സസ്യങ്ങള്‍ വളര്‍ത്തിയും വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യഭക്ഷ്യേതര വിഭവങ്ങള്‍ ഉള്‍പാദിപ്പിക്കുന്ന പ്രക്രിയയാണല്ലോ കൃഷി. മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനുള്ള ആധാരമാണത്. ഭക്ഷണത്തിനും ഭൂമിയിലെ ജൈവശൃംഖലയുടെ നിലനില്‍പിനും കൃഷി അത്യന്താപേക്ഷിതമാണ്. ലോകത്ത് വലിയൊരു ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.
കൃഷിയുടെ ഭാവി കാലാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ലോകത്തെ അറുനൂറ് കോടിയിലേറെ ജനത്തിനും പുലരാന്‍ വേണ്ട ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്ത് ഉണ്ടാക്കണമെങ്കില്‍ സൂര്യപ്രകാശം, മഴ തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങള്‍ അനുകൂലമാകണം. ഇവയൊന്നും കൃത്രിമമായി നിര്‍മിച്ച് കൃഷി ചെയ്യാനാവുകയില്ലല്ലോ. സ്വാഭാവികമായും ഇവയില്‍ വരുന്ന മാറ്റം കാര്‍ഷികോല്‍പാദനത്തെയും അതുവഴിയുള്ള ഭക്ഷ്യോല്‍പാദനത്തെയും ബാധിക്കും. കാലം തെറ്റി മഴ പെയ്താല്‍ നമ്മുടെ പത്തായങ്ങള്‍ കാലിയാവുമായിരുന്നല്ലോ പണ്ട്. രാജ്യത്തെ മാനുഷിക വിഭവത്തിനു തന്നെ അത് ഭീഷണിയാകും.
ലോകത്തിലെ പ്രധാന കാര്‍ഷിക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ തൊഴില്‍ മേഖലയുടെ 58.2 ശതമാനവും ദേശീയ വരുമാനത്തിന്റെ 14.1 ശതമാനവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ അഞ്ചില്‍ ഒരു ഭാഗം കാര്‍ഷിക ഉല്‍പന്നങ്ങളാണ്. ഇതിനു പുറമെ പഞ്ചസാര, ടെക്സ്റ്റയില്‍സ് തുടങ്ങി ഒട്ടനവധി വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നതും കാര്‍ഷിക മേഖലയാണ്.
ഇന്ത്യയിലെ പ്രധാന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ കാര്യമാണ് ഏറെ കഷ്ടം. ഒരു തലമുറ മുമ്പുവരെ കൃഷിയിലും അനുബന്ധ മേഖലകളിലും വ്യാപരിച്ചിരുന്ന കേരളീയരില്‍ 2011ലെ സെന്‍സസ് പ്രകാരം 17 ശതമാനം മാത്രമേ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായി അവശേഷിക്കുന്നുള്ളൂ. ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാകാത്ത മലയാളനാട് നിത്യോപയോഗ സാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ലാഭത്തില്‍ കണ്ണൂന്നി നില്‍ക്കുന്നതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളാകട്ടെ വിഷമയവും. അരിയും പഞ്ചസാരയും പാലും പഴവും പച്ചക്കറിയും പലവ്യജ്ഞനങ്ങളുമെല്ലാം പുറം സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ദിവസം ഇവിടെ എത്തിയില്ലെന്നു കരുതുക, പട്ടിണി കിടക്കാനായിരിക്കും മലയാളിയുടെ നിയോഗം. എന്നിട്ടും അതൊരു ഗൗരവമേറിയ വിഷയമായി അധികാര കേന്ദ്രങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നില്ല.
സാമൂഹികമായി അനീതി നിറഞ്ഞ, സാമ്പത്തികമായി സ്ഥിരതയില്ലാത്ത അവസ്ഥയിലാണ് നാമിന്നുള്ളത്. അതിനാല്‍ കൃഷി ഒരു അനിവാര്യഘടകമായി കാണണം. ഭക്ഷ്യമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വൃക്ഷത്തൈകള്‍ നട്ടും നനച്ചും ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്തും ഒരു പിടിമണ്ണില്‍ ഒരു പുല്‍നാമ്പെങ്കിലും നിലനിര്‍ത്തുകയും വേണം. ഒരു തുണ്ട് ഭൂമി പോലും തരിശാകാതെ സംരക്ഷിക്കുകയും ചെയ്യുക.
ഏകദേശം 12000 വര്‍ഷം മുന്പാണ് മനുഷ്യന്‍ കാര്‍ഷികവൃത്തി ആരംഭിക്കുന്നതെന്നാണ് അനുമാനം. അതിനുമുന്പ് വേട്ടയാടിയും പ്രകൃതി തരുന്നത് ശേഖരിച്ചും ഭക്ഷിച്ചു പൂര്‍വികര്‍. അങ്ങനെ ഒരു പ്രദേശം തരിശാവുമ്പോള്‍, ഭക്ഷ്യലഭ്യത കുറയുമ്പോള്‍ അടുത്ത ഇടം തേടി സഞ്ചരിച്ചു. ഒരു സ്ഥലത്തും സ്ഥിരമായി പാര്‍ത്തില്ല. പിന്നീട് ആവാസ വ്യവസ്ഥയായി. നാഗരിക സ്വഭാവവും സംസ്കാരവും കൈവന്നപ്പോള്‍ സ്ഥിരവാസം ശീലമായി. വിത്തുകള്‍ തേടിപ്പിടിച്ച് ജലലഭ്യതയുള്ള സ്ഥലത്ത് കൃഷിയിറക്കുന്നത് അങ്ങനെയാണ്. വേവിച്ചു കഴിക്കാനുള്ളവ ചുറ്റുവട്ടത്ത് ഉണ്ടാവണമല്ലോ. ഇല്ലെങ്കില്‍ ഉണ്ടാക്കണം. തുടര്‍ന്ന് ധാന്യവും പച്ചക്കറിയും കിഴങ്ങുവര്‍ഗങ്ങളുമെല്ലാം കൃഷിയിനങ്ങളായി.
കൃഷിക്കും കര്‍ഷകനും ഇസ്‌ലാമിക ചരിത്രത്തില്‍ സമുന്നത സ്ഥാനമാണുള്ളത്. കൃഷിയോഗ്യമായ ഭൂമി വിളയിറക്കാതെ തരിശായി വിടുന്നത് ഇസ്‌ലാം നിരോധിച്ചു. നബി(സ്വ) പറയുന്നു: ഒരാള്‍ക്ക് ഭൂമി ഉണ്ടെങ്കില്‍ അവനതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ കൃഷി ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കട്ടെ (ബുഖാരി).
കൃഷി ആര്‍ക്കും ഉപകരിക്കുകയില്ലെന്ന് തോന്നിയാലും അത് ഭൂമിയില്‍ നട്ട് വളര്‍ത്തണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന. തിരുനബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ഒരാളുടെ കൈയില്‍ വൃക്ഷത്തൈ ഉണ്ടായിരിക്കെ ലോകാവസാനം വരുന്നുവെങ്കിലും സാധിക്കുമെങ്കില്‍ അവനത് നടട്ടെ (ബുഖാരി).
കൃഷിയെ കുറിച്ച് ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: നോക്കൂ നിങ്ങള്‍ നടത്തുന്ന കൃഷി നിങ്ങളാണോ ചെയ്യുന്നത്, അതോ നമ്മളോ (സൂറതുല്‍ വാഖിഅ).
കൃഷിക്കു നാശമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ കഠിനമായി അപലപിക്കുന്നു. കൃഷിയെ ബാധിക്കാന്‍ സാധ്യതയുള്ള വിപത്തുകളെ സംബന്ധിച്ച് താക്കീത് നല്‍കുകയും ചെയ്യുന്നു. ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാകുമ്പോള്‍ പ്രതികാരമായി പരസ്പരം ഈത്തപ്പനത്തോട്ടം വെട്ടി നശിപ്പിക്കുമായിരുന്നു. ഇത് കൃഷിയെ ബാധിക്കുന്ന പാപമായി ഇസ്‌ലാം കണ്ടു. യുദ്ധത്തില്‍ അക്രമിയായ ശത്രുവിനെ വധിക്കാമെങ്കിലും കൃഷി നശിപ്പിക്കാനോ മരങ്ങള്‍ വെട്ടിമുറിക്കാനോ പാടില്ല എന്ന് ഇസ്‌ലാം പഠിപ്പിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ) റോമിലേക്ക് സൈനിക നിയോഗം നടത്തിയപ്പോള്‍ നല്‍കിയ ഉപദേശം സ്മരണീയമാണ്:
“നിങ്ങള്‍ ഈത്തപ്പനകള്‍ മുറിക്കരുത്. അത് തീയിട്ട് നശിപ്പിക്കുകയുമരുത്. ഫലം കായ്ക്കുന്ന ഒരു മരവും മുറിക്കരുത്. ഭക്ഷണത്തിനല്ലാതെ ആടുമാടുകളെ കൊന്നൊടുക്കരുത്.’ മുസ്‌ലിം ഭരണാധികാരിയുടെ ഈ ഉപദേശം എത്ര ഉദാത്തമാണ്. കാര്‍ഷികവൃത്തിക്കും പരിചരണത്തിനും ഇസ്‌ലാം നല്‍കുന്ന പ്രാധാന്യമാണിത് വ്യക്തമാകുന്നത്.
കര്‍ഷകനെ നബി(സ്വ) വാഴ്ത്തി. അവിടുന്ന് പറഞ്ഞു: ഒരു മുസ്‌ലിം തൈ നടുകയോ കൃഷി നടത്തുകയോ ചെയ്യുകയും അതില്‍ നിന്ന് മനുഷ്യരോ ജീവികളോ പക്ഷികളോ തിന്നുകയോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെടുകയോ ചെയ്താലും അത് അവന് ദാനമായി ഭവിക്കും.
അക്രോട്ടുമരത്തൈ നടുകയായിരുന്ന പ്രവാചക ശിഷ്യന്‍ അബുദ്ദര്‍ദാഇനോട് അതുവഴി വന്ന ഒരാള്‍ ചോദിച്ചു: താങ്കള്‍ വൃദ്ധനാണല്ലോ എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം ഫലം തരുന്ന ഈ വൃക്ഷം നടുന്നതെന്തിന്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമുക്കുവേണ്ടി മറ്റുള്ളവര്‍ നട്ടുപിടിപ്പിച്ചു. അതില്‍ നിന്ന് നാം തിന്നു. ഇനി നമ്മുടെ ശേഷമുള്ളവര്‍ക്ക് തിന്നാനായി നാം നട്ടുപിടിപ്പിക്കണം. എനിക്കതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും (ഇര്‍ശാദുസാരി).
മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ദൗത്യമാണ് കൃഷി. അതൊരു സാംസ്കാരിക ചിഹ്നമായി മാറണം. സംഘടന തന്നെ കൃഷി ബോധവത്കരണത്തിനിറങ്ങുമ്പോള്‍ മറ്റൊരു ഹരിത വിപ്ലവത്തിനു തുടക്കമായി അതു മാറാതിരിക്കില്ല.
മുസ്തഫ സഖാഫി കാടാമ്പുഴ