ഭാര്യഭർത്താക്കന്മാർക്കിടയിൽ സ്‌നേഹവും കാരുണ്യവും സംവിധാനിച്ചത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് (അർറൂം 21). ‘നിങ്ങളിൽ വെച്ചേറ്റവും ശ്രേഷ്ഠർ കുടുംബത്തോട് നല്ല നിലയിൽ പെരുമാറുന്നവരത്രെ. ഞാനെന്റെ കുടുംബത്തോട് അത്തരത്തിലാണ് പെരുമാറുന്നത്’ (ഹദീസ്).
കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം കൊടുത്ത മതമാണ് ഇസ്‌ലാം. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും നിലപാടുള്ള ഇസ്‌ലാമിന് കുടുംബ ജീവിതത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്. മനുഷ്യന്റെ മത ഭൗതിക സാങ്കേതിക രാഷ്ട്രീയ മേഖലകളിൽ എല്ലാ നന്മകളും പ്രതിനിധാനം ചെയ്യുന്ന തത്ത്വസംഹിത എന്നാണ് തുഹ്ഫതുൽ മുഹ്താജിന്റെ ആമുഖത്തിൽ ഇസ്‌ലാമിന് നൽകുന്ന നിർവചനം. ജീവിതത്തിന്റെ നിഖില കർമങ്ങളും പ്രതിപാദിക്കുന്ന ഇസ്‌ലാമിക കർമശാസ്ത്രം പ്രധാനമായും നാലു ഭാഗങ്ങളാണ്. ആരാധനകൾ, ഇടപാടുകൾ, വൈവാഹികം, ശിക്ഷാനടപടികൾ. മൂന്നാമതായി എണ്ണുന്നത് കുടുംബ ജീവിതത്തെയാണ്. ഇതിലൂടെ ഭാര്യയും ഭർത്താവും മക്കളുമൊന്നിച്ചുള്ള സന്തുഷ്ട കുടുംബം ഇസ്‌ലാം വിഭാവനം ചെയ്യുന്നു.
ഇണകളെ സന്തോഷിപ്പിക്കാനും പരസ്പര സ്‌നേഹം വർധിപ്പിക്കാനും പ്രവാചകർ(സ്വ) സ്വന്തം ജീവിതത്തിലൂടെ ഒരുപാട് മാതൃകകൾ ലോകത്തിന് കാണിച്ചുതന്നിട്ടുണ്ട്. പത്‌നിയുമായി ഓട്ടമത്സരം നടത്തിയ മാതൃകാ ഭർത്താവാണ് പ്രവാചകൻ(സ്വ). അവിടന്ന് ആർത്തവ സമയത്ത് ഭാര്യയുടെ മടിയിൽ തലവെച്ച് ഖുർആൻ പാരായണം ചെയ്യുകയുണ്ടായി. തീണ്ടാരിപ്പെണ്ണിനെ പടിയടച്ച് പിണ്ഡം വെച്ചിരുന്ന സമൂഹത്തിലാണിതെന്നോർക്കണം. മക്കളോടൊപ്പം ചെലവഴിക്കാൻ, കളിക്കാൻ സമയം കണ്ടെത്തി. വെള്ളം കോരി കൊണ്ടുവന്നും പാൽ കറന്നും വസ്ത്രം തുന്നിയും ചെരുപ്പ് നന്നാക്കിയും മറ്റും വീട്ടുജോലികളിൽ സഹായിച്ചു. ഭാര്യ കുടിച്ച പാത്രത്തിൽ നിന്ന് അതേ സ്ഥലത്ത് ചുണ്ട് വെച്ച് വെള്ളം കുടിച്ചു. വായിൽ സ്‌നേഹത്തോടെ ഭക്ഷണം വെച്ചുകൊടുക്കുന്നത് പ്രോത്സാഹിപ്പിച്ചു. എത്രമേൽ തിരക്കിനിടയിലും കുടുംബത്തോട് നർമസല്ലാപം നടത്താൻ സമയം കണ്ടെത്തി. ഭാര്യയോട് കർക്കശമായി പെരുമാറുന്നതും സംശയദൃഷ്ടിയാൽ പരസ്പരം ചിന്തിക്കുന്നതും അവിടന്ന് എതിർത്തു. എന്നാൽ ഗൗരവം വേണ്ട സമയത്തും സൗമ്യനാകണമെന്നല്ല ഇതിന്റെയൊന്നും അർത്ഥം. കുടുംബനാഥനെന്ന നിലക്ക് അത്തരം സമയങ്ങളിൽ ഗൗരവക്കാരനായി നബി(സ്വ) നിന്നതും ചരിത്രത്തിൽ വായിക്കാം. ‘ദേഷ്യം പിടിക്കേണ്ട സമയത്ത് ദേഷ്യം പിടിക്കാത്തവൻ കഴുതയാണെ’ന്ന് ഇമാം ശാഫിഈ(റ).
പ്രവാചകരുടെ സ്വഭാവത്തെ കുറിച്ചറിയാൻ മൂന്ന് പ്രവാചകാനുചരർ ആഇശ ബീവി(റ)യുടെ അടുക്കൽ വന്നു. ‘അവിടന്ന് രാത്രി നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. ചില ദിവസങ്ങളിൽ നോമ്പു നോൽക്കും. വൈവാഹിക ജീവിതം ആസ്വദിക്കുകയും ചെയ്യും’. ഇതു കേട്ട് അവർ തിരിച്ചുപോയി. ചില തീരുമാനങ്ങളെടുത്തിരുന്നു അവർ. രാത്രി ഉറക്കമില്ലാതെ നിസ്‌കരിക്കുമെന്ന് ഒന്നാമൻ. നിത്യം നോമ്പുകാരനായിരിക്കുമെന്ന് രണ്ടാമൻ. കുടുംബ ജീവിതാനന്ദം ഉപേക്ഷിക്കുമെന്ന് മൂന്നാമനും. ഇതറിഞ്ഞ പ്രവാചകൻ മൂവരെയും വിളിച്ചുവരുത്തി താക്കീതിന്റെ സ്വരത്തിൽ ഇപ്രകാരം പറഞ്ഞു: നിങ്ങളിൽ ഏറ്റവും ഭക്തൻ ഞാനാണ്. നിങ്ങളേക്കാൾ അല്ലാഹുവിനെ അറിയുന്നവനും ഭയപ്പെടുന്നവനും ഞാനാണ്. ഞാൻ നിസ്‌കരിക്കാറുണ്ട്, ഉറങ്ങാറുണ്ട്, നോമ്പ് നോൽക്കുകയും മുറിക്കുകയും ചെയ്യാറുണ്ട്, വൈവാഹിക ജീവിതം ആസ്വദിക്കാറുമുണ്ട്. എന്റെ ചര്യയെ വെറുക്കുന്നവൻ എന്നിൽ പെട്ടവനല്ല. കുടുംബ ജീവിതം എന്റെ ചര്യ തന്നെയാണ് (ബുഖാരി, കിതാബുന്നികാഹ്).
സ്ഥിരമായി നോമ്പനുഷ്ഠിക്കുന്ന ഒരാളുടെ വീട്ടിൽ ചെന്ന് പ്രവാചകർ(സ്വ) താക്കീത് ചെയ്യുന്ന ഒരു സംഭവമുണ്ട് ബുഖാരിയിൽ. മാസത്തിൽ മൂന്ന് നോമ്പ് മതിയെന്ന് പറഞ്ഞ പ്രവാചകരോട് ഒന്നുകൂടി കൂട്ടി ആവശ്യപ്പെട്ടു അദ്ദേഹം. ആദ്യം അഞ്ചും പിന്നീട് ഒമ്പതുമാക്കി വർധിപ്പിച്ചു കൊടുത്തിട്ടും തൃപ്തനാകാതെ, ഇനിയും കൂടുതൽ നോൽക്കാൻ കഴിവും ആരോഗ്യമുണ്ടെനിക്കെന്ന് പറഞ്ഞു അദ്ദേഹം. എങ്കിൽ നീ ദാവൂദ് നബി(അ)യുടെ നോമ്പെടുക്കുക, അതിനെക്കാൾ വേണ്ട എന്നായി റസൂൽ(സ്വ). ദാവൂദ് നബി(അ) ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പു നോൽക്കുന്ന പ്രകൃതക്കാരനായിരുന്നു.
ഭാര്യമാർക്ക് വ്യക്തമായ മാതൃക ഉമ്മഹാതുൽ മുഅ്മിനീൻ പഠിപ്പിച്ചുതരുന്നുണ്ട്. ഉത്തമ ഭാര്യയെന്ന് പ്രവാചകർ വിശേഷിപ്പിച്ച ഖദീജ ബീവി(റ) വലിയ മാതൃകയാണ്. മക്കയിലെ പ്രമുഖരും കുടുംബവുമെല്ലാം എതിർത്ത സമയത്തും സമാധാന വാക്കുകളുമായി പ്രവാചകരുടെ കൂടെ നിന്നവരാണ് മഹതി. പ്രതിസന്ധി സമയങ്ങളിൽ ഭർത്താവിനൊപ്പം നിൽക്കേണ്ടത് ഭാര്യയാണ്. ഏതു പ്രതിസന്ധികൾ തരണം ചെയ്യാനും അവളുടെ ഒരു സാന്ത്വനവാക്ക് മതിയായേക്കും.
ഹിറാഗുഹയിൽ നിന്ന് ജിബ്‌രീലി(അ)നെ ആദ്യമായി കണ്ട മാത്രയിൽ പേടിച്ചു വിറച്ച പ്രവാചകരെ ആത്മവിശ്വാസവും ഈമാനും സ്ഫുരിക്കുന്ന വാക്കുകൾ കൊണ്ട് സാന്ത്വനപ്പെടുത്തുകയും വേദ പണ്ഡിതൻ വറഖതുബ്‌നു നൗഫലിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി സ്ഥൈര്യം പകരുകയും ചെയ്തു. മക്കക്കാർ മൂന്നു വർഷം ഉപരോധം തീർത്ത സമയത്ത് പച്ചില പോലും ഭക്ഷിച്ച് ദൃഢതയുള്ള ഉത്തമ സഹധർമിണിയായി ബീവി ഖദീജ(റ). ആളുകൾ എന്നെ അവിശ്വസിച്ചപ്പോൾ അവളെന്നെ വിശ്വസിച്ചു, ഞാൻ പറയുന്നത് കളവാണെന്ന് ജനങ്ങൾ ആക്ഷേപിച്ചപ്പോൾ സത്യമാണെന്ന് അവൾ പറഞ്ഞു. ഇങ്ങനെ പ്രവാചകർ മഹതിയെക്കുറിച്ച് പറഞ്ഞത് ഭാര്യ ഭർത്താവിന്റെ മനസ്സിൽ സ്‌നേഹം നിറച്ചത് കൊണ്ടാണ്. ഭർത്താവിന്റെ തൃപ്തിയോടെ മരണമടഞ്ഞവർക്ക് സ്വർഗമുണ്ടെന്ന അവിടത്തെ സുവിശേഷം പ്രിയസഹോദരിമാർ വിസ്മരിക്കരുത്. ഇമ്പമുണ്ടാമ്പോഴേ കുടുംബമാവൂ. ഇമ്പമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം തിരുനബി(സ്വ)യുടെ കുടുംബ ജീവിതം അതു പോലെ പകർത്താൻ ശ്രമിക്കുകയാണ്.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

 

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ