പ്രത്യേക നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞുകൂടുന്നതാണ് ഇഅ്തികാഫ്. ഇഅ്തികാഫുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇബ്റാഹിം, ഇസ്മാഈല്‍(അ) എന്നീ പ്രവാചകന്മാരോട് തിരുഭവനത്തെ ഇഅ്തികാഫിരിക്കുന്നവര്‍ക്ക് വേണ്ടി ശുദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് (അല്‍ബഖറ/125,187). ഇത് ഇഅ്തികാഫിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.

ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസ് കാണുക: “ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ഉദ്ധരണം. നബി(സ്വ) റമളാന്‍ അവസാനത്തില്‍ ഇഅ്തികാഫിരിക്കല്‍ പതിവായിരുന്നു.’

അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുദ്ധരിക്കുന്ന തിരുവചനത്തില്‍ ഇങ്ങനെ കാണാം: നബി(സ്വ) റമളാനിലെ നടുവിലെ പത്തില്‍ ഇഅ്തികാഫിരുന്നിരുന്നു. ഒരിക്കല്‍ റമളാന്‍ ഇരുപത്തിയൊന്നാമത്തെ പ്രഭാതത്തില്‍ നബി(സ്വ) പറഞ്ഞു: ഈ അസാനത്തെ പത്തില്‍ എന്നോടൊത്ത് ഇഅ്തികാഫിന് താല്‍പര്യമുള്ളവര്‍ തയ്യാറാവുക (ബുഖാരി).

ഇഅ്തികാഫിനെ സ്ഥിരീകരിക്കുന്ന മറ്റൊരു ഹദീസ്: “ആഇശ(റ) പറയുന്നു: ഞാന്‍ ആര്‍ത്തവാവസ്ഥയിലിരിക്കെ നബി(സ്വ) ഇഅ്തികാഫിനിടയില്‍ പള്ളിവാതില്‍ക്കല്‍ വന്ന് മുടി ചീകിക്കൊടുക്കാനെനിക്ക് അവസരം തന്നിരുന്നു. ഞാനവിടുത്തെ മുടി വാര്‍ന്നു കൊടുക്കുകയും ചെയ്തു’ (ബുഖാരി).

ഇഅ്തികാഫിന്റെ മാഹാത്മ്യം വിശദമാക്കുന്ന ഹദീസുകള്‍ അനവധിയാണ്. അലിയ്യുബ്നു ഹുസൈന്‍(റ)ല്‍ നിന്ന്: “പ്രവാചകര്‍(സ്വ) പ്രഖ്യാപിച്ചു; റമളാന്‍ മാസം പത്തു ദിവസം ഇഅ്തികാഫിരിക്കുന്നവര്‍ക്ക് രണ്ടു ഹജ്ജും രണ്ട് ഉംറയും ചെയ്ത പ്രതിഫലം സ്വായത്തമാക്കാവുന്നതാണ്’ (ബൈഹഖി).

ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന്: “തിരുനബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആരാണോ ഒരു ദിവസം ഇഅ്തികാഫിരിക്കുന്നത് അവരുടെയും നരകത്തിന്റെയും ഇടയില്‍ അല്ലാഹു പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയിലുള്ളത്ര അകലത്തില്‍ മൂന്നു കിടങ്ങുകള്‍ സംവിധാനിക്കുന്നതാണ്’ (ത്വബ്റാനി, ബൈഹഖി, ഹാകിം).

കര്‍മശാസ്ത്ര വിധികള്‍

ഇഅ്തികാഫുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ ചര്‍ച്ച ചെയ്യാം.

റമളാനില്‍ മാത്രമല്ല, അല്ലാത്ത കാലത്തും ഇഅ്തികാഫ് പ്രധാന സുന്നത്താണ്. നബി(സ്വ) ശവ്വാല്‍ മാസത്തില്‍ ഇഅ്തികാഫിരുന്നതായി ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസുകളില്‍ കാണാം. ഇത് റമളാനല്ലാത്ത കാലത്തെ ഇഅ്തികാഫിനു തെളിവാണെന്ന് ഇമാം ശാഫിഈ(റ) സമര്‍ത്ഥിക്കുന്നുണ്ട് (ശറഹുല്‍ മുഹദ്ദബ് 6/485).

റമളാന്‍ മാസത്തിലെ അവസാന പത്തിലുള്ള ഇഅ്തികാഫിനു ഏറെ പ്രാധാന്യമുണ്ട്. ഇതിനു കാരണം ഈ ദിവസങ്ങളില്‍ ലൈലതുല്‍ ഖദ്റിന്റെ മഹത്ത്വം നേടിയെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് നബിചര്യയില്‍ നിന്ന് മനസ്സിലാക്കാം (തുഹ്ഫ 3/462).

ജുമുഅ നടക്കുന്ന പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നതാണ് ഏറെ ഉത്തമം. മറ്റു പള്ളികളിലും ഇഅ്തികാഫിരിക്കാം. ഇരിക്കണമെന്ന നിബന്ധനയൊന്നുമില്ല. പള്ളിയില്‍ നടക്കുന്നവനും കിടന്നുറങ്ങുന്നവനും നിയ്യത്തുണ്ടെങ്കില്‍ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. “ഈ പള്ളിയില്‍ ഇഅ്തികാഫിനു ഞാന്‍ കരുതി’ എന്ന് മനസ്സില്‍ കരുതിയാല്‍ നിയ്യത്തായി (ഫത്ഹുല്‍ മുഈന്‍/201).

ഇഅ്തികാഫ് ലക്ഷ്യമാക്കി പള്ളിയില്‍ കഴിയുന്നവര്‍ അനാവശ്യ സംസാരം ഉപേക്ഷിക്കണം. പരദൂഷണം, ചീത്ത ഭാഷണം, നിഷിദ്ധമായതു ഭക്ഷിക്കല്‍ തുടങ്ങിയവ ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിഫലം ലഭിക്കില്ല (ഫത്ഹുല്‍ മുഈന്‍/202).

ഇഅ്തികാഫ് വേള ദിക്ര്‍, ഖുര്‍ആന്‍ പാരായണം, സ്വലാത്ത് തുടങ്ങിയ പുണ്യകര്‍മങ്ങള്‍ക്കായി വിനിയോഗിക്കണം. പള്ളിയില്‍ പ്രവേശിക്കുന്ന ഏതു സമയത്തും ഇഅ്തികാഫിന്റെ നിയ്യത്തുണ്ടെങ്കില്‍ പുണ്യം ലഭിക്കും (ബുശ്റല്‍ കരീം 2/84).

നേര്‍ച്ചയാക്കല്‍

ഇഅ്തികാഫ് നേര്‍ച്ചയാക്കാം. അത് പ്രതിഫലാര്‍ഹവുമാണ്. “ഈ പള്ളിയില്‍ ഇഅ്തികാഫിനു ഞാന്‍ നേര്‍ച്ചയാക്കി’ എന്ന നിയ്യത്ത് ഉച്ചരിച്ച് അല്‍പസമയം പള്ളിയില്‍ ചെലവഴിച്ചാല്‍ നേര്‍ച്ച ബാധ്യത ഒഴിവാകുമെങ്കിലും ഒരു ദിവസം പൂര്‍ണമായും ഇഅ്തികാഫ് അനുഷ്ഠിക്കുന്നതാണ് ഉത്തമം. നിശ്ചിത സമയത്തെ ഇഅ്തികാഫാണു നേര്‍ച്ചയാക്കുന്നതെങ്കില്‍ ആ സമയത്തു തന്നെ നിര്‍വഹിക്കണം. ആ സമയത്തിനു മുമ്പ് ചെയ്താല്‍ ബാധ്യത തീരില്ല. സമയം കഴിഞ്ഞാണെങ്കില്‍ ഇഅ്തികാഫ് ഖളാആയാണ് പരിഗണിക്കപ്പെടുക. നേര്‍ച്ച ചെയ്ത ശേഷം മനഃപൂര്‍വം നിശ്ചിത സമയം തെറ്റിക്കുന്നത് ശിക്ഷാര്‍ഹമാണ്. കാരണം ഒരു പുണ്യകര്‍മം നേര്‍ച്ചയാക്കുന്നവര്‍ ഫര്‍ളിന്റെ പ്രതിഫലാവസരം നിര്‍ബന്ധമായി ഏറ്റെടുത്തിരിക്കുകയാണ്. അതുകൊണ്ട് സുന്നത്തിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് ഇവര്‍ അര്‍ഹരാകുന്നില്ല. അതിനാല്‍ തന്നെ അനുഷ്ഠിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതു മാത്രമേ നേര്‍ച്ചയാക്കാവൂ. “ഈ പള്ളിയില്‍ കഴിയുന്ന സമയം ഞാന്‍ അല്ലാഹുവിന് ഇഅ്തികാഫ് നേര്‍ച്ചയാക്കിയിരിക്കുന്നു’ എന്നു കരുതലാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ലത് (ബുശ്റുല്‍ കരീം 2/84).

ഏതു പള്ളിയിലും ഇഅ്തികാഫ് നേര്‍ച്ചയാക്കാം. മസ്ജിദുന്നബവി, മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അഖ്സ എന്നിവയല്ലാത്ത എല്ലാ പള്ളികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ പരിഗണനയാണുള്ളത്. ഇവയല്ലാത്ത ഏതെങ്കിലും ഒരു പള്ളി ഉദ്ദേശിച്ചു എന്നു പറഞ്ഞാല്‍ ഏതു പള്ളിയിലിരുന്നാലും ബാധ്യത വീടുന്നതാണ് (തുഹ്ഫ 3/467).

ഇഅ്തികാഫിരിക്കുന്നവര്‍ തുന്നല്‍ പോലോത്ത ചെറിയ ജോലികളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് വിരോധമില്ലെന്നാണ് പണ്ഡിതാഭിപ്രായം. എന്നാല്‍ അതും അമിതമാക്കാതെ നോക്കണം. അതേ സമയം വിജ്ഞാനങ്ങള്‍ എഴുതുക തുടങ്ങിയവ സുന്നത്തായി പരിഗണിക്കപ്പെടുന്നു. ഇഅ്തികാഫ് വേളയില്‍ അന്യര്‍ക്കുവേണ്ടി തൊഴിലെടുക്കുന്നത് കറാഹത്താണ്. പള്ളിയുടെ പവിത്രത ഹനിക്കും വിധത്തിലുള്ള തൊഴിലുകള്‍ നിഷിദ്ധവും. ചുരുക്കത്തില്‍ ഇഅ്തികാഫിരിക്കുന്നവര്‍ ഇബാദത്ത്, അറിവുസന്പാദനം, സദുപദേശങ്ങള്‍ കേള്‍ക്കല്‍ തുടങ്ങിയവക്കു സമയം ചെലവഴിക്കുന്നതാണുത്തമം (ശറഹുല്‍ മുഹദ്ദബ് 6/531).

ഇഅ്തികാഫ് തുടരുമെന്ന് കരുതാതെ പള്ളിയുടെ പുറത്തു പോകുന്നപക്ഷം ഇഅ്തികാഫ് മുറിയുന്നതും തിരിച്ചുവന്നാല്‍ നിയ്യത്ത് ആവര്‍ത്തിക്കല്‍ അനിവാര്യവുമാണ്. എന്നാല്‍ പുറത്തുപോകുമ്പോള്‍ തിരിച്ചെത്തിയാല്‍ പിന്നെയും ഇഅ്തികാഫ് തുടരുമെന്ന കരുത്താണുള്ളതെങ്കില്‍ നിയ്യത്ത് ആവര്‍ത്തിക്കേണ്ടതില്ല (ഫത്ഹുല്‍ മുഈന്‍/201).

ഇഅ്തികാഫിരിക്കുന്ന സമയത്ത് ചരിത്രകഥകള്‍ ശ്രവിക്കുന്നതിനും പറയുന്നതിനും വിരോധമില്ലെന്നാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായം. ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രസ്മരണ വഅ്ളിന്റെയും ഉപദേശത്തിന്റെയും പരിധിയില്‍ പെടും. ഇമാം ശാഫിഈ(റ) ഉമ്മിലും ജാമിഉല്‍ കബീറിലും ഈ വസ്തുത പറഞ്ഞതായി ഖാളി അബുത്വയ്യിബ് ഉദ്ധരിച്ചത് ഇമാം നവവി(റ) എടുത്തുപറഞ്ഞിട്ടുണ്ട്. പൊതുവെ അനുവദനീയമായ വര്‍ത്തമാനങ്ങള്‍ പോലും പള്ളിക്കകത്ത് ഉപേക്ഷിക്കുന്നതാണ് ഉത്തമം (ശറഹുല്‍ മുഹദ്ദബ് 6/533).

ഇഅ്തികാഫിരിക്കുന്നവര്‍ തര്‍ക്കമോ ശകാരമോ നടത്തിയാല്‍ ഇഅ്തികാഫ് ബാത്വിലാകില്ലെന്നാണു പണ്ഡിതവിധി. എന്നാല്‍ ഇഅ്തികാഫിരിക്കുന്നവരെ ചീത്ത പറയുകയോ അവരുമായി ആരെങ്കിലും തര്‍ക്കത്തിനു വരികയോ ചെയ്താല്‍ നോന്പുകാരെപ്പോലെ പ്രതികരിക്കുന്നതാണ് സുന്നത്ത് (ശറഹുല്‍ മുഹദ്ദബ് 6/534). ഞാന്‍ ഇഅ്തികാഫിരിക്കുകയാണെന്നു മറുപടി പറഞ്ഞ് തര്‍ക്കത്തില്‍ നിന്നു വിട്ടുനില്‍ക്കണം.

സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ