കന്നട ജനതക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ നയിച്ച കര്‍ണാടക യാത്ര സമാപിച്ചത്. ‘മാനവകുലത്തെ ആദരിക്കുക’ എന്ന പ്രമേയത്തില്‍ 2014 ഒക്ടോബര്‍ 25ന് ഗുല്‍ബര്‍ഗയില്‍ നിന്ന് ആരംഭിച്ച് നവംബര്‍ 2 ന് മംഗലാപുരത്ത് നടന്ന ഐതിഹാസിക സമാപന സമ്മേളനത്തോടെ വിരാമമിട്ട കര്‍ണാടക യാത്ര സമീപകാലത്ത് ഭാരതം കണ്ട ഏറ്റവും ശ്രദ്ധേയമായ യാത്രയായിരുന്നു. കര്‍ണാടകയിലെ ജന ജീവിതത്തില്‍ നിര്‍ണായകമായ ഒരേടാണ് ഈ ചരിത്രയാത്രയിലൂടെ കാന്തപുരം ഉസ്താദ് തുന്നിച്ചേര്‍ത്തത്.
മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കി കാന്തപുരം ഉസ്താദ് നേരത്തെ നടത്തിയ രണ്ട് കേരള യാത്രകള്‍ സംസ്ഥാനത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. കേരളീയ സമൂഹത്തെ പൊതുവിലും മുസ്്ലിം സമുദായത്തെ പ്രത്യേകിച്ചും ക്രിയാത്മകമായി മാറ്റിയെടുത്ത പ്രസ്തുത യാത്രകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി. എന്നാല്‍ ഭൂമിശാസ്ത്രപരമായും സാമൂഹികമായും വ്യത്യസ്ത ജന വിഭാഗങ്ങളുള്ള കര്‍ണാടകയുടെ നഗരഗ്രാമ പ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര ഒരുപക്ഷേ, ചരിത്രത്തില്‍ അപൂര്‍വമായി സംഭവിക്കുന്ന മുന്നേറ്റമാണ്. കാന്തപുരം ഉസ്താദിന്റെ നേതൃപാടവത്തിന്റെയും കര്‍ണാടകത്തിലെ സുന്നി സംഘകുടുംബത്തിന്റെ ഊര്‍ജസ്വലതയുടെയും മകുടോദാഹരണവും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ, എസ്.വൈ.എസ്,എസ്.എസ്.എഫ്,എസ്.എം.എ,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യാത്ര കര്‍ണാടക എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.
സ്വീകരണ വേദികളിലൂടെ
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ യാത്രയിലുടനീളം ആവശ്യപ്പെടുകയുണ്ടായി. സമ്പൂര്‍ണ മദ്യനിരോധനം കര്‍ണാടകയില്‍ നടപ്പിലാക്കുന്നതിന് മുഴുവന്‍ ജനപ്രതിനിധികളും മത,സാംസ്കാരിക സംഘടനകളും കൈക്കോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ബീജാപൂരിലെ രംഘമന്ദിരം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബീജാപൂര്‍ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തന്‍വീര്‍ ഹാശിമാണ് അധ്യക്ഷത വഹിച്ചത്. ബീജാപൂര്‍ എം.എല്‍.എ ഡോ. മഖ്ബൂല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാന്തപുരം ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. രാജാആലംകാര് എം.എല്‍.എ, ബീജാപൂര്‍ ചര്‍ച്ച് മേലാധികാരി ഫാദര്‍ ആംബ്രൂസ് ഡിസൂസ, സി.എം ഇബ്റാഹീം, ബേക്കല്‍ ഇബ്റാഹീം മുസ്്ലിയാര്‍, അബ്ബാസ് മുസ്്ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്്ലിയാര്‍, സയ്യിദ് ഫാസില്‍ റസ്ദി, ബീജാപൂര്‍ മേയര്‍ സജ്ജാദെ ബിയര്‍ മുസ്്ലിഫ്, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, ഉമര്‍ സഖാഫി സംസാരിച്ചു.
ബീജാപൂരില്‍ മര്‍കസിന്റെ സഹായത്തോടെ പണികഴിപ്പിച്ച മസ്ജിദ് അല്‍ ഹാശിമി കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു. ബീജാപൂര്‍ അല്‍ അമീന് മെഡിക്കല്‍ കോളേജില്‍ കാന്തപുരത്തിന് വമ്പിച്ച സ്വീകരണം നല്കി. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടക യാത്രയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുടക്കം കുറിച്ചു.
വിവിധ ജനവിഭാഗങ്ങളുടെ ആവേശകരമായ പ്രതികരണമാണ് യാത്രയുടെ ഓരോ സ്വീകരണ സമ്മേളനത്തിലുമുണ്ടായിരുന്നത്. പൊതുജന പങ്കാളിത്തം യാത്രയിലുടനീളമുണ്ടായി. ഒരു നാടു മുഴുവന്‍ ഈ ആത്മീയ ഗുരുവിനെ നെഞ്ചിലേറ്റി സ്വീകരിക്കുന്ന കാഴ്ചകള്‍ ഏറെ ഹൃദ്യമായിരുന്നു.
ബാഗല്‍കോട്ടയിലെ സ്വീകരണ സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഖുറതങ്ങള് പ്രാര്‍ത്ഥന നടത്തി. ബാഗല്‍കോട്ടയിലെ ഖാളി ഹസ്റത്ത് സയ്യിദ് മുഹ്യിദ്ദീന് മിസ്രി അല്‍ ഖാദിരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാഗല്‍കോട്ട ഇന്‍ചാര്‍ജ് മന്ത്രി എസ്.ആര് പാട്ടീല്‍ ഉദ്ഘാടനം നടത്തി. പരമാനന്ദ സ്വാമി ബാഗല്‍കോട്ട്, ശാഹ് അബ്ദുല്ല ഹസേനി, സിദ്ധരാമയ്യ, ശിവരാജ് എസ്. തഗേടകി സംസാരിച്ചു. വൈകീട്ട് എട്ടിന് ഹുബ്ലിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
കര്‍ണാടക യാത്രയുടെ ഭാഗമായി സംസ്ഥാനത്തെ 25000 യുവ പ്രവര്‍ത്തകരെ സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറാക്കുന്ന പദ്ധതി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്തിലുടനീളം പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ പ്രാംരംഭ നടപടികള്‍ എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് നേരത്തെ ആരംഭിച്ചിട്ടുണ്ട്. 25000 യുവാക്കള്‍ക്ക് ആദര്‍ശ വിവാഹത്തിനുള്ള പ്രതിജ്ഞാപത്രം വിതരണം ചെയ്യുകയുണ്ടായി.
കര്‍ണാടക യാത്രക്ക് ചിക്കമംഗളൂരില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് എ.പി.എസ് ഹുസൈന് അല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. അഭയചന്ദ്ര ജൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യമന്ത്രി യു.ടി ഖാദര്‍, സി.എം ഇബ്റാഹീം, സി.ടി രവി എം.എല്‍.എ, ശ്രീനിവാസ് എം.എല്‍.എ, ബി.ബി നംഗയ്യ എം.എല്‍.എ, ഡി.എന്‍ ജീവരാജ് എം.എല്‍.എ, ജില്ലാ പോലീസ് സൂപ്രണ്ട് ചേതന്‍, ചിക്കമംഗളൂര്‍ ബി.ജെ.പി പ്രസിഡന്റ് വരസിദ്ധ ഗോപാല്‍, ഡോ. മുഹമ്മദ് ഫാസില്‍ സെവി, ബേക്കല്‍ ഇബ്റാഹീം മുസ്്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്്ലിയാര്‍, അബ്ബാസ് മുസ്്ലിയാര്‍ മഞ്ഞനാടി, മഹ്മൂദ് മുസ്്ലിയാര്‍ എടപ്പലം, ശ്രീഗുണനാഥ സ്വാമി ശൃംഗേരി, ചന്ദ്രശേഖര ശിവാചാര്യ സ്വാമി, ഡോ. ടി അന്തോണി സ്വാമി, ശാഫി സഅദി, അബ്ദുല്‍ ഹാഫിള് സഅദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ആഗോളതലത്തില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദ പ്രവണതകള്‍ക്കെതിരെ മുഴുവന്‍ രാഷ്ട്രങ്ങളിലെയും മുസ്്ലിം സമൂഹം ഒന്നിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ ആവശ്യപ്പെട്ടു. യാത്രക്ക് ബെല്ലാരി നല്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ ലോകം പരാജയപ്പെടുന്ന സാഹചര്യത്തില്‍, മുസ്്ലിം ജനവിഭാഗങ്ങളുടെ എ്യെം ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് കാന്തപുരം വ്യക്തമാക്കി.
ബെല്ലാരി ഹുവിനഹടഗലിയില്‍ നടന്ന സ്വീകരണ സമ്മേളനം കര്‍ണാടക തൊഴില്‍ വകുപ്പ് മന്ത്രി പി.ടി പരമേശ്വര്‍ ഉദ്ഘാടനം ചെയ്തു. ഹുവിനഹടഗലി അന്‍ഞ്ചുമന്‍ ഹിമായത്തുല്‍ ഇസ്്ലാം മേധാവി മൗലാനാ ചാന്ത് സാഹേബ് അധ്യക്ഷത വഹിച്ചു. അബൂ സുഫിയാന് ഇബ്റാഹീം മദനി സന്ദേശപ്രഭാഷണം നടത്തി.
ഈ സ്വീകരണ സമ്മേളനം മത സൗഹാര്‍ദത്തിന്റെ വേദി കൂടിയായി മാറി. ഹുവിനഹടഗലി മഠത്തിലെ ഹരിശാന്ത വീരമഹാ സ്വാമി, കോഡൂര്‍ വെള്ളാരി ചര്‍ച്ചിലെ ഫാദര്‍ ഡോ.ജയപ്രകാശ് എന്നിവര്‍ കര്‍ണാടക യാത്രയുടെ മാനവിക സന്ദേശത്തെ അഭിനന്ദിച്ച് പ്രസംഗിച്ചു. പൊതുജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കാന്‍ കാന്തപുരത്തിന് സാധിക്കുമെന്നും വീരമഹാ സ്വാമി പറഞ്ഞു. സഹിഷ്ണുത ഈട്ടി ഉറപ്പിച്ചാണ് കര്‍ണാടക യാത്രയെന്ന് ഡോ.ജയപ്രകാശ് അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് ബെല്ലാരി ജില്ല ജനറല്‍ സെക്രട്ടറി ഹാഫിസ് സുഫിയാന് സഖാഫി സ്വാഗതം പറഞ്ഞു.
കര്‍ണാടക യാത്രയുടെ ആദ്യദിവസം തന്നെ 25 വിജ്ഞാന ഗ്രാമങ്ങള്‍ നിര്‍മിക്കാനുള്ള ബൃഹദ്പദ്ധതി ഉദ്ഘാടനം ചെയ്യുകയുണ്ടായി. 10 കോടി ചെലവില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായാണ് വിജ്ഞാന ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നത്.
ബീജാപൂര്‍ അല്‍ അമീന് മെഡിക്കല്‍ കോളേജിനടുത്ത് നിര്‍മിക്കുന്ന ജാമിഅ ബദ്രിയ്യയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് കാന്തപുരം ഉസ്താദ് പദ്ധതി ഉദ്ഘാടനം ചെയ്തു. 5 ഏക്കര്‍ ഭൂമിയിലാണ് ആദ്യ ഗ്രാമത്തിന്റെ പണി പൂര്‍ത്തിയാവുക. സ്കൂള്‍, മദ്രസ, മസ്ജിദ്, മെഡിക്കല്‍ ക്ലിനിക്ക്, ലൈബ്രറി എന്നിവ അടങ്ങുന്നതാണ് ഒരു ഗ്രാമം. വടക്കന്‍ കര്‍ണാടകയിലെ പിന്നാക്കം നില്ക്കുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാണ് പദ്ധതി. ഇത്തരം ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക വിദ്യാലയങ്ങളും തീര്‍ത്തും പരിമിതമാണ്. ഒറ്റപ്പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങളിലെ സാധാരണക്കാര്‍ക്ക് വിജ്ഞാന ഗ്രാമങ്ങള്‍ ഏറെ ഗുണം ചെയ്യും. 25 ഗ്രാമങ്ങള്‍ ഉയരുന്നതോടെ വലിയൊരു ജന വിഭാഗത്തെ തന്നെ സമുദ്ധരിക്കാന്‍ സാധിക്കും.
കര്‍ണാടക യാത്രയുടെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ പൊതുജനങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ ആവശ്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ബഹുമുഖ പദ്ധതികളാണ് ഉസ്താദ് വിഭാവനം ചെയ്തത്. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചും സംരംഭങ്ങള്‍ക്ക് രൂപരേഖയായി.
ജനനായകനെ കാണാന്‍ ഹുബ്ലിയിലെ ഡോ. അംബേദ്കര്‍ മൈതാനിയില്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍. യാത്ര ഹുബ്ലിയിലെത്തിയത് ഞായറാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ്. രാവേറെ ചെന്നിട്ടും കാന്തപുരത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമ്മേളന നഗരിയിലേക്ക് ജനസാഗരം ഒഴുകിയെത്തി.
ഹുബ്ലി സ്വീകരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. സുന്നി അഇമ്മ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ സയ്യിദ് മുനീര്‍ അഹ്മദ്, ജനാബ് അന്‍വര്‍ ശരീഫ്, ശൈഖ് സഹീറുദ്ദീന്‍ ഖാദിരി, മുഫ്തി സല്മാന് മിസ്ബാഹി, അബ്ദുല്‍ റശീദ് സൈനി കാമില്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കര്‍ണാടക യാത്രയുടെ കോഓര്‍ഡിനേറ്റര്‍ ശാഫി സഅദി സ്വാഗതവും എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.
കന്നട മണ്ണില്‍ നവജാഗരണത്തിന്റെ പുതുചരിത്രം രചിച്ച കാന്തപുരത്തിന് തലസ്ഥാന നഗരത്തിന്റെ ഹൃദയഭൂമി പ്രൗഢമായ വരവേല്‍പ്പാണ് നല്‍കിയത്. ബംഗളൂരു ഖുദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ നടന്ന സമ്മേളനത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. പണ്ഡിത ജ്യോതിസുകളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അണിനിരന്ന സമ്മേളനം മതസൗഹാര്‍ദ്ദത്തിന്റെ വിളംബരമായി. കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയായിരുന്നു ഉദ്ഘാടകന്‍.
കടന്നുവന്ന വഴികളില്ലെല്ലാം നാട്ടുകാര്‍ സ്വീകരണം ഒരുക്കിയതോടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. ഔദ്യോഗിക സമ്മേളനങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി. ജില്ലാ അതിര്‍ത്തിയായ കുശാല്‍നഗറില്‍ ഉജ്ജ്വല സ്വീകരണമൊരുക്കിയാണ് കൂര്‍ഗിലേക്ക് കാന്തപുരത്തെ വരവേറ്റത്. പിന്നെ മലയോര മേഖലയുടെ ഹൃദയത്തിലൂടെയായിരുന്നു പ്രയാണം. ഓരോ കവലയിലും നൂറ് കണക്കിന് പേരാണ് കാന്തപുരത്തെ കാണാന്‍ കാത്തിരുന്നത്. മൈസൂരില്‍ നിന്ന് ഉച്ചയോടെ തുടങ്ങിയ പ്രയാണം മടിക്കേരിയിലെത്തുമ്പോള് രാത്രി എട്ട് മണി. സമാപന സമ്മേളനം നടന്ന മടിക്കേരിയില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
മടിക്കേരി ഗാന്ധിമൈതാനത്ത് നടന്ന സമ്മേളനം കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുടക് എം.പി പ്രതാപ് സിംഹ മുഖ്യാതിഥിയായിരുന്നു. സി.എം ഇബ്റാഹീം, വീരാജ്പേട്ട എം.എല്‍.എ ബൊപ്പയ്യ, മടിക്കേരി എം.എല്‍.എ മണ്ടേപ്പാണ്ട അപ്പച്ചുരംജന്, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ബേക്കല്‍ ഇബ്റാഹീം മുസ്്ലിയാര്‍, സി.മുഹമ്മദ് ഫൈസി, കെ.കെ അഹമ്മദ്കുട്ടി മുസ്്ലിയാര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദ് ഫാസില്‍ റസ്വി, മുഹമ്മദ് ഫാറൂഖ് നഈമി, ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ഹമീദ് മുസ്്ലിയാര്‍, ആര്.പി ഹുസൈന് മാസ്റ്റര്‍ പ്രസംഗിച്ചു.
കര്‍ണാടക റവന്യൂമന്ത്രി ശ്രീനിവാസ് പ്രസാദായിരുന്നു മൈസൂര്‍ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. മൈസൂര്‍ ഖാസി അല്‍ഹാജ് മൗലാനാ ഉസ്മാന് ശരീഫ്, മൈസൂര്‍ ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ആന്റണി വാഴപ്പള്ളി, യോഗ നരസിംഹ സ്വാമി ക്ഷേത്രം സ്വാമി ശ്രീ ഭാഷ്യം സ്വാമി, ശ്രീ ജ്ഞാനപ്രകാശ് സ്വാമി, ചാമരാജ് എം.എല്‍.എ വാസു, ചാമുണ്ഡേശ്വരി എം.എല്‍.എ ജി.ടി ദേവഗൗഡ, മുന്‍ എം.പി വിശ്വനാഥ്, അല്‍ഹാജ്ജ് അബ്ദുല്‍ ഖാദര്‍ സേട്ട്, അബ്ദുല്‍ അസീസ് അബ്ദുല്ല, ഹരീഷ് ഗൗഡ, അന്തോളന ദിനപത്രം ചീഫ് എഡിറ്റര്‍ രാജശേഖര്‍ ഖോട്ടി, ഡോ.മഹ്ബൂബ് ഖാന്, എന്‍.അബ്ദുല്ല ഹാജി,യു.കെ ഹമീദ്ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുസ്ലിംകളെ രക്ഷിക്കാനെന്ന പേരില്‍ ബാഹ്യശക്തികള്‍ രാജ്യത്ത് ഇടപെടാന്‍ നടത്തുന്ന നീക്കങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ മുസ്ലിംകള് തന്നെ രംഗത്തിറങ്ങണമെന്ന് യാത്ര നായകന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു. സുശക്തമായ ഭരണഘടനയും നിയമസംവിധാനങ്ങളുമുള്ള ഇന്ത്യയിലെ മുസ്ലിംകളെയോര്‍ത്ത് ബാഹ്യശക്തികള്‍ ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തിന്റെ അഖണ്ഡതയും മതേതര സംഹിതയും തകര്‍ക്കാന്‍ മാത്രമേ ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള സംഘടനകളുടെ നിലപാട് ഉപകരിക്കൂ. ഇത്തരം സംഘടനകളുടെ ആഹ്വാനങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകള് തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക യാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. കര്‍ണാടക യാത്ര ജനലക്ഷങ്ങള്‍ പങ്കെടുത്ത സമ്മേളനത്തോടെ മംഗളുരൂ നെഹ്റു സ്റ്റേഡിയത്തില്‍ സമാപിച്ചു.
ഐ എസ് ഐ എസിനെ പിന്തുണച്ച് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ആസൂത്രിത ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താന് നടത്തുന്ന അനാവശ്യ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യ നിലനില്‍പ്പിനായി എല്ലാമതവിഭാഗങ്ങളും ഒരുമിച്ച് നില്‍ക്കണം. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുമ്പോള്‍ മാത്രമേ, സമാധാനം സാധ്യമാകൂ. വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള നീക്കങ്ങള്‍ രാജ്യത്തെ അ സ്ഥിരപ്പെടുത്തും. വര്‍ഗീയതക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ക്കുമെതിരെ ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ ജീവവായുവായ ഭരണഘടനയിലെ തുല്യനീതി ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനൊപ്പം വികസന രംഗത്തും തുല്യനീതിയുണ്ടാകണം.
നഗര കേന്ദ്രീകൃത വികസനം പിന്നാക്ക മേഖലകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഗ്രാമീണ മേഖലകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഭരണകൂടങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം. കര്‍ണാടക യാത്രയുടെ ഭാഗമായി മധ്യകര്ണാടകയുടെ പിന്നാക്ക പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ബോധ്യപ്പെട്ടു. ഈ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സുന്നി സംഘടനകള്‍ തന്നെ ഒരു ബൃഹത്പദ്ധതി ആവിഷ്കരിക്കും.
കേരളമാതൃകയില് ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന് കര്‍ണാടകയും മുന്‍കൈയെടുക്കണം. കേരളത്തില്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുത്. ജനതാല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിക്കാന്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണോ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളെന്ന് സംശയിക്കണം. മദ്യനയത്തെ വിവാദമാക്കുന്നതിന് പകരം അത് നടപ്പാക്കി കേരളത്തിന്റെ പൊതുവികാരത്തിനൊപ്പം നില്ക്കാന് ഭരണപ്രതിപക്ഷ കക്ഷികള്‍ യോജിക്കുകയാണ് വേണ്ടത്. ത്രീസ്റ്റാര്‍ ബാറുകള്‍ പൂട്ടുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് മറികടക്കാന്‍ അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കണം.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് പോലീസും മറ്റു ഉദ്യോഗസ്ഥരുമാണ്. മറ്റുള്ളവര്‍ ഇതിന് മുതിര്‍ന്നാല്‍ നീതി നിര്‍വഹണം തടസ്സപ്പെടും. രാജ്യം കാത്ത് സൂക്ഷിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തവിധമുള്ള പ്രതിഷേധ സമരങ്ങള്‍ തടയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സമാപന സമ്മേളനത്തിന് മുന്നോടിയായുള്ള എസ് എസ് എഫ് കര്‍ണാടക യെസ് ടീം റാലി പാമ്പുവയില്‍ നിന്ന് ആരംഭിച്ചു. പ്രത്യേക യൂണിഫോം ധരിച്ച് അച്ചടക്കത്തോടെ നീങ്ങിയ യെസ് ടീം റാലി മംഗലാപുരം നഗരത്തിന് നവ്യാനുഭവമായി. സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തത്. കര്‍ണാടകയുടെ വികസന പ്രശ്നങ്ങളും ന്യൂനപക്ഷ പിന്നാക്കാവസ്ഥയും ചൂണ്ടിക്കാട്ടി തയ്യാറാക്കിയ നിവേദനം കാന്തപുരവും സി എം ഇബ്റാഹീമും ചേര്‍ന്ന് മുഖ്യമന്ത്രിക്കു നല്കി. പ്രമുഖ വിദേശവ്യവസായി ഡോ. ശംസീറിന് മര്‍ക്കസ് ഹുമാനിറ്റേറിയന്‍ പുരസ്കാരവും ഡോ. ശൈഖ് ബാവക്ക് മാനവ സേവാപുരസ്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. സംസ്ഥാന വനംമന്ത്രി ബി രാമനാഥറൈ, ആരോഗ്യമന്ത്രി യു ടി ഖാദര്‍, നഗരവികസന മന്ത്രി വിനയകുമാര്‍ സുറാഖെ, യുവജനക്ഷേമന്ത്രി അജയചന്ദ്രന് ജൈന്‍, ബംഗളൂരു എം പി നളിന്‍കുമാര്‍ ഖത്തീല്‍, മംഗളൂരു മേയര്‍ മഹാബാലമാര്‍ത്ത, വിശ്വകര്‍മ അധ്യക്ഷന്‍ കെ പി നഞ്ചുണ്ടി ഉഡുപ്പി, ഉഡുപ്പി പെജവാര മഠാധിപതി ശ്രീ ശ്രീ വിശ്വേ തീര്‍ത്ഥ സ്വാമിജി, മംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഫാ. വലേറിയന്‍ ഡിസൂസ, എം എല്‍ എമാരായ ബി എ മൊഹ്യുദ്ദീന്, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.
യേനപ്പോയ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ യേനപ്പോയ വൈ അബ്ദുല്ലകുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം തുടങ്ങിയത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, എ കെ അബ്ദുറഹിമാന് മുസ്്ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്്ലിയാര്‍, പേരോട് അബ്ദുറഹ്മാന് സഖാഫി, ബേക്കല്‍ ഇബ്റാഹീം മുസ്്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്്ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്്ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി തുടങ്ങിയവരും പ്രസംഗിച്ചു. രാവിലെ മടിക്കേരിയില്‍ നിന്ന് പുറപ്പെട്ട യാത്രയെ മംഗലാപുരം അതിര്‍ത്തിയായ സുള്ള്യയില്‍ നിന്ന് മുവ്വായിരത്തലിധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മംഗലാപുരത്തേക്ക് ആനയിച്ചത്. കുന്ത്ര, പുത്തൂര്‍, പെര്‍ണ, ഉപ്പിനങ്ങാട്, മാണി, ബി സി റോഡ് എന്നിവിടങ്ങളിലെല്ലാം അനൗദ്യോഗിക സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു.
സമ്മേളനത്തിന്റെ അച്ചടക്കമാണ് അതിഥികളെ ഏറെ അമ്പരപ്പിച്ചത്. അത് മറച്ച് വെക്കാതെ അവര്‍ പ്രശംസ ചൊരിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയായിരുന്നു ശക്തമായ മഴ. പ്രസംഗം നിര്‍ത്തണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തുടരാനായിരുന്നു സദസ്സിന്റെ അഭ്യര്‍ത്ഥന. സദസ്സിലുള്ളവര്‍ ആരും അനങ്ങിയില്ല. ഈ അച്ചടക്കം എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞു. മഴയിലും ചോരാത്ത ആവേശം കണ്ട് വേദിയിലെ മറ്റുമന്ത്രിമാരും അത്ഭുതം കൂറി. ഉഡുപ്പി പെജവാര മഠാധിപതി ശ്രീ ശ്രീ വിശ്വേ തീര്‍ത്ഥ സ്വാമിജിയും എടുത്ത് പറഞ്ഞത് സമ്മേളനാച്ചടക്കം തന്നെ. നിസ്കാരത്തിനായി സമ്മേളനം നിര്‍ത്തിവെച്ചതും കനത്ത മഴയില്‍ പരിപാടി തുടര്‍ന്നതും തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം കുറിച്ച കര്‍ണാടക യാത്രയില്‍ മര്‍ഹൂം താജുല്‍ ഉലമയുടെ സ്മരണകളാണ് എവിടെയും അയവിറക്കപ്പെട്ടത്. ആറര പതിറ്റാണ്ട് കര്‍ണ്ണാടകയുടെ ആത്മീയാനുഗ്രഹമായിരുന്ന സമസ്ത പ്രസിഡണ്ട് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയമാണീ പങ്കാളിത്തമെന്ന് സമ്മേളനം വിളിച്ചുപറഞ്ഞു. സമ്മേളനത്തിന്റെ പ്രാരംഭത്തില്‍ തന്നെ താജുല്‍ ഉലമയുടെ സേവനം അനുസ്മരിച്ച കാന്തപുരം ഉസ്താദ് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഗുല്‍ബര്‍ഗയില്‍ കര്ണാടയാത്രക്ക് തുടക്കമിട്ടത് തങ്ങളുടെ പുത്രന്റെ പ്രാര്‍ഥനയോടെയായിരുന്നു.
ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പാക്കും: സിദ്ധരാമയ്യ
ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കിയ അവകാശങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ. വര്‍ഗീയ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എസ് എസ് എഫ് നടത്തുന്ന ചെറുത്ത് നില്‍പ്പ് അഭിനന്ദനാര്‍ഹമാണ്. നന്മ നിറഞ്ഞ ഒരു സന്ദേശവുമായി പ്രായാധിക്യം മറന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നടത്തിയ കര്‍ണാടക യാത്രയിലൂടെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക യാത്രയുടെ സമാപന സമ്മേളനം മംഗളൂരു നെഹ്റു മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയതയും തീവ്രവാദവും രാഷ്ട്ര വിരുദ്ധമാണ്, മതവിരുദ്ധവും. ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും വര്‍ഗീയ വാദിയാകാന്‍ കഴിയില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏത് മതസ്ഥര്‍ ഇടപെട്ടാലും അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്ര നിര്‍മാണത്തിന്റെ മുഖ്യസാന്നിധ്യമായ യുവാക്കള്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. ഇക്കാര്യത്തില്‍ എസ് എസ് എഫിന്റെ പ്രവര്‍ത്തനം Çാഘനീയമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇത് വകവെച്ച് നല്‍കേണ്ടത് സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്കുമ്പോള് ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്ന വിമര്‍ശം കേള്‍ക്കാറുണ്ട്. തനിക്കെതിരെയും ഇങ്ങനെയൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനം ഭയന്ന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ല.
പ്രായാധിക്യത്തിലും കര്‍ണാടകയിലൂടെ 2700 കിലോമീറ്ററോളം കാന്തപുരം സഞ്ചരിച്ചത് മനുഷ്യത്വത്തെ ഉണര്‍ത്താനാണ്. മാതൃകാ പരമാണത്. അദ്ദേഹം മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ തന്റെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാസര്‍ അറഫാത്ത് നൂറാനി