വിശുദ്ധ ഖുർആൻ മലക്കുകളെയും മനുഷ്യരെയും വിലയിരുത്തുന്നത് വ്യത്യസ്ത രീതിയിലാണ്. മലക്കുകൾ വിശുദ്ധരും വിശ്വസ്തരുമാണ്. ‘എന്നാൽ അവർ മലക്കുകൾ ആദരണീയരായ അടിമകളാണ്. അവർ അവനെ മുൻകടന്ന് സംസാരിക്കുകയില്ല. അവർ അവന്റെ കൽപനകൾ അക്ഷരംപ്രതി അനുസരിക്കുന്നവരുമാണ് (സൂറത്തുൽ അമ്പിയാഅ് 26, 27). ഇതൊരു ഉദാഹരണം മാത്രമാണ്. മലക്കുകളെ കുറിച്ച് പുകഴ്ത്തുന്ന ഖുർആൻ വചനങ്ങൾ വേറെയുമുണ്ട്.
പക്ഷേ മനുഷ്യരെ കുറിച്ച് പറയുമ്പോൾ ചിലരെ ഏറെ പുകഴ്ത്തുന്നുണ്ടെങ്കിലും പൊതുവെ മനുഷ്യരെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നത് പുകഴ്ത്തലല്ല, അധിക്ഷേപമാണ്. ഏതാനും വചനങ്ങൾ കാണാം: തീർച്ച, മനുഷ്യൻ അതിക്രമിയും നന്ദി കെട്ടവനും തന്നെയാണ് (സൂറത്ത് ഇബ്‌റാഹീം 34), മനുഷ്യൻ ശപിക്കപ്പെട്ടിരിക്കുന്നു. അവന് എന്തൊരു നന്ദികേടാണ്! (സൂറത്ത് അബസ 17), ഒട്ടേറെ മനുഷ്യർ ദുർനടപ്പുകാർ തന്നെയാണ് (അൽമാഇദ 49), സ്ത്രീകൾ, മക്കൾ, സ്വർണം- വെള്ളി കൂമ്പാരങ്ങൾ, പരിശീലിപ്പിക്കപ്പെട്ട കുതിര, കാലികൾ, കൃഷി തുടങ്ങിയ ദുർബല വികാരങ്ങൾ മനുഷ്യർക്ക് ആകർഷകമാക്ക പ്പെട്ടിരിക്കുന്നു (ആലുഇംറാൻ 14). ഖുർആൻ മനുഷ്യരെ വിലയിരുത്തുന്നതിങ്ങനെയൊക്കെയാണ്.
മനുഷ്യനും മാലാഖയും തമ്മിൽ ഇങ്ങനെ ഗുരുതരമായ അന്തരമുണ്ടാകാൻ എന്തായിരിക്കും കാരണം? ഭക്ഷണം തന്നെ. അഥവാ മനുഷ്യർ ആഹാരം കഴിക്കുന്നു. ഭക്ഷണത്തിലൂടെ പിശാചും പൈശാചികതയും മനുഷ്യമനസ്സിൽ കയറിപ്പറ്റുന്നു. മലക്കുകളാവട്ടെ ആഹരിക്കുന്നില്ല. പിശാചിന് കയറിവരാനുള്ള വഴി തുറക്കുന്നുമില്ല.
ഒരിക്കൽ ഏതാനും മലക്കുകൾ മനുഷ്യരൂപത്തിൽ ഇബ്‌റാഹീം നബി(അ)യെ സന്ദർശിച്ചു. മഹാൻ നല്ല ഭക്ഷണം തയ്യാറാക്കി അവരെ സൽക്കരിച്ചു. മലക്കുകൾ അത് നിരസിച്ചു. വിശുദ്ധ ഖുർആൻ ആ ചരിത്രസംഭവം അനാവരണം ചെയ്യുന്നു: നമ്മുടെ ദൂതന്മാർ ഇബ്‌റാഹീം(അ)മിനെ സുവിശേഷവുമായി സന്ദർശിക്കുകയുണ്ടായി. അവർ സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കി. താമസിയാതെ അദ്ദേഹം പശുക്കിടാവിനെ വേവിച്ച് കൊണ്ടുവന്നു. അവരുടെ കൈകൾ അതിലേക്ക് നീങ്ങാത്തത് കണ്ടപ്പോൾ അദ്ദേഹത്തിന് അപരിചിതത്വവും ഉൾഭയവും അനുഭവപ്പെട്ടു (സൂറത്ത് ഹൂദ് 69).
മലക്കുകൾ ഭക്ഷണം കഴിക്കുന്നില്ല. അതിനാൽ ആഹാരം സൃഷ്ടിക്കുന്ന ദുഷ്ടതകളും അവരെ ബാധിക്കുന്നില്ല. ഭക്ഷണത്തിലൂടെയാണ് മനുഷ്യരിലേക്ക് തിന്മകൾ സംക്രമിക്കുന്നത്. അതുകൊണ്ടാണ് അല്ലാഹു ഭക്ഷണത്തിന്റെ കാര്യം പരാമർശിക്കുമ്പോൾ ചില നിയന്ത്രണങ്ങളെയും സംയമനത്തെയും കുറിച്ച് കൂടി ഉദ്‌ബോധിപ്പിക്കുന്നത്. ‘നിങ്ങൾക്ക് അല്ലാഹു നൽകിയതിൽ നിന്ന് അനുവദിക്കപ്പെട്ടതും പരിശുദ്ധമായതും മാത്രം നിങ്ങൾ ആഹരിക്കുക. നിങ്ങൾ വിശ്വസിക്കുന്ന അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക (അൽമാഇദ 88), നിങ്ങൾ ഭക്ഷിച്ചോളൂ, വെള്ളം കുടിച്ചോളൂ, നിങ്ങൾ അതിരു കടക്കരുത്. തീർച്ച, അവൻ അതിര് കടക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല (അഅ്‌റാഫ് 31).
ഭക്ഷണവുമായി ബന്ധപ്പെട്ട് പറയുമ്പോൾ ജാഗ്രതാ നിർദേശം മുന്നോട്ടുവെക്കുന്ന അനേകം ഖുർആൻ വചനങ്ങൾ കാണാം: ‘നിങ്ങൾക്ക് നാം പ്രദാനം ചെയ്തതിൽ നിന്ന് അനുവദിക്കപ്പെട്ടതും പരിശുദ്ധമായതും നിങ്ങൾക്ക് ആഹരിക്കാം. അവിടെ നിങ്ങൾ അതിക്രമം കാണിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങളിൽ എന്റെ കോപം ആപതിക്കുന്നതാണ്. ആരിലേക്കെങ്കിലും എന്റെ കോപം അവതരിച്ചാൽ അവൻ നശിച്ചത് തന്നെ (സൂറത്ത് ത്വാഹാ 81), വിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് സംശുദ്ധമായവ നിങ്ങൾ ആഹരിക്കുക. അല്ലാഹുവിന് കൃതജ്ഞത കാണിക്കുക; നിങ്ങൾ അവനെ ആരാധിക്കുന്നവരാണെങ്കിൽ (സൂറത്തുൽ ബഖറ 172). ചുരുക്കിപ്പറഞ്ഞാൽ, ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ കൂടെത്തന്നെ അത് ഇളക്കിവിടുന്ന ദുഷ്ടതകളെ കുറിച്ചും ഖുർആൻ സഗൗരവം ഉണർത്തുന്നുണ്ട്.
ആദിമ മനുഷ്യൻ ആദം(അ)മിന്റെ ചരിത്രത്തിലും ഇത്തരമൊരു ശ്രദ്ധ ക്ഷണിക്കൽ ഖുർആൻ നടത്തുന്നത് നോക്കൂ: നാം നിർദേശിച്ചു; ആദമേ, താങ്കളും ഭാര്യയും സ്വർഗത്തിൽ വസിച്ചോളൂ. അവിടെ നിന്ന് ഉദ്ദേശിക്കുന്നേടത്ത് വെച്ച് വിശദമായി നിങ്ങൾ ആഹരിച്ചോളൂ, പക്ഷേ ഈ വൃക്ഷത്തിലേക്ക് നിങ്ങൾ അടുക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ പരാജിതരിൽ പെട്ടു പോകുന്നതാണ് (അൽബഖറ 35), ദൗർഭാഗ്യവശാൽ ആദം-ഹവ്വാ ദമ്പതികൾ വിലക്കപ്പെട്ട കനി കഴിക്കേണ്ടി വന്നു! അതേ തുടർന്ന് വിവിധ പ്രത്യാഘാതങ്ങളും സംജാതമായി. അവർ അതിൽ നിന്ന് ആഹരിച്ചു അതേത്തുടർന്ന് അവരുടെ ഗോപ്യത പുറത്തായി (ത്വാഹാ 122). ആഹാരം ഉപയോഗിക്കുന്നവർ അതിന്റെ വരുംവരായ്കകളെ കുറിച്ച് നല്ലതുപോലെ ബോധവാന്മാരായിരിക്കണം. ഡോക്ടർമാർ രോഗികളോട് ചില സന്ദർഭങ്ങളിൽ ഭക്ഷണം ഒഴിവാക്കാൻ നിർദേശിക്കാറുള്ളതോർക്കുക. ഇപ്രകാരം, വ്യക്തിത്വ വിശുദ്ധിക്ക് വേണ്ടിയും ചില സന്ദർഭങ്ങളിൽ ഭക്ഷണം ഒഴിവാക്കേണ്ടിവരും. വ്രതമെടുക്കുന്ന വിശ്വാസി ആത്മീയമായ ഒരു നിരാഹാര സമരമാണ് നടത്തുന്നത്. മാലാഖമാരുടെ വിശുദ്ധിയിലേക്കാണ് അതവരെ ഉയർത്തുക.

സുലൈമാൻ മദനി ചുണ്ടേൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തഹജ്ജുദ് നിസ്‌കാരത്തിന്റെ മധുരവും മഹത്ത്വവും

രണ്ട് ശഹാദതുകൾ കഴിഞ്ഞാൽ അതിശ്രേഷ്ഠമായ ശാരീരികാരാധന നിസ്‌കാരമാണ്. നിർബന്ധ കർമങ്ങളിൽ ഫർള് നിസ്‌കാരം ഏറ്റവും ശ്രേഷ്ഠമായതുപോലെ…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

അഭയമാണ് ബദ്ർ ശുഹദാക്കൾ

ധർമത്തിന്റെ നിലനിൽപിന് വേണ്ടി ജീവൻ ത്യജിച്ച് പോർമുഖത്ത് ത്യാഗം ചെയ്ത 313 മഹാമനീഷികളാണ് ബദ്‌രീങ്ങൾ. വിശ്വാസികൾക്ക്…

● സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി

സ്വഹാബത്തിന്റെ ഹദീസ് ക്രോഡീകരണം

ഞാൻ ഹദീസുകൾ എഴുതാറില്ലായിരുന്നു എന്ന് അബൂഹുറൈറ(റ) പറയുന്ന തുർമുദിയിലെ ഹദീസും (2668) ഞാൻ ഉദ്ധരിക്കുന്ന മുഴുവൻ…

● ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ