംശയങ്ങൾ ജനിപ്പിക്കാനോ സാധിച്ചില്ല; എക്കാലത്തുമുള്ളവർക്ക് ഉത്തമ മാതൃകയാണ് നബി(സ്വ)യുടെ കുടുംബ ജീവിതം.

ഹിറാ ഗഹ്വരത്തിൽ നിന്നുത്ഭവിച്ച വിഹ്വലതയിൽ, കുളിര് നൽകി സമാശ്വസിപ്പിച്ച ഖദീജ(റ)യുടെ പക്വതയാർന്ന സാന്ത്വന വാക്കുകൾ, ഉത്തമ ഭാര്യയെ കിട്ടിയ സന്തോഷത്തിൽ നല്ല ഭർത്താവായ തിരുനബിക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. അത്രമേൽ മധുരമായിരുന്നു ആ വചസ്സുകൾ. ‘പടച്ചോൻ അങ്ങയെ ഒരിക്കലും നൊമ്പരപ്പെടുത്തില്ല; അല്ലാഹുവാണെ, അങ്ങ് കുടുംബ ബന്ധം ചേർക്കുന്നു, സത്യം സംസാരിക്കുന്നു, പ്രയാസങ്ങൾ ഏറ്റെടുക്കുന്നു, ഇല്ലാത്തവർക്ക് വേണ്ടി കഷ്ടപ്പെടുന്നു, അതിഥികളെ സൽകരിക്കുന്നു, സത്യകാര്യങ്ങൾക്ക് സഹായമേകുന്നു’ ഉറക്കിലും ഉണർവിലും കുളിരേകിയ പ്രിയ പത്‌നിയാണ് ഖദീജ(റ).

നബി(സ്വ), തന്റെ ആദ്യപത്‌നിയായ ഖദീജ(റ)യെ ഇണയാക്കുമ്പോൾ പ്രായം ഇരുപത്തഞ്ച്. ഖദീജ(റ)ക്ക് നാൽപത്. മനസ്സറിഞ്ഞുള്ള ഈ സ്‌നേഹക്കൂട്ടിൽ പ്രായം രണ്ടുപേർക്കും ഒരു തടസ്സമായില്ല. ഖദീജ(റ) നബി(സ്വ)യുടെ അരികിലെത്തുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടു വിവാഹത്തിലും മക്കളുമുണ്ടായിരുന്നു. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും. വിധവയായി ഒറ്റക്കു താമസിക്കാൻ കൊതിച്ച് കഴിഞ്ഞ സമ്പന്നയായ, കുലീനയായ, ഖുറൈശീ സ്ത്രീകളുടെ നേതാവായിരുന്ന ഖദീജയുടെ ജീവിതത്തിലേക്ക് വിശ്വസ്തനും സുമുഖനുമായ നബി(സ്വ) നിയോഗം പോലെ കടന്നുവന്നു. ഖദീജാബീവി(റ)യുടെ ബിസിനസ്സിൽ കാണിച്ച സമ്പൂർണ സത്യസന്ധത, ഒന്നിച്ചുള്ള കുടുംബ വിതത്തിലും

പുലർത്തി. ഖദീജ(റ)യുടെ വിജ്ഞാനവും ദീർഘദൃഷ്ടിയുമാണ് ഭാവി പ്രവാചകനെ സ്വന്തമാക്കാൻ കാരണമായത്. ഹിറായിലേക്ക് പോയ ഭർത്താവിനെ നബിയായിട്ടാണ് ഖദീജ(റ)ക്ക് തിരിച്ചുകിട്ടിയത്. പിന്നെ, ചിന്തിക്കേണ്ടി വന്നില്ല; ആ

നിമിഷം മുതൽ ഭർത്താവിന്റെ ഇസ്‌ലാം മതത്തിൽ ആദ്യവിശ്വാസിനിയായി ഖദീജ(റ) പ്രവേശിച്ചു. വളരെ സന്തോഷം നിറഞ്ഞ ദാമ്പത്യവല്ലരിയിൽ, പക്വമതിയായ ഖദീജ(റ) നബിതിരുമേനിക്ക് ആറു മക്കളെ നൽകി. ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മു കുൽസൂം, അബ്ദുല്ലാഹ് എന്നിവർ. ഏഴാമത്തെ സന്താനം ഇബ്രാഹീം മഹതി മാരിയത്തുൽ ഖിബ്തിയ്യയിലാണുണ്ടായത്.

ഓരോ ചലന-നിശ്ചലനത്തിലും നബി(സ്വ) ‘അൽഅമീൻ’ (സത്യസന്ധൻ) ആയിരുന്നുവല്ലോ. ഖദീജ(റ) സത്യസന്ധയും പരിശുദ്ധയുമായ മഹതിയായിരുന്നു. ജാഹിലിയ്യ കാലത്തു തന്നെ ഖദീജ(റ) ത്വാഹിറ (പരിശുദ്ധ) എന്ന ഓമനപ്പേരിലറിയപ്പെട്ടു. ഒരിക്കൽ പോലും ഖദീജ(റ)യിൽ നിന്ന്, മനസ്സു മടുപ്പിക്കുന്ന ഒന്നും നബി(സ്വ)ക്ക് കേൾക്കാനിടവന്നില്ല. പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശത്രു സമൂഹം അഴിച്ചുവിട്ട പീഡനങ്ങളിൽ മനം തളരാതിരിക്കാൻ, സ്‌നേഹമസൃണമായ പെരുമാറ്റവും സന്തോഷദായകമായ സാമീപ്യവും കൊണ്ട് കുരുത്തു നൽകി. ‘ഖദീജ(റ)യേക്കാൾ ഉത്തമമായ മറ്റൊന്നും അല്ലാഹു എനിക്ക് പകരം നൽകിയിട്ടില്ല; ജനങ്ങൾ എന്നെ അവിശ്വസിച്ചപ്പോൾ അവൾ എന്നെ വിശ്വസിച്ചു. ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവൾ എന്നെ സത്യമാക്കി, ജനങ്ങൾ എനിക്ക് തടഞ്ഞുവെച്ചപ്പോൾ അവൾ എന്നെ സമ്പത്തു നൽകി സമാശ്വസിപ്പിച്ചു. എനിക്ക് മറ്റു ഭാര്യമാരിൽ മക്കളെ തരാതിരുന്ന അല്ലാഹു അവരിലൂടെ മക്കളെ നൽകി’ (അഹ്മദ്, മജ്മഉസ്സവാഇദ് 9/224).

ഖദീജ(റ)യും നബി(സ്വ)യും ഇരുപത്തഞ്ച് വർഷം ഒരുമിച്ചു ജീവിച്ചു. പതിനഞ്ച് വർഷം നുബുവ്വത്തിന്റെ മുമ്പും പത്തു വർഷം നുബുവ്വത്തിന്റെ ശേഷവും. ഇക്കാലയളവിൽ നബി(സ്വ) മറ്റാരെയും ഭാര്യയായി സ്വീകരിച്ചില്ല. ദാമ്പത്യത്തിന്റെ മധുര പ്രായത്തിൽ, യുവത്വത്തിന്റെ പ്രസരിപ്പിൽ അമ്പതു വരെ ഏക പത്‌നീവ്രതമനുഷ്ഠിച്ചു നബി തിരുമേനി(സ്വ). ബഹുഭാര്യത്വം കൊണ്ട് സ്ത്രീ ശരീരമായിരുന്നു നബി(സ്വ)യുടെ ലക്ഷ്യമെങ്കിൽ, ഇത് വേണ്ടിയിരുന്നത് ഊർജ്ജസ്വലമായ യുവത്വ വേളയിലായിരുന്നു. മാത്രമല്ല, നാൽപതു കഴിഞ്ഞ വിധവയായ ഖദീജാ ബീവി(റ)യെ തീരെ അവിവാഹിതനായ ഇരുപത്തഞ്ച്

പ്രായമുള്ള മുത്ത് നബി(സ്വ) കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ച്, കൂട്ടിപ്പിടിച്ച് കൊണ്ടുവരുന്നത് സ്ത്രീ ലമ്പടനായതു കൊണ്ടാണോ? ആരോപകർ കണ്ണു തുറക്കണം.

സ്വർഗീയ സ്ത്രീകളിൽ ഉത്തമ വനിതയായി ഖദീജ(റ)യെ നബി(സ്വ) പുകഴ്ത്തിപ്പറഞ്ഞു. സ്വർഗീയ സ്ത്രീകളിൽ ഉത്തമർ ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദിന്റെ മകൾ ഫാത്വിമ, ഇംറാൻ മകൾ മർയം, മുസാഹിമിന്റെ മകൾ ആസിയ എന്നിവരാണ് (അഹ്മദ്, മജ്മഉസ്സവാഇദ് 9/223).

പിൽക്കാലത്ത് ഖദീജ(റ)യെ നബി(സ്വ) വല്ലാതെ ഓർത്തിരുന്നു. അവരുടെ മാഹാത്മ്യങ്ങളും പുണ്യകർമങ്ങളും എടുത്തുപറയും. ഖദീജ(റ)വിന്റെ പേരിൽ ദാനധർമങ്ങൾ ചെയ്യുമായിരുന്നു. ആടിനെ അറുത്ത് ഖദീജ(റ)വിന്റെ കൂട്ടുകാരികൾക്ക് കൊടുത്തുവിട്ടു. അനസ്(റ) പറയുന്നു: ‘നബി(സ്വ)ക്ക് വല്ലതും കൊണ്ടുകൊടുത്താൽ അവിടുന്ന് പറയും: ഇത് ഇന്നാലിന്നവൾക്ക് എത്തിക്കൂ. അവൾ ഖദീജ(റ)യുടെ കൂട്ടുകാരിയാണ്. ഇത് ഇന്ന പെണ്ണിന് കൊടുക്കൂ. അവൾ ഖദീജയെ ഇഷ്ടപ്പെടുന്നവളാണ്’ (ഹാകിം). ഭാര്യയെ ഇഷ്ടപ്പെടുന്നവർക്ക് ഭാര്യയുടെ കൂട്ടുകാരികൾക്ക്, സമ്മാനങ്ങൾ കൊടുത്തയക്കുന്ന ഉത്തമനായ ഭർത്താവായിരുന്നു മുത്തുനബി(സ്വ). ഓരോ ഭർത്താവും ചിന്തിക്കുക – കുടുംബത്തെ എത്ര മഹത്തരമായാണ് നബി തിരുമേനി കണ്ടത്. ഇണകൾ തമ്മിൽ അവിശ്വാസം വളരുന്ന ആധുനിക കാലത്ത്, ഒരാളും ഒരാൾക്കു കീഴിലും നിൽക്കാൻ തയ്യാറാവാത്ത ദശാ സന്ധിയിൽ തരം കിട്ടുമ്പോൾ ഭർത്താവിനെ ഭാര്യയും, ഭാര്യയെ ഭർത്താവും പാര വെക്കാനും കുത്തിനോവിക്കാനും മെനക്കെടുമ്പോൾ, ഒരിക്കലും വെറുപ്പുണ്ടാവാതിരുന്ന, സ്‌നേഹം വിരിഞ്ഞ, സുഗന്ധം പരത്തിയ ഈ വിശുദ്ധ ദാമ്പത്യത്തിലെ പാഠങ്ങൾ അടുത്തറിയാൻ നാം തയ്യാറാവണം.

ഖദീജ(റ)വിന്റെ മരണശേഷം നബി(സ്വ) 12 ഭാര്യമാരെ വിവാഹം ചെയ്തു. ഇവരിൽ രണ്ടു പേരുമായി കൂടിച്ചേരുന്നതിന് മുമ്പുതന്നെ വിവാഹ ബന്ധം വേർപ്പെടേണ്ടിവന്നു. ഖദീജ(റ)ക്കു പുറമെ സൈനബ് ബിൻത് ഖുസൈമ(റ) എന്ന ഭാര്യയും നബി(സ്വ)യുടെ ജീവിത കാലത്തു തന്നെ മരണമടഞ്ഞു. നബി(സ്വ)യുടെ മരണ സമയത്ത് ഒമ്പതു ഭാര്യമാരുണ്ടായിരുന്നു. (1) സൗദ ബിൻത് സംഅ(റ), (2) ആയിശ ബിൻത് അബീബക്ർ(റ), (3) ഹഫ്‌സ ബിൻത് ഉമറുബ്‌നിൽ ഖത്ത്വാബ്(റ), (4) ഹിന്ദ് ബിൻത് അബൂഉമയ്യ (ഉമ്മുസലമ-റ), (5) സൈനബ് ബിൻത് ജഹ്ശ്(റ), (6) ജുവൈരിയ്യ ബിൻത് ഹാരിസ്(റ), (7) റംല ബിൻത് അബീസുഫ്‌യാൻ (ഉമ്മു ഹബീബ-റ) (8) സ്വഫിയ്യ ബിൻത് ഹുയയ്യ്(റ), (9) മൈമൂന ബിൻത് ഹാരിസ്(റ).

നബി(സ്വ)യുടെ 13 ഭാര്യമാരും ഇബ്‌റാഹീം എന്ന കുഞ്ഞ് ജനിച്ച അടിമ മാരിയത്തുൽ ഖിബ്ത്വിയ്യയും സൽസ്വഭാവികളും ഉത്തമ ജീവിതം നയിച്ചവരുമായിരുന്നു. സത്യവിശ്വാസികളുടെ മാതാക്കൾ (ഉമ്മഹാത്തുൽ മുഅ്മിനീൻ) എന്ന അപരനാമത്തിൽ അവരെല്ലാം അറിയപ്പെടുന്നു. ജീവിതത്തിൽ അസാധാരണത്വവും വിശേഷപ്പെട്ട കഴിവുകളും ഉള്ളവരുമായിരുന്നു. നബി(സ്വ)യുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ്, തിരുദൂതരോടൊപ്പമുള്ള, ഭാഗ്യപൂർണമായ കുടുംബജീവിതത്തിന്റെ അടയാളങ്ങൾ അവർക്ക് അനുഭവപ്പെട്ടിരുന്നു. അല്ലാഹുവിന്റെ വഹ്‌യ് മുഖാന്തിരമാണ് ഓരോരുത്തരെയും തിരുനബി(സ്വ) ഭാര്യമാരാക്കിയത്.

13 ഭാര്യമാരിൽ ആറു പേർ ഖുറൈശീ ഗോത്രക്കാരികളും (ഖദീജ(റ), ആഇശ(റ), ഹഫ്‌സ(റ), ഉമ്മുഹബീബ(റ), ഉമ്മുസലമ(റ), സൗദ-റ) നാല് പേർ ഖുറൈശികളല്ലാത്ത അറബി വനിതകളുമായിരുന്നു. (സൈനബ് ബിൻത് ജഹ്ശ്, മൈമൂന(റ), സൈനബ് ബിൻത് ഖുസൈമ(റ), ജുവൈരിയ്യ-റ). അറബിയല്ലാത്ത ഏക ഭാര്യ സ്വഫിയ്യ ബിൻത് ഹുയയ്യ്(റ) ആയിരുന്നു.

ബനൂന്നളീർ ഗോത്രക്കാരിയായ സ്വഫിയ്യ ബീവി നബിജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് കണ്ട ഒരു സ്വപ്നം ശ്രദ്ധേയമാണ്. കിനാനതുബ്‌നു റബീഇബ്‌നി അബിൽ ഹുഖൈഖിന്റെ ഭാര്യയായിരിക്കുമ്പോൾ സ്വഫിയ്യ ബീവി ഒരു സ്വപ്നം കണ്ടു. പൂർണ ചന്ദ്രൻ അവരുടെ മടിയിൽ വന്നിരിക്കുന്നു. ബീവി ഇതു ഭർത്താവിനോട് പറഞ്ഞു. സ്വപ്ന വ്യാഖ്യാനത്തിൽ ബോധമുള്ള, ജൂതനായ ഭർത്താവ് മുഖം ചുവപ്പിച്ച് ദേഷ്യത്തോടെ പറഞ്ഞു: ‘ഹിജാസ് രാജാവായ മുഹമ്മദിനെ നീ ആശിക്കുന്നുവെന്നാണിതിന്റെ സൂചന.’ ഇതു പറഞ്ഞ് അയാൾ സ്വഫിയ്യ ബീവിയുടെ മുഖത്ത് ആഞ്ഞു തല്ലി. കണ്ണുകൾ കരുവാളിച്ചു. പാടു വന്നു. പിന്നീട് സ്വപ്നം യാഥാർത്ഥ്യമായി. തിരുനബി(സ്വ)യുടെ അടുത്തെത്തിയപ്പോഴും ആ അടിയുടെ അടയാളം മുഖത്തുണ്ടായിരുന്നു.’

ഹിന്ദ് ബിൻത് അബീഉമയ്യ(റ), അതായത് ഉമ്മുസലമ ബീവി(റ)ക്ക് നബി(സ്വ)യെ ഭർത്താവായി കിട്ടിയത് ഒരു പ്രാർത്ഥനയിലൂടെയാണ്. ഉഹ്ദ് യുദ്ധത്തിൽ ശഹീദായ അബൂസലമയായിരുന്നു ആദ്യഭർത്താവ്. അബൂസമല(റ) തിരുദൂതരിൽ നിന്ന് കേട്ടുപഠിച്ച ഒരു പ്രാർത്ഥന ഭാര്യക്ക് നേരത്തേ പറഞ്ഞുകൊടുത്തിരുന്നു. അതിതാണ്: ‘വല്ല വിപത്തും സംഭവിക്കുമ്പോൾ ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ എന്നു പറയുകയും തുടർന്ന് ‘അല്ലാഹുവേ, ഈ നഷ്ടപ്പെട്ടതിന് പകരം ഞാൻ നിന്റെ പ്രതിഫലവും പരിഹാരവും തേടുന്നു; എനിക്ക് നഷ്ടപ്പെട്ടതിനേക്കാൾ മികച്ചത് നൽകണേ’ എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹുവിന്റെ ശക്തിയും മഹത്ത്വവും കൊണ്ട് പ്രസ്തുത കാര്യം നിറവേറുക തന്നെ ചെയ്യും – എന്നതാണീ പ്രാർത്ഥന. അബൂസലമയുടെ മരണാനന്തരം ഉമ്മു സലമ ബീവി ഈ പ്രാർത്ഥന നടത്തി. തൽഫലമായി ഏറ്റവും നല്ല ഭർത്താവിനെ (നബിയെ) ലഭിക്കുകയും ചെയ്തു.

ആയിശാ ബീവി(റ)യാണ് 13 ഭാര്യമാരിൽ ഏക കന്യക. ആയിശ(റ)നോട് വിവാഹത്തെക്കുറിച്ച് നബി(സ്വ) പറഞ്ഞു: ‘എനിക്ക് സ്വപ്നത്തിൽ നിന്നെ രണ്ട് തവണ കാണിച്ചുതന്നു. ഒരു പട്ടുതുണിയിലാണ് നിന്റെ ചിത്രം ഞാൻ കണ്ടത്. ആരോ എന്നോട് പറഞ്ഞു: ‘ഇതാണ് താങ്കളുടെ ഭാര്യ. ഞാൻ ആ ചിത്രമറ നീക്കിയപ്പോഴും കണ്ടത് നിന്നെത്തന്നെ.’ അന്നേരം ഞാൻ പറഞ്ഞു: ഇത് അല്ലാഹുവിൽ നിന്നാണെങ്കിൽ അതങ്ങനെ നടന്നിരിക്കും.’വലിയ അറിവും പക്വതയും തഖ്‌വയും സൂക്ഷ്മതയും നിറഞ്ഞ ഉത്തമയായ പെൺകുട്ടിയായിരുന്നു ആയിശ(റ). വലിയ ബുദ്ധിമതി. രണ്ടായിരത്തി ഇരുന്നൂറ്റി പത്ത് ഹദീസുകൾ റിപ്പോർട്ട് ചെയ്തു. നബിയുടെ കുടുംബ ജീവിതം നന്നായി ഒപ്പിയെടുത്തു മാതൃകയാക്കാൻ ലോകത്തിന് പഠിപ്പിച്ചുകൊടുത്തു. നബി(സ്വ)യോടൊത്ത് ജീവിച്ച് മഹത്തായ വ്യക്തിത്വം വികസിപ്പിച്ചെടുക്കാൻ മുഴുവൻ സമയവും ആഇശ(റ) നീക്കിവെച്ചു. കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. കൂട്ടുകാരികൾക്കൊക്കെ അപര നാമമുണ്ട്, എനിക്കില്ലല്ലോ എന്ന് വിഷമം പറഞ്ഞപ്പോൾ ‘ഉമ്മു അബ്ദില്ല’ എന്ന് നബി(സ്വ) ആയിശ(റ)യെ വിളിച്ചു. ജ്യേഷ്ഠത്തി അസ്മാഇന്റെ മകൻ അബ്ദുല്ലാഹിബ്‌നു സുബൈറിനെ ചേർത്താണിങ്ങനെ നബി(സ്വ) വിളിച്ചത്.

 

ചില വിവാഹ നിയമ ചിന്തകൾ

കാലവും സ്ഥലവും കുടുംബാന്തരീക്ഷവും മാറുന്നതിനനുസരിച്ച് നല്ല നടപ്പുകൾ ചിലപ്പോൾ അപ്രസക്തമാവും. ചിലപ്പോൾ നല്ലതല്ലാതാവും. മോശമായിത്തീർന്ന തിന്മ വീണ്ടും നന്മയാവും. ബഹുഭാര്യത്വം ഇങ്ങനെയാണ്. കേരളീയാന്തരീക്ഷം ബഹുഭാര്യത്വത്തെ മിക്കപ്പോഴും ‘വൻ ദോഷ’മായി കാണുന്നുണ്ടെങ്കിൽ അതു

പ്രാദേശികമോ കുടുംബപരമോ ആയ ചില അവസ്ഥകളാണ്. വിദേശ രാഷ്ട്രങ്ങൾ പലതും ബഹുഭാര്യത്വത്തെ നല്ല വ്യക്തിത്വത്തിന്റെയും ശക്തിയുടെയും അടയാളമായി പോലും കണക്കാക്കുന്നുണ്ട്. എന്തായാലും ആയിരത്തി നാന്നൂറ് വർഷങ്ങൾക്കു മുമ്പുള്ള സാഹചര്യങ്ങളെ ഇന്നത്തെ അവസ്ഥയോട് തുലനം ചെയ്ത് നിശിതമായി വിമർശിക്കുന്നത് മൂഢത്ത്വമാണ്. കാലം കഴിഞ്ഞ് വീണ്ടും ഇങ്ങനെയൊരു ബഹുഭാര്യത്വ സാഹചര്യത്തിലേക്ക് ലോകം തിരിച്ചുപോയാൽ ഇനിയതു പാടില്ലെന്ന് പറയാനൊട്ട് ഒക്കുകയുമില്ല. അതിനാലാണ് ഇസ്‌ലാം ബഹുഭാര്യത്വത്തെ അപ്പാടെ നിരാകരിക്കാത്തത്. എല്ലാ കാലത്തേക്കും സമയത്തേക്കും സമുദായത്തിലേക്കുമുള്ളതാണ് ഇസ്‌ലാം. പരിശുദ്ധിയും വിശ്വസ്തതയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ കൂടിയാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിക്കുന്നത്. ഒരു ഭാര്യയും കുറേ കാമുകിമാരും എന്ന കാഴ്ചപ്പാട് ഇസ്‌ലാമിനില്ല. ഭാര്യയുണ്ടായിരിക്കെ, ലൈംഗികാവയവത്തിന്റെ കൊതി തീർക്കാൻ രാത്രി എവിടെയെങ്കിലും പോയി വേലി ചാടുന്നവരാണ് ഇസ്‌ലാമിന്റെ ബഹുഭാര്യത്വത്തെ വിമർശിക്കുന്നത്. ഇസ്‌ലാം പറയുന്നത് ഇതാണ്: ഭാര്യയിലല്ലാതെ ലൈംഗിക ദാഹം തീർക്കരുത്. അവൾ നാലു വരെയാവാം. സമ്പൂർണ നീതി പാലിക്കണം. ഭാര്യമാരുടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കണം.

വിവാഹത്തട്ടിപ്പ് ബഹുഭാര്യത്വത്തെ എതിർക്കാനുള്ള കാരണമല്ല. നബി(സ്വ)യുടെ കാലത്ത് ബഹുഭാര്യത്വം ആരാലും വിമർശിക്കപ്പെട്ടിരുന്നില്ല. മുസ്‌ലിംകളും അമുസ്‌ലിംകളും അത് ചെയ്തിരുന്നു. വിവാഹ പ്രായത്തിന്റെ കാര്യത്തിലുള്ളതുപോലെത്തന്നെ. മുഹമ്മദ് നബി(സ്വ) ആഇശാ ബീവി(റ)യെ ചെറുപ്രായത്തിൽ വിവാഹം ചെയ്തുവെന്നത് ആയിരത്തി നാന്നൂറ് കൊല്ലം മുമ്പത്തെ കഥയാണ്. അത്തരം ഒരു സാഹചര്യം ഇപ്പോഴില്ല. എങ്കിൽ ഇന്നുള്ള ആളുകൾ അങ്ങനെ വിവാഹം കഴിക്കേണ്ടതില്ല. ഇനി അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അത് തെറ്റാണെന്നു പറയാനും ഒക്കില്ല. അതിനാലാണ് ഇസ്‌ലാമിൽ സ്ത്രീകൾക്കും

പുരുഷന്മാർക്കും വിവാഹ പ്രായം നിശ്ചയിക്കാത്തത്. വിവാഹ ജീവിതം എന്നത് ഒരു കീറാമുട്ടിയാണെന്നും പ്രണയം, പ്രേമം, സ്‌നേഹം എന്നിത്യാദി സുഖകരമായ സംഗതികൾ വിവാഹ ജീവിതത്തോടെ ഇല്ലാതാകുമെന്നുമുള്ള ഒരു ആധു

നിക കാഴ്ചപ്പാട് രൂപപ്പെട്ടുവരുന്നുണ്ട്. ഇതിനാലാണ് സ്‌നേഹം, പ്രേമം, പ്രണയം വളരെ നേരത്തെ ഉണ്ടായാലും തെറ്റില്ലെന്നും അതേസമയം വിവാഹത്തിന് 18 അല്ലെങ്കിൽ 21 ആവണമെന്നും ശാഠ്യം പിടിക്കുന്നത്. ഇസ്‌ലാം ഇതനുവദിക്കുന്നില്ല. പ്രണയം, സ്‌നേഹം, പ്രേമം എല്ലാം വിവാഹത്തോടെ മാത്രം. വിവാഹം നേരത്തെയായാൽ നേരത്തെ  പ്രണയിക്കാം, സ്‌നേഹിക്കാം, പ്രേമിക്കാം. പ്രണയിക്കുന്നത് ഒരു പെണ്ണിനെയും കെട്ടുന്നത് വേറൊരുത്തിയെയും എന്ന തരംതാണ ഏർപ്പാട് ഇസ്‌ലാം അനുവദിക്കില്ല.

ആൺ-പെൺ വർഗങ്ങൾ വല്ലാതെ അടുത്തു കൂടിയാൽ പ്രണയം ഉണ്ടാകും. അവിഹിത പ്രണയം ഉണ്ടാവാതിരിക്കാൻ തമ്മിൽ കൂടാതിരിക്കണം. തമ്മിൽ കൂടാതിരിക്കണമെങ്കിൽ, അടുത്തറിയാതിരിക്കണമെങ്കിൽ അതിനനുസരിച്ചുള്ള ഹിജാബ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. അതല്ല, അടുത്തറിഞ്ഞ് പ്രണയം വന്നാൽ രണ്ടുപേരുടെയും കുടുംബങ്ങൾ വേഗം തീരുമാനത്തിലെത്തി അനുയോജ്യമെങ്കിൽ വിവാഹം നിശ്ചയിക്കണം.

ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടത് പുതിയ കുറ്റങ്ങളൊന്നും ഇസ്‌ലാമിന്റെ വിവാഹ പ്രായത്തെയോ സങ്കൽപത്തെയോ പഴി പറയാൻ പര്യാപ്തമല്ലെന്നാണ്. അവരവരുടെ കുടുംബ സാമ്പത്തിക സാമൂഹിക പശ്ചാത്തലങ്ങളെ അടിസ്ഥാനമാക്കിയാണിവ വിലയിരുത്തേണ്ടത്. നോക്കൂ, നേരത്തേ വിവാഹം നടന്നാൽ കൊള്ളാമെന്ന് പെൺകുട്ടിക്ക് ആഗ്രഹം, അവളെ കെട്ടാൻ വരുന്ന ചെറുക്കനും അതിന് റെഡി. രണ്ടു വീട്ടുകാർക്കും നൂറു ശതമാനം സംതൃപ്തി. കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസം രണ്ടുപേരിലും ഉണ്ട് താനും. ഇവിടെ ഇസ്‌ലാം പറയുന്നത് ഇനി അമാന്തിക്കണ്ട എന്നാണ്. അതേസമയം, എന്തെങ്കിലും സാമൂഹിക നന്മ കണക്കിലെടുത്ത് രാഷ്ട്രം വിവാഹ കാര്യത്തിൽ താൽകാലികമായ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ (ഇപ്പോൾ ഇന്ത്യയിലുള്ളതുപോലെ) അതനുസരിക്കാൻ നാം ബാധ്യസ്ഥരാകും. പക്ഷേ, ഈ നിയമനിർമാണത്തിൽ ദുരുദ്ദേശ്യം ഉണ്ടാവാൻ പാടില്ല.

നാം ഗൗരവമായി കാണേണ്ടത്, ഇപ്പോൾ പ്രായം പതിനെട്ടും ഇരുപതും ഇരുപത്തഞ്ചും കഴിഞ്ഞ് വിവാഹം നടത്തി കൊടുത്തിട്ട് പ്രശ്‌നങ്ങൾ അവസാനിക്കുന്നുണ്ടോ? കൂടുകയല്ലാതെ! ഭാര്യക്ക് ഭർത്താവിനെ സംശയം, ഭർത്താവിന് ഭാര്യയെ സംശയം, നാലക്ഷരം പഠിച്ചതിന്റെ പേരിൽ ഇവൾക്ക് ജാഡയാെണന്ന് ഭർത്താവ്. അയാൾക്കാണ് അഹങ്കാരമെന്ന് ഭാര്യ. എനിക്ക് സ്വന്തമായ കാഴ്ചപ്പാടും വേണ്ടിവന്നാൽ ഒറ്റക്കു ജീവിക്കാനുള്ള സമ്പാദ്യവുമുണ്ടെന്ന് ഭാര്യ, നീയില്ലെങ്കിൽ എനിക്ക് യാതൊരു ചുക്കുമില്ലെന്ന് ഭർത്താവ്.

പുരുഷാധിപത്യം കാണിക്കുന്ന സ്ത്രീ വിരോധിയാണ് നിങ്ങളെന്ന് ഭാര്യ, കുരുത്തം കെട്ട ഫെമിനിസ്റ്റാണ് നീയെന്ന് ഭർത്താവ്. തന്റെ ജീവിതവും ബിസിനസ്സും ബിസിയും തിരിച്ചറിയാത്ത കൾച്ചർലെസ്സ് ആണ് എന്റെ ഭാര്യയെന്ന് ഭർത്താവ്, ഇത്രകാലം ഒപ്പം ജീവിച്ചിട്ടും എന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും അഭിരുചിയും അറിയാൻ ശ്രമിക്കാത്ത മരമാക്രി മണ്ടൂസനാണ് എന്റെ ഭർത്താവെന്ന് ഭാര്യയുടെ തിരിച്ചറിവ്!. ഇതൊക്കെയാണ് ഇന്നത്തെ ഹൈക്ലാസ്, മിഡിൽക്ലാസ് ഫാമിലികൾക്കകത്തുള്ള കുടുംബ കാര്യങ്ങൾ. പഴയ നിയമങ്ങൾക്കനുസരിച്ച് ജീവിച്ച് മരിച്ചുപോയ നമ്മുടെ പൂർവികരിൽ ഇത്രമേൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവോ? ഇത്രമേൽ സംശയ രോഗങ്ങൾ ഉയർന്നുവന്നിരുന്നുവോ? ഇത്രമേൽ അവിശ്വാസവും പാരവെപ്പും ഉണ്ടായിരുന്നോ?

പണ്ടു നമ്മുടെ പൂർവികർക്കിടയിൽ നടന്നിരുന്ന അധിക വിവാഹ മോചനങ്ങളും സുഖദവും സംതൃപ്തിദായകവുമായ മറ്റൊരു വിവാഹത്തിലേക്കുള്ള കവാടം തുറക്കലായിരുന്നു. പക്ഷേ, ഇന്ന് എല്ലാ നിയമങ്ങളും പാലിച്ച് നടത്തിയ വിവാഹ ബന്ധങ്ങൾ തകരുന്നതോടെ, ആർക്കും വേണ്ടാത്തവരായി കുറെ നിയമാനുസൃത വിവാഹമോചിതകൾ കൂടികൊണ്ടിരിക്കുന്നു. ഇതിൽ കുറ്റക്കാർ ആധുനികതയുടെ ചീഞ്ഞളിഞ്ഞ മനസ്സു പേറുന്ന ഓരോരുത്തരുമാണ്. തിരുത്തേണ്ടതും വിമർശിക്കേണ്ടതും മത നിയമങ്ങളെയല്ല; ജാഡകൾ നിറഞ്ഞ മനസ്സുകളെയാണ്. ആത്മീയതയുടെ അംശമില്ലാത്ത വിദ്യാഭ്യാസം, താഴ്മക്കും പക്വതക്കും തിരിച്ചറിവിനും പകരം അഹങ്കാരവും അഹന്തയും ക്രൂരതയും മാത്രമേ നൽകൂ. പോഷകങ്ങളില്ലാത്ത ബ്രോയിലർ ഇറച്ചിക്കോഴികളെയല്ല നാം വളത്തിയെടു

ക്കേണ്ടത്. പോഷകാംശമുള്ള നല്ലതരം മാംസക്കോഴികളെയാണ്.

 

നബി(സ്വ)യുടെ ജീവിത കാലം

തിരുനബി(സ്വ)യുടെ കാലത്തെ കുടുംബ പശ്ചാത്തലം ബഹുഭാര്യത്വത്തെയോ വിവാഹ പ്രായത്തെയോ തെറ്റായോ ഗൗരവ പ്രശ്‌നമായോ കണ്ടിരുന്നില്ല. എന്ന് മാത്രമല്ല, അത് അഭിമാനത്തിന്റെയും പക്വതയുടെയും അടയാളമായിരുന്നു. അതേസമയം, മുഹമ്മദ് നബി(സ്വ) ബഹുഭാര്യത്വത്തിന്റെ കാര്യത്തിൽ അന്നത്തെയാളുകൾ കണ്ടിരുന്ന ശാരീരികാസ്വാദനവും സാമ്പത്തിക നേട്ടങ്ങളും എന്ന ലക്ഷ്യം തിരുത്തിയെഴുതി. വിധവകളെയും തടവുകാരികളെയും പ്രായമായവരെയും കുടുംബ വൈജാത്യമുള്ളവരെയും വിവാഹം ചെയ്ത് വിപ്ലവം സൃഷ്ടിച്ചു. പ്രവാചകരുടെ ലക്ഷ്യം സ്ത്രീ ശരീരമല്ല; സ്ത്രീ സംരക്ഷണമാണെന്ന് നബി(സ്വ)യുടെ കുടുംബ ജീവിതത്തെയും ഭാര്യമാരെയും നിഷ്പക്ഷ പഠനത്തിന് വിധേയമാക്കിയ ആർക്കും പറയാനാവും.

മക്കൾക്കിടയിൽ മാതാപിതാക്കൾ കാണിക്കുന്ന സമഭാവനയും തുല്യതയും പോലെ, ശിഷ്യർക്കിടയിൽ ശരിയായ ഒരധ്യാപകൻ കാണിക്കുന്ന സ്‌നേഹ ബന്ധവും തുല്യതയും പോലെ, സുഹൃത്തുക്കളോട് സുഹൃത്തുക്കൾ കാണിക്കുന്ന സ്‌നേഹവും വിശ്വസ്തയും തുല്യതയും പോലെ, സഹോദരങ്ങൾ തമ്മിൽ കാണിക്കുന്ന സ്‌നേഹ ബന്ധം പോലെ, ഇവരെല്ലാവരും തമ്മിൽ തമ്മിൽ കാണിക്കുന്ന ഐക്യബോധം പോലെ നബി(സ്വ)യുടെ ഭാര്യമാരും തമ്മിൽ സ്‌നേഹിച്ചുജീവിച്ചു. റസൂൽ(സ്വ)യെക്കുറിച്ച് ഒരു ഭാര്യയും എന്നെ വിട്ട്, നബി(സ്വ) അവളെ വിവാഹം ചെയ്തത് മോശമായിപ്പോയി എന്നു ചിന്തിച്ചിട്ടില്ല. സൽസ്വഭാവിയും സുമുഖനും മാഹാത്മ്യത്തിന്റെ സുഗന്ധം പൊഴിക്കുന്നവരുമായ തിരുമേനി(സ്വ)യുടെ ഇണയാകാൻ സാധിച്ചതിൽ ഓരോരുത്തരും നിർവൃതി പൂണ്ടു.

അന്നത്തെ യുദ്ധ സാഹചര്യങ്ങൾ പലപ്പോഴും നിരവധി വിധവകളെ സൃഷ്ടിച്ചു. ലഹരിയും തെമ്മാടിത്തവും കുടുംബ പ്രശ്‌നങ്ങളും വിവാഹമോചനങ്ങൾ വർധിപ്പിക്കുകയും ചെയ്തു. (ഏകദേശം ഇപ്പോഴത്തെപോലെത്തന്നെ.) ധാർമിക ബോധമില്ലാത്ത കുടുംബങ്ങളിൽ തൽഫലമായി വേശ്യാവൃത്തിയും നടമാടി. ഇവിടെയാണ് നബി(സ്വ) സ്ത്രീകളെ ഭാര്യമാരായി സ്വന്തമാക്കി, സംരക്ഷിച്ച് ആത്മീയതയിൽ വളർത്തിയെടുത്തത്. സൽസ്വഭാവമുള്ളവരെയും നല്ല പെരുമാറ്റക്കാരെയും ഭർത്താക്കളായി കിട്ടാനും മക്കളെ അത്തരക്കാർക്ക് വിവാഹം ചെയ്തുകൊടുക്കാനും അന്നും രക്ഷിതാക്കൾ അന്വേഷിച്ചുനടന്നു. നോക്കൂ, ഉമർ(റ)വിന്റെ വിവരണം: ‘ഖുനൈസ് ബ്ൻ ഹുദാഫത്തു സഹ്മിയുടെ വിയോഗത്തിനു എന്റെ മകൾ ഹഫ്‌സ വിധേയയായപ്പോൾ ഞാൻ ഉസ്മാനുബ്‌നു അഫ്ഫാൻ(റ)നെ സമീപിച്ച് ഹഫ്‌സയെ വിവാഹം ചെയ്യാനഭ്യർത്ഥിച്ചു. അദ്ദേഹം പഞ്ഞു: ‘ഞാൻ ചിന്തിക്കട്ടെ’. ഏതാനും ദിനങ്ങൾ കാത്തിരുന്ന ശേഷം അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ‘ഇപ്പോൾ എനിക്ക് അവരെ വിവാഹം ചെയ്യാൻ പ്രയാസമാണ്.’ പിന്നെ ഞാൻ അബൂബക്ർ സിദ്ദീഖ്(റ)വിന്റെയടുക്കൽ ചെന്നു പറഞ്ഞു: ‘താങ്കൾക്ക് ഇഷ്ടമാണെങ്കിൽ എന്റെ മകൾ ഹഫ്‌സയെ നിങ്ങൾക്ക് വിവാഹം ചെയ്തു തരാം’ അബൂബക്ർ മറുപടി പറയാതെ മൗനം പാലിച്ചു. ഉസ്മാനേക്കാൾ എനിക്കദ്ദേഹത്തോട് കോപം തോന്നി. ഏതാനും ദിവസങ്ങൾ ഞാൻ കാത്തിരുന്നു. അപ്പോൾ അല്ലാഹുവിന്റെ ദൂതർ അവളുടെ വിവാഹം ആവശ്യപ്പെട്ടു. ഞാൻ അവളെ പ്രവാചകന് വിവാഹം ചെയ്തുകൊടുത്തു. പിന്നീട് ഞാൻ അബൂബക്‌റിനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ ഹഫ്‌സയുടെ വിവാഹകാര്യം എന്നോട് പറയുകയും ഞാൻ മറുപടിയൊന്നും പറയാതിരിക്കുകയും ചെയ്തപ്പോൾ നിങ്ങൾ ഒരുപക്ഷേ ദേഷ്യപ്പെട്ടിരിക്കാം. ഞാൻ പറഞ്ഞു: ‘അതേ.’ അബൂബക്കർ(റ) പറഞ്ഞു: ‘മറ്റൊന്നുകൊണ്ടുമായിരുന്നില്ല, അല്ലാഹുവിന്റെ ദൂതർ അവരെപ്പറ്റി സൂചിപ്പിച്ചിരുന്നു. അല്ലാഹുവിന്റെ ദൂതരുടെ രഹസ്യം വെളിപ്പെടുത്തേണ്ടെന്ന് ഞാൻ തീരുമാനിച്ചു. തിരുദൂതർ അവളെ നിരസിക്കുകയാണെങ്കിൽ ഞാനവളെ വിവാഹം ചെയ്യുമായിരുന്നു.’

കുടുംബ ജീവിതത്തിന്റെ നല്ല മാതൃകകളാണ് നബി(സ്വ)യുടെ കുടുംബത്തിൽ കണ്ടത്. ഒരുമിച്ചുള്ള ജീവിതത്തിൽ ഉണ്ടായേക്കാവുന്ന കുശുമ്പ്, അസൂയ, പരസ്പര സംശയം, ഉൾപ്പോര് ഇവയൊന്നും തിരുകുടുംബത്തെ ബാധിച്ചില്ല. മാനുഷിക ചാപല്യമെന്ന രീതിയിൽ ഇവയുടെ നേരിയ അംശം ഉണ്ടാകുമ്പോഴേക്ക് നബി(സ്വ) അവരിൽ സന്നിവേശിപ്പിച്ച ആത്മീയ ബോധം, ഈ ദുസ്വഭാവങ്ങളെ അതിജയിക്കും. ഭാര്യമാർ തമ്മിൽ തമ്മിൽ നന്മകൾ പങ്കുവെച്ചു. മഹത്ത്വം പറഞ്ഞു. ഖദീജ(റ)ക്ക് ശേഷം രണ്ടാമത് വിവാഹം ചെയ്ത സൗദാ ബീവി(റ), തന്റെ ഊഴം ആഇശാ(റ)ക്ക് കൈമാറുകയുണ്ടായി. അവൾക്കെന്തിനാ ഞാനെന്റെ ഊഴം നൽകുന്നത്? എന്ന വാശിയോ കുശുമ്പോ സൗദ(റ) മനസ്സിൽ വെച്ചില്ല. നബി(സ്വ) തനിക്കരികെ വന്നിരിക്കേണ്ട രാത്രി ആഇശക്ക് വിട്ടുകൊടുത്താൽ അതായിരിക്കും നല്ലതെന്ന ചിന്തയായിരുന്നു സൗദ(റ)ക്ക്. തന്റെ അവസാന നാളുകൾ ആത്മീയ ചിന്തയിലും ഇബാദത്തിലും കഴിയാനായിരുന്നു സൗദാ ബീവിക്ക് താൽപര്യവും. നന്നായി തമാശ പറയുകയും നബി(സ്വ)യെ ചിരിപ്പിക്കുകയും ചെയ്യാൻ മിടുക്കിയായിരുന്നു സൗദാ ബീവി(റ). അനുകമ്പയും വിട്ടുവീഴ്ചയും ഏറെയുള്ള ഈ മഹതിയെക്കുറിച്ച് ആഇശാ ബീവി(റ) പറയുന്നു: ‘സൗദ ബിൻത് സംഅയേക്കാൾ എന്നോട് സ്‌നേഹമുള്ള ഒരു സ്ത്രീയെയും ഞാൻ കണ്ടിട്ടില്ല. അവരെപ്പോലെ അനുകമ്പയുള്ളവളായിത്തീർന്നെങ്കിൽ എന്നുപോലും ഞാൻ ആഗ്രഹിച്ചുപോയി.’

നബിജീവിതം നന്നായി പകർത്തിവെക്കുന്നതിലും നബി(സ്വ)യിൽ നിന്ന് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് പഠിക്കുന്നതിലും ഏറെ ഉത്സാഹവും വൈദഗ്ധ്യവും ബുദ്ധിവൈഭവവും കാണിക്കുന്നതിനാൽ ആഇശ(റ)വിനോട് നബി(സ്വ)ക്ക് പ്രത്യേകിച്ച് ഒരു അടുപ്പം രൂപപ്പെട്ടിരുന്നു. അതേ സ്‌നേഹം മറ്റുള്ള ഭാര്യമാർക്കും ആഇശബീവിയോട് ഉണ്ടായിരുന്നു. അത് അസൂയയോ കുശുമ്പോ ആക്കി മാറ്റിയെടുക്കാൻ അവരാരും ശ്രമിച്ചില്ല. പ്രായംകുറവായ ആഇശ ബീവിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെറിയ പൊരുത്തക്കേട് ഉണ്ടായാൽ മറ്റുള്ളവരാരും അതത്ര വലിയ കാര്യമാക്കിയില്ല. ആഇശ(റ)യുടെ പ്രായവും അവസ്ഥയും തമാശയും അങ്ങനെയാണല്ലോ. നബി(സ്വ)യുടെ രോഗവേളയിൽ, എല്ലാ ഭാര്യമാരും ആഇശ(റ)യുടെ കൂടെ നിൽക്കാൻ നബി(സ്വ)യോട് സമ്മതിച്ചു. പിന്നെ

വഫാത്തു വരെ അവിടെത്തന്നെയാണല്ലോ താമസിച്ചത്.

ആഇശ(റ)ക്കെതിരെ ആരോപണമുയർന്ന വേളയിൽ നബിപത്‌നികൾ ഒറ്റക്കെട്ടായി നിലകൊണ്ടു. ആഇശ(റ)യുടെ നിരപരാധിത്വം തെളിയിക്കാനും അവരെപ്പറ്റി നല്ലതു പറയാനും അവർക്കെല്ലാം നൂറു നാവായിരുന്നു. സ്‌നേഹബന്ധമില്ലാത്ത കുടുംബമായിരുന്നുവെങ്കിൽ ആഇശയെയും നബിയെയും അകറ്റാൻ ഇതിൽപരം പറ്റിയ ചാൻസ് മറ്റൊന്നില്ലായിരുന്നു. പക്ഷേ, സഹപത്‌നിമാർ നല്ലതു കണ്ടു; നല്ലതു പറഞ്ഞു. സൈനബി(റ)നോട് നബി(സ്വ) ചോദിച്ചു: ‘എന്താ, ആഇശ(റ)യുടെ കാര്യത്തിൽ നിന്റെ അഭിപ്രായം?’ സൈനബ്(റ) ഉറച്ച സ്വരത്തിൽ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഞാൻ വല്ലതും കണ്ടെന്നോ കേട്ടെന്നോ വാദിക്കുന്നതിൽ നിന്ന് ഞാൻ വിട്ടുനിൽക്കുന്നു. അല്ലാഹുവാണേ സത്യം, ആഇശയെക്കുറിച്ച് എനിക്ക് നല്ലതല്ലാതെ അറിയില്ല.’

ആഇശാബീവി(റ) നേരിട്ട ഈ മാനസിക സംഘർഷത്തിനും മനോവേദനക്കും കൂടിയുള്ള സ്‌നേഹ സമ്മാനമായിട്ടായിരിക്കണം പിൽകാലത്ത് എല്ലാ ഭാര്യമാരും നബി(സ്വ) ആഇശ(റ)ക്കരികിൽ തന്നെ നിൽക്കട്ടെ എന്ന് തീരുമാനിച്ചത്.

സൈനബ്(റ)വിനെപ്പറ്റി മറ്റൊരു ഭാര്യ ഉമ്മുസലമ(റ) പറഞ്ഞു: ‘പ്രവാചക(സ്വ)ന്

പ്രിയപ്പെട്ടവളായിരുന്നു സൈനബ്(റ). അവരോടൊപ്പം സമയം ചെലവഴിക്കുന്നത് പ്രവാചകന് ഇഷ്ടമായിരുന്നു. ധർമനിഷ്ഠയുള്ളവളായിരുന്നു അവർ. രാത്രി തുടർച്ചയായി നിന്ന് നിസ്‌കരിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യും. കൈവേലകളിൽ കൗശലമുണ്ടായിരുന്നു അവർക്ക്. സമ്പാദിക്കുന്നതെല്ലാം

പാവങ്ങൾക്കു വേണ്ടിയായിരുന്നു അവർ ചെലവഴിച്ചിരുന്നത്.’

ഒരു കാര്യം ഉറപ്പാണ്. തീർത്താൽ തീരാത്ത പ്രശ്‌നത്തിലേക്കോ ശാശ്വത ശത്രുതയിലേക്കോ നീണ്ട അനൈക്യത്തിലേക്കോ നബി(സ്വ)യും പത്‌നിമാരും എത്തിപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ, കുടുംബ ബന്ധത്തിന്റെ പവിത്രതയും മഹത്ത്വവും ഉദ്‌ഘോഷിക്കാനും ഉത്തമ കുടുംബജീവിതം നയിക്കണമെന്ന് കൽപിക്കാനും കുടുംബത്തോട് മാന്യത പുലർത്തണമെന്നും അങ്ങനെ പുലർത്തുന്നവരിൽ ഒന്നാമൻ താനാനെന്ന് ഉറച്ച സ്വരത്തിൽ പറയാനും നബി(സ്വ)ക്കായത്, അവിടുന്ന് പറയുന്നത് പ്രവർത്തിച്ചിരുന്നു; പ്രവർത്തിക്കുന്നത് പറയുമായിരുന്നു എന്നതുകൊണ്ടാണ്.

ഏറ്റവും നല്ല കുടുംബനാഥനായിരുന്നു തിരുനബി(സ്വ). പ്രധാന യാത്രകളിലും സൽകാരത്തിനും ഭാര്യമാരെ കൂടെ കൂട്ടിയിരുന്നു. അനസ്(റ)വിന്റെ നിവേദനം: ‘നബി(സ്വ)യുടെ ഒരു പേർഷ്യൻ അയൽക്കാരൻ നല്ല ഒരു സദ്യ (കറി) ഒരുക്കി. അയാൾ കറി ഉണ്ടാക്കാൻ വിദഗ്ധനായിരുന്നു. അങ്ങനെ നബി(സ്വ)യെ ക്ഷണിക്കാൻ വന്നു. അന്നേരം തിരുനബി(സ്വ) ചോദിച്ചു: ‘ആഇശ(റ)യെ കൂടി കൂട്ടട്ടേ?’

അയാൾ പറഞ്ഞു: ‘വേണ്ട’.

അപ്പോൾ അവിടുന്ന് പറഞ്ഞു: ‘എങ്കിൽ ഞാനും വരുന്നില്ല.’

അയൽവാസി മടങ്ങിപ്പോയി. അൽപം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും വന്നു ക്ഷണിച്ചു. നബി(സ്വ): ‘ആഇശാനെ കൂടി കൂട്ടട്ടെ’

‘വേണ്ട’

‘എങ്കിൽ ഞാനുമില്ല’

മൂന്നാം തവണയും അയാൾ വന്നു ക്ഷണിച്ചു. നബി(സ്വ) ചോദ്യം ആവർത്തിച്ചു. അയാൾ സമ്മതിച്ചു. അങ്ങനെ റസൂൽ(സ്വ)യും ആഇശ(റ)യും സൽകാരം സ്വീകരിച്ചു. വീട്ടിൽ ചെന്നു’ (മുസ്‌ലിം, അഹ്മദ്).

ഒരു യാത്രാവേളയിൽ ആഇശ(റ)യും ഹഫ്‌സ(റ)യും തമ്മിൽ ഒട്ടകങ്ങൾ കൈമാറിയ കഥ, തിരുദൂതർ ഭാര്യമാരിലാരെയെങ്കിലും യാത്രക്കു കൂട്ടാറുണ്ടായിരുന്നുവെന്നതിന് തെളിവാണ്.

 

നല്ല കുടുംബനാഥൻ

തിരക്കുപിടിച്ച ജീവിതത്തിൽ കുടുംബത്തോടൊപ്പവും മക്കളോടൊപ്പവും സമയം ചെലവഴിക്കാൻ നേരമില്ല ഇന്ന് പലർക്കും. ലോകം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിൽ അടിസ്ഥാന കാര്യങ്ങൾക്ക് പ്രാധാന്യം നൽകാതിരിക്കുകയും അതുവഴി കുറേ കുടുംബ പ്രശ്‌നങ്ങൾക്ക് ഇടവരികയും ചെയ്യുന്നു. ഭാര്യയുടെയും മക്കളുടെയും അവകാശങ്ങൾ കുടുംബനാഥൻ നിറവേറ്റണം. ബിസിനസ്സ് ട്രിപ്പുകളും നിരന്തര കോൺഫറൻസുകളും പഠന ക്ലാസുകളും എഴുത്തും വായനയുമെല്ലാം നല്ലതു തന്നെ. പക്ഷേ, ഇണകൾക്ക് വെറുപ്പും ദേഷ്യവും ഉണ്ടാകും വിധത്തിലാകരുത്. ഇണകൾ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടുകയും വേണം. ഭർത്താവിന്റെ എല്ലാ ഇടപാടുകളും സംശയദൃഷ്ടിയോടെ കാണരുത്. അദ്ദേഹത്തിന്റെ ഫോണിൽ ഒരു പെൺശബ്ദം കേൾക്കുമ്പോഴേക്ക് ഉറഞ്ഞുതുള്ളരുത്. എല്ലാറ്റിനും സാവകാശവും സംയമനവും നല്ലതാണ്. ഓട്ടമത്സരവും ഖിബ്ത്വികളുടെ കളി കാണിക്കാൻ ഭാര്യയെ കൊണ്ടുപോയതും നബിജീവിതത്തിൽ കാണാം.

അംറ്(റ) പറയുന്നു: ‘ഞാൻ ഒരിക്കൽ നബി പത്‌നി ആഇശ(റ)യോടു ചോദിച്ചു. തിരുനബി(സ്വ) ഭാര്യമാർക്കൊപ്പം ഒറ്റക്കായാൽ എങ്ങനെയായിരുന്നു? ബീവി പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ആണിനെപ്പോലെത്തന്നെയായിരുന്നു നബിയും. ഒരു വ്യത്യാസം മാത്രം. തങ്ങൾ ജനങ്ങളിൽ വെച്ചേറ്റവും മാന്യനും സദ്‌സ്വഭാവിയും ചിരിയും പുഞ്ചിരിയും നിറഞ്ഞവരുമായിരുന്നു’ (ഖുർതുബി).

ഭാര്യമാരുടെ മടിയിൽ തലവെച്ച് കിടക്കുന്ന തിരുനബി(സ്വ), ഒരുമിച്ചു കുളിക്കുന്ന മുത്ത് റസൂൽ(സ്വ), ലൈംഗിക ബന്ധത്തിൽ മാന്യത പുലർത്തിയിരുന്ന പ്രവാചകർ(സ്വ). പ്രിയ പത്‌നി ഉമ്മുസലമ(റ) തിരുനബി(സ്വ)യുടെ കിടപ്പറയിലെ പ്രത്യേക ശീലത്തെ പറ്റി പറയുന്നു: ‘നബി(സ്വ) ഭാര്യമാരെ സമീപിക്കുന്ന സന്ദർഭത്തിൽ തല മറക്കും, ഒച്ച താഴ്ത്തും, ഇണയോട് പറയും; നീ ശബ്ദം താഴ്ത്തുക, മാന്യത പാലിക്കുക (അൽഖത്വീബ്).

ആഇശാബീവി(റ) പറഞ്ഞു: ‘നബി(സ്വ) എന്റേതോ ഞാൻ നബിയുടേതോ കണ്ടിട്ടില്ല.’ ലൈംഗികാവയവങ്ങളിലേക്ക് നോക്കുന്നത് നല്ലതല്ലല്ലോ. നല്ലതിനെതിരായ ഒരു കാര്യവും നബി(സ്വ)യിൽ നിന്നുണ്ടായിട്ടില്ല.

കുടുംബ കാര്യത്തിൽ വിള്ളലേൽക്കാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയും തന്നിൽ നിന്നുണ്ടാകാതിരിക്കാൻ തിരുദൂതർ(സ്വ) ശ്രദ്ധിച്ചു. മറ്റുള്ളവർക്കു തന്റെ വിശുദ്ധിയെക്കുറിച്ച് സംശയം വരും വിധം നബി(സ്വ) ഒന്നും ചെയ്തില്ല. അത്തരത്തിലുള്ള സാഹചര്യത്തിൽ ഉടനടി വ്യക്തത വരുത്താൻ ശ്രദ്ധിച്ചു. ഒരു സംഭവം നബി പത്‌നി സ്വഫിയ്യ(റ) പറയുന്നു: ‘ഒരു രാത്രിയിൽ നബി(സ്വ) ഇഅ്തികാഫിലായിരിക്കെ, ഞാൻ ഒരാവശ്യത്തിന് അവിടുത്തെ കാണാൻ ചെന്നു. സംസാര ശേഷം ഞാൻ തിരിച്ചുപോരാൻ എണീറ്റപ്പോൾ തങ്ങൾ ഒപ്പം എണീറ്റു. കൂടെ നടന്നു. അപ്പോൾ വഴിയിൽ രണ്ട് അൻസ്വാരി ചെറുപ്പക്കാർ നടന്നുനീങ്ങുന്നത് ഞാൻ കണ്ടു. നബി(സ്വ)യെ കണ്ടപാടെ അവർ അറിയാത്ത മട്ടിൽ നടത്തത്തിന് വേഗത കൂട്ടി. അപ്പോൾ തങ്ങൾ വിളിച്ചുപറഞ്ഞു: ‘ഒന്ന് പതുക്കെ, ഇത് സ്വഫിയ്യയാകുന്നു.’തിരുനബി(സ്വ)യുടെ ഈ പ്രതികരണം കേട്ടപ്പോൾ അവർ ‘സുബ്ഹാനല്ലാഹ്, യാ റസൂലല്ലാഹ്’ എന്ന് പറഞ്ഞ് വിഷമം പ്രകടിപ്പിച്ചു. അവിടുന്ന് പറഞ്ഞു: ‘പിശാച് മനുഷ്യശരീരത്തിൽ രക്തം സഞ്ചരിക്കുന്ന ഭാഗത്ത് കൂടിയൊക്കെ ചംക്രമണം ചെയ്യുന്നതാണ്. അവൻ നിങ്ങളുടെ അന്തരാളത്തിൽ ദുഷിച്ച വല്ലതും നട്ടു തരുമെന്ന് ഞാൻ ഭയക്കുന്നു’ (ബുഖാരി, മുസ്‌ലിം).

ആർത്തവ വേളകളിൽ സ്ത്രീകളെ പിണ്ഡം വെച്ച് പുറത്താക്കുന്ന സംസ്‌കാരം ഇസ്‌ലാമിനില്ല. മുട്ടുപൊക്കിളിനിടയിലുള്ള ഭാഗെത്ത ലൈംഗിക ബന്ധം ഒഴികെ ബാക്കിയെല്ലാം അനുവദിക്കുന്ന, ചെയ്യുന്ന തിരുനബി(സ്വ)യെ ചരിത്രത്തിൽ കാണാം. പ്രിയപത്‌നി മൈമൂന(റ) പറയുന്നു: ‘നബി(സ്വ) ആർത്തവകാരിയായ ഭാര്യയുടെ കൂടെ കിടന്നിരുന്നു. അവർക്കിടയിൽ മുട്ടുകളെ വിട്ടുകടക്കാത്ത ഒരു വസ്ത്രമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല’ (അഹ്മദ്).

ആഇശാബീവി(റ) പറയുന്നു: ‘എന്റെയും നബി(സ്വ)യുടെയും ഇടയിൽ ഒരു പാത്രം വെള്ളം വെച്ച് ഞാനും നബിയും ഒരുമിച്ച് കുളിക്കാറുണ്ടായിരുന്നു. നബി(സ്വ) എന്നേക്കാൾ വേഗത്തിൽ വെള്ളം മുക്കി ഒഴിക്കുമായിരുന്നു. മതി, മതി എനിക്കും വേണം എന്ന് ഞാൻ പറയുന്നതുവരെ..’ഒരുമിച്ചുള്ള ഹൃദ്യമായ ജീവിതത്തിൽ മുത്ത് നബി(സ്വ) കുടുംബത്തിന് നൽകേണ്ടതെല്ലാം നൽകി. എത്തിക്കേണ്ടത് എത്തിച്ചു. ഞങ്ങൾക്കത് നബി തങ്ങൾ നൽകിയില്ല എന്ന് പറയാൻ ഒരു ഭാര്യക്കും ഒന്നുമില്ലായിരുന്നു. എല്ലാ നേരത്തും റസൂൽ(സ്വ)ക്ക് പിന്തുണയായി അവർ നിലകൊണ്ടു. അനാഥത്വത്തിന്റെ എല്ലാ വേദനകളും അറിഞ്ഞിരുന്ന തിരുനബി(സ്വ), മക്കൾക്ക് മതിവരുവോളം സ്‌നേഹം നൽകി. ഒരാളൊഴികെ എല്ലാവരും നേരത്തെ പിരിഞ്ഞുപോയി. നബി(സ്വ) മരണപ്പെട്ട് അധികം വൈകാതെ കരളിന്റെ കഷ്ണമായ ഫാത്വിമ(റ)യും ലോകത്തെ പിരിഞ്ഞു. പേരക്കിടാങ്ങളായ ഹസൻ, ഹുസൈൻ(റ) ഉപ്പാപ്പയുടെ സ്‌നേഹം ആസ്വദിച്ചു. ഉപ്പാപ്പയും പേരക്കിടാങ്ങൾക്കൊപ്പം കളിച്ചു. പ്രശാന്തതയുടെ തൂവെള്ള ഹൃദയം സമ്മാനിച്ചു. നബികുടുംബം കണ്ണി മുറിയാത്ത സംസ്‌കാരമായി വളർന്നു. എവിടെയും സാദാത്തീങ്ങൾ ആദരണീയരായി. എല്ലാ നല്ല രംഗങ്ങളിലും അവർ ആത്മീയ നേതൃത്വം നൽകി. തിരുപത്‌നിമാർ ഉമ്മഹാത്തുൽ മുഅ്മിനീൻ (വിശ്വാസികളുടെ മാതാക്കൾ) എന്ന അപരനാമത്തിൽ എന്നും വാഴ്ത്തപ്പെട്ടു. അവരുടെ മാതൃക പിൻപറ്റാൻ നാഥൻ നമുക്കും സൗഭാഗ്യം ചെയ്യട്ടെ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ