“ആയിരക്കണക്കായ മനുഷ്യര്‍ വിശന്ന് വലഞ്ഞ് മരിച്ച് വീണു; ചാക്കുകണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂട്ടിവെച്ച കൂറ്റന്‍ വീടുകള്‍ക്കും പാണ്ടികശാലകള്‍ക്കും മുന്നില്‍’ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഭീകരമായ ഭക്ഷ്യക്ഷാമമെന്ന് ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് ഡോ. അമര്‍ത്യാ സെന്‍ നടത്തിയ പഠനത്തിലെ ഇന്നും പ്രസക്തമായ നിരീക്ഷണമാണ് ഇത്. 1943ലായിരുന്നു ബംഗാള്‍ പ്രവിശ്യയില്‍ കടുത്ത ക്ഷാമം മഹാമാരിപോലെ പടര്‍ന്നത്. മുപ്പത് ലക്ഷം മനുഷ്യര്‍ ഉണ്ണാനില്ലാതെ മരണത്തില്‍ നിശ്ശബ്ദമായെന്നാണ് കണക്ക്. ജാലിയന്‍വാലാബാഗിനെക്കുറിച്ച് രോഷത്തോടെ സംസാരിക്കുന്ന വിചക്ഷണര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏറ്റവും ഭീകരമായ ഈ “കൂട്ടക്കൊല’യെക്കുറിച്ച് ഗൗനിച്ച് കാണാറില്ല. അന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്നം. സാധാരണ ജനങ്ങള്‍ക്ക് ധാന്യങ്ങള്‍ വാങ്ങാനുള്ള ക്രയശേഷി ഇല്ലാതിരുന്നതാണ് പട്ടിണി മരണങ്ങള്‍ക്ക് വഴി വെച്ചത്. ക്ഷാമം വരാന്‍ പോകുന്നുവെന്ന ഭീതിയാണ് ആദ്യം പടര്‍ന്നത്. ആ ഭീതിയില്‍ സമ്പന്നരായ മനുഷ്യര്‍ കൊല്ലങ്ങളോളം, തലമുറകളോളം ഉണ്ണാനുളള ധാന്യങ്ങള്‍ വാങ്ങിക്കൂട്ടി. അവരുടെ അധിക ക്രയശേഷി ഇത്തരം ഭ്രാന്തമായ വാങ്ങലുകള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. അതോടെ ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. വില കുതിച്ചുയര്‍ന്നു. കൂലിപ്പണിക്കാര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും ഭക്ഷണ പദാര്‍ഥങ്ങള്‍ അപ്രാപ്യമായി മാറി. വിലക്കയറ്റത്തിന്റെ അധികഭാരം പേറാന്‍ അവരുടെ കൈയില്‍ നീക്കിയിരിപ്പ് ഒന്നുമില്ലായിരുന്നു. നിഷ്ക്രിയ പണം കുന്നുകൂട്ടിയവര്‍ പക്ഷേ, കൊല്ലുന്ന വിലക്കയറ്റത്തിന്റെ ഘട്ടത്തിലും വാങ്ങല്‍ ഒരു ഹരമാക്കി മാറ്റി. ആഗോള ഭക്ഷ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും എന്‍ടൈറ്റില്‍മെന്‍റ് ഇഫക്ട് എന്ന് വിളിക്കപ്പെട്ട ഈ പ്രതിഭാസത്തില്‍ നിന്നായിരിക്കണം തുടങ്ങേണ്ടത്.

കാരണം, ലോകത്തെ മുഴുവന്‍ സുഭിക്ഷമാക്കി നിര്‍ത്താനുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ മാനവ കുലം ഉത്പാദിപ്പിക്കുന്നുണ്ട്. അപ്പോള്‍ കേവലാര്‍ഥത്തില്‍, ഭക്ഷണ ക്ഷാമം നിലനില്‍ക്കുന്നുവെന്ന് പറയാനാകില്ല. പക്ഷേ പട്ടിണി മരണങ്ങള്‍ നടക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളുടെ പേര് തന്നെ പട്ടിണി മരണങ്ങളുടെ പര്യായമായി മാറിയിരിക്കുന്നു. അവിടെ മനുഷ്യര്‍ക്ക് വികാര വിചാരങ്ങളും ജീവിതവും സംസ്കാരവും സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങളും കലയും സാഹിത്യവും ഒക്കെയുണ്ടെന്ന് പുറം ലോകം കാണുന്നേയില്ല. ആകെ കാണുന്നത് ജീവന്റെ അവസാനതുടിപ്പ് നിലയ്ക്കാനിരിക്കെ വെറും മണ്ണില്‍ ഇഴഞ്ഞ് നീങ്ങുന്ന പിഞ്ചു കുഞ്ഞിന്റെ ചിത്രമാണ്. ആ കുഞ്ഞിന്റെ ജീവനൊടുങ്ങിക്കിട്ടിയാല്‍ കൊത്തി വലിക്കാന്‍ കാത്തിരിക്കുന്ന കഴുകനും. വയറൊട്ടി, എല്ലുന്തി, കണ്ണു തുറിച്ച കുട്ടികളുടെ ചിത്രങ്ങള്‍ പത്രത്താളുകളില്‍ ആഘോഷിക്കപ്പെടുന്നു.

അസമത്വത്തിന്റെ ഇരകള്‍

ക്രൂരമായ അസമത്വത്തിന്റെ ഇരകളാണ് ഇവര്‍. 80.5 കോടി മനുഷ്യര്‍ പട്ടിണിക്കാരാണെന്നാണ് യു എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. അതേസമയം, നൂറ് കോടിയിലേറെപ്പേര്‍ അമിത ഭാരം കൊണ്ടും പൊണ്ണത്തടികൊണ്ടും കഷ്ടപ്പെടുന്നവരാണ്. സി വി രാമന്‍ പിള്ളയുടെ ധര്‍മരാജയില്‍ പറയുന്നുണ്ട്: പെണ്ണരശുനാട്ടില്‍ ആണുങ്ങള്‍ അലഞ്ഞു ചത്തു, പെണ്ണുങ്ങള്‍ തിന്ന് ചത്തു എന്ന്. ഇത്പോലെയാണ് കാര്യങ്ങള്‍. മനുഷ്യര്‍ വരച്ച അതിര്‍ത്തികളുടെയും സൃഷ്ടിച്ചെടുത്ത സഖ്യങ്ങളുടെയും ഒപ്പുവെച്ച കരാറുകളുടെയും വന്‍മതിലുകള്‍ക്കിടയില്‍, കുന്നില്‍ നിന്ന് കുഴിയിലേക്ക് ഒഴുകാനാകാതെ ദൈവത്തിന്റെ മഹാദാനമായ ഭക്ഷ്യവസ്തുക്കള്‍ കറങ്ങുകയാണ്. ഒരു വശത്ത് ഭക്ഷണം പാഴ്വസ്തുവാകുന്നു. മറുവശത്ത് ഉപ്പു കല്ലിനായ,് ഉരിയരിച്ചോറിനായി കേഴുന്നു. വിശാലമായ കൃഷിയിടങ്ങളുള്ള ഏഷ്യാ പെസഫിക് മേഖലയിലാണ് ലോകത്തെ പട്ടിണിക്കാരുടെ മൂന്നില്‍ രണ്ടും അധിവസിക്കുന്നത്. ഇവിടെ അഞ്ച് വയസ്സിന് താഴെയുള്ള നാലില്‍ ഒരു കുട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. എന്ത്കൊണ്ടാണ് ഇങ്ങനെ? ലോകത്തെ തീറ്റിപ്പോറ്റുകയെന്നത് കൂറ്റന്‍ ബിസിനസ്സായി മാറിയിരിക്കുന്നു എന്നതാണ് ഉത്തരം. ബഹുരാഷ്ട്ര കമ്പനികളാണ് ലോകം എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത്. ക്രാഫ്റ്റ്, കോണ്‍ആഗ്ര, കാര്‍ഗില്‍, പെപ്സ്കോ തുടങ്ങിയ കമ്പനികള്‍ ലോകത്തെവിടെ വിളയുന്ന ധാന്യത്തിന്റെയും ഉടമകളായി മാറുന്നു. അവരുടെ കളപ്പുരകളില്‍ കയറാതെ ഒരു മണിയും പുറത്തെത്തുന്നില്ല. വലിയ സംഭരണ ശേഷിയുണ്ടവര്‍ക്ക്. കര്‍ഷകര്‍ക്ക് അതില്ല. ദരിദ്ര, അവികസിത രാഷ്ട്രങ്ങളിലെ സര്‍ക്കാറുകള്‍ക്കാകട്ടെ അത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ താത്പര്യവുമില്ല. അവയുടെ സാമ്പത്തിക നയം രൂപവത്കരിക്കുന്നത് ഈ ബഹുരാഷ്ട്ര കുത്തകകളും നവ സാമ്രാജ്യത്വ ശക്തികളുമാണല്ലോ. വിളവെടുപ്പിന്റെ ഘട്ടത്തില്‍ മൊത്തമായി ഇത്തരം കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, തുച്ഛമായ വിലയ്ക്ക്. മണ്ണില്‍ പണിയെടുത്തവന്‍ നിസ്സഹായനാണ്. കാത്തിരിക്കാന്‍ അവന് സാധ്യമല്ല. വിലപേശാനുള്ള ശക്തിയില്ല. ഇങ്ങനെ അടിച്ചു മാറ്റുന്ന ധാന്യങ്ങള്‍ ക്ഷാമ കാലത്ത് കഴുത്തറപ്പന്‍ വിലക്ക് തിരിച്ച് കമ്പോളത്തില്‍ എത്തുന്നു. കൊളോണിയല്‍ കാലത്ത് മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് അസംസ്കൃത വസ്തുക്കള്‍ കൊള്ളയടിച്ച് കൊണ്ടു പോയി വ്യാവസായിക വിപ്ലവം ഉണ്ടാക്കിയതിന് തുല്യമാണിത്. ഒരു വശത്ത് കൃഷിക്കാരന്റെ അധ്വാനത്തെ മൂല്യരഹിതമാക്കുന്നു. മറുവശത്ത് അവന്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ പോലും വാങ്ങാന്‍ സാധിക്കാത്ത വിധം വിപണിയെ അവന് അപ്രാപ്യമാക്കിത്തീര്‍ക്കുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പി പി പി) കൂറ്റന്‍ ശീതീകൃത സംഭരണ ശാലകള്‍ സ്ഥാപിക്കുന്നത് കര്‍ഷകനെ സഹായിക്കാനാണത്രേ. “നിയമപരമായ’ പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണ് ഈ സംഭരണത്തിലും അവധി വ്യാപാരത്തിലും യഥാര്‍ഥത്തില്‍ നടക്കുന്നത്.

വിത്താരോ കൊള്ളയടിച്ചു

അത്യുത്പാദന ശേഷിയുള്ളതും ജനിതക മാറ്റം വരുത്തിയതുമായ വിത്തിനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് കോര്‍പറേറ്റുകളുടെ മറ്റൊരു തന്ത്രം. അവികസിത രാജ്യങ്ങള്‍ ഒന്നടങ്കം ഈ കുഴിയില്‍ വീഴുന്നു. ഇന്ത്യയില്‍ നടപ്പാക്കിയ ഹരിത വിപ്ലവം (വിപ്ലവമെന്നൊക്കെ മേനി നടിക്കുമെങ്കിലും അത് വെറും ഗോതന്പ് വിപ്ലവമായിരുന്നുവെന്ന് നടപ്പാക്കിയവര്‍ തന്നെ പിന്നീട് കുമ്പസരിച്ചു) ഇവിടുത്തെ മണ്ണിലും പൊതു ആരോഗ്യത്തിലും ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരുന്നുവെന്ന് ഇന്ന് ജൈവ കൃഷിക്കായി കേള്‍ക്കുന്ന മുറവിളിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇനി വരുന്നത് ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളാണ്. ജി എം വിളകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പാടങ്ങളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. മോണ്‍സാന്‍റോ പോലുള്ള ജി എം ഭീമന്‍മാര്‍ക്കായി അമേരിക്കയുടെയും ബ്രിട്ടന്റെയും രാഷ്ട്രത്തലവന്‍മാര്‍ തന്നെയാണ് ലോബീംഗ് നടത്തുന്നത്. ഉന്നതതല ഉച്ചകോടികളില്‍ ഇവര്‍ക്ക് വേണ്ടിയുള്ള നീക്കു പോക്കുകള്‍ പൂക്കുന്നു, കായ്ക്കുന്നു. മനുഷ്യരില്‍ നടത്തുന്ന മാരകമായ മരുന്നു പരീക്ഷണങ്ങളെക്കാള്‍ ഭീകരമാണ് ജി എം വിത്തുകളുടെ ആഘാതം. ഒരു കീടബാധക്കും കീഴടങ്ങാത്ത, ഒരു കാലാവസ്ഥാ മാറ്റത്തിനു മുന്നിലും തലകുനിക്കാത്ത ഈ വിത്തിനം ലോകത്തിന്റെ വിശപ്പടക്കാന്‍ വന്ന അവതാരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവ മണ്ണിന്റെ ഘടനയില്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇനിയും പഠിച്ച് തീര്‍ന്നിട്ടില്ല. പരമ്പരാഗത കൃഷി രീതിയില്‍ നിന്നും പാരമ്പര്യമായി സൂക്ഷിച്ചു വരുന്ന വിത്തിനങ്ങളില്‍ നിന്നും അകറ്റി കര്‍ഷകനെ പരാശ്രിതനാക്കി മാറ്റുകയാണ് ഈ അത്യുത്പാദന, അതിശയ വിത്തുകള്‍ ചെയ്യുന്നത്. ഒരിക്കല്‍ ഇവ പാടങ്ങള്‍ കീഴടക്കിയാല്‍ പിന്നെ വിത്തിനായി മോണ്‍സാന്‍റോക്ക് മുന്നില്‍ വണങ്ങി നില്‍ക്കേണ്ടി വരും. അഭിനവ ജന്‍മിത്തത്തെ കുറിച്ച് കവികള്‍ “പുതിയ വാഴക്കുല’ എഴുതേണ്ടിയും വരും. ചങ്ങമ്പുഴയുടെ വാഴക്കുലയില്‍ കുല വെട്ടി ജന്‍മിക്ക് അര്‍പ്പിക്കാന്‍ പോകുന്ന കുടിയാന്‍ കുട്ടികളോട് ഗദ്ഗദം ഞെക്കിഞെരുക്കിയനിലയില്‍ പറയുന്നുണ്ട്: “കരയാതെ മക്കളേ… കല്‍പ്പിച്ചു തമ്പിരാന്‍… ഒരു വാഴ വേറെ…’ പുതിയ കര്‍ഷകന് ഇത് പോലും പറയാന്‍ സാധിക്കില്ല.

ഇന്ന് വന്‍ സാമ്പത്തിക ശക്തികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്താണ്? ഇന്ധന പ്രതിസന്ധി തന്നെ. പ്രീണിപ്പിച്ചും പേടിപ്പിച്ചും ശിഥിലമാക്കിയും ഭീകരവിരുദ്ധ സൈനിക നടപടിയിലൂടെ തകര്‍ത്തെറിഞ്ഞും എണ്ണ സമ്പന്ന രാഷ്ട്രങ്ങളെ വരുതിയിലാക്കിയിട്ടും ആശങ്കയൊഴിയുന്നില്ല അവര്‍ക്ക്. അത്കൊണ്ട് ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്ന് ഇന്ധനമുണ്ടാക്കുകയെന്ന ക്രൂരമായ പോംവഴി തേടുന്നു. ടണ്‍കണക്കിന് ഗോതന്പും പഞ്ചസാരയും സോയയും ഇങ്ങനെ ഇന്ധനമായി മാറുന്നു. മനുഷ്യരും മൃഗങ്ങളും പട്ടിണി കിടന്ന് മരിച്ചു വീഴുമ്പോള്‍ ഗ്യാസ് ടാങ്കറുകളിലേക്ക് തള്ളുന്ന ഈ ധാന്യശേഖരം ആധുനിക വികസന മുന്‍ഗണനകളുടെ കണ്ണില്‍ ചോരയില്ലായ്മയാണ് അടയാളപ്പെടുത്തുന്നത്. ഓരോ ധാന്യമണിയിലും അത് കഴിക്കേണ്ടവന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പഴമൊഴി. ഇന്ന് ആ മൊഴി അര്‍ഥഭംഗം വന്ന് ഓവുചാലില്‍ കിടക്കുകയാണ്.

മണ്ണും കൊള്ളയടിച്ചു

ദരിദ്ര രാജ്യങ്ങളിലെ കൃഷി ഭൂമി തുച്ഛമായ പാട്ടത്തിന് വന്‍ ശക്തികള്‍ ഏറ്റെടുക്കുന്നതാണ് മറ്റൊരു കുടിലത. പാട്ടക്കാലാവധി ഒരു കാലത്തും തീരില്ല. തദ്ദേശീയരായ കര്‍ഷകത്തൊഴിലാളികളെ അടിമകളെപ്പോലെയാണ് ഉപയോഗിക്കുന്നത്. പ്രതിഷേധിക്കുന്നവരെ പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്തും. ചൈനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്‍ പന്തിയില്‍. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈനക്ക് കൃഷിയടങ്ങളുണ്ട്. ഇവിടെ എന്ത് വിളയണമെന്ന് ചൈന തീരുമാനിക്കും. അത് അന്നാട്ടില്‍ എന്ത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നത് ചോദ്യമേയല്ല. അവിടെ ഒരു ധാന്യമണിയും വില്‍ക്കപ്പെടുന്നില്ല. അന്നാട്ടുകാര്‍ക്ക് കിട്ടുന്നത് മുതലാളിമാര്‍ കല്‍പ്പിച്ച് നല്‍കുന്ന കൂലി മാത്രം. നൈജീരിയയിലും സുഡാനിലും നടക്കുന്ന വംശീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഇത്തരം ഭൂമിയേറ്റെടുക്കലിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷം ചേര്‍ന്ന് ഭൂമികൊള്ളക്കാര്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണത്രേ. നില്‍ക്കക്കള്ളിയില്ലാതെ ഗ്രാമീണര്‍ ഉപേക്ഷിച്ച് പോകുന്ന കൃഷി ഭൂമി ഏറ്റെടുക്കാന്‍ വന്‍ കിടക്കാരെത്തും. അതോടെ പ്രദേശം ശാന്തിയുടെ വിളനിലമാകും! ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് നാണ്യ വിളകളിലേക്ക് കര്‍ഷകരെ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നതിന് പിന്നിലും ഗൂഢ ലക്ഷ്യങ്ങളുണ്ട്. റബ്ബറും സുഗന്ധ വ്യഞ്ജനങ്ങളും പൂക്കളും കൃഷി ചെയ്യാന്‍ കര്‍ഷകര്‍ ഇറങ്ങുന്നതോടെ ഭക്ഷ്യ വില സൂചിക മാനം തൊടും. വ്യവസായവത്കരണവും കൃഷിയും ഏറ്റുമുട്ടേണ്ടവയല്ല. പരസ്പര പൂരകമായി നീങ്ങേണ്ടതാണ്. കണ്ണും മുക്കുമില്ലാത്ത വ്യവസായവത്കരണം മണ്ണിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന അട്ടിമറികള്‍ കാര്‍ഷിക ഉത്പാദനക്ഷമതയെയാണ് ബാധിക്കുകയെന്നോര്‍ക്കണം. ഉണ്ണാനില്ലാതെ ഉടുക്കാനും പാര്‍ക്കാനും പറക്കാനും ആനന്ദിക്കാനും സാധിക്കില്ലല്ലോ.

മനസ്സും കൊള്ളയടിക്കുന്നു

മനുഷ്യനെ കുടുംബ ജീവിയും സാമൂഹിക ജീവിയുമാക്കിയത് കൃഷിയാണ്. അത്കൊണ്ട് കൃഷിയുടെ സാമൂഹിക തലം തിരിച്ചു പിടിക്കുക മാത്രമാണ് പോംവഴി. ഓരോ നാടിന്റെയും ഭക്ഷണ സംസ്കാരം അവിടുത്തെ ഭക്ഷ്യ ലഭ്യതക്കനുസരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്. അത് പൊളിച്ചടുക്കുമ്പോഴാണ് ഭക്ഷ്യ ക്ഷാമമുണ്ടാകുന്നത്. ഓരോ രാജ്യത്തിന്റെയും കാര്‍ഷിക രീതികള്‍ രൂപപ്പെടുന്നത് അതിന്റെ പാരമ്പര്യത്തില്‍ നിന്നും ചരിത്രപരമായ അറിവില്‍ നിന്നുമാണ്. പരീക്ഷണ ശാലകളില്‍ ചുട്ടെടുക്കുന്ന കാര്‍ഷിക പാഠങ്ങള്‍ അവക്ക് പകരം വെക്കുമ്പോഴാണ് കൃഷിയുടെ ആത്മാവ് നഷ്ടമാകുന്നത്. ഒരു വിത്തിനം ഉണ്ടാകുന്നത് നൂറ്റാണ്ടുകളുടെ സൂക്ഷിപ്പില്‍ നിന്നും കരുതലില്‍ നിന്നുമാണ്. അവ അതത് നാടിനോട് ഇണങ്ങി നില്‍ക്കും. മണ്ണിന് ജീവനുണ്ട്. കൃഷി ആ ജീവനെ പോഷിപ്പിക്കുന്നതായിരിക്കണം. 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായാണ് യു എന്‍ ആചരിക്കുന്നത്. ഏത് പ്രകൃതി ക്ഷോഭത്തെയും മനുഷ്യന്‍ അതിജീവിക്കും. മനുഷ്യനിര്‍മിത ദുരന്തങ്ങളാണ് പ്രശ്നം. മുതലാളിത്ത സൈദ്ധാന്തികര്‍ നിരന്തരം പറയാറുള്ളത് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം ജനസംഖ്യാ വര്‍ധനവാണെന്നാണ്. എന്തൊരു വിഡ്ഢിത്തമാണ് അത്. ഒരു കുഞ്ഞ് ഭൂമുഖത്തേക്ക് വരുന്നത് ഉണ്ണാനുള്ള വായയും കൊണ്ട് മാത്രമല്ലല്ലോ. അവന്‍ രണ്ട് കൈകളും കൊണ്ടു വരുന്നുണ്ട്. ബുദ്ധിയും വിവേകവും കൊണ്ടുവരുന്നുണ്ട്. ഉറൂബിന്റെ കഥാപാത്രം പറയുന്നത് പോലെ ” ഇദ്ദുന്‍യാവില്, ഇക്കയ്യോണ്ട് പണിയെടുത്താല്‍ എല്ലാമുണ്ടാകും, ചോറും’.

യന്ത്രങ്ങള്‍ കൃഷി വേഗമേറിയതും എളുപ്പവുമാക്കുന്നുണ്ട്. പക്ഷേ കൃഷിയുടെ ആനന്ദവും ധ്യാനവും താളവും യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ഒച്ചയില്‍ മുങ്ങിപ്പോകരുത്. കോര്‍പറേറ്റ് കുതന്ത്രങ്ങള്‍ക്ക് പകരം പങ്കുവെക്കലിന്റെ പാഠങ്ങള്‍ പുലരുമ്പോള്‍ ഓരോ ഉരുളച്ചോറിലും വിശക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങും. ഉള്ളിടത്ത് നിന്ന് ഇല്ലാത്തിടത്തേക്ക് ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴുകും. അപ്പോള്‍ ധ്യൈമായി ചോദിക്കാം: ആരു പറഞ്ഞു, ഭക്ഷ്യ ക്ഷാമമുണ്ടെന്ന്!

മുസ്തഫ പി എറയ്ക്കല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ