മനുഷ്യന്റെ സവിശേഷതയാണ് വ്യസ്ഥാപിതമായ കുടുംബ ജീവിതം. ഭാര്യയും ഭർത്താവും അവർക്കുണ്ടാകുന്ന കുട്ടികളും ചേരുന്ന ജൈവ യൂണിറ്റാണ് കുടുംബം. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹവും വിശ്വാസവുമാണ് ജീവിതത്തെ കെട്ടുറപ്പുള്ളതാക്കുക. സ്ത്രീ-പുരുഷ ബന്ധത്തിന്റെ പ്രധാന ചേരുവകൾ പരസ്പര സ്‌നേഹവും ഭാര്യയും ഭർത്താവും പരസ്പരം അനുഭവിക്കുന്ന ലൈംഗിക ആനന്ദങ്ങളുമാണ്. ഇവ ഒത്തു ചേരുമ്പോഴാണ് കുടുംബ ജീവിതം സഫലമാകുന്നത്.

വിഭിന്ന സാഹചര്യങ്ങളിൽ നിന്നും കുടുംബങ്ങളിൽ നിന്നും വരുന്ന വ്യത്യസ്ത അഭിരുചിയോടു കൂടിയ രണ്ടു വ്യക്തികൾ തമ്മിലാണല്ലോ വിവാഹം നടക്കുന്നത്. അതിനാൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമായും ഉടലെടുക്കും. അവയെ അതിജീവിക്കാൻ ഭാര്യയും ഭർത്താവും പരസ്പര സഹകരണത്തോടും ആത്മാർത്ഥതയോടും വിട്ടുവീഴ്ചയ്ക്കു തയ്യാറാവണം.

സ്‌നേഹമാണ് അല്ലാഹു മനുഷ്യനു നൽകിയിട്ടുള്ള ഏറ്റവും മൃദുലവും ശക്തവുമായ വികാരം. ഇതിൽ അലിയിച്ചുകളയാൻ കഴിയാത്ത അഭിപ്രായ ഭിന്നതകളില്ല. പുരുഷൻ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും അഭിപ്രായം ആരായുകയും അംഗീകരിക്കുകയും ചെയ്യണം. ഇങ്ങനെയായാൽ ഗാർഹിക ജീവിതം കൂടുതൽ ഉയർച്ചയിലേക്ക് നയിക്കാനാവും. ഇതര വ്യക്തികളുടെ കാഴ്ചപ്പാടിൽ കൂടി കാര്യങ്ങൾ കാണുന്നതും മാറിയ പരിതസ്ഥിതിയിൽ പുതിയ വീക്ഷണഗതി കൈകൊള്ളുന്നതും മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുന്നതും വാക്കുകളിലൂടെയാണ്. സംസാരത്തിലൂടെയാണ് സ്വന്തം മാനസികാവസ്ഥകൾ മറ്റുള്ളവർക്കു മുമ്പിൽ നാം വ്യക്തമാക്കാൻ ശ്രമിക്കുന്നത്. ഉത്കണ്ഠ, ഭയം, ദുഃഖം, കോപം, സന്തോഷം, സഹാനുഭൂതി, അസൂയ, കാമം എല്ലാം വാക്കുകളിലൂടെയും മുഖഭാവങ്ങളിലൂടെയും മനുഷ്യൻ പ്രകടിപ്പിക്കുന്നു.

ആശയവിനിമയം ആകർഷകമാണെങ്കിൽ ദാമ്പത്യത്തിൽ വിള്ളലുകളുണ്ടാവില്ല. മിക്ക ദാമ്പത്യ പ്രശ്‌നങ്ങൾക്കും കാരണം പരസ്പരം സംഭാഷണം നടത്തുന്നതിലെ പാളിച്ചകളാണ്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാലത് വഴക്കിലേക്കും ചീത്തവിളിക്കുന്നതിലേക്കും എത്തരുത്. സൗമ്യമായ രീതിയിൽ പരിഹരിക്കാൻ കഴിയണം. വിനിമയ രീതികളിലെ തകരാറുകൾ പരിഹരിക്കുന്നതിനും വ്യക്തിബന്ധങ്ങൾ ഊഷ്മളമാക്കുന്നതിനും ആധുനിക മനഃശാസ്ത്രം വഴികൾ നിർദേശിക്കുന്നു. ആരോഗ്യകരമായ വിനിമയ രീതി ശീലിച്ചെടുത്താൽ പരസ്പര ബന്ധങ്ങളും പ്രവർത്തനങ്ങളും ആകർഷകമാക്കാവുന്നതാണ്. വിനിമയം പല രീതികളിലുണ്ട്. അനുരൂപക വിനിമയമാണ് ഒന്ന്. പക്വഭാവത്തിൽ നിന്നുകൊണ്ട് ആശയ വിനിമയം നടത്തുമ്പോൾ പക്വഭാവത്തിൽ നിന്ന് പ്രതികരിക്കുകയെന്നതാണ് ഇതുകൊണ്ട് വിവക്ഷ. ഒരു ഉദാഹരണം:

ഭർത്താവ്: എന്റെ വാച്ച് എവിടെ?

ഭാര്യ: മേശയുടെ മുകളിലുണ്ട്.

ഇവിടെ ആശയ വിനിമയം അനുരൂപകമാണ്. പക്വഭാവത്തിലുള്ള ചോദ്യം. പക്വഭാവത്തിലുള്ള മറുപടി. ഈ രൂപത്തിൽ സംഭാഷണം നടത്തിയാൽ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും ദാമ്പത്യം ദൃഢപ്പെടുത്താനും സാധിക്കും.

വിരുദ്ധ വിനിമയം

ഇരു ഭാഗങ്ങളിൽ നിന്നും തമ്മിലുടക്കുന്ന രീതിയിലുള്ള സംഭാഷണമാണിത്. പക്വഭാവത്തിൽ സംസാരിക്കുമ്പോൾ പിതൃഭാവത്തിൽ പ്രതികരിക്കുന്നു. ഈ രീതിയിൽ കുറ്റപ്പെടുത്തലും ശാസനയും കടന്നുവരികയും അകൽച്ച സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം സംസാരങ്ങളാണ് പല ദാമ്പത്യ ബന്ധങ്ങളുടെയും തകർച്ചക്ക് കാരണം. ഉദാഹരണം:

ഭർത്താവ്: എന്റെ വാച്ച് എവിടെ?

ഭാര്യ: വാച്ച് സൂക്ഷിക്കേണ്ടത് നിങ്ങളല്ലേ? അത് നിങ്ങൾ വെച്ചിടത്ത് ഉണ്ടാകും.

ഇതിൽ ഭർത്താവിന്റെ വിനിമയത്തെ ഭാര്യ ഖണ്ഡിക്കുന്നു. ഇവിടെ ഭർത്താവിൽ നിന്ന് ഇതേ രീതിയിലുള്ള മറുപടി ഉണ്ടായാൽ അസ്വാരസ്യങ്ങൾ ഉടലെടുക്കും. ദാമ്പത്യബന്ധം തകരും.

ഭർത്താവ്: നീ ക്ഷീണിച്ചുവല്ലോ?

ഭാര്യ: എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആരുമില്ലല്ലോ?

***

ഭർത്താവ്: ചായ ചൂടോടെ തന്നുകൂടേ?

ഭാര്യ: സമയത്ത് വീട്ടിൽ വന്നിട്ടുവേണ്ടേ?

ഇത്തരം വിനിമയങ്ങൾ ആരോഗ്യകരമല്ല. രണ്ടുപേരും പക്വഭാവത്തിൽ നിന്നുകൊണ്ട് സംസാരിക്കുകയാണെങ്കിൽ ആശയവിനിമയം മെച്ചപ്പെടുത്താവുന്നതാണ്.

സംഭാഷണങ്ങൾ കുഴപ്പത്തിലേക്കും കലഹത്തിലേക്കും നീങ്ങുന്നുവെന്ന് തോന്നിയാൽ രണ്ടിലൊരാൾ വ്യക്തിഭാവവും സംസാര രീതിയും മാറ്റിയാൽ പ്രശ്‌നങ്ങൾ ഒഴിവാക്കാം.

ഭർത്താവ്: എന്റെ വാച്ച് എവിടെ?

ഭാര്യ: നിങ്ങൾക്കത് സൂക്ഷിക്കണമെന്നറിയില്ലേ? നിങ്ങൾ വെച്ചേടത്തുണ്ടാകും.

ഭർത്താവ്: അത് ഞാൻ മറന്നുപോയി. ഇനി സൂക്ഷിക്കാം.

ഭാര്യ: എന്നാലത് മേശമ്മേലുണ്ട്.

ഇവിടെ ആശയവിനിമയം സുഖമായി അവസാനിച്ചു. ഭർത്താവ് വീണ്ടും വിരുദ്ധമായി വിനിമയം നടത്തിയിരുന്നുവെങ്കിൽ പ്രശ്‌നം വലുതാകും. ഈ ഉദാഹരണം നോക്കൂ:

ഭാര്യ: നഫീസയുടെ മകളുടെ വിവാഹമല്ലേ? എന്തെങ്കിലും സമ്മാനം കൊടുക്കണം.

ഭർത്താവ്: അതൊന്നും നടപ്പില്ല. സമ്മാനമില്ലാതെ പോയാൽ മതി. അല്ലെങ്കിൽ പോവേണ്ടാ.

ഭാര്യ: നമ്മുടെ മോന്റെ കല്യാണത്തിന് അവരു മോതിരമാ തന്നത്.

ഭർത്താവ്: അതിനു ഞാനെന്തുവേണം? നമ്മളാവശ്യപ്പെട്ടതല്ലല്ലോ.

ഭാര്യ: കിട്ടുമ്പോൾ കൈയും നീട്ടി മേടിക്കാൻ ഒരുളുപ്പുമില്ല. കൊടുക്കാറാകുമ്പോൾ…

ഭർത്താവ്: ഞങ്ങളൊക്കെ കൊടുത്ത് ശീലിച്ചവരാ. നിന്റെ കുടുംബക്കാരാ അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവർ.

ഭാര്യ: കുടുംബ മഹത്ത്വമൊന്നും പറയണ്ട. കേറിക്കിടക്കാൻ ഒരു വീടുണ്ടാക്കാത്തോരാ വീമ്പു പറയുന്നത്.

നഫീസയുടെ മകൾക്കു സമ്മാനം കൊടുക്കുക എന്ന വിഷയത്തിൽ തുടങ്ങിയ വർത്തമാനം പരസ്പരമുള്ള കുറ്റപ്പെടുത്തലിൽ ചെന്നുനിൽക്കുന്നു. ആ സംഭാഷണം ഇനിയും നീണ്ടാൽ തമ്മിൽ തല്ലാരംഭിക്കും.

ആരെങ്കിലും വിഷയത്തിൽ നിന്നു മാറി വഴക്കിന്റെ വഴിയേ തിരിയുന്നതുകണ്ടാൽ അടുത്തയാൾ തിരുത്തിക്കൊടുക്കാൻ ശ്രമിക്കുക. തിരുത്താൻ തയ്യാറാകാത്ത പ്രകൃതമാണു മറുഭാഗത്തിന്റേതെങ്കിൽ സംഭാഷണം അവിടെ നിർത്തുക. പ്രശ്‌നം പരിഹാരമില്ലാതെ കിടക്കുമെന്നല്ലേയുള്ളൂ. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലല്ലോ.

കുത്തുവാക്കുകളും ഒളിസംഭാഷണങ്ങളും ബന്ധങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നവയാണ്. വീട്ടിലേക്ക് ഭർത്താവ് സ്ഥിരം എത്തുന്ന സമയത്തേക്കാൾ അൽപം വൈകി എത്തുന്നു. ഒരുപക്ഷേ ജോലി സമയം നീണ്ടതുകൊണ്ടാവാം, അങ്ങാടിയിൽ വർത്തമാനം പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ലായിരിക്കാം. ഇതൊന്നും പരിഗണിക്കാതെ ഭാര്യയുടെ കമന്റ്: ഓ ഇപ്പം നേരം വൈകി വരാനും തുടങ്ങി. എവിടെയാണാവോ പോകുന്നത്?

ഭർത്താവ്: നീ മിണ്ടണ്ട. നിന്റെ കാര്യം എന്നെക്കൊണ്ട് പറയിപ്പിക്കണ്ട.

ഒന്നുമറിയാതെ കുത്തുവാക്കിലൂടെ സംഭാഷണം നടത്തുന്നു. ഇത് കലഹങ്ങൾക്ക് കാരണമാകുമെന്നു പ്രത്യേകം പറയേണ്ടതില്ല.

വ്യക്തിബന്ധവും ദാമ്പത്യ ബന്ധവും തകർക്കുന്ന വിരുദ്ധ വിനിമയങ്ങളും ഒളിസംഭാഷണങ്ങളും തീർത്തും ഒഴിവാക്കേണ്ടതാണ്. സംഭാഷണങ്ങളിൽ അനുരൂപക വിനിമയരീതി സ്വീകരിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ വികാരങ്ങളെ മാനിച്ച് സംസാരിക്കുക. നല്ല ആശയ വിനിമയങ്ങളിലൂടെയേ ദാമ്പത്യ ബന്ധം ദൃഢമാക്കാൻ കഴിയൂ എന്ന് ഓർക്കുക.

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ