ആള്‍ദൈവങ്ങളിലും ജ്യോതിഷം പോലുള്ള തട്ടിപ്പുകളിലും നിങ്ങള്‍ക്ക് വിശ്വാസം വന്നുതുടങ്ങിയാല്‍, ഉടന്‍ ഒരു ഡോക്ടറെ കാണണം. നല്ല ഭക്ഷണം കഴിച്ച് കിടന്നുറങ്ങണംസ്വാമി വിവേകാനന്ദന്‍.

ആള്‍ ദൈവങ്ങളുടെ പ്രഭാവലയത്തില്‍ ജീവിതം ഹോമിക്കുന്ന വലിയൊരു ജനവിഭാഗം സാക്ഷര കേരളത്തിലുണ്ട്. മതദര്‍ശനങ്ങളുടെ മറവില്‍ നടക്കുന്ന ആത്മീയ കച്ചവടങ്ങള്‍ അവരുടെ ജീവിതം പോലും നിയന്ത്രിക്കുന്ന രൂപത്തില്‍ വളര്‍ന്നു കഴിഞ്ഞു. നിത്യജീവിതത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലക്കാണ് “ഭക്തര്‍’ ആള്‍ദൈവങ്ങളെ അറിഞ്ഞോ അറിയാതെയോ വിജയിപ്പിച്ചു നിര്‍ത്തുന്നത്. മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവര്‍ക്കും ഈ ആത്മീയ കച്ചവടത്തില്‍ പങ്കുണ്ട്. മതേതരത്വവും ശാസ്ത്രീയതയും പ്രസംഗിക്കുന്നവര്‍ പോലും ഈ പ്രഭാവലയത്തില്‍ അഭിരമിച്ചിരിക്കുകയാണ്.

വിശ്വാസം എന്ന അതിവിശാലമായ സാധ്യത മുന്‍നിര്‍ത്തിയാണ് ആള്‍ദൈവങ്ങള്‍ ഉടലെടുക്കുന്നതും വളര്‍ന്നു പന്തലിക്കുന്നതും. ചെപ്പടിവിദ്യകളും തട്ടിപ്പുകളും കൊണ്ട് ആത്മീയപരിവേഷം പൂണ്ട് അവര്‍ ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്നു. ആത്മീയ വേഷമുള്ളതെന്തും കണ്ണടച്ചു വിശ്വസിക്കുകയും അന്ധമായി അംഗീകരിക്കുകയും ചെയ്യുന്ന പ്രവണതയാണ് യഥാര്‍ത്ഥത്തില്‍ ആള്‍ദൈവങ്ങള്‍ മുതലെടുക്കുന്നത്. കാപട്യത്തിന്റെ യഥാര്‍ത്ഥമുഖം ആത്മീയതയുടെ മുഖാവരണമുള്ള ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് മറച്ചുവെക്കാനും ഇവര്‍ക്കാവുന്നുണ്ട്. പിന്‍ബലമായി മാധ്യമരാഷ്ട്രീയകോര്‍പ്പറേറ്റ് കുത്തകകളുടെ സഹായ സഹകരണങ്ങള്‍ കൂടിയാവുമ്പോള്‍ ആള്‍ദൈവ പ്രസ്ഥാനങ്ങള്‍ രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരുന്നു.

ഇരുപത് വര്‍ഷക്കാലം സുധാമണിയെന്ന മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന ഓസ്ട്രേലിയക്കാരി ഗെയ്ല്‍ ട്രേഡ്വെല്‍ എഴുതിയ “ദ ഹോളി ഹെല്‍’ എന്ന പുസ്തകം അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. “ആശ്ലേഷഗുരു’വിന്റെ വഴിവിട്ട ജീവിതശൈലികളും അമ്മയുടെ ആശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമാണ് അമ്മയുടെ ശിഷ്യയും സന്തത സഹചാരിയുമായിരുന്ന ട്രേഡ്വെല്‍ വെളിപ്പെടുത്തിയത്. ഗെയ്ലുമായി പത്രപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് നടത്തിയ ഇന്‍റര്‍വ്യൂ ഡിസി ബുക്സ് പുസ്തകമായി പുറത്തിറക്കിയപ്പോള്‍ അതിനെതിരെയും ശക്തമായ ആക്രമണങ്ങള്‍ നടക്കുകയുണ്ടായി. ഡിസി ബുക്സ് ഉടമ രവി ഡിസി ആക്രമണത്തിനിരയായി. ഹൈക്കോടതി മൂന്നു മാസത്തേക്ക് പ്രസ്തുത പുസ്തകം നിരോധിക്കുകയും ചെയ്തു. അമ്മക്കെതിരെ പ്രസംഗിച്ചതിന് സ്വാമി സന്ദീപാനന്ദയെ ഹൈന്ദവ ഫാസിസ്റ്റുകള്‍ കയ്യേറി. വള്ളിക്കാവിലെ സുധാമണിയെ ഭക്തജനങ്ങളുടെ അമ്മയാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആത്മീയ ചൂഷണ സാമ്രാജ്യത്തെ ഈ വിവാദങ്ങള്‍ക്കിടയിലും സംരക്ഷിക്കുന്ന ദാരുണമായ കാഴ്ചയാണ് നിസ്സഹായതയോടെ കാണേണ്ടി വന്നത്.

“ആസ്വാദനം’ എന്ന മാനുഷിക വികാരത്തിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തി ആധ്യാത്മിക ചൂഷണം നടത്തുന്ന നിരവധി പ്രസ്ഥാനങ്ങള്‍ നിലവിലുണ്ട്. ചില്‍ഡ്രന്‍ ഓഫ് ഗോഡ്, യൂനിഫിക്കേഷന്‍ ഓഫ് ചര്‍ച്ച്സ്, ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്, ചര്‍ച്ച് ഓഫ് സയന്‍റോളജി, ഓഷോ കമ്യൂന്‍ ഇന്‍റര്‍നാഷണല്‍ തുടങ്ങിയ നിലവിലുള്ള ഉപാസനാ രീതികളെക്കുറിച്ച് കഴിഞ്ഞ ഇരുപത് വര്‍ഷമായി വ്യാപക പഠനങ്ങളും മാധ്യമ വിശകലനങ്ങളും ആഗോളതലത്തില്‍ നടക്കുന്നുണ്ട്. നിത്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങളും പരിശീലന പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയ സായൂജ്യവും വാഗ്ദാനം ചെയ്യുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൂരവ്യാപകമായ ഭവിഷ്യത്തുക്കളാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയില്‍ പ്രചാരം സിദ്ധിച്ച കള്‍ട്ടായിരുന്നു ഓഷോയുടേത്. അതിനെ കവച്ചുവെക്കുന്ന നിരവധി ആധ്യാത്മിക ബിസിനസ്സുകള്‍ തഴച്ചു വളര്‍ന്നതോടെ ഓഷോ കള്‍ട്ടിന് തിളക്കം കുറഞ്ഞുവെന്ന് മാത്രം. തന്റെ ദര്‍ശനങ്ങളുടെ വൈയക്തിക തലം മറ്റുള്ളവര്‍ക്ക് നിര്‍ണിയിക്കാന്‍ ബുദ്ധിമുട്ടാവും വിധം അനവധി മതങ്ങളുടെയും ദര്‍ശനങ്ങളുടെയും സാരാംശങ്ങള്‍ സ്വാംശീകരിച്ച് അവതരിപ്പിക്കുകയാണ് ഓഷോ രജനീഷ് ചെയ്തത്. മറ്റുപല നായകന്മാരെയും പോലെ, ആത്മരതിയും ഉന്മാദപരിപാടികളുമായിരുന്നു ഓഷോയും പിന്തുടര്‍ന്നത്. മധ്യപ്രദേശിലെ ഒരു കൊച്ചു പട്ടണത്തില്‍ ജൈനമത വിശ്വാസികളായ മാതാപിതാക്കളുടെ സമ്പന്നകുടുംബത്തില്‍ ജനിച്ച രജനീഷ് തീര്‍ത്തും വികലമായ ആത്മീയ ഉപാസനാ രീതികളിലൂടെയാണ് തന്റെ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവന്നത്.

അതേ സമയം, മതം എന്ന സങ്കല്‍പം തന്നെ മനുഷ്യനെ വൃത്തികേടിലേക്ക് നയിക്കുന്നതാണെന്നും തനിക്കതിനോട് യാതൊരു ബന്ധവുമില്ലെന്നും ഓഷോ സിദ്ധാന്തിച്ചു. “മതം എന്ന പദവുമായി ഒരു വിധത്തിലും ബന്ധപ്പെടാതിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. മതത്തിന്റെ ചരിത്രമാകെ ചീഞ്ഞുനാറുകയാണ്. അതു വൃത്തികെട്ടതാണ്. മനുഷ്യത്വമില്ലായ്മയും മൂല്യച്യുതിയെയുമാണ് അത് കാണിക്കുന്നത്. എനിക്കിപ്പോഴും മതമെന്ന വാക്കുമായി ബന്ധപ്പെടേണ്ടി വരുന്നതില്‍ വലിയ വിഷമമുണ്ട്’ (ആധ്യാത്മികാബദ്ധമായ ഒരു യോഗിയുടെ ആത്മകഥ, പേ 138).

സത്യത്തില്‍ നിഗൂഢമായ വാചകങ്ങള്‍ പറഞ്ഞ് ആയക്കുഴപ്പം സൃഷ്ടിക്കുകയും അതുവഴി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന മനുഷ്യ ദൈവങ്ങള്‍ ചെപ്പടി വിദ്യകള്‍ ശരിയാം വണ്ണം ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥരാണ്. പൈശാചിക സേവയും കൂടോത്രങ്ങളും പിന്തുടരുന്ന ആള്‍ദൈവങ്ങളുമുണ്ട്. ആന്ധ്രയിലെ ഗൊല്ലപ്പിള്ളി ഗ്രാമത്തില്‍ ജനിച്ച സായിബാബയുടെ ദിവ്യാത്ഭുതങ്ങള്‍ ശുദ്ധ തട്ടിപ്പായിരുന്നുവെന്ന് നിരവധി അനുഭവസ്ഥരും പത്രപ്രവര്‍ത്തകരും ബാബയുടെ തന്നെ അനുയായികളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ “ദൈവങ്ങളുടെ’ അത്ഭുത കാര്യങ്ങളില്‍ കുടുങ്ങിപ്പോകുന്ന സാധാരണജനങ്ങള്‍ ഇടംവലം നോക്കാതെ അവര്‍ക്ക് സാഷ്ടാംഗം ചെയ്യുന്നു. ആള്‍ ദൈവങ്ങളെ മറയാക്കി നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇടപാടുകളും അറിയാതെയും അറിയിക്കാതെയും പോവുന്നു. ആള്‍ദൈവ പ്രസ്ഥാനങ്ങളില്‍ അടിഞ്ഞുകൂടുന്ന കോടിക്കണക്കിന് സമ്പത്ത് എവിടെ നിന്ന് വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ ആരും അന്വേഷിക്കാറില്ല.

ശരിയായ ആത്മീയ ജീവിതത്തില്‍ നിന്ന് വഴിതെറ്റിക്കുന്ന ആള്‍ദൈവ പ്രസ്ഥാനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ സാധാരണക്കാരുടെ ജീവിതത്തില്‍ കടന്നുകയറ്റം നടത്തിക്കൊണ്ടേയിരിക്കുന്നു. ജീവനകലയുടെ ആചാര്യനായി “ശാന്തിമാര്‍ഗങ്ങള്‍’ വിറ്റഴിക്കുന്ന ശ്രീശ്രീ രവിശങ്കറും ഈ വിഷയത്തില്‍ പിറകിലല്ല. യോഗയെയും ധ്യാനത്തെയും ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുന്ന രൂപമാണ് രവിശങ്കറിന്റെ കോഴ്സുകളെല്ലാം. ധ്യാനത്തെക്കുറിച്ച് രവിശങ്കര്‍ പറയുന്നതിങ്ങനെ:

“ഈശ്വരനെ സ്വയം ഉള്ളില്‍ കാണുക എന്നതാണ് ധ്യാനം. തൊട്ടടുത്തുള്ള വ്യക്തിയില്‍ ഈശ്വരനെ കാണുന്നതാണ് പ്രേമം. എല്ലായിടത്തും ഈശ്വരനെ കാണുന്നതാണ് ജ്ഞാനം’ (ആത്മഹര്‍ഷത്തിന്റെ ജീവനകല, പേ 37).

ജീവനകലയെപ്പോലെയുള്ള ധ്യാനമാര്‍ഗങ്ങളെ അനുകരിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാജത്വരീഖത്തുകളില്‍ പലതും ഇപ്പോള്‍ ധ്യാനരീതികള്‍ പരീക്ഷിക്കുന്നതു കാണാം. കൈയടിയും ഡാന്‍സും ആര്‍പ്പുവിളിയും പൊട്ടിച്ചിരിയുമായി നൈമിഷികാനന്ദത്തില്‍ അഭിരമിക്കുന്ന ഇവര്‍ അധ്യാത്മികതയായി അവതരിപ്പിക്കുന്ന പലതും തീര്‍ത്തും അനിസ്ലാമികമാണ്. ദുര്‍ബല വിശ്വാസികളെ വഴിതെറ്റിക്കുന്ന ഈ വൈകല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭീകരമായ ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബീജാവാപം നല്‍കുന്നത്. ഇത്തരം ഗൗരവമുള്ള കാര്യങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ തിരുത്തുമ്പോള്‍ പിഴച്ച ത്വരീഖത്ത് വാദികള്‍ “ഇവര്‍ക്കൊന്നും അധ്യാത്മികതയില്ലെന്നും ഇലാഹീ സ്നേഹത്തിന്റെ പൊരുളറിയില്ലെന്നു’മാണ് പ്രചരിപ്പിക്കാറുള്ളത്. ആത്മികതയുള്ളവര്‍ തങ്ങള്‍ മാത്രമാണെന്നും അവര്‍ അവകാശപ്പെടും.

ഇവിടെയാണ് ആധ്യാത്മിക മാര്‍ഗങ്ങളെക്കുറിച്ച് വിശ്വാസികള്‍ ബോധവാന്മാരാവേണ്ടത്. വ്യാജ സിദ്ധന്മാരുടെയും ആള്‍ദൈവ പ്രസ്ഥാനങ്ങളുടെയും വികലമായ പ്രവര്‍ത്തനങ്ങളില്‍ ദുനിയാവും ആഖിറവും നഷ്ടപ്പെടുത്താനിട വരരുത്. ആധ്യാത്മിക വഴികള്‍ എന്ന ലേബലില്‍ വിവിധങ്ങളായ രീതികളില്‍ വിശ്വാസി മതത്തിന്റെ യഥാര്‍ത്ഥ ആത്മീയതയും അതിനുവിരുദ്ധമായ കപട ആത്മീയതയും വേര്‍തിരിച്ചറിയുകയാണു പ്രധാനം. സമുദായത്തില്‍ മുളച്ചുപൊന്തുകയും ഇസ്‌ലാമില്‍ വേരോട്ടം ലഭിക്കാതെ അമുസ്‌ലിം വിഭാഗങ്ങളിലേക്ക് തിരിഞ്ഞ് തടിച്ചുകൊഴുക്കുകയും ചെയ്ത ബഹായിസത്തിന്റെ ആധുനിക പതിപ്പുകള്‍ പോലെ, വിശ്വാസികളെ വഴിതെറ്റിക്കുകയും ആധ്യാത്മിക പരിവേഷങ്ങള്‍ നല്‍കി അവതരിപ്പിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ നടത്തുന്ന ആത്മീയ ചൂഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.

ഇമാം സുയൂഥി(റ) ഓര്‍മപ്പെടുത്തുന്നു: “തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ കള്ളനാണയങ്ങള്‍ വളരെയധികം വളര്‍ന്നിട്ടുണ്ട്. സത്യമായ ആത്മീയതയെന്ന പേരില്‍ ത്വരീഖത്തില്‍ ഇല്ലാത്തവ കൂട്ടിച്ചേര്‍ത്ത് കപടന്മാര്‍ വിലസുന്നു. ഇവരുടെ വളര്‍ച്ച നല്ലവരടക്കം സര്‍വരെയും തെറ്റിദ്ധരിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു’ (തഅ്യീദുല്‍ ഹഖീഖതില്‍ അലിയ്യ, പേ 57).

കര്‍മശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ) നിര്‍ദേശിക്കുന്നതു കാണുക: “ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ജ്ഞാനത്തില്‍ അഗാധതലങ്ങള്‍ ഉറപ്പാകാത്ത ഒരാളെയും പിന്തുടരരുത്. കാരണം, കള്ളവാദികളും ചൂഷകരും അങ്ങേയറ്റം പെരുകുകയും ആത്മീയത വാദിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്ന് അകലെയാണ്. നാശത്തിലേക്കാണ് അവരുടെ പ്രയാണം. അവരുടെ വാക്കുകളും പ്രവര്‍ത്തികളും അവസ്ഥകളും പൂര്‍ണമായും തെറ്റാണ്. നശിച്ചുപോകുന്ന ദുനിയാവിന്റെ മേല്‍ കടിപിടി കൂടുകയാണ് അവര്‍ ചെയ്യുന്നത്.’

ആധ്യാത്മിക വഴികളെക്കുറിച്ച് അവ്യക്തതയുണ്ടെങ്കില്‍ യഥാര്‍ത്ഥ സ്വൂഫി സരണിയിലേക്ക് ജീവിതം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇസ്‌ലാം കെട്ടിപ്പടുത്ത സുദൃഢവും സുതാര്യവുമായ ആധ്യാത്മിക വഴിയുണ്ട്. മോക്ഷത്തിലേക്കുള്ള കര്‍മമാര്‍ഗം ശരീഅത്തെന്നും അധ്യാത്മിക മാര്‍ഗം ത്വരീഖത്തെന്നും അറിയപ്പെടുന്നു. ശരീഅത്തിന്റെ ഭാഗമായ വിശ്വാസകര്‍മസരണിയില്‍ ഓരോ വിശ്വാസിയും മതപരമായ അടിസ്ഥാനുഷ്ഠാനങ്ങള്‍ പാലിക്കണം. വിശ്വസിക്കേണ്ട കാര്യങ്ങളടക്കം ശരീഅത്തിന്റെ അനുശാസനകളില്‍ നിന്ന് ആരും മുക്തരല്ല. വ്യക്തി എത്ര ഉന്നതനായാലും അല്ലെങ്കിലും ശരീഅത്ത് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്.

ഇസ്‌ലാമിലെ ആത്മീയമാര്‍ഗം ഈ കര്‍മ മാര്‍ഗത്തിന്റെ ചൈതന്യവല്‍കരണമാണ്. ഇലാഹീ സ്നേഹത്തിന്റെ അത്യുന്നത തലത്തിലേക്ക് വിശ്വാസിയെ കൈപ്പിടിച്ചുയര്‍ത്തി ആത്മാവിന്റെ സമ്പൂര്‍ണ മോക്ഷം പ്രഖ്യാപിക്കുന്ന സ്വൂഫിസത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ (ത്വരീഖത്തുകള്‍) ആധ്യാത്മികതയെ കൂടുതല്‍ ശാസ്ത്രീയവും സുദൃഢവുമാക്കുന്നു. ഇമാം അബൂബക്കര്‍ അശ്ശിബ്ലി(റ) യഥാര്‍ത്ഥ സ്വൂഫിസത്തെക്കുറിച്ച് പറയുന്നതിങ്ങനെ: “മനസ്സിനെ തെളിമയുള്ളതാക്കാന്‍ പാടുപെട്ട് വിജയം കൊയ്തെടുത്തവനാണ് സ്വൂഫി. തിരുനബി(സ്വ)യുടെ മാര്‍ഗത്തില്‍ ജീവിക്കുകയും ഇഹലോകത്തെ ആസക്തികള്‍ വെടിഞ്ഞ് വിരക്തിയുടെ വേദന രുചിക്കുകയും ചെയ്യുന്നു അവന്‍. ഹൃദയത്തിന്റെ സ്ഫടിക സമാനത ഉറപ്പു വരുത്തുന്നതിലൂടെ രഹസ്യങ്ങളേതുമറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള ഹൃദയത്തെളിമയാണ് സാധിതമാക്കുന്നത്.’

ഈ രണ്ട് സരണികളും പരസ്പര പൂരകങ്ങളായതിനാല്‍ ശരീഅത്തിന്റെ കര്‍മപദ്ധതികളും സ്വൂഫിസത്തിന്റെ മോക്ഷമാര്‍ഗങ്ങളും സമന്വയിപ്പിക്കുന്നിടത്ത് മാത്രമാണ് ഇസ്‌ലാമിലെ ആത്മീയത വിശ്വാസി ജീവിതത്തെ സാരസമ്പൂര്‍ണമാക്കുന്നത്. ശരിയായ വിശ്വാസത്തിലൂടെയും ആദര്‍ശത്തിലൂടെയും കര്‍മമാര്‍ഗങ്ങളിലൂടെയും മാത്രമേ തസ്വവ്വുഫിന്റെ ആധ്യാത്മിക വഴികള്‍ പ്രായോഗികമാവൂ. അബ്ദുല്‍ ഗനിയ്യുന്നാബല്‍സി(റ) പറയുന്നു: “അഗ്രഗണ്യരായ സ്വൂഫികള്‍ ആരും തന്നെ ശരീഅത്ത് നിയമങ്ങളില്‍ നിന്ന് വല്ലതും നിന്ദിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവരെല്ലാം പൂര്‍ണമായി ശരീഅത്ത് നിയമങ്ങള്‍ അംഗീകരിക്കുകയും അതനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തവരായിരുന്നു’ (അല്‍ ഹദീഖത്തുന്നദിയ്യ 1/188).

ചുരുക്കത്തില്‍, ആള്‍ദൈവങ്ങളുടെയും വ്യാജ സിദ്ധന്മാരുടെയും പിഴച്ച ത്വരീഖത്തുകളുടെയും വഴി ഒരു മുസ്ലിമിന് അംഗീകരിക്കാനോ അവരുടെ അനുഗ്രഹാശിസ്സുകള്‍ക്കായി ക്യൂ നില്‍ക്കാനോ കഴിയില്ല. യഥാര്‍ത്ഥ ആത്മീയവഴിയില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ടുപോവാനുള്ള പക്വതയും ആത്മീയ ജീവിതം ശരിയായി നയിക്കാനുള്ള മിടുക്കുമാണ് മുസ്ലിമിനുണ്ടാവേണ്ടത്. വിശ്വാസികളുടെ ആത്മീയ ചോദനകളെയും ഇലാഹീ ഭയത്തെയും ചൂഷണം ചെയ്താണ് ആള്‍ദൈവങ്ങളും സമാന ചൂഷക വിഭാഗങ്ങളും വളരുന്നതെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. ഹൃദയം ശാന്തിയുടെ അത്യുന്നതിയിലും സ്നേഹത്തിന്റെ അനന്തതയിലും സംരക്ഷിച്ചു നിര്‍ത്താന്‍ ഇസ്‌ലാം അനുശാസിക്കുന്ന ആധ്യാത്മിക ദര്‍ശനങ്ങള്‍ തീര്‍ത്തും പര്യാപ്തമാണ്. പിന്നെയും ആള്‍ദൈവങ്ങളും വ്യാജ ശൈഖവതാരങ്ങളും നമ്മെ സ്വാധീനിക്കുന്നുവെങ്കില്‍ പരാജയത്തിന്റെ തുടക്കമാണെന്നറിയുക.

യാസര്‍ അറഫാത്ത് നൂറാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ